ADVERTISEMENT

ഒ. ബേബിയെന്ന ചിത്രത്തിലൂടെ മലയാളത്തിനു പുതിയൊരു അഭിനയ പ്രതിഭയെ സമ്മാനിക്കുകയാണ് സംവിധായകൻ രഞ്ജൻ പ്രമോദ്. കളരിയിൽ പയറ്റി തെളിഞ്ഞ കുറുപ്പന്തറക്കാരൻ ദേവദത്ത് സിനിമയിലെ ആദ്യത്തെ അങ്കത്തിലും ചുവടുകൾ പിഴയ്ക്കാതെ അരങ്ങു തകർക്കുകയാണ്. ദിലീഷ് പോത്തൻ അവതരിപ്പിച്ച ടൈറ്റിൽ കഥാപാത്രം ബേബിയുടെ മകൻ ബേസിലായിട്ടാണ് ചിത്രത്തിൽ ദേവദത്ത് വേഷമിടുന്നത്. അവിചാരിതമായി സിനിമയിലേക്കെത്തിയ ദേവദത്തിന്റെ വിശേഷങ്ങൾ കേൾക്കാം.

വാസുദേവ ഗുരുക്കളുടെ കളരിയിൽനിന്ന് അഭിനയക്കളരിയിലേക്ക്…

അച്ഛന്റെ നിർബന്ധപ്രകാരമാണ് കളരിയിൽ ചേരുന്നത്. ആദ്യമൊക്കെ നിർത്തി പോരണമെന്നു തോന്നിയിട്ടുണ്ട്. പിന്നീട് എപ്പോഴോ കളരി ജീവിതത്തിന്റെ ഭാഗമായി. ഒരു പാഷനായി മാറി. അഞ്ചാം ക്ലാസ് മുതൽ കളരി അഭ്യസിക്കുന്നുണ്ട്. ഇ.പി.വാസുദേവ ഗുരുക്കൾക്കു ദക്ഷിണ നൽകിയാണ് കളരിയിൽ തുടക്കം. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ മകൻ ഷാജി വാസുദേവ ഗുരുക്കളുടെ കീഴിലാണ് ഇപ്പോൾ കളരി അഭ്യസിക്കുന്നത്. കളരിയും സ്പോർട്സുമൊക്കെയായി മുന്നോട്ട് പോയിരുന്ന എന്റെ വിദൂര സ്വപ്നത്തിൽ പോലും സിനിമ ഉണ്ടായിരുന്നില്ല. മൂലമറ്റം സെന്റ്. ജോസഫ് കോളജിൽ ഫിസിക്കൽ എജ്യുക്കേഷൻ ബിരുദ വിദ്യാർഥിയായിരുന്നു ഞാൻ.

ranjan-devadath

അപ്രതീക്ഷിതമായിട്ടാണ് സിനിമയിലേക്കുള്ള അവസരം തേടിയെത്തുന്നത്.

സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായ കൃഷ്ണമണി ഇൻസ്റ്റഗ്രാമിലൂടെ മെസേജ് അയ്ക്കുകയായിരുന്നു. കളരിയിൽ എന്റെ സീനിയറായ ഒരു ചേട്ടനാണ് എന്റെ ഇൻസ്റ്റഗ്രാം ഐഡി കൃഷ്ണമണിക്കു പരിചയപ്പെടുത്തുന്നത്. സിനിമയിലൊരു കഥാപാത്രത്തിനു ദേവദത്തിന്റെ രൂപവും ഭാവവുമൊക്കെ കൃത്യമായി ഇണങ്ങുമെന്നു പറഞ്ഞു. ഫ്രീയാണെങ്കിൽ അണക്കരയിലുള്ള സ്വകാര്യ റിസോർട്ടിലേക്കു വരാൻ പറഞ്ഞു. കോവിഡ് കാലമായിരുന്നു അത്. എനിക്ക് ക്ലാസൊന്നും ഇല്ലാതിരുന്ന സമയം. അങ്ങനെ പോയി സംവിധായകൻ രഞ്ജൻ പ്രമോദിനെ കണ്ടു. എനിക്ക് അഭിനയിക്കാനൊന്നും അറിയില്ലായിരുന്നു. അദ്ദേഹം ഫോണിൽ എന്റെ ഫോട്ടോയും വിഡിയോയുമൊക്കെ എടുത്തു. കുറച്ചു ദിവസം കഴിഞ്ഞ്, സിനിമയിൽ സിലക്റ്റായി എന്ന് അറിയിക്കുകയായിരുന്നു.

shinu-devadath

ഷൂട്ടിങ്ങിനു മുമ്പുള്ള ചങ്ങാത്തം അഭിനയത്തെ ഏറെ സഹായിച്ചിട്ടുണ്ട്

രഞ്ജൻ പ്രമോദിന്റെ സംവിധാന രീതികൾ വ്യത്യസ്തമാണ്. അദ്ദേഹം ഫുൾ സ്ക്രിപ്റ്റോ ഡയലോഗുകളോ തന്നിട്ടേയില്ല. സിനിമയുടെ രാഷ്ട്രീയം പറയുന്ന ഒന്നു രണ്ടു സംഭാഷണങ്ങൾ മാത്രമാണ് അദ്ദേഹം എന്നോട് കാണാതെ പഠിച്ചു പറയാൻ ആവശ്യപ്പെട്ടത്. ബാക്കിയൊക്കെ ലൈവായിട്ട് സീനെടുക്കുന്ന സമയത്താണ് പറഞ്ഞു തന്നിരുന്നത്.

devadath-haniya

എനിക്ക് ഏറ്റവും കൂടുതൽ കോംബിനേഷൻ സീനുകൾ വരുന്നത് ഹാനിയയുടെ മിനിയെന്ന കഥാപാത്രവുമായിട്ടും അതുല്യയുടെ മെറിനെന്ന കഥാപാത്രവുമായിട്ടുമാണ്. സ്ക്രീനിൽ ഞങ്ങളുടെ കെമിസ്ട്രി വർക്ക് ഔട്ടായിട്ടുണ്ടെങ്കിൽ അതിനൊരു കാരണമുണ്ട്. സംവിധായകൻ രഞ്ജൻ പ്രമോദ് ഷൂട്ടിങ്ങിനു പത്ത് ദിവസം മുമ്പ് ഞങ്ങളെ ഒരുമിച്ചൊരു റിസോർട്ടിൽ താമസിപ്പിച്ചു. എനിക്കും ഹാനിയയ്ക്കും അതുല്യയ്ക്കും പുറമേ അമ്മയായി അഭിനയിച്ച ഡോ. ഷിനുവും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ചു പാചകം ചെയ്യും, കളിക്കും, കറങ്ങാൻ പോകും. രാത്രിയിൽ ക്യാംപ്ഫയറുണ്ടാകും. അങ്ങനെ സിനിമയിൽ കാണുന്നതു പോലെ തന്നെയൊരു സൗഹൃദം ഞങ്ങൾക്കിടയിലുണ്ടായി. അഭിനയത്തിൽ തുടക്കക്കാരനായ എനിക്ക് അത് ഏറെ ഗുണം ചെയ്തിട്ടുണ്ട്. കോംബിനേഷൻ സീനുകളിലും അത് ഏറെ സഹായിച്ചിട്ടുണ്ട്. ഹാനിയൊക്കെ എന്റെ ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയെപ്പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.

dileesh-devadath

അച്ഛനെപ്പോലെ ചേർത്തുപിടിച്ച് ദിലീഷേട്ടൻ

ദിലീഷ് പോത്തനും ഞാനും ഒരേ നാട്ടുകാരാണ്. എനിക്ക് അദ്ദേഹത്തിന്റെ വീടൊക്കെ അറിയാം. ആദ്യമായി നേരിട്ടു കാണുന്നത് സെറ്റിലാണെന്ന് മാത്രം. സെറ്റിലാരോ അദ്ദേഹത്തിന്റെ നാട്ടുകാരാനാണ് ഞാനെന്നു പറഞ്ഞു. പരിചയപ്പെട്ടപ്പോൾ, ഞാൻ പഠിച്ച സ്കൂളിലാണ് അദ്ദേഹവും പഠിച്ചതെന്ന് മനസ്സിലായി. സിനിമയിലേതു പോലെ തന്നെ അച്ഛനോടുള്ള ഒരു ഫീലായിരുന്നു അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോൾ. അദ്ദേഹം നമ്മളെ കംഫർട്ടബിളാക്കാൻ ശ്രമിക്കും എപ്പോഴും. നമ്മളെ ചേർത്തുപിടിച്ചു സംസാരിക്കും. ഞങ്ങളുടെ കഥാപാത്രങ്ങൾക്കിടയിൽ സ്വാഭാവികമായൊരു ബോണ്ടിങ് ഉണ്ടാകാൻ അത് ഏറെ സഹായിച്ചിട്ടുണ്ട്. എന്റെ അമ്മയായി അഭിനയിച്ച ഡോ. ഷിനു ശ്യാമളനാണെങ്കിലും എന്നെയൊരു മകനെപ്പോലെയാണ് കണ്ടിരുന്നത്.

devadath-o-baby

സംഘട്ടന രംഗങ്ങൾ ചെയ്യുമ്പോൾ കാലുതെറ്റി വീഴുമോയെന്നു പേടിയുണ്ടായിരുന്നു

ആനവിലാസം എസ്റ്റേറ്റിലായിരുന്നു ഷൂട്ടിങ്. സംഘട്ടന രംഗങ്ങളിലൊക്കെ കളരിയിലെ അനുഭവ പരിചയം സഹായിച്ചിട്ടുണ്ട്. ആക്‌ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്യുന്ന സമയത്ത് കാലുതെറ്റി വീഴുമോ എന്നൊക്കെ നല്ല പേടിയുണ്ടായിരുന്നു. ഷൂട്ടിങഅങിന്റെ അവസാന ദിവസം ദിലീഷ് പോത്തന്റെ ഒരു സംഘട്ടന രംഗം ഉണ്ടായിരുന്നു. ആ രംഗം ഷൂട്ട് ചെയ്തു കഴിഞ്ഞ് എന്നെ തോളത്തേറ്റി ഓടുന്ന രംഗമാണ് ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഞാൻ മേക്കപ്പൊക്കെയിട്ട് റെഡിയായി ഇരിക്കുകയാണ്. സംഘട്ടന രംഗത്തിന്റെ ഇടയ്ക്ക് അദ്ദേഹത്തിന്റെ കാലിനു പരുക്കു പറ്റി. ഷൂട്ടിങ്ങിന്റെ അവസാന ദിവസമാണ്. ആദ്യം ഡ്യൂപ്പിനെ വച്ച് എന്നെ എടുത്തുകൊണ്ട് ഓടുന്ന സീൻ ഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ചു. പിന്നീട് അങ്ങനെ ചെയ്താൽ ആ രംഗത്തിനു ഒരു പൂർണത ലഭിക്കില്ല എന്ന് സംവിധായകനു തോന്നി. അത് വളരെ തീവ്രമായ വൈകാരിക രംഗമായിരുന്നു. അങ്ങനെ ഷെഡ്യൂൾ ബ്രേക്ക് ചെയ്തു. രണ്ടു മാസം കഴിഞ്ഞാണ് ആ രംഗം ഷൂട്ട് ചെയ്തത്.

devadath-3

സിനിമയിൽ അഭിനയിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഒരു രസത്തിനു ഫോണിൽ വിഡിയോസൊക്കെ എടുത്ത് യൂട്യൂബിലൊക്കെ ഇടുമായിരുന്നു. അഭിനയം അങ്ങനെ ഗൗരവമായിട്ടൊന്നും എടുത്തിട്ടില്ലായിരുന്നു. മികച്ച പ്രതികരണമാണ് സിനിമയ്ക്കും എന്റെ കഥാപാത്രത്തിനും ലഭിക്കുന്നത്. കോവിഡ് കാലത്തായിരുന്നു ഷൂട്ടിങ്. നീണ്ട കാത്തിരിപ്പിനു ശേഷമാണ് സിനിമ തിയറ്ററിൽ എത്തിയിരിക്കുന്നത്. കളരിയിലും നാട്ടിലുള്ളവരും സിനിമ കണ്ടു മികച്ച അഭിപ്രായമാണ് പറഞ്ഞത്. ഇപ്പോൾ അഭിനയിക്കാനുള്ള ആത്മവിശ്വാസമൊക്കെയായി. നല്ല കഥാപാത്രങ്ങൾ തേടി വന്നാൽ അഭിനയം തുടരണമെന്നു തന്നെയാണ് ആഗ്രഹം.

 

English Summary: Chat with actor Devadath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com