ADVERTISEMENT

ഏതു കാലഘട്ടത്തിലുള്ളവർക്കും ഒരുപോലെ പ്രിയപ്പെട്ട നായകൻ, അതാണ് റഹ്‌മാൻ. ഒരു കൊച്ചു പയ്യനായി മലയാള സിനിയിലേക്ക് എത്തിയ റഹ്മാൻ തന്റെ അഭിനയപാടവം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടി. കാലം കടന്നു പോകവേ അന്യ ഭാഷകളിലും സൂപ്പർ ഹിറ്റുകൾ നൽകി. മലയാളികൾക്ക് മറക്കാനാവാത്ത ഗാനങ്ങളിലൊന്നാവും ലജ്ജാവതിയെ നിന്റെ കള്ളക്കടക്കണ്ണിൽ എന്ന ജാസി ഗിഫ്റ്റ് ഗാനം. പാട്ടിനൊപ്പം അടിപൊളി ഡാൻസ് കളിച്ച നായകനും അന്ന് പലരുടെയും മനസ്സിൽ കയറിക്കൂടിക്കാണും. വർഷങ്ങൾക്കിപ്പുറവും തമിഴിലും മലയാളത്തിലുമായി അനേകം സിനിമകൾ ചെയ്തെങ്കിലും ഭരത്തിനെ മലയാളികൾക്ക് കൂടുതൽ ഇഷ്ടം ഫോർ ദ് പീപ്പിൾ എന്ന സിനിയിലൂടെ തന്നെയായിരിക്കും. ഇരുവരും പ്രാധാന കഥാപാത്രങ്ങളായി അഭിനയിച്ച പുത്തൻ ചിത്രമാണ് ‘സമാറ’. സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.  

 

മലയാള സിനിമയാണ് ഇന്ന് പലർക്കും റെഫറൻസ്

 

റഹ്മാൻ: മലയാള സിനിമ എന്നും ഒരു നിലവാരം പുലർത്തിയിരുന്നു. ഇന്നും അതിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പണ്ട് നമ്മൾ റെഫറൻസിനു വേണ്ടി ഹോളിവുഡ്, കൊറിയൻ സിനിമകളാണ് കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ലോകത്ത് എവിടെയും ആളുകൾ മലയാളം സിനിമകളാണ് കാണുന്നത്. ഞാൻ ബോളിവുഡിൽ അഭിനയിക്കുമ്പോൾ ഒപ്പമുളളവരൊക്കെയും മലയാളം സിനിമകൾ കണ്ടിട്ടുള്ളവരാണ്. ഒരിക്കൽ അവിടത്തെ ടാക്സി ഡ്രൈവർ എന്നെ തിരിച്ചറിഞ്ഞു. കാരണം അവർ എന്റെ സിനിമകൾ കണ്ടിട്ടുണ്ട്. 

 

ഭരത്: തമിഴിൽ നിന്നും ക്ലീഷേ കഥാപാത്രങ്ങൾ ലഭിക്കാറുണ്ട്. എന്നാൽ ഇവിടെ നിന്നും ലഭിക്കുന്ന കഥയും കഥാപാത്രങ്ങളും വെറൈറ്റി നിറഞ്ഞതാണ്. ഇവിടെ എല്ലാത്തിനും ഒരു ഫ്രഷ്നസ് ഉണ്ട്. കോവിഡിനു ശേഷം മലയാള സിനിമ കൂടുതൽ മികവുറ്റതായി. കയ്യിൽ സ്മാർട് ഫോൺ ഇരിക്കുന്ന ഏതൊരാൾക്കും മലയാള സിനിമ കാണണം എന്ന തോന്നലാണ് ഉണ്ടാവുന്നത്. നമ്മൾ ചിന്തിക്കുക പോലും ചെയ്യാത്ത കഥകളാണ് ഇവിടെനിന്നും വരുന്നത്. തമിഴിൽ ഇപ്പോഴും നായിക നായകൻ ലീഡ് കഥാപാത്രം എന്നൊക്കെയുള്ള ട്രെൻഡ് ഉണ്ട്. പക്ഷേ മലയാളത്തിൽ അങ്ങനെയല്ല. എല്ലാവരും കൂടി ചേര്‍ന്നാണ് ഇവിടെയൊരു സിനിമ ചെയ്യുന്നത്. വൈറസിൽ ടൊൊവിനൊ ഒരു കഥാപാത്രം ചെയ്യാൻ വരുന്നു, പോകുന്നു. 2018ലും അങ്ങനെയുള്ള കഥാപാത്രങ്ങളായിരുന്നു പലർക്കും. അതെല്ലാം വിജയിച്ചു.  

 

ഫിറ്റ്നസ് മുഖ്യം 

 

ഭരത്: ഫിറ്റ്നസ് മൂന്ന് നേരത്തെ ഭക്ഷണം പോലെയാണ്. ഒഴിവാക്കാൻ പറ്റില്ല. 15 വർഷത്തോളമായി ഫിറ്റ്നസ് ഒരു ശീലമായി കൊണ്ടു നടക്കുകയാണ്. രാവിലെ ഒന്നര മണിക്കൂർ ജിം, വൈകിട്ട് അത്രതന്നെ നേരം ബാഡ്മിന്റൻ കളിക്കും. ഞായറാഴ്ച ഒഴികെ ബാക്കി എല്ലാ ദിവസവും ഇതുതന്നെയാണ്. മസിൽ ഉണ്ടാക്കിയെടുക്കുക എന്നുള്ളതല്ല, ഉള്ളിൽ സന്തോഷം തോന്നുക എന്നതിലാണ് കാര്യം. ഈ സിക്സ് പാക്കൊന്നും എന്നു കാണില്ല, ഇത് സന്തോഷമാണ് തരേണ്ടത്. സ്ട്രെസിൽ നിന്നും ഡിപ്രഷനിൽ നിന്നും നിങ്ങളെ ഫിറ്റ്നസിനു രക്ഷിക്കാൻ കഴിയും. 

 

റഹ്മാൻ: ഇത്രയുമൊന്നും ഇല്ല. പക്ഷേ ഞാനും ഫിറ്റ്നസിൽ ശ്രദ്ധിക്കാറുണ്ട്. ഞാനൊരു ഫുഡി ആണ്. ഇഷ്ടമുളളതൊക്കെയും കഴിക്കും. പക്ഷേ എല്ലാത്തിനും ഒരു ലിമിറ്റ് വയ്ക്കാറുണ്ട്. പ്രഫഷൻ ഇതായത് കൊണ്ട് വലിച്ചുവാരി കഴിക്കാറില്ല. ഉച്ചയ്ക്ക് ഹെവി ആയിട്ടാണ് കഴിച്ചതെങ്കിൽ രാത്രി ഭക്ഷണം ഒഴിവാക്കും. 

 

ഒരു വാതിൽ അടഞ്ഞാൽ മറ്റൊന്ന് തുറക്കും

 

റഹ്മാൻ: ദൈവം ഉണ്ടോ ഇല്ലയോ എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ സംവിക്കുന്ന എല്ലാത്തിനു പിന്നിലും ഒരു കാരണമുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. നെഗറ്റീവ് ആയി ചിന്തിച്ചാൽ അങ്ങനെയേ നടക്കു. കാരണം ആ സമയത്ത് നമ്മുടെ ഫോക്കസ് മുഴുവൻ നെഗറ്റീവിലേക്ക് ആയിരിക്കും. ജോലി സംബന്ധിച്ച് എന്തെങ്കിലും ബുദ്ധിമുട്ടിൽ ഇരിക്കുമ്പോൾ എന്റെ ഫാദർ എന്നോടു പറയുമായിരുന്നു, ഒരു വാതിൽ അടഞ്ഞാൽ മറ്റൊന്ന് തുറക്കും, ഡോണ്ട് വറി. എന്റെ ജീവിതത്തില്‍ ലഭിച്ച എല്ലാം എനിക്ക് ഇങ്ങോട്ടേക്കു വന്നതാണ് ഞാൻ ഒന്നും തേടിപ്പോയിട്ടില്ല. പൊന്നിയൻ സെൽവനിലെ മധുരാന്ദകൻ അടക്കമുള്ള കഥാപാത്രങ്ങൾ ഇങ്ങോട്ടു വന്നതാണ്.

 

സിനിമ കണ്ട് കരയും

 

റഹ്മാൻ: ഒരു വ്യക്തിയോ സാധനമോ എന്തോ ആയിക്കോട്ടെ, തനിക്ക് വളരെ അറ്റാച്ച്മെന്റ് തോന്നുന്ന ഒരാളാണ്. ഞാൻ ഇമോഷണലുമാണ്. ഒരു സിനിമ കണ്ട് അതിൽ സെന്റി ഉണ്ടെങ്കിൽ കരയുന്ന ഒരാളാണ് ഞാൻ. ഫീലാവും, കണ്ണീർ വരും. അടക്കി വെക്കുന്നതിനെക്കാൾ വികാരങ്ങൾ എക്സ്പ്രസ് ചെയ്യുന്നതാണ് നല്ലത്.

 

പിക്നിക് അല്ല, കഷ്ടപ്പാട്

 

റഹ്മാൻ: സമാറ സിനിമയുടെ ഷൂട്ടിങ് ഒട്ടും എളുപ്പമായിരുന്നില്ല. റെസ്ട്രിക്റ്റഡ് ഏരിയ ആയതുകൊണ്ട് ഒരുപാട് ബുദ്ധമുട്ടുകൾ നേരിട്ടാണ് ഷൂട്ട് ചെയ്യുന്നത്. മഞ്ഞ് ആയതുകൊണ്ട് അപകടസാധ്യതയും കൂടുതലായിരുന്നു. തണുപ്പ് എല്ലാവർക്കും ഇഷ്ടമാണ്, പക്ഷേ മൈനസ് 16 ഡിഗ്രി തണുപ്പ് ആയിരുന്നു അവിടെ. പല സിനിമകളിലും പിക്നിക് പോലെ എന്നൊക്കെ പലരും പറയാറുണ്ട്. പക്ഷേ ഈ സിനിമ പിക്നിക് അല്ല കഷ്ടപ്പാട് തന്നെയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com