ADVERTISEMENT

ശ്രുതി ജയന്റെ ജീവിതം ശരിക്കും തകിടം മറഞ്ഞു പോയിരുന്നു. അച്ഛനും അനുജനും അപ്രതീക്ഷിതമായി ജീവിതം വിട്ടു പോകുന്നു. ഈ വേർപാടിൽ അമ്മ ശരിക്കും തളർന്നു പോകുന്നു. അതോടെ ശ്രുതിയുടെ നൃത്ത ലോകവും ചെറുതായി. നൃത്ത വേദികളിൽനിന്നു വേദികളിലേക്കു പാടി പാടി നടന്നിരുന്ന തൃശൂരുകാരൻ വി.എസ്.ജയനായിരുന്നു ശ്രുതിക്കു നിഴൽപോലെ കൂടെ നിന്നിരുന്നത്. യുവജനോത്സവങ്ങളിലെ പാട്ടു താരമായിരുന്നു ജയൻ.അദ്ദേഹം പാടിയാൽ സമ്മാനം കിട്ടുമെന്നു വിശ്വസിച്ച എത്രയോ പേരുണ്ടായിരുന്നു. അനുജൻ പോയതോടെയാണു ചെന്നൈ അഡയാർ കലാക്ഷേത്രയിലെ നൃത്താഭ്യാസവും ജോലിയുമെല്ലാം ഉപേക്ഷിച്ചു ശ്രുതി മടങ്ങിയത്. ഈ യാത്രക്കൊരുങ്ങുമ്പോൾ ശ്രുതിയെ പലരും കണ്ടിരുന്നതു ഭരതാനാട്യത്തിലെ പ്രതിഭകളുടെ പട്ടികയിലാണ്. അതോടൊപ്പം കുട്ടികൾക്കു പലരും പ്രിയപ്പെട്ട അധ്യാപികയായിരുന്നു. ഇനി മുന്നോട്ടില്ലെന്നു തോന്നിയിരുന്ന കാലം. അഡയാർ നൃത്ത കേന്ദ്രത്തിന്റെ സിഡിയുടെ കവറിൽ കണ്ട ഫോട്ടോയിലെ പെൺകുട്ടിയെ ഒരിക്കൽ മണിരത്നം അന്വേഷിച്ചു. അദ്ദേഹത്തിന്റെ മനസ്സിലെവിടെയോ ഒരു അഭിനേതാവിന്റെ മുഖം കണ്ടിരിക്കാം. അന്നു സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മണിരത്നത്തിന്റെ കണ്ണിൽപെട്ട ആ കുട്ടിയെ പിന്നീടു മറ്റൊരാൾ കണ്ടെത്തി. അങ്കമാലി ഡയറീസ് ചെയ്യുമ്പോൾ ലിജോ ജോസ് പെല്ലിശ്ശേരി ചെറിയൊരു വേഷത്തിനായി ശ്രുതിയെ വിളിച്ചു. ആനിസ് എന്ന കഥാപാത്രത്തിന്റെ വേഷം അഴിച്ചു വച്ചു പോകുമ്പോൾ ലിജോ പറഞ്ഞു, ‘വീണ്ടും വിളിക്കും. വേഷം നന്നായി ചെയ്തു.’ തനിച്ചായിപോയതിന്റെ പ്രയാസത്തിൽ ജീവിതം ആടിയും ഉലഞ്ഞും പോയിക്കൊണ്ടിരിക്കെ നൃത്തത്തിനും പഠനത്തിനും ഇടയിൽ ശ്രുതിയെത്തേടി ചെറിയ വേഷങ്ങൾ വന്നു. ‘ജൂൺ’ എന്ന സിനിമയിലെ മായ ടീച്ചർ പോലുള്ള നല്ല വേഷങ്ങൾ. പതുക്കെ പതുക്കെ നല്ലൊരു കാരക്റ്റർ ആർട്ടിസ്റ്റിനെ തേടി നടന്ന പലരും ശ്രുതിയെ തേടി വന്നു.

sruthy-jayan-32

 

sruthy-jayan-342

തെലുങ്കിലെ സൂപ്പർ ഹിറ്റായ പരമ്പര ഗോഡ്സ് ഓഫ് ധർമപുരിയിലെ തലയിൽ നരവീണ അമ്മയേക്കണ്ടു പലരും കരുതി ഇതു പ്രായം ചെന്ന ഏതോ പുതിയ നടിയാണെന്ന്. പക്ഷേ നല്ല വേഷത്തിനായി ഒരു പെൺകുട്ടി ചെയ്ത വേഷമാണെന്ന് അറിഞ്ഞതോടെ ശ്രുതി തെലുങ്കിലെ വലിയ വാർത്തയായി. തമിഴിലെ ക്വീൻ, ഹിന്ദിയിലെ ദാഹിനി, ട്രയൽ ഓഫ് അസാസിൻ തുടങ്ങിയ പരമ്പകൾ ശ്രുതിയെ ഒടിടി പ്ലാറ്റ് ഫോമുകളിലെ താരമാക്കി.

 

ഈ തിരക്കിനിടയിലും മലയാളത്തിലെ ചെറിയ വേഷങ്ങൾപോലും ശ്രുതി സന്തോഷത്തോടെ ഏറ്റെടുത്തു. ‘വേഷം ചെറുതാണോ വലുതാണോ എന്നെനിക്കറിയില്ല. എന്റെ ഭാഷയിൽ ഞാൻ എന്തെങ്കിലും ചെയ്യുന്നൊരു അഭിനേതാവാണെന്നു നാലാൾ പറയുന്നത് എനിക്കുണ്ടാക്കുന്ന സന്തോഷം ചെറുതല്ല.‘ ഇരട്ട, കുറുക്കൻ, കൊറോണ ധവാൻ എന്ന ചിത്രങ്ങളിലെ വേഷങ്ങൾ ശ്രുതിക്കു നൽകിയതു പുതിയൊരു മുഖമാണ്. സാമൂഹികമാധ്യമങ്ങൾ താരപ്പകിട്ടില്ലാത്ത ശ്രുതിയേക്കുറിച്ചു സംസാരിക്കുന്നു.

sruthy-jayan-image

 

∙ അഡയാർ നൃത്ത വിദ്യാലയത്തിൽനിന്നു പോരാൻ തീരുമാനിച്ചത് എന്തുകൊണ്ടാണ്.

 

sruthy-jayan-latest

അഭിനയമെന്നതു കുട്ടിക്കാലത്തേ മനസ്സിലുള്ളതാണ്. അതിനുള്ള വഴി തേടി അലഞ്ഞില്ലെന്നു മാത്രം. അനുജൻ വിട്ടുപോയതോടെ അമ്മയുട അടുത്തു വേണമെന്നായി.അച്ഛനു ധാരാളം പരിപാടികളും യാത്രകളും ഉണ്ടായിരുന്നു. മാത്രമല്ല 10 വർഷത്തോളമായി അച്ഛൻ ഹൃദയത്തിനു തകരാറുമായി ജീവിക്കുകയായിരുന്നു. അതും വലിയ പിരിമുറക്കത്തിനിടയാക്കി. അഭിനയത്തിന്റെ വഴിയിലേക്കു തിരിഞ്ഞപ്പോൾ അഡയാർ വിട്ട് ഇവിടേക്കു വരേണ്ടി വന്നു. അച്ഛനും അനുജനും ഇല്ലാതായതോടെ വീട്ടിൽ ഞാനുണ്ടാകേണ്ട സാഹചര്യവുമുണ്ടായി. അമ്മ സുമ ജയൻ സ്കൂൾ പഠന കാലത്തെ അത്‌ലറ്റായിരുന്നു. ആ ധൈര്യമെല്ലാം പെട്ടെന്ന് ഇല്ലാതായി.

 

∙ അനുജന്റെ മരണം വല്ലാത്ത ഉലച്ചുവെന്നു തോന്നുന്നു.

 

മരണം ആരുടേതായാലും നമ്മെ ഉലയ്ക്കും. അച്ഛനും അനുജനും പോയതു ജീവിതത്തിൽ തന്നതു വലിയ ഷോക്കാണ്. അനുജനു സെറിബ്രൽ പാള്‍സിയായിരുന്നു. അവന്റെ മനസ്സറിഞ്ഞു കൂടെ നിന്നാണു വളർന്നത്. പാട്ടും നൃത്തവും അവനു പലപ്പോഴും വലിയ സന്തോഷം നൽകിയിരുന്നു. അതു മനസ്സിലായതോടെയാണു ഞാൻ ശാരീരിക പ്രശ്നമുള്ള കുട്ടികളെ പാട്ടും ഡാൻസും പഠിപ്പിക്കാൻ തീരുമാനിച്ചത്. അവരിൽ പലർക്കുമുണ്ടായ മാറ്റം എനിക്കു ദൈവംതന്ന സമ്മാനമാണ്. ഇങ്ങനെ പ്രയാസമനുഭവിക്കുന്ന കുട്ടികളെ പഠിപ്പിക്കാനായി വിദേശത്തുനിന്നുപോലും ഏറെപ്പേർ വിളിക്കുന്നു. ജോലിയുടെ സമയക്കുറവിൽ പലതും ഏറ്റെടുക്കാനാകുന്നില്ലെന്നു മാത്രം. ചില കുട്ടികൾക്ക് അതു സഹായകമാകും, എല്ലാവരിലും ഇതു മാറ്റമുണ്ടാക്കില്ല. രണ്ടു മരണങ്ങളിൽനിന്നുള്ള തിരിച്ചുവരാണ് ഇപ്പോഴത്തെ ജീവിതം.

 

sruthy-jayan-photoshoot

അനുജനും ഞാനും തമ്മിൽ നാലു വയസ്സു വ്യത്യാസമുണ്ടായിരുന്നു. സ്വന്തം കാര്യത്തിനുപോലും പരസഹായം വേണ്ട ജീവിതമായിരുന്നു. മോഹൻലാലിനെയായിരുന്നു വലിയ ഇഷ്ടം. തിയറ്ററിൽ ലാൽ സാറിന്റെ സിനിമ കാണുമ്പോഴും അവൻ അലറി വിളിക്കും. പക്ഷേ ഓരോ സിനിമയും ഊർജ്ജമായിരുന്നു. തിരക്കില്ലാത്ത ദിവസം ഞങ്ങൾ അവനെ സിനിമയ്ക്കു കൊണ്ടുപോയി. അടുത്ത സീറ്റുകളിലിരിക്കുന്ന പലർക്കും അവന്റെ ആഹ്ലാദ പ്രകടനം പ്രയാസമായിക്കാണും. സത്യത്തിൽ എന്റെ ‍‍ഡാൻസ് കൊറിയോ ഗ്രാഫിയിൽപോലും അവനോടുള്ള സ്നേഹത്തിന്റെ സ്വാധീനമുണ്ടായിരുന്നുവെന്നു ഞാനിപ്പോൾ തിരിച്ചറിയുകയാണ്.

 

∙ നൃത്ത വേദിയിൽനിന്നും കുറച്ചുകാലം വിട്ടുനിന്നുവല്ലേ.

 

മനസ്സു തളരുമ്പോൾ ശരീരവും നമ്മളുടെ നിയന്ത്രണത്തിൽനിന്നു വിട്ടു പോകും. അതിനെ തിരിച്ചു പിടിക്കാനുള്ള മനസ്സു വരുന്നതോടെ ശാരീരിക പ്രശ്നങ്ങളും ഇല്ലാതായി. വീണ്ടും നൃത്ത വേദിയിൽ തിരിച്ചെത്തി.

 

∙ പത്തോളം സിനിമകളായി. മറ്റു ഭാഷകളിലും ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. എന്നിട്ടും പല സിനിമയിലും ചെറിയ വേഷവും ശ്രുതി മടിയില്ലാതെ ഏറ്റെടുക്കുന്നുവല്ലോ.

 

വേഷം മാത്രമാണ് എന്റെ മുന്നിലുള്ളത്. പ്രതിഫലത്തേക്കുറിച്ചുപോലും ആലോചിക്കാൻ തുടങ്ങിയത് അടുത്ത കാലത്താണ്. നല്ല വേഷങ്ങൾ കിട്ടിയിതെല്ലാം ഏറ്റെടുത്തിട്ടുണ്ട്. നായിക ആയേ അഭിനയിക്കൂ എന്നു പറയുമ്പോൾ എന്റെ പരിമിതിയും എന്റെ സ്ഥാനവും എനിക്കു നന്നായി അറിയാം. പക്ഷേ മലയാളത്തിലെ പല പ്രശസ്ത സംവിധായകരും എന്നോടു നല്ല വേഷം വരുമ്പോൾ വിളിക്കാമെന്നു പറഞ്ഞിട്ടുണ്ട്. അവരിൽ പലരും സിനിമ കണ്ടാണ് എന്നെ വിളിച്ചതും. അതൊരു ഭാഗ്യമാണ്.

 

∙ പുതിയ സിനിമയായ കൊറോണ ധവാനിൽ ശ്രുതിയുടെ ലിപ് ലോക് സീനുണ്ടെന്നതു വലിയ വാർത്തയായിരുന്നല്ലോ.

 

അതു വിവാദമാകേണ്ട ലിപ് ലോക്കൊന്നുമില്ല. സാധാരണ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നൊരു സ്നേഹ പ്രകടനം. ആ സിനിമയ്ക്ക് അത് ആവശ്യമാണെന്നു ബോധ്യമായതുകൊണ്ടു ചെയ്തതാണ്. അതൊരു മിന്നായം പോലെ കടന്നു പോകുന്ന സീനാണ്. സിനിമയിലുള്ള ആരും ആ സീൻ ദുരുപയോഗപ്പെടുത്തി പ്രചരണം നടത്തിയിട്ടുമില്ല. ദുരുപയോഗപ്പെടുത്തുമ്പോഴാണു പലപ്പോഴും ലിപ് ലോക് വിവാദമാകുന്നത്.

 

ശ്രുതിക്ക് തിരക്കേറുകയാണ്. പുതിയ സംവിധായകരിൽ പലരും ശ്രുതിക്കു വേണ്ടി വേഷങ്ങൾ കണ്ടെത്തിയിരിക്കുന്നു. കാരക്റ്റർ അഭിനേതാക്കളുടെ പട്ടികയിലേക്ക് ഒരാൾ കൂടി വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com