ADVERTISEMENT

ലൂസിയ, യുടേൺ എന്നീ ശ്രദ്ധേയ സിനിമകൾക്കു ശേഷം സംവിധായകൻ പവൻ കുമാർ മലയാളത്തിലൊരുക്കിയ ‘ധൂമം’ തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ, യാഥാർഥ്യമാകുന്നത് സംവിധായകന്റെ 15 വർഷത്തെ കാത്തിരിപ്പാണ്. വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ഈ ത്രില്ലർ ചിത്രം സാമൂഹികപ്രസക്തമായ വിഷയം കൂടിയാണ് കൈകാര്യം ചെയ്യുന്നത്. തിയറ്ററിൽ സിനിമയ്ക്കു മുൻപു കാണിക്കുന്ന പുകയില ബോധവൽക്കരണ പരസ്യങ്ങളും സിനിമയിൽ പുകവലി രംഗങ്ങൾ വരുമ്പോൾ എഴുതിക്കാണിക്കുന്ന മുന്നറിയിപ്പുമെല്ലാം ട്രോളുകളും ‘തമാശ’യുമായി മാറിക്കഴിഞ്ഞ ഇക്കാലത്ത് പുകയില ബിസിനസിലെ കോർപറേറ്റ് കളികൾ പ്രേക്ഷകർക്കു മുമ്പിൽ തുറന്നു വയ്ക്കുകയാണ് ചിത്രം. സിനിമാവിശേഷങ്ങളുമായി സംവിധായകൻ പവൻ കുമാർ മനോരമ ഓൺലൈനിൽ. 

 

കാത്തിരുന്നത് 15 വർഷം

 

ഈ സിനിമ ഞാനെഴുതിയത് 2008 ലാണ്. നിക്കോട്ടിന്റെ രാസനാമമായ C10H14N2 എന്ന പേരായിരുന്നു അന്ന് ഈ സിനിമയ്ക്കു നൽകിയിരുന്നത്. കന്നഡ പ്രേക്ഷകർക്ക് ഈ പേര് സുപരിചിതമാണ്. കർണാടകയിൽ ഞാനേതു പരിപാടിക്കു പോയാലും ആദ്യം വരുന്ന ചോദ്യം ഈ സിനിമയെക്കുറിച്ചാണ്. പല കാരണങ്ങൾ കൊണ്ട് ഇത്രയും കാലം ഈ സിനിമ നടക്കാതെ പോയി. പക്ഷേ, 15 വർഷങ്ങൾക്കു ശേഷവും ആ വിഷയത്തിന് ഇപ്പോഴും പ്രാധാന്യമുണ്ട്. സിനിമയുടെ കഥ പറച്ചിലിന് അങ്ങനെ ചില മാന്ത്രികതയുണ്ട്. കാലാതീതമാണ് ചില വിഷയങ്ങൾ. ഹോംബാലെയുമായി ആദ്യം ചെയ്യാനിരുന്നത് പുനീത് രാജ്കുമാറിനെ നായകനാക്കിയെഴുതി ദ്വിത്വ എന്ന സിനിമയായിരുന്നു. അദ്ദേഹത്തിന്റെ അകാലമരണം മൂലം ആ പ്രോജക്ട് നടന്നില്ല. പിന്നെയാണ് ഈ പ്രോജക്ടിലേക്ക് എത്തുന്നത്. ഫഹദ് കഥ കേട്ട് ഓകെ പറഞ്ഞതോടെ എല്ലാം പെട്ടെന്നു നടന്നു. സിനിമയ്ക്ക് ആദ്യമിട്ടിരുന്ന പേര് പ്രേക്ഷകരുമായി പെട്ടെന്ന് കണക്ട് ആകില്ലെന്നു തോന്നി. അങ്ങനെയാണ് ധൂമം എന്ന പേരിലേക്കു വന്നത്. 

 

മൊഴി മാറ്റിയത് സംഭാഷണങ്ങൾ മാത്രം

preetha
പ്രീത ജയരാമൻ

 

ഭാഷ ഒരിക്കലും തടസമായി വന്നില്ല. കാരണം, ഞാൻ സംസാരിക്കുന്നത് സിനിമയുടെ ഭാഷയാണ്. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലെല്ലാം ഞാൻ സിനിമയെടുത്തിട്ടുണ്ട്. ഈ സിനിമ ഞാനെഴുതുമ്പോൾത്തന്നെ പല ഭാഷകളിൽ ചെയ്യണം എന്നു തീരുമാനിച്ചിരുന്നു. അതുകൊണ്ട്, ഞാൻ അന്നെഴുതിയ സംഭാഷണങ്ങൾ ഇംഗ്ലിഷിൽ ആയിരുന്നു. സിനിമയുടെ സംഭാഷണങ്ങൾ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയത് വിവേക് രഞ്ജിത്താണ്. രണ്ടു മാസം എടുത്താണ് സംഭാഷണങ്ങൾ പൂർണമായും മലയാളത്തിലേക്കു മാറ്റിയത്. അതിനുശേഷം, ഓരോ കഥാപാത്രത്തിന്റെയും സംഭാഷണങ്ങൾ അത് അഭിനയിക്കുന്ന അഭിനേതാക്കൾക്ക് അയച്ചു കൊടുത്തു. അവരുടെയും അഭിപ്രായങ്ങൾ സ്വീകരിച്ചാണ് സംഭാഷണങ്ങൾ മെച്ചപ്പെടുത്തിയത്. ഷൂട്ട് നടക്കുമ്പോൾ പോലും സംഭാഷണങ്ങളിൽ തിരുത്തലുകൾ വരുത്തിയിരുന്നു. 

 

പ്രീത ക്യാമറ എടുത്തപ്പോൾ

 

പുരുഷാധിപത്യമുള്ള മേഖലയാണ് സിനിമയിലെ ക്യാമറ ഡിപ്പാർട്ട്മെന്റ്. സിനിമയ്ക്കു വേണ്ടി ക്യാമറ ചെയ്യുന്ന സ്ത്രീകൾ ഇൻഡസ്ട്രിയിൽ വളരെ കുറവാണ്. പ്രീത ജയരാമൻ ഈ സിനിമയിൽ ഗംഭീര ക്യാമറ വർക്കാണ് ചെയ്തിരിക്കുന്നത്. സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോൾത്തന്നെ പലരും അക്കാര്യം എടുത്തു പറഞ്ഞു. എനിക്ക് ധാരാളം മൂവ്മെന്റ്സ് ഉള്ള ഹാൻഡ് ഹെൽഡ് ഷോട്ടുകളാണ് ഇഷ്ടം. ക്യാമറയ്ക്കാണെങ്കിൽ അത്യാവശ്യം ഭാരമുണ്ട്. പ്രീത എങ്ങനെ ഇത്ര ഭാരമുള്ള ക്യാമറ എടുത്ത് ഷൂട്ട് ചെയ്യും എന്നൊക്കെ ഞാൻ ചിന്തിച്ചിരുന്നു. ക്യാമറ ഓപ്പറേറ്റ് ചെയ്യാൻ പ്രീതയ്ക്ക് അസിസ്റ്റന്റിനെ വയ്ക്കണോ എന്നു പോലും ആലോചിച്ചു. പക്ഷേ, ഷൂട്ടിന്റെ ആദ്യ ദിവസം മുതൽ ക്യാമറ അവരിൽനിന്നു വേർപെടുത്താൻ പ്രീത സമ്മതിച്ചിട്ടില്ല. അത്രയും ആവേശത്തോടെയാണ് പ്രീത ഈ പ്രോജക്ടിനൊപ്പം നിന്നത്. സിനിമയിൽ നാലര മിനിറ്റിട്ടുള്ള ഒരു ഷോട്ട് ഉണ്ട്. അതെല്ലാം ഗംഭീരമായിട്ടാണ് പ്രീത പൂർത്തീകരിച്ചത്.

 

കരുത്താണ് പ്രീത

 

ഷൂട്ട് തുടങ്ങി ആദ്യ ആഴ്ചയിൽത്തന്നെ പ്രീതയുടെ അച്ഛന്റെ ആരോഗ്യനില മോശമായി. ഗുരുതരാവസ്ഥയിൽ അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. പ്രീതയെ സംബന്ധിച്ചിടത്തോളം ഏറെ സംഘർഷഭരിതമായ ദിവസങ്ങളായിരുന്നു അത്. മിക്ക ദിവസവും ഷൂട്ട് കഴിഞ്ഞ് അവർ ആശുപത്രിയിലേക്കു പോകും. രാത്രി അവിടെ നിന്ന് രാവിലെ വീണ്ടും സെറ്റിലേക്കു വരും. അച്ഛന്റെ അവസാന ദിവസങ്ങളായിരുന്നു അത്. പ്രീതയുടെ കുടുംബം അവരെ നന്നായി സപ്പോർട്ട് ചെയ്തു. സിനിമ പൂർത്തീകരിച്ചു വരൂ എന്നാണ് അവർ പ്രീതയോടു പറഞ്ഞത്. സിനിമയുടെ ഷൂട്ട് അവസാനിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് പ്രീതയുടെ അച്ഛൻ മരിച്ചത്. മകളുടെ വർക്ക് തീരുന്നതു വരെ അദ്ദേഹം കാത്തിരുന്നതു പോലെയാണ് എനിക്കു തോന്നിയത്. ഇങ്ങനെ ഒരു അവസ്ഥയിലാണ് പ്രീത സെറ്റിൽ വന്നിരുന്നതെന്ന് ആർക്കും അറിയുമായിരുന്നില്ല. ഞാനും പ്രീതയും ഷൂട്ട് കഴിഞ്ഞ് ഒരു കാറിലാണ് തിരിച്ചു വീട്ടിലേക്കു പോയിരുന്നത്. ഞാനാണെങ്കിൽ ഷൂട്ടിനു ശേഷം അതീവ ക്ഷീണിതനായിട്ടായിരിക്കും കാറിൽ കയറി ഇരിക്കുക. ആ സമയം കാറിലിരുന്ന് പ്രീത മിക്കവാറും അവരുടെ മകളുടെ ഹോംവർക്ക് ചെയ്യാൻ സഹായിക്കുകയായിരിക്കും. രാത്രിയിലും പലപ്പോഴും ഇത്തരം ഉത്തരവാദിത്തങ്ങൾ കൂടി തീർത്തിട്ടാണ് പ്രീത വിശ്രമിക്കുക. അതൊക്കെ ആലോചിക്കുമ്പോൾ എനിക്ക് എന്നോടു തന്നെ പുച്ഛം തോന്നാറുണ്ട്.

 

നാലര മിനിറ്റുള്ള സിംഗിൾ ഷോട്ട്

 

സിനിമയിൽ നാലര മിനിറ്റ് ദൈർഘ്യമുള്ള ഒരു ഷോട്ട് ഉണ്ട്. ഫൺ ആയിരുന്നു ആ ഷൂട്ട്. സിംഗിൾ ഷോട്ട് പോലുള്ള കാര്യങ്ങൾ ഫലവത്തായി ചെയ്യണമെങ്കിൽ അത്രയും കഴിവുറ്റ അഭിനേതാക്കൾ വേണം. ഈ സിനിമയിൽ എനിക്കൊപ്പം ഉണ്ടായിരുന്നത് അത്രയും മികച്ച അഭിനേതാക്കളായിരുന്നു. അവർക്ക് കൃത്യമായി തിരക്കഥ അറിയാം. അവരുടെ കഥാപാത്രങ്ങളെ അറിയാം. അതിനാൽ, നാലര മിനിറ്റ് ദൈർഘ്യമുള്ള ഷോട്ട് തലവേദനയായിരുന്നില്ല. എനിക്കോർമയുണ്ട്, ആ രംഗത്തിലെ മൂന്നാമത്തെ മിനിറ്റിൽ സീനിലുള്ള അഭിനേതാക്കൾ സംഭാഷണങ്ങളൊന്നും ഓർത്തു പറയുകയല്ല, സ്വാഭാവികമായി പറഞ്ഞു പോവുകയാണ്. ഫഹദ്, അപർണ, റോഷൻ മാത്യു അങ്ങനെ ആ സീനിലെ എല്ലാവരും ആസ്വദിച്ചാണ് അതു പൂർത്തിയാക്കിയത്. നല്ലൊരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഏതാനും സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഷോട്ട് ഒട്ടും തൃപ്തി തരുന്നതാവില്ല. കാരണം, ആ ഷോട്ടിലേക്ക് മനസ്സു കൊണ്ട് കയറുമ്പോഴേക്കും അതു തീർന്നിരിക്കും. ദൈർഘ്യമുള്ള സിംഗിൾ ഷോട്ട് ചെയ്യുന്നത് എനിക്കേറെ ഇഷ്ടമാണ്. ആ സീനിന്റെ മുഴുവൻ നിയന്ത്രണവും എന്റെ കയ്യിലാണെന്ന ഫീലുണ്ട് അതിന്.

 

ഫഹദ് എന്ന നടൻ

 

അവിനാശ് എന്ന കഥാപാത്രത്തെ ഫഹദ് അവതരിപ്പിച്ച രീതി തീർച്ചയായും പ്രേക്ഷകരിൽ ആശയക്കുഴപ്പം ഉണ്ടാക്കും. ആ കഥാപാത്രത്തെ സ്നേഹിക്കണോ വെറുക്കണോ എന്ന സംശയമാകും പ്രേക്ഷകരിൽ അവശേഷിക്കുക. താരങ്ങളുടെ തലക്കനമില്ലാത്ത അഭിനേതാക്കളാണ് മലയാളത്തിലുള്ളത്. ചില ആർടിസ്റ്റുകൾക്ക് അവർ അഭിനയിക്കുന്ന എല്ലാ രംഗങ്ങളും പ്രകടനം കൊണ്ട് അവരുടേതാക്കുന്ന ശീലമുണ്ട്. പക്ഷേ, ധൂമത്തിൽ അങ്ങനെ ആയിരുന്നില്ല. ചില സീനുകളിൽ സ്കോർ ചെയ്യുന്നത് ഫഹദ് ആകും. ചിലതിൽ അപർണയും ചിലതിൽ റോഷനുമാകും. സ്വന്തം കഴിവിൽ അത്ര വിശ്വാസമുള്ളവർക്കേ അങ്ങനെ വിട്ടു കൊടുക്കാൻ കഴിയൂ. ധൂമത്തിലെ പല രംഗങ്ങളിലും ഫഹദ് ഫാസിൽ അണ്ടർപ്ലേ ചെയ്തിട്ടുണ്ട്. ആ രംഗത്തിൽ തിളങ്ങുന്നത് റോഷനോ അല്ലെങ്കിൽ അപർണയോ ഒക്കെ ആകും. പക്ഷേ, അത് അവരുടെ സീൻ ആണെന്ന് ഫഹദിന് അറിയാം.  

 

ഹോംബാലെ നൽകിയ കംഫർട്ട്

 

ക്രൗഡ് ഫണ്ടിങ്ങിലൂടെ സിനിമ എടുത്തിട്ടുള്ള ആളാണ് ഞാൻ. ഹോംബാലെ ഫിലിംസ് പോലുള്ള വലിയ നിർമാതാക്കളുടെ പിന്തുണ ലഭിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം 'യൂബർ ഓട്ടോ'യിൽ പോയിരുന്ന എനിക്ക് 'യൂബർ പ്രീമിയം' കിട്ടിയ പോലുള്ള ഫീലാണ്. സിനിമയുടെ പ്രീപ്രൊഡക്‌ഷൻ നടക്കുന്ന സമയത്ത് ലൊക്കേഷനുകൾ കണ്ടെത്താനുള്ള ചർച്ചയിലിരിക്കെ ഒരു കാര്യം നടന്നു. ഞാൻ മനസ്സിൽ ആഗ്രഹിച്ച പോലുള്ള ലൊക്കേഷന് ദിവസ വാടക അഞ്ചു ലക്ഷമാണെന്ന് അറിഞ്ഞു. ഉടനെ ഞാൻ അതിലും ചെലവു കുറഞ്ഞ ലൊക്കേഷൻ തപ്പാൻ തുടങ്ങി. ഉടനെ ക്യാമറവുമൺ പ്രീത എന്നോടു പറഞ്ഞു, ‘‘പ്രൊഡക്ഷൻ ഹോംബാലെ അല്ലേ? നിങ്ങൾക്ക് ഇവിടെ ചെയ്യണമെങ്കിൽ ഇവിടെ തന്നെ ചെയ്യാം’’ എന്ന്. അതായിരുന്നു എന്റെ അവസ്ഥ. ഷൂട്ടിനിടയിൽ ഒരിക്കൽ സെറ്റിട്ടത് മഴയിൽ ആകെ നാശമായി. ഡിസംബറിൽ ബെംഗളൂരുവിൽ മഴ പെയ്യാറില്ല. പക്ഷേ, അപ്രതീക്ഷിതമായി മഴ പെയ്തു. സെറ്റ് മുഴുവൻ നശിച്ചു. വേറെ നിർമാതാക്കൾ‍ ആയിരുന്നെങ്കിൽ മറ്റേതെങ്കിലും ലൊക്കേഷൻ നോക്കാമെന്നു പറയുമായിരുന്നു. പക്ഷേ, ഹോംബാലെ അതേ സെറ്റ് പുനർനിർമിച്ചു നൽകി. സിനിമ കാണുമ്പോൾ ആദ്യമിട്ട സെറ്റും രണ്ടാമതു ചെയ്ത സെറ്റും തിരിച്ചറിയാൻ പോലും കഴിയില്ല.

 

പുനീത് രാജ്കുമാർ എന്ന നഷ്ടം

 

ഹോംബാലെ ഫിലിംസുമായി ചേർന്ന് ആദ്യം നിർമിക്കാൻ തയാറെടുത്തത് ദ്വിത്വ എന്ന സിനിമ ആയിരുന്നു. പുനീത് രാജ്കുമാർ ആയിരുന്നു കേന്ദ്രകഥാപാത്രം. ഷൂട്ട് തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ആയിരുന്നു പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗം. ആ തിരക്കഥ ഇനി സിനിമയാക്കാൻ എനിക്ക് അൽപം സമയമെടുക്കും. കാരണം, ഞാൻ ആ സിനിമ അദ്ദേഹത്തെ വച്ചു ദൃശ്യവത്ക്കരിച്ചു പോയി. അദ്ദേഹത്തെ വച്ചല്ലാതെ ആ പ്രോജക്ടിനെക്കുറിച്ചു ചിന്തിക്കാൻ ഇപ്പോൾ സാധിക്കുന്നില്ല. അതുകൊണ്ട്, കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാൻ ആ തിരക്കഥയെക്കുറിച്ചു ചിന്തിക്കാറില്ല.

 

ത്രില്ലറുകളിൽനിന്ന് ബ്രേക്ക്

 

ഒരു പൊലീസ് കഥാപാത്രം പോലുമില്ലാത്ത സിനിമയാണ് ഞാൻ ഇനി ചെയ്യാൻ ആഗ്രഹിക്കുന്നത്. ഞാൻ ചെയ്ത എല്ലാ സിനിമകളിലും പൊലീസ് ഉണ്ട്. അടുത്തതിൽ പൊലീസ് വേണ്ട. ഒരു റിയലിസ്റ്റിക് സിനിമ ചെയ്യണം. ‘സ്ലൈസ് ഓഫ് ലൈഫ്’ ഗണത്തിൽ പെടുത്താവുന്ന ഒരു സിനിമ. എന്റെ ആദ്യ സിനിമ ‘ലൈഫു ഇഷ്ടേനു’ റൊമാന്റിക് കോമഡി ആയിരുന്നു. അതിനു ശേഷമാണ് ത്രില്ലർ സിനിമകൾ ചെയ്യാൻ തുടങ്ങിയത്. തൽക്കാലം ത്രില്ലർ പാറ്റേൺ മാറ്റിപ്പിടിക്കാനാണ് തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com