ചേട്ടന്റെ സിനിമയിൽ പ്രധാനവേഷത്തിലെത്തി: ഫിലിം ക്രിട്ടിക്സ് പുരസ്കാരം നേടി സോമു മാത്യു; അഭിമുഖം

somu-mathew
സോമു മാത്യു
SHARE

പ്രവാസ ജീവിതത്തിൽ നിന്നും സിനിമയിലേക്ക് കടന്ന ഒരാളാണ് സംവിധായകൻ ജോഷി മാത്യുവിന്റെ സഹോദരനും നിർമാതാവുമായ സോമു മാത്യു. ജോഷി മാത്യുവിന്റെ ‘നൊമ്പരക്കൂട്’ എന്ന സിനിമയിലൂടെ ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ച സോമുവിന് ഇത് ബന്ധങ്ങളുടെയും കരുതലിന്റെയും നേട്ടം കൂടിയാണ്. പ്രവാസ ജീവിതത്തിൽ നിന്നും തിരികെ നാട്ടിലെത്തി നാടകവും സിനിമയും ഒക്കെയായി കഴിയുന്ന സോമു മാത്യുവിന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനിലൂടെ വായിക്കാം..

അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

അവാർഡ് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. ജോഷി മാത്യുവിന്റെ പത്താമത്തെ സിനിമയിൽ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തതിൽ ഒരുപാട് സന്തോഷമുണ്ടായിരുന്നു. ക്രിട്ടിക്സ് അവാർഡ് കിട്ടിയതിൽ സന്തോഷമുണ്ട്. അതിലും കൂടുതലായി നല്ലൊരു സിനിമ ചെയ്തു എന്ന് പറയുന്നതിന്റെ ആത്മവിശ്വാസവും സന്തോഷവുമാണ് കൂടുതൽ. ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളാണ് ഈ സിനിമ പറയുന്നത്. റിട്ടയേഡ് ലൈഫ് എൻജോയ് ചെയ്തുവരുന്നതിനിടയിൽ മറവിരോഗം അദ്ദേഹത്തെ ബാധിക്കുന്ന ഒരു കഥയാണ് ‘നൊമ്പരക്കൂട്’ പങ്കുവയ്ക്കുന്നത്.

somu4

ഈ ചിത്രത്തിലേക്ക്?

ഇരുപത്തിയഞ്ചു വർഷമായി ഞാൻ കുവൈറ്റിൽ ആയിരുന്നു. പ്രവാസ ജീവിതം മതിയാക്കി തിരിച്ചു വന്നപ്പോഴാണ് പല ആഗ്രഹങ്ങളും ചെയ്യാൻ തീരുമാനിച്ചത്. ഒരു നാടകം ചെയ്യണമെന്നുള്ളത് മനസ്സിൽ ഉറപ്പിച്ച് അതിനുള്ള ശ്രമങ്ങൾ തുടങ്ങിയ സമയത്താണ് ആർട്ടിസ്റ്റ് സുജാതൻ സംവിധാനം ചെയ്ത മരീചിക എന്ന നാടകത്തിൽ അഭിനയിക്കാൻ കഴിഞ്ഞത്. എൻ.എൻ. പിള്ള സർ ചെയ്ത വേഷമാണ് ഞാൻ ചെയ്തത്. അത് കണ്ടിട്ട് ആ വേഷം നന്നായി ചെയ്തു എന്നാണ് ആർട്ടിസ്റ്റ് സുജാതനും ജോഷിയും ഉൾപ്പെടെയുള്ളവർ പറഞ്ഞത്. അതിൽ നിന്നാണ് ഈ റോളിൽ എനിക്ക് ചെയ്യാൻ കഴിയും എന്ന തോന്നൽ എന്റെ സഹോദരന് ഉണ്ടായത് എന്ന് പറഞ്ഞു. ജോഷി മാത്യു എന്റെ മൂത്ത സഹോദരനാണ്. ഈ വേഷം ചെയ്യാനായി കുറെയധികം അഭിനേതാക്കളെ തെരഞ്ഞതിനുശേഷമാണ് സഹോദരൻ എന്നെ ഈ റോളിലേക്ക് കാസ്റ്റ് ചെയ്തത്. അത് കേട്ടപ്പോൾ എനിക്ക് വലിയ അതിശയമാണ് തോന്നിയത്. എന്നെക്കൊണ്ട് അത് ചെയ്യാൻ പറ്റുമോ എന്നാണ് ഞാനപ്പോൾ ചോദിച്ചത്. അപ്പോൾ നിനക്ക് ചെയ്യാൻ കഴിയുമെന്ന് പറഞ്ഞ് എന്നെ അദ്ദേഹം സപ്പോർട്ട് ചെയ്തു. വ്യത്യസ്തഭാവങ്ങളിൽ ഉള്ള ഒരു മുഴുനീള റോൾ. അതിൽ ഒത്തിരി ഒത്തിരി സന്തോഷം ഉണ്ട്.

നൊമ്പരക്കൂട് എന്ന ചിത്രത്തിൽ വൈകാരികമായ ചില രംഗങ്ങൾ ഉണ്ടല്ലോ?

ഈ സിനിമയുടെ ക്ലൈമാക്സ് ചെയ്തത് തമിഴ്നാട്ടിലുള്ള കമ്പത്ത് ആയിരുന്നു. ഒരുപാട് ആളുകൾ നോക്കി നിൽക്കുമ്പോഴാണല്ലോ പലരംഗങ്ങളും ചെയ്യേണ്ടത്. അതുകൊണ്ട് എല്ലാ ദിവസവും മനസ്സുകൊണ്ട്  ആ കഥാപാത്രമാവാൻ ശ്രമിക്കുമായിരുന്നു. മറവി വന്ന ആളാണ് എന്ന് മനസ്സിൽ കരുതി കൊണ്ടാണ് ഓരോ ദിവസം രാവിലെ എഴുന്നേറ്റിരുന്നത്. അഭിനയിക്കാനായി ഇറങ്ങുന്നതിനു മുമ്പ് അത് മനസ്സിൽ ഉറപ്പിക്കുകയും ചെയ്യുമായിരുന്നു. ആൾക്കൂട്ടം നോക്കി നിൽക്കുമ്പോഴും മറവിയുള്ള ഒരാളെ പോലെ തന്നെ നിൽക്കാനും ശ്രമിച്ചു. അത് വളരെ നല്ല ഒരു അനുഭവം ആയിരുന്നു.

somu-2

സിനിമയിലേക്ക്?

ചെറുപ്പത്തിൽ ഞാനും ജോഷി മാത്യുവും മറ്റു സഹോദരങ്ങളുമൊക്കെ ചേർന്ന് വീട്ടിൽ കർട്ടൻ ഒക്കെ കെട്ടി നാടകം കളിച്ചിരുന്നു. ഞങ്ങളുടെ അമ്മ വളരെയധികം സപ്പോർട്ട് ആയിരുന്നു. മുതിർന്നപ്പോൾ ഞങ്ങൾ ഒരു ചെറിയ ഒരു അമച്വർ നാടക ഗ്രൂപ്പും ഒരുക്കി. അതിൽ ഞങ്ങൾ തന്നെ നാടകം എഴുതുകയും അഭിനയിക്കുകയും ഒക്കെ ചെയ്തു. അത് വഴി അന്ന് ഏകാംഗ നാടകങ്ങളും ഒക്കെ ചെയ്തിരുന്നു. സ്കൂളിലും കോളജിലും പഠിച്ചിരുന്ന സമയത്തൊക്കെ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. മത്സരങ്ങൾക്ക് ഒക്കെ പോയിരുന്നു. പ്രവാസ ജീവിതത്തിലേക്ക് പോയപ്പോൾ അവിടെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിച്ചു. തിരിച്ചു വന്നപ്പോൾ ഒരു നാടകത്തിൽ അഭിനയിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ സിനിമയിൽ അഭിനയിക്കണം എന്നൊരു ആഗ്രഹമേ ഉണ്ടായിരുന്നില്ല. 

എന്നെ സംബന്ധിച്ചിടത്തോളം സിനിമ വലിയ സ്വപ്നലോകമാണ്. ഒരുപാട് ഗ്ലാമറുകൾ അല്ലെങ്കിൽ അഭിനയമിടുക്കുള്ളവരുടെ ലോകമാണ്. ആ ഒരു തോന്നൽ ഉള്ളതുകൊണ്ട് ആ ലോകത്തേക്ക് വരും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. അങ്ങനെയാണ് ജോഷി മാത്യു സംവിധാനം ചെയ്ത 'അങ്ങ്  ദൂരെ ഒരു ദേശത്ത്' എന്ന സിനിമയിൽ അഭിനയിക്കുന്നത്. പിന്നീട് ഒന്ന് രണ്ട് ചിത്രങ്ങളിലും അഭിനയിക്കാൻ കഴിഞ്ഞു. അതൊക്കെ വലിയൊരു ഭാഗ്യമായാണ് ഞാൻ കാണുന്നത്.

nombarakoodu

സിനിമയും നാടകവും?

നാടകവും സിനിമയും രണ്ടും വ്യത്യസ്ത മേഖലകൾ ആണല്ലോ. നാടകത്തിൽ കുറെയധികം എക്സ്പ്രഷനുകൾ ഇട്ടാൽ മാത്രമാണ് നമ്മൾ ഉദ്ദേശിക്കുന്ന കാര്യം ആളുകളിലേക്ക് എത്തിക്കാൻ സാധിക്കുന്നത്. ചെറുപ്പം മുതലേ നാടക രംഗത്ത് ഉണ്ടായിരുന്നതുകൊണ്ട് നാടകത്തിലെ അഭിനയത്തിലെ അതിഭാവത്വം സിനിമയിൽ വരുമോ എന്നൊരു പേടി ഉണ്ടായിരുന്നു. ജോഷി മാത്യു ഇത്രയും വേണ്ട എന്നൊക്കെ പറഞ്ഞ് എന്റെ അഭിനയത്തെ നന്നായി കൺട്രോൾ ചെയ്തു. ഓരോ പ്രാവശ്യവും ഷൂട്ട് ചെയ്യുമ്പോൾ ചെയ്തതിനേക്കാൾ കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു എന്നൊരു തോന്നൽ ഉണ്ടായിരുന്നു. അത് ഞാൻ സെറ്റിൽ ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നുണ്ടായിരുന്നു. കൂടെയുള്ളവർ എല്ലാം അത്രമാത്രം മതി എന്നു പറഞ്ഞപ്പോഴും എനിക്ക് നല്ല ടെൻഷൻ ആയിരുന്നു. ജോഷിയും വളരെയധികം സപ്പോർട്ട് ആയിരുന്നു. അസോസിയേറ്റ് സംവിധായകനായിരുന്നു അനിൽ മാത്യൂസും അനൂപും വളരെയധികം സഹായിച്ചു. പിന്നെ കുടുംബവും വളരെ വലിയ സപ്പോർട്ട് ആയിരുന്നു.

പ്രേക്ഷകരോട് ?

നമ്മൾ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യവുമായി മുന്നോട്ടു പോയാൽ അതുറപ്പായും നടക്കും എന്നാണ് എന്റെ മനസ്സ് പറയുന്നത്. ജീവിതത്തിന്റെ നല്ലൊരു ഭാഗവും വിദേശത്തായിരുന്നു. തിരിച്ചുവന്നപ്പോൾ അഭിനയം എന്ന ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ടാണെന്ന് തോന്നുന്നു ഈ പ്രായത്തിലും നല്ല റോളുകൾ ചെയ്യാൻ കഴിയുന്നുണ്ട്. അത് ആഗ്രഹത്തിന്റെ ഫലമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മുടെ മനസ്സിൽ ഒരാഗ്രഹം വച്ച് അതിനായിട്ട് ശ്രമിച്ചാൽ നല്ലത് ചെയ്യാൻ കഴിയും എന്നാണ് എൻ്റെ ബലമായ വിശ്വാസം. അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും മറ്റൊരാളുടെ പുറകെ നടക്കാതെ തന്നെ അത് എന്നിലേക്ക് വന്നു. അതൊക്കെ ദൈവാനുഗ്രഹമായി കാണുന്നു. നമ്മൾ ഒന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി മനസ്സുകൊണ്ട് ഒരുങ്ങി ഇരുന്നാൽ പൗലോ കൊയ്‌ലൊ പറയുന്നതുപോലെ എല്ലാം ഒത്തു വരുന്ന ഒരു സാഹചര്യവും വന്നുചേരും എന്നാണ് എന്റെ വിശ്വാസം. 

അതിന് ദൈവത്തോടും ഞാൻ നന്ദി പറയുന്നു. പിന്നെ ഈ സിനിമയുടെ സംവിധായകൻ എന്റെ സഹോദരൻ ജോഷി മാത്യു ആണല്ലോ, അദ്ദേഹത്തോടും ഞാൻ ഒരുപാട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഒരുപാട് സിനിമകൾ ചെയ്യുക എന്നുള്ളതല്ല ഞാൻ ആഗ്രഹിക്കുന്നത് പകരം നല്ല ക്യാരക്ടർ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനെനിക്ക് പ്രേക്ഷകരുടെയും സപ്പോർട്ട് വേണം. പ്രേക്ഷകരുടെ പ്രാർത്ഥനയും അനുഗ്രഹവും കൂടി വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

കുടുംബം?

മൂന്നു പെൺമക്കളാണ് എനിക്കുള്ളത്. ചിന്നു, ഗീതു, നീതു. ചിന്നു കുവൈറ്റിലാണ്. ഗീതു ന്യൂസിലാൻഡിൽ വർക്ക് ചെയ്യുന്നു. നീതു പിജി ചെയ്യാനുള്ള തയാറെടുപ്പിലാണ്. ഭാര്യ എൽസി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS