ADVERTISEMENT

വൻ വിജയമായ ‘2018’ സിനിമ ചിത്രീകരിക്കുന്നത് എങ്ങനെയെന്ന ആശങ്ക കാരണം ഇരുപതോളം ക്യാമറാമാന്മാർ പല കാരണങ്ങൾ പറഞ്ഞു രക്ഷപ്പെട്ടുവെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. 4 വർഷം ചെലവഴിച്ച സിനിമ 12 വട്ടം മാറ്റിയെഴുതി. നിർമാതാവിനു നഷ്ടം ഉണ്ടാകാതിരിക്കാനാണ് ആദ്യമേ ഒടിടി കരാർ ഒപ്പിട്ടത്. മലയാള സിനിമയിലെ ഗ്യാങ്ങുകളെക്കുറിച്ചും സിനിമയിലെ മാറ്റങ്ങളെക്കുറിച്ചുമെല്ലാം മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ പത്രാധിപസമിതി അംഗങ്ങളുമായുള്ള ‘വാർത്തമാന’്ത്തിൽ ജൂഡ് തുറന്നു പറ‍യുന്നു...

∙ 175 കോടി ക്ലബ് പ്രതീക്ഷിച്ചതല്ല

‘2018’ സിനിമ 175 കോടി ക്ലബ്ബിലേക്ക് എത്തുന്ന ആദ്യത്തെയോ അവസാനത്തെയോ സിനിമയെന്നതല്ല, ഇതു തന്നെ വലിയ ഭാഗ്യം. സിനിമ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ നടക്കുമ്പോഴെല്ലാം വിമർശന ബുദ്ധിയോടെയാണ് സിനിമ കണ്ടത്. കുറ്റങ്ങൾ കണ്ടെത്തി ഒഴിവാക്കാനായിരുന്നു ലക്ഷ്യം. മേയ് ഒന്നിന് ഔട്ട് കൊടുക്കുന്നതിന്റെ തലേന്നാണ് പ്രേക്ഷകനെ പോലെ തുറന്ന മനസ്സോടെ സിനിമ കണ്ടത്. അതു തീർന്നതും നിർമാതാവ് ആന്റോ ജോസഫിനെ ഫോണിൽ വിളിച്ചു. ‘ചേട്ടാ, അത്യുഗ്രൻ സിനിമയാണ്, ഒന്നും പേടിക്കേണ്ട’ എന്ന് ഞാൻ പറഞ്ഞു.

∙ പേടിച്ചോടിയവരുണ്ട്, ഒപ്പം നിന്നവരും

2018 ലെ വെള്ളപ്പൊക്കം കഴിഞ്ഞ്, ഒക്ടോബറിലാണ് ഞാൻ നിർമാതാവ് ആന്റോ ജോസഫിനോട് ഈ കഥ സിനിമയാക്കണമെന്നു പറഞ്ഞത്. പ്രമുഖരെ പലരെയും വിളിച്ച് അവരുടെ പേര് വച്ച് സിനിമ അനൗൺസ് ചെയ്തു. പിന്നീടാണ് യഥാർഥ ടീമിനെ കണ്ടെത്തുന്നത്. ഇരുപതോളം ക്യാമറമാൻമാരുമായി സംസാരിച്ചു. നിർമാണരീതി കേട്ട് പലരും പിന്മാറി. ലൊക്കേഷൻ കാണാൻ വന്നിട്ട്, കൈക്ക് സർജറി വേണമെന്നും ക്യാമറ പിടിക്കാൻ കഴിയില്ലെന്നും പറഞ്ഞു പിന്മാറിയ ആളുമുണ്ട്. ഒടുവിലാണ് പേടിയില്ലാതെ അഖിൽ ജോർജ് കൂടെ നിന്നത്. 12 കോടി ബജറ്റിൽ ആലോചന തുടങ്ങിയ സിനിമ പിന്നീട് 25 കോടിയോളമായി. യഥാർഥ ബജറ്റ് എത്രയെന്ന് നിർമാതാവിനെ അറിയൂ.

∙ മലയാളികളുടെ കഥ

ഷൂട്ട് തുടങ്ങുന്നതിനു 2 മാസം മുൻപ് ആന്റോ ജോസഫ് പറഞ്ഞത് ഇത് എല്ലാവർക്കും അറിയാവുന്ന കഥയാണ്. റിസ്ക് ആണ് എന്നാണ്. തീരുമാനിച്ച 5 നായകന്മാരെ വച്ച് 5 വ്യത്യസ്ത സിനിമകൾ ചെയ്യാനുള്ള പണം ഞാനിറക്കാം. ഇത് പരാജയപ്പെട്ടാൽ നിന്റെ ജീവിതം അവസാനിക്കുമെന്നാണ്. എന്റെ ജീവിതം വച്ച് വലിയൊരു ചൂതാട്ടം നടത്തുമ്പോൾ ഞാൻ അതിനു വേണ്ടി പണിയെടുക്കുമല്ലോ ചേട്ടാ എന്നു ഞാനും പറ‍ഞ്ഞു. ഏതു മലയാളിക്കും കഥയുമായി ബന്ധിപ്പിക്കാനാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

∙ കാണിച്ചത് നല്ല മുഖ്യമന്ത്രിയെ

കേരളത്തിലെ വലിയ ദുരന്തത്തെ എല്ലാവരും ഒറ്റക്കെട്ടായി നേരിട്ട കഥയാണ്. ഇതൊരു ഡോക്യുമെന്ററി അല്ല. വെള്ളപ്പൊക്കം വരുമ്പോൾ ‘നമുക്ക് എന്തു ചെയ്യാൻ കഴിയും?’ എന്നല്ലാതെ വെള്ളം വരുമ്പോൾ തന്നെ ‘വരൂ, കമോൺ’ എന്നു പറഞ്ഞ് ഇറങ്ങുകയല്ലല്ലോ മുഖ്യമന്ത്രി ചെയ്യുക.‘നമ്മളിപ്പോൾ വലിയ പ്രശ്നത്തിലാണ്, മാധ്യമങ്ങൾ ഇതറിഞ്ഞാൽ ജനങ്ങൾ വലിയ പരിഭ്രാന്തിയിലാകും. എന്തു സംഭവിച്ചാലും എന്നെ അപ്പപ്പോൾ അറിയിച്ചുകൊണ്ടിരിക്കണം’ എന്നു ജനങ്ങളെക്കുറിച്ച് ആകുലപ്പെടുന്ന മുഖ്യമന്ത്രിയാണ് സിനിമയിൽ. ഇതൊന്നും കാണാതെ ചിലർ വിമർശിക്കുന്നു.

∙ നിങ്ങൾ അണ്ടർ എസ്റ്റിമേറ്റ് ചെയ്ത ആളാണ് ജൂഡ്

സിനിമയിൽ അരാഷ്ട്രീയതയാണെന്നു പറയുന്നവരോട് ഒരു മറുപടിയേയുള്ളൂ– ജൂഡ് ആന്തണി ജോസഫ് ഇതിനു മുൻപു ചെയ്ത സിനിമകൾ സാറാസ്, മുത്തശി ഗദ, ഓം ശാന്തി ഓശാന തുടങ്ങിയ ചെറിയ പടങ്ങളാണ്. 2018 പോലെ ഒരു സിനിമ ചെയ്യുമെന്നു പ്രതീക്ഷിക്കാത്ത അയാൾ ഈ സിനിമ െചയ്തല്ലോ. അയാൾ നിങ്ങളെല്ലാവരും അണ്ടർ എസ്റ്റിമേറ്റ് ചെയ്ത ആൾ തന്നെയാണ്.

ന്യൂട്രൽ എന്നതിന്റെ അർഥം അരാഷ്ട്രീയം എന്നല്ല. സമൂഹത്തിൽ മോശമായി ആര് എന്തു ചെയ്താലും അതു പറയാനുള്ള ഒരു അവകാശം വേണം. നമ്മൾ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ആളായിപ്പോയാൽ ചിലപ്പോൾ അതു പറയാനുള്ള സ്വാതന്ത്ര്യമുണ്ടാകില്ല. അതിനെ അരാഷ്ട്രീയമാണെന്നു പറയാനാകില്ല.

∙ സിനിമയിലെ സ്ത്രീ പക്ഷം ബോധപൂർവമല്ല

പ്രേക്ഷകനെന്ന നിലയിൽ എനിക്ക് ഇഷ്ട്ട കഥ മാത്രമേ സിനിമയാക്കിയിട്ടുള്ളൂ. പക്ഷേ, കച്ചവട സാധ്യത പരിഗണിക്കുമ്പോൾ പണി പാളിയെന്നു മനസ്സിലാകും. ‘ഓം ശാന്തി ഓശാന’ കച്ചവടമാകുന്നില്ലെന്ന് നിർമാതാവ് പറഞ്ഞപ്പോഴാണ് വിനീത് ശ്രീനിവാസനെ അതിഥി വേഷത്തിൽ എത്തിച്ചത്. ആ കഥാപാത്രത്തെ ചേർക്കുകയായിരുന്നു. അത് ഹിറ്റായപ്പോഴാണ് ‘ഒരു മുത്തശ്ശി ഗദ’ ചെയ്യാനായത്. അതിൽ എനിക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. 2 മുത്തശ്ശിമാരെ കേന്ദ്രകഥാപാത്രമാക്കി എനിക്ക് അപ്പോഴേ മലയാളത്തിൽ സിനിമ ചെയ്യാൻ പറ്റുമായിരുന്നുള്ളൂ. എന്നിട്ടും നിർമാതാവിനെ ഓർത്ത് ‍ഞാൻ വിനീതിനെ കണ്ടു. അതിഥി വേഷം ചെയ്യാൻ. സാറാസ് ഒടിടി റിലീസിനു വേണ്ടി തന്നെ ചെയ്ത സിനിമയാണ്. അവർക്കു നല്ല ഉള്ളടക്കമാണു വേണ്ടത്. സ്ത്രീപക്ഷ സിനിമ ചെയ്തു കളയാം എന്നു കരുതി ഒരു സിനിമയും എടുത്തിട്ടില്ല. ഞാൻ സ്ത്രീ, പുരുഷൻ എന്ന വേർതിരിവോടെ ആരെയും കാണാറില്ല.

∙ ആളുള്ളപ്പോൾ തിയറ്റർ അടച്ചതെന്തിന്?

റിലീസിനു മുൻപ് രണ്ടു മുൻനിര ഒടിടി പ്ലാറ്റ്ഫോമുകൾ വേണ്ടെന്നു പറഞ്ഞ സിനിമയാണ് ‘2018’. സോണി ലിവ് ഏറ്റെടുത്തു. നിർമാതാവിനെ സുരക്ഷിതനാക്കാൻ വേണ്ടിയാണ് ആദ്യമേ കരാർ ചെയ്തത്. മുത്തശ്ശി ഗദ വലിയ കുഴപ്പമില്ലാതെ തിയറ്ററിൽ ഓടുന്ന സമയത്ത് പുലിമുരുകൻ റിലീസ് ചെയ്തു. അന്ന് വലിയ സിനിമ വന്നത് കൊണ്ട് എന്റെ സിനിമ തിയറ്ററിൽ നിന്ന് മാറ്റി. ഇപ്പോൾ, 2018 കാണാൻ ആളുകൾ തിയറ്ററിലേക്ക് എത്തുന്ന സമയത്ത് തിയറ്റർ അടച്ചിട്ടു. 2018 ഒടിടിയിൽ വന്ന ശേഷവും മൾട്ടിപ്ലക്സിൽ മുൻ നിര സീറ്റുകൾ ഒഴികെ എല്ലാം നിറഞ്ഞാണ് പ്രദർശനം

∙ പട്ടിണിയായാൽ സിനിമയെടുക്കും

‘2018’ റിലീസ് ചെയ്തിട്ട് ഒരു മാസത്തിലധികമായി. അടുത്ത സിനിമയെക്കുറിച്ച് ഇപ്പോഴും തീരുമാനിച്ചിട്ടില്ല. ഒരു സിനിമ കഴിഞ്ഞ് അടുത്തതിലേക്കു കയറാൻ കുറച്ചു കാലമെടുക്കും. പട്ടിണിയില്ലാതെ പോകുന്നതിനാലാണ് സിനിമകൾ വൈകുന്നത്. പട്ടിണിയായാൽ അപ്പോൾ സിനിമ ചെയ്യും. 2018 ചെയ്യുന്നതിനു മുൻപ് നാൽപതിലധികം സിനിമകൾ കണ്ടു. വലിയ വൈകാരികമായി അവസാനിക്കുന്ന സിനിമകൾ ആളുകളെ പിടിച്ചിരുത്തുമെന്ന, മെത്തേഡ് ആണ് 2018 ൽ ഉപയോഗിച്ചത്. എന്നു കരുതി കോപ്പിയാണ് ഈ സിനിമയെന്നല്ല. നിർമാണരീതിയാണ് ശ്രദ്ധിച്ചത്.

∙ സത്യസന്ധതയുള്ളവർക്കും നിലനിൽക്കാം

സത്യസന്ധതയുള്ളവർക്കു സിനിമയിൽ നിൽക്കാൻ കഴിയുമെന്നു തെളിയിക്കാനാണ് എന്റെ ശ്രമം. സോഷ്യൽ മീഡിയ ചീത്തവിളി മാത്രമേ എനിക്കു പ്രശ്നമ‍ുള്ളൂ. അല്ലാതെ ആരും ശാരീരികമായി കയ്യേറ്റം ചെയ്തിട്ടില്ല. സോഷ്യൽ മീഡിയയിലെ വിവാദമൊക്കെ കുമിളകളാണ്. ‘നീ ആരെടാ?’ എന്നു ചോദിക്കുമ്പോൾ ‘ഞാൻ ആരുമല്ല’ എന്നു പറഞ്ഞാൽ കഴിഞ്ഞില്ലേ. നടൻ ആന്റണി വർഗീസ് (പെപ്പെ) 10 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ ശേഷം സിനിമയിൽ നിന്നു പിന്മാറിയ സംഭവം അഭിമുഖത്തിൽ പറഞ്ഞത് അബദ്ധത്തിലല്ല. വക്കീൽ നോട്ടിസ് അയച്ചിട്ടാണ് അന്നു പെപ്പെ കാശ് തിരിച്ചു തന്നത്. പെപ്പെയുടെ സഹോദരിയെക്കുറിച്ചുള്ള പരാമർശം തെറ്റായിപ്പോയെന്ന് എനിക്കു മനസ്സിലായപ്പോൾ തന്നെ ഞാൻ മാപ്പു പറഞ്ഞു.

∙ വിശ്വാസത്തിന്റെ പേരിൽ പേരു മാറ്റം

സിജോ ജോസഫ് എന്നായിരുന്നു എന്റെ പേര്. വ്യക്തിപരമായ ഒരു കാര്യത്തിന് അങ്കമാലിയിലെ സെന്റ് ജൂഡ് പള്ളിയിൽ പ്രാർഥിച്ചതു കൊണ്ട് ഫലം കണ്ടു. ഫലം കണ്ടാൽ സെന്റ് ജൂഡിന്റെ പേര് ലോകം മുഴുവൻ പ്രചരിപ്പിക്കാം എന്നു പറഞ്ഞിരുന്നു. അതിന് എളുപ്പവഴി എന്റെ പേരു മാറ്റുന്നതാണല്ലോ. അതുകൊണ്ട് പേരു മാറ്റി. വെറൈറ്റി പേരായിക്കോട്ടെ എന്നു കരുതിയാണ് ആന്റണി എന്നത് ആന്തണിയാക്കിയത്. ഞാൻ പേരു മാറ്റിയത് സുഹൃത്തുക്കളിൽ പലരും വൈകിയാണ് അറിഞ്ഞത്. ഓം ശാന്തി ഓശാന കഴിഞ്ഞ സമയത്ത്, പത്രത്തിലെ ഇന്റർവ്യൂ കണ്ട് എന്റെ മുഖഛായ ഉണ്ടെന്നു പറഞ്ഞ സുഹൃത്തുണ്ട്.

∙ പരീക്ഷണമല്ല, ഗതികേടുകൊണ്ട്

ഞാൻ മമ്മൂക്കയുടെ ആത്മകഥ എഴുതുന്ന കാലത്താണ് ഒരു സുഹൃത്ത് വഴി മിഥുൻ മാനുവൽ തോമസ് വിളിച്ചത്. ആലുവ പാലസിൽ വച്ച് ഞങ്ങൾ 6 കഥകൾ ഞങ്ങൾ ചർച്ച ചെയ്തു. ഒന്നും ഇഷ്ടമായില്ല. പിന്നീട് ബാറുകളിൽ ഉൾപ്പെടെയിരുന്നു കഥ പറഞ്ഞിട്ടുണ്ട്. അങ്ങനെ മിഥുന്റെ കഥ സാന്ദ്ര തോമസ് നിർമിക്കാമെന്ന് സമ്മതിച്ചു. അതിന്റെ സന്തോഷത്തിന് അവൻ എന്നെ ചെലവ് ചെയ്യാൻ വിളിച്ചു. കലൂരിലെ ഒരു ബാറിൽ. അതിനിടയിൽ മിഥുൻ കഥ പറ‍ഞ്ഞു. ഇത് ചെയ്യാൻ സംവിധായകനെ കിട്ടിയില്ലെന്നും നിങ്ങൾക്ക് ചെയ്യാമോ എന്നും ചോദിച്ചു. ലഹരിപ്പിടുത്തത്തിൽ ഞാനത് സമ്മതിച്ചു. അപ്പോൾ തന്നെ നിവിനെ വിളിച്ചു. നിവിൻ താൽപര്യമില്ലെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചെന്നു ഞാൻ മിഥുനോട് പറഞ്ഞു. പിറ്റേന്ന് സാന്ദ്ര എന്നെ കാണണമെന്നു പറഞ്ഞതായി പറഞ്ഞു. നേരിട്ട് കണ്ട് പിന്മാറുന്നു എന്നു പറയാമെന്നു കരുതിയെങ്കിലും സാന്ദ്രയെ കണ്ടപ്പോൾ 15000 രൂപ അഡ്വാൻസ് നൽകി. പിന്നെ ഞാൻ വേണ്ടെന്നു വച്ചില്ല. നിവിനെ കണ്ട് സിനിമയുടെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തു. അതാണ് ‘ഓം ശാന്തി ഓശാന’. വനിതയിൽ വന്ന ഒരു ലേഖനത്തിൽ നിന്നാണ് അഖിൽ പി.ധർമജനെക്കുറിച്ച് അറിഞ്ഞത്. 2018 എഴുതാൻ വന്ന എഴുത്തുകാരൻ ഒഴിവായപ്പോഴാണ് അഖിലിനെ കൂട്ടുപിടിക്കുന്നത്. തെളിഞ്ഞ എഴുത്തുകാർ തിരക്കഥ തരാത്തതുകൊണ്ടാണ് ഞാൻ പുതിയ എഴുത്തുകാരെ ആശ്രയിക്കേണ്ടി വന്നത്. ജി.ആർ.ഇന്ദുഗോപൻ മാത്രമാണ് എനിക്ക് കഥയും പൂർണമായ തിരക്കഥയും എഴുതി തന്നിട്ടുള്ളത്.

∙ അവരുടെ കൂടെ ചേരാൻ താൽപര്യം, പക്ഷേ, അടുപ്പിക്കുന്നില്ല

2018 സിനിമ കണ്ട് സംവിധായകൻ ഫാസിൽ വിളിച്ചു. ‘ഞാൻ ആ സിനിമ കണ്ടു. ഇതുവരെ ഇറങ്ങിയ മലയാള സിനിമകളിൽ ഏറ്റവും നല്ലത് നിങ്ങളുടേതാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഉടനെ ഞാൻ ചോദിച്ചു– ‘അപ്പോൾ മണിച്ചിത്രത്താഴോ?’ അദ്ദേഹം ചിരിച്ചു.

‘അവസാനം നായകന്റെ മരണം കാണിക്കാനുള്ള തീരുമാനം ആരുടേതായിരുന്നു?’ എന്നാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. എല്ലാ തീരുമാനവും എന്റേതായിരുന്നു എന്നു പറഞ്ഞപ്പോൾ അതു ഗംഭീര തീരുമാനമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

മുതിർന്ന സംവിധായകർ പലരും വിളിച്ചു. എന്റെ തലമുറയിലുള്ളവർ ഒരു നല്ല സിനിമ കണ്ടാൽ പരമാവധി ചെയ്യുക അയാളെ വിളിച്ച് ‘ഡാ സിനിമ കൊള്ളാം, കുഴപ്പമില്ല, കണ്ടിരിക്കാം’ എന്ന ഒരു വാചകമായിരിക്കും പറയുക. പക്ഷേ, മുതിർന്ന കലാകാരന്മാർ വാതോരാതെ സംസാരിക്കും. അതൊരു സന്തോഷമാണ്. ആഷിക് അബുവും ദിലീഷ് പോത്തനും എങ്ങനെയാണ് സിനിമ ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ എനിക്ക് ആഗ്രഹമുണ്ട്. ശ്യാം പുഷ്കരൻ എഴുതുന്നത് എങ്ങനെയെന്ന് അറിയാൻ താൽപര്യമുണ്ട്. പക്ഷേ, അതൊന്നും നടന്നിട്ടില്ല. ‘2018’ എന്ന സിനിമ എനിക്കു പകരം ഒരു പ്രത്യേക ഗാങ്ങിൽപ്പെട്ട സംവിധായകനാണ് ചെയ്തിരുന്നതെങ്കിൽ പിആർ വർക്ക് കൊണ്ട് രാജ്യാന്തര തലത്തിൽ അവരെ എത്തിക്കുന്നതു കാണാമായിരുന്നു.

∙ മമ്മൂട്ടിക്കഥ

മമ്മൂട്ടിയുടെ ആത്മകഥ സിനിമയാക്കാൻ തുടക്കത്തിൽ അദ്ദേഹം സമ്മതിച്ചെങ്കിലും പിന്നീട് പിന്മാറി. ഫിക്‌ഷൻ സിനിമയായതു കൊണ്ടായിരിക്കും. മോഹൻലാലിനോട് മൂന്നു കഥകൾ പറഞ്ഞു. അതൊന്നും നടന്നില്ല. ഞാൻ വേറെ കഥയുണ്ടാക്കിയിട്ടുണ്ട്. സിനിമ നടക്കുന്നതു വരെ കഥ പറയും. 2018 റീമേക്ക് ചെയ്യാൻ ഞാൻ സമ്മതിക്കില്ല. ഡബ്ബ് ചെയ്ത് ഇറക്കിക്കോട്ടെ. പലരും മറ്റു ഭാഷകളിൽ നിന്നു സിനിമ ചെയ്യാൻ വിളിക്കുന്നുണ്ട്. ഞാൻ ആശയക്കുഴപ്പത്തിലാണ്. ഇപ്പോൾ കയ്യിലുള്ളത് വിട്ട് അങ്ങോട്ടു പോയാൽ കയ്യിലുള്ളതും അതും പോകുമോയെന്ന് ആശങ്കയുണ്ട്.

ഇനി തലയിൽ മുടി വച്ചാൽ വിവാദമാകും

സിനിമയിൽ ഒരു കഥാപാത്രം പറയുന്ന കാര്യങ്ങൾ അയാളുടെ സ്വഭാവമാണ്. അത് പൊളിറ്റിക്കൽ കറക്ടാവണമെന്നു പറയുന്നത് ശരിയാണോ? സോഷ്യൽ മീഡിയയിലെ ആളുകളെ പേടിച്ച് പല സീനുകളും എഴുതാൻ പോലും പേടിയാണ്. പക്ഷേ, ഞാൻ അതിനെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല.ഒരു പരിധിവരെ ബോഡി ഷെയ്മിങ്ങും വൃത്തികെട്ട സംഭാഷണങ്ങളുമെല്ലാം ഒഴിവാകുന്നത് നല്ലതാണ്.

‘ഇവന് തലയിൽ മുടിയില്ലെങ്കിലും ബുദ്ധിയുണ്ട്’ എന്ന് എന്നെക്കുറിച്ച് മമ്മൂക്ക നല്ല ഉദ്ദേശ്യത്തോടെ പറഞ്ഞതിനെ വ്യാഖ്യാനിച്ച് എന്തെല്ലാം പ്രശ്നമാണ് ആളുകൾ ഉണ്ടാക്കിയത്. അതുകാരണം മമ്മൂക്ക എന്തുമാത്രം വിഷമിച്ചിട്ടുണ്ടാകും. ഈ സിനിമ കഴിഞ്ഞ് തലയിൽ മുടിവച്ചു പിടിപ്പിക്കാമെന്നു കരുതിയിരിക്കുകയായിരുന്നു. ഇനി മുടിവച്ചാൽ ആളുകൾ പറയുന്നത് ‘മമ്മൂക്ക അങ്ങനെ പറഞ്ഞത് അയാൾക്ക് വലിയ വിഷമമായി. അതുകൊണ്ടല്ലേ അയാൾ മുടി പിടിപ്പിച്ചത്’ എന്നായിരിക്കും.

∙ മോട്ടിവേഷൻ വിഡിയോ പരിണമിച്ച ഹിറ്റ് സിനിമ

അത്താണിക്ക് അടുത്ത് ആണ് വീട്. അടുത്ത് പുഴയില്ലാത്തതിനാൽ വെള്ളം കയറില്ലെന്നാണ് 2018 പ്രളയത്തിന്റെ തുടക്കത്തിൽ ഞാൻ കരുതിയത്. അപ്പോൾ തിരുവനന്തപുരം ചിത്രഞ്ജലി സ്റ്റുഡിയോയിൽ ആയിരുന്നു. വീട്ടിലെത്തിയ ശേഷം സ്ഥിതി മാറി. അടുത്ത് താഴ്ന്ന പ്രദേശത്ത് താമസിക്കുന്ന ചേട്ടന്റെ വീട്ടിൽ വെള്ളം കയറി. രാത്രിയായപ്പോൾ എന്റെ വീടിനു പിന്നിലും. പുലർച്ചെ തന്നെ മാതാപിതാക്കളെ ഉടനെ ഹോട്ടലിലാക്കി. തിരിച്ചെത്തിയപ്പോഴേക്കും വീട്ടിൽ വെള്ളം കയറിത്തുടങ്ങി. ബൈക്കെല്ലാം എടുത്ത് വീട്ടിനകത്തേക്ക് വച്ചപ്പോഴേക്കും വെള്ളം ഉയർന്നു.പുറത്തിറങ്ങി നടന്നു. അത്താണി ജംക്ഷനിലേക്ക് എത്തിയപ്പോഴേക്കും കഴുത്തൊപ്പം വെള്ളം. അതിനിടെ കാർ വെള്ളം കയറി കേടായി. ഫോൺ പൊട്ടിപ്പോയി. പുറംലോകവുമായി ബന്ധമില്ലാതെ മഞ്ഞപ്രയിൽ സഹോദരിയുടെ വീട്ടിലായിരുന്നു. വൈദ്യുതിയും ഇല്ലാത്തതിനാൽ നടന്നതൊന്നും അറി‍ഞ്ഞില്ല. ഞാൻ ജീവിച്ചിരിക്കുന്നുണ്ടെന്ന് പ്രിയപ്പെട്ടവരെ അറിയിക്കാൻ പോലുമായില്ല.

വെള്ളമിറങ്ങി വീട്ടിലെത്തിയപ്പോഴേക്കും മരവിപ്പ് ബാധിച്ചിരുന്നു. വീട് മുഴുവൻ കട്ടച്ചെളി. എല്ലാം നശിച്ച് നിരാശയുടെ പടുകുഴിയിലായി. അപ്പോഴാണ് ബോധിനി എന്ന സംഘടന പ്രളയത്തിൽ തകർന്നവരെ ബോധവൽക്കരിക്കാൻ ഒരു മോട്ടിവേഷൻ വിഡിയോ ചെയ്യാം എന്നു പറഞ്ഞത്. സത്യത്തിൽ അത്തരം ഒരു വിഡിയോ എനിക്കായിരുന്നു അപ്പോൾ വേണ്ടത്. പക്ഷേ, ഞാൻ സമ്മതിച്ചു. അതിനു വേണ്ടി പത്രങ്ങളും വിഡിയോകളും റഫർ ചെയ്തപ്പോഴാണ് ഞാൻ കരുതിയത് പോലെയല്ലെന്നു മനസ്സിലായത്. എല്ലാവരും ദുരന്തത്തെ ഒരുമിച്ച് നേരിട്ട പോസിറ്റീവ് കഥകളാണ് ചുറ്റും. അത്തരത്തിൽ വാ‍ർത്തകളിൽ നിന്നു കണ്ടെത്തിയ ചെറിയ സംഭവങ്ങളാണ് സിനിമയ്ക്കായി എടുത്തത്. ഫയർഫോഴ്സ്, കെഎസ്ഇബി, പൊലീസ് എന്നിങ്ങനെ ദുരന്തത്തെ നേരിട്ട എല്ലാവരെയും ഉൾപ്പെടുത്താൻ കഴിഞ്ഞില്ല.

English Summary: Interview with Jude Anthany Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com