ADVERTISEMENT

അഭിജ ശിവകലയെന്ന അഭിനേത്രി മലയാള സിനിമയുടെ ഭാഗമായിട്ട് പതിനൊന്നു വർഷങ്ങൾ കഴിയുന്നു. ‘ഒഴിവുദിസത്തെ കളി’, ‘മൺറോതുരുത്ത്’, ‘ആണ്ടാൾ’, ‘ആക്‌ഷൻ ഹീറോ ബിജു’ തുടങ്ങി ഒട്ടേറെ സിനിമകളിലെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ അവസരം ലഭിച്ചപ്പോഴൊക്കെ തന്നിലെ അഭിനേത്രിയെ അടയാളപ്പെടുത്തിയ പ്രതിഭയാണ് നാടക-നൃത്ത പശ്ചാത്തലം കൂടിയുള്ള അഭിജ. നിർഭാഗ്യകരം എന്നു പറയട്ടെ അഭിജയുടെ പല മികച്ച കഥാപാത്രങ്ങൾക്കും തുടർച്ചകളുണ്ടായില്ല. പ്രേക്ഷക-നിരൂപക പ്രശംസ നേടിയ പല വേഷങ്ങൾക്കു ശേഷം ഈ നടിയുടെ കരിയറിൽ സംഭവിച്ചത് നീണ്ട ഇടവേളകളും. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടുപോയ കഥാപാത്രങ്ങളിൽ നിന്ന് അഭിജയെന്ന അഭിനേത്രി ഗംഭീര തിരിച്ചു വരവ് നടത്തുകയാണ് നവാഗതനായ സുഭാഷ് ലളിതാ സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത ‘ചാൾസ് എന്റർപ്രൈസസ്’ എന്ന ചിത്രത്തിലെ ‘പർവതം’ എന്ന കഥാപാത്രത്തിലൂടെ. പർവതമെന്ന കഥാപാത്രത്തെക്കുറിച്ചും തന്റെ ചലച്ചിത്ര ജീവിതത്തെക്കുറിച്ചും അഭിജ സംസാരിക്കുന്നു.

‘പർവതം കരിയറിലെ മികച്ച വേഷങ്ങളിലൊന്ന്’

‘ചാൾസ് എന്റർപ്രൈസസി’ലെ ‘പർവതം’ എന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. ഏറെ കാലത്തെ ഇടവേളയ്ക്കു ശേഷമാണ് ആഴത്തിൽ അഭിനയ സാധ്യതയുള്ള കഥാപാത്രം എനിക്ക് ലഭിക്കുന്നത്. ആ കഥാപാത്രത്തെ ഏറ്റവും മികച്ചതാക്കാനുള്ള ശ്രമം എന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. പർവ്വതം എന്ന കഥാപാത്രം എവിടെ നിന്നാണ് വരുന്നത്, അവരുടെ പശ്ചാത്തലം എന്താണ്, അവരുടെ ലക്ഷ്യം എന്താണെന്നൊക്കെ കൃത്യമായി സംവിധായകൻ സുഭാഷ് ആശയ വിനിമയം നടത്തിയിരുന്നു. അദ്ദേഹത്തിനു കഥാപാത്രത്തെ പറ്റി കൃത്യമായ ധാരണയുണ്ടായിരുന്നു. കഥാപാത്രത്തിന്റെ ഒരു ടോട്ടൽ മൂഡ് സെറ്റ് ചെയ്യാനും ബോഡി ലാഗ്വേജ് മനസ്സിലാക്കാനും അത് എന്നെ സഹായിച്ചിട്ടുണ്ട്.

abhija-sivakala-4

തിരക്കഥ വിശദീകരിച്ചു നൽകിയ ശേഷം അഭിനേത്രിയെന്ന നിലയിൽ പർവതം എന്ന കഥാപാത്രത്തെ സ്വതന്ത്രമായി വികസിപ്പിച്ചെടുക്കാനും എന്റെ കൂടി ഇൻപുട്ടുകൾ നൽകാനുമുള്ള സ്വതന്ത്ര്യം സംവിധായകൻ നൽകി. തമിഴ് പശ്ചാത്തലമുള്ള കഥാപാത്രമായതു കൊണ്ടു തന്നെ തമിഴ് ഭാഷ നന്നായി സംസാരിക്കാനും മറ്റുമായി ഒരു സഹസംവിധായകൻ പൂർണ സമയം എനിക്കൊപ്പം സഹായത്തിനുണ്ടായിരുന്നു. സ്വയം ഡബ്ബ് ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടി തമിഴ് നന്നായി സംസാരിക്കുന്ന ഒരു വോയ്സ് ആർട്ടിസ്റ്റാണ് പർവതത്തിനായി ഡബ്ബ് ചെയ്തത്. എന്നെ ഈ വേഷത്തിലേക്ക് പരിഗണിച്ച കാസ്റ്റിങ് ഡയറക്ടർ അബു വലയകുളത്തോടും പ്രത്യേക നന്ദിയുണ്ട്.

abhija-45

‘നിരൂപക പ്രശംസ ലഭിച്ചിട്ടും മികച്ച അവസരം ലഭിക്കാതെ വരുമ്പോൾ നിരാശ തോന്നിയിട്ടുണ്ട്..’

ഞാൻ സിനിമയിൽ വന്നിട്ട് 11 വർഷങ്ങളായി. ചെറുതെങ്കിലും ശ്രദ്ധിക്കപ്പെട്ട കുറച്ചു വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അതിനു മികച്ച പ്രേക്ഷക-നിരൂപക പ്രശംസയും ലഭിച്ചിട്ടുണ്ട്. എനിക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ നല്ലൊരു ശതമാനവും ഞാൻ ഇപ്പോഴും വിനിയോഗിക്കുന്നത് അഭിനയ പരിശീലന കളരികളിലാണ്. ഞാൻ ഈ മേഖലയിൽ ഉള്ളയിടത്തോളം കാലം എന്റെ അഭിനയം മെച്ചപ്പെടുത്താൻ അത്തരം ആക്റ്റിങ് വർക്ക്ഷോപ്പുകളുടെ ഭാഗമാകണം എന്നു തന്നെയാണ് എന്റെ വിശ്വാസം. അത് ഒരു ആർടിസ്റ്റ് എന്ന രീതിയിൽ എന്റെ ഉത്തരവാദിത്വം കൂടിയാണ്. സിനിമയിൽ വന്നിട്ട് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും അഭിനയം മെച്ചപ്പെടുത്താൻ ഇത്തരം ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് സിനിമ മേഖലയിൽ ഉള്ളവർ അറിയണമെന്നില്ല. അങ്ങനെ നോക്കുമ്പോൾ ഞാൻ ചെയ്ത മികച്ച വേഷങ്ങളും അഭിനയത്തെ നവീകരിക്കാൻ നിരന്തരം നടത്തുന്ന ശ്രമങ്ങൾക്കും അനുപാതികമായി എനിക്ക് നല്ല വേഷങ്ങൾ കിട്ടിയിട്ടില്ല. അത് പലപ്പോഴും വലിയ നിരാശ നൽകിയിട്ടുണ്ട്. സിനിമയിൽ പതിനൊന്ന് വർഷങ്ങൾ എന്നുപറയുന്നത് ചെറുതല്ലാത്ത ഒരു കലായളവാണ്. ഇപ്പോൾ അതിനെയൊക്കെ മറികടന്ന് ശാന്തമായി പോകാനാണ് ശ്രമിക്കുന്നത്. മികച്ച അവസരങ്ങൾ വരാൻ സമയമെടുക്കുമെന്ന ബോധ്യം ഇപ്പോൾ എനിക്കുണ്ട്.

abhija-sivakala

ചിലർക്ക് കാര്യങ്ങൾ വളരെ ഈസിയാണ്. പെട്ടെന്ന് പെട്ടെന്ന് അവസരങ്ങൾ ലഭിക്കും. അതിനു പല കാരണങ്ങളും ഘടകങ്ങളും ഉണ്ട്. ഓരോ ഗ്രൂപ്പിൽപ്പെട്ട ചലച്ചിത്ര പ്രവർത്തകരും പലപ്പോഴും അവർക്കു കംഫർട്ടബിളായ അഭിനേതാക്കൾക്കൊപ്പം സഹകരിക്കാനാകും ശ്രമിക്കുക. ഞാൻ അത്തരം ഒരു ഗ്രൂപ്പിലും ഉൾപ്പെടുന്ന ഒരാളല്ല. അല്ലെങ്കിൽ സിനിമയിൽ നമ്മുക്ക് ഗോഡ്ഫാദേഴ്സ് ഉണ്ടാകണം. എനിക്ക് അങ്ങനെയൊരു ഗോഡ്ഫാദേഴ്സും ഇല്ല. പിന്നെ ഭാഗ്യവും ഒരു ഘടകമാണ് സിനിമയിൽ. ഫീമെയിൽ ലീഡായൊക്കെ വലിയ പ്രതീക്ഷയോടെ ചെയ്ത സിനിമകൾ ചിലത് പകുതിവഴിക്കു ചിത്രീകരണം നിലക്കുകയും പ്രദർശനത്തിന് എത്തിക്കാൻ കഴിയാതെ വരുകയുമൊക്കെ ചെയ്തിട്ടുണ്ട്. ആ സിനിമകളൊക്കെ കരിയർ ഗ്രാഫ് ഉയർത്തുമെന്നു പ്രതീക്ഷയുണ്ടായിരുന്നവയാണ്.

abhija-sivakala-222

സോഷ്യൽ മീഡിയയുടെ ഈ കാലത്ത് നമ്മുടെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതു കൊണ്ടു മാത്രം കാര്യമില്ല. നമ്മൾ എപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ ലൈവ് ആയി നിൽക്കുകയും സ്വയം മാർക്കറ്റ് ചെയ്യുകയും വേണം.അങ്ങനെ മാർക്കറ്റ് ചെയ്യാൻ അറിയാത്ത ഒരാളാണ് ഞാൻ. പിന്നെ ഈ ഫീൽഡിൽ പിടിച്ചു നിൽക്കണമെങ്കിൽ മുഖസൗന്ദര്യവും ചർമ സൗന്ദര്യവുമൊക്കെ പ്രതിദിനം ശ്രദ്ധിക്കണം. അതിനു ഭീമമായൊരു തുക ചെലവഴിക്കേണ്ടതായും വരും.

abhija-sivakala-22

‘അഭിനയം അതിജീവനമാകുമ്പോൾ സിലക്ടീവാകാൻ പറ്റില്ല’

ഞാൻ തിരക്കേറിയ ഒരു അഭിനേത്രിയല്ല. ഒരേ സ്വഭാവമുള്ള കഥാപാത്രങ്ങളിൽ തളയ്ക്കപ്പെട്ടു പോകാനുള്ള ഒരു കാരണം സെലക്റ്റീവാകാൻ മാത്രം ചിത്രങ്ങൾ എന്നെ തേടി വരുന്നില്ല എന്നതാണ്. പിന്നെ വേഷങ്ങൾ ചെറുതാണെങ്കിലും വലുതാണെങ്കിലും എനിക്ക് എന്തെങ്കിലും രീതിയിൽ പെർഫോം ചെയ്യാൻ സ്പേസ് ഉണ്ടെങ്കിൽ ചെയ്യാറുണ്ട്. സിനിമ നമുക്കൊരു അതിജീവനത്തിന്റെ കൂടി പ്രശ്നമാകുമ്പോൾ സെലക്റ്റീവാകുക എളുപ്പവുമല്ല. 2015-16 എന്റെ കരിയറിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു വർഷമായിരുന്നു. ഒഴിവ് ദിവസത്തെ കളി, മൺറോതുരുത്ത് സിനിമകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനു ശേഷം റിലീസായ ഉദാഹരണം സുജാതയ്ക്കു ശേഷം എനിക്ക് കരിയറിൽ വളരെ വലിയൊരു ഇടവേള വന്നു. പ്രേക്ഷക-നിരൂപക പ്രശംസ നേടിയ കഥാപാത്രങ്ങൾക്കു ശേഷം അതിനൊരു തുടർച്ചയുണ്ടാകാതെ പോകുകയും കരിയറിൽ വലിയൊരു അനിശ്ചിതത്വം ഉണ്ടാകുകയും ചെയ്തു.

abhija-5

‘ഒടിടിയും വെബ്സീരിസുകളും തുറന്നിടുന്നത് വലിയ സാധ്യതകൾ’

ഒടിടി വലിയൊരു സാധ്യതയാണ് തുറന്നിടുന്നത്. ഒടിടി റിലീസുകളായിരുന്ന ആവാസ വ്യൂഹവും പുരുഷ പ്രേതവുമൊക്കെ ആസ്വദിച്ചു കണ്ട ഒരാൾ കൂടിയാണ് ഞാൻ. ഈ സിനിമകളിലെ കഥാപാത്ര നിർമിതിയും ആഖ്യാനവുമൊക്കെ വളരെ മികച്ചതായിരുന്നു. അത്തരം സിനിമകൾ ഒടിടിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി തന്നെ നിർമിക്കപ്പെട്ട സിനിമകളാണ്. വെബ് സീരിയസുകളുടെയും ഭാഗമാകണമെന്ന് ആഗ്രഹമുണ്ട്. വെബ്സീരിസിൽ ഒരു കഥാപാത്രത്തിനു പെർഫോം ചെയ്യാൻ കൂടുതൽ സമയമുണ്ട്. വളരെ ആഴത്തിലും വിശദമായിട്ടും കഥാപാത്രങ്ങളെ രൂപപ്പെടുത്താനുള്ള വലിയ സാധ്യതയും വെബ് സീരിസിലുണ്ട്. കേന്ദ്ര കഥാപാത്രങ്ങൾക്കൊപ്പം സഹതാരങ്ങളുടെയും ക്യാരക്ടർ ഡീറ്റെയ്‌ലിങ് വെബ് സീരിസിൽ സാധ്യമാണ്. ദിലീഷ് പോത്തൻ-ശ്യാം പുഷ്കരൻ സിനിമകളിലെ ചെറുതും വലുതുമായ കഥാപാത്രങ്ങളുടെ ക്യാരക്ടർ ഡീറ്റെയ്‌ലിങിന്റെ ആരാധികയാണ് ഞാൻ.

abhija-sivakala-2

‘നന്നായി എഴുതപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മോഹം’

സ്വപ്ന വേഷം എന്ന രീതിയിലുള്ള കഥാപാത്രങ്ങളൊന്നുമില്ല. ചാലഞ്ചിങായ നന്നായി എഴുതപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്നുണ്ട്. അലസമായി എഴുതപ്പെടുന്ന ഒരു കഥാപാത്രത്തെ ഒരു അഭിനേതാവ് എത്ര ശ്രമിച്ചാലും ലിഫ്റ്റ് ചെയ്യാൻ കഴിയില്ലെന്നു മാത്രമല്ല മുമ്പ് ചെയ്ത വേഷകളുടെ ആവർത്തനങ്ങളായി മാറുകയും ചെയ്യും.

action-hero-biju-daughter

ആക്‌ഷൻ ഹീറോ ബിജുവിലെ വേഷം നൽകിയ സ്വീകാര്യത

ഞാൻ അവതരിപ്പിച്ച വേഷങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ഇപ്പോൾ ആക്‌ഷൻ ഹീറോ ബിജുവിലെ വേഷമാണ്. വളരെ ചെറിയൊരു വേഷമായിരുന്നെങ്കിലും നന്നായി പെർഫോം ചെയ്യാൻ സ്പേസുള്ള വേഷമായിരുന്നു അത്. ഇപ്പോഴും എന്നെ ആളുകൾ തിരിച്ചറിയുന്നതും ആ വേഷത്തിലൂടെയാണ്. മൺറോ തുരുത്തിലെ കാത്തു, നടൻ ഇർഷാദ് നിർമിച്ച ആണ്ടാളിലെ കഥാപാത്രം, ഒഴിവുദിവസത്തെ കളിയിലെ ഗീതയൊക്കെ എനിക്ക് പ്രിയപ്പെട്ട വേഷങ്ങളാണ്. പർവതവും എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വേഷമാണ്. ഞാൻ ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് പർവതം എന്ന കഥാപാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com