ADVERTISEMENT

സിനിമകൾക്കെതിരെ സംഘടിതമായ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് ‘കുറുക്കൻ’ എന്ന സിനിമയുടെ എഴുത്തുകാരനായ മനോജ് റാംസിങ്. യൂട്യൂബിൽ അത്തരക്കാർ നടത്തുന്നത് വിമർശനമല്ല, അവഹേളനമാണെന്നും മനോജ് പറയുന്നു. നടി സുരഭിക്കു നാഷ്നൽ അവാർഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങിന്റെ സ്ക്രിപ്റ്റ് റൈറ്റർ കൂടിയാണ് മനോജ്. കുറുക്കൻ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനിലൂടെ മനോജ് പങ്കുവയ്ക്കുന്നു

 

കുറുക്കൻ എന്ന ചിത്രത്തിലേക്ക്?

manoj-vineeth

 

ശ്രീനിവാസനെ നായകനാക്കി കള്ള സാക്ഷി പറയുന്ന ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ചിത്രം ചെയ്യണം എന്ന ആശയവുമായി കുറുക്കന്റെ സംവിധായകൻ ജയലാൽ ആണ് എന്നെ സമീപിക്കുന്നത്. സീരിയസായ ഒരു കഥയാണ് ആദ്യം ഞങ്ങൾ പ്ലാൻ ചെയ്തതും. കഥ കേട്ടപ്പോൾ ശ്രീനിയേട്ടനാണ് അതിൽ ഒരു ക്യാരക്ടറായി വിനീത് വന്നാൽ നന്നായിരിക്കും എന്ന് പറയുന്നത്. കോർട്ട് റൂം, കോർട്ട് ഡ്രാമകൾ തുടങ്ങുന്ന സമയത്താണ് ഇങ്ങനെയൊരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിക്കുന്നത്. കൂടുതലായി സീരിയസ്‌ സിനിമകൾ വന്നിരുന്ന കാലവും ആയിരുന്നുവത്. പക്ഷേ വിനീതിന്റെ ‘ഹൃദയം’ എന്ന സിനിമ നടക്കുന്ന സമയമായതുകൊണ്ട് ഏതാണ്ട് ഒരു വർഷം ഒരു വിനീതിനുവേണ്ടി ഞങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നു. വിനീത് സ്ക്രിപ്റ്റ് വായിച്ചപ്പോഴാണ് ഇതൊരു കോമഡി സിനിമയായി ചെയ്താലോ എന്ന് ആശയം ഞങ്ങളോട് പറയുന്നത്. സിനിമയിൽ ഉൾപ്പെട്ട പൊലീസ് കഥാപാത്രമായി വിനീത് വന്നാൽ നന്നായിരിക്കും എന്ന് ഞങ്ങൾക്കും തോന്നി. അങ്ങനെ ഇതൊരു കോമഡി സബ്ജക്ട് ആക്കി മാറ്റുകയായിരുന്നു.

 

റിയലിസ്റ്റിക് സംഭവങ്ങളാണ് കൂടുതലും ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്?

kurukkan3

 

നമുക്ക് ചുറ്റും നടന്നവയിൽ എന്നെ കൂടുതലായി സ്വാധീനിച്ച കാര്യങ്ങളാണ് സ്ക്രിപ്റ്റിൽ ഉൾപ്പെടുത്താൻ ശ്രമിച്ചത്. കൊച്ചിയിലെ മോഡൽസിന്റെ കൊലപാതകം, തൃശ്ശൂര്‍ സെക്യൂരിറ്റിയുടെ കൊലപാതകം ഇവയൊക്കെ ഒരു വിഷയമാക്കി എടുത്താൽ കള്ള സാക്ഷി പറയുന്ന ആൾക്കാർക്ക് ഇതിൽ എന്താണ് റോൾ എന്നാണ് ആദ്യം ചിന്തിച്ചത്. അതിനായി കുറച്ച് ഹോംവർക്കുകളും ചെയ്തു. ഇങ്ങനെ ഒരു കഥ വന്നപ്പോഴാണ് കള്ള സാക്ഷി പറയുന്ന ആളുകളെ കുറിച്ച് ഞാൻ അന്വേഷിക്കുന്നത്. ആശ ഉണ്ണിത്താൻ, ദീപക് ട്വിങ്കിൾ എന്നീ അഭിഭാഷകരെ ഞാൻ ഇതിന്റെ ഭാഗമായി കാണുകയും ചില സംശയങ്ങൾ മാറ്റുന്നതിനായി അവരുടെ ഉപദേശം സ്വീകരിക്കുകയും ചെയ്തു. കോടതിയിൽ എന്തൊക്കെ കാര്യങ്ങളാണ് കള്ള സാക്ഷി പറയുന്നവർക്ക് വിനയാകുന്നത് എന്ന കാര്യങ്ങളൊക്കെ അവർ പറഞ്ഞു തന്നു. അതിൽ നിന്നും ലൂപ് ഹോളുകൾ ഉണ്ടാക്കിയാണ് ഇങ്ങനെ ഒരു ചിത്രം ഞങ്ങൾ രൂപപ്പെടുത്തിയത്. 

 

റിയലിസ്റ്റിക് കഥാപാത്രമായ ഒരു ജഡ്ജി ചിത്രത്തിൽ ഉണ്ടായിരുന്നു?

manoj-ramsingh

 

ജഡ്ജി വേഷം ചെയ്യാൻ സത്യത്തിൽ ഞങ്ങൾ ആദ്യം സമീപിക്കുന്നത് മനോജ് കെ. ജയനെയാണ്. സുഹൃത്തുക്കളായ ഒരുപാട് ജഡ്ജിമാരുടെ അനുഭവങ്ങളും അവരുമായുള്ള സഹകരണവും ഒക്കെ ഈ ഒരു കഥാപാത്രത്തെ രൂപപ്പെടുത്തുന്നതിൽ സഹായിച്ചിട്ടുണ്ട്. സൗഹൃദ സദസ്സുകളിൽ അവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതിന്റെ ഫലമായി നിരവധി കേസുകൾ കണ്ട അവർ ഒരു കേസിന് എങ്ങനെയാകും ഹാൻഡിൽ ചെയ്യുന്നത് എന്നുള്ള കാര്യങ്ങളൊക്കെ പഠിക്കാൻ പറ്റി. ദിവസേന നിരവധി കാര്യങ്ങൾക്ക് വിധി പറയേണ്ടവരാണ് അവർ. പലരും പല തരത്തിലാണ് കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. ചിലർ വളരെ കൂൾ ആയി ആ പ്രശ്നത്തെ സോൾവ് ചെയ്യുമ്പോൾ മറ്റുചിലർ ടെൻഷൻ അടിച്ച ഓടി നടക്കുന്നതും കണ്ടിട്ടുണ്ട്. അതിൽ ഭൂരിഭാഗവും മനസ്സിൽ നർമ്മം കൊണ്ട് നടക്കുന്നവരാണ്. ‘ന്നാ താൻ കേസുകൊട്’ എന്ന ചിത്രത്തിലെ ജഡ്ജിവേഷം കണ്ടപ്പോൾ സത്യത്തിൽ അൽപം ഭയം ഉണ്ടായിരുന്നു. പക്ഷേ രതീഷും ഞാനും ഒരേ പോലെയാണ് ചിന്തിച്ചത് എന്ന് കണ്ടപ്പോൾ അതിൽ സന്തോഷവും തോന്നി. 

 

ഒരു തമാശ പടത്തെ പലതരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്?

manoj-4

 

സത്യത്തിൽ സിനിമയെ കീറിമുറിച്ച് കാണാൻ ഉള്ളവർക്ക് വേണ്ടിയുള്ള ഒരു സിനിമയായിരുന്നില്ല കുറുക്കൻ. അൽപം തമാശയൊക്കെ ആസ്വദിച്ച് കുടുംബമായി പോയിരുന്ന കാണാൻ പറ്റുന്ന ഒരു തമാശചിത്രം. വ്യാഖ്യാനങ്ങൾ പലതും വന്നെങ്കിലും പ്രേക്ഷകർ ചിത്രത്തെ അംഗീകരിച്ചു. അതിൽ സന്തോഷമുണ്ട്. ഇതിനു മുൻപ് ഞാൻ സ്ക്രിപ്റ്റ് ചെയ്ത് സുരഭിക്ക് നാഷണൽ അവാർഡ് കിട്ടിയ മിന്നാമിനുങ്ങ് എന്ന ചിത്രം തിയറ്ററിൽ എത്തിയപ്പോൾ അത് കാണാനായി അധികം പ്രേക്ഷകർ ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ അതിൽ വളരെ മാറ്റമുണ്ട്. ഇത്തരം വ്യാഖ്യാനങ്ങൾക്ക് ചെവി കൊടുക്കുന്നവരല്ല മലയാളി പ്രേക്ഷകർ എന്നതിന്റെ ഉദാഹരണമായാണ് ഞാൻ അതിനെ കണക്കാക്കുന്നത്.

 

മനോജ് കെ ജയനെ ഒരു ക്യാരക്ടറായി തീരുമാനിച്ചിരുന്നു?

 

സ്ക്രിപ്റ്റ് വായിച്ചപ്പോൾ ആ വേഷം ചെയ്യണമെന്ന് അദ്ദേഹത്തിന് ഒരുപാട് ആഗ്രഹമുണ്ട് എന്ന് പറഞ്ഞു. എന്നാൽ അത്തരം വേഷങ്ങൾ മുൻപ് ചെയ്തതുകൊണ്ട് അദ്ദേഹം തന്നെയാണ് പുതിയൊരാളെ വച്ച് ആ വേഷം ഒന്ന് പരീക്ഷിക്കൂ എന്ന ധൈര്യം ഞങ്ങൾക്ക് തന്നത്. അത് വളരെ പോസിറ്റീവ് ആയിട്ടാണ് എനിക്ക് തോന്നിയത്.

 

കോടതിയിലെ ആ വിഡിയോ

 

സ്ക്രിപ്റ്റിന്റെ ആദ്യ ഡ്രാഫ്റ്റിൽ ഇക്കാര്യം ഉണ്ടായിരുന്നില്ല. ഡിസ്കഷൻ നടന്നപ്പോഴാണ് ഇക്കാര്യം കൂട്ടിച്ചേർത്തത്. സ്ക്രിപ്റ്റ് വായിച്ചപ്പോൾ വിഡിയോ കോടതികളിൽ കാണിക്കുന്നതിനെപ്പറ്റി പ്രൊഡ്യൂസർ ചോദിച്ചപ്പോൾ ആണ് എനിക്ക് ഇങ്ങനെ ഒരു വരി കൂടി ആഡ് ചെയ്താൽ നന്നായിരിക്കും എന്ന് തോന്നിയത്. സ്ത്രീകൾ ഒക്കെ ഇരിക്കുന്ന കോടതി മുറിയിൽ ഇത്തരം വീഡിയോകൾ കോടതിയിൽ പ്രദർശിപ്പിക്കാമോ എന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത്. അപ്പോഴാണ് ഈ ചോദ്യം സാധാരണക്കാരായ പ്രേക്ഷകരിൽ നിന്ന് ഉയരും എന്നുള്ള കാര്യം ഞാനും ചിന്തിച്ചത്. ആ സമയത്ത് പെട്ടെന്ന് ഈയൊരു വരി കൂടി ചേർത്താൽ നന്നാവും എന്ന് തോന്നിയത്. ജെൻഡർ ഇക്വാലിറ്റിക്ക് വേണ്ടി എപ്പോഴും സംസാരിക്കുന്ന നമ്മുടെ പൊതു ഇടങ്ങളിൽ സ്ത്രീകൾക്ക് മാത്രം കാണാൻ പറ്റാത്തത് ആയിട്ട് എന്താണുള്ളത്? ഒരു പുരുഷൻ കാണുന്നതെല്ലാം കാണാൻ ഒരു സ്ത്രീക്കും അവകാശം ഉണ്ടല്ലോ? അത് കാണാൻ പറ്റില്ല എന്ന് പറയാൻ ആർക്കും അവകാശവും ഇല്ല. പ്രത്യേകിച്ചും ഒരു കോടതി മുറിയിൽ. അങ്ങനെയാണ് ഞാൻ ചിന്തിച്ചത്. 

 

വിമർശനങ്ങൾ ഒരുപാടുള്ള കാലമാണ് ?

 

പണവും സമയും മുടക്കി സിനിമ കാണുന്നവർക്ക് ഉറപ്പായും വിമർശിക്കാൻ അവകാശമുണ്ട്. അത്തരം വിമർശനങ്ങൾ ശ്രദ്ധിക്കുന്നത് ഒരു ക്രിയേറ്റർക്ക് ഭാവിയിൽ മികച്ച സൃഷ്ടികൾ ഒരുക്കാൻ സഹായകമാകുകയേ ഉള്ളൂ. കുറുക്കൻ ഫൺ മാത്രം ഉദ്ദേശിച്ചു ചെയ്ത സിനിമയാണ്. അതിഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ട്. ഇത്തരം സ്പൂഫ് സിനിമകൾക്ക് അങ്ങിനെയൊരു റിസ്ക് ഉണ്ടെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് സിനിമ ചെയ്തതും.

 

സിനിമകൾക്ക് നേരെ മനഃപൂർവമായ ആക്രമണം ഉണ്ടാകുന്നു എന്ന് തോന്നിയിട്ടുണ്ടോ? 

 

ചില പ്രത്യേക മാനസികാവസ്ഥ ഉള്ളവർ അങ്ങിനെ ചെയ്യുന്നുണ്ടെന്ന് ഈയടുത്താണ് മനസ്സിലായത്. മുൻപ് അത്തരം വ്ലോഗർമാരെ ഞാൻ ശ്രദ്ധിച്ചിരുന്നില്ല. അത്തരക്കാർ നടത്തുന്നത് വിമർശനമല്ല, അവഹേളനമാണ്. അത് പ്രത്യേക വിദ്വേഷം കൊണ്ടൊന്നും ചെയ്യുന്നതല്ല, അവർക്ക് പ്രത്യേക ശൈലിയിൽ കുറേ അവഹേളനം വിളമ്പി യുട്യൂബിൽ കാഴ്ചക്കാരെ ഉണ്ടാക്കി പണം ഉണ്ടാക്കണം എന്ന മലിനമായ ചിന്ത മാത്രമാണ് ഉള്ളത്. അതിനായി അവർ എന്തും പറയും. സിനിമയുടെ ഉള്ളടക്കം വരെ പുറത്തു പറഞ്ഞ് നശിപ്പിക്കാൻ ശ്രമിക്കും. ശരിക്കും തന്റേടമുള്ള നിർമാതാക്കൾ വിചാരിച്ചാൽ പൈറസി നിയമപ്രകാരം കേസെടുപ്പിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. നിർമാതാവിന്റെ അനുവാദമില്ലാതെ സിനിമയുടെ കണ്ടന്റ് ഉപയോഗിക്കാൻ ആർക്കും അനുവാദമില്ല. അതുപോലെ, ബുക്ക്‌ മൈ ഷോയിലും ഐഎംഡിബിയിലും സംഘടിതമായി  1 സ്റ്റാർ അടിച്ചുള്ള നെഗറ്റീവ് റേറ്റിങ്ങ് നൽകൽ. ഞങ്ങൾക്കെതിരെയും അതുണ്ടായി. സൈബർ ടീം അന്വേഷിച്ചപ്പോൾ 4 ഡിവൈസുകളിൽ നിന്നുമായി 220 നെഗറ്റിവ് റിവ്യൂസ് ആണ് വന്നത്. പക്ഷേ ഇതൊക്കെ വിശ്വസിക്കുന്ന പ്രേക്ഷകർ കുറച്ചേ ഉള്ളൂ, മലയാളികൾ ബുദ്ധിയുള്ളവരല്ലേ.

 

കുടുംബം?

 

ഭാര്യയുടെ പേര് വീണ. മകളുടെ പേര് അനഘ. തിരുവനന്തപുരം മണക്കാട് ആണ് താമസം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com