ADVERTISEMENT

ആദ്യചിത്രമായ ‘പ്രകാശൻ പറക്കട്ടെ’ ഇറങ്ങും മുൻപ് നഗരത്തിലെ കൂറ്റൻ പരസ്യ ബോർഡുകൾ കാണിക്കാനായി നിർമാതാക്കളിൽ ഒരാളായ ടിനു തോമസ് ഷഹദിനെ കാറിൽ കയറ്റി. ബൈപാസിലൂടെ കാർ നീങ്ങി. പാലാരിവട്ടം പൈപ് ലൈൻ ജംക്‌ഷനിലെത്തിയപ്പോൾ, കാറിനു പിന്നിലേക്കു നോക്കാൻ ടിനു പറഞ്ഞയുടൻ ഷഹദ് പിൻതിരിഞ്ഞു നോക്കി. പണ്ട്, സപ്ലയറായി നിന്ന തട്ടുകടയ്ക്കു മീതെ ‘ പ്രകാശൻ പറക്കട്ടെ’ എന്ന കൂറ്റൻ ബോർഡ്. കണ്ണുചിമ്മി തുറക്കുന്നതിനിടെ ഷഹദ് ബോർഡിൽ തെളിഞ്ഞു കണ്ടു ‘സംവിധാനം ഷഹദ്’. സിനിമയിലേക്കുള്ള സംവിധായകന്റെ യാത്ര ഒട്ടും എളുപ്പമുള്ളതല്ലല്ലോ. വിജയിച്ചു നിൽക്കുന്ന മിക്കവർക്കും കാണും ഒരു ദുർഘട യാത്രയുടെ കഥ. മിക്കപ്പോഴും മറ്റൊരു സിനിമ പോലെ തന്നെ. ആഹ്ലാദഭരിതമായ ഒരു സിനിമക്കാലം ഭാവിയിലേക്കു പ്രതീക്ഷിക്കുമ്പോൾ ഷഹദ് മലപ്പുറം ജില്ലയിൽ നിലമ്പൂരിനടുത്തു പാലേമാട് സ്കൂളിൽ 11–ാം ക്ലാസിൽ എത്തിയതേയുള്ളൂ. 

 

മറക്കാനാകില്ല മജീദ്ക്കയെ

 

പതിനൊന്നാം ക്ലാസ് കാലത്ത് കൂട്ടുകാരൻ വിപിനൊപ്പം നാട്ടിലെ ബിസിനസുകാരനായ മജീദ്ക്കയെ ചെന്നു കണ്ടു. ‘2000 രൂപ നൽകി ഷോർട് ഫിലിം സംവിധാനം ചെയ്യാൻ സഹായിക്കാമോ’, എന്നു ചോദിച്ചു. തെല്ലു സംശയിച്ചാണെങ്കിലും മജീദ്ക്ക സഹായിച്ചു. കവളമുക്കട്ട സ്കൂളിൽ ‘ മൊട്ട’ എന്ന ഷോർട്ഫിലിം ചിത്രീകരിച്ചു. ആദ്യ പ്രദർശനവും അവിടെത്തന്ന. പ്ലസ് വൺ വിദ്യാർഥി ഷോർട് ഫിലിം ചെയ്തു പ്രദർശനം നടത്തിയതു പത്രങ്ങളിലെല്ലാം വാർത്തയായി. അതോടെ നാട്ടുകാർ നൂറും ഇരുന്നൂറും രൂപ പിരിച്ചെടുത്ത് ഇനിയും സിനിമകൾ ചെയ്യാൻ നിർബന്ധിച്ചു.  വില്ലേജ് ഷേഡ്സ്’ എന്ന ബാനറിൽ പിന്നീട് പിറന്നതു നാലഞ്ചു ഷോർട് ഫിലിമുകൾ. 

 

കവളമുക്കട്ടയിലെ കഥാകാരൻ

anuragam-review

 

സാധാരണക്കാരുടെ ജീവിതം മാത്രം വായിച്ചെടുക്കാനാവുന്ന നിലമ്പൂരിനടുത്തുള്ള കവളമുക്കട്ട ഗ്രാമത്തിലെ വലിയൊരു പുസ്തക വായനക്കാരനായിരുന്നു ചക്കുങ്ങൽ ഹംസ. ഒറ്റ സിനിമ പോലും വിട്ടുപോകാതെ കാണാറുള്ള ചക്കുങ്ങൽ കുഞ്ഞുമുഹമ്മദ് ഗേറ്റിങ്ങലിൽ പലചരക്കു കട നടത്തുകയാണ്. കുട്ടിക്കാലം മുതൽ ഷഹദിൽ കഥയുണർത്തിയവർ ഇവരാണ്. ജീവിതത്തെ ഭാവനാപൂർണവും കാൽപനികവുമായി കാണാൻ പഠിപ്പിച്ച ഉപ്പൂപ്പയും വാപ്പച്ചിയുമാണവർ. മറിയുമ്മയാണ് ഉമ്മ. അനുജൻ ഷാബിൽ എഡിറ്ററാണ്. ബിരുദ വിദ്യാർഥി ഷബീബ അനുജത്തിയും. 

shahad-nilambur

 

തട്ടുകടയിലെ സപ്ലയർ 

 

പ്ലസ് ടു കഴിഞ്ഞപ്പോൾ എൻജിനീയറിങ് പഠിക്കണമെന്ന വാശി വീട്ടുകാർക്കായിരുന്നു. ഈറോഡിലെ കോളജിലെത്തിയപ്പോഴാണു പത്തനതിട്ടക്കാരൻ ജെറിൻ പരിചയക്കാരനാകുന്നത്. ചേട്ടൻ ജെമിൻ ജോ അയ്യനേത്ത് സിനിമയിൽ ക്യമാറാമാനാകാൻ പഠിക്കുകയാണെന്നു ജെറിൻ പറഞ്ഞപ്പോൾ ഉള്ളിലെ മോഹം വീണ്ടും സിനിമയിലേക്കു പ്രചോദിപ്പിച്ചു കൊണ്ടേയിരുന്നു. ഡിപ്ലോമ കഴിഞ്ഞു നാട്ടിലെത്തിയ ഷഹദ് മജീദ്ക്കയുടെ വളം കടയിൽ പണിക്കു നിന്നു. അവിടുന്നുണ്ടാക്കിയ 3000 രൂപയുമായി കൊച്ചിയിൽ മൾട്ടി മീഡിയ കോഴ്സിനു ചേരാനായി ഷഹദ്  വണ്ടികയറി. കോഴ്സിനു 2000 രൂപ നൽകിയതോടെ കൈയിലെ കാശെല്ലാം അതിവേഗത്തിൽ തീർന്നു. അങ്ങനെ പാലാരിവട്ടം പൈപ് ലൈൻ ജം‌ക്‌ഷനിലെ തട്ടുകടയിൽ സപ്ലയറായി. സിനിമാ മോഹവും മറ്റും കേട്ടറിഞ്ഞ തട്ടുകടയുടമ വെയ്റ്റർ പണിയിൽ നിന്ന് അക്കൗണ്ടന്റാക്കി ഉയർത്തിയതോടെ കഥ പറയാനും സിനിമാക്കാരെ കാണാനും നേരം കിട്ടിത്തുടങ്ങി. 

 

അലച്ചിലും ഒരു പഠനം തന്നെ

 

അതിനിടെ ക്യാമറ വാടകയ്ക്കു നൽകുന്ന ഇടപ്പള്ളിയിലെ ‘ ഡ്രീംസിൽ’ ജോലിക്കു ചേർന്നു. ക്യാമറ ഒരുവിധം പരിചയിച്ചു. മഖ്ബൂൽ സൽമാൻ അഭിനയിച്ച ലോങ് സൈറ്റ് എന്ന സിനിമ, ഹൈ അലർട്ട് എന്ന തെലുങ്കു ചിത്രം എന്നിവയിൽ സഹായിയായി ജോലി ചെയ്തു.‘ അടി കപ്യാരേ കൂട്ടമണി’ എന്ന ചിത്രത്തിലെ സംവിധാന സഹായിയുടെ വേഷം ധ്യാൻ ശ്രീനിവാസനിലേക്കും അജു വർഗീസിലേക്കുമുള്ള സൗഹൃദത്തിന്റെ വഴിയൊരുക്കം കൂടിയായി. 

 

ഒപ്പനയും അനുരാഗവും 

 

ധ്യാന‍ിനോട് പറഞ്ഞ കഥകളും സൗഹൃദവും ധ്യാനിൽ ഷഹദിന്റെ വിശ്വസനീയത വർധിപ്പിച്ചു. ‘ലവ് ആക്‌ഷൻ ഡ്രാമ’ എന്ന ധ്യാൻ ചിത്രത്തിൽ സംവിധാന സഹായിയായി അവസരം ലഭിച്ചു. കോവിഡും വെള്ളപ്പൊക്കവുമെല്ലാം ഇവർക്കിടയിലെ ആത്മബന്ധവം വളർത്തി. തുടക്കക്കാരെ ഒപ്പംകൂട്ടി ചിത്രീകരിച്ച  ‘ഒപ്പന’ എന്ന ഷോർട് ഫിലിം ഹിറ്റായതോടെ ഷഹദിനായി സിനിമ നിർമിക്കാമെന്നായി ധ്യാൻ ശ്രീനിവാസൻ. ആ വാക്കിലാണ് ആദ്യചിത്രം‘ പ്രകാശൻ പറക്കട്ടെ’ പ്രേക്ഷകരിലെത്തുന്നത്. ആ ചിത്രത്തിനൊപ്പം ‘അനുരാഗം’ കൂടി ചിത്രീകരണം തുടങ്ങിയതോടെ ജീവിതത്തിൽ അവിശ്വസനീയ സംഭവങ്ങളും സാധ്യമാകുമെന്നു ഷഹദ് അനുഭവിച്ചറിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com