ADVERTISEMENT

കോവിഡിന്റെ സമയത്ത് ഒരു സിനിമാ നിർമാണം. ആദ്യ സിനിമയായ ‘ചെരാതുകൾ’ക്ക് തന്നെ 2021- ലെ നിർമാതാവിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡിന്റെ പ്രത്യേക ജൂറി പുരസ്കാരം. മാത്യു മാമ്പ്ര ഏറ്റവും പുതിയ ചിത്രം കിർക്കന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനിൽ പങ്കുവയ്ക്കുന്നു.

 

കിറുക്കനിലേക്ക്?

 

ദേശീയ പുരസ്കാര ജേതാവായ സലിംകുമാർ, കനി കുസൃതി തുടങ്ങിയ നല്ല താരനിര ഉള്ള ഒരു ചിത്രത്തിലേക്ക് അഭിനയിക്കാൻ ആയിട്ടാണ് എന്നെ അവർ വിളിക്കുന്നത്. നിരവധി അവാർഡുകൾ നേടിയ ചിരാതുകൾ എന്ന ചിത്രത്തിൽ ഞാൻ ഒരു വേഷം ചെയ്തിരുന്നു. ആ ചിത്രം കണ്ടിട്ടാണ് കിർക്കനിലേക്ക് എന്നെ വിളിക്കുന്നത്. കഥ കേൾക്കണമെന്ന് ഞാൻ അവരോട് ആവശ്യപ്പെട്ടപ്പോൾ അവർ അത് അയച്ചുതരികയും ചെയ്തു. സ്ക്രിപ്റ്റ് വായിച്ചു നോക്കിയപ്പോൾ അഭിനയ സാധ്യതയുള്ള ഒരു വേഷമാണ് വറീത് എന്ന് മനസ്സിലാക്കുകയും അതിനോട് ഒരു ഇഷ്ടം തോന്നുകയും ചെയ്തു  അങ്ങനെയാണ് ഈ സിനിമയുടെ ഭാഗമാകുന്നത്.

 

'വറീത്' ആയി സ്ക്രീനിൽ തിളങ്ങുമ്പോൾ?

 

വളരെ വ്യത്യസ്തമായ ഒരു വേഷമാണ് വറീത്. കഥ കേട്ടപ്പോൾ അൽപം ചാലഞ്ചിങ് ആയി തോന്നിയിരുന്നു. കാരണം കുറെയധികം ഭാവങ്ങളിലൂടെയും ഇമോഷനുകളിലൂടെയുമാണ് വറീത് കടന്നു പോകുന്നത്. ഇതുതന്നെയാണ് ആ ക്യാരക്ടർ ചെയ്യണമെന്ന് വളരെയധികം ആഗ്രഹം തോന്നിയതും. കഥകേട്ട് സ്ക്രിപ്റ്റ് വായിച്ചപ്പോൾ അതിനു വേണ്ട മുന്നൊരുക്കങ്ങളും തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ വറീതായി സെറ്റിലേക്ക് പോകാനും എനിക്ക് കഴിഞ്ഞു. അതുകൊണ്ടാകും ഇത്രയും വലിയ താരനിരയ്ക്കൊപ്പം വലിയ ബുദ്ധിമുട്ടില്ലാതെ ആ വേഷം ചെയ്യാൻ കഴിഞ്ഞത്. നാഷ്ണൽ അവാർഡ് വിന്നറായ ആൾക്കൊപ്പമാണ് അഭിനയിക്കുന്നത്. കോമ്പിനേഷൻ സീനുകളിൽ ഒക്കെ വളരെ നന്നായി ചെയ്യാൻ കഴിഞ്ഞതും ആ തയാറെടുപ്പുകൾ ഒന്നുകൊണ്ട് മാത്രമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. 

 

വറീതിനെ പ്രേക്ഷകർ ഇഷ്ടപ്പെട്ടു തുടങ്ങി?

 

ഒരുപാട് റിവ്യൂകളും സോഷ്യൽ മീഡിയയിലെ എഴുത്തുകളും ഒക്കെ കണ്ടപ്പോ സത്യം പറഞ്ഞാൽ ഒരുപാട് സന്തോഷമുണ്ട്. വറീത് എന്ന ക്യാരക്ടറിനെ പ്രേക്ഷകർ ഇഷ്ടപ്പെട്ടു എന്നതിൻറെ തെളിവാണല്ലോ ഈ പ്രതികരണങ്ങൾ. ചിരാതുകൾ ചിത്രത്തിൽ വളരെ മിതവാദിയായ ഒരു സാധാരണക്കാരന്റെ വേഷമായിരുന്നു ചെയ്തത്. ആ ക്യാരക്ടറിന്റെ മുഖത്ത് എപ്പോഴും സന്തോഷം പ്രകടമായിരുന്നു. പിന്നീട് റോഷാക്കിലും നല്ലൊരു വേഷം ചെയ്യാൻ കഴിഞ്ഞു. റോഷാക്കിലെ ക്യാരക്ടറിനും ബിന്ദു പണിക്കർ ജഗദീഷ്, മമ്മൂക്ക എന്നിവർക്കൊക്കെ കോമ്പിനേഷൻ സീനുകളിൽ അഭിനയിക്കാൻ സാധിച്ചു. അതുകൊണ്ടുതന്നെ ഓരോന്നും ഓരോ തരത്തിലുള്ള അനുഭവമാണ് സമ്മാനിക്കുന്നത്. കിർക്കനിലെ വറീത് എന്നെ സംബന്ധിച്ച് വളരെ ഇഷ്ടപ്പെട്ട ഒരു വേഷം കൂടിയായിരുന്നു. വളരെ ആസ്വദിച്ച് ആ വേഷം ചെയ്തു ഇപ്പോൾ പ്രേക്ഷക പ്രതികരണം വരുമ്പോഴാണ് ഒരുപാട് സന്തോഷം കിട്ടുന്നത്. സുഹൃത്തുക്കളും കൂടെ പഠിച്ചിരുന്ന വരും ഒക്കെ സിനിമ കണ്ടിട്ട് അഭിപ്രായം പറഞ്ഞപ്പോൾ വീട്ടുകാർക്കും അതിൽ ഒരുപാട് സന്തോഷമായി. സ്കൂളിലും കോളേജിലും പഠിച്ചിരുന്നവരൊക്കെ അഭിമാനത്തോടുകൂടി പറയുന്നത് കേൾക്കുമ്പോൾ അതും വലിയ സന്തോഷമാണ് തരുന്നത്. സത്യത്തിൽ ഇത്രയൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അതിൽ ഒക്കെ ഒരുപാട് ഒരുപാട് സന്തോഷമുണ്ട്.

 

സിനിമയിലേക്ക്?

 

ഒരു റിസർച്ച് പ്രകാരം 98 ശതമാനം ആളുകൾക്കും സിനിമ മോഹമുണ്ട് എന്നുള്ളതാണ്. എന്നെ സംബന്ധിച്ചിടത്തോളം ചെറുപ്പത്തിൽ അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നില്ല. ചെറുപ്പം മുതലേ കലയുമായി ബന്ധം ഉണ്ടായിരുന്നു. നാടകങ്ങളിലും ഫാൻസി ഡ്രസ്സ് ഉൾപ്പെടെയുള്ള മത്സരങ്ങളിലും ഒക്കെ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിരുന്നു. പിന്നീട് ബാംഗ്ലൂരിലേക്ക് ജോലി സംബന്ധമായി മാറി. ഇവിടെയും കലാസാംസ്കാരിക പ്രവർത്തനങ്ങൾ തുടർന്നു. അങ്ങനെ നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും അതിൽ അഭിനയിക്കുകയും ഒക്കെ ചെയ്തു. 136 ആർട്ടിസ്റ്റുകളെ അണിനിരത്തി ഒരു നാടകമാണ് അവസാനമായി ഞങ്ങൾ സ്റ്റേജിൽ എത്തിച്ചത്. പിന്നീട് തിരക്കുകൾ കൊണ്ട് അതിനൊന്നും സമയമില്ലാതെ വരികയായിരുന്നു. അതിനിടയിലാണ് കോവിഡ് വന്നതും ആ സമയത്ത് കലാപ്രവർത്തനവുമായി വീണ്ടും മുന്നോട്ടു പോകണം എന്ന് ആഗ്രഹിക്കുകയും ചെയ്തു. അങ്ങനെയാണ് ചിരാതുകളിലേക്ക് എത്തുന്നത്. പിന്നെ ജോഷ് എന്ന സംവിധായകൻ വളരെ എഫർട്ട് ചെയ്ത ചിത്രമാണ്. നല്ല കഴിവും ആത്മവിശ്വാസമുള്ള ഒരു വ്യക്തിയാണ് ജോഷ് എന്ന് തോന്നി. ഒരു മികച്ച സിനിമയെ അതിൻ്റെ എല്ലാ അർഥത്തിലും തലത്തിലും ഒരുക്കാൻ ജോഷിന് കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. അതിൻ്റെ ഭാഗമാവാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്.

 

കുടുംബം? 

 

കലയെ ഒരുപാട് സ്നേഹിക്കുന്നവരാണ് എൻറെ കുടുംബം. തികച്ചും പ്രത്യേകിച്ചും സിനിമയെ. നല്ല നല്ല സിനിമകൾ വരുമ്പോൾ ഞങ്ങൾ ഒരുമിച്ച് തിയേറ്ററിൽ പോയി കാണാറുണ്ട്. അതിനുശേഷം സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ വീടിനുള്ളിൽ നടക്കാറുണ്ട്. ബാംഗ്ലൂരിലാണ് വളർന്നത് എങ്കിലും എന്റെ കുട്ടികൾക്ക് മൂന്നുപേർക്കും മലയാളം അറിയാം. ഒരു സിനിമ വന്നു കഴിയുമ്പോൾ അതിനെപ്പറ്റി കാണുന്നതും അഭിപ്രായം പറയുന്നതും അവർക്കും ഇഷ്ടമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ അവരും നല്ല പ്രോത്സാഹനമാണ് എനിക്ക് തന്നത്. നാടകങ്ങളിൽ അഭിനയിക്കുകയും മൂത്തയാൾ ഒരു ഹ്രസ്വചിത്രം എഴുതി സംവിധാനവും ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭാര്യയുടെ പേര് ഷൈജ. മൂത്തമകൾ സഞ്ജന ഡോക്ടറാണ്. രണ്ടാമത്തെയാൾ സച്ചിൻ, അവൻ എൻജീനീയറാണ്. മൂന്നാമത്തെയാൾ സാം. ഇവർ മൂന്നുപേരും നാടകങ്ങളിലും ഷോർട്ട് ഫിലിമിലും ഒക്കെ അഭിനയിച്ചിട്ടുണ്ട്. കലയെ വളരെയധികം ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു കുടുംബമാണ് ഞങ്ങളുടെത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com