‘ശിലയായ് പിറവിയുണ്ടെങ്കിൽ, ഞാൻ ശിവരൂപമായേനേ’; ഓർമയുണ്ടോ ഈ താരത്തെ

SHARE

‘ശിലയായ് പിറവിയുണ്ടെങ്കിൽ.. ഞാൻ ശിവരൂപമായേനേ’. യേശുദാസിന്റെ മനോഹര ശബ്ദത്തിലെത്തിയ ഈ ഗാനം കാലങ്ങൾക്കിപ്പുറവും മലയാളികൾ പ്രാർഥനാപൂർവമാണ് ആസ്വദിക്കാറ്. 1998 ൽ പുറത്തിറങ്ങിയ ‘തട്ടകം’ എന്ന സിനിമയിലെ ശിവ ഭക്തി തുളുമ്പുന്ന ഈ ഗാന രംഗത്തിൽ യേശുദാസിന്റെ ശബ്ദത്തിനൊപ്പം പാടി അഭിനയിച്ച ആ പഴയ നായകനെ പ്രേക്ഷകർ മറന്നു കാണില്ല, ശ്രീഹരിയായിരുന്നു അത്. നെടുമുടി വേണുവിന്റെ മകൻ ഉണ്ണിയുടെ വേഷമായിരുന്നു ചിത്രത്തിൽ ശ്രീഹരിക്ക്. പാട്ടിലും നൃത്തത്തിലും കേമനായ ഉണ്ണി  രോഗബാധിതനാകുന്നതും. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി  വിദേശത്തേക്കു പോകുന്നതുമാണ് ചിത്രം. ‘തട്ടകം’ എന്ന സിനിമയ്ക്കു ശേഷം ശ്രീഹരി വെള്ളിത്തിരയിൽ സജീവമായിരുന്നില്ല. സിനിമയിൽ നിന്നും ഇടവേളയെടുത്ത ശ്രീഹരി ഇന്ന് ഡോക്ടറാണ്. പന്തളം കുളനടയിലുള്ള മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ആൻഡ്‌ ഡയബെറ്റിക്സ് കെയറിലാണ് സേവനം ചെയ്യുന്നത്. ഭാര്യ അശ്വതിയും ഇതേ സ്ഥാപനത്തിൽ ഡോക്ടറാണ്. സിനിമയിലേതു പോലെ ജീവിതത്തിലും ഇദ്ദേഹം ഒരു കലാകാരനാണ്. 25 വർഷത്തിനു ശേഷം തന്റെ കലാജീവിതത്തെക്കുറിച്ചും സിനിമയിൽ നിന്നും പിന്മാറാനുള്ള കാരണത്തെക്കുറിച്ചും മനോരമ ഓൺലൈനിൽ സംസാരിക്കുകയാണ് താരം

എന്തുകൊണ്ട് പിന്നീട് സിനിമയിൽ അഭിനയിച്ചില്ല

പഠിച്ചൊരു ഡോക്ടറാകണമെന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. ഇതിനിടയിൽ അപ്രതീക്ഷിതമായാണ് സിനിമ ജീവിതത്തിലേക്കു വന്നത്. ആദ്യ സിനിമയിൽ തന്നെ നായകനാകാൻ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നത്. പ്രീ ഡിഗ്രി പഠിക്കുമ്പോഴായിരുന്നു തട്ടകത്തിൽ അഭിനയിച്ചത്. തൊട്ടടുത്ത വർഷം ചിത്രത്തൂണുകൾ എന്ന മറ്റൊരു സിനിമയിൽ കൂടി അഭിനയിച്ചെങ്കിലും  ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ‘ദേവത’ എന്ന സീരിയലിലും അഭിനയിച്ചിരുന്നു. ഇതിനിടയിലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മെഡിസിനു ജോയിൻ ചെയ്തത്. പഠിച്ചു കൊണ്ടിരിക്കെ 4 മാസം കൂടി സിരിയൽ തുടർന്നെങ്കിലും പിന്നീട് പഠനത്തെ ബാധിക്കാതിരിക്കാൻ അഭിനയം ഉപേക്ഷിക്കുകയായിരുന്നു. 

സിനിമയിലേക്കുള്ള വരവ്

പത്താം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭയായിരുന്നു. അന്നത്തെ മോണോആക്ട് കണ്ട് ഐ.വി. ശശി സാർ അദ്ദേഹത്തിന്റെ അടുത്ത സിനിമയിലേക്ക് അഡ്വാൻസ് തന്നിരുന്നു. എന്നാൽ ആ സിനിമ നടന്നില്ല. പിന്നീടാണ് തട്ടകത്തിലേക്കു വിളിക്കുന്നത്. കാസർഗോഡു വച്ചു നടന്ന നാടക മത്സരത്തിലെ അഭിനയം കണ്ടിട്ടാണ് തട്ടകത്തിൽ ബാലകൃഷ്ണൻ സാർ അവസരം തന്നത്. നെടുമുടി വേണുച്ചേട്ടൻ, മാളച്ചേട്ടൻ, സുധാമ്മ, അടൂർ പങ്കജം തുടങ്ങി അഭിനയ രംഗത്തെ കുലപതികൾക്കൊപ്പം അഭിനയിച്ചതിന്റെ ഓർമകൾ ഇപ്പോഴും മനസിലുണ്ട്. അവരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ആദ്യ സിനിമയായതു കൊണ്ടു തന്നെ അഭിനയത്തിലെ തെറ്റുകൾ തിരുത്തി തരാൻ അവരെല്ലാവരും ഒരുപാട് സഹായിച്ചിട്ടുണ്ട്. നർത്തകനായതുകൊണ്ടു തന്നെ അഭിനയിക്കുമ്പോൾ എക്സ്പ്രഷൻ കൂടുതലായിരുന്നു. അതൊക്കെ മനസിലാക്കി തന്ന് തിരുത്താൻ സഹായിച്ചത് അടൂർ പങ്കജം അമ്മയാണ്.

img22

യേശുദാസിന്റെ ശബ്ദത്തിന് പാടി അഭിനയിച്ചപ്പോൾ

പാടാൻ ഇഷ്ടമായിരുന്നെങ്കിലും കഴിവില്ലായിരുന്നു. പക്ഷേ സിനിമയിൽ യേശുദാസിന്റെ ശബ്ദത്തിനു പാടുന്നതായി അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ആ പാട്ടും അതിലെ രംഗങ്ങളും ഇന്നും ആളുകൾ  കേൾക്കാനും കാണാനും ഇഷ്ടപ്പെടുന്നുവെന്നത് സന്തോഷമാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് അദ്ദേഹം ഈ സിനിമയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കൈതപ്രവുമായി കുടുംബപരമായ ബന്ധം കൂടിയുണ്ട്.

ഡോക്ടർ മാത്രമല്ല, കലാകാരൻ കൂടിയാണ്

സംഗീതവും നൃത്തവും ചെറുപ്പം മുതൽ പഠിച്ചിട്ടുണ്ട്. ഇപ്പോഴും നൃത്തം പഠിക്കുന്നുണ്ട്. ഭരതനാട്യം, കുച്ചുപ്പുടി, കഥകളി, ചാക്യാർ കൂത്ത്,  ഓട്ടൻതുള്ളൽ തുടങ്ങിയവയും പഠിക്കുന്നുണ്ട്. വേദികളിൽ അവതരിപ്പിക്കാറുമുണ്ട്. ജോലിത്തിരക്കുകൾ കഴിഞ്ഞ് രാത്രിയാണ് പ്രാക്ടീസ്. ഭാര്യ അശ്വതിയും നൃത്തം പഠിക്കുന്നുണ്ട്. രണ്ടു മക്കളാണ് ഉള്ളത്. ഞങ്ങൾ രണ്ടുപേരും ചേർന്നാണ് മക്കളെ നൃത്തം പഠിപ്പിക്കുന്നത്.

സിനിമയിലേക്കുള്ള തിരിച്ചു വരവ്.

ഒട്ടും ആഗ്രഹിക്കാതെയാണ് സിനിമയിലേക്കെത്തിയത്. ഇപ്പോഴുള്ള ജോലിയും കലയും ഏറെ സംതൃപ്തി നൽകുന്നുണ്ട്. അതുകൊണ്ട് സിനിമയിലേക്കുള്ള മടങ്ങി വരവിനെക്കുറിച്ചു ഇതുവരെ ചിന്തിച്ചിട്ടില്ല. ഇപ്പോഴുള്ളതൊക്കെ ഇതുപോലെ തുടർന്നു കൊണ്ടു പോകാനാണ് ഇഷ്ടം. അതുകൊണ്ടു തന്നെ സിനിമയിലേക്കു ഒരു തിരിച്ചു വരവ് ഉണ്ടാകില്ല

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS