സിനിമയിൽ ഒരു ഡയലോഗുമില്ല, ‘മാമന്നനിലെ’ ഫഹദിന്റെ ഭാര്യ; രവീണ രവി അഭിമുഖം

raveena-ravi
ഫഹദ് ഫാസിലിനൊപ്പം രവീണ (1), അമ്മ ശ്രീജ രവിക്കൊപ്പം (2)
SHARE

മാരി സെൽവരാജിന്റെ സിനിമയിൽ നിശബ്ദതയ്ക്കു പോലും കൃത്യമായ അർഥങ്ങളുണ്ട്. അതുകൊണ്ടുതന്നെ, ‘മാമന്നൻ’ എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച രത്നവേലിന്റെ ഭാര്യയുടെ കഥാപാത്രത്തെ, ഒരു ഡയലോഗു പോലും ഇല്ലെങ്കിലും പ്രേക്ഷകർ ശ്രദ്ധിച്ചു. ജാതിവെറിയിാൽ ഭ്രാന്തു പിടിച്ചു നിൽക്കുന്ന രത്നവേലിനെ ഒരു സമയത്ത് മുറിയിൽ അടച്ചിടുന്നുണ്ട് ആ കഥാപാത്രം. വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഭയപ്പാടോടെ ജീവിക്കേണ്ടി വരുന്ന ഒരുപാട് സ്ത്രീജിവിതങ്ങളുടെ നിശബ്ദമായ അടയാളപ്പെടുത്തൽ കൂടിയായിരുന്നു രവീണ രവി അവതരിപ്പിച്ച ആ കഥാപാത്രം. മലയാളികൾക്ക് ഏറെ സുപരിചിതയായ മുതിർന്ന ഡബിങ് ആർടിസ്റ്റും അഭിനേത്രിയുമായ ശ്രീജ രവിയുടെ മകളും തെന്നിന്ത്യയിലെ പ്രശസ്ത ഡബിങ് ആർടിസ്റ്റുമാണ് രവീണ. അഭിനയത്തിൽ സജീവമായിക്കൊണ്ടിരിക്കുന്ന രവീണ രവി സിനിമാ വിശേഷങ്ങളുമായി മനോരമ ഓൺലൈനിൽ.

ഫഹദ് എന്ന സർപ്രൈസ്

മാമന്നനിലേക്കു വിളിച്ചപ്പോൾ ആദ്യം എന്നോടു പറഞ്ഞതു തന്നെ ഡയലോഗ് ഇല്ലെന്നായിരുന്നു. കുഴപ്പമുണ്ടോ എന്നു ചോദിക്കുകയും ചെയ്തു. ഞാൻ പറഞ്ഞു, അതൊന്നും കുഴപ്പമില്ല. ഇത്രയും വലിയ സിനിമയുടെ ഭാഗമാകുന്നതു തന്നെ വലിയൊരു സംഭവമല്ലേ! പത്തു പതിനഞ്ചു ദിവസത്തെ ഷൂട്ട് ഉണ്ടാകുമെന്നും പറഞ്ഞു. സിനിമയുടെ കാര്യങ്ങൾ പറഞ്ഞതിനു ശേഷം ഫോൺ വയ്ക്കുന്നതിനു തൊട്ടു മുമ്പാണ് എന്റെ കഥാപാത്രം ഫഹദ് ഫാസിലിന്റെ ഭാര്യയാണെന്നു പറയുന്നത്. അതു കേട്ടതും ഞാൻ എക്സൈറ്റഡ് ആയി. ഡയലോഗ് ഇല്ലെങ്കിലും സിനിമയിൽ എന്റെ കഥാപാത്രത്തിന് പ്രാധാന്യമുണ്ടെന്നു പറഞ്ഞിരുന്നു.

raveeena-mari

കൂളാക്കിയ സിനിമാ ചർച്ചകൾ

സെറ്റിൽ ആദ്യ ദിവസം എനിക്ക് അൽപം പേടിയൊക്കെ ഉണ്ടായിരുന്നു. സംവിധായകൻ ആദ്യം സംസാരിച്ചു കുറച്ചു കൂളാക്കി. പിന്നെ, ഫഹദ് സർ വന്നു. അദ്ദേഹം എന്നെ എല്ലാവർക്കും പരിചയപ്പെടുത്തി. ഫാസിൽ സാറിന്റെ സിനിമകളിൽ അമ്മ (ശ്രീജ രവി) ഡബ് ചെയ്തിരുന്ന കാര്യങ്ങളൊക്കെ പറഞ്ഞു. ശാലിനിക്കൊക്കെ ഡബ് ചെയ്ത കാര്യങ്ങൾ പങ്കു വച്ചു. പിന്നെ, അതിനെക്കുറിച്ചായി ചർച്ചകൾ. സെറ്റിലെ ഓരോ ദിവസവും നല്ല അനുഭവമായിരുന്നു.

raveena-vadivelu

അച്ഛനെ മിസ് ചെയ്യുന്നു

സമൂഹമാധ്യമങ്ങളിൽനിന്നു നല്ല പ്രതികരണമാണ് എന്റെ കഥാപാത്രത്തിനു ലഭിക്കുന്നത്. ചെറിയ വേഷമാണെങ്കിൽ പോലും എന്നെ പലരും തിരിച്ചറിഞ്ഞു. ഫഹദ് ഫാസിലിന്റെ ഭാര്യയായി അഭിനയിച്ചത് ഡബിങ് ആർടിസ്റ്റായ രവീണയാണെന്നു പരിചയപ്പെടുത്തുന്ന മീമുകൾ ഇറങ്ങി. അതെല്ലാം വലിയ സന്തോഷം നൽകിയ കാര്യങ്ങളായിരുന്നു. കൂടുതലും പോസിറ്റീവ് കമന്റുകളാണു ലഭിച്ചത്. ഈ സമയത്ത് ഏറ്റവും മിസ് ചെയ്യുന്നത് അച്ഛനെയാണ്.

sreeja-ravi-6
അച്ഛൻ രവിക്കും അമ്മ ശ്രീജയ്‌ക്കുമൊപ്പം

ഇതെല്ലാം അച്ഛന്റെ അനുഗ്രഹമായി കാണാനാണ് എനിക്കിഷ്ടം. ഞങ്ങൾക്കൊപ്പം അച്ഛൻ ഉണ്ടായിരുന്നെങ്കിൽ, ഞങ്ങളെക്കാൾ അദ്ദേഹം സന്തോഷിച്ചേനെ. അച്ഛനു വളരെ ഇഷ്ടമുള്ള നടനാണ് ഫഹദ്. അദ്ദേഹത്തിനൊപ്പം എന്നെ സ്ക്രീനിൽ കാണുന്നത് അച്ഛനെ ഏറെ സന്തോഷിപ്പിക്കുമായിരുന്നു. എന്റെയും അമ്മയുടെയും ഏറ്റവും വലിയ സപ്പോർട്ടറും വിമർശകനും ആയിരുന്നു അച്ഛൻ. ആ നഷ്ടം ഒരിക്കലും നികത്താനാവില്ല.

raveena-ravi-3

അഭിനയത്തിൽ ഇനി സജീവം

ആദ്യം അഭിനയിച്ച സിനിമ പുറത്തിറങ്ങിയത് 2017ലാണെങ്കിലും അതിനു മുമ്പെ എനിക്ക് ഓഫറുകൾ വരുന്നുണ്ടായിരുന്നു. പക്ഷേ, എനിക്കൊട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ഡബിങ്ങിന് സ്റ്റുഡിയോയിൽ നിൽക്കുമ്പോൾ ലൈറ്റിട്ടാലോ ആരെങ്കിലും സ്റ്റുഡിയോയുടെ അകത്തിരുന്നാലോ ഞാൻ കോൺഷ്യസ് ആകും. അഭിനയിക്കാൻ വീണ്ടും ഓഫറുകൾ വരാൻ തുടങ്ങിയപ്പോൾ ഞാൻ മാറിച്ചിന്തിച്ചു തുടങ്ങി. എന്തായാലും ഈ ഫീൽഡിൽ തന്നെയാണല്ലോ തുടരാൻ ഉദ്ദേശിക്കുന്നത് എന്നോർത്തു.

അങ്ങനെ പതിയെ ആത്മവിശ്വാസം ആർജ്ജിച്ചെടുത്തു. തമിഴിലാണ് ആദ്യം അഭിനയിച്ചത്. മലയാളത്തിൽ നിത്യഹരിത നായകൻ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ ശ്രീനാഥ് ഭാസിയുടെ നായികയായി മലയാളത്തിൽ പുതിയൊരു സിനിമ വരുന്നുണ്ട്. അതിന്റെ ഷൂട്ട് ജൂലൈയിൽ ആരംഭിക്കും. നവാഗതനായ ജോ ആണ് സംവിധായകൻ.

sreeja-ravi-daughter

അമ്മ തിരക്കിലാ

അമ്മയും ഈയടുത്താണ് അഭിനയത്തിൽ സജീവമാകാൻ തുടങ്ങിയത്. മുമ്പും ധാരാളം അവസരങ്ങൾ വന്നിരുന്നു. പക്ഷേ, അമ്മ അന്നൊക്കെ ഡബിങ്ങിന്റെ തിരക്കിൽ ആയിരുന്നതു കൊണ്ട് ആ അവസരങ്ങൾ വേണ്ടെന്നു വച്ചു. അഭിനയിക്കാൻ പോയാൽ 15–20 ദിവസങ്ങൾ മാറി നിൽക്കേണ്ടി വരുമല്ലോ. അപ്പോൾ ഡബിങ് മിസ് ആകും. അമ്മയ്ക്ക് ആത്മവിശ്വാസക്കുറവൊന്നും ഉണ്ടായിരുന്നില്ല. നല്ല കഥാപാത്രങ്ങൾ വന്നപ്പോഴൊക്കെ അമ്മ അഭിനയിച്ചിട്ടുണ്ട്. പിന്നെ, ഇപ്പോൾ അമ്മ കൂടുതലും ഡബിങ് ഡയറക്‌ഷനിലാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്. നായികമാർക്ക് ഡബ് ചെയ്യുന്നത് ചുരുക്കമാണ്. കൂടാതെ, നല്ല കഥാപാത്രങ്ങൾ ഇപ്പോൾ അമ്മയെ തേടി വരുന്നുണ്ട്. അഭിനയത്തിൽ അമ്മയ്ക്കാണ് ഇപ്പോൾ തിരക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS