ADVERTISEMENT

‘ഹെഡ് മാസ്റ്റർ’ എന്ന ചിത്രം നിർമിച്ച് അതിലെ പ്രധാനവേഷം ചെയ്ത തമ്പി ആന്റണിക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരത്തിലൂടെ ലഭിച്ചത് ഇരട്ടി നേട്ടം. മികച്ച ചിത്രത്തിനും സഹനടനും ഉൾപ്പടെ ഏഴ് അവാർഡുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.  സംവിധായകനും നിർമാതാക്കളും അഭിനേതാക്കളും ഉൾപ്പടെ നിരവധി പേരുടെ കഷ്ടപ്പാടിന് കിട്ടിയ പ്രതിഫലമാണ് ഈ അവാർഡ് എന്ന് തമ്പി ആന്റണി പറയുന്നു.  ചെറിയ ചിത്രങ്ങളും തിയറ്ററിൽ സ്വീകരിക്കപ്പെടണമെന്നും ‘ഹെഡ് മാസ്റ്റർ’ ഒടിടിയിൽ എത്തുമ്പോൾ കൂടുതൽ പ്രേക്ഷകർ കണ്ടു വിലയിരുത്തുമെന്ന് കരുതുന്നുവെന്നും തമ്പി ആന്റണി മനോരമ ഓൺലൈനിനോട് പറഞ്ഞു.

 

എഴുത്തുകാരൻ കാരൂർ നീലകണ്ഠപിള്ളയുടെ പൊതിച്ചോർ എന്ന ചെറുകഥയുടെ ചലച്ചിത്ര ഭാഷ്യമാണ് ഹെഡ് മാസ്റ്റർ. സംവിധായകൻ രാജീവ് നാഥും, കെ.ബി. വേണുവും ചേർന്ന് ഹെഡ്മാസ്റ്ററിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നു.  തമ്പി ആന്റണി, ബാബു ആന്റണി, ജഗദീഷ്, മഞ്ജു പിള്ള എന്നിവരാണ് പ്രധാന അഭിനേതാക്കൾ.  

 

ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി തന്ന സമ്മാനം 

 

‘ഹെഡ് മാസ്റ്റർ’ എന്ന സിനിമയിൽ തമ്പി ആന്റണി
‘ഹെഡ് മാസ്റ്റർ’ എന്ന സിനിമയിൽ തമ്പി ആന്റണി

ഞാനിപ്പോൾ അമേരിക്കയിലാണ്. പുലർച്ചെ ഫോൺ നിർത്താടെ ബെല്ലടിക്കുന്നത് കേട്ടാണ് എന്താണ് സംഭവം എന്ന് നോക്കിയത്.  മെസ്സേജുകളും ഫോൺ വിളികളുമായി ആകെ തിരക്കായിരുന്നു. അപ്രതീക്ഷിതമായ സംഭവമാണ്. ഹെഡ്മാസ്റ്ററിനു അവാർഡ് കിട്ടുമെന്ന പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. അവാർഡിനായി ഒന്നും ചെയ്യാറില്ല. നമ്മൾ നമ്മുടെ ജോലി ഭംഗിയായി ചെയ്താൽ ബാക്കി എല്ലാം പിന്നാലെ വരും. സിനിമ പ്രേക്ഷകരിൽ എത്തിയാൽ എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് തോന്നിയിരുന്നു. ന്യൂസ് കണ്ടപ്പോൾഞെട്ടിപ്പോയി. എല്ലാവരും ഈ സിനിമ കാണാനുള്ള ഒരു അവസരമായി ഈ അവാർഡിനെ ഞാൻ കാണുന്നു. സിനിമയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് ഒരു വഴിതുറന്നതായി ഞാൻ കരുതുന്നു. ഒരു സിനിമയ്ക്കു തന്നെ ഏഴ് അവാർഡ് ലഭിക്കുക എന്നത് ചില്ലറകാര്യമല്ല. സഹനടനുള്ള അവാർഡ് ആണ് എനിക്ക്  കിട്ടിയത്. കുഞ്ചാക്കോ ബോബന് ആണ് മികച്ച നടനുള്ള അവാർഡ്. അദ്ദേഹം അത് അർഹിക്കുന്നു. ശ്രീലാൽ ദേവരാജ് ആണ് എന്നെ ഈ കഥാപാത്രത്തിനായി നിർദേശിച്ചത്. ആ കഥാപാത്രം ചെയ്യാൻ ആരെ ഏല്‍പിക്കും എന്ന ആശയക്കുഴപ്പത്തിലായിരുന്നു രാജീവ് നാഥ്‌. എന്റെ ഭാര്യ പ്രേമയുടെ പ്രോത്സാഹനവും ഉണ്ടായിരുന്നു.  

 

അനുജനും ജ്യേഷ്ഠനും പ്രധാന കഥാപാത്രങ്ങളായി ആദ്യം 

 

കാരൂരിനെ പോലെ ഇത്രയും പ്രശസ്തനായ ഒരു കഥാകൃത്തിന്റെ ചെറുകഥയിൽ ഒരു കഥാപാത്രം ആകാൻ സാധിച്ചത് ഒരു നടനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്.  ഏഴെട്ട് വർഷം രാജീവ് നാഥ്‌ ഈ സിനിമയ്ക്കായി പരിശ്രമിച്ചിരുന്നു. കഥ കേട്ടപ്പോഴും സംവിധായകൻ രാജീവ് നാഥ്‌, ശ്രീജിത്ത് ലാൽ എന്റെ ഭാര്യ പ്രേമ തുടങ്ങിയവർ വിളിച്ചപ്പോഴും കഥയെപ്പറ്റി അറിയാവുന്നത് കൊണ്ട് ആ കഥാപാത്രം ചെയ്യാനുള്ള ആഗ്രഹം തോന്നി. വളരെ ചാലഞ്ചിങ് ആയിട്ടുള്ള കഥാപാത്രമാണ് ഹെഡ്മാസ്റ്ററിലേത്. ആ കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിൽ വലിയ സംതൃപ്തിയുണ്ട്. ബാബു എന്റെ മകനായി വന്നപ്പോൾ മുഖഛായ ഒക്കെ ഒരുപോലെ ആയതുകൊണ്ട് വളരെ അനുയോജ്യമായി. എന്റെ മകനായി അഭിനയിച്ച മാസ്റ്റർ ആകാശ് വളരുമ്പോൾ ബാബുവിന്റെ കഥാപാത്രമാണ് ആകുന്നത്. പട്ടിണിയും പരിവട്ടവുമായി കിടന്ന പയ്യനെ ആരോ സഹായിച്ച് അമേരിക്കയിൽ പോയി തിരിച്ചു വന്ന് കഥപറയുന്നതായിട്ടാണ് സിനിമ പോകുന്നത്. രണ്ടു കാലഘട്ടമാണ് കാണിക്കുന്നത് അതുകൊണ്ട് ഞങ്ങളുടെ കോമ്പിനേഷൻ ഉണ്ടാകില്ല, പക്ഷേ സ്വപ്നത്തിൽ ഞങ്ങൾ ഒരുമിച്ചു വരുന്നതായി കാണിക്കുന്നുണ്ട്. ഞങ്ങൾ രണ്ടും ഒരുമിച്ച് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആദ്യത്തെ സിനിമയാണ്. 

 

വിശപ്പിന്റെ കഥ

 

അന്നത്തെ അധ്യാപകരുടെ കാര്യങ്ങൾ വളരെ പരിതാപകരമായിരുന്നു. എട്ടു രൂപാ, പന്ത്രണ്ട്  രൂപ ഒക്കെയായിരുന്നു ശമ്പളം.  അന്നത്തെ നായർ മേനോൻ എന്നൊക്കെ പറയുമ്പോൾ പുറമെ ആഡംബരം കാണുമെങ്കിലും വീട്ടിൽ ഒരുപാട് അംഗങ്ങൾ ഉള്ളപ്പോൾ ആഹാരത്തിന് തികയില്ല. ഒരു കുട്ടി വിശന്നിട്ട് മോഷ്ടിച്ച് കഴിക്കുന്നതാണ് കഥയുടെ ത്രെഡ്.  അന്നത്തെ ഒരു കാലഘട്ടത്തിന്റെ കഥയാണിത്. അന്ന് വിശപ്പായിരുന്നു ഏറ്റവും വലിയ പ്രശ്നം. പഴയ കഥകൾ ഒക്കെ വായിച്ചാൽ അറിയാം. ഇന്നത്തെ തലമുറക്ക് അതൊന്നും അറിയില്ല. ഇന്ന് എന്തുമാത്രം ഭക്ഷണം ആണ് കളയുന്നത്. ഇന്നത്തെ തലമുറക്കുള്ള ഒരു മെസ്സേജ് കൂടിയാണ് ഈ സിനിമ.

 

കണ്ണ് നനയിച്ച കഥാപാത്രം 

 

ഈ അധ്യാപകൻ മകനോട് ഒരുപാട് സംസാരിക്കാറുണ്ടായിരുന്നു. ഒടുവിൽ അച്ഛൻ മകന് കൊടുക്കുന്ന ഒരു ഉപദേശമുണ്ട്. ഞാനൊരു പ്രായോഗിക ബുദ്ധി ഇല്ലാത്ത അധ്യാപകനാണ്. നാലക്ഷരം കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ. നീ എന്നെപ്പോലെ ആകരുത്. നീ പഠിച്ച് വലിയ കോളജ് അധ്യാപകനാകണം.  എല്ലാവരുടെയും കണ്ണ് നനയിക്കുന്ന സീൻ ആയിരുന്നു അത്. ഇത് അഭിനയിക്കുമ്പോൾ എന്റെ കണ്ണുകളും അറിയാതെ നിറഞ്ഞു. പടം കണ്ടിട്ട് കണ്ണ് നനയാതെ പോയവരാരുമില്ല.  ഞാൻ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും സംതൃപ്തി തോന്നിയ കഥാപാത്രമാണ്.

 

ചെറിയ സിനിമകളും ശ്രദ്ധിക്കപ്പെടട്ടെ 

 

സിനിമ വലിയ മാസ് പടം ഒന്നും അല്ലാത്തതുകൊണ്ട് പ്രേക്ഷകർ കുറവായിരുന്നു. കൈരളി തിയറ്ററിൽ ഒക്കെയാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്തപ്പോൾ അധികം ആരും കണ്ടിട്ടുണ്ടാകില്ല. വലിയ ചിത്രങ്ങളുടെ ഇടയിൽ ഈ കുഞ്ഞു ചിത്രം മുങ്ങിപോയിരുന്നു. ഹെഡ്മാസ്റ്റർ ഇപ്പോൾ ഒടിടി റിലീസിന് തയാറെടുക്കുകയാണ്.  അഞ്ചു ഭാഷകളിൽ ആയിരിക്കും ഒടിടി റിലീസ് ചെയ്യുക. ഒടിടിയിൽ വരുമ്പോൾ സിനിമ എല്ലാവരും കാണുമെന്ന് പ്രതീക്ഷിക്കുന്നു.  ഇത്തരത്തിലുള്ള പടങ്ങളും ശ്രദ്ധിക്കപ്പെടണമല്ലോ.    

 

കഷ്ടപ്പാടിന് കിട്ടിയ അംഗീകാരം 

 

എല്ലാവരും ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് ഹെഡ്മാസ്റ്റർ.  ഒരു പഴയ സ്കൂളിൽ ആയിരുന്നു ഷൂട്ടിങ്. ഒരു കാരവൻ പോലും ഇല്ലായിരുന്നു. ബാബു ആന്റണി, ജഗദീഷ്, മഞ്ജു പിള്ള, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവർ അവിടെ ചൂടത്ത് ഇരിക്കാൻ പോലും സ്ഥലമില്ലാതെ സ്കൂളിന്റെ തിണ്ണയിൽ ഒക്കെയാണ് ഇരുന്നത്. എല്ലാവരും ആത്മാർത്ഥമായി സഹകരിച്ചു. ഏഴെട്ട് വർഷക്കാലം ഈ കഥ സിനിമയാക്കാൻ ആഗ്രഹിച്ചു നടന്ന രാജീവ് നാഥിന്റെ ആത്മസമർപ്പണത്തിന് കിട്ടിയ അംഗീകാരമാണിത്. എല്ലാവരുടെയും ആത്മാർഥതയുടെ ഫലമാണ് ഈ സിനിമയ്ക്ക് കിട്ടിയ അംഗീകാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com