ADVERTISEMENT

സെറ്റിൽ കറങ്ങി നടന്നിരുന്ന ഒരു തമാശയുണ്ട്. സംവിധായകൻ പവൻ കുമാർ ധൂമം സിനിമയുടെ ഒറിജനൽ സ്ക്രിപ്റ്റ് എഴുതുന്ന സമയത്ത് അപർണ ബാലമുരളി സ്കൂളിൽ പഠിക്കുകയായിരുന്നെന്ന്! കേൾക്കുമ്പോൾ തമാശയായി തോന്നുന്നുമെങ്കിലും സംഗതി സത്യമാണ്. സുരരൈ പോട്ര് എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ അപർണയെ ആ ചിത്രത്തിലെ അഭിനയം തന്നെയാണ് ധൂമത്തിലേക്ക് എത്തിക്കുന്നത്. കെ.ജി.എഫ്, കാന്താര എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഹോംബാലെ ഫിലിംസിന്റെ ആദ്യ മലയാള ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് അപർണ. അതും, ത്രില്ലർ സിനിമകൾക്ക് വേറിട്ട ഭാവുകത്വം നൽകിയ യുവസംവിധായകൻ പവൻ കുമാറിന്റെ ചിത്രത്തിൽ! ധൂമം സിനിമയുടെ വിശേഷങ്ങളുമായി അപർണ ബാലമുരളി മനോരമ ഓൺലൈനിൽ.

 

ആദ്യ സിനിമ പോലെ ആവേശം 

 

ഈ സിനിമയിലേക്ക് കോൾ വന്നപ്പോൾ എനിക്ക് വലിയ ആവേശമായിരുന്നു. മഹേഷിന്റെ പ്രതികാരത്തിൽ അവസരം ലഭിച്ചപ്പോൾ തോന്നിയ അതേ ആവേശം, ഈ പ്രൊജക്ടിലേക്ക് ക്ഷണം ലഭിച്ചപ്പോഴും തോന്നി. ഹോംബാലെ ഫിലിംസിന്റെ ആദ്യ മലയാള സിനിമ, നായകൻ ഫഹദ് ഫാസിൽ, സംവിധായകൻ പവൻ കുമാർ! ഇത്ര നല്ല ടീമിനൊപ്പം പ്രവർത്തിക്കാൻ അവസരം കിട്ടുക എന്നത് വലിയ കാര്യമാണ്. തിരക്കഥ വായിച്ചപ്പോൾ ആവേശം ഇരട്ടിയായി. എല്ലാ ദിവസവും നമ്മുടെ കൺമുമ്പിൽ നടക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്. പക്ഷേ, നമ്മളത് ഗൗരവത്തോടെ സമീപിച്ചിട്ടില്ല. അതിലേക്ക് ഡ്രാമ കൂടി വരുമ്പോൾ നല്ലൊരു ത്രില്ലർ അനുഭവമാണ് പ്രേക്ഷകർക്ക് ലഭിക്കുക. എന്റെ കഥാപാത്രത്തിന്റഎ പേര് ദിയ എന്നാണ്. ബെംഗളൂരുവിൽ ജീവിക്കുന്ന ഒരു മലയാളി. ഫഹദ് അവതരിപ്പിക്കുന്ന അവിനാശ് എന്ന കഥാപാത്രത്തെ വിവാഹം ചെയ്യുന്ന പെൺകുട്ടിയാണ്. അതിനുശേഷം അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു കാര്യമാണ് സിനിമയെ മുമ്പോട്ടു കൊണ്ടു പോകുന്നത്. 

aparna-dhoomam2

 

മലയാള സിനിമയാണെന്ന് മറന്നു പോയി

 

ധൂമത്തിന്റെ പൂജ കഴിഞ്ഞ് ഹോംബാലയുടെ ഓഫിസിൽ ഇരിക്കുന്ന സമയത്ത് ഒരു തമാശ നടന്നു. പവൻ സാറിനെ മലയാളം പഠിപ്പിക്കുന്നതിനെപ്പറ്റിയും ഞങ്ങൾ കന്നട പഠിക്കുന്നതിനെക്കുറിച്ചും വലിയ ചർച്ച നടക്കുകയാണ്. അങ്ങനെ സംസാരിക്കുന്നതിന് ഇടയിൽ അദ്ഭുതത്തോടെ ഞാൻ പറഞ്ഞു, "പവൻ സർ, ഈ സിനിമയിൽ ധാരാളം മലയാളി അഭിനേതാക്കൾ ഉണ്ടല്ലോ", എന്ന്! ധൂമം എന്നത് ഒരു മലയാള സിനിമയാണെന്ന കാര്യം ഞാൻ മറന്നേ പോയി. കാരണം, ഞങ്ങൾ ഷൂട്ട് ചെയ്യുന്നത് ബെഗളൂരുവിൽ! സംവിധായകനാണെങ്കിൽ മലയാളി അല്ല. നിർമാതാക്കളും മലയാളികൾ അല്ല. ക്യാമറ ടീം മൊത്തം തമിഴർ. ഡയറക്ഷൻ ടീം തെലുങ്കരും. എല്ലാവരും കൂടി ചെയ്യുന്നത് ഒരു മലയാള സിനിമയും. ശരിക്കും ഇതൊരു പാൻ ഇന്ത്യൻ സിനിമ ആയിരുന്നു. തുടക്കത്തിൽ എനിക്കാകെ ആശയക്കുഴപ്പം ആയിരുന്നു. സ്ഥലകാലബോധം നഷ്ടപ്പെടുക എന്നൊക്കെ പറയില്ലേ? അതുപോലൊരു അവസ്ഥ. പക്ഷേ, ശരിക്കും ഗംഭീര അനുഭവമായിരുന്നു ഷൂട്ട്.  

 

പവൻ കുമാർ എന്ന സംവിധായകൻ

 

ഞങ്ങളുടെ നിർദേശങ്ങൾ ഗൗരവപൂർവം കേൾക്കുകയും അവ ഉൾ‌ക്കൊള്ളുകയും ചെയ്യുന്ന സംവിധായകനായിരുന്നു പവൻ കുമാർ. അതായിരുന്നു എന്റെ കംഫർട്ട് സോൺ. സെറ്റിലെപ്പോഴും ഞങ്ങൾക്കൊപ്പം അദ്ദേഹം ഉണ്ടായിരുന്നു. ഓരോന്നും ഞങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചാണ് ചെയ്തിരുന്നത്. നല്ല നിർദേശങ്ങളെ അദ്ദേഹം ഉൾക്കൊള്ളും. ടീം വർക്ക് എടുത്തു പറയണം. മലയാളം അറിയില്ലെന്നു കരുതി ഡയലോഗ് തെറ്റിച്ചാൽ അദ്ദേഹത്തിന് മനസിലാകില്ലെന്ന് ധരിക്കരുത്. അദ്ദേഹം അതു കൃത്യമായി തിരിച്ചറിയും. സിനിമയിൽ നാലര മിനിറ്റ് ദൈർഘ്യമുള്ള ഒരു ഷോട്ട് ഉണ്ട്. അത് എടുക്കുന്നതിന് ഇടയിൽ എന്റെ ലൈൻ ഞാൻ വിട്ടു പോയി. ആ ടേക്ക് കഴിഞ്ഞപ്പോൾ അദ്ദേഹം അക്കാര്യം കൃത്യമായി എടുത്തു പറഞ്ഞു. ഞങ്ങൾ വീണ്ടും ടേക്ക് പോയി. അതുപോലെ, മറ്റൊരു സീനിൽ അച്ഛനെക്കുറിച്ച് സൂചിപ്പിക്കുന്ന ഒരു ഭാഗമുണ്ട്. ആ ഡയലോഗ് പറയുമ്പോൾ അതിലൊരു സ്വാഭാവികത തോന്നിയില്ല. ഒടുവിൽ ആ ഡയലോഗ് ഞാൻ പറയുന്നില്ലെന്നു പറഞ്ഞു. പവൻ സാറിന് അതിൽ പ്രശ്നം ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹം അത് ഒരു അഭിനേതാവിന്റെ സ്വാതന്ത്ര്യത്തിന് വിട്ടു നൽകുകയായിരുന്നു. എഡിറ്റ് കഴിഞ്ഞപ്പോൾ ആ ഡയലോഗ് പറയാതിരുന്നത് നന്നായെന്ന് അദ്ദേഹം പറയുകയും ചെയ്തു.  

 

ഫഹദ് എന്ന അദ്ഭുതം

 

ഒരു അഭിനേതാവെന്ന് നിലയിൽ ഞാൻ നോക്കി പഠിക്കാൻ ശ്രമിക്കുന്ന ചിലതുണ്ട് ഫഹദ് എന്ന നടനിൽ. ഈ സിനിമയിൽ, കാറിന് അടുത്ത് ഫഹദ് ഇക്ക നിന്നുകൊണ്ട് ചെയ്യുന്ന ഒരു സീൻ ഉണ്ട്. അതിലൊരു എക്സ്പ്രഷൻ അദ്ദേഹം ചെയ്യുന്നുണ്ട്. ആദ്യ ടേക്ക് ഓകെ ആയിരുന്നു. പക്ഷേ, ഫഹദിക്ക ഒരു വട്ടം കൂടി പോകാമെന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം ഒരു സംഭവം ചെയ്തു. അത് കിടിലൻ ആയിരുന്നു. അങ്ങനെയൊക്കെ അദ്ഭുതപ്പെടുത്തുന്ന നടനാണ് അദ്ദേഹം.  

 

ആസ്വദിച്ച കഥാപാത്രം

 

സ്ത്രീകേന്ദ്രീകൃത സിനിമ എന്ന ടാഗില്ലാതെ തന്നെ നല്ല കഥാപാത്രം കിട്ടുമ്പോൾ വലിയ സന്തോഷമാണ്. അതും കിടിലൻ അഭിനേതാക്കൾക്കൊപ്പം കൂടിയാകുമ്പോൾ നമ്മുടെ പ്രകടനവും മെച്ചപ്പെടും. അതാണ് ഈ സിനിമയിൽ ഞാനേറെ ആസ്വദിച്ചത്. ഫഹദ് ഇക്ക, വിനീതേട്ടൻ, റോഷൻ, അനു ചേട്ടൻ എന്നിങ്ങനെ എല്ലാവരുമായും നല്ല സിങ്ക് ആയിരുന്നു. ഇത്ര കഥാപാത്രങ്ങൾ വരുമ്പോൾ ചില സിനിമകളിൽ മറ്റു കഥാപാത്രങ്ങൾക്ക് വലിയ വെയ്റ്റേജ് ഉണ്ടാവില്ല. പക്ഷേ, ഈ സിനിമയിൽ അങ്ങനെയല്ല. എല്ലാവരും ഒരേ വെയ്റ്റേജും ഒരേ ബാധ്യതകളുമായാണ് മുമ്പോട്ടു പോകുന്നത്.  

 

ക്ലൈമാക്സ് അമ്പരപ്പിക്കും

 

കുറച്ചു കാലത്തിനു ശേഷം പ്രേക്ഷകർ ചർച്ച ചെയ്യുന്ന ഒരു ക്ലൈമാക്സ് ആയിരിക്കും ധൂമത്തിന്റേത് എന്നാണ് എന്റെ പ്രതീക്ഷ. പശ്ചാത്തലസംഗീതം ഒന്നുമില്ലാതെ കണ്ടപ്പോൾ പോലും വലിയ എക്സൈറ്റ്മെന്റ് തോന്നിയിരുന്നു. സീറ്റിൽ ഇരുന്നു പോകുമെന്നൊക്കെ പറയില്ലേ! അതുപോലൊരു അനുഭവം. അതായിരുന്നു ക്ലൈമാക്സ് കണ്ടപ്പോൾ എന്റെ ഫീൽ. അതുപോലെൊരു അനുഭവം പ്രേക്ഷകർക്കും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com