ADVERTISEMENT

‘പദ്മിനി’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഇതിനു മുമ്പും പ്രശ്നങ്ങളുണ്ടായതെന്നും അതിൽ ആദ്യം പരാതി തന്നത് നായകനായ കുഞ്ചാക്കോ ബോബൻ ആയിരുന്നുവെന്നും നിർമാതാവ് സന്ദീപ് സേനൻ. ഈ പരാതി വന്നതിനു ശേഷമാണ് ചിത്രത്തിന്റെ നിർമാതാവായ സുവിൻ കെ. വർക്കി, കുഞ്ചാക്കോ ബോബനെതിരെ രംഗത്തുവരുന്നത്. ഈ രണ്ടു പരാതികളും ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കിയതാണ്. സുവിൻ കെ. വർക്കി പുതിയ പരാതി തന്നിട്ടില്ല. പരാതിയുണ്ടെങ്കിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പുതിയ എക്സിക്യൂട്ടീവ് നിലവിൽ വന്നതിനു ശേഷം പരിഗണിക്കുമെന്നും സന്ദീപ് സേനൻ പറഞ്ഞു.

പ്രമോഷനിൽ പങ്കെടുക്കണമെന്ന് എഗ്രിമെന്റ് ഉണ്ടെങ്കിലും നേരത്തേ പറഞ്ഞുറപ്പിച്ച തീയതിയിൽ മാറ്റം വരുകയാണെങ്കിൽ താരങ്ങൾക്ക് നേരിട്ട് പ്രമോഷനിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം വരാറുണ്ടെന്ന് സന്ദീപ് സേനൻ പറയുന്നു. സിനിമയെന്ന വ്യവസായത്തെ നന്നായി മനസ്സിലാക്കാതെ സിനിമ നിർമിക്കാൻ വരുന്ന പുതിയ നിർമാതാക്കളാണ് താരങ്ങളുടെ പ്രതിഫലം ഉയരാൻ ഒരു കാരണമെന്നും സിനിമാ നിർമാണത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കാനുള്ള അവസരം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉണ്ടാക്കിയാലും അതിൽ ആരും പങ്കെടുക്കാറില്ലെന്നും സന്ദീപ് സേനൻ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാാണ് സന്ദീപ് സേനൻ. പൃഥ്വിരാജ് നായകനാകുന്ന ‘വിലായത്ത് ബുദ്ധ’യാണ് സന്ദീപ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രം.

സിനിമയുടെ റിലീസ് തീയതിയും പ്രമോഷൻ തീയതിയും

സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കണം എന്നത് എഗ്രിമെന്റിൽ ഉള്ളതാണ്. നേരത്തേ പറഞ്ഞുറപ്പിക്കുന്ന റിലീസ് തീയതിയാണെങ്കിൽ പ്രമോഷനു പങ്കെടുക്കണം എന്നാണ് വ്യവസ്ഥ. പക്ഷേ റിലീസ് ഡേറ്റ് മാറുമ്പോൾ ആർടിസ്റ്റിന്റെ സൗകര്യം കൂടി കണക്കിലെടുക്കണം. പ്രമോഷനു പങ്കെടുക്കണം എന്നത് വളരെ അത്യാവശ്യമാണ്, പക്ഷേ റിലീസ് തീയതി മാറുകയാണെങ്കിൽ ആർടിസ്റ്റ് മറ്റൊരു പരിപാടിക്ക് ഡേറ്റ് കൊടുത്തിട്ടുണ്ടാകാം. അല്ലെങ്കിൽ ആരോഗ്യസ്ഥിതിയിൽ എന്തെങ്കിലും പ്രശ്നമുണ്ടാകാം, അങ്ങനെ വരുമ്പോൾ നിർബന്ധിക്കാൻ കഴിയില്ല. അതിനനുസരിച്ച് ചിലപ്പോൾ ഓൺലൈൻ ആയി പ്രമോഷനിൽ പങ്കെടുക്കാൻ കഴിയും. സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് ഇത്തരത്തിൽ സംഭവിക്കുമ്പോൾ നീക്കുപോക്കുകൾ ഉണ്ടാകണം. അത് ആരുടേയും കുറ്റമല്ല. ചിലപ്പോൾ മഴ കാരണം നിർമാതാവിന് റിലീസ് ഡേറ്റ് മാറ്റി വയ്‌ക്കേണ്ടി വരും, ആർടിസ്റ്റ് മറ്റൊരു കമ്മിറ്റ്മെന്റിൽ ആയിരിക്കും. ഇങ്ങനെയൊക്കെയാണ് പങ്കെടുക്കാൻ കഴിയാതെ വരുന്നത്. ‘പദ്മിനി’ എന്ന സിനിമയുടെ കാര്യത്തിൽ കുഞ്ചാക്കോ ബോബന്റെ ഭാഗത്തു പൂർണമായി വീഴ്ച പറ്റിയെന്നു പറയാൻ കഴിയില്ല. നേരത്തേ പറഞ്ഞുറപ്പിച്ച ദിവസമല്ലെങ്കിൽ ചിലപ്പോൾ പ്രമോഷനിൽ പങ്കെടുക്കാൻ കഴിഞ്ഞെന്നു വരില്ല. എല്ലാവർക്കും തിരക്കുണ്ടാകുമല്ലോ. ഭാവിയിൽ പുതിയ സിനിമകൾ നിർമിക്കുന്നവർ ഇത്തരം കാര്യങ്ങൾ കൂടി മുന്നിൽ കണ്ടു വേണം പ്രവർത്തിക്കേണ്ടത്.

മാർക്കറ്റുള്ള അഭിനേതാക്കൾക്കാണ് ഡിമാൻഡ്

മാർക്കറ്റ് ഉള്ള താരങ്ങളെ വച്ച് സിനിമ എടുക്കുക എന്നതാണ് എല്ലാക്കാലത്തും നടക്കുന്ന കാര്യം. മാർക്കറ്റ് നിർണയിക്കുന്നത് ജനങ്ങളാണ്. സ്ഥിരമായി ഹിറ്റുകൾ ഉണ്ടാക്കുന്ന താരങ്ങൾക്ക് മാർക്കറ്റ് ഉണ്ടാകും. സിനിമ വിറ്റുപോകുന്ന പ്ലാറ്റ്ഫോമുകൾ അവരുടെ കച്ചവട സാധ്യത കാണുന്നത് മാർക്കറ്റ് ഉള്ള നടന്മാരിൽത്തന്നെയായിരിക്കും. മാർക്കറ്റ് ഇല്ലാത്തവരെ വച്ചു സിനിമ എടുക്കുന്നത് നിർമാതാക്കൾക്ക് വലിയ റിസ്കാണ്.

സിനിമ വിജയിക്കണമെങ്കിൽ തിയറ്ററുകൾ കൂടി സഹകരിക്കണം

നാൽപത്തിരണ്ട് അല്ലെങ്കിൽ തൊണ്ണൂറു ദിവസം തിയറ്ററിൽ പടം ഓടിക്കണം എന്നു പറഞ്ഞ് ആഴ്ചക്കാഴ്ചയ്ക്ക് ഷോ മാറ്റി മാറ്റി ഇടുന്ന പ്രവണത തിയറ്ററുകാർ ഒഴിവാക്കണം. ഒരു സിനിമ ഒരാഴ്ചയെങ്കിലും തുടർച്ചയായി കളിക്കാനുള്ള ആർജവം തിയറ്ററുകാർ കാണിക്കണം. എന്നാൽ മാത്രമേ സിനിമ നിലനിൽക്കൂ. നല്ല സിനിമകൾ ഓടിച്ചു കൊടുക്കേണ്ട കടമ തിയറ്റർകാർക്കും ഉണ്ട്. എന്നും സെഞ്ചറി അടിച്ചല്ല സച്ചിൻ തെൻഡുൽക്കർ മുന്നൂറോ നാനൂറോ വൺ ഡേ കളിച്ചിട്ടുള്ളത്. ചില ദിവസം നന്നായി വരും. അതുപോലെ സിനിമ തിയറ്ററിൽ നിലനിൽക്കാനുള്ള അവസരം കൊടുത്താലേ ജനങ്ങൾക്ക് ആഴ്ച/വസാനം തിയറ്ററിൽ വന്നു സിനിമ കാണാൻ പറ്റൂ. ശനി, ഞായർ ദിവസങ്ങളിലാണ് ഇപ്പോൾ കൂടുതൽ ആളുകൾ തിയറ്ററിൽ എത്തുന്നത്. ചില സിനിമകൾ മാർക്കറ്റുള്ള താരങ്ങൾ ഇല്ലെങ്കിലും കണ്ടന്റ് നല്ലതാണെങ്കിൽ വിജയിച്ചു കാണാറുണ്ട്. ‘രോമാഞ്ചം’ പോലെയുള്ള സിനിമകൾ അഭിനേതാക്കളെ നോക്കിയല്ല ജനങ്ങൾ കാണുന്നത്. അതിന്റെ കണ്ടന്റ് നോക്കിയിട്ട് സിനിമ മുഴുവനായി ആസ്വദിക്കുകയാണ്. അത്തരം സിനിമകൾ തിയറ്ററിൽ വലിയ വിജയമാകാറുണ്ട്.

താരങ്ങളുടെ പ്രതിഫലം ഉയരുന്നതിന് കാരണം പരിചയ സമ്പന്നരല്ലാത്ത നിർമാതാക്കൾ

ഒരു താരത്തിന് മാർക്കറ്റ് ഉള്ളതുകൊണ്ടാണ് നിർമാതാക്കൾ അയാളെ തിരഞ്ഞെടുക്കുന്നത്. ഒരു പടം തിയറ്ററിൽ ഇറങ്ങുന്നതിനു മുൻപു തന്നെ മുടക്കുമുതലിന്റെ പകുതിയെങ്കിലും തിരിച്ചു കിട്ടുന്ന ബിസിനസിനെക്കുറിച്ചാണ് ഞാൻ പറയുന്നത്. ഓരോ താരവും ഉണ്ടാക്കിയെടുത്ത മാർക്കറ്റ് വില അനുസരിച്ചാണ് അത് കണക്കാക്കുന്നത്. ഒരു ലീഡ് താരത്തിന്റെ മാർക്കറ്റ് വാല്യൂ തൊട്ടു താഴെയുള്ള ആളിന് ഉണ്ടാകണം എന്നില്ല. അതുകൊണ്ട് ലീഡ് താരത്തിന് കൊടുക്കുന്ന പ്രതിഫലം മറ്റുള്ളവർക്ക് കൊടുക്കാൻ കഴിയില്ല. നിരന്തരം സിനിമയെടുക്കുന്ന പത്തോ പതിനഞ്ചോ നിർമാതാക്കളേയുള്ളൂ. സിനിമയെന്ന വ്യവസായത്തെക്കുറിച്ച് ബോധവാന്മാരല്ലാത്ത നിർമാതാക്കളാണ് പലപ്പോഴും താരങ്ങൾക്കു കൂടുതൽ പ്രതിഫലം കൊടുക്കുന്നത്.

ഒരു സോപ്പ് കമ്പനി തുടങ്ങുമ്പോൾ പോലും അതിന്റെ വിറ്റുവരവ് എങ്ങനെയാണെന്നു നോക്കിയിട്ടാണ് മുതൽ മുടക്കുന്നത്. അതുപോലെ സിനിമയുടെ ബിസിനസിനെക്കുറിച്ച് ധാരണയില്ലാതെ സിനിമ നിർമിക്കാൻ വരുന്നവരാണ് ഒരു ആർടിസ്റ്റ് ചോദിക്കുന്നതോ അതിൽ കൂടുതലോ കൊടുത്ത് അയാളെ തിരഞ്ഞെടുക്കുന്നത്. നിരന്തരം സിനിമ ചെയ്യുന്ന താരങ്ങൾ അവരുടെ മാർക്കറ്റ് വാല്യൂ എന്താണെന്ന് അറിഞ്ഞ് വിലപേശൽ നടത്തും. അത് നിർമാതാവിന് കൊടുക്കാൻ കഴിയില്ലെങ്കിൽ ഈ ആർടിസ്റ്റിനെ കാസ്റ്റ് ചെയ്യാൻ കഴിയില്ല എന്ന് അയാൾക്ക് തീരുമാനം എടുക്കാം. സിനിമ അറിയുന്ന നിർമാതാവേ അങ്ങനെ ചെയ്യാറുള്ളൂ. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിർമാതാക്കൾക്ക് വന്നു കാര്യങ്ങൾ അന്വേഷിക്കാനുള്ള സൗകര്യമുണ്ട്. സിനിമാ വ്യവസായം എന്ത്, എങ്ങനെയാണു വിറ്റുവരവ് നടത്തുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് കൺസൽറ്റേഷൻ നടത്താനായി ഒരു സെഷൻ തന്നെ സംഘടന നടത്താറുണ്ട്. പക്ഷേ അതിനൊന്നും ആരും വരാറില്ല. ഒന്നും അറിയാതെ സിനിമ എടുക്കുന്നവരാണ് താരങ്ങളുടെ പ്രതിഫലം കൂടാൻ കാരണക്കാർ. ഒരു ആർടിസ്റ്റിന് ഒരു കോടി രൂപ ഒരു നിർമാതാവ് കൊടുത്താൽ അടുത്ത സിനിമയ്ക്ക് വിളിക്കുന്ന, ഒന്നുമറിയാതെ വരുന്ന നിർമാതാവ് അയാൾക്ക് ഒന്നരക്കോടി കൊടുക്കാൻ തയാറാവുകയാണ്. പിന്നെ അയാളുടെ പ്രതിഫലം ഒന്നരക്കോടിയാണ്. വിറ്റുവരവ് എന്താണെന്നു മനസ്സിലാക്കി വേണം ബിസിനസ് ചെയ്യാൻ. പണം വെറുതെ വാരി എറിയാനുള്ള ബിസിനസ് അല്ല സിനിമ, അത് പഠിച്ചു തന്നെ ചെയ്യണം.

നിർമാതാക്കളുടെ സംഘടനയുടെ പുതിയ എക്സിക്യൂട്ടിവ്

‘പദ്മിനി’ എന്ന സിനിമയുമായി ബന്ധപ്പെട്ട് കുഞ്ചാക്കോ ബോബന്റെ ഭാഗത്തുനിന്ന് ആദ്യമൊരു പരാതി ഉണ്ടായിരുന്നു. അതിനു ശേഷമാണു നിർമാതാവ് സുവിൻ കെ. വർക്കിയുടെ പരാതി വന്നത്. പ്രതിഫലം മുഴുവൻ കൊടുക്കാത്തതിന്റെ പേരിലായിരുന്നു ആദ്യം പരാതി വന്നത്. അതിനു ശേഷമാണു പ്രമോഷന് പങ്കെടുക്കാത്തതിന്റെ കാര്യം പറയുന്നത്. ഈ രണ്ടു കാര്യങ്ങളും പ്രൊഡ്യൂസർ അസോസിയേഷനിൽ സംസാരിച്ച് ഒത്തുതീർപ്പാക്കിയതാണ്. അതിനു ശേഷം അസോസിയേഷന് രേഖാമൂലം പരാതി ഒന്നും തന്നിട്ടില്ല. അദ്ദേഹം സമൂഹമാധ്യമങ്ങളിൽ ആണ് ഇതിനെപ്പറ്റി പറഞ്ഞത്. അസോസിയേഷന്റെ ഭാഗത്ത നിന്ന് ഏകപക്ഷീയമായി ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഈ വിഷയം നിഷ്പക്ഷമായിട്ടാണ് കാണുന്നത്. ഇനിയും ഇങ്ങനെ ഒരു വിഷയം ഉണ്ടെങ്കിൽ ഞങ്ങൾ അത് ചർച്ച ചെയ്യും. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള അസോസിയേഷന്റെ തിരഞ്ഞെടുപ്പ് നടന്ന് പുതിയ എക്സിക്യൂട്ടീവ് വിളിക്കുമ്പോൾ ഇക്കാര്യം ചർച്ചയ്ക്ക് എടുത്തേക്കാം. അതിനു ശേഷം മാത്രമേ അസോസിയേഷന്റെ നിലപാട് എന്താണെന്ന് പറയാൻ കഴിയൂ.

English Summary: Chat With Producer Sandip Senan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com