ADVERTISEMENT

ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന ശാന്തകുമാരിയുടെ പേരിലെ ശാന്തത പക്ഷേ, അവരുടെ ജീവിതം പലപ്പോഴും അവർക്ക് നൽകിയിട്ടില്ല. പതിമൂന്നാം വയസിൽ വിവാഹിതയായ ശാന്തകുമാരി കൗമാരം പിന്നിടും മുമ്പേ വിധവയായി. പറക്കമുറ്റാത്ത രണ്ടു പെൺകുഞ്ഞുങ്ങൾക്കൊപ്പം പതിനേഴാം വയസിൽ ഭർത്താവിന്റെ നാടായ കാഞ്ഞങ്ങാട് നിന്ന് കൊച്ചിയിലേക്ക് വണ്ടി കയറുമ്പോൾ ശാന്തകുമാരിക്ക് മുമ്പിൽ ഇരുട്ട് മാത്രമായിരുന്നു. മക്കളുടെ വിശപ്പു മാറ്റാനാണ് ശാന്തകുമാരി നാടകത്തിൽ അഭിനയിക്കാൻ പോയത്. അവിടെ നിന്ന് പി.എ ബക്കർ എന്ന സംവിധായകൻ ശാന്തകുമാരിയെ സിനിമയിലേക്ക് കൈ പിടിച്ചു നടത്തുകയായിരുന്നു. ബക്കറിന്റെ ചുവന്ന വിത്തുകൾ ആയിരുന്നു ശാന്തകുമാരിയുടെ ആദ്യ സിനിമ.

 

santhakumari-dileep

ചുവന്ന വിത്തുകളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ശാന്തകുമാരിയെ തേടിയെത്തി. പുരസ്കാരത്തിന്റെ ഗരിമയോ വലുപ്പമോ മനസിലാക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല അന്ന് ശാന്തകുമാരി. അഭിനയിക്കാൻ പോകുന്നതിന് എന്നും അടിക്കുമായിരുന്ന അമ്മ, പുരസ്കാരത്തുക കേട്ടതോടെ ഓടി വന്നു കെട്ടിപ്പിടിച്ചത് ഇന്നും ശാന്തകുമാരിയുടെ ഓർമയിലുണ്ട്. പുരസ്കാരം ഏറ്റുവാങ്ങുന്നതിന്റെ ഒരു ചിത്രമോ പത്ര കട്ടിങ്ങോ പോലും ഇപ്പോൾ ശാന്തകുമാരിയുടെ പക്കലില്ല. എങ്കിലും കഴിഞ്ഞ 45 വർഷമായി ഒരു നിധി പോലെ ആ പുരസ്കാരവും പ്രശസ്തിപത്രവും ശാന്തകുമാരി സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇതിനിടെ ജീവിതം പല വാടക വീടുകളിലും ഹോസ്റ്റലിലുമൊക്കെ അവരെ എത്തിച്ചെങ്കിലും ഒരു പോറൽ പോലും ഏൽക്കാതെ അവർ ആ പുരസ്കാരം സൂക്ഷിച്ചു വച്ചു. നാലര പതിറ്റാണ്ടു പൂർത്തിയാക്കിയ കരിയറിന്റെ ഓരത്തിരുന്നുകൊണ്ട് ശാന്തകുമാരി ജീവിതം പറയുകയാണ്. അതിൽ മലയാളസിനിമയുടെ ചരിത്രമുണ്ട്. ഒറ്റയ്ക്കൊരു പെണ്ണ് ജീവിച്ചു തീർത്ത അതിഗംഭീര ജീവിതത്തിന്റെ നേർക്കാഴ്ചയുണ്ട്. നായികയായി തുടങ്ങിയിട്ടും അമ്മ വേഷത്തിൽ ഒതുക്കപ്പെട്ടുപ്പോയതിന്റെ പിന്നാമ്പുറ കഥകളുണ്ട്. മനോരമ ഓൺലൈന്റെ 'നായിക' എന്ന പരിപാടിയിൽ ശാന്തകുമാരി സംസാരിക്കുന്നു. 

 

ആദ്യ സിനിമ

santhakumari-award

 

ബക്കർ സാറാണ് എന്നെ സിനിമയിലേക്ക് കൊണ്ടു വന്നത്. പാലാരിവട്ടം പള്ളിയിൽ ഞാൻ നാടകം കളിക്കുന്നതു കണ്ട്, അവിടെ നിന്ന് വിളിച്ചു കൊണ്ടു പോവുകയായിരുന്നു. ആ നാടകത്തിൽ എനിക്കൊപ്പം അഭിനയിച്ചവരെല്ലാം കൂടിയാണ് സിനിമയിലേക്ക് പോയത്. അന്നെനിക്ക് 23 വയസ്സേ ഉള്ളൂ. കൂടെ ഉള്ളവർ പറഞ്ഞു, 'ഒറ്റയ്ക്ക് അവളെ വിടാൻ പറ്റില്ല. ഞങ്ങളും കൂടെ വരും', എന്ന്. അങ്ങനെ അവരും കൂടെ വന്നു. എല്ലാവർക്കും കൂടി ഒരു മുറിയേ തരൂ. ഞങ്ങളെല്ലാവരും ഒരുമിച്ചു കിടക്കും ഒരുമിച്ചു ഭക്ഷണം കഴിക്കും. എനിക്ക് തടി കൂടാതിരിക്കാനായി വൈകുന്നേരമാകുമ്പോൾ ഒരു ഗ്ലാസിൽ കഞ്ഞിയും കുറച്ചു പയറും കൂടി മിക്സ് ചെയ്തു തരും. വിശപ്പ് മാറില്ല. എന്നാലും അതേ തരൂ. ചുവന്ന വിത്തുകൾ എന്നതായിരുന്നു സിനിമ. 

 

santhakumari-34

ഒളിംപ്യൻ റഹ്മാനായിരുന്നു നായകൻ. ഭാരതി എന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെ പേര്. വേശ്യാവൃത്തി ചെയ്യുന്ന ഒരു സ്ത്രീ. അതെന്താണെന്നൊന്നും അറിയില്ല. സംവിധായകൻ പറയുന്നതു പോലെ ചെയ്യും. അല്ലാതെ എന്ത് കഥാപാത്രമാണെന്നൊന്നും അറിയില്ല. എല്ലാവർക്കും ഭയങ്കര അഭിപ്രായമായിരുന്നു അഭിനയത്തെപ്പറ്റി. ഞാൻ നാടകത്തിൽ അഭിനയിക്കാൻ പോകുന്നതിനോടു തന്നെ വീട്ടിൽ വലിയ എതിർപ്പായിരുന്നു. എന്നും വീട്ടിൽ അടിയും ഇടിയും ചവിട്ടുമാണ്. സിനിമയിൽ അഭിനയിക്കുകയാണെന്നു അറിഞ്ഞപ്പോൾ ഉപദ്രവം കൂടി. പക്ഷേ, മക്കളുടെ വിശപ്പു മാറ്റാൻ എനിക്കു മുമ്പിൽ അഭിനയം എന്ന വഴിയേ ഉണ്ടായിരുന്നുള്ളൂ. 

 

പുരസ്കാരം കിട്ടിയപ്പോൾ

 

ചുവന്ന വിത്തുകൾക്കു ശേഷം ഞാൻ പഴയതു പോലെ നാടകത്തിൽ അഭിനയിക്കാൻ പോയി. അങ്ങനെ ഒരു ദിവസം നാടകം കഴിഞ്ഞ് ബോട്ടിൽ വീട്ടിലേക്ക് വരുന്നതിന് ഇടയിലാണ് പത്രത്തിൽ വാർത്ത വന്നെന്ന് അറിഞ്ഞത്. ശാന്തകുമാരിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം! അയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമായിരുന്നു പുരസ്കാരം. അന്നത്തെ അയ്യായിരം എന്നു പറയുന്നത് ഇന്നത്തെ 50000 രൂപയുടെ മൂല്യമാണ്. ഇത്രയും വലിയ തുകയുണ്ടെന്ന് അറിഞ്ഞപ്പോൾ, അതുവരെ എന്നെ അടിക്കുകയും തൊഴിക്കുകയും ചെയ്യുമായിരുന്ന അമ്മ ഓടി വന്നു കെട്ടിപ്പിടിച്ചു. എന്നെ കൊല്ലാൻ മറ്റോ ആയിരിക്കുമോ പിടിക്കുന്നതെന്നുള്ള പേടിയായിരുന്നു അപ്പോൾ എനിക്ക്. അന്നേവരെ അമ്മ എന്നെ കെട്ടിപ്പിടിക്കുകയോ മോളേ എന്നു വിളിക്കുകയോ ചെയ്തിട്ടില്ല. 

 

santhakumari-2

ഇന്നും എനിക്ക് ആ നിമിഷം ഓർമയുണ്ട്. അതൊന്നും മറക്കാൻ പറ്റില്ല. പുരസ്കാരദാന ചടങ്ങ് കോഴിക്കോട് വച്ചായിരുന്നു എന്നാണെന്റെ ഓർമ. അന്ന് ഞാനുടത്ത സാരിക്ക് അൻപതോ നൂറോ രൂപയേ ഉള്ളൂ. ആ സാരിയുടുത്താണ് ഞാൻ അവാർഡ് വാങ്ങാൻ പോയത്. ജാനകിയമ്മയെ ആ ചടങ്ങിൽ വച്ചു കണ്ടത് ഓർമയുണ്ട്. വേറെയും ഒരുപാട് വലിയ വ്യക്തികൾ ഉണ്ടായിരുന്നു. എല്ലാവരെയും കണ്ടതിലുള്ള ഒരു സന്തോഷമായിരുന്നു മനസിൽ. അവാർഡ് കിട്ടിയതിന്റെ പേരിൽ ചിലരൊക്കെ ചെറിയ ചില സ്വീകരണങ്ങളൊക്കെ തന്നു. ഇന്നത്തെ പോലെ അല്ലല്ലോ. അഭിമുഖങ്ങളോ പ്രത്യേകം വാർത്തകളോ ഒന്നും അന്നില്ല. 

    

വിശപ്പ് എന്നെ നടിയാക്കി

 

എട്ടാം ക്ലാസ് പരീക്ഷയുടെ അന്നായിരുന്നു എന്റെ കല്യാണം. എന്നെ വിവാഹം കഴിപ്പിച്ചയയ്ക്കാൻ പറ്റില്ലെന്നും പറഞ്ഞ് സ്കൂളിൽ നിന്ന് അധ്യാപകർ കൊടിയൊക്കെ പിടിച്ചു വന്നു പറഞ്ഞു. പക്ഷേ അച്ഛനും അമ്മയും സമ്മതിച്ചില്ല. ഭർത്താവിന്റെ സ്ഥലം കാഞ്ഞങ്ങാടായിരുന്നു. പതിനേഴ് വയസ്സിനുള്ളിൽ രണ്ടു കുട്ടികളായി. രണ്ടാമത്തെ കുട്ടി മലർന്നു കിടക്കുന്ന പ്രായത്തിൽ ഭർത്താവ് മരിച്ചു. അതോടെ, എന്നെയും കുട്ടികളെയും ഭർത്താവിന്റെ വീട്ടുകാർ തിരികെ എന്റെ വീട്ടിലാക്കി. എന്റെ വീട്ടിൽ എട്ടാമത്തെ സന്തതിയാണ് ഞാൻ. എനിക്കു താഴെ ഒരു അനിയനും അനിയത്തിയും ഉണ്ട്. അവരെയൊക്കെ പഠിപ്പിക്കണം. ആഹാരം വേണം. അച്ഛൻ ഇലക്ട്രിഷ്യനായിരുന്നു. ആ തുച്ഛശമ്പളത്തിൽ ഇത്രയും വയറുകൾ കഴിയണ്ടേ? എന്റെ മോള് വിശന്നു കരയുമ്പോൾ ഞാൻ പറയും, 'ഈ കൊച്ച് എന്തിനാ കരയുന്നത്? അതിനെ എടുത്ത് പുറത്തു കള' എന്നൊക്കെ. കുഞ്ഞ് പാലിനു വേണ്ടിയാണ് കരയുന്നതെന്ന അറിവ് പോലും എനിക്ക് അന്നില്ല. ജോലി ചെയ്ത്, സമ്പാദിച്ച് കുട്ടികളെ വളർത്താൻ അമ്മ എന്നോടു പറഞ്ഞു. എനിക്കറിയുമോ എന്ത് ജോലി ചെയ്യണമെന്ന്! ഞാൻ പാടുമായിരുന്നു. അപ്പോൾ അയൽക്കാരൊക്കെ പറയും, 'ശാന്തകുമാരി നീ പോയി പാട്ടു പാട്... അപ്പോൾ കാശൊക്കെ കിട്ടും' എന്ന്. 

 

ഒരു ദിവസം ഞാൻ തേവരയിലുള്ള സേക്രഡ് ഹാർട്ട് പള്ളിയിൽ പോയിരുന്ന് കരയാൻ തുടങ്ങി. അതു കണ്ട് അച്ചന്മാർ വന്ന് കാര്യം അന്വേഷിച്ചു. നാടകത്തിൽ പാടി അഭിനയിക്കാമോ എന്ന് അവർ ചോദിച്ചു. അന്നത്തെ കാലത്ത് പാടി അഭിനയിക്കാൻ ആൾക്കാരില്ല. പ്രത്യേകിച്ച് സ്ത്രീകൾ! ഞാൻ ഉടൻ സമ്മതം മൂളി. അങ്ങനെയാണ് ഞാൻ അഭിനയിക്കാൻ തുടങ്ങിയത്. ഒരു ഓണക്കാലത്താണ് ഞാൻ അഭിനയിച്ചു തുടങ്ങിയത്. ആദ്യമായി 35 രൂപ പ്രതിഫലം കിട്ടി. വീട്ടിൽ എല്ലാവർക്കും കോടി എടുത്തപ്പോൾ എനിക്കും മക്കൾക്കും കാശില്ലാതിരുന്നതിനാൽ എടുക്കാൻ സാധിച്ചിരുന്നില്ല. ആദ്യമായി അധ്വാനിച്ചുണ്ടാക്കിയ പണം കയ്യിൽ കിട്ടിയപ്പോൾ ഞാൻ ഓടിപ്പോയി കുട്ടികൾക്കു ഉടുപ്പും എനിക്ക് ഒരു ബ്ലൗസിനു തുണിയും എടുത്തു. ഇപ്പോഴും അത് പറയുമ്പോൾ എനിക്ക് എന്ത് സന്തോഷമാണെന്നോ!

 

ആക്ഷേപങ്ങളും പരിഹാസങ്ങളും

 

നാടകത്തിൽ അഭിനയിക്കാൻ പോയി തുടങ്ങിയപ്പോൾ കുറച്ചു പണം ലഭിച്ചെങ്കിലും വീട്ടിൽ നല്ല എതിർപ്പായിരുന്നു. കണ്ട ആണുങ്ങളുടെ ഇടയിൽ പാടാൻ പോയെന്നു പറഞ്ഞ് അടിയും ഉപദ്രവവും. അപ്പോൾ, എനിക്ക് വാശി കൂടി. എന്നാൽ പിന്നെ എനിക്കും മക്കൾക്കും ചോറും ചായയുമൊക്കെ അമ്മ തരട്ടെ എന്നായി ഞാൻ. അതില്ല. എത്ര നാൾ വിശന്നു കഴിയും? അങ്ങനെയാണ് നാടകത്തിൽ വീണ്ടും അഭിനയിക്കാൻ പോകുന്നത്. റ്റാറ്റാ, ഐആർഡി, എഫ്എസിറ്റി അങ്ങനെയുള്ള കമ്പനികളിൽ നാടകം കളിക്കാൻ വിളിക്കും. അവിടെ നിന്ന് ചോറും കറികളും കിട്ടും. അങ്ങനെയിരിക്കെയാണ് സിനിമയിൽ അഭിനയിച്ചതും അവാർഡ് കിട്ടിയതും. സിനിമയിൽ ഒരു ചീത്ത സ്ത്രീ ആയിട്ടാണല്ലോ അഭിനയിച്ചത്. പോരാത്തതിന് ചുവന്ന വിത്തുകൾ എന്ന സിനിമ ഒരു എ സർട്ടിഫിക്കറ്റ് സിനിമയും ആയിരുന്നു. അതുകൊണ്ട് ഒരുപാട് കളിയാക്കലുകൾ കേൾക്കേണ്ടി വന്നു. ആ ഒരു വിധത്തിലാണ് എന്നോട് പലരും പെരുമാറുക. അപ്പോഴെനിക്ക് വാശിയായി. വിളിക്കുന്നവരോട് എതിർത്തു സംസാരിച്ചു. പിന്നെ വാശിയായിരുന്നു എല്ലാവരോടും. സിനിമകൾ കിട്ടി തുടങ്ങിയപ്പോൾ ജീവിതം മെച്ചപ്പെട്ടു. ആദ്യം വാടക വീട്ടിലേക്കും പിന്നീട് സ്വന്തമായി വീടു വച്ച് അവിടേക്ക് മാറി. 

 

കേറി പിടിക്കുന്നത് എതിർത്തു, അങ്ങനെ 'അമ്മ'യായി

 

സഞ്ചാരി, ലോറി എന്നീ സിനിമകളിൽ നായികയായി അഭിനയിച്ചു. പാലാട്ട് കുഞ്ഞിക്കണ്ണനിൽ രതീഷിന്റെ നായികയായിരുന്നു. അതിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ രതീഷ് വന്ന് എന്നെ കെട്ടിപ്പിടിക്കുന്ന രംഗമുണ്ട്. എന്നെ അങ്ങനെ പിടിക്കാൻ പറ്റില്ല എന്നു പറഞ്ഞ് ഞാൻ കരഞ്ഞു. അന്നു തൊട്ട് ഞാൻ അമ്മയായി. ചില സിനിമകളിൽ നിന്ന് മനഃപൂർവം ഒഴിഞ്ഞു പോന്നിട്ടുണ്ട്. സരിതയുടെ അമ്മയായി അഭിനയിക്കുമ്പോൾ അവരെന്നോട് പറഞ്ഞിട്ടില്ല അതിനകത്ത് റേപ് സീനൊക്കെ ഉണ്ടെന്ന്! ടേക്ക് പോയപ്പോൾ ഒരാൾ എന്റെ പുറകിൽ കൂടി വന്ന് പിടിക്കുന്നു. ഞാൻ ഒറ്റ ചവിട്ടും കൊടുത്ത് എന്റെ പാട്ടിന് ഇറങ്ങി പോന്നു. അന്ന് അഭിനയിച്ചത് സി. ഐ.പോളായിരുന്നു. രാത്രിയായപ്പോൾ 'ഞാൻ ഈ പടത്തിൽ അഭിനയിക്കില്ല' എന്ന് എഴുതി വച്ചിട്ട് ഞാൻ അവിടെ നിന്നും പോന്നു. എങ്കിലും ഒരുപാട് മികച്ച സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ പറ്റി. ഭരതൻ, പത്മരാജൻ, ഐവി ശശി, ഹരിഹരൻ, സത്യൻ അന്തിക്കാട് അങ്ങനെ നിരവധി പേർ. മൂന്നര പതിറ്റാണ്ട് നല്ല തിരക്കുകളുടെ കാലമായിരുന്നു. ഒരു ദിവസം മൂന്നു പടത്തിൽ വരെ അഭിനയിച്ചിട്ടുണ്ട്.

 

ഹൃദയ ശസ്ത്രക്രിയ എന്ന വ്യാജവാർത്ത

 

തുറുപ്പുഗുലാനു ശേഷമാണ് അഭിനയത്തിൽ ഇടവേള വന്നത്. എനിക്ക് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണെന്ന് ആരോ വ്യാജവാർത്ത പ്രചരിപ്പിച്ചു. അതോടെ വിളിച്ച പടങ്ങൾ വരെ ക്യാൻസൽ ആകാൻ തുടങ്ങി. എന്നെ ആരും വിളിക്കുന്നുമില്ല. വിളിച്ച പടങ്ങളെല്ലാം ക്യാൻസൽ. ഇടയ്ക്കിടയ്ക്ക് ചിലർ വിളിച്ചു ചോദിക്കും, ചേച്ചി മരുന്നു കഴിച്ചോ? എങ്ങനെയുണ്ട് ഇപ്പോൾ? ചിലർ ഫ്രൂട്ട്സ് കൊണ്ടു തരും. ഇങ്ങനെയൊക്കെ എന്തിനാ ചെയ്യുന്നതെന്ന് ഞാൻ പലരോടും ചോദിച്ചു. ആർക്കും അറിയില്ല. അവസാനം ഈ വ്യാജവാർത്ത പറഞ്ഞു പരത്തിയ ആളെ ഞാൻ കണ്ടെത്തി. അപ്പോൾ തന്നെ ഞാൻ ചാനലുകാരെയെല്ലാവരെയും വിളിച്ചു. അവരോട് സംഭവങ്ങളെല്ലാം പറഞ്ഞു. 

 

പിന്നെയും മൂന്നു നാലു മാസം കൂടി ഇരുന്നതിനു ശേഷമാണ് എനിക്ക് വർക്കുകളൊക്കെ കിട്ടിത്തുടങ്ങിയത്. സിനിമ ഇല്ലാതിരുന്ന സമയത്ത്, ഞാൻ ലേഡീസ് ടോപ്പുകൾ വാങ്ങി വിൽക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം റോഡിൽ വച്ച് ദിലീപ് എന്നെ കണ്ടു. അടുത്ത ദിവസം എന്നെ വിളിപ്പിച്ചു. 'ചേച്ചി ഇങ്ങനെ റോഡിൽക്കൂടി നടക്കരുത്. ചേച്ചിയുടെ വില ചേച്ചിക്ക് അറിയാത്തതു കൊണ്ടാണ്' എന്നു പറഞ്ഞു. ആ സമയത്താണ് ഞാൻ മോഹൻലാലിനെ സമീപിക്കുന്നതും എനിക്കൊരു വീട് വയ്ക്കുന്നതിന് എല്ലാവരും സഹായിക്കുന്നതും. ദിലീപും അന്ന് സഹായിച്ചു.  

 

13 വർഷം ഹോസ്റ്റലിൽ

 

ഓരോ സ്ഥലങ്ങളിലും ഷൂട്ടിന് പോകുമ്പോൾ അവിടെ അമ്മമാരോട് അവഗണനയോടെ പെരുമാറുന്ന മക്കളെ കണ്ടിട്ടുണ്ട്. മക്കൾ അമ്മമാരെ പുച്ഛിച്ച് തള്ളി മാറ്റി നിർത്തുന്നു. പലർക്കും അമ്മമാർ ഭാരമാണ്. ഇതൊക്കെ കണ്ടപ്പോൾ എനിക്കു പേടിയായി. കുറച്ചു നാൾ കഴിയുമ്പോള്‍ എന്റെ മക്കൾ എന്നോടും ഇങ്ങനെ കാണിച്ചാലോ എന്നൊരു പേടി തോന്നി. അടുത്ത ആഴ്ച തന്നെ എല്ലാം മക്കളുടെ പേരിലേക്ക് എല്ലാം മാറ്റി ഞാൻ ഹോസ്റ്റലിലേക്ക് മാറി താമസിച്ചു. അതു പക്ഷേ, മക്കൾക്ക് വലിയ വേദനയുണ്ടാക്കി. മക്കൾ കരയുന്നത് ഞാനപ്പോഴാണ് കണ്ടത്. പക്ഷേ, 13 വർഷം ഞാൻ അവിടെ കഴിഞ്ഞു. അതൊരു തെറ്റായ തീരുമാനമായിരുന്നു. ഒടുവിൽ ഞാൻ തന്നെ അതു തിരുത്തി. ഒരു വീട് ഉണ്ടാകണമെന്നു തോന്നി. അതിനായി മോഹൻലാലിനെ കാണാൻ വേണ്ടി ഞാൻ കുറേ നടന്നു. ഇടക്കൊച്ചിയിൽ ഒരു ഷൂട്ട് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് ഞാൻ ഒരു വിധത്തിൽ അവിടെയെത്തി. 

 

ഗേറ്റിനിടയിൽ കൂടി ലാലിനെ നോക്കി. 'അയ്യോ ശാന്തകുമാരി ചേച്ചിയല്ലേ അവിടെ നിൽക്കുന്ന'തെന്ന് പറഞ്ഞ് ലാൽ എന്നെ അടുത്തേക്ക് വിളിപ്പിച്ചു. ഞാൻ കരയുകയായിരുന്നു ആ സമയത്ത്. ഞാൻ കാര്യങ്ങൾ പറഞ്ഞു. 'സ്ഥലമുണ്ടോ ചേച്ചിക്ക്' ലാൽ ചോദിച്ചു. ഇളയവൾക്കു എഴുതി കൊടുത്ത സ്ഥലം അവൾ എനിക്ക് തിരിച്ചെഴുതി തന്നിരുന്നു. ആ സ്ഥലത്ത് വീട് വയ്ക്കാൻ സഹായിക്കാൻ ലാൽ തന്നെ എല്ലാവരെയും വിളിച്ചു പറഞ്ഞു. ആദ്യം എനിക്ക് ൈപസ തന്നത് വിനീതാണ് ഇരുപത്തിയയ്യായിരം രൂപ. ചേച്ചിക്ക് ഇനിയും പൈസ വേണമെങ്കിൽ പറയണം എന്നു പറഞ്ഞു. ദിലീപ് 5 ലക്ഷം രൂപ തന്നു. സുരേഷ് ഗോപി 1 ലക്ഷം തന്നു. ശ്രീനിവാസൻ 50,000. അങ്ങനെ ആയിരവും അഞ്ഞൂറും തന്നവർ വരെയുണ്ട്. അങ്ങനെയാണ് എനിക്ക് വീടായത്. വീടിന്റെ പേര് അമ്മവീട്! 

 

അഭിനയം തന്നെയാണ് സ്വപ്നം

 

ജോലി ചെയ്തു ജീവിക്കണം എന്നാണ് ആഗ്രഹം.  അങ്ങനെ ജോലി ചെയ്യുമ്പോൾ, പത്തു പേരുമായി ഇടപെടുമ്പോൾ, സങ്കടങ്ങൾ ഒന്നും നമ്മുടെ മനസ്സിൽ നിൽക്കില്ല. നമ്മുടെ വേദനകളും വിഷമതകളും ഒക്കെ മറക്കാൻ പറ്റും. പിന്നെ കുട്ടികളെ സഹായിക്കാനും! മുത്തശ്ശി എന്ന നിലയിൽ കുട്ടികൾക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കാനുള്ള കാശെങ്കിലും നമ്മുടെ കയ്യിൽ വേണ്ടേ. അങ്ങനെയുള്ള ചിന്ത വരുമ്പോൾ വിഷമം കൂടും. അങ്ങനെ വർക്ക് കിട്ടണേ എന്ന് പ്രാർഥിക്കും. ഞാൻ അഭിനയിച്ച പടങ്ങളെല്ലാം നല്ലപോലെ ഓടണം എന്ന് ചോറ്റാനിക്കര അമ്മയോട് പ്രാർഥിക്കും. ആരോഗ്യമുള്ള കാലത്തോളം അഭിനയിക്കണം എന്നാണ് ആഗ്രഹം. കോമഡി ചെയ്യണം എന്നൊരു ആഗ്രഹമുണ്ട്. നടക്കുമോ എന്നറിയില്ല. എങ്കിലും ആഗ്രഹിക്കാമല്ലോ!

 

English Summary: Veteran actress Santhakumari, who has worked in over 250 films, revealed that no one offers her roles anymore as there are rumours spreading about her health.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com