ADVERTISEMENT

തൊണ്ണൂറുകളുടെ തുടക്കത്തിലെ ശാലീനയായിരുന്ന പെൺകുട്ടിയുടെ മുഖമാണ് പ്രവീണയ്ക്ക്. ‘പ്രണയിക്കുകയായിരുന്നു നാം, ഓരോരോ ജന്മങ്ങളിൽ...’ എന്ന പാട്ടിനൊപ്പം സ്നേഹം പകുത്ത പണ്ടത്തെ യുവാക്കളുടെ കാമുകീസങ്കല്‍പങ്ങൾക്കു പ്രവീണയുടെ ശബ്ദവും കുസൃതിയുമുണ്ടായിരുന്നു. മുപ്പത്തിയൊന്നു വർഷങ്ങൾക്ക് അപ്പുറം സ്റ്റുഡിയോ റൂമിലെ മൈക്കിൽ കുഞ്ഞുകുട്ടികൾക്കു ശബ്ദം നൽകിയും പാടിയുമാണു പ്രവീണ കലാകാരിയാണെന്നു സ്വയം തിരിച്ചറിഞ്ഞത്. പിന്നീടു തെലുങ്കിലും തമിഴിലും മലയാളത്തിലും സൗന്ദര്യമായും നടനമായും ശബ്ദമായും പ്രവീണയുണ്ടായി. പ്രവീണയുടെ വാക്കുകളിൽ പറഞ്ഞാൽ ‘‘പാട്ടും ഡാൻസും ഡബ്ബിങ്ങും അഭിനയവുമെല്ലാം ചേർന്ന അവിയലാണ് എന്റെ കലാജീവിതം’’. മനോരമ ഓൺലൈനിന്റെ ‘മെമ്മറി കാർഡി’ൽ പ്രവീണ പറഞ്ഞു തുടങ്ങുന്നു...

നായികയുടെ കുട്ടിക്കാലം

1992 ൽ ‘ഗൗരി’ എന്ന സിനിമയിൽ പാർവതി അവതരിപ്പിച്ച നായികയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് അഭിനയത്തുടക്കം. ആ സിനിമയുടെ സംവിധായകൻ ഡോ. ശിവപ്രസാദ് ചങ്ങനാശ്ശേരിയിൽ ഞങ്ങളുടെ അയൽവാസിയായിരുന്നു. അദ്ദേഹം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫസറായിരുന്നു. വളരെ ചെറുപ്പം മുതൽ സ്കൂളിലൊക്കെ ഞാൻ വളരെ ആക്ടീവായിരുന്നു. പാട്ടും ഡാൻസും എല്ലാം ഉണ്ടായിരുന്നു. ‘‘ചേട്ടന്റെ അടുത്ത സിനിമയിൽ മോൾക്ക് ഒരു ക്യാരക്ടർ തരും’’ എന്നു ശിവപ്രസാദ് ചേട്ടൻ പറയുമായിരുന്നു. അങ്ങനെ ആ സിനിമ തുടങ്ങി. നായികയുടെ ക്യാരക്ടർ ജലജ ചേച്ചിയാണു ചെയ്യേണ്ടിയിരുന്നത്. ജലജയെ പോലൊരു കുട്ടി എന്നതു കൊണ്ടാണു സിനിമയിലേക്കു വിളിച്ചത്. പിന്നീടു നായിക മാറി. പക്ഷേ എന്നെ മാറ്റിയില്ല.

മമ്മൂക്കയുടെ പാട്ടുകാരിക്കുട്ടി

ഞാൻ ഡിഗ്രിക്കു പഠിച്ചു കൊണ്ടിരുന്നപ്പോൾ വെക്കേഷൻ സമയത്താണു ‘കളിയൂഞ്ഞാൽ’ ചെയ്തത്. ആദ്യ ദിവസം മമ്മൂട്ടി സാർ, ശോഭനചേച്ചി ഇവരെയൊക്കെ പരിചയപ്പെട്ടു. പാട്ടു പഠിക്കുന്നു എന്നറിഞ്ഞപ്പോൾ മമ്മൂട്ടി സാർ ഒന്നു രണ്ടു പാട്ടൊക്കെ പാടിപ്പിച്ചു. അദ്ദേഹത്തിനു വലിയ ഇഷ്ടമായി. ഞാൻ സിനിമയിൽ നന്നായി വരണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. എല്ലാവർക്കും കൊടുക്കുന്ന നല്ല ഉപദേശങ്ങൾ എനിക്കും മമ്മൂട്ടി സാർ തന്നിരുന്നു. ചിലപ്പോൾ എന്റെ അമ്മയോടു പറയും ‘‘ഈ കൊച്ചിനെ സിനിമയിൽ അഭിനയിപ്പിക്കാനൊന്നും കൊള്ളത്തില്ല. ഇതിനെ കല്യാണം കഴിപ്പിച്ചു വീട്ടിൽ കൊണ്ടിരുത്താൻ കൊളളാം’’ എന്ന്. അന്നു ഷോട്ട് റെഡി എന്നു പറയുമ്പോൾ പോയി അഭിനയിക്കും. എന്നിട്ടു ഞാൻ അച്ഛന്റെയും അമ്മയുടെയും അടുത്തു വന്നിരിക്കും. സിനിമ ഫീൽഡ് എന്നൊക്കെ പറയുമ്പോൾ അച്ഛനോടും അമ്മയോടും പലരും പറഞ്ഞു നമുക്കു പറ്റിയതല്ല, സൂക്ഷിക്കണം എന്നൊക്കെ. ആരെങ്കിലും ആവശ്യമില്ലാതെ നമ്മളോടു എന്തെങ്കിലും പറയുമോ എന്നൊക്കെ പേടിയായിരുന്നു. അതുകൊണ്ടായിരുന്നു അച്ഛന്റെയും അമ്മയുടെയും പ്രൊട്ടക്‌ഷനിൽ നിന്നിരുന്നത്. സിനിമയിൽ എല്ലാവരും ഇക്കാലം വരെ നന്നായി മാത്രമേ പെരുമാറിയിട്ടുള്ളു. സംവിധായകർ മുതൽ യൂണിറ്റിലെ ചെറിയ ജോലികൾ ചെയ്യുന്നവർ വരെ ‘പ്രവീണചേച്ചി’ എന്ന സ്നേഹവും ബഹുമാനവും തന്നിട്ടുണ്ട്. കൊടുക്കുന്നതാണല്ലോ തിരിച്ചുകിട്ടുക.

സിനിമയിൽ പ്രശ്നങ്ങൾ ഉണ്ടാകാം. അതിനു സിനിമയെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എല്ലാ മേഖലയിലും ആപത്തുകൾ ഒളിഞ്ഞിരിപ്പുണ്ട്. അതനുസരിച്ചു ചിന്തിച്ചു പ്രവർത്തിക്കേണ്ടതു നമ്മളാണ്. നമ്മൾ പോയി കുഴിയിൽ ചാടിയിട്ട് ഈ ഫീൽഡിന്റെ കുഴപ്പമാണെന്നു പറഞ്ഞിട്ടു കാര്യമില്ലല്ലോ.

കൊച്ചു കൊച്ചു വലിയ കാര്യങ്ങൾ

ഞാൻ ലേശം ഫിലോസഫിക്കലാണ്. ചുറ്റിലും നോക്കിയാൽ ഒരുപാട് അർഥങ്ങളുള്ള പലതും കാണാനാകും. അതെല്ലാം ചേർത്തുവച്ചാണു പുസ്തകം എഴുതിയത്. എന്റെ അച്ഛൻ ഒരുപാടു സഹായിച്ചിട്ടുണ്ട്. അദ്ദേഹം ഒരുപാടു അറിവുള്ള ആളാണ്. കച്ചവടത്തിനായി പുസ്തകം ചെയ്ത ആളല്ല ഞാൻ. അങ്ങിനെയൊന്നും എനിക്ക് അറിയുകയുമില്ല. കൂട്ടുകാർക്കൊക്കെ സമ്മാനമായി കൊടുക്കും. ഇനിയൊരു പുസ്തകം എഴുതാമെന്നു കരുതിയാൽ, അറിയുന്നതെല്ലാം ഇതിൽ എഴുതിയപ്പോയി. ഇനി വേറെ എന്ത് എഴുതും?

praveena

അഭിപ്രായങ്ങൾ വ്യക്തമായി പറയുന്ന സ്ത്രീ

എനിക്കു ദ്വന്ദ്വവ്യക്തിത്വം ഉണ്ടോയെന്നു സംശയം തോന്നാറുണ്ട്. ചിലപ്പോൾ വളരെയധികം ഗൗരവമുള്ള കാര്യങ്ങൾ പറയും. മറ്റു ചിലപ്പോൾ ചെറിയ കുട്ടികളെ പോലെ മണ്ടത്തരം പറയും. എന്റെ ഭർത്താവും മകളും പറയാറുണ്ട് ‘‘വീണാ, നീ വാ തുറക്കരുത്. സകല വിലയും പോകും’’ എന്ന്. ശരിക്കും ഞാനൊരു വികൃതിയാണ്. ചില കാര്യങ്ങള്‍ ഞാൻ ഓപ്പൺ ആയിട്ടു പറയും. അത് ഒതുക്കി പറയാനും , പറയാതിരിക്കാനും എനിക്ക് അറിയില്ല. അങ്ങനെ പല ബുദ്ധിമുട്ടുകളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. സൂക്ഷിച്ച് സംസാരിക്കണം എന്നു അച്ഛനും വീട്ടിലെല്ലാവരും പറയാറുണ്ട്. ഇപ്പോൾ എനിക്കു നാൽപതു വയസ്സു കഴിഞ്ഞു. ഈ പ്രായത്തിൽ കുട്ടിത്തം കാണിച്ചാൽ ‘‘അയ്യേ, ഇവരെന്താ കുഞ്ഞു കളിക്കുന്നത്’’ എന്നു മറ്റുള്ളവർ വിചാരിക്കും. പക്ഷേ എത്ര പ്രായം കൂടിയാലും എല്ലാവരിലും ഒരു കുട്ടി ഉണ്ടായിരിക്കും. അതു നല്ലതാണ്. കൂടുതലാക്കരുതെന്നു മാത്രം.

praveena

‘സാക്ഷാൽ ദേവി’യുടെ ഛായയുള്ള പ്രവീണ

ദേവീമാഹാത്മ്യം എന്ന സീരിയൽ ഗംഭീര ഹിറ്റായിരുന്നു. പലരും പറഞ്ഞിട്ടുണ്ട്, ‘ദേവീ മഹാമായേ’ എന്നു പ്രാർഥിക്കുമ്പോഴെല്ലാം പ്രവീണയുടെ മുഖം ഓർമ വരുന്നു എന്ന്. ഞാനൊരു ഭക്തയാണ്. അപ്പോൾ ‘‘അയ്യോ, അങ്ങിനെയൊന്നും തോന്നിപ്പിക്കല്ലേ ഭഗവാനേ’’ എന്നും തോന്നാറുണ്ട് എനിക്ക്.

അതിനു ശേഷം മലയാളത്തിൽ സീരിയലുകൾ ചെയ്തിട്ടില്ല. പലപ്പോഴും കഥകൾ മോശമാണ്. കലാകാരന്മാരാണെങ്കിലും ചെയ്യുന്ന കഥാപാത്രങ്ങളിൽ നമുക്കും ഉത്തരവാദിത്തമുണ്ട്. നെഗറ്റീവ് കഥാപാത്രം ചെയ്യാൻ ബുദ്ധിമുട്ടാണ്. നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യുന്നവർ തന്നെ പറയാറുണ്ട്, രാത്രി ചിലപ്പോൾ ഉറങ്ങാനേ പറ്റില്ല എന്നൊക്കെ.

praveena-daughter2

തമിഴ് സീരിയലിൽ ഞാൻ ഡോമിനേറ്റിങ് സ്ത്രീ ആയാണ് അഭിനയിക്കുന്നത്. ശരിക്കും ഞാൻ ആരെയും ഭരിക്കുന്ന ആളല്ല. ജീവിതവുമായി ബന്ധമില്ലാത്ത കഥാപാത്രം ചെയ്യുമ്പോൾ നമ്മുടെ സ്വഭാവം വരെ മാറിപ്പോകും. ഞാൻ പിന്മാറിക്കൊട്ടേയെന്നു വരെ അവരോടു ചോദിച്ചിരുന്നു. സമ്മതിച്ചില്ല. ഒരു വിധത്തിലാണ് അതു ചെയ്തു തീർത്തത്.

ശബ്ദം നൽകുന്ന വീണ

ഒരുപാടു ഡബ്ബിങ് ആർട്ടിസ്റ്റുകൾ ഉണ്ടല്ലോ. അതിൽ വളരെ കുറച്ചുപേർ മാത്രമാണ് ശോഭിക്കുന്നത്. ഡബ്ബിങ് ആർട്ടിസ്റ്റുകൾ വല്ലാതെ പെർഫെക്‌ഷൻ നോക്കുന്നു. അഭിനേതാക്കൾ ശബ്ദംകൊണ്ടും അഭിനയിക്കുകയാണ്. എനിക്കുവേണ്ടി വേറെ ആര് ഡബ് ചെയ്താലും തൃപ്തിയാകാറില്ല. തമിഴിൽ എനിക്കു വഴക്കമില്ലല്ലോ. അപ്പോൾ വേറെ ചിലരാണ് ശബ്ദം നൽകാറ്. അതു കേൾക്കുമ്പോൾ സങ്കടം വരും. എന്തു ചെയ്യാനാ. സഹിക്കുകതന്നെ. ഇലക്ട്രയിൽ മനീഷ കൊയ്‌രാളയ്ക്കുവേണ്ടി ഡബ്ബ് ചെയ്തിരുന്നു. അതിനു മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സ്റ്റേറ്റ് അവാർഡ് കിട്ടി. പിന്നെ പത്മപ്രിയയ്ക്കു ശബ്ദം നൽകി. അതിനും അവാർഡ് കിട്ടിയിരുന്നു. അതിനുശേഷം ഡബ്ബിങ് ഞാനങ്ങനെ ചെയ്തിട്ടില്ല. വലിയ ആഗ്രഹമുള്ളൊരു ഫീൽഡാണ്. സിനിമയിൽ വർക്കില്ലെങ്കിലും നമുക്കു ചെയ്യാനാകുന്ന കലയാണ്.

കാർബണിലെ ചുവന്ന കണ്ണ്

കാർബണിലേതു വളരെ ചെറിയ ഒരു വേഷമാണല്ലോ. ആ സമയത്ത് കണ്ണിൽ ബ്ലഡ് ക്ലോട്ടായിട്ട് കിടക്കുവായിരുന്നു. അതു വേണു സാറിനോട് പറഞ്ഞപ്പോൾ ''എന്തു പ്രശ്നം ഉണ്ടെങ്കിലും നമുക്കതിനെ പോസിറ്റീവായിട്ട് എടുക്കാം'' എന്നു പറഞ്ഞു. ആ കഥാപാത്രത്തിന് ഒരു രഹസ്യ സ്വഭാവം ഉണ്ട്. കഥാപാത്രത്തിന്റെ സങ്കീർണതയ്ക്കു കണ്ണിലെ അന്നത്തെ ചുവപ്പു സഹായമായി. അതിലെ മോഡുലേഷനൊക്കെ സാർ പറഞ്ഞുതന്നതായിരുന്നു.

'ഫോർ ഇൻ വൺ ബേബി'യും മണിച്ചേട്ടനും

praveena-snake

'സമ്മർ ഇൻ അറേബ്യ' എന്ന പ്രോഗ്രാമിൽ ദിലീപേട്ടൻ, മഞ്ജു, മണിച്ചേട്ടൻ, വാണിച്ചേച്ചി, ഞാൻ അങ്ങനെ കുറേ പേരുണ്ടായിരുന്നു. ഗൾഫിൽ 17 സ്റ്റേജിൽ അന്നു പ്രോഗ്രാം ചെയ്തു. അതിൽ പരിപാടികൾ ചിട്ടപ്പെടുത്തുന്നതിനിടെ ഞാൻ മണിച്ചേട്ടനോടു പറഞ്ഞിരുന്നു എനിക്ക് കുട്ടികളുടെ വോയിസിൽ സംസാരിക്കാൻ പറ്റും എന്ന്. അങ്ങനെ ചെയ്തതാണ് കുട്ടിയും അപ്പൂപ്പനും. അത് വലിയ ഹിറ്റായി. ഓരോ വേദി കഴിയുംതോറും കൂടുതൽ കൂടുതൽ നന്നായിവന്നു.

മൗഗ്ലിയിലെ ജമീറ

ജംഗിൾ ബുക്കിൽ ജമീറ എന്ന കഥാപാത്രത്തിനാണു ശബ്ദം കൊടുത്തത്. അന്നു കോളജിൽ പഠിക്കുന്ന സമയമാണ്. അതായിരുന്നു എന്റെ കലാജീവിതത്തിന്റെ തുടക്കം. അക്കാലത്ത് ഓമനക്കുട്ടി ടീച്ചറുടെ അരികിൽ പാട്ടു പഠിക്കാൻ പോകുന്നുണ്ടായിരുന്നു. അന്നു വി ട്രാക് സ്റ്റുഡിയോയിൽ പാട്ടു പാടാൻ പോയിരുന്നു. അവിടെനിന്ന് എന്റെ ശബ്ദം കേട്ടാണ് നെടുമുടി അങ്കിളിനോടൊപ്പം 'ആലായാൽ തറ വേണം' പാട്ടു പാടാൻ അവസരം ലഭിച്ചത്. അതു കേട്ട് അവിടുത്തെ സൗണ്ട് എൻജിനീയറായിരുന്ന സി.ആർ.ചന്ദ്രൻ, ഡേവിഡ് കാച്ചിപ്പിള്ളി സാറിനെ പരിചയപ്പെടുത്തി. മഞ്ജു അന്നൊരു സീരിയൽ ചെയ്യുന്നുണ്ടായിരുന്നു. സല്ലാപം കഴിഞ്ഞ സമയമായിരുന്നു. മഞ്ജു വാരിയർക്ക് ഡബ്ബ് ചെയ്യാൻ ശബ്ദം തിരയുകയായിരുന്നു അവർ. അങ്ങനെ അവർ എന്റെ വീട് തപ്പിപ്പിടിച്ചു വീട്ടിൽ വന്നു. ഡബ്ബിങ്ങിനെപ്പറ്റി പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു ‘‘ഡബ്ബിങ്ങോ എന്നു വച്ചാൽ എന്താ?’’ എന്ന്. അങ്ങനെ മഞ്ജുവിനു വേണ്ടി ഡബ്ബ് ചെയ്തു. ആ സ്റ്റുഡിയോയിൽ ആയിരുന്നു ജംഗിൾ ബുക്കിന്റെയും ഡബ്ബിങ് നടന്നിരുന്നത്. ദേവിയായിരുന്നു മൗഗ്ലിക്കുവേണ്ടി ഡബ്ബ് ചെയ്തിരുന്നത്. അതുകണ്ടപ്പോൾ ഞാൻ ചന്ദ്രൻ ചേട്ടനോട് അങ്ങോട്ടു പറഞ്ഞു കുട്ടികളുടെ ശബ്ദം ചെയ്യുമെന്ന്. ജംഗിൾ ബുക്കിലെ ഡബ്ബിങ് ഞാൻ ചോദിച്ചു വാങ്ങി ചെയ്തതാണ്. അതായിരുന്നു വഴിത്തിരിവ്. അങ്ങനെ സി. ആർ. ചന്ദ്രൻ ചേട്ടൻ വഴി ഒന്നു രണ്ടു സിനിമയിൽ കൂടി വർക്ക് ചെയ്തു. ചിപ്പിക്കുവേണ്ടി ഡബ്ബ് ചെയ്തു. അതു സിനിമക്കാർ കണ്ടു. അഭിനയിച്ചൂടെ എന്നു ചോദിച്ചു. അതുവഴിയാണു കളിയൂഞ്ഞാലിലേക്ക് എത്തിയത്.

ആരാധനയാകാം ഇതു പക്ഷേ...

കഴിഞ്ഞ അഞ്ചു വർഷമായി ഒരാള്‍ എന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ഉപദ്രവിക്കുകയാണ്. 23 വയസ്സുള്ള തമിഴ് പയ്യനാണ്. ഡല്‍ഹിയിലാണു താമസം. ഞാൻ അവന് അമ്മയെപ്പോലെയാണെന്നാണു അവൻ പറയുന്നത്. ഞാൻ അവനെ എപ്പോഴും ഫോണിൽ വിളിക്കണം, സംസാരിക്കണം. അവൻ സാഡിസ്റ്റാണ്. അവൻ സ്നേഹിക്കുന്നവരെ ഉപദ്രവിക്കുന്ന സ്വഭാവം. അവന്റെ അമ്മയോടും അച്ഛനോടും സംസാരിച്ചിരുന്നു. അപ്പോൾ അവർ മകൻ തെറ്റു ചെയ്യുന്നുവെന്ന് വിശ്വസിക്കാൻ തയ്യാറല്ല. സീരിയലിൽ നിന്നു പല ഭാവങ്ങൾ സ്ക്രീൻ ഷോട്ടെടുത്ത് അതിനു ചേരുന്ന ശരീരങ്ങൾ ചേർത്തു പ്രചരിപ്പിച്ചു. ഇതൊന്നും പോരാത്തതിന്, എന്റെ ഇരുപതു വയസ്സു മാത്രമുള്ള മകളുടെയും കൂട്ടുകാരുടെയും ചിത്രങ്ങളും ഇതുപോലെ മോശമായി ഉപയോഗിച്ചു. ആദ്യം കണ്ടപ്പോൾ എനിക്കു വിഷമം തോന്നി. ഒരുപാടു ശ്രമത്തിനൊടുവിൽ അവൻ പിടിക്കപ്പെട്ടു. കുറച്ചു നാൾ ജയിലില്‍ കിടന്നു. ശേഷം ഡൽഹിയിൽ പോയി. വീണ്ടും ഇതു തന്നെ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. കൂടാതെ വീട്ടിലെ മറ്റു കുടുംബാംഗങ്ങളുടെയും പേരും ഫോട്ടോയും വച്ച് പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക എന്നിങ്ങനെ ഒരുപാടു ദ്രോഹം ചെയ്യുന്നുണ്ട്. എങ്ങിനെയാണു ഇതിൽനിന്ന് രക്ഷപ്പെടുകയെന്ന് ഇപ്പോഴും അറിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com