ADVERTISEMENT

ഏറെ ആകസ്മികമായാണ് കുടുംബിനിയായ സ്മിനു സിജോ അഭിനയരംഗത്തേക്ക് എത്തിയത്. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ‘സ്‌കൂള്‍ ബസി’ല്‍ ഒരു കഥാപാത്രം ചെയ്യുമ്പോള്‍, ഭാവിയില്‍ തിരക്കുള്ള താരമായി മാറുമെന്നത് സ്മിനുവിന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. എന്നാൽ ശ്രീനിവാസന്റെ ഭാര്യയായി ‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിൽ അദ്ദേഹം തന്നെ നിർദേശിച്ചത് ജീവിതത്തിലെ വഴിത്തിരിവായി മാറിയെന്ന് സ്മിനു പറയുന്നു. ‘കെട്ട്യോളാണെന്റെ മാലാഖ’യില്‍ ആസിഫ് അലിയുടെ ചേച്ചിയുടെ വേഷത്തിലെത്തിയ താരം അത് തന്റെ ജീവിതത്തിന്റെ പകർന്നാട്ടമായിരുന്നു എന്ന് പറഞ്ഞിരുന്നു. പിന്നീടങ്ങോട്ട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ സ്മിനുവിന് കഴിഞ്ഞു. ഇപ്പോൾ നവ്യാ നായരും സൈജു കുറുപ്പും പ്രധാനവേഷത്തിലെത്തിയ ‘ജാനകി ജാനേ’ എന്ന ചിത്രത്തിൽ പ്രേക്ഷക പ്രശംസ നേടുന്ന കഥാപാത്രമായി തിളങ്ങുകയാണ് താരം. ജീവിതവും സിനിമയും തന്ന സന്തോഷവും ദുഃഖവും പങ്കുവച്ചുകൊണ്ട് സ്മിനു സിജോ മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.

 

ശ്രീനിവാസന്റെ ഭാര്യയുടെ വേഷം ജീവിതം മാറ്റിമറിച്ചു 

 

sminu-sijo-family-2
ഭർത്താവ് സിജോ, മക്കൾ സാന്ദ്രയ്ക്കും സെബിനുമൊപ്പം സ്മിനു

ഞാൻ സിനിമയിലെത്താൻ കാരണം എന്റെ കൂട്ടുകാരിയാണ്. അവൾക്ക് ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ അവൾ എന്റെ അനുവാദമില്ലാതെ എന്റെ ഫോട്ടോ അയച്ചുകൊടുക്കുകയും അവർ എന്നെ സെലക്ട് ചെയ്തപ്പോൾ എന്നെ വിളിച്ചു പറയുകയുമായിരുന്നു. അതുകേട്ട് എനിക്ക് ആകെ പരിഭ്രമമായി. പിന്നെ ഭർത്താവും ഞങ്ങളുടെ ബന്ധുക്കളും ശ്രീനിയേട്ടനും (ശ്രീനിവാസൻ) ഒക്കെയാണ് എനിക്ക് ധൈര്യം തന്നത്. റോഷൻ ആൻഡ്രൂസിന്റെ സ്കൂൾ ബസ് ആയിരുന്നു ആ സിനിമ. അതിൽ അഭിനയിക്കുമ്പോൾ പേടിച്ച് എനിക്ക് പനി പിടിച്ചിട്ടുണ്ട്. അത്ര പേടിയായിരുന്നു. അത് കഴിഞ്ഞ് ഞാൻ മാറി നിൽക്കുമ്പോഴാണ് ശ്രീനിയേട്ടൻ എന്നോടു പോലും ചോദിക്കാതെ ‘ഞാൻ പ്രകാശൻ’ എന്ന സിനിമയിൽ കാസ്റ്റ് ചെയ്തത്. 

 

ശ്രീനിയേട്ടന്റെ ഭാര്യയുടെ വേഷത്തിൽ സത്യൻ അന്തിക്കാട് സാറിന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയത് പുതുമുഖമായ എനിക്ക് ബമ്പർ അടിച്ച പ്രതീതിയായിരുന്നു. ശ്രീനിയേട്ടന്റെ ഭാര്യാവേഷം ചെയ്തവരുടെ ലിസ്റ്റ് എടുത്താൽ അതിന്റെ ഏഴ് അയല്‍പക്കത്തു നിൽക്കാൻ യോഗ്യത എനിക്കില്ല. ശ്രീനിയേട്ടൻ എന്നെ നിർദേശിച്ചപ്പോൾ സത്യൻ സർ അത് അംഗീകരിച്ചത് അദ്ദേഹത്തിലുള്ള വിശ്വാസമാകാം. ആ വിശ്വാസം നഷ്ടപ്പെടുത്താതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ചെയ്തതെല്ലാം നല്ല സിനിമകളായിരുന്നു, വേഷത്തിന്റെ വലുപ്പച്ചെറുപ്പമല്ല അത് ആര് സംവിധാനം ചെയ്യുന്നതാണ് എന്നതാണ് ഞാൻ നോക്കുക. ഞാൻ അഭിനയിക്കുകയല്ല, എന്റെ വീട്ടിലും നാട്ടിലും പെരുമാറുന്നതുപോലെ ക്യാമറയ്ക്ക് മുന്നിലും ചെയ്യുന്നു. സെറ്റിലുള്ളവരുമായി നല്ല സൗഹൃദം ആണെങ്കിൽ പകുതി പണി കഴിഞ്ഞു. പിന്നെ എനിക്ക് സ്വാഭാവികമായി പെരുമാറാൻ കഴിയും. 

 

sminu-sijo-family

സ്വപ്നം കാണാത്ത സൗഭാഗ്യം

 

ഞാൻ സിനിമയിൽ അഭിനയിക്കുമെന്നത് സ്വപ്നത്തിൽപോലും വിചാരിക്കാത്ത കാര്യമാണ്. പണ്ട് ബാലരമ, മനോരമ, കളിക്കുടുക്ക ഒക്കെ വായിക്കുമായിരുന്നു. അതിലൊക്കെ ഒരു ഫോട്ടോ അച്ചടിച്ച് വരണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതൊക്കെ വെറുതെയൊരു ആഗ്രഹം എന്നല്ലാതെ സിനിമാനടി ആകും എന്നൊന്നും കരുതിയില്ല. എന്തെങ്കിലുമൊക്കെ ആകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ മുതൽ സ്പോർട്സിൽ പങ്കെടുക്കുമായിരുന്നു. പക്ഷേ പിന്നീട് അതും കൂടുതൽ കാലം ചെയ്യാൻ കഴിഞ്ഞില്ല. വ്യാപാരി വ്യവസായി സംഘടനയുടെ ചങ്ങനാശേരി താലൂക്കിന്റെ വനിതാ പ്രസിഡന്റ്, ഒരു ബാങ്കിന്റെ ബോർഡ് മെമ്പർ ഒക്കെയായിരുന്നു. രാഷ്ട്രീയം ഒന്നും നമുക്ക് പറ്റില്ല എന്ന് മനസ്സിലായി. 

sminu-dhyan

 

വിവാഹിതയായി, രണ്ടു കുട്ടികളുടെ അമ്മയായി, ഭർത്താവുമായി സുഖകരമായ ജീവിതം നയിക്കുന്നതിനിടയിലാണ് സിനിമ എന്നെ തേടിയെത്തിയത്. പണ്ട് മനസ്സിലുണ്ടായിരുന്ന ഒരു കുഞ്ഞ് ആഗ്രഹത്തിന് അതോടെ ചിറകുമുളച്ചു. നമ്മുടെ ഉള്ളിൽ ഒരു തീ ഉണ്ടെങ്കിൽ അതെന്നെങ്കിലും കത്തിപ്പടരും. ഞാൻ എന്റെ കൂട്ടുകാരിക്ക് പണ്ട് എഴുതിയ ഒരു കത്തിൽ ഞാൻ സിനിമാനടി ആയി ഒരു വരവ് വരും എന്ന് പറഞ്ഞിട്ടുണ്ടെന്ന് അവൾ പറയുന്നു, പക്ഷേ ഞാൻ ഓർക്കുന്നില്ല. ഒരുപക്ഷേ എഴുതിയിട്ടുണ്ടാകാം. ദൈവത്തിന് നേരിട്ട് വന്നു നമ്മെ സഹായിക്കാൻ കഴിയില്ല. നമുക്ക് ഓരോ വഴി തെളിച്ചു കാണിക്കും. പിന്നെ നമ്മുടെ പരിശ്രമം കൊണ്ടുവേണം വിജയം വരിക്കാൻ എന്നാണ് എന്റെ അഭിപ്രായം. 

anson-sminu

 

ഇതുവരെ ഞാൻ അഭിനയിച്ച കഥാപാത്രങ്ങളിൽ ചിലതൊക്കെ എന്റെ തന്നെ പകർപ്പായിരുന്നു. ‘കെട്ട്യോളാണെന്റെ മാലാഖ’യിലെ ചേച്ചി കഥാപാത്രം ഞാൻ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. എന്റെ അനിയനെപോലെ ആണ് എനിക്ക് അതിലെ ആസിഫിന്റെ കഥാപാത്രത്തെ തോന്നിയത്. പിന്നീടങ്ങോട്ട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ സാധിച്ചു. ഏറെ പ്രേക്ഷക പ്രശംസ നേടിയ നായാട്ട്, ഓപ്പറേഷന്‍ ജാവ, സുനാമി, ദ് പ്രീസ്റ്റ്, ജോ ആൻഡ് ജോ, ഹെവൻ, പ്രകാശൻ പറക്കട്ടെ, പ്രിയൻ ഓട്ടത്തിലാണ്, സുന്ദരി ഗാർഡൻസ്, 1744 വൈറ്റ് ആൾട്ടോ, ഷെഫീക്കിന്റെ സന്തോഷം, സൗദി വെള്ളക്ക, തേര് തുടങ്ങി നിരവധി ചിത്രങ്ങളിൽ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞു. 

 

സഹോദരന്റെ നഷ്ടം നികത്താനാകാത്തത് 

 

sminu-mammootty

എനിക്ക് രണ്ടു സഹോദരിമാരും ഒരു സഹോദരനുമായിരുന്നു. ഞങ്ങൾ മൂന്നു പെൺകുട്ടികൾ കൊഞ്ചിച്ച് താലോലിച്ച് വളർത്തിയതാണ് എന്റെ സഹോദരൻ ഷാനിനെ. അടുത്തിടെ അവന്റെ ഭാര്യ ഒരു അപകടത്തിൽ മരിച്ചു. അതുകഴിഞ്ഞ് അധികം കഴിയുന്നതിനു മുന്നേ ആണ് അവന്റെ മരണം സംഭവിക്കുന്നത്. ഞങ്ങൾക്കാർക്കും താങ്ങാൻ കഴിയാത്ത ദുഃഖമാണ് അവന്റെ മരണം. രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ ഞങ്ങളെ ഏൽപിച്ച് അവൻ പോയി. നഷ്ടപ്പെട്ടത് തിരിച്ചു കിട്ടില്ല എന്നത് നെഞ്ചിലൊരു വിങ്ങലായി കിടക്കുകയാണ്. നമുക്ക് ആരൊക്കെയുണ്ട് ആരൊക്കെ ഇല്ല എന്നു തിരിച്ചറിഞ്ഞത് ആ സമയത്താണ്. രക്തം കൊണ്ടല്ല ബന്ധത്തെ അളക്കേണ്ടത് എന്ന് ഞങ്ങൾ പഠിച്ചു. 

 

രണ്ടു മരണവും ദുരന്തവും കഴിഞ്ഞിരിക്കുന്ന ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാൻ അടുത്ത ബന്ധത്തിലുള്ളവർ എന്നു കരുതിയ ആരും ഇല്ലായിരുന്നു. സുഹൃത്തുക്കളാണ് ഞങ്ങളെ താങ്ങി നിർത്തിയത്. എന്നെ ഞാനാക്കിയ കുറേപ്പേരുണ്ട്, ഞാൻ മാതൃദിനത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചതു വായിച്ചാൽ അത് മനസ്സിലാകും ‘‘ജീവിതത്തിൽ ഇത്ര പാവം ആകരുതെന്ന് മനസ്സിലാക്കിത്തന്ന എന്റെ അമ്മയ്ക്കും എടുത്തെറിഞ്ഞാൽ നാലു കാലേൽ നിൽക്കാൻ പഠിപ്പിച്ച എന്റെ അമ്മായിയമ്മയ്ക്കും എത്ര ഉന്നതിയിൽ എത്തിയാലും വിനയവും സ്നേഹവും കൈവിടാത്ത വിമലാന്റിക്കും ധൈര്യത്തോടെ തല ഉയർത്തി നടക്കാൻ പഠിപ്പിച്ച റോസ് ടീച്ചർക്കും മാതൃദിന ആശംസകൾ’’ – ഇങ്ങനെയാണ് ഞാൻ കുറിച്ചത്. 

 

ദുഃഖത്തിൽനിന്ന് കൈപിടിച്ചുയർത്തിയത് ധ്യാൻ ശ്രീനിവാസൻ 

 

അനുജൻ വിടപറഞ്ഞുപോയ ദുഃഖം സഹിക്കാൻ കഴിയാതെ ഇരിക്കുമ്പോഴാണ് എസ്.എൻ.സ്വാമി സാറിന്റെ ഒരു സിനിമയിലേക്കു വിളിക്കുന്നത്. ശ്രീനിയേട്ടന്റെ മകൻ ധ്യാൻ ശ്രീനിവാസൻ ആ സിനിമയിലുണ്ട്. കുടുംബത്തിൽ രണ്ടു മരണം കഴിഞ്ഞു ചെന്ന എന്റെ മാനസികാവസ്ഥ വളരെ മോശമായിരുന്നു. അതിൽനിന്നു കരകയറാൻ സഹായിച്ചത് ധ്യാനൂട്ടൻ (ധ്യാൻ ശ്രീനിവാസൻ) ആണ്. അവൻ സ്വന്തം ചേച്ചിയെപ്പോലെ എന്നെ കൂടെക്കൂട്ടി. അവനോടൊപ്പം ഇരിക്കുമ്പോൾ നല്ല നേരമ്പോക്കാണ്. ധ്യാനൂട്ടൻ എന്നെ വിഷമിച്ചിരിക്കാൻ വിടുകയേ ഇല്ല, ഇപ്പോഴും എന്തെങ്കിലും തമാശ പറഞ്ഞു കൂടെക്കൂടും. ധ്യാൻ, കൈലാഷ്, ഗ്രിഗറി ഒക്കെയാണ് ആ സിനിമയിലുള്ളത്. അവരോടൊപ്പം കഥകൾ പറഞ്ഞിരിക്കുമ്പോൾ ജീവിതത്തിലെ ദുഃഖമെല്ലാം മറക്കും. ഇപ്പോൾ അതുപോലെ സ്നേഹം തന്നു കൂടെ നിൽക്കുന്ന നടനാണ് ആൻസൺ പോൾ. അവർക്കൊക്കെ അമ്മയാണ് ഞാൻ. എന്റെ മക്കളുടെ എണ്ണം കൂടി വരികയാണ്. 

 

‘ജാനകി ജാനേ’യിലെ കുശുമ്പി അമ്മായി 

 

‘ജാനകി ജാനേ’യുടെ ടീമും നല്ല മോറൽ സപ്പോർട്ട് ആണ് തരുന്നത്. ‘ജാനകി ജാനേ’യിൽ ഒരു കുശുമ്പി അമ്മായി ആയാണ് അഭിനയിച്ചത്. എന്റെ സ്വഭാവവുമായി ആ കഥാപാത്രത്തിന് ഒരു ബന്ധവുമില്ല. പക്ഷേ ആ കഥാപാത്രം ചെയ്യാൻ നല്ല രസമായിരുന്നു. സ്മിനുവിന് എന്താണു തോന്നുന്നത് അതുപോലെ ചെയ്യൂ എന്നാണു അനീഷ് ഉപാസന പറഞ്ഞത്. അനീഷ് നല്ല പിന്തുണ തന്നു. സൈജു കുറുപ്പ് അടിപൊളി അഭിനയമാണ്. ജെനുവിൻ ആയ മനുഷ്യനാണ് സൈജു. സൈജുവിന്റെ അഭിനയം എനിക്ക് ചിലപ്പോഴൊക്കെ ലാലേട്ടനെപ്പോലെ തോന്നി. നവ്യയും വളരെ നല്ല അഭിനയമാണ്. ആ സിനിമയിൽ എല്ലാവരും സ്വാഭാവിക അഭിനയമാണ് കാഴ്ചവച്ചത്. പടം നന്നായി ഓടുന്നു എന്ന റിപ്പോർട്ടാണ് കിട്ടുന്നത്. നമ്മുടെ പേടികൾ മറികടക്കാൻ നമ്മൾ തന്നെ പരിശ്രമിക്കണം എന്നൊരു വലിയ പാഠമാണ് ആ സിനിമ നമുക്ക് തരുന്നത്. 

 

ആരെല്ലാം കൂടെ ഉണ്ടെങ്കിലും ഒരു പ്രതിസന്ധി ഘട്ടത്തിൽ ചിലപ്പോൾ കൂടെ ആരും ഉണ്ടാകില്ല. നമുക്ക് നമ്മളെ ഉള്ളൂ എന്ന ധാരണ ഉണ്ടായാൽ നമ്മൾ ഉറപ്പായും ലക്ഷ്യത്തിൽ എത്തും. ‘ജാനകി ജാനേ’യിൽ അഭിനയിക്കുമ്പോൾ ഒരു രസമുണ്ടായി. സംവിധായകൻ അനീഷ് ഉപാസന എന്നോട് പറഞ്ഞു, ‘‘സ്മിനു വലിയ താരമൊക്കെ ആയില്ലേ ഇനി കാരവൻ ചോദിക്കണം’’. ഞാൻ പറഞ്ഞു ‘‘അയ്യോ ഞാൻ താരമൊന്നും ആയില്ല, എനിക്ക് നിങ്ങളോടൊപ്പം ഇങ്ങനെ സംസാരിച്ച് ഇരുന്നാൽ മതി.’’ അനീഷ് പിന്നെയും നിർബന്ധിക്കുകയാണ്. അപ്പോൾ ഞാൻ ചോദിച്ചു ‘‘അനീഷിന് എന്താ നിർബന്ധം, ഞാൻ കാരവൻ ചോദിക്കണമെന്ന്’’. ‘‘സ്മിനു കാരവാനിൽ പോയി ഇരുന്നാൽ ഞങ്ങൾക്ക് സമാധാനമായി ഇവിടെ ഇരുന്നു ഷൂട്ട് ചെയ്യാം എന്നാണ്’’ അനീഷ് മറുപടിയായി പറഞ്ഞത്. അതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

 

കുടുംബം എന്ന ശക്തി 

 

‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന സിനിമയിൽ എന്റെ മകൾ സാന്ദ്ര മുഖം കാണിച്ചിരുന്നു. പക്ഷേ പഠിക്കേണ്ട സമയത്ത് പഠിക്കണം, അതുകൊണ്ട് സിനിമയൊന്നും ഉടനെ വേണ്ട എന്നാണ് ഞങ്ങളുടെ തീരുമാനം. സിനിമ പിന്നെ വേണമെങ്കിലും ചെയ്യാം. അതിന് ഉദാഹരണമാണ് ഞാൻ. സാന്ദ്ര ഇപ്പോൾ ബിഎസ്‌സി ബയോടെക്നോളജി കഴിഞ്ഞു. മകൻ സെബിൻ ബികോം, എംബിഎ ഒക്കെ കഴിഞ്ഞു നിൽക്കുവാണ്. അവനാണ് എന്റെ കൂടെ സെറ്റിൽ വരുന്നത്. ഭർത്താവ് സിജോയ്ക്ക് ബിസിനസാണ്. അദ്ദേഹം എനിക്ക് പൂർണ പിന്തുണയാണ്. എന്നെ ആര് തട്ടിക്കൊണ്ടു പോയാലും ഇങ്ങോട്ട് പാരിതോഷികം തന്നു തിരികെ കൊണ്ടുവിടും എന്ന് പുള്ളിക്ക് ഉറപ്പുണ്ട്. നല്ലൊരു ഭാര്യയോ മകളോ ആണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. പക്ഷേ നല്ലൊരു അമ്മയാണ് ഞാൻ. ഞാൻ അവർക്കു കൂട്ടുകാരി ആണ്, ഞങ്ങൾ തമ്മിൽ എല്ലാം ഷെയർ ചെയ്യാറുണ്ട്. അവരെ സ്വയം പര്യാപ്തരായിട്ടാണ് ഞാൻ വളർത്തിയിരിക്കുന്നത്. എന്തു പണിയും ചെയ്തു പഠിക്കണം, എന്ത് വേണമെങ്കിലും ചെയ്തോളൂ എന്ന് അവരോടു പറയാറുണ്ട്. എന്നെക്കാൾ നന്നായി വീട്ടിലെ എന്ത് പണിയും മക്കൾ ചെയ്യും. അതുകൊണ്ട് ഞാൻ അവിടെ ഇല്ലെങ്കിലും അവർക്ക് ബുദ്ധിമുട്ടില്ല. 

 

പുതിയ ചിത്രങ്ങൾ 

 

വോയ്‌സ് ഓഫ് സത്യനാഥൻ, മഹാറാണി, നീരജ അങ്ങനെ കുറച്ചു ചിത്രങ്ങൾ റിലീസ് ആകാനുണ്ട്. ആൻസൺ പോളിന്റെ അമ്മയായി ഒരു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അതിൽ മുഴുനീള വേഷമാണ്. എസ്‌.എൻ.സ്വാമി സാറിന്റെ ചിത്രത്തിൽ ധ്യാനിനോടൊപ്പം അഭിനയിക്കുന്നുണ്ട്. കമൽ സാറിന്റെ ഒരു സിനിമ പറഞ്ഞിട്ടുണ്ട്. അതിന്റെ ചർച്ചകൾ നടക്കുകയാണ്. ഞാൻ സ്വപ്നത്തിൽ പോലും കാണാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എല്ലാത്തിനും കാരണം ദൈവത്തിന്റെ ഇച്ഛയും സുഹൃത്തുക്കളുടെ പിന്തുണയുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com