ADVERTISEMENT

ഇമേജുകളുടെ ഇട്ടാവട്ടങ്ങളിൽ ഒതുങ്ങാത്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച അഭിനേത്രിയാണ് ശാന്തികൃഷ്ണ. കരിയറിലെ ഓരോ ഇടവേളകൾക്കു ശേഷം മടങ്ങി വന്നപ്പോഴും അതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ കഥാപാത്ര പകർന്നാട്ടങ്ങളിലൂടെ അഭിനയത്തിന്റെ അതിരുകൾ ശാന്തികൃഷ്ണ വിസ്തൃതമാക്കി. പ്രേക്ഷകർ എന്നുമെന്നും ഓർക്കുന്ന സവിധം, ചകോരം, വിഷ്ണുലോകം, സുകൃതം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്കൊപ്പം നിൽക്കുന്ന മറ്റൊരു വേഷപ്പകർച്ചയാണ് നവാഗതയായ ഇന്ദുലക്ഷ്മി സംവിധാനം ചെയ്ത നിളയിലെ ഡോ.മാലതിയെന്ന് ശാന്തികൃഷ്ണ പറയുന്നു. പുതിയ സിനിമയുടെ വിശേഷങ്ങളുമായി ശാന്തികൃഷ്ണ മനോരമ ഓൺലൈനിൽ. 

 

ഇതെന്റെ കരിയർ ബെസ്റ്റ്

 

ഗംഭീര തിരക്കഥയാണ് നിളയുടേത്. സംവിധായിക ഇന്ദു ലക്ഷ്മി തന്നെയാണ് എഴുതിയതും. "മോനേ... നീ ചായ കുടിച്ചോ?"- ടൈപ്പ് അമ്മ–മകൻ ബന്ധമല്ല നിള സിനിമയിലുള്ളത്. മകനാണ് അമ്മയെക്കുറിച്ച് ആധിയുള്ളത്. ഞാനും വിനീതും തമ്മിലുള്ള കെമിസ്ട്രി സ്വാഭാവികമായി വന്നതാണ്. അതിന് തിരക്കഥ നല്ല പോലെ സഹായിച്ചു. കരിയർ ബെസ്റ്റ് എന്നു പറയാൻ കഴിയുന്ന കഥാപാത്രമാണ് ഡോ.മാലതി. ചെയ്യുമ്പോൾ തന്നെ ആ ഫീൽ കിട്ടുന്നുണ്ടായിരുന്നു. ഈ കഥാപാത്രത്തിനായി ഞാൻ ഹോംവർക്കൊന്നും ചെയ്തിട്ടില്ല. അങ്ങനെ ചെയ്യുന്ന ആർടിസ്റ്റല്ല ഞാൻ. ആ നിമിഷത്തിൽ സ്വാഭാവികമായി വരുന്നതാണ് ഞാൻ ചെയ്യുന്നത്. അഭിനയത്തിൽ spontaneous ആയി വരുന്നതു ചെയ്യുക എന്നതാണ് എന്റെ രീതി. അതിലാണ് ഞാൻ വിശ്വസിക്കുന്നത്. സംവിധായകൻ ഒരു സീൻ പറഞ്ഞു തരുമ്പോൾ ആ കാര്യത്തിൽ എനിക്ക് വിശ്വാസം തോന്നണം. എനിക്കത് ഫീൽ ചെയ്യണം. ‍ഡയലോഗിന് ഒഴുക്കു വേണം. എനിക്ക് അത് ഫീൽ ചെയ്തിട്ടില്ലെങ്കിൽ പ്രേക്ഷകർക്ക് വിശ്വാസം വരില്ല. 

shanthi-krishna-2

 

അന്ന് വേണു ചേട്ടൻ എന്നെ തിരുത്തി

 

എത്ര നല്ല അഭിനേതാക്കളാണെന്നു പറഞ്ഞാലും, ചെയ്യുമ്പോൾ അതു ഫീൽ ചെയ്തിട്ടില്ലെങ്കിൽ പ്രേക്ഷകർക്ക് ഒരിക്കലും അതു കണ്ക്ട് ആകില്ല. ഈ പാഠം എനിക്കു പഠിപ്പിച്ചു തന്നത് നെടുമുടി വേണുചേട്ടനാണ്. സവിധത്തിൽ അഭിനയിക്കുമ്പോഴായിരുന്നു അത്. പണ്ടെനിക്ക് ഒരു സ്വഭാവം ഉണ്ടായിരുന്നു. ഒരു ഷോട്ട് കഴിഞ്ഞാൽ അത് ഓകെ ആണോയെന്ന് എല്ലാവരോടും ഓടി നടന്നു ചോദിച്ചു കൊണ്ടിരിക്കും. ഇതു കണ്ട് വേണു ചേട്ടൻ എന്നെ വിളിച്ചു. എന്നിട്ടു ചോദിച്ചു, "നീയെന്താ ഈ കാണിക്കണേ?". ഞാൻ കാര്യം പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു, "നിനക്ക് ഫീൽ ചെയ്തോ? അതു മതി!"  അഭിനയിക്കുമ്പോൾ നമുക്ക് ഫീൽ ചെയ്തിട്ടുണ്ടെങ്കിൽ അതിനർത്ഥം നിങ്ങൾ ചെയ്തത് നന്നായിട്ടുണ്ട് എന്നാണ്. 

 

ഡബ്ബിങ് എന്ന ചാലഞ്ച്

shanthi-krishna34

 

നിളയുടെ ഡബ്ബിങ്ങും ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. കിടപ്പുരോഗി ആണല്ലോ ഡോ.മാലതി. അതുകൊണ്ട് ‍‍ഡബ്ബ് ചെയ്യാൻ പോയപ്പോൾ എനിക്കു വേണ്ടി ഒരു റിക്ലൈനിങ് ചെയർ തന്നു. അതിലിരുന്നാണ് ഞാൻ ചെയ്തത്. കാരണം, നേരെ ഇരിക്കുമ്പോൾ നമ്മുടെ ശബ്ദത്തിന് നല്ല വ്യക്തതയാണ്. എന്നാൽ, കിടക്കുമ്പോൾ അങ്ങനെയല്ല. ആ മോഡുലേഷൻ കിട്ടുന്നതിനു വേണ്ടിയാണ് റിക്ലൈനിങ് ചെയറിൽ കിടന്ന് ഡബ്ബ് ചെയ്യേണ്ടി വന്നത്. സാധാരണ രീതിയിൽ തന്നെ ഡബ് ചെയ്യാൻ നല്ല ബുദ്ധിമുട്ടാണ്. ഈ രീതിയിൽ കൂടി ചെയ്യേണ്ടി വന്നപ്പോൾ ശരിക്കും ചാലഞ്ച് ആയിരുന്നു. 

 

കൺഫ്യൂഷൻ തീർത്തത് വിനീത്

 

നിളയുടെ ഷൂട്ട് നടക്കുമ്പോഴാണ് എന്നെ ‘പാച്ചുവും അദ്ഭുതവിളക്കും’ എന്ന സിനിമയിലേക്കു വിളിക്കുന്നത്. അതിലെ അതിഥി വേഷത്തെക്കുറിച്ച് പറഞ്ഞപ്പോൾ എനിക്കൊരു സംശയം ഉണ്ടായിരുന്നു. അന്ന് വിനീതാണ് എന്നെ സഹായിച്ചത്. അഖിൽ സത്യൻ, ഫഹദ് ഫാസിൽ– ഈ രണ്ടു പേരുകൾ മാത്രം നോക്കിയാൽ മതിയെന്നു വിനീത് പറഞ്ഞു. അങ്ങനെയാണ് ഞാൻ ആ വേഷം ചെയ്തത്. ആ സിനിമയിലെ ക്ലൈമാക്സിൽ ഞാൻ പറയുന്നൊരു ഡയലോഗ് ഉണ്ട്. "അവൾ പഠിച്ചോട്ടെ" എന്ന്! അതു ഞാൻ തന്നെ ചെയ്യണമെന്ന് അഖിലിന് നിർബന്ധം ഉണ്ടായിരുന്നു. അതിഥിവേഷമാണെങ്കിലും ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. 

 

കരിയറിലെ നല്ല സമയം

 

കരിയറിൽ ഒരുപാട് എക്സ്പെരിമെന്റ് ചെയ്യാൻ പറ്റുന്ന സമയമാണിത്. ഇമേജിനെക്കുറിച്ചുള്ള ആശങ്ക വേണ്ട. ഈ പടം ചെയ്താൽ മറ്റ് അവസരങ്ങൾ നഷ്ടമാകുമോ എന്നൊരു ടെൻഷൻ വേണ്ട. പരീക്ഷണാർത്ഥം ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ കിട്ടിയാൽ അത്രയും സന്തോഷം. ടൈപ്പ്കാസ്റ്റ് ആകാത്ത വേഷങ്ങൾ കിട്ടണമെന്നാണ് ആഗ്രഹം. മുഴുനീള വേഷം ആകണമെന്നൊന്നും ഇല്ല. ഒറ്റ സീൻ ആണെങ്കിലും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ ഓർക്കുന്ന കഥാപാത്രം ആകണം. അത്രയേ ഞാൻ ചോദിക്കാറുള്ളൂ. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള, കുട്ടനാടൻ മാർപ്പാപ്പ, അരവിന്ദന്റെ അതിഥികൾ, പാച്ചുവും അദ്ഭുതവിളക്കും തുടങ്ങിയ സിനിമകളിലൊക്കെ ഞാൻ ചെയ്തത് അമ്മ വേഷങ്ങളാണ്. പക്ഷേ, അവയെല്ലാം ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു.

 

ഒരു ബയോപിക് ചെയ്യണം

 

നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. ഞാൻ തയാറുമാണ്. വേറും അമ്മ വേഷങ്ങളല്ലാതെ കലക്ടറോ മന്ത്രിയോ അഭിഭാഷകയോ പോലുള്ള ക്യാരക്ടർ റോളുകൾ എനിക്ക് ഇഷ്ടമാണ്. സത്യത്തിൽ എനിക്കൊരു ബയോപിക് ചെയ്യണമെന്നുണ്ട്. എന്താണ്, എങ്ങനെയാണ് എന്നൊന്നും അറിയില്ല. പക്ഷേ, യഥാർത്ഥത്തിൽ ജീവിച്ചിരുന്ന ആളെ അവതരിപ്പിക്കുന്നത് ശരിക്കുമൊരു വെല്ലുവിളി ആണല്ലോ. അവരുടെ മാനറിസങ്ങളും ലുക്കും ഒക്കെ പഠിച്ചെടുത്തു ചെയ്യണ്ടേ! റിയൽ ലൈഫ് ക്യാരക്ടർ ആകുമ്പോൾ മറ്റു കഥാപാത്രങ്ങളെ പോലെ കയ്യിൽ നിന്നെടുത്തിട്ട് ചെയ്യാൻ പറ്റില്ല. 

 

ഓഫ്ബീറ്റ് സിനിമയല്ല

 

നിള എന്ന പേരു കേൾക്കുമ്പോൾ പ്രേക്ഷകർ കരുതും ഇതൊരു ഓഫ്ബീറ്റ് സിനിമയാണെന്ന്! അല്ലെങ്കിൽ ആർട് പടം സ്റ്റൈലാണെന്നു കരുതും. എന്നാൽ, അങ്ങനെയൊരു ജോണറേ അല്ല ഈ സിനിമ. സാധാരണ സിനിമകളുടെ പേസിൽ തന്നെയാണ് ഈ സിനിമയും സഞ്ചരിക്കുന്നത്. ഓഫ്ബീറ്റ് സിനിമയാണെന്നു കരുതി തിയറ്ററിൽ പോയി സിനിമ കാണാതെ ഇരിക്കരുത്. നല്ല സൗണ്ട് ക്വാളിറ്റിയുള്ള തിയറ്ററിൽ തന്നെ പോയി സിനിമ കാണണം. കാരണം, സിനിമയുടെ സൗണ്ട് ട്രാക്ക് അതിഗംഭീരമായാണ് ബിജിപാൽ ചെയ്തിരിക്കുന്നത്. ഒടിടിയിൽ വരുമ്പോൾ കാണാമെന്നു കരുതി തിയറ്റർ അനുഭവം നഷ്ടമാക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com