ADVERTISEMENT

ഒരു ക്രൈം സീരിസിൽ പുരികത്തിനു പോലും വലിയ പങ്കാണുള്ളതെന്ന് പറയേണ്ടതില്ല.  കൊലപാതകങ്ങൾ തെളിയിക്കുവാൻ അതിനെക്കുറിച്ചുള്ള ചെറിയൊരു വിശേഷണം പോലും നിർണായകമാകും. എങ്കിലും ഇങ്ങനെയൊക്കെ ആരെങ്കിലും ഒരു പുരികത്തെക്കുറിച്ച് പൊലീസിനോട് പറയുമോ എന്ന് ചിന്തിപ്പിക്കുന്ന ഒരൊറ്റ ഡയലോഗിലൂടെയാണ് ഹരിശങ്കർ രാജേന്ദ്രൻ എന്ന അഭിനേതാവ് ശ്രദ്ധിക്കപ്പെടുന്നത്. ‘ജൂൺ’ എന്ന ചിത്രത്തിന്  ശേഷം ‘കേരള ക്രൈം ഫയൽസ്’ എന്ന വെബ് സീരീസിലേക്കുള്ള അഭിനയ യാത്രയെക്കുറിച്ചും  ചെറിയ വേഷം സമ്മാനിച്ച വലിയ അനുഭവത്തെക്കുറിച്ചും ഹരിശങ്കർ സംസാരിക്കുന്നു.

 

സന്തോഷം അതുക്കുംമേലെ

 

അത്രമേൽ സന്തോഷമുള്ള ദിവസങ്ങളിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. ആ സന്തോഷത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പോലും എനിക്കറിയില്ല. ആകെ മൂന്നോ നാലോ സീനുകളിലാണ് ഞാൻ ഉള്ളത്. അതിൽ തന്നെ ടാറിട്ട പുരികം എന്ന ഡയലോഗ് സ്ക്രിപ്റ്റിൽ ഇല്ലായിരുന്നു. ആ സീൻ ചെയ്യുന്ന സമയത്ത് എങ്ങനെയോ അറിയാതെ വായിൽ നിന്ന് വീണു പോയതാണ്. അത് ഭാഗ്യത്തിന് പാളിപോകാതെ പ്രേക്ഷകർക്ക് ഇഷ്ടമുള്ളതായി മാറി. ആകെ ഞാൻ ചെയ്ത കുറച്ചു സീനുകളിലെ ഡയലോഗുകൾ വരെ ആളുകൾ ശ്രദ്ധിച്ചു പറയുന്നുണ്ട്. അതൊക്കെ എന്നെ സംബന്ധിച്ച് വലിയ അനുഭവമാണ്. ഒരിക്കലും പ്രതീക്ഷിച്ച കാര്യമല്ല ഇത്.

harisankar-45

 

ചേട്ടൻ തന്ന സ്വപ്നം

 

harisankar-3

ചേട്ടൻ രവിശങ്കറിന് സിനിമ സംവിധാനം വലിയ ഇഷ്ടമായിരുന്നു. ചേട്ടനാണ് മനസ്സിൽ സിനിമയെക്കുറിച്ചുള്ള  സ്വപ്നം തരുന്നത്. ചേട്ടനിലൂടെ ആണ് നല്ല സിനിമകൾ കണ്ടതും ആ ചേട്ടനിലൂടെയാണ് നല്ല സിനിമകളെ അറിഞ്ഞതും അഭിനയത്തിന്റെ കൗതുകം മനസ്സിൽ വന്നതുമൊക്കെ. വളർന്നു വന്നപ്പോൾ ഞാൻ തനിയെ സിനിമകൾ കണ്ടു പിടിക്കാനും കാണാനും തുടങ്ങി അതൊരു ആവേശമായിട്ട് മാറി. അതുകഴിഞ്ഞ് പന്തളം എൻഎസ്എസ് കോളജിൽ ബിഎ ഇംഗ്ലിഷ് പഠിക്കുന്ന സമയത്ത് ഡിപ്പാർട്ട്മെന്റിനു വേണ്ടിയും അതുപോലെ കോളജിനു വേണ്ടിയിട്ടും ഒക്കെ ഒരുപാട് നാടകങ്ങൾ ചെയ്യാൻ അവസരമുണ്ടായി. അതോടുകൂടി അഭിനയിക്കണമെന്നുള്ള കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചു. ഇതാണ് എന്റെ വഴി എന്ന് എനിക്ക് മനസ്സിലായി.  

 

ഡിഗ്രി കഴിഞ്ഞതിനുശേഷം വളരെ ഗൗരവത്തോടെ സിനിമയെ സമീപിച്ച് ഓഡിഷനുകൾ അറ്റൻഡ് ചെയ്തു തുടങ്ങി. അങ്ങനെയാണ് ‘ജൂൺ’ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടുന്നത്. അതിനുശേഷം  മറ്റൊരു സിനിമയ്ക്കും കൂടി  അവസരം ഉണ്ടായെങ്കിലും കോവിഡ് കാരണം അത് മുടങ്ങി പോയി. അതുകഴിഞ്ഞ് എനിക്ക് തന്നെ തോന്നി ഒരു ഇടവേള വേണമെന്ന്. മനഃപൂർവം എടുത്തതാണ് രണ്ടു വർഷത്തെ ഇടവേള. ബെംഗളൂരിൽ ഒരു മൾട്ടിനാഷ്നൽ കമ്പനിയിൽ ജോലി ചെയ്തു. എനിക്ക് എന്റെ നിലനിൽപ്പിനും സ്വയം ഒന്നുകൂടി പരുവപ്പെടാനും വേണ്ടി ഒരു സമയം ആവശ്യമാണെന്ന് തോന്നി. അത് കഴിഞ്ഞ് തിരിച്ചുവന്നു ചെയ്തതാണ് ഈ സീരിസ്.  സിനിമയുള്ള ഇടങ്ങളിലെ അന്വേഷണത്തിനിടയിലാണ് അഹമ്മദ് കബീറിനെ പരിചയപ്പെടുന്നത്.

 

harisankar-34

ആ വിവരണം എല്ലാം എളുപ്പമാക്കി

 

സീരീസ് ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപ് ആകെ ഒരു തവണയേ ഞാൻ സംവിധായകനായ അഹമ്മദ് കബീറിനെ കണ്ടിട്ടുള്ളൂ. ഞങ്ങൾ ഇതിനുവേണ്ടി ഒരുപാട്  നേരം ചർച്ചകളൊന്നും നടത്തിയിട്ടില്ല. അദ്ദേഹം എന്നെ വിളിച്ചിട്ട് പറഞ്ഞു, ‘‘എടാ ഇങ്ങനെ ഒരു കഥാപാത്രം ഉണ്ട് നീ ചെയ്താൽ നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നുവെന്ന്. നിന്റെ ഒരു കംഫർട്ട് വിട്ടിട്ടുള്ള ഒരു കഥാപാത്രമാണ് എന്നാണ് എനിക്ക് തോന്നുന്നത്. ചെയ്തു നോക്ക്’’ എന്ന് പറഞ്ഞു. ഗ്രാമത്തിലെ ഒരു യുവാവ്, വലിയ ലോക പരിചയം ഒന്നുമില്ലാത്തയാൾ,  അദ്ദേഹത്തിന്റെ  ജീവിതത്തിലെ ആദ്യത്തെ ഒരു അനുഭവമാണ് ഈ കേസും അന്വേഷണവുമൊക്കെ.  അതിനെ എങ്ങനെയാണ് അദ്ദേഹം നേരിടുന്നത് എന്നൊക്കെയുള്ളത് ചെയ്യാനായിട്ട് എനിക്ക് ഒരുപാട് കൗതുകം തോന്നി.  അതുകൊണ്ട് തന്നെ കഥാപാത്രത്തെ ആദ്യമേ എനിക്ക് ഇഷ്ടമായി. നമുക്ക് പരിചയമുള്ള നാട്ടുമ്പുറങ്ങളിലെ വളരെ നിഷ്കളങ്കരായ ചെറുപ്പക്കാരൻ, അല്ലെങ്കിൽ അയൽപക്കത്തെ വീട്ടിലുള്ള വളരെ ഉപകാരിയായി ഒരു യുവാവ് അങ്ങനെയുള്ള  വേഷങ്ങൾ ചെയ്യാനായിട്ട് എനിക്കൊരു താല്പര്യം ഉണ്ടായിരുന്നു.  അതുകൊണ്ടാകണം ഒരുപാട് തയാറെടുപ്പകളൊന്നും നടത്തിരുന്നില്ല. അതിന്റെ ആവശ്യമില്ലായിരുന്നു. സ്ക്രിപ്റ്റ് നന്നായി വായിച്ചിട്ട് ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ സംവിധാനത്തിന്റെ മികവും അദ്ദേഹം കഥ പറഞ്ഞു തരുന്ന രീതിയും എനിക്കു വളരെ രസകരമായി തോന്നി.  അതുകൊണ്ടുതന്നെ സ്ക്രിപ്റ്റ് വായിച്ചു നോക്കി സീനിൽ എന്താണ് വേണ്ടത് എന്ന് അദ്ദേഹം വിവരിച്ചത് ഉടനെ ചെയ്യാൻ സാധിച്ചിരുന്നു. എങ്കിലും ചില സിനിമ നമ്മുടെ മനസ്സിൽ നിൽക്കുമല്ലോ അങ്ങനെയുള്ള ഇവിടെയും ഉണ്ട്.

 

harisankar-actor

സിഗരറ്റ് വലിയും ആ നോട്ടവും

 

എന്റെ ജീവിതത്തിൽ ഇതുവരെ ഞാൻ സിഗരറ്റ് വലിച്ചിട്ടില്ല. പക്ഷേ ഈ കഥാപാത്രത്തിന് അത് ആവശ്യമുണ്ടെന്നു പറഞ്ഞതുകൊണ്ട് ബെംഗളൂരിൽ വച്ചു സിഗരറ്റ് വലിച്ചു പഠിക്കാൻ തുടങ്ങി. വീട്ടിൽ ആദ്യമായിട്ട് ചെയ്യുന്ന കാര്യം ആയതുകൊണ്ട് കുറച്ച് പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. അഞ്ചുമിക്കാൻ ഒക്കെ തുടങ്ങി അതേ കാര്യം സെറ്റിലും അനുഭവിക്കേണ്ടിവന്നു പക്ഷേ എന്തോ പിന്നീട് അധികം ബുദ്ധിമുട്ടാതെ തന്നെ എനിക്ക് അത് ചെയ്യാനും സാധിച്ചു. അത് തെറ്റിന്റെ ഒരു അന്തരീക്ഷവും രാവിലെ അംഗങ്ങളുടെ ഒരു പെരുമാറ്റവും ഒക്കെ ആ ഒരു കാര്യം എനിക്ക് എളുപ്പമാക്കി തന്നു.  എന്റെ മനസ്സിൽ നിൽക്കുന്നമറ്റൊരു ഒരു കാര്യം  മൃതദേഹം  കാണുന്ന സമയത്തെ റിയാക്‌ഷൻ ആയിരുന്നു. ഇത് രണ്ടും ആണ് ഞാൻ ചെയ്തതിൽ എനിക്ക് ഏറ്റവും  നിർണായകമായ കാര്യങ്ങളായി തോന്നിയത്. ഈ രണ്ട് സീനുകളും ആണ് ഇപ്പോ മനസ്സിൽ തങ്ങിനിൽക്കുന്ന ഷൂട്ടിങ് അനുഭവങ്ങളേതെന്നു ചോദിച്ചാൽ പറയാൻ കഴിയുന്നത് അത്രയേയുള്ളൂ.

 

പ്രിയങ്കരം ആ പുരികം

 

ടാറിട്ട പുരികത്തെ കുറിച്ച് വരുന്ന എല്ലാ കമന്റ്സുകളും എല്ലാ അഭിപ്രായങ്ങളും എനിക്ക് ഏറ്റവും ഫേവറേറ്റ് ആയിട്ടുള്ള കാര്യങ്ങളാണ്. ഒന്നാമത്തെ കാര്യം അത് ഹിറ്റ് ആകുമെന്ന് വിചാരിച്ചുകൊണ്ട് പറഞ്ഞതല്ല സ്വാഭാവികമായി അന്നേരത്തു  വന്നു പോയതാണ്. സാധാരണഗതിയില്‍ മനുഷ്യൻ പുരികത്തെ ഇങ്ങനെയൊക്കെ ഒരു ഉപമിക്കുമോ എന്നെനിക്ക് അറിയില്ല. അതുകൊണ്ട് എനിക്ക് പേഴ്സനൽ ആയി ഒരുപാട് ഇഷ്ടമുള്ള കാര്യമായി മാറി.

 

ഇതൊരു തുടക്കമാണ്

 

സത്യത്തിൽ ഒരു ചരിത്രം തന്നെയാണ് ഈ സീരിസ്. കാരണം മലയാളത്തിൽ നിന്ന് ഒരുപാട് സീരിസുകളൊന്നും നമ്മൾ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ നല്ലൊരു തുടക്കമാകട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നതും പ്രാർഥിക്കുന്നതും.  ഒരുപാട് നല്ല സബ്ജക്ടുകൾ അവതരിപ്പിക്കാനും നല്ല കഥകൾ പറയാനും ഒരുപാട് നല്ല കഥാപാത്രങ്ങളെ സൃഷ്ടിക്കാനും ഒരുപാട് നല്ല ആക്ടേഴ്സിനെ കൊണ്ട് അത് ചെയ്യിപ്പിക്കാനുള്ള ഒരു സാധ്യതയുണ്ട് നിലവിൽ മലയാളത്തിൽ. നല്ലൊരു തുടക്കമായി കഴിഞ്ഞാൽ അഭിനയിക്കാൻ ഇഷ്ടമുള്ളവർക്കും നല്ല സബ്ജക്ടുകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുമൊക്കെ ഒരു വലിയ അവസരം ആയിരിക്കുമത്. നല്ല കഥാപാത്രങ്ങളെ  തെരഞ്ഞെടുക്കാനുള്ള യുക്തിയും മനസ്സും അഭിനേതാക്കൾ കാണിച്ചാൽ വലിയ സാധ്യതയാണ് അവർക്കുള്ളത്. സ്വാഭാവികമായും ഒരു സീരീസ് ശ്രദ്ധിക്കപ്പെടുമ്പോൾ അതുപോലുള്ള സീരിസ് ചെയ്യാനായിട്ട് ഒരുപാട് ആൾക്കാർ മുന്നോട്ടു വരുമായിരിക്കും. അതുകൊണ്ട് അഭിനേതാക്കൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ശ്രദ്ധാലുക്കളായാൽ നല്ല പ്രോജക്ടുകളുടെ ഭാഗമാകാൻ  സാധിക്കും. പ്രേക്ഷകർക്കും അതൊരു വലിയ അനുഭവമായിരിക്കും കാതലായ കഥകളും നല്ല അഭിനയം മുഹൂർത്തങ്ങളും അവർക്ക് കാണാനാകും. നല്ലത് എന്റർടെയ്ൻമെന്റ് ആയിട്ട് സിനിമ പോലെ സീരിസുകളും മാറും.  ഇതേ പ്ലാറ്റ്ഫോമിൽ കൂടി തന്നെ മലയാളത്തിൽ കുറെ സീരീസുകൾ വരാനിരിക്കുകയാണ്

 

ഇതാണ് ശരിക്കും അപമാനം

 

ഏതൊരു വ്യക്തിയും ശ്രദ്ധിക്കപ്പെടുന്ന ഒരു വർക്ക് ചെയ്തു കഴിയുമ്പോൾ സ്വാഭാവികമായ അദ്ദേഹത്തോട് ഉണ്ടാകുന്ന ഒരു ചോദ്യമാണ് താങ്കളുടെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടം ഏതായിരുന്നു താങ്കൾ എത്രമാത്രം കഷ്ടപ്പെട്ടിട്ടാണ് ഈ നിലയിൽ എത്തിയത് എന്നൊക്കെ.  പക്ഷേ ഞാൻ ഒരിക്കലും ആ ഒരു കാര്യത്തിൽ വിശ്വസിക്കുന്നില്ല. കാരണം നമുക്ക്  നമ്മൾ നമുക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യം കഷ്ടപ്പെട്ട് ചെയ്യുമ്പോഴാണ് അതിൽ വെല്ലുവിളിയും പ്രയാസങ്ങളും നേരിടേണ്ടി വരുന്നതും അന്നേരമാണ്  അതിനെക്കുറിച്ചു പറയേണ്ടതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമുക്ക് ഇഷ്ടമുള്ള ഒരു കാര്യത്തിന് വേണ്ടി, നമ്മൾ തിരഞ്ഞെടുത്ത ഒരു കാര്യത്തിന് വേണ്ടി നമ്മൾ അധ്വാനിക്കുന്നതിനെ പ്രയാസം എന്നോ വെല്ലുവിളി എന്നോ സ്ട്രഗ്ലിംഗ് പീരീഡ് എന്നോ വിളിക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല. നമ്മൾ ആ കാര്യത്തിനുവേണ്ടി എടുത്തതും ഇപ്പോൾ നൽകുന്നതുമായ അധ്വാനത്തോടും അതിനോടുള്ള ഇഷ്ടത്തോടും കാണിക്കുന്ന അപമാനം ആയിട്ടാണ് എനിക്ക് തോന്നുന്നത്. നമ്മൾ നമ്മളുടെ ഇഷ്ടത്തെയും നമ്മുടെ അധ്വാനത്തെയും അപമാനിക്കുന്നത് അതേക്കുറിച്ച് പറഞ്ഞു നടക്കുമ്പോഴാണ്. അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്..

 

ആ തീവണ്ടിയും 25 രൂപ ടിക്കറ്റും

 

ഞാൻ ഓഡിഷനുകളിൽ പങ്കെടുത്തു  തുടങ്ങിയ സമയത്ത് ഡിഗ്രി കഴിഞ്ഞ്, സ്ഥിര വരുമാനം ഇല്ലാത്ത, ഒരു കരിയർ കെട്ടിപ്പിടിക്കാൻ തുടങ്ങിയ ഏതൊരു വ്യക്തിയും നേരിടുന്ന  ബുദ്ധിമുട്ടുകളൊക്കെ ഞാൻ നേരിട്ടിട്ടുണ്ട്. അത് സ്വാഭാവികമാണ്. ഞാൻ അന്ന് കൊച്ചിയിൽ വന്നു പോയാണ് ഓഡിഷൻ അറ്റൻഡ് ചെയ്തത്. അവിടെ നിന്ന് ഓഡിഷനുകളിൽ പങ്കെടുക്കാനുള്ള സാഹചര്യം അന്നില്ലായിരുന്നു. എനിക്ക് ഓർമയുണ്ട് എന്റെ വീടിന്റെ അടുത്തുള്ള  റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂർ ആണ്. ചെങ്ങന്നൂരിൽ നിന്ന് കൊച്ചിയിൽ വരാൻ 25 രൂപയാണ് ട്രെയിൻ ടിക്കറ്റിന്റെ വില. രാവിലെ വന്ന് ഓഡിഷനുകൾ നടക്കുന്ന സ്ഥലത്തേക്ക് പോയി തിരിച്ച് വൈകുന്നേരം ട്രെയിനിൽ തന്നെ മടങ്ങുന്നതായിരുന്നു പതിവ്.  മൂന്നുനാല് ദിവസം തുടർച്ചയായി ഇങ്ങനെ വന്നു പോയിട്ടുണ്ട്. കൊച്ചിയിൽ വന്നിറങ്ങിയതിനു ശേഷം ഓഡിഷനുകളിൽ പങ്കെടുക്കാൻ  വേണ്ടി നടത്തിയ യാത്രയിലാണ് കൊച്ചിയുടെ ഭൂമിശാസ്ത്രം ഞാൻ പഠിക്കുന്നത് പോലും. 

 

ഓഡിഷൻ അറ്റൻഡ് ചെയ്യുന്ന  സ്ഥലങ്ങളിൽ  ചിലയിടത്തുനിന്ന് നമുക്ക് നല്ല റിവ്യൂ ആയിരിക്കും കിട്ടുന്നത്  ചിലയിടത്ത് അപമാനിക്കപ്പെട്ടിട്ടുണ്ട്. അതൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല. അതെല്ലാം ഒരു സ്വപ്നത്തിന് പുറകിലുള്ള നമ്മുടെ യാത്രയുടെ ഭാഗമായിട്ടേ ഞാൻ കരുതിയിട്ടുള്ളൂ. അതുതന്നെയാവും ഈ സ്വപ്നത്തിലേക്ക് പിന്നെയും മനുഷ്യരെ എത്തിക്കുന്നതിനു പിന്നിലുള്ള രഹസ്യവും അതിന്റെ ഒരു ത്രില്ലും.

 

എന്റെ കാര്യത്തിൽ അന്ന് ഓഡിഷനുകൾക്ക് വേണ്ടിയുള്ള ഓട്ടവും പിന്നീട് സിനിമയ്ക്ക് വേണ്ടിയിട്ടുള്ള ആലച്ചിലും അതിനുവേണ്ടി എടുത്ത ഒരു ക്ഷമയും അതിനുവേണ്ടി ചെലവാക്കിയ സമയവും പൈസയും ഒന്നും കഷ്ടപ്പാട് ആയി കണക്കാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് സിനിമയുടെ ഭാഗമാകുന്ന ഏതൊരു സാധാരണക്കാരനായ വ്യക്തിയും നേരിടുന്ന നേരിടുന്ന കാര്യങ്ങൾ ആയിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ. ഒരു കാര്യം ഉറപ്പാണ് അങ്ങനെയുള്ള യാത്രകളും അങ്ങനെയുള്ള പരിചയപ്പെടലുകളും അങ്ങനെയുള്ള ഓരോ പെരുമാറ്റങ്ങളും ഒക്കെ നമ്മുടെ അഭിനയ ജീവിതത്തിൽ വലിയ സംഭാവനകൾ നൽകും നമുക്ക് ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഒരു പഠനമായി തീരുമത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com