ADVERTISEMENT

ഒരു ത്രില്ലർ വെബ്സീരിസ് എന്നതിലുപരി ഓരോ കഥാപാത്രത്തിന്റെയും വ്യക്തിജീവിതത്തിലേക്കും അവരുടെ രാഷ്ട്രീയത്തിലേക്കും നിലപാടിലേക്കും സൂക്ഷ്മമായി ക്യാമറ ചലിപ്പിക്കുന്നു എന്നതുകൊണ്ടു കൂടിയാണ് ‘കേരള ക്രൈം ഫയൽസ്’ വ്യത്യസ്തമാകുന്നത്. വെബ്സീരീസിന്റെ ഒടിടി റിലീസിനു പിന്നാലെ ഏറ്റവും കൂടുതൽ ചർച്ചയായ കഥാപാത്രങ്ങളിലൊന്നാണ് സിവിൽ പൊലീസ് ഓഫിസർ വിനു. എൻജിനീയറിങ് പഠനകാലം മുതൽ സിനിമ സ്വപ്നം കണ്ടിരുന്ന ചങ്ങനാശേരിക്കാരൻ സഞ്ജു സനിച്ചാണ് സിപിഒ വിനുവിനെ സ്ക്രീനിൽ പകർത്തിയിരിക്കുന്നത്. ‘ജൂൺ’ സിനിമയിലൂടെ സഞ്ജുവിനെ അവതരിപ്പിച്ചതിൽ അഭിമാനിക്കുന്നുവെന്നും സിപിഒ വിനുവിനു ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെ സന്തുഷ്ടനാണെന്നും സംവിധായകൻ അഹമ്മദ് കബീർ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. കേരള ക്രൈം ഫയൽസിന്റെ വിജയവേളയിൽ സഞ്ജുവിന്റെ സിനിമ വർത്തമാനങ്ങളിലൂടെ…

ചാൻസ് തെണ്ടി നടന്നൊരു ഭൂതകാലം എനിക്കും ഉണ്ട്…

അഭിനയം മോഹം പണ്ടേ ഉണ്ട്. എൻജിനീയറിങ്ങിനു പഠിക്കുന്ന കാലം മുതൽ സിനിമയിലെത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. 2011 മുതൽ സിനിമയിലെത്താൻ തീവ്രമായി ശ്രമിക്കുന്നുണ്ടായിരുന്നു. അന്ന് ഫെയ്സ്ബുക്കൊക്കെ സജീവമായി വരുന്ന സമയമാണ്. അവസരം ചോദിച്ച് എല്ലാവർക്കും മെസേജൊക്കെ അയയ്ക്കുമായിരുന്നു. പഠനം കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചപ്പോഴും അവസരങ്ങൾ തേടിയുള്ള അലച്ചിലുകൾ തുടർന്നു. ഓഡിഷൻസിലൊക്കെ പോയി തുടങ്ങി. 2015 മുതൽ സജീവമായി ശ്രമങ്ങൾ തുടർന്നു. 2018 ലാണ് ആദ്യമായി അവസരം ലഭിക്കുന്നത്. ഓഡിഷനിലൂടെയാണ് ആദ്യ സിനിമയായ ജൂണിലേക്ക് എത്തുന്നത്.

sanju-4

എനിക്ക് സിനിമ മോഹം ഉണ്ടെന്നു വീട്ടിൽ അറിയില്ലായിരുന്നു. സിനിമയിലേക്ക് സെലക്റ്റായപ്പോൾ വീട്ടുകാരുടെ പ്രതികരണം എന്താകുമെന്നു പേടിയുണ്ടായിരുന്നു. ഷൂട്ടിങ്ങിനു മുമ്പ് ഒരു അഭിനയ കളരിയുണ്ടായിരുന്നു. രണ്ടും കൽപിച്ച് വീട്ടിൽ പറഞ്ഞു. പക്ഷേ ഞാൻ പ്രതീക്ഷിച്ചതിനു വിപരീതമായി വീട്ടിൽനിന്നു മികച്ച പിന്തുണയാണ് ലഭിച്ചത്. ജൂണിൽ അസുരാസ് എന്ന ത്രീമെൻ ഫ്രണ്ട്സ് ഗ്യാങ്ങിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. അന്ന് ആക്ടിങ് ക്യാംപിനു നേതൃത്വം നൽകിയത് സംവിധായകൻ സിദ്ധാർഥ് ശിവയായിരുന്നു. അദ്ദേഹത്തിന്റെ ‘വർത്തമാനം’ എന്ന സിനിമയിൽ നെഗറ്റീവ് ഛായയുള്ള നല്ലൊരു വേഷം ചെയ്യാൻ അത് നിമിത്തമായി. പാർവതിയുടെയും റോഷൻ മാത്യുവിന്റെയും എതിരായി മുഴുനീള വേഷമായിരുന്നു അത്. ചിത്രം മനോരമ മാക്സിലുണ്ട്. കുഞ്ഞെൽദോ, സുന്ദരി ഗാർഡൻസ് എന്നീ സിനിമകളിൽ ചെറുവേഷങ്ങൾ ലഭിച്ചു. റിലീസിനു തയാറെടുക്കുന്ന വാലാട്ടിയിലും നല്ലൊരു കഥാപാത്രമാണ് ചെയ്തിരിക്കുന്നത്.

കാസ്റ്റിങ്ങിന്റെ കാര്യത്തിൽ അഹമ്മദ് കബീർ സൗഹൃദം പരിഗണിക്കാറില്ല

ജൂണിൽ അഭിനയിച്ചതിന്റെ പരിചയം കൊണ്ടാണ് കേരള ക്രൈം ഫയൽസിലേക്ക് എന്നെ അഹമ്മദ് കബീർ കാസ്റ്റ് ചെയ്തതെന്നു കരുതുന്നവരുണ്ട്. എന്നാൽ അത് പൂർണമായും ശരിയല്ല. കഥാപാത്രത്തിന് അനുയോജ്യനാണെന്നു തോന്നിയാൽ മാത്രമേ അഹമ്മദ് കബീർ നമുക്ക് അവസരം നൽകു. ‘മധുരം’ സിനിമയെടുക്കുമ്പോൾ ഞാനും ജൂണിലെ എന്റെ സഹതാരങ്ങളുമൊക്കെ അവസരം കിട്ടുമോ എന്നറിയാൻ ആ പരിസരത്തു കൂടി ചുറ്റിയടിച്ചിട്ടൊക്കെയുണ്ട്. എന്നാൽ ഞങ്ങൾക്ക് അനുയോജ്യമായ കഥാപാത്രങ്ങളൊന്നും ഇല്ലാത്തതു കൊണ്ടു തന്നെയാണ് അദ്ദേഹം ഞങ്ങളെ പരിഗണിക്കാതിരുന്നത്. മറ്റെല്ലാ അഭിനേതാക്കളെയും പോലെ ഓഡിഷൻ ചെയ്ത് ക്യാംപിലൊക്കെ പങ്കെടുത്ത് തന്നെയാണ് ഞാനും കേരള ക്രൈം ഫയലിന്റെ ഭാഗമാകുന്നത്.

‘മൃദു ഭാവേ, ദൃഢ കൃത്യേ…’ സിപിഒ വിനുവാണ് താരം

സിനിമയിൽനിന്നു വ്യത്യസ്തമായി വെബ്സീരിസിലേക്കു വരുമ്പോഴുള്ള ഏറ്റവും വലിയൊരു സാധ്യത എഴുത്തുകാരനു കുറച്ചു കൂടി സ്വാതന്ത്ര്യം ലഭിക്കും എന്നതാണ്. രണ്ടര മണിക്കൂറിലേക്ക് കഥയേയും കഥാപാത്രങ്ങളെയും പരിമിതപ്പെടുതേണ്ടതില്ല. കഥാപാത്രങ്ങളെ കൂടുതൽ സൂക്ഷ്മമായി അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്. സിപിഒ വിനുവിന്റെ കഥാപാത്രം തന്നെ എടുക്കു. സിനിമയിലാണെങ്കിൽ കേസ് അന്വേഷിക്കുന്ന ഒരു സാധാരണ പൊലീസുകാരന് അപ്പുറത്തേക്ക് അയാളുടെ വ്യക്തിജീവിതത്തിലേക്കോ രാഷ്ട്രീയത്തിലേക്കോ കഥാപാത്രത്തെ വികസിപ്പിക്കാൻ പരിമിതികളുണ്ട്.

sanju-sanichen-3

സിപിഒ വിനു ‘മൃദു ഭാവേ, ദൃഢ കൃത്യേ…’ എന്ന് പറഞ്ഞ് യുവത്വത്തിന്റെ ആവേശത്തിൽ നിൽക്കുന്ന ഒരാളാണ്. അയാളുടെ സുഹൃത്തുക്കളുടെ കൂട്ടത്തിൽ ഏറ്റവും അവസാനം ജോലി കിട്ടുന്ന വ്യക്തിയാണ് വിനു. ജോലി ഇല്ലാത്തതിന്റെ പേരിൽ, കാശില്ലാത്തതിന്റെ പേരിൽ സ്വന്തം സൗഹൃദ വലയങ്ങളിൽനിന്നു പോലും മാറ്റി നിർത്തപ്പെട്ടൊരു ഭൂതകാലമുണ്ട് അയാൾക്ക്. വിനു കൊച്ചു കൊച്ചു സന്തോഷങ്ങളുടെ ആളാണ്. ജോലി കിട്ടിയപ്പോഴാണ് വിനു ഇഷ്ടമുള്ള ഭക്ഷണവും വസ്ത്രവുമൊക്കെ വാങ്ങി അയാളുടെ കൊച്ചു കൊച്ച് ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുന്നത്. ജൂണിനു ലഭിച്ചതിനേക്കാൾ നാലോ അഞ്ചോ മടങ്ങ് സ്നേഹവും പ്രതികരണങ്ങളുമാണ് വിനുവിന്റെ കഥാപാത്രത്തിനു ലഭിക്കുന്നത്.

sanju-sanichen-32

നൊമ്പരമായി അവൽ മിൽക്ക് സീൻ…

വെബ്സീരിസിലെ അവൽ മിൽക്ക് സീനിനാണ് എനിക്ക് ഏറ്റവും കൂടുതൽ പ്രതികരണങ്ങൾ ലഭിച്ചത്. സോഷ്യൽ മീഡിയെ നിറയെ അവൽമിൽക്ക് റീലുകളും മീമുകളുമാണ്. വ്യക്തിപരമായി സിപിഒ വിനുവിന്റെ കഥാപാത്രത്തെ എനിക്ക് ബന്ധപ്പെടുത്താൻ കഴിയുന്നുണ്ടായിരുന്നു. ജോലി ഉപേക്ഷിച്ചു സിനിമയിൽ അവസരമന്വേഷിച്ചു നടക്കുമ്പോൾ നമ്മുടെ കയ്യിലും കാശ് കുറവായിരിക്കും. ഇഷ്ടമുള്ള ഭക്ഷണം കാണുമ്പോഴോ ഇഷ്ടമുള്ള സാധനം കാണുമ്പോഴോ അത് വേണ്ടെന്നുവയ്ക്കും. കാരണം ആ പൈസ ഉണ്ടെങ്കിൽ രണ്ടു മൂന്നു ദിവസം കൂടി തള്ളി നീക്കാം എന്ന ചിന്തയാണ്. വിനുവിന്റെ കഥാപാത്രം കടന്നുപോയ മാനസികാവസ്ഥ അതുകൊണ്ടുതന്നെ എനിക്ക് നന്നായി മനസ്സിലാകും.

ഇത്രയധികം ആളുകൾക്ക് അത് കണക്റ്റാകുമെന്നു ഞാൻ കരുതിയില്ല. എന്നെപ്പോലെ, വിനുവിനെപ്പോലെ എല്ലാവരുടെയും ലൈഫിൽ അങ്ങനെയൊരു സംഘർഷഭരിതമായ, വിഷമം നിറഞ്ഞ കാലഘട്ടമുണ്ട്. കൊച്ചു കൊച്ചു സ്വപ്നങ്ങളുള്ള പലരെയും ഞാൻ കണ്ടിട്ടുണ്ട്. ഉദാഹരണത്തി്ന, ചിലരുടെ ആഗ്രഹം അവരുടെ മാതാപിതാക്കളെ ഒരു തവണയെങ്കിലും വിമാനത്തിൽ കയറ്റണം എന്നായിരിക്കും. വലിയ യാത്രയൊന്നുമല്ല, കൊച്ചിയിൽനിന്ന് ബെംഗളൂരു വരെയൊരു യാത്രയൊക്കെയാണ് അവരുടെ സ്വപ്നം. സ്വന്തമായി അധ്വാനിച്ചു ലഭിക്കുന്ന പൈസ കൊണ്ട് കൊച്ചു കൊച്ചു ആഗ്രഹങ്ങൾ സാധിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തി വളരെ വലുതാണ്.

സന്തോഷം നൽകിയത് പൊലീസുകാരുടെ കോളുകൾ

വെബ്സീരീസ് കണ്ട് ചലച്ചിത്ര മേഖലയിൽ നിന്നുള്ള പലരും വിളിച്ചിരുന്നു. സംവിധായകർ ഉൾപ്പെടെ വിളിച്ചു നല്ല അഭിപ്രായം പറഞ്ഞിരുന്നു. എന്നാൽ എനിക്ക് ഏറ്റവും സന്തോഷം നൽകിയത് കുറച്ചു പൊലീസുകാരുടെ കോളുകളാണ്. ഒരുപാട് ആഗ്രഹിച്ച് അവൽ മിൽക്ക് കഴിക്കാൻ തുടങ്ങുമ്പോഴാണ്, കേസ് അന്വേഷണത്തിന്റെ ഭാഗമായി സിപിഒ വിനുവിനു പോകേണ്ടി വരുന്നത്. പൊലീസ് ജീപ്പിന്റെ പിന്നിലിരുന്ന് അവൽ മിൽക്കിലേക്ക് ദയനീയമായി നോക്കുന്ന വിനുവിനെ കാണുമ്പോൾ ആദ്യം പ്രേക്ഷകരുടെ മനസ്സിൽ ചിരിയും പിന്നീട് അയാളുടെ പശ്ചാത്തലം വിശദീകരിക്കുമ്പോൾ നൊമ്പരവും പടർത്തുന്നുണ്ട് ആ രംഗം.

ഇതുപോലെ ആഗ്രഹിച്ചു പൊറോട്ടയും ബീഫും കഴിക്കാൻ ഹോട്ടലിൽ കയറി പൊറോട്ടയ്ക്കു മുകളിൽ ബീഫ് ഒഴിച്ചു കഴിക്കാൻ തുടങ്ങിയപ്പോഴേക്കും കേസ് അന്വേഷണത്തിന്റെ ഭാഗമായി അവിടുന്നു പെട്ടെന്ന് പോകേണ്ടി വന്ന നിസ്സഹായാവസ്ഥയായിരുന്നു എന്നെ വിളിച്ച രണ്ടു പൊലീസുകാർ പങ്കുവെച്ചത്. പൊലീസുകാരുടെ വീട്ടിൽ ബീഫ് വയ്ക്കാറില്ലെന്നും ചിക്കനാണ് വയ്ക്കാറെന്നുമാണ് മറ്റൊരു പൊലീസുകാരൻ പറഞ്ഞത്. പൊലീസുകാരനാകുമ്പോൾ എപ്പോൾ വേണമെങ്കിലും വിളി വരാം. ചിക്കനെ അപേക്ഷിച്ചു ബീഫ് വേവാൻ കൂടുതൽ സമയം എടുക്കുമെന്നതു കൊണ്ട് വീട്ടിൽ ചിക്കനാണ് വാങ്ങാറുള്ളതെന്നു പറഞ്ഞു. തമാശയാണെന്നു തോന്നാമെങ്കിലും അതാണ് അവരുടെ യഥാർഥ്യം. അങ്ങനെ ഒരുപാട് പൊലീസുകാർക്ക് എന്റെ കഥാപാത്രത്തെ റിലേറ്റ് ചെയ്യാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഏറ്റവും സന്തോഷം നൽകുന്നത്.

sanju-june-3

ഒടിടി റിലീസിന് അനന്തമായ സാധ്യതകൾ

ഒടിടി ഫ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തതുകൊണ്ടു തന്നെ വലിയ സാധ്യതയാണ് വെബ്സീരീസിനു ലഭിച്ചത്. തമിഴിലോ ഹിന്ദിയിലോ ഇതരഭാഷകളിലോ വന്നിട്ടുള്ള വെബ്സീരീസുകളോട് കണ്ടന്റിലും മേക്കിങ്ങിലും കി പിടിക്കുന്ന സാങ്കേതിക തികവുണ്ട് കേരള ക്രൈം ഫയൽസിന്. അതുകൊണ്ടുതന്നെ ധൈര്യമായി ലോകത്ത് എവിടെയുള്ള ആൾക്കും നിർദ്ദേശിക്കാവുന്ന ചിത്രമാണിത്. മലയാളത്തിനൊപ്പം ഇതര ഭാഷകളിലും കാണാൻ ഒടിടി ഫ്ലാറ്റ്ഫോം അവസരം നൽകുന്നതിനാൽ കേരളത്തിനു പുറത്തുനിന്നും ഇന്ത്യയ്ക്കു പുറത്തുനിന്നു പോലും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

sanju-june

കേരള ക്രൈം ഫയൽസിനു തീർച്ചയായും സീസൺ -2 ഉണ്ട്. നിങ്ങളെ പോലെ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുന്നു. അതിൽ അവസരം ലഭിക്കുമോ എന്ന് ഇപ്പോൾ പറയാറായിട്ടില്ല. വെബ് സീരീസിന്റെ രചന നിർവഹിച്ച ആഷിക്ക് ഐമർ മലയാള സിനിമയ്ക്കൊരു മുതൽകൂട്ടാകും എന്നതിൽ സംശയമില്ല. വേഷങ്ങൾ ചെറുതാണെങ്കിലും വലുതാണെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ കഴിയുന്ന, ഐഡന്റിറ്റിയുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹം.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com