ADVERTISEMENT

സിനിമ സ്വപ്നം കണ്ടിരുന്ന, ആഗ്രഹിച്ചിരുന്ന, അതിനായി പരിശ്രമിച്ചിരുന്ന ഒരു പെൺകുട്ടി. ഒടുവിൽ, സിനിമയ്ക്കായുള്ള നീണ്ട കാത്തിരിപ്പിന്റെയും തയാറെടുപ്പുകളുടെയും ഉത്തരമായി ‘ചാൾസ് എന്റർപ്രൈസസി’ലെ ‘രഞ്ജിനി’ ഭാനുപ്രിയയ്ക്കു മുന്നിലെത്തി. കാഴ്ചക്കാരിയിൽനിന്ന് അഭിനേത്രിയിലേക്കുള്ള ചുവടുമാറ്റത്തെപ്പറ്റിയും അതിനായെടുത്ത പരിശ്രമങ്ങളെപ്പറ്റിയും മനോരമ ഓൺലൈനുമായി സംസാരിക്കുകയാണ് ഭാനുപ്രിയ.

 

ചാൾസ് എന്റർപ്രൈസസ്

bhanupriya-5

 

സിനിമ എല്ലാക്കാലത്തും ആവേശമായിരുന്നു. പയ്യന്നൂർ കോളജിൽ പഠിക്കുന്ന കാലത്താണ് സിനിമയെ സീരിയസായി കാണുന്നത്. ലിറ്ററേച്ചർ പഠിക്കുമ്പോൾ സിനിമയും പഠനവിഷയമായിരുന്നു. പഠനം കഴിഞ്ഞ് അധ്യാപികയായി ജോലിക്കു കയറുമ്പോഴും ഐഎഫ്എഫ്കെ പോലുള്ള ഫെസ്റ്റിവലുകളി‍ൽ പങ്കെടുക്കുമായിരുന്നു. സിനിമയുമായി ബന്ധമുള്ളവരുടെ കോണ്ടാക്ടുകൾ അവിടെ നിന്നൊക്കെ ലഭിച്ചു. അത്തരം സർക്കിളുകളിൽ നിന്നാണ് ‘ജുംബാ ലഹരി’യിലേക്ക് എത്തിയത്. ആ സിനിമ കോവിഡ് കാലത്ത് നിന്നുപോയി. പിന്നീട് ഷോർട് ഫിലിം, ഫോട്ടോ ഷൂട്ട്, ഓഡിഷൻ, പരിശീലന കളരികൾ തുടങ്ങിയവയുടെ ഭാഗമായി സിനിമയുടെ പരിസരത്ത് തന്നെയുണ്ടായിരുന്നു.‌ ‘ജുംബാ ലഹരി’ ടീമിന്റെ രണ്ടാമത്തെ ‌ചിത്രമാണ് ചാൾസ് എൻർപ്രൈസസ്. ലോക്ഡൗൺ സമയത്താണ് സുഭാഷ് ലളിത സുബ്രഹ്മണ്യൻ ‘ചാൾസ് എൻർപ്രൈസസി’ന്റെ സ്ക്രിപ്റ്റ് എഴുതുന്നത്. ഒരു ക്യാരക്ടറുണ്ടെന്ന് ആ സമയത്ത് പറഞ്ഞിരുന്നു. പിന്നീട് സ്ക്രീൻ ടെസ്റ്റൊക്കെ നടത്തി ആ കഥാപാത്രം കിട്ടി. ‘പുറം’ എന്ന ഷോർ‌ട്ട് ഫിലിമും ‘ജുംബാ ലഹരി’യുമൊക്കെ പുതിയ സിനിമയിലേക്ക് എത്തുന്നതിനും കാരണമായിട്ടുണ്ട്.

 

പേടി, എക്സൈറ്റ്‍മെന്റ്

bhanupriya-manju

 

പേടിയും എക്സൈറ്റ്മെന്റുമുണ്ടായിരുന്നു. ചാൾസിൽ ആദ്യദിവസം ബാലു വർഗീസിന്റെ കൂടെയായിരുന്നു ഷൂട്ട്. ആദ്യ കോംബിനേഷൻ സീനിൽ പേടിയുണ്ടായിരുന്നു. എന്നാൽ ഷൂട്ട് തുടങ്ങിയപ്പോൾ, ട്രാക്കിലേക്ക് എത്തി എന്ന കോൺഫി‍ഡൻസ് തോന്നി. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നു എന്നതിന്റെ സന്തോഷമുണ്ടായിരുന്നു. ഇത്രയും നാളും സ്വപ്നം കണ്ട സംഭവം നടക്കാൻ പോകുന്നു എന്ന എക്സൈറ്റ്മെന്റ്. ആദ്യദിവസം എനിക്ക് ഇഷ്ടമുള്ള മൊമന്റായിരുന്നു. ആ സമയം ഞാൻ ഡയറിയിൽ കുറിച്ചുവച്ചിട്ടുണ്ട്. ആദ്യ ദിവസം ക്യാമറയ്ക്ക് മുന്നിൽ നിന്ന അതേ അവസ്ഥ തന്നെയായിരുന്നു സ്ക്രീനിൽ എന്നെ കാണുമ്പോഴും. സ്വപ്നത്തിന്റെ തുടക്കം സാധിച്ചല്ലോ എന്ന സന്തോഷവുമുണ്ടായിരുന്നു. എന്നാൽ ടെൻഷനുമുണ്ടായിരുന്നു. സിനിമ കാണുമ്പോൾ ചുറ്റുമുള്ളവരുടെ മുഖത്ത് ഇടയ്ക്കിടെ നോക്കുമായിരുന്നു. 

 

ജുംബാ ലഹരി, പുറം

 

ആദ്യ സിനിമ. ടൈറ്റിൽ ക്യാരക്ടറായിരുന്നു. ഏറെ പ്രിയപ്പെട്ട ചിത്രം. വളരെ രസമുള്ള കഥയാണ്. ആളുകൾ ഇപ്പഴും ജുംബ എന്തായി എന്നു ചോദിക്കാറുണ്ട്. എന്നെങ്കിലും സിനിമ നടക്കുമെന്നുള്ളതുകൊണ്ട് അതിനെക്കുറിച്ച് ആരോടും പറയാറില്ല. നടന്നിരുന്നെങ്കിൽ സിനിമ ഒരുപാട് ചർച്ച ചെയ്യപ്പെടുമായിരുന്നു. ജുംബയിലെ പാട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. സുബ്രഹ്മണ്യൻ കെ.വി. ആണ് സംഗീതം. കഥയുടെ ചെറിയൊരു സാരാംശം പാട്ടിൽ നിഴലിക്കണമെന്നുണ്ടായിരുന്നു. ‘ഇതുവരെയും കാണാതീരം’ കഥാപാത്രങ്ങൾ തമ്മിലുള്ള റിലേഷൻഷിപ്പ് വ്യക്തമാക്കുന്ന പാട്ടാണ്. പാട്ടിന് അഭിനന്ദനങ്ങൾ കിട്ടിയിട്ടുണ്ട്. 

bhanupriya-43

 

നല്ല ടീമായിരുന്നു ‘പുറ’ത്തിനു പിന്നിലുണ്ടായിരുന്നത്. കാർത്തികേയ മണിയാണ് സംവിധായകൻ. സംഘകാല ലിറ്ററേച്ചിലെ പുറനാനൂറ് എന്ന കാവ്യസമാഹാരത്തിലെ ഒരു കവിത അടിസ്ഥാനമാക്കി എടുത്ത ഷോർട്ട് ഫിലിമാണ്. ഒരുപാട് ടെക്നിക്കൽ ക്വാളിറ്റിയുള്ള, സിനിമയോളം തന്നെ വർക്ക് ചെയ്തിട്ടുള്ള പ്രോജക്ടാണിത്. എംപി കനിമൊഴി ചിത്രത്തെ പ്രശംസിച്ചിരുന്നു. ചിത്രത്തിലെ അഭിനയത്തിന് സംവിധായകരിൽനിന്ന് അഭിനന്ദന മെസേജ് വന്നിരുന്നു.

 

സിനിമയെന്ന സ്വപ്നം 

 

സിനിമ സ്വപ്നം കണ്ടിരുന്ന വ്യക്തിയാണ്. സ്വപ്നം മാത്രം പോരല്ലോ, നമ്മളെ കൊണ്ട് സിനിമ ചെയ്യാൻ പറ്റുമോയെന്നും കൂടി തിരിച്ചറിയണമല്ലോ. 2011 ലാണ് ഷോട്ട് ഫിലിം ചെയ്യുന്നത്. സിനിമയോട് ആഗ്രഹം തോന്നുന്നത് അതിനുശേഷമാണ്. കഴിവുണ്ടോ, എത്തിപ്പെടാൻ പറ്റുമോ എന്നൊന്നും അറിയുമായിരുന്നില്ല. കിട്ടുന്ന അവസരങ്ങൾ ഉപയോഗിച്ചു. നാടകം ചെയ്യാൻ കിട്ടിയ അവസരം ഉപയോഗിച്ചു. കലാജാഥകളിൽ പങ്കെടുത്തു. സിനിമ എന്താണ്, എങ്ങനെയാണെന്നൊന്നും അറിയില്ലായിരുന്നു. ഇറങ്ങിച്ചെല്ലാൻ ഒരു ഭയമുണ്ടായിരുന്നു. സ്വപ്നം കൊണ്ടുമാത്രം യാഥാർഥ്യമാകുന്ന കാര്യമല്ല സിനിമ. എല്ലാത്തിനും പഠനം വേണമല്ലോ, ചെറിയ ക്യാരക്ടറെങ്കിലും ചെയ്യാനുള്ള പഠനം നടത്തിയിരുന്നു. 

 

സിനിമയ്ക്ക് അനുകൂലമായ അന്തരീക്ഷമായിരുന്നില്ല ചുറ്റും ഉണ്ടായിരുന്നത്. ചുറ്റുപാടുമുള്ളവരെ കൺവിൻസ് ചെയ്യണമായിരുന്നു. ചെറിയ പ്രതീക്ഷ മാത്രമാണുണ്ടായിരുന്നത്. ക്ലാസിക്കൽ ഡാൻസ് പഠിച്ചിരുന്നു. ഡാൻസിനുവേണ്ടി കണ്ണൂർ വിട്ടു. തിരുവനന്തപുരത്തും പിന്നീട് എറണാകുളത്തും എത്തി. ആറു വർഷത്തോളമായി എറണാകുളത്തുണ്ട്. അതിന് മുമ്പ്‍ ഒരുവർഷത്തോളം തിരുവനന്തപുരത്തുണ്ടായിരുന്നു. 10 വർഷത്തോളമായി സിനിമയ്ക്കായി പരിശ്രമിക്കുകയാണ്.

 

കണ്ണൂർ ടു സിനിമ

 

കണ്ണൂരിലെ ചുഴലി ഗ്രാമത്തിൽ നിന്നാണ് വരുന്നത്. നാട്ടുമ്പുറത്തുനിന്നു സിനിമയിലേക്ക് എത്തിച്ചേരാൻ പ്രതിസന്ധികളുണ്ടായിരുന്നു. എങ്കിലും സിനിമയിൽ എത്തപ്പെടാൻ പറ്റിയെന്നതിൽ ഒരുപാട് അഭിമാനമുണ്ട്. സിനിമ കണ്ടു നാട്ടുകാർ വിളിക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. നാട്ടുകാരിൽനിന്ന് പിന്തുണ ലഭിച്ചിട്ടുണ്ട്. ഒരുപാട് കലാകാരന്മാരും നാട്ടിലുണ്ട്. 

 

∙ പാഷനേറ്റ് ആയാൽ മാത്രം പോര

 

സിനിമയോട് പാഷനേറ്റായിരിക്കണം. എന്നാൽ അതു മാത്രം പോര, നല്ല സപ്പോർട്ട് സിസ്റ്റവും ആവശ്യമാണ്. മാനസികമായും സാമ്പത്തികമായും വീട്ടുകാരുടെ പിന്തുണ എനിക്കുണ്ടായിരുന്നു. പയ്യന്നൂർ കോളജിൽ ഗെസ്റ്റ് ലക്ചററായി ജോലി ചെയ്ത് ഇറങ്ങുമ്പോഴാണ് ഇതല്ല എനിക്കു വേണ്ടതെന്ന് അച്ഛനോടും അമ്മയോടും പറഞ്ഞത്. സിനിമയെന്ന് ആദ്യം മിണ്ടിയിരുന്നില്ല. വീട്ടുകാർക്കും സിനിമയെക്കുറിച്ച് വലിയ ധാരണയില്ല. ആദ്യം അവരെ ബോധ്യപ്പെടുത്താൻ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ഇന്നത്തെ കാലത്ത് ഒരുപാട് അവസരങ്ങളുണ്ട്. പക്ഷേ സിനിമയിലേക്ക് എത്തപ്പെട്ട് വിജയിക്കാൻ നല്ല കഷ്ടപ്പാടുണ്ട്. എന്നെ സംബന്ധിച്ച് സപ്പോർട്ട് സിസ്റ്റം വലിയ കാര്യമായിരുന്നു. ഇനി സിനിമ ചെയ്യാൻ പറ്റിയില്ലെങ്കിലും തിരികെ വീട്ടിലെത്തിയാലും അവർ എന്നെ സമാധാനിപ്പിച്ച് കൂടെ നിർത്തുമെന്ന് ഉറപ്പുണ്ട്. 

 

∙. പ്രേക്ഷക, അഭിനേതാവ്, സിനിമാ അനുഭവം 

 

പ്രേക്ഷകരാകുമ്പോ സിനിമയെക്കുറിച്ച് എന്തു തോന്നിയാലും പ്രകടിപ്പിക്കാം, ആസ്വാദനത്തിന് അപ്പുറത്ത് പ്രേക്ഷകർക്ക് ഒരു ക്രിട്ടിക്ക് മൈൻഡ് ഉണ്ടാവുമല്ലോ. അഭിനേതാവായപ്പോൾ ക്യാരക്ടർ, എക്സ്പ്രഷൻസ്, അഭിനയം, വോയിസ് എന്നീ കാര്യങ്ങളൊക്കെയായിരുന്നു ചിന്തിച്ചത്. സിനിമ കാണുമ്പോൾ എന്നെപ്പറ്റി മാത്രമായിരുന്നു ചിന്തിച്ചത്. രണ്ടോ മൂന്നോ സിനിമ ചെയ്താൽ ചിലപ്പോൾ സിനിമയെ കാഴ്ചക്കാരനെപ്പോലെ തന്നെ കാണാൻ സാധിക്കുമായിരിക്കും. 

 

∙ കാത്തിരിപ്പിന്റെ കാലം

 

നല്ല അഭിപ്രായങ്ങൾ കിട്ടുന്നുണ്ട്. കഥാപാത്രത്തെക്കുറിച്ച് ആളുകൾ എടുത്തുപറയുമ്പോൾ വലിയ സന്തോഷമാണ്. അതിനു മുൻപ് കാത്തിരിപ്പിന്റെയും ഉത്തരം പറച്ചിലിന്റെയും കാലമായിരുന്നു. റിലീസിങ് ഡേറ്റ് നീണ്ടിരുന്നു. ആ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഒരു കാലത്ത് പറയാനുണ്ടായത്. ‘എന്തായി’ എന്ന ചോദ്യം വർഷങ്ങളായി കേൾക്കുകയാണല്ലോ. മുൻപ് അതിനു ചിലപ്പോൾ ഉത്തരമുണ്ടാവില്ല. പക്ഷേ മുമ്പുള്ള അവസ്ഥയല്ല ഇപ്പോൾ. സിനിമ റിലീസായി, നന്നായി ചെയ്തു എന്ന് പറയുന്നതിലേക്കുള്ള മാറ്റം വലിയ സന്തോഷമുള്ള കാര്യമാണ്. അധ്വാനത്തിനു ഫലമുണ്ടായി എന്ന് കരുതുന്നു. 

 

 ∙ വൈറൽ ഫോട്ടോ ഷൂട്ട്

 

അർധരാത്രിയിലൊരു പെൺകുട്ടി കൊച്ചിയിലെ നഗരത്തിൽ എന്നായിരുന്നു ഫോട്ടോഷൂട്ടിന്റെ തീം. വോയേജ് ഓഫ് ടൈം എന്നായിരുന്നു പേര്. 2017 ലായിരുന്നു ഫോട്ടോഷൂട്ട്. കൊച്ചിയിലെ സൗത്ത് റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി, തേവര തുടങ്ങിയ ഭാഗങ്ങളിൽ വച്ചായിരുന്നു ഫോട്ടോ ഷൂട്ട്. നല്ലതും മോശവുമായ അനുഭവങ്ങളുണ്ടായി. രാത്രി അത്ര സേഫാണ് സ്ത്രീകൾക്ക് എന്ന് ഇപ്പോഴും വാദിക്കാൻ പറ്റില്ല. സുരക്ഷാമുൻകരുതൽ നമ്മളെടുത്താലും കാര്യമില്ല, സമൂഹം അതിനുമാത്രം ഉയർന്നിട്ടില്ല. തുറിച്ചുനോട്ടങ്ങളായിരുന്നു കൂടുതലും. സമൂഹത്തിന്റെ വേറൊരു മുഖത്തെ ഫോട്ടോഷൂട്ടിലൂടെ ഒപ്പാൻ പറ്റുമോ എന്ന പരീക്ഷണമായിരുന്നു ഫോട്ടോഷൂട്ട്. അതിനെപ്പറ്റി പലരീതിയിൽ ചർച്ചകളുണ്ടായി. 

 

∙അധ്യാപനം

 

അധ്യാപികയായിരുന്നു. അധ്യാപനം ഇഷ്ടമുള്ള കാര്യമാണ്. എങ്കിലും അത് കരിയറാക്കുന്നതിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. കലാപരമായ ജോലി ചെയ്താൽ കൊള്ളാമെന്നായിരുന്നു. ഡാൻസ്, സിനിമ ഇതിൽ ട്രൈ ചെയ്യണമെന്നായിരുന്നു. സിനിമ കണ്ട് കുറെ വിദ്യാർഥികൾ മെസേജ് അയച്ചിരുന്നു. അധ്യാപികയായിരുന്നപ്പോൾ വിദ്യാർഥികളുമായിട്ടുണ്ടായ ബന്ധം വളരെ അധികം വിലമതിക്കുന്നതാണ്. പഠിച്ച മേഖല സിനിമയെ ഒരു പാട് സ്വാധീനിച്ചിട്ടുണ്ട്. 

 

∙നാട്, വീട്, പഠനകാലം

 

പ്ലസ് ടു വരെ പഠിച്ചത് ചുഴലി ഗവൺമെന്റ് സ്കൂളിലാണ്. പയ്യന്നൂർ കോളജിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം നേടി. സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പിജി കഴിഞ്ഞു. പിന്നെ ഗെസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. ട്രാൻസ്‌ലേഷൻ വർക്കും ചെയ്തിട്ടുണ്ട്. സിനിമയുടെ പിന്നണിയിൽ വർക്ക് ചെയ്തിട്ടുണ്ട്. വളരെ കൺസർവേറ്റീവായ ചുറ്റുപാടിൽ നിന്നാണ് വരുന്നത്. സാമൂഹിക ബോധങ്ങളൊക്കെ വ്യത്യസ്തമാരിന്നു. അതു മാറാൻ സഹായിച്ചത് ഡിഗ്രി, പിജി കാലമാണ്. ഒരു പാട് കലാകാരന്മാരുള്ള നാടാണ് ചുഴലി. നല്ല മനുഷ്യർ. അപ്പുറത്തെ വീട്ടിലെ നാരായണേട്ടൻ തൊട്ട് അറിയുന്ന എല്ലാവരും പിന്തുണച്ചിട്ടേ ഉള്ളു. അച്ഛൻ പുരുഷോത്തമൻ, അമ്മ പ്രിയംവദ, ചേച്ചി പൂർണ്ണിമ തുടങ്ങിയ ഒരു വലിയ സപ്പോർട്ട് സിസ്റ്റം എനിക്കുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com