ADVERTISEMENT

എയിംസിലെ നഴ്സിങ് പഠനം പൂർത്തിയാക്കി ‘നായികാനായകനി’ലേക്ക് ദർശനയെ എത്തിച്ചതും കുഞ്ഞുനാളിലെ സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടമാണ്. ‘സോളമന്റെ തേനീച്ചകൾ’ക്കു ശേഷം ദർശന എസ്.നായർ നായികയാകുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’ സിനിമയുടെ വിശേഷങ്ങളിലേക്ക്...

 

അന്നും ഇന്നും ഇഷ്ടം സിനിമയോട്

 

സിനിമാ പശ്ചാത്തലമുള്ള കുടുംബമല്ല എന്റേത്. പക്ഷേ, സിനിമയും അഭിനയവുമെല്ലാം കുട്ടിക്കാലം മുതലേ ഇഷ്ടമാണ്. ദൂരദർശനിൽ വരുന്ന സിനിമകളൊക്കെ വിടാതെ കാണും. എങ്കിലും സിനിമ എനിക്ക് എത്തിപ്പെടാൻ പറ്റുന്ന മേഖലയായി ഒരിക്കലും തോന്നിയിരുന്നില്ല. ഡൽഹി എയിംസിൽ പഠിക്കുന്ന സമയം അവിടെ നടക്കുന്ന ഡാൻസ്, സ്കിറ്റ് തുടങ്ങി എല്ലാ പരിപാടികളിലും പങ്കെടുക്കും. കുട്ടിക്കാലത്തെ അഭിനയമോഹം അങ്ങനെയാണു വീണ്ടും പുറത്തുവരുന്നത്.

darshana-sudarshan-2
(ചിത്രത്തിനു കടപ്പാട്: www.instagram.com/darsanasudarshanofficial/, www.instagram.com/baljithm/)

 

എന്റെ തുടക്കം നായികാനായകൻ

 

ലാൽ ജോസ് സാറും സംവൃത മാമും ചാക്കോച്ചനുമെല്ലാം (കുഞ്ചാക്കോ ബോബൻ) വിധികർത്താക്കളായ റിയാലിറ്റി ഷോയിൽ പങ്കെടുക്കുക, അതിൽ വിജയിക്കുക–എന്റെ സിനിമാ ഇഷ്ടങ്ങളുടെ വീണ്ടെടുപ്പായിരുന്നു അതെല്ലാം. എയിംസിൽ‍ പഠിക്കുന്ന സമയത്താണ് മഴവിൽ മനോരമയിലെ ‘നായികാനായകനി’ലേക്കുള്ള ഓഡിഷനിൽ പങ്കെടുക്കുന്നത്. സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമെല്ലാം ‘നായികാനായകൻ’ പഠിപ്പിച്ചു. 

darshana-sudarshan-223
ചിത്രത്തിനു കടപ്പാട്: www.instagram.com/darsanasudarshanofficial/

 

എയിംസില്ലെങ്കിൽ‍ ഞാനില്ല

darshana-sudarshan-22
ചിത്രത്തിനു കടപ്പാട്: www.instagram.com/darsanasudarshanofficial/

 

സാധാരണവീട്ടിൽ നിന്നു വരുന്നതുകൊണ്ട്, ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടണമെങ്കിൽ പഠിക്കണമെന്നു ചെറുപ്പംമുതലേ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടു കൂടിയാകാം പഠിക്കാൻ ഇഷ്ടമായിരുന്നു. ജീവിത സാഹചര്യങ്ങൾ‍ മെച്ചപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നതുകൊണ്ട് നല്ലവണ്ണം പഠിച്ചു. എയിംസിൽ നിന്നു നഴ്സിങ് പഠനം പൂർത്തിയാക്കി. ജീവിതത്തിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ സംഭവിച്ച കാലഘട്ടം കൂടിയാണ് എയിംസിലെ ക്യാംപസ് ജീവിതം. ആ ക്യാംപസും ഡൽഹിയുമില്ലെങ്കിൽ മലയാള സിനിമയിൽ ഞാനില്ല. 

 

അഭിനയത്തിന്റെ സ്കൂൾ 

 

അഭിനയത്തിന്റെ എന്റെ സ്കൂൾ ലാൽ‍ ജോസ് സാറാണ്. അദ്ദേഹത്തിന്റെ ‘സോളമന്റെ തേനീച്ചകൾ’ എന്ന സിനിമയിലൂടെയാണു ഞാൻ‍ വെള്ളിത്തിരയിലെത്തുന്നത്. ഒട്ടേറെ കാര്യങ്ങൾ പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ്. ഇപ്പോഴും എന്തെങ്കിലും സംശയം തോന്നിയാൽ ഞാൻ ആദ്യം വിളിക്കുന്നത് അദ്ദേഹത്തെയാണ്. നല്ല അഭിനേതാവ് എന്നതിനുമപ്പുറം നല്ല വ്യക്തിയാകാനാണ് അദ്ദേഹം എപ്പോഴും പറയുക. സെറ്റിൽ പെരുമാറേണ്ടത് എങ്ങനെയെന്നും കൃത്യമായി പറഞ്ഞുതന്നിട്ടുണ്ട്. 

 

പാലായിലെ വീട്

 

പാലായിലാണു വീട്. അച്ഛൻ സുദർശൻ കെഎസ്ആർടിസി ഡ്രൈവറായിരുന്നു. അമ്മ ലത ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. രണ്ടു സഹോദരിമാരുണ്ട്. അർച്ചന പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിൽ അധ്യാപികയാണ്. അഞ്ജന സ്റ്റെല്ല മേരീസിൽ ഡിഗ്രി ചെയ്യുന്നു. 

 

സിസിലിക്കുട്ടിയുടെ സ്വന്തം പാപ്പച്ചൻ 

 

നാലു സിനിമയിൽ ഇതുവരെ അഭിനയിച്ചു. എല്ലാം റിലീസിന് തയാറെടുക്കുന്നു. സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പാപ്പച്ചൻ ഒളിവിലാണ്’. റിലീസ് ചെയ്യുന്ന എന്റെ രണ്ടാമത്തെ സിനിമയാണിത്. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന പാപ്പച്ചന്റെ പഴയ കാമുകി സിസിലിക്കുട്ടിയെന്ന കഥാപാത്രമാണ് എന്റേത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com