ADVERTISEMENT

ദേവൻ വളർത്തിയതെല്ലാം പൂച്ചകളെയാണ്. പക്ഷേ, സിനിമയിൽ ദേവനു ചുറ്റും നിരന്നതു നായ്ക്കളാണ്. സ്നേഹത്തോടെ അവർ വാലാട്ടി. ആ സ്നേഹമിന്ന് ബോളിവുഡ് വരെയെത്തി നിൽക്കുന്നു. രാജ്യത്തു തന്നെ ഇത്തരമൊരു ചിത്രമാദ്യം. ആലപ്പുഴ പുന്നപ്രയിലെ വീട്ടിലിരുന്നാണു ദേവൻ തന്റെ സിനിമാക്കഥകൾ പറയുക. ലീലാമ്മൂമ്മയോടാണു കഥപറച്ചിലെല്ലാം. പക്ഷേ, വാലാട്ടിയെന്ന സിനിമ കാണാൻ അമ്മൂമ്മയില്ല. എങ്കിലും ദേവൻ പറയും–ഈ സിനിമ അമ്മൂമ്മയുടേതു കൂടിയാണ്. ‘നായ്ക്കളെ കാണുമ്പോൾ പേടിക്കേണ്ടെന്നു പറഞ്ഞ് ആദ്യമായി ഒരു നായയെ എന്റെ മുന്നിലേക്കു വച്ചുനീട്ടിയത് അമ്മൂമ്മയാണ്. ദേവന്റെ വാലാട്ടിയെക്കുറിച്ച്...

 

എന്നും സിനിമയ്ക്കൊപ്പം 

 

അച്ഛൻ ജയൻ മുളങ്ങാട് നിർമാതാവാണ്. 2016ൽ ‘ഹലോ–നമസ്തേ’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിൽ നിന്നു വലിയ ലാഭമൊന്നും അച്ഛനു ലഭിച്ചിട്ടില്ല. അതുകൊണ്ട്, ഞാൻ സിനിമയിലേക്കിറങ്ങുന്നത് അച്ഛനു താൽപര്യമില്ലായിരുന്നു. അമ്മ ശ്രീകലയ്ക്കായിരുന്നു പേടി കൂടുതൽ. അമ്മ ആലപ്പുഴ എസ്‍ഡി കോളജിലെ അധ്യാപികയായിരുന്നു. അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ബികോം പഠിച്ചത്. അയർലൻഡിൽ പോയി ഇന്റർ‍നാഷനൽ ബിസിനസിൽ പിജി ചെയ്തു. പിന്നെ ജോലി. ഒരു വർഷംകൊണ്ടു തന്നെ ജോലി മടുത്തു. സിനിമയാണു വഴിയെന്നുറപ്പിച്ചു നാട്ടിലെത്തി. വി.കെ.പ്രകാശിന്റെ കൂടെ കുറച്ചുനാളുണ്ടായിരുന്നു. പിന്നീട് ടിവി പ്രൊഡക്​ഷനിലേക്കു മാറി. 2016ലാണ് സിനിമ ചെയ്യാൻ തീരുമാനിച്ചത്. ഒരു പ്രണയ ചിത്രമായിരുന്നു മനസ്സിൽ. പക്ഷേ, 2018ൽ സിനിമ പുറത്തിറങ്ങിയപ്പോൾ അതിൽ ‍ഞാനില്ലായിരുന്നു. രണ്ടു വർഷത്തെ എന്റെ കഷ്ടപ്പാടാണു വെറുതെയായത്. അതു മാനസ്സികമായി തളർത്തി. വിഷാദത്തിലേക്കു വീണു. 

 

ഡോഗ് പാർക്കും ഡമ്മി ക്യാമറകളും

 

നായ്ക്കുട്ടികൾക്കെല്ലാം 40 ദിവസത്തിൽ താഴെ മാത്രം പ്രായമേയുള്ളൂ. അവയുടെ വളർച്ചയുടെ ഓരോ ഘട്ടവും ഞങ്ങൾ നേരിൽക്കണ്ടു. ഷബീർ, ജിജേഷ്, ഷാലിൻ, വിക്ടർ എന്നിവരായിരുന്നു പരിശീലകർ. കൊല്ലം ജില്ലയിൽ രണ്ടേക്കർ സ്ഥലത്ത് ഒരു ‘ഡോഗ് പാർക്ക്’ നിർമിച്ചു. പരിശീലകരും നായ്ക്കളും ടീമംഗങ്ങളുമെല്ലാം അവിടെക്കഴിഞ്ഞു. പരിശീലനം നൽകുമ്പോൾ ക്യാമറയുടെ ഡമ്മികളുമുണ്ടാക്കി വച്ചു. കാരണം, ശരിക്കുള്ള ക്യാമറ കാണുമ്പോൾ ഇവ പേടിക്കരുതല്ലോ. പൂവൻകോഴിയെപ്പോലും പരിശീലിപ്പിച്ചെടുത്തു. 

 

എസി കാരവൻ നിർബന്ധം

 

കരിയെ എല്ലാവർക്കും പേടിയാണ്. എപ്പോഴാണ് ഓടുക എന്നറിയാൻ പറ്റില്ല. ചിലപ്പോൾ, നമ്മൾ ആക്​ഷൻ പറഞ്ഞു കഴിയുമ്പോൾ ഇവൻ ഒരൊറ്റ ഓട്ടമോടും. രണ്ടു കിലോമീറ്ററൊക്കെ നമ്മൾ പിറകെ ഓടണം. അടുത്തുള്ള വീട്ടുകാരൊക്കെ നമ്മളെ കാണുമ്പോൾ, ‘സിനിമയിൽ അഭിനയിക്കുന്ന പട്ടിയല്ലേ, അപ്പുറത്തു നിൽപുണ്ട്’ എന്നു പറയാൻ തുടങ്ങി. അവൻ സീനിലില്ല എന്നു പറഞ്ഞാൽ സഹസംവിധായകരൊക്കെ ഹാപ്പിയാണ്. ഓട്ടം അത്ര കുറച്ചു മതിയല്ലോ. നായ്ക്കൾക്കായി എസി കാരവൻ വരെയുണ്ടായിരുന്നു. സീൻ കഴിഞ്ഞാൽ അവരെ ഉടൻ കാരവനിലേക്കു മാറ്റും. അവരുടെ മൂഡ് അനുസരിച്ചേ ചിത്രീകരണം നടക്കുകയുള്ളൂ. 

 

ഡബ്ബിങ്ങിന്റെ കഥ

 

ഹോളിവുഡ് സിനിമകളിൽ ഉപയോഗിക്കുന്നതുപോലെയുള്ള മൃഗങ്ങളുടെ ത്രീഡി മോഡലിങ്ങോ ആനിമേഷനോ സിനിമയ്ക്കു വേണ്ടി ഉപയോഗിച്ചിട്ടില്ല. പൂർണമായും ‘ശരിക്കും’ അഭിനയം. ഡബ്ബിങ്ങിനു മുൻപ് ചിത്രത്തിനു വേണ്ടി ഒരു ഡബ്ബിങ് ട്രാക്കുണ്ടാക്കി. അതുകൂടി ഡബ്ബിങ് താരങ്ങളെ കാണിച്ചു. മുൻനിര താരങ്ങളാണ് ഡബ്ബിങ്ങിനെത്തിയത്. സൗബിൻ, റോഷൻ മാത്യു, ഇന്ദ്രൻസ് അജു വർഗീസ്, സണ്ണി വെയ്ൻ, രഞ്ജിനി ഹരിദാസ്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി തുടങ്ങിയവരൊക്കെയാണു ഡബ് ചെയ്തിരിക്കുന്നത്.

 

രാജ്യത്ത് ആദ്യം

 

സൂപ്പർ സ്റ്റാറുകളുടെ പടത്തിനെക്കാൾ കൂടിയ ബജറ്റിലാണ് ‘വാലാട്ടി’ പൂർത്തീകരിച്ചത്. ഇത്തരമൊരു ചിത്രം ഇന്ത്യയിൽ തന്നെ ആദ്യം. 70 മണിക്കൂർ നീളമുള്ള വിഡിയോ ഫുട്ടേജാണ് രണ്ടു മണിക്കൂറാക്കിയത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഫ്രൈഡേ ഫിലിംസിലൂടെ വിജയ് ബാബുവാണു ചിത്രം നിർമിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com