ADVERTISEMENT

കണ്ണൂർ ജില്ലയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന, നദികളിൽ സുന്ദരി യമുന എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ധ്യാൻ ശ്രീനിവാസൻ സംസാരിക്കുന്നു...

 

എന്താണു ഈ സിനിമ പറയുന്നത്?

 

വടക്കൻ മലബാറിന്റെ, പ്രത്യേകിച്ച് കണ്ണൂർ ജില്ലയിലെ ഉൾപ്രദേശങ്ങളിലുള്ള ചില ആചാരങ്ങളും ഉത്സവങ്ങളുമായി ബന്ധപ്പെട്ടാണു കഥ നടക്കുന്നത്. തെയ്യം, നേർച്ച തുടങ്ങിയ ആചാരങ്ങൾ കഥയുടെ പശ്ചാത്തലമായി വരുന്നുണ്ട്. ഞാനും അജു വർഗീസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യഥാർഥ സംഭവത്തെ രസകരമായി അവതരിപ്പിക്കാനാണു ചിത്രം ശ്രമിക്കുന്നത്. ഒരു ഫാമിലി എന്റർടെയ്നറായിരിക്കും നദികളിൽ സുന്ദരി യമുന.

 

മലയാള സിനിമ വടക്കൻ മലബാറിലേക്കു കുടിയേറുകയാണോ?

 

പണ്ട് കണ്ണൂർ, കാസർകോട് ഭാഗങ്ങളിൽ നിന്നുള്ള സംവിധായകരും എഴുത്തുകാരുമെല്ലാം സിനിമയിൽ കുറവായിരുന്നു. ഇന്നതല്ല സ്ഥിതി. എത്രയോ പുതുമുഖ സംവിധായകർ ഇവിടെനിന്നു വരുന്നു. ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നവരിൽ ഭൂരിഭാഗവും കണ്ണൂരുകാരാണ്, ഞാനുൾപ്പെടെ.

 

മാസ് ചിത്രങ്ങൾ തിയറ്ററിലും മറ്റു ചിത്രങ്ങൾ ഒടിടിയിലും കാണാം എന്ന രീതിയിലേക്ക് പ്രേക്ഷകർ മാറുന്നുണ്ടോ?

 

പ്രേക്ഷകർക്ക് താൽപര്യമുള്ളത് തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ഇത്രയധികം സിനിമകൾ വരുമ്പോൾ എല്ലാ ചിത്രവും തിയറ്ററിൽ പോയി കാണാൻ സാധിച്ചെന്നു വരില്ല. തിയറ്റർ എക്സ്പീരിയൻസ് നൽകാൻ പറ്റുന്ന ചിത്രങ്ങൾക്ക് ആളുകൾ വരും. ചെറിയ ചിത്രങ്ങൾക്ക് ആളുകൾ വരണമെങ്കിൽ ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായം ഉണ്ടാകണം. മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റായ ഒട്ടേറെ കൊച്ചു ചിത്രങ്ങളുണ്ട്.

 

തുടർച്ചയായി ഒട്ടേറെ സിനിമകൾ. പലതും പ്രതീക്ഷിച്ച വിജയം നേടുന്നില്ല.

 

കോവിഡ് സമയത്ത് ഞാൻ മുപ്പതിൽ അധികം സിനിമകൾ കമ്മിറ്റ് ചെയ്തിരുന്നു. അതിൽ പലതുമാണ് ഇപ്പോൾ ഇറങ്ങുന്നത്. തുടർച്ചയായി സിനിമകൾ ചെയ്യുക എന്നതു മാത്രമായിരുന്നു എന്റെ ചിന്ത. സൗഹൃദത്തിന്റെ പേരിലും മറ്റും ചെയ്ത ഒട്ടേറെ സിനിമകളുണ്ട്. ചിലതെല്ലാം വിജയിക്കില്ലെന്ന് ആദ്യമേ അറിയാമായിരുന്നു. പക്ഷേ, കുറെ പ്രതീക്ഷയുമായി വരുന്ന ഒരു പുതുമുഖ സംവിധായകനെ നിരാശപ്പെടുത്തണ്ടല്ലോ എന്നു കരുതി ഒകെ പറയും. ഇത്രയധികം പടങ്ങൾ പരാജയമായിട്ടും എനിക്കു വീണ്ടും എങ്ങനെ സിനിമ കിട്ടുന്നു എന്നു ചിന്തിക്കുന്നവരുണ്ട്. ഞാൻ അഭിനയിച്ച പടങ്ങളെല്ലാം വളരെ ചുരുങ്ങിയ ബജറ്റിലുള്ളവയാണ്. ഏറക്കുറെ എല്ലാം പടങ്ങളും മുടക്കുമുതൽ തിരിച്ചുപിടിച്ചിട്ടുണ്ട്.

 

അഭിനയ ജീവിതത്തിൽ 10 വർഷം പൂർത്തിയാക്കുന്നു. നായകനായി എത്തിയ തിരയ്ക്കു രണ്ടാം ഭാഗം ഉണ്ടാകുമോ?

 

രണ്ടാം ഭാഗം വരണമെന്ന് എനിക്കും ആഗ്രഹമുണ്ട്. പക്ഷേ, അതിനുള്ള സാധ്യത ഇല്ലെന്ന് വിനീതേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്. ഇടയ്ക്കൊക്കെ തിരയെക്കുറിച്ച് ഏട്ടനോടു ചോദിക്കും. പക്ഷേ, ഫീൽ ഗുഡ് സിനിമകൾ‍ ചെയ്യാനാണ് ഏട്ടനിപ്പോൾ താൽപര്യം. അന്ന് 3 ഭാഗമായി ‌ഇറക്കാൻ ആലോചിച്ച ചിത്രമാണ് തിര. രണ്ടാം ഭാഗത്തിന്റെ വൺ ലൈൻ കഥ പോലും തയാറാക്കിയിരുന്നു.

 

ലൗ ആക്‌ഷൻ ഡ്രാമയ്ക്കു ശേഷം വീണ്ടും സംവിധായകന്റെ റോളിൽ ?

 

സംവിധാനം തന്നെയാണ് അന്നും ഇന്നും ആഗ്രഹം. അവസരം ലഭിക്കുന്നതു കൊണ്ട് അഭിനയിക്കുന്നു എന്നുമാത്രം. ചില കഥകൾ മനസ്സിലുണ്ട്. ചിലരോടൊക്കെ കഥ പറഞ്ഞ് ഡേറ്റും വാങ്ങിവച്ചിട്ടുണ്ട്. കഥ പറഞ്ഞ എല്ലാവരും ഡേറ്റ് തന്നോടെ ഏതു സിനിമ ചെയ്യും എന്ന ആശയക്കുഴപ്പത്തിലാണ്. അഭിനയിക്കാൻ കമ്മിറ്റ് ചെയ്ത ചിത്രങ്ങൾ തീർത്തിട്ടുവേണം അതിലേക്കു കടക്കാൻ. അടുത്ത വർഷം തന്നെ ഒരു വലിയ ക്യാൻവാസിലുള്ള സിനിമ തുടങ്ങണമെന്നാണ് ആഗ്രഹം.

 

10 വർഷത്തിനു ശേഷം വീണ്ടുമൊരു വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ ഭാഗമാകുന്നു?

 

വളരെ പ്രതീക്ഷയുള്ള ചിത്രമാണ് വർഷങ്ങൾക്കു ശേഷം. ഒരു വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. ഒക്ടോബറിൽ ഷൂട്ട് തുടങ്ങി അടുത്ത വിഷുവിന് ചിത്രം തിയറ്ററിൽ എത്തുമെന്നാണു പ്രതീക്ഷ.

 

വരാനിരിക്കുന്ന ധ്യാൻ ചിത്രങ്ങൾ

 

നേരത്തേ പറഞ്ഞുപോലെ കമ്മിറ്റ് ചെയ്ത 8-9 ചിത്രങ്ങൾ ഇനിയും ഇറങ്ങാനുണ്ട്. ചീന ട്രോഫി, എസ്.എൻ.സ്വാമി സാറിന്റെ ചിത്രം എന്നിവയായിരിക്കും ആദ്യം റിലീസിന് എത്തുക. സ്വാമി സാറിന്റെ സ്ഥിരം ത്രില്ലർ സിനിമകളിൽ നിന്നു വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിലുള്ള ചിത്രമാണ് ഒരുങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com