ADVERTISEMENT

ജനപ്രിയ സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കു സുപരിചിതയായ ഷെല്ലി എൻ.കുമാർ ‘മിന്നല്‍ മുരളി’യിലെ ഉഷ എന്ന ഒറ്റക്കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച താരമാണ്. വില്ലനായിട്ടു പോലും, ഗുരു സോമസുന്ദരത്തിന്റെ ഷിബുവിനെ പ്രേക്ഷകർ ഇഷ്ടപ്പെട്ടത് ഉഷയോടുള്ള ഉന്മാദ പ്രണയം കാരണമാണ്. തങ്കമീൻകൾ എന്ന ചിത്രത്തിലെ ഷെല്ലിയുടെ അഭിനയത്തിന് സൗത്ത് ഇന്ത്യൻ മൂവി അവാർഡിൽ മികച്ച നടിക്കുള്ള നോമിനേഷൻ ലഭിച്ചിരുന്നു. ശൈത്താന്‍ എന്ന വെബ് സീരീസിലൂടെ തെലുങ്കിലും നടി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. വെബ് സീരിസിലെ ഷെല്ലിയുടെ ചില ബോള്‍ഡ് രംഗങ്ങൾ സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു. ‘ഷെല്ലി ഇങ്ങനെയും അഭിനയിക്കുമോ?’ എന്ന് വിമർശിക്കുന്നവർ ‘ശൈത്താൻ’ മുഴുവൻ കാണണമെന്നാണ് ഷെല്ലിക്ക് പറയാനുള്ളത്. തെലുങ്ക് സിനിമാ സംവിധായകൻ മഹി വി. രാഘവ് സംവിധാനം ചെയ്ത ‘ശൈത്താൻ’ മലയാളം ഉൾപ്പടെ ഏഴു ഭാഷകളിൽ ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തിട്ടുണ്ട്. മക്കൾക്കു വേണ്ടി കൊല്ലാനും ചാവാനും മടിക്കാത്ത ശക്തയായ സാവിത്രി എന്ന കഥാപാത്രത്തിന്റെ വിശേഷങ്ങളുമായി ഷെല്ലി എൻ.കുമാർ മനോരമ ഓൺലൈനിൽ എത്തുന്നു.   

 

ശൈത്താനിലേക്ക് 

 

shaitan-shelly

ശൈത്താനിലെ സാവിത്രി എന്ന കഥാപാത്രത്തിനുവേണ്ടി എന്നെ നിർദ്ദേശിച്ചത് സംവിധായകൻ മഹി വി. രാഘവ് സാറിന്റെ അസിസ്റ്റന്റ് ഡയറക്ടർ രവിയാണ്. അദ്ദേഹം എന്റെ ‘തങ്കമീൻകൾ’ എന്ന സിനിമ കണ്ടിട്ടുണ്ട്. മഹി സർ മമ്മൂക്ക അഭിനയിച്ച ‘യാത്ര’ എന്ന സിനിമ ചെയ്തപ്പോൾ രവി എന്നെ യാത്രയിലേക്കു വിളിച്ചിരുന്നു. പക്ഷേ അന്ന് എനിക്ക് ചെയ്യാൻ പറ്റിയില്ല. ഏതെങ്കിലും സിനിമയിൽ എന്നെ കാസ്റ്റ് ചെയ്യണം എന്ന് രവി ആഗ്രഹിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് മിന്നൽ മുരളി ഇറങ്ങിയത്. അതിൽ എന്നെ കണ്ട രവി, മഹി സാറിനോട് വീണ്ടും എന്നെപ്പറ്റി പറഞ്ഞു. അദ്ദേഹം ‘മിന്നൽ മുരളി’ കണ്ടതിനുശേഷം എന്നെ വിളിച്ചു, ഈ സീരീസിനെപ്പറ്റി സംസാരിച്ചു. 

 

shelly-n-kumar-4

മഹി സർ എന്നെ വിളിച്ചപ്പോൾ പറഞ്ഞത്, സാവിത്രി എന്ന കഥാപാത്രത്തിന് ജീവിതത്തിൽ രണ്ടു ഘട്ടമുണ്ട്, ഒന്ന് യുവതിയായും പിന്നെ പ്രായമായിട്ടും. കുറച്ചു മുതിർന്ന മക്കളുടെ അമ്മ വേഷമാണ്. അത് ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, കുഴപ്പമില്ല ചെയ്യാമെന്ന്. പിന്നീടാണ് അദ്ദേഹം പറഞ്ഞത് സീരീസിൽ കുറച്ച് സെക്‌ഷ്വൽ കണ്ടന്റ് ഉണ്ടെന്ന്. ബലം പ്രയോഗിച്ച് സെക്സ് ചെയ്യുന്ന തരത്തിലുള്ള സീനുകളുണ്ട്. അത് പക്ഷേ ഈ സീരീസിൽ വളരെ പ്രധാനപ്പെട്ടതാണ്. ഒഴിവാക്കാൻ പറ്റില്ല. അത് ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ എന്നും ചോദിച്ചു. എനിക്ക് ഈ കഥാപാത്രം ചെയ്യാൻ കഴിയുമെന്ന വിശ്വാസം സാറിനുണ്ടോ എന്ന് ഞാൻ അദ്ദേഹത്തിനോടു തിരിച്ചു ചോദിച്ചു അദ്ദേഹം ഉണ്ടെന്നു പറഞ്ഞു. പിന്നീട്, ഇതെങ്ങനെ ചെയ്യാനാണ് സർ ഉദ്ദേശിക്കുന്നതെന്നും ചോദിച്ചു. താൻ ഇതുവരെ ഇങ്ങനെ ഒരു ജോണർ എടുത്തിട്ടില്ലെന്നും അതുകൊണ്ട് ഇത് എങ്ങനെ ചെയ്യുമെന്ന് അറിയില്ല, എന്തായാലും ഷെല്ലിക്ക് അസുഖകരമായ അവസ്ഥയിലേക്ക് ഒന്നും കൊണ്ടുപോകില്ല, താൽപര്യമുണ്ടെങ്കിൽ ഈ കഥാപാത്രം ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു. കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ വളരെ താൽപര്യം തോന്നി. അങ്ങനെ ഈ കഥാപാത്രം ചെയ്യാൻ തന്നെ ഞാൻ തീരുമാനിച്ചു. ഈ ടീമിനോടൊപ്പമുള്ള വർക്ക് വളരെ നല്ല അനുഭവമായിരുന്നു.

shelly-minnal-murali

 

കലയാണ് ആശയവിനിമയത്തിനുള്ള മാധ്യമം 

shelly-n-kumar-3

 

shelly-n-kumar-shaitan

ഈ കഥാപാത്രത്തെക്കുറിച്ച് ആദ്യം കേട്ടപ്പോൾത്തന്നെ ഞാൻ അതു സങ്കൽപിച്ചു നോക്കി. ആ വേഷം എനിക്ക് ഒരുപാട് ഇഷ്ടമായി. തെലുങ്ക് ഒറിജിനൽ ആയതുകൊണ്ട് ഭാഷയുടെ കാര്യത്തിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഓഡിഷന് ചെന്നപ്പോൾ ഇവർ എന്നെ ഈ കഥാപാത്രത്തിനുവേണ്ടി തിരഞ്ഞെടുക്കുമെന്നു ഞാൻ കരുതിയതേ ഇല്ല. കാരണം ഞാൻ അഭിനയിച്ചു കാണിച്ചപ്പോൾ ഭാഷ അറിയാത്തതുകൊണ്ട് ശരിയായില്ലായിരുന്നു. എന്നിട്ടും അവർ എന്നെത്തന്നെ വിളിച്ചു. അമ്മയും മൂന്നു മക്കളും ആയി അഭിനയിച്ചവരാരും തെലുങ്കർ അല്ലായിരുന്നു. ആദ്യം തന്നെ അവർ മുഴുവൻ തിരക്കഥ ഞങ്ങൾക്ക് ഇംഗ്ലിഷിൽ എഴുതി തന്നു.

 

shelly-n-kumar-321

ഷൂട്ട് തുടങ്ങുന്നതിനു ഒരു മാസം മുൻപ് തന്നെ ഞാൻ അസോഷ്യേറ്റ് ഡയറക്ടറെ വിഡിയോ കോൾ ചെയ്ത് എന്റെ സീനുകൾ ചോദിച്ചു മനസ്സിലാക്കി പഠിക്കുമായിരുന്നു. ഡയലോഗ് എല്ലാം അർഥം മനസ്സിലാക്കി കാണാതെ പഠിച്ചു. അതുകൊണ്ട് ചെയ്തു തുടങ്ങിയപ്പോൾ വലിയ ബുദ്ധിമുട്ട് തോന്നിയില്ല. കൂടെ അഭിനയിച്ചവരെല്ലാം നല്ല പെരുമാറ്റമായിരുന്നു. ഞങ്ങൾക്കിടയിൽ കല ആയിരുന്നു ആശയവിനിമയത്തിനുള്ള മീഡിയം. കലയ്ക്ക് ഭാഷയില്ലല്ലോ. പിന്നെ ഇംഗ്ലിഷ് അറിയാവുന്നതുകൊണ്ട് കുഴപ്പമില്ല. എല്ലാവരും നല്ല സഹകരണം ആയിരുന്നു. ഈ കഥാപാത്രങ്ങളുടെ ആഴം ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. ഞാൻ മാത്രമല്ല മലയാളത്തിൽനിന്ന് ലെന, മണികണ്ഠൻ ചേട്ടൻ എന്നിവർ ശൈത്താനിൽ വളരെ പ്രധാനപ്പെട്ട വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

 

മദനപ്പള്ളി എന്ന മനോഹരമായ ഉൾഗ്രാമം 

shelly-n-kumar-32

 

shelly-n-kumar-432

കർണാടക– ആന്ധ്ര ബോർഡറിൽ മദനപ്പള്ളി എന്ന സ്ഥലത്തായിരുന്നു ലൊക്കേഷൻ. ആദ്യത്തെ പത്തുപതിനഞ്ചു ദിവസം ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കാൻ എടുത്തു. ഷൂട്ട് ഒറ്റയടിക്ക് മുപ്പതു നാൽപതു ദിവസം എടുക്കുകയായിരുന്നില്ല. ഇടയ്ക്കിടയ്ക്ക് പോയി നാലഞ്ചു ദിവസം ഷൂട്ട് ചെയ്യും, പറയുന്ന ദിവസം തന്നെ ഷൂട്ട് തീർത്ത് മടങ്ങും. 2022 മാർച്ച് മുതൽ ഒക്ടോബർ വരെ ആയിരുന്നു ഷൂട്ട്. മദനപ്പള്ളി ഒരു ഉൾനാടൻ ഗ്രാമമാണ്. കാരവനൊന്നും കൊണ്ടുവരാൻ പറ്റാത്ത സ്ഥലമാണ്. ഞങ്ങൾക്ക് ബുദ്ധിമുട്ടാകുമോ എന്ന് പ്രൊഡക്‌ഷൻ ടീമിന് സംശയമുണ്ടായിരുന്നു.

 

 

 

പക്ഷേ ഞങ്ങൾ എല്ലാം അഡ്ജസ്റ്റ് ചെയ്തു. സ്ത്രീകൾക്കായി വൃത്തിയുള്ള ടോയ്‌ലെറ്റ്, വിശ്രമിക്കാൻ ഒരിടം ഒക്കെ അവർ അറേഞ്ച് ചെയ്തിരുന്നു. ഞങ്ങൾക്കു വേണ്ടത് അവർ ഒരുക്കി തന്നിരുന്നു. മഹേഷ് ബാബു സാറിന്റെ ത്രീ ഓട്ടം ലീവ്സ് എന്ന കമ്പനി ആണ് പ്രൊഡക്‌ഷൻ ടീം. ഞങ്ങൾക്ക് വേണ്ട സൗകര്യം എല്ലാം ഒരുക്കിത്തരാൻ അവർ റെഡി ആയിരുന്നു. അധികം സിനിമാക്കാരൊന്നും കണ്ടെത്താത്ത ഒരു മനോഹരമായ പ്രദേശമായിരുന്നു അത്. അവിടുത്തെ ഗ്രാമവാസികൾക്ക് ഞങ്ങളോടു സ്നേഹത്തോടെയും സഹകരണത്തോടെയും പെരുമാറി. വളരെ പ്രഫഷനലായ ഒരു പ്രൊഡക്‌ഷൻ ഷെഡ്യൂളിലായിരുന്നു ശൈത്താൻ ചെയ്തത്. 

 

സെക്സ് സീൻ ചെയ്തത് ഇങ്ങനെ 

 

ശൈത്താനിലെ ആദ്യത്തെ സെക്സ് സീൻ എടുക്കുന്ന ദിവസം ഇത് എങ്ങനെയായിരിക്കും ചെയ്യുക എന്നൊരു ടെൻഷൻ ഉണ്ടായിരുന്നു. പിന്നെ, ഇത് സെക്സ് അല്ലല്ലോ, നമ്മുടെ ജോലി മാത്രമല്ലേ, ജോലി എത്രയും ഭംഗിയായി ചെയ്യുക എന്നതാണ് നമ്മുടെ കർത്തവ്യം എന്നു കരുതി. അന്ന് രാവിലെ ഷൂട്ട് തുടങ്ങിയപ്പോൾത്തന്നെ ക്യാമറാമാനും സംവിധായകനും ഞങ്ങളും ചേർന്നിരുന്നു ചർച്ച ചെയ്തു. അവർ സ്കെച്ച് വരച്ചിട്ട് ഇതെങ്ങനെ ചെയ്യാം എന്നതിനെക്കുറിച്ചായി ചർച്ച. ആ സീൻ എടുത്ത റൂമിൽ ഞങ്ങളെ കൂടാതെ ഫോക്കസ് പുള്ളറും ക്യാമറാമാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

 

അസിസ്റ്റന്റ് ആയവർക്കെല്ലാം ഓഫ്‌ടൈം കൊടുത്തു. അകത്ത് ജനലിൽനിന്നു വരുന്ന രീതിയിലുള്ള ലൈറ്റ് ചെയ്തിട്ട് ജനലുകൾ എല്ലാം അടച്ചിരുന്നു. മറ്റാരും അവിടേക്ക് വന്നില്ല. ഞങ്ങളെ വളരെ കംഫര്‍ട്ടബിൾ ആക്കിവയ്ക്കാൻ അവർ ശ്രദ്ധിച്ചു. ആവശ്യമുള്ള ഷോട്ടുകൾ മാത്രമേ എടുത്തുള്ളൂ. അനാവശ്യമായിട്ട് ഒന്നും ചെയ്യാൻ നിർബന്ധിച്ചില്ല. ഡ്രസ്സ് കുറച്ചു പൊക്കി വയ്ക്കണമായിരുന്നു അതിനു സ്ത്രീകൾ തന്നെ വന്നു സഹായിച്ചു. സാരി മുട്ടുവരെ പൊക്കി വച്ചാണ് ചെയ്തിരിക്കുന്നത്. മഹി സാറിന്റെ സെറ്റിൽ പല ഡിപ്പാർട്മെന്റുകളുടെയും ചുമതല വഹിച്ചത് സ്ത്രീകൾ ആയിരുന്നു. നമ്മുടെ സഹായത്തിന് എല്ലാം സ്ത്രീകൾ ഉണ്ടായിരുന്നു.

 

മലയാളികൾക്കിടയിൽ സെക്സ് സീൻ മാത്രം വൈറൽ ആകുന്നു 

 

മലയാളം ഉൾപ്പടെ ഏഴു ഭാഷകളിൽ ആണ് ശൈത്താൻ ഹോട്ട്സ്റ്റാറിൽ റിലീസ് ആയിരിക്കുന്നത്. എന്നാൽ സീരീസ് ഇറങ്ങി കുറച്ചു ദിവസം ആയിട്ടും മലയാളത്തിൽനിന്ന് അധികം ആരും ഈ സീരിസ് മുഴുവൻ കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. ശൈത്താനിലെ സെക്സ് സീനുകൾ മാത്രമാണ് ഇവിടെ പ്രചരിക്കുന്നത്. ഷെല്ലി ഇങ്ങനെ അഭിനയിച്ചല്ലോ എന്നാണു പലർക്കും അദ്ഭുതം. കഥയിൽ വളരെ പ്രാധാന്യമുള്ള സീനുകൾ ആണ് അത്. പക്ഷേ സെക്സ് സീനുകൾ മാത്രം എഡിറ്റ് ചെയ്തെടുത്ത് റീൽസ് ആക്കി പ്രചരിപ്പിക്കുകയാണ് ഇവിടെ. ആ രീതിയിൽ സീരീസ് പോപ്പുലർ ആയിട്ടുണ്ട്.

 

സീനുകൾ കാണുന്നു എന്നല്ലാതെ അത് സിനിമയാണോ, ഏത് ഭാഷയാണ് എന്നൊന്നും ആരും നോക്കുന്നില്ല. വളരെ നല്ല ഒരു സീരീസ് ആണ് ശൈത്താൻ, അത് മലയാളത്തിലും എല്ലാവരും കണ്ടിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നാറുണ്ട്. തെലുങ്ക് ഇൻഡസ്ട്രിയിൽ ശൈത്താൻ സൂപ്പർ ഹിറ്റ് ആണ്. വളരെ നല്ല അഭിപ്രായമാണ് കിട്ടുന്നത്. കഴിഞ്ഞ ആഴ്ച ഹോട്ട്സ്റ്റാർ ഞങ്ങൾക്ക് ഒരു ഗ്രാൻഡ് പാർട്ടി തന്നിരുന്നു. അവർ തുടങ്ങിയതിൽ ഇതു വന്നതിൽ ഏറ്റവും മികച്ച സീരീസ് ആണെന്നാണ് പറയുന്നത്. 

 

നാരായണിയുടെ മൂന്നു ആൺമക്കളും ഭാരത സർക്കാർ ഉൽപന്നവും 

 

രണ്ടു മലയാളം സിനിമകൾ ഇറങ്ങാനുണ്ട്. ഒന്ന് ‘നാരായണിയുടെ മൂന്ന് ആൺമക്കൾ’. അലൻസിയർ സർ, ജോജു ജോർജ് ചേട്ടൻ, സുരാജ് ഏട്ടൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഒരു സിനിമയുടെ പോസ്റ്റ് പ്രൊഡക്‌ഷൻ വർക്ക് നടക്കുന്നു. സുബീഷ് സുബിയോടൊപ്പം ‘ഒരു ഭാരത സർക്കാർ ഉൽപന്നം’ എന്ന സിനിമയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ടി.വി. രഞ്ജിത്ത് ആണ് സംവിധാനം ചെയ്യുന്നത്. സീരീസ് ആയാലും സിനിമ ആയാലും നല്ല കഥാപാത്രങ്ങൾ കിട്ടുകയാണെങ്കിൽ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com