ഉർവശിയുടെ എഴുന്നൂറാം ചിത്രത്തിലൂടെയാണ് സനുഷ മലയാളത്തിലേക്കു വീണ്ടുമെത്തുന്നത്. ബാലതാരമായി വന്നു മലയാളികളുടെ ഹൃദയം കവർന്ന സനുഷയുടെ രണ്ടാം ഇന്നിങ്സ് വിശേഷങ്ങളിലേക്ക്....
ആറു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു സനുഷ മലയാള സിനിമയിലേക്കു തിരിച്ചെത്തുന്നത്. മനഃപൂർവം മാറിനിന്നതാണോ?
ഇടവേള മലയാളത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി മറ്റു ഭാഷകളിലെല്ലാം സജീവമായിരുന്നു. മലയാളത്തിൽ മനഃപൂർവം ബ്രേക്ക് എടുത്തതാണ്. നല്ല കഥാപാത്രങ്ങൾക്കായി കുറച്ചുസമയം കാത്തിരിക്കാമെന്നു തോന്നി. മലയാളത്തെ വളരെയധികം മിസ് ചെയ്ത സമയം കൂടിയായിരുന്നു ഇത്. നിലവിൽ മലയാളത്തിൽ മൂന്നു ചിത്രങ്ങൾ ചെയ്തുകഴിഞ്ഞു. അതിൽ രണ്ടെണ്ണത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിക്കുന്നു.

പഠനം ഇക്കാലയളവിൽ പൂർത്തിയാക്കി. ക്യാംപസ് ലൈഫിനെക്കുറിച്ച്?
ഒരു സെലിബ്രിറ്റി സ്റ്റേറ്റസും ഇല്ലാതെയാണ് സെന്റ് തെരേസാസിൽ പിജി പഠിച്ചിറങ്ങിയത്. അടിപൊളിയായിരുന്നു ക്യാംപസ് ജീവിതം. ആ സമയവും സിനിമകളിൽ അഭിനയിക്കുന്നുണ്ട്. പക്ഷേ, അധ്യാപകരും കൂട്ടുകാരും വീട്ടുകാരുമെല്ലാം നന്നായി പിന്തുണച്ചു. അതുകൊണ്ട് ടെൻഷനൊന്നുമില്ലാതെ ആസ്വദിച്ചാണ് പഠിച്ചത്.

ഉർവശി - ഇന്ദ്രൻസ് കോംബോയിൽ ഒരു കോർട്ട് റൂം കോമഡി സിനിമ. ജലധാര പമ്പ്സെറ്റിന്റെ കൂടുതൽ വിശേഷങ്ങൾ?
കഥയും കഥാപാത്രവും മാത്രമല്ല, 'ജലധാര പമ്പ്സെറ്റ് സിൻസ് 1962'ന്റെ ടീം പോലും ഈ സിനിമ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങളാണ്. ഉർവശിയുടെ മകളുടെ വേഷമാണ് എന്റേത്. എന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ചിപ്പി.
ഉർവശിയുടെ കൂടെ അഭിനയിക്കുകയെന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. അവരുടെ അഭിനയം കണ്ടു പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ഒത്തിരി കാര്യങ്ങൾ അവരിൽ നിന്നു പഠിച്ചു. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സിംപ്ലസ്റ്റ് ആയ നടനാണ് ഇന്ദ്രൻസ് ചേട്ടൻ. പാലക്കാട് ഷൂട്ടിങ് നടക്കുന്ന സമയത്ത് ഒട്ടേറെപ്പേർ ഷൂട്ടിങ് കാണാൻ എത്തിയിരുന്നു. ഇന്ദ്രൻസ് ചേട്ടനും അവരിലൊരാളായി പെട്ടെന്നു മാറി. അദ്ദേഹം കഥാപാത്രമാകുന്നതും അങ്ങനെത്തന്നെയാണ്. ടി.ജി. രവി, ജോണി ആന്റണി, സാഗർ തുടങ്ങിയ വലിയൊരു താരനിരയുണ്ട് ചിത്രത്തിൽ.
അനുജൻ സനൂപ് ഇപ്പോൾ എന്തു ചെയ്യുന്നു.
സനൂപും പഠിക്കുകയായിരുന്നു. ഇപ്പോൾ പ്ലസ് ടു കഴിഞ്ഞു. അവനും നല്ല സിനിമയ്ക്കു വേണ്ടി കാത്തിരിക്കുകയാണ്. മരതകവും ലിക്വർ ഐലൻഡുമാണ് എന്റെ പുതിയ സിനിമകൾ.