കേരളത്തിൽ വിവാദമുണ്ടാക്കിയ ആ സംഭവത്തെ ഞങ്ങൾ തിരക്കഥയിലാക്കി: മഹേഷും ജയ്‌യും പറയുന്നു

jai-vishnu-mahesh-gopal
ജയ് വിഷ്ണു, മഹേഷ് ഗോപാൽ
SHARE

മലയാള സിനിമയിലെ കോസ്റ്റ്യും ഡിസൈനർ ആയ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘മധുര മനോഹര മോഹം’. രജിഷ വിജയൻ, ഷറഫുദ്ദീൻ, ആർഷ ബൈജു, ബിന്ദു പണിക്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികളുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന സിനിമയാണ്. നവാഗത എഴുത്തുകാരായ മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ മഹേഷിന്റെയും ഒരു മൾട്ടിനാഷ്നൽ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് സിനിമയുടെ മായികലോകത്ത് തന്റേതായ സ്ഥാനമുറപ്പിക്കാനെത്തിയ ജയ് വിഷ്ണുവിന്റെയും മധുരവും മനോഹരവുമായ മോഹമാണ് സിനിമയുടെ രൂപത്തിൽ തിയറ്ററിൽ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളുമായി മഹേഷ് ഗോപാലും ജയ് വിഷ്ണുവും മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

മഹേഷ് ഗോപാൽ:

രണ്ടുപേർ ഒരുമിച്ച് കഥ എഴുതുന്നത് നല്ലതാണ്

ചെറുപ്പം മുതൽ ഞാൻ എഴുതാറുണ്ട്. പാട്ടുകൾക്ക് വരികൾ കുറിക്കുക ആയിരുന്നു ആദ്യം ചെയ്തിരുന്നത്. പിന്നീട് സിനിമയ്ക്കായി കഥ എഴുതി തുടങ്ങി. ‘അലമാര’ എന്ന സിനിമയുടെ കഥ ഞാൻ എഴുതിയതാണ്. മധുര മനോഹര മോഹത്തിന്റെ തിരക്കഥ സുഹൃത്ത് ജയ് വിഷ്ണുവുമായി ചേർന്ന് എഴുതിയതാണ്. രണ്ടുപേർ ചേർന്ന് ഒരു കഥ എഴുതുന്നത് നല്ലതാണെന്നാണ് തോന്നുന്നത്. കാരണം ഒരാൾക്ക് എന്തെങ്കിലും പാളിച്ച വന്നാൽ അത് കണ്ടു മനസ്സിലാക്കി തിരുത്താൻ അപ്പുറത്ത് ഒരു ആളുണ്ടാകുന്നത് നല്ലതാണ്. അങ്ങനെ ഞങ്ങൾ രണ്ടും കൂടി എഴുതിയതുകൊണ്ടാണ് എന്ന് തോന്നുന്നു ഈ കഥ നല്ല പ്രതികരണങ്ങൾ കിട്ടുന്ന ഒരു സിനിമയായി മാറിയത്. എന്റെ മനസ്സിൽ വന്ന ഒരു ത്രെഡ് ഞാൻ ജയ്‌യോട് പറയുകയും ജയ് കൂടി ചേർന്ന് ആ ത്രെഡ് വികസിപ്പിച്ച് ഇന്ന് കാണുന്ന കഥയാക്കി മാറ്റുകയായിരുന്നു. ജയ്‌ വിഷ്ണുവും ഞാനും തമ്മിൽ വലിയൊരു സൗഹൃദമുണ്ട്. ബാങ്കിൽ ആണ് ഞാൻ ജോലി ചെയ്യുന്നത്. കർണാടകയിൽ ജോലി ചെയ്യുമ്പോൾ ബെംഗളൂരിൽ വരുന്ന സമയത്ത് ജയ്‌യുടെ വീട്ടിൽ ആണ് താമസിക്കുന്നത്. ഒരു ദിവസം എടാ ഒരു കഥ നമുക്ക് അങ്ങ് നോക്കാം എന്ന് പറഞ്ഞുകൊണ്ട് ഞങ്ങൾ രണ്ടുംകൂടി ഈ കഥ എഴുതുകയായിരുന്നു. നല്ലൊരു ജോലിയിൽ ഇരുന്ന ആളാണ് ജയ്. ഈ സിനിമയ്ക്ക് വേണ്ടി ജോലി വേണ്ടെന്ന് വച്ച് മുഴുവൻ സമയവും ഇതിലേക്കിറങ്ങി. എഴുതി പൂർത്തീകരിച്ചപ്പോൾ കഥ കേൾക്കുന്നവർക്കൊക്കെ ഒരു കൗതുകം തോന്നിയിരുന്നു. അതേ കൗതുകം രജീഷ വിജയനും ഉണ്ടായി.

mahesh-jai

യഥാർഥ സംഭവത്തിൽ നിന്നുരുത്തിരിഞ്ഞ കഥ

സിനിമയിൽ കാണുന്നത് പോലെയുള്ള കഥാപാത്രങ്ങളെ ഞാൻ നേരിട്ട് കാണുകയും നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. പണ്ട് കേരളത്തിൽ വലിയ വിവാദമുണ്ടാക്കിയ ഒരു സംഭവം ഉണ്ടായിരുന്നു. ഒരു പെൺകുട്ടിയുടെ മരണത്തിലൊക്കെ ചെന്ന് കലാശിച്ച ആ സംഭവത്തിന്റെ മൂല കാരണം ഇതായിരുന്നു. അതിൽ നിന്നൊക്കെ ആണ് ഇങ്ങനെ ഒരു ചിന്ത വന്നത്. ഇത്തരത്തിൽ ഒരു സംഭവം അവരുടെ വീട്ടിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നത് ഇതുവരെ സിനിമകളിൽ കാണിച്ചിട്ടില്ല എന്ന് തോന്നുന്നു. പക്ഷേ വളരെ ഇരുണ്ട സത്യമായ ആ സംഭവത്തെ എങ്ങനെ ക്യൂട്ട് ആയി നർമത്തിൽ ചാലിച്ച് കാണിക്കാം എന്നാണ് ഞങ്ങൾ ശ്രമിച്ചത്. കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കും ബുദ്ധിമുട്ട് തോന്നാത്ത വിധത്തിലാണ് ഞങ്ങൾ സംഭാഷണം പോലും എഴുതിയിരിക്കുന്നത്.

സ്റ്റെഫി ചോദിച്ചു, ‘ഈ കഥ ഞാൻ സംവിധാനം ചെയ്യട്ടെ’

സിനിമയിലുള്ള പല സുഹൃത്തുക്കളോട് ഈ കഥ ഞങ്ങൾ പറഞ്ഞു, പക്ഷേ പല കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. അങ്ങനെയിരിക്കെ ആണ് ഞങ്ങളുടെ സുഹൃത്തായ സ്റ്റെഫി സേവ്യർ ഈ കഥ വായിക്കുന്നത്. വായിച്ചു കഴിഞ്ഞപ്പോൾ കൊള്ളാമല്ലോ ഈ സാധനം എന്നാണു സ്റ്റെഫി പറഞ്ഞത്. ഇതിൽ ആരെ കാസ്റ്റ് ചെയ്യാം എന്ന് ചോദിക്കാനാണ് സ്റ്റെഫിയുടെ അടുത്ത് ചെന്നത്. രജീഷ ചെയ്താൽ നന്നാകും എന്ന് സ്റ്റെഫി പറഞ്ഞു. രജീഷയോട് കഥ പറഞ്ഞപ്പോൾ തന്നെ ഓക്കേ പറഞ്ഞു. ഇത് ഞാൻ ചെയ്യട്ടെ എന്ന് സ്റ്റെഫി ചോദിച്ചപ്പോൾ ഞങ്ങൾക്കും ഏറെ സന്തോഷമായിരുന്നു തോന്നിയത്. ഞങ്ങൾ ആഗ്രഹിച്ച താരങ്ങളെ എല്ലാവരെയും കിട്ടി. ഷറഫും കഥ ഇഷ്ടപ്പെട്ടാണ് സിനിമയിലേക്ക് വന്നത്. സൈജു കുറുപ്പിന്റെ കാര്യം പറയാതിരിക്കാൻ കഴിയില്ല. ഇതൊരു സിനിമയാക്കാൻ തീരുമാനിക്കുന്നതിന് മുൻപേ സൈജു സാറിന് ഈ കഥ അറിയാം. പ്രോജക്ട് ആയപ്പോൾ അദ്ദേഹത്തിന് ഡേറ്റ് വലിയ പ്രശ്നമായി. ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു ജീവൻ രാജ് ആകാൻ ഞങ്ങൾക്ക് വേറെ ആരുമില്ല. അദ്ദേഹം ഓരോ സിനിമയുടെയും ഷൂട്ടിന്റെ ഇടവേളകളില്‍ വന്നാണ് ഈ കഥാപാത്രം ചെയ്തിട്ട് പോയത്.

sharaffu-jai

പിന്തുണയായത് നിർമാതാക്കൾ

മധുര മനോഹര മോഹത്തിന്റെ നിർമാതാക്കളെ ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. സിനിമ ചെയ്യുമ്പോൾ നിർമാതാക്കളുടെ ഇടപെടൽ മൂലം മോശമായിപോകുന്ന ചില സംഭവങ്ങളുണ്ട്. പല സിനിമകൾക്കും സംഭവിക്കുന്നത് അത്. പക്ഷേ ഇവിടെ അത് സംഭവിച്ചിട്ടില്ല. സ്റ്റെഫിയും കഥയിൽ ഇടപെടാതെ ഞങ്ങൾ വിചാരിച്ചതിലും ഭംഗിയായി ചെയ്തു. ഞങ്ങൾക്ക് വേണ്ടതെല്ലാം എത്തിച്ചു തന്ന് ഞങ്ങൾക്ക് മുഴുവൻ പിന്തുണയുമായി നിന്നത് നിർമാതാക്കളാണ്. അതുപോലെ അപ്പു ഭട്ടതിരിയും മാളവികയുമാണ് സിനിമയുടെ എഡിറ്റേഴ്സ്. ഈ സിനിമ ഇത്രയും ആസ്വാദ്യകരമാക്കിയത് അവർ രണ്ടുപേരാണ്. ഇന്റെർവലിൽ ആണ് ഈ സിനിമ യഥാർഥ പ്ലോട്ടിലേക്ക് എത്തുന്നത്, അതുവരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത് അവരുടെയും കൂടി ഇടപെടലാണ്. അതുപോലെ തന്നെ രജീഷ വിജയൻ, ഷറഫുദ്ദീൻ, ആർഷ, സൈജു കുറുപ്പ്, ബിന്ദു ചേച്ചി, അൽത്താഫ് തുടങ്ങി സിനിമയുടെ ഭാഗമായ എല്ലാ താരങ്ങളോടും നന്ദിയുണ്ട്. തിരക്കഥയിൽ എഴുതി വച്ചത് സ്‌ക്രീനിൽ അഭിനയിച്ചു ഫലിപ്പിക്കാൻ നല്ല താരങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സിനിമ വിജയിക്കൂ അത് ഇവിടെ സംഭവിച്ചിട്ടുണ്ട്.

പ്രതികരണങ്ങളിൽ സന്തോഷം

തൊട്ടാൽ കൈ പൊള്ളുന്ന വിഷയങ്ങളാണ് ഞങ്ങൾ ചർച്ച ചെയ്ത പലതും. പക്ഷേ ഇതൊക്കെ ഇവിടെ ഉണ്ട്, അതൊക്കെ മാറണം എന്ന് ആരെയും വേദനിപ്പിക്കാതെ പറയുകയും വേണം. കഥ ഇങ്ങനെ ആയതുകൊണ്ട് ഒരു പേടി ഉണ്ടായിരുന്നു. പക്ഷേ തിയറ്ററിൽ നിന്നും കിട്ടുന്ന പ്രതികരണങ്ങൾ ഞങ്ങളുടെ പ്രതീക്ഷയ്ക്കും അപ്പുറമാണ്. തൃപ്പൂണിത്തുറ സെൻട്രൽ തിയറ്ററിൽ പോയപ്പോൾ എല്ലാവരും നന്നായി ചിരിച്ചു രസിച്ച് സിനിമ കാണുന്നതാണ് കണ്ടത്. ഞാൻ ആണ് സ്ക്രിപ്റ്റ് എഴുതിയതിൽ ഒരാൾ എന്ന് തിരിച്ചറിഞ്ഞ് ഒരു പ്രേക്ഷകൻ എന്നെ വന്നു കെട്ടിപ്പിടിച്ചു. അതൊക്കെ പുതിയ അനുഭവമാണ്. ഓൺലൈൻ റിവ്യൂ ചെയ്യുന്നവരും എല്ലാം നല്ല പോസിറ്റീവ് റിവ്യൂ ആണ് തന്നത്. സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവരോടും പ്രേക്ഷകരോടും ഒരുപാട് നന്ദിയുണ്ട്.

arsha-dharaffu

ജയ് വിഷ്ണു:

നടനായി തുടക്കം

ഞാൻ ഒന്നുരണ്ടു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതാണ് എന്റെ സിനിമയിലെ തുടക്കം. ‘അന്വേഷണം’ എന്ന സിനിമയിൽ മുഴുനീള വേഷം ചെയ്തിട്ടുണ്ട്. അതുപോലെ സാജൻ ബേക്കറിയിലും ചതുർമുഖത്തിലും അഭിനയിച്ചിട്ടുണ്ട്. ഒരു ഫാഷൻ ബ്രാൻഡിന്റെ കേരള ഹെഡ് ആയിരുന്നു ഞാൻ. ഈ സ്ക്രിപ്റ്റ് കയ്യിലുള്ള ബലത്തിലാണ് അന്വേഷണത്തിൽ അഭിനയിക്കാൻ ചാൻസ് ലഭിച്ചപ്പോൾ ജോലി രാജി വച്ചത്. 'ന്റിക്കയ്ക്കക്ക് ഒരു പ്രേമണ്ടാർന്ന്' എന്ന സിനിമയുടെ തിരക്കഥയിലും സംഭാഷണത്തിലും വർക്ക് ചെയ്തിട്ടുണ്ട്. സുരേഷ് ഗോപി, അനുപമ പരമേശ്വരൻ സിനിമ ജെഎസ്കെയുടെ കോ റൈറ്റർ ആണ്. ഞാനും പ്രവീൺ നാരായണനും കൂടിയാണ് അത് എഴുതുന്നത് .

ലിംഗവിവേചനം പാടില്ല

ഞാനും മഹേഷേട്ടനുമായി എട്ടുപത്ത് വർഷം കൊണ്ടുള്ള സൗഹൃദമാണ്. ഒരിക്കൽ ചേട്ടൻ പറഞ്ഞു, എടാ നമുക്ക് ഒരു പടം എഴുതാം. അദ്ദേഹം എന്നോട് ഒരു ത്രെഡ് പറഞ്ഞു. ഞാൻ പറഞ്ഞു ചേട്ടാ അത് നമുക്ക് ഇങ്ങനെ എഴുതാം എന്ന്. അങ്ങനെയാണ് മധുരമനോഹര മോഹത്തിലേക്ക് എത്തുന്നത്. പുതുമ ഉണ്ടെങ്കിൽ മാത്രമേ ഇന്ന് മലയാളികൾ സിനിമ ഏറ്റെടുക്കു, ഒരേ പാറ്റേണിൽ ഉള്ള കഥ കൊടുത്തിട്ട് കാര്യമില്ല. ഈ സിനിമയിൽ നായകന്റെ വേർഷൻ ആണ് പറയുന്നത്. നായകന്റെ പെങ്ങൾ ചെയ്യുന്നത് നായകനെ എങ്ങനെ ബാധിക്കുന്നു എന്നാണ് കാണിച്ചിരിക്കുന്നത്. ഇത് ഒരു ആങ്ങളയുടെയും അമ്മയുടെയും കഥയാണ്. ഒരു പെങ്ങളെ കെട്ടിച്ചു വിടുന്നതാണ് ഏറ്റവും വലിയ കാര്യം, എന്റെ പുരോഗമനം അത്രയേ ഉള്ളൂ എന്ന് പറയുന്ന നായകന്റെ കഥയാണ് മധുര മനോഹര മോഹം. ചേട്ടന് ഒരു പ്രണയം ഉണ്ടെന്ന് കേൾക്കുമ്പോൾ കൂൾ ആയി നേരിടുന്ന അമ്മയ്ക്ക് മകൾക്ക് ഒരു പ്രണയമുണ്ടെന്ന് കേൾക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. മനുഷ്യന്റെ വികാരവിചാരങ്ങൾ വരുന്നിടത്ത് ലിംഗവിവേചനം പാടില്ല. ശാരീരിക ബലത്തിൽ വ്യത്യാസമുണ്ടെങ്കിലും മാനസിക വിചാരവികാരങ്ങളുടെ കാര്യത്തിൽ എല്ലാവരും തുല്യരാണ്.

പ്രേക്ഷകരെ സംതൃപ്തരാക്കുന്നതിലാണ് കാര്യം

സിനിമ ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ടു എന്ന് അറിയുന്നതിൽ സന്തോഷമുണ്ട്. കേരളത്തിന്റെ പല ഭാഗങ്ങളിൽ പലതരം ആൾക്കൂട്ടത്തിനിടക്ക് ഇരുന്നു കാണുന്ന സുഹൃത്തുക്കൾ വിളിച്ചു നല്ല അഭിപ്രയമാണ് എല്ലാ തിയറ്ററിലും എന്നാണ് പറയുന്നത്. സാധാരണക്കാരൻ തീയറ്ററിൽ വരുന്നത് 2 മണിക്കൂർ സന്തോഷമായി ഇരിക്കാനാണ്. 150 രൂപ മുടക്കി തിയറ്ററിൽ എത്തുന്നവർ നോക്കുന്നത് നമ്മുടെ അമ്മയും ഭാര്യയും മക്കളും സംതൃപ്തരാണോ എന്നാണ്. ആളുകളെ നമുക്ക് ജഡ്ജ് ചെയ്യാൻ പറ്റില്ല ഏതു തരാം സിനിമ വിജയിക്കും എന്ന് പറയാൻ കഴിയില്ല. തിയറ്ററിൽ നിന്നിറങ്ങിപോകുന്നവർ ഹാപ്പി ആണോ എന്നാണ് ഞങ്ങൾ നോക്കുന്നത്.

jai-vishnu-mahesh-gopal-2

ആദ്യത്തെ തിരക്കഥ ഏറ്റെടുത്തതിൽ സന്തോഷം

ഞങ്ങൾ എഴുതിയ സിനിമ ഞങ്ങൾ ആഗ്രഹിച്ചതുപോലെ തന്നെ സിനിമയായി വന്നിട്ടുണ്ട്. അതിൽ സന്തോഷമുണ്ട്. താരങ്ങളുടെ പെർഫോമൻസിനെക്കുറിച്ചാണ് എല്ലാവരും ഒരുപോലെ അഭിപ്രായം പറയുന്നത്. ഞങ്ങൾ എന്തൊക്കെ എഴുതി വച്ചാലും അഭിനേതാക്കൾ നന്നായി ചെയ്തില്ലെങ്കിൽ സിനിമ വിജയിക്കില്ല. ഷറഫുദ്ദീൻ, രജീഷ, സൈജു ചേട്ടൻ, ആർഷ, ബിന്ദു ചേച്ചി ഇവരെല്ലാം ഞങ്ങളുടെ സ്ക്രിപ്റ്റിൽ ഉള്ള വിശ്വാസം കൊണ്ടാണ് നിന്നത്. ഇവർ തന്ന ആത്മവിശ്വാസമാണ് പുതുമുഖ എഴുത്തുകാരായ ഞങ്ങളെ താങ്ങി നിർത്തിയത്. അവരോടെല്ലാം ഒരുപാട് നന്ദിയുണ്ട്. സ്റ്റെഫി ഞങ്ങളുടെ കഥ ഞങ്ങൾ സ്വപ്നം കണ്ടതിനേക്കാൾ മികച്ചതാക്കി. എഡിറ്റേഴ്സ് ആയ അപ്പു ഭട്ടതിരി, മാളവിക, സംഗീത സംവിധായകൻ ഹിഷാം തുടങ്ങി സിനിമയിൽ പ്രവർത്തിച്ച എല്ലാവരും അവരവരുടെ ഭാഗം വളരെ ഭംഗിയായി ചെയ്തു. അതാണ് ഈ സിനിമയുടെ വിജയം. ബി3എം ക്രിയേഷൻസ് ഇല്ലെങ്കിൽ ഞങ്ങളില്ല. രണ്ടു പുതുമുഖ എഴുത്തുകാരെ വിശ്വസിച്ച് പടം ചെയ്യാൻ മുന്നോട്ടു വന്നു ഞങ്ങളോടൊപ്പം എല്ലാ സമയത്തും നിലകൊണ്ടതിനു ഒരുപാട് നന്ദിയുണ്ട്. ടെൻഷൻ എല്ലാം മാറി ഇപ്പോൾ ഒരുപാട് സന്തോഷമുണ്ട്. എല്ലായിടത്തും നിന്നും നല്ല പ്രതികരണമാണ് വരുന്നത്. തീയെറ്ററിൽ വരുന്നത് സാധാരണ പ്രേക്ഷകരാണ്. കുടുംബമായി എല്ലാവരും വന്നു സിനിമ കണ്ടു സന്തോഷത്തോടെ പോകുന്നതാണ് ഞങ്ങളുടെ സംതൃപ്തി. ഞങ്ങൾ എഴുതിയ കഥ ലോകത്ത് എവിടെയൊക്കെയോ ഇരിക്കുന്ന ആളുകളെ ചിരിപ്പിക്കുന്നുണ്ട് എന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ട്.


English Summary: Interview with script writers Jai Vishnu and Mahesh Gopal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS