ADVERTISEMENT

ശാന്തമായ വീട്. അതിനുചുറ്റും പച്ചപ്പടർപ്പ്. ജീവിതത്തിൽ നേടിയതിലെല്ലാം സന്തോഷമുള്ള ഗൃഹാതുരനായ മനുഷ്യൻ. അതാണു നിത്യജീവിതത്തിലെ കുണ്ടറ ജോണി. നാട് എങ്ങനെ  സ്വന്തം പേരിൽ വന്നുവെന്നു ചോദിച്ചാൽ "ആരോ അങ്ങനെ വിളിച്ചു. പിന്നെ അതിനെ കൂടെ കൂട്ടി" എന്നു സാധാരണ  മറുപടി. പക്ഷേ ജോണിയെന്ന അഭിനേതാവിന്റെ ജീവിതം രസമുള്ളൊരു സിനിമാക്കഥപോലെയാണ്. മനോരമ ഓൺലൈൻ പരിപാടിയായ മെമ്മറി കാർഡിൽ കുണ്ടറ ജോണി സംസാരിക്കുന്നു. (പുനഃപ്രസിദ്ധീകരിച്ചത്)


മദ്രാസിൽ ചെന്നിറങ്ങിയ ബെൻസ് കാർ

 

സിനിമയിലേക്കു വരണമെന്നോ നടനായി ജീവിക്കണമെന്നോ വിചാരിച്ച ആളല്ല. ഡിഗ്രി കഴിഞ്ഞു പാരലൽ കോളജിൽ പഠിപ്പിച്ചു. അതു കഴിഞ്ഞു സെയിൽസ് എക്സിക്യുട്ടീവ് ആയി കുറച്ചു നാള്‍ ജോലി ചെയ്തിരുന്നു. ആ കാലഘട്ടത്തിലാണ് കൂട്ടുകാരന്റെ അച്ഛൻ 'നിത്യവസന്തം' എന്ന ശശികുമാർ സിനിമ നിർമിച്ചത്‍.

അന്നു ഞാൻ അവരോടു സൂചിപ്പിച്ചു "എന്തെങ്കിലും വേഷമുണ്ടെങ്കിൽ പറയണം. എനിക്ക് അഭിനയിക്കാൻ ആഗ്രഹമുണ്ട്" എന്ന്. "എന്താ മോനെ നീ നേരത്തേ പറയാതിരുന്നത്?" എന്ന് അദ്ദേഹം ചോദിച്ചു. അപ്പോഴേക്കും  സിനിമയുടെ ഷൂട്ട് മുക്കാലും കഴിഞ്ഞിരുന്നു. 'നിത്യവസന്ത'ത്തിൽ വിൻസെന്റ് ഹീറോയും സെക്കൻഡ് ഹീറോ സോമൻ ചേട്ടനുമാണ്. രണ്ട് സീനും ഒരു റോളും മാത്രമേ ബാക്കിയുണ്ടായുരുന്നുള്ളു. ജോലിക്കായി വരുന്ന വിൻസെന്റിനെ ഇന്റർവ്യൂ ചെയ്യുന്ന 55 വയസ്സുള്ള ഒരു കമ്പനി മാനേജിങ് ഡയറക്ടറുടെ വേഷമായിരുന്നു. മദ്രാസിലായിരുന്നു ഷൂട്ട്. എന്റെ അമ്മ കണ്ടാൽ പോലും തിരിച്ചറിയാത്ത രീതിയിൽ മേക്കപ്പൊക്കെ ഇട്ട്, നരച്ച വിഗ്ഗും കണ്ണടയുമൊക്കെ വച്ച്  എന്റെ ഇരട്ടി പ്രായത്തിലുള്ള വേഷം ചെയ്തു. അതായിരുന്നു ആദ്യ സിനിമ. മദ്രാസിലേക്ക് പ്രൊഡ്യൂസറുടെ കൂടെയായിരുന്നു പോയത്. ഞങ്ങൾ ഉച്ചയ്ക്ക് ട്രെയിനിൽ കയറുമ്പോൾ തലേ ദിവസം തന്നെ അദ്ദേഹത്തിന്റെ ബെൻസ് കാർ മദ്രാസിൽ പോയിക്കഴിഞ്ഞിരുന്നു. ഡ്രൈവർക്ക് സ്ഥലമറിയാത്തതുകൊണ്ട് ഞാനാണ് കാർ ഓടിച്ചത്. ആദ്യമായി ബെൻസ് കാറോടിച്ചാണു ഞാൻ മദ്രാസിൽ ചെന്നിറങ്ങിയത്. സിനിമാക്കാരുടെ കയ്യിൽ വരെ അന്നു ഫിയറ്റും അംബാസിഡറുമൊക്കെയാണ്. ആ യാത്ര അവിടെ സംസാരമായി. ഞാൻ പ്രൊഡ്യൂസറുടെ മകനാണെന്നാണ് പലരും കരുതിയത്.

മദ്രാസിൽ ചെന്നു മൂന്നാമത്തെ ദിവസം െക.പി. കൊട്ടാരക്കരയുടെ മാനേജർ ഒരു വേഷം ചെയ്യാമോ എന്നു ചോദിച്ചു. പി. ചന്ദ്രകുമാർ സംവിധാനം ചെയ്യുന്ന സിനിമ. മധുസാറാണ് നായകൻ. ഞാനൊരു ഗവൺമെന്റ് എൻജിനീയറായിട്ടാണ് അഭിനയിച്ചത്. രണ്ടു സീനേ ഉള്ളൂ. അതു ചെയ്തു കഴിഞ്ഞു. പിന്നെ ഫൈറ്റ് ചെയ്യാൻ അറിയുമോ എന്നു ചോദിച്ചു. "അറിയില്ല. എന്നാലും െചയ്യാം" എന്നു ഞാൻ പറഞ്ഞു. കോളജിൽ ഞാൻ ഗോൾകീപ്പർ ആയിരുന്നു. അതിന്റെ മെയ്‌വഴക്കമുണ്ടായിരുന്നു. അങ്ങനെയാണ് കഴുകൻ എന്ന സിനിമയിൽ ജയനുമായി ഫൈറ്റ് കിട്ടിയത്. അതു കണ്ട് ഇഷ്ടപ്പെട്ട് ഒരു ഫൈറ്റു കൂടി അതിൽ ചേർത്തു. അങ്ങനെ 15 ദിവസം കൊണ്ട് രണ്ടു പടം ചെയ്യാൻ പറ്റി. 

അപ്പോഴും എനിക്കു ജോലി ഉണ്ട്. സിനിമയിൽ ഉറച്ചു നിൽക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഞാൻ തിരിച്ചു പോന്നു. ഇവിടെ വന്നു പതിനഞ്ച് ദിവസം കഴിഞ്ഞ് വീണ്ടും മദ്രാസിൽ പോയി. അവിടെ ചെന്നപ്പോൾ എന്റെ ഒരു ഫ്രണ്ടിന്റെ റൂം കിട്ടി. ആ ബിൽഡിങ്ങിന്റെ പുറകിൽ ഒരു ഔട്ട് ഹൗസ് ഉണ്ടായിരുന്നു. അവിടെ ബ്രിട്ടിഷ് കോൺസുലേറ്റിന്റെ ഡ്രൈവറായിരുന്നു താമസിച്ചിരുന്നത്. കോൺസുലേറ്റിലെ ഓരോരുത്തരുടെയും വണ്ടിയുമായി ഡ്രൈവർ അവിടെ ഉച്ചയ്ക്ക് ഉണ്ണാൻ വരും. ഔഡിയോ ബെൻസോ ഒക്കെ ആയിരുന്നു വണ്ടി. ഇവന് എന്നോട് വലിയ സ്നേഹമാണ്. അവൻ വണ്ടി എനിക്ക് ഓടിക്കാൻ തരും. അങ്ങനെ വണ്ടി എടുത്ത് അങ്ങാടി എന്ന സിനിമയുടെ ഷൂട്ട് നടക്കുന്ന സ്ഥലത്തേക്ക് പോയി. അപ്പോൾ എല്ലാവരും ശ്രദ്ധിച്ചു. ക്യാമറാമാനെ പരിചയമുണ്ടായിരുന്നു. അതുവഴി ശശിച്ചേട്ടനെ പരിചയപ്പെട്ടു. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. മറ്റന്നാൾ വീട്ടിൽ വരാൻ ശശിച്ചേട്ടൻ പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന്റ വീട് തേടിപ്പിടിച്ചു ചെന്നു. അങ്ങനെയാണ് കരിമ്പനയില്‍ ജയന്റെ കൂടെ അഭിനയിക്കാൻ അവസരം ലഭിച്ചത്. 

അതിനുശേഷം രജനീഗന്ധിയിൽ  ഒരു വേഷം ചെയ്യുന്നു. അങ്ങനെ ജിയോ ഫിലിംസുമായി ഒരു ബന്ധം ഉണ്ടായി. അതുകഴിഞ്ഞു മീൻ എന്ന സിനിമയിൽ അവസരം കിട്ടി. ബാലൻ കെ. നായരുടെ ബോഡി ഗാർഡിന്റെ റോൾ. അങ്ങനെ അതു ചെയ്തു. അതുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞു വണ്ടി അയച്ചിട്ടു വരാൻ പറഞ്ഞു. ഞാൻ ചെന്നപ്പോൾ "ജോണി ആ വേഷം ചെയ്യേണ്ട" എന്നു പറഞ്ഞു. എനിക്കു വിഷമമായി. അങ്ങനെ പറയാൻ കാരണം അതിൽ രണ്ടു ചെറുപ്പക്കാരുടെ വേഷമുണ്ട്. ഒന്ന് ജോസ് പിന്നെയൊന്ന് രവികുമാർ.  ജോസിന്റെ ക്യാരക്ടറിനാണ് രണ്ട് പാട്ടുള്ളത്. 'സംഗീതമേ'യും 'ഉല്ലാസപൂത്തിരി'കളും. അതു രവികുമാറിന് വേണമെന്നു തർക്കം ആയി. അപ്പോൾ സംവിധായകൻ പറഞ്ഞു "അയാളത് ചെയ്യേണ്ട" എന്ന്. അങ്ങനെ എന്റെ ബോഡിഗാർഡ് കഥാപാത്രം നേരെ മകനായി. അങ്ങനെയാണ് ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്യുന്നത്. 

നട്ടുച്ചയ്ക്കും ഇരുട്ട് 

ഷീലയായിരുന്നു നായിക. നട്ടുച്ചയ്ക്കും ഇരുട്ട് എന്ന സിനിമയായിരുന്നു ആദ്യമായി നായകനായത്. അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നെ നായകനായ വേഷങ്ങളൊന്നും കിട്ടിയില്ല. ഞാൻ ആഗ്രഹിച്ചതുമില്ല. ഞാൻ ചെയ്തതെല്ലാം നവോദയ, ഉദയ, മെരിലാൻഡ്, ജിയോ ഫിലിംസ് പോലെയുളള നല്ല കമ്പനികളിലാണ്. മസാല പടങ്ങളൊന്നും കൂടുതൽ ചെയ്തിട്ടില്ല. പണ്ടു ഡയറക്ടറേയോ പ്രൊഡ്യൂസർമാരെയോ ഒക്കെ കണ്ടാണു വേഷം ചോദിച്ചിരുന്നത്. ഒരു പ്രൊഡക്‌ഷൻ ബോയ് വിചാരിച്ചാലും വേഷം കിട്ടുമായിരുന്നു. 

ജോലി - കണക്കു മാഷ് 

നാട്ടിലെ പാരലൽ കോളജിൽ തമാശയ്ക്കു ചെയ്തതായിരുന്നു കണക്കുമാഷിന്റെ ജോലി. കണക്കിനു വലിയ ഡിമാൻഡ് ആണല്ലോ. ഞാൻ വീട്ടിലെ ഏറ്റവും ഇളയ ആളാണ്. ഞാൻ ജനിക്കുമ്പോൾ ഞങ്ങൾ ഒൻപതു മക്കളാണ്. അച്ഛൻ കോൺട്രാക്ടർ ആയിരുന്നു. അന്നു കോളജിൽ പഠിക്കുന്ന സമയത്തു ബുള്ളറ്റ് ഉണ്ടായിരുന്നു. കോളജ് മാഗസിൻ എടുത്താൽ ഫുട്ബോൾ, വാൾപ്പയറ്റ് അങ്ങനെ ഓരോന്നിനും എന്റെ ഓരോ വ്യത്യസ്തമായ ഫോട്ടോ വീതം കാണും. അന്നൊക്കെ ബുള്ളറ്റിൽപോകുന്ന കുട്ടികൾ കുറവാണ്. 

വണ്ടികളോട് ഭ്രമമില്ല 

എന്റെ മോന് വണ്ടികളോട് വലിയ ഭ്രാന്താണ്. "കയ്യിൽ കാശു വന്നാൽ റോൾസ് റോയിസ് വേണമെങ്കിലും ഞാൻ എടുക്കും" എന്ന് അവൻ പറയും. എനിക്കു വണ്ടി കംഫർട്ട് ആയിട്ടിരിക്കണം എന്നേയുള്ളൂ. അന്നൊക്കെ ഇത്രയും വണ്ടികളില്ലല്ലോ.  ഞാൻ മദ്രാസിൽ നിന്ന് ഒറ്റയ്ക്ക് വണ്ടിയോടിച്ചു വരുന്നത് അംബാസിഡറിലാണ്. ഞാനും നടന്‍ രതീഷും ഡിഗ്രിക്ക് ഒരുമിച്ചു പഠിച്ചതാണ്. മദ്രാസിൽ നിന്ന് വരുമ്പോൾ രതീഷിന്റെ പുനലൂര് വീട്ടിൽ കയറി ഊണൊക്കെ കഴിച്ചിട്ടാണ് വീട്ടിലേക്ക് വരുന്നത്. 

നായകന്റെ വണ്ടിയിൽ വിലക്ക്  

മലയളാത്തിൽ നായകനും വില്ലനും തമ്മിൽ അന്തരം കുറവായിരുന്നു. മറ്റു ഭാഷയിൽ നായകന്റെ വണ്ടിയിൽ വേറൊരാൾ കയറില്ല. ഞാൻ കിരീടത്തിന്റെ തെലുങ്കു പതിപ്പു ചെയ്തല്ലോ. അന്നു നായകന്‍ അദ്ദേഹത്തിന്റെ വണ്ടിയിലേക്ക് വിളിച്ചാൽ പോലും പ്രൊഡക്‌ഷൻകാര്‍ കയറ്റില്ല. 

പണ്ടു  ശശിച്ചേട്ടന്റെ സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ മമ്മൂട്ടിയും മോഹൻലാലും വരെ കാറ്‍ കൊണ്ടു വന്നു മഹാറാണി ഹോട്ടലിൽ ഇടും. മമ്മൂട്ടിക്ക് അന്നൊരു ഹോണ്ട വണ്ടിയായിരുന്നു. ഞങ്ങളൊരുമിച്ച‌ു പ്രൊഡക്‌ഷൻ വണ്ടിയിലാണു ഷൂട്ടിനു പോകുന്നത്. ചെറിയ കടകൾ കാണുമ്പോൾ മമ്മൂട്ടി വണ്ടി നിർത്തിച്ച്, ഞങ്ങൾ ചായ കുടിക്കുകയൊക്കെ ചെയ്യും. മറ്റു ഭാഷകളിൽ ഹീറോ വന്നു ഫുഡ് കഴിച്ചാലെ നമുക്കു തുടങ്ങാൻ പറ്റൂ. ഇവിടെ അങ്ങനെയല്ല. 

കിരീടത്തിലെ പരമേശ്വരൻ

കിരീടത്തിലെ ആ ഫൈറ്റ് സീൻ തിരുവനന്തപുരം മ്യൂസിയത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്താണു ചിത്രീകരിച്ചത്. വേസ്റ്റൊക്കെ ഇടുന്ന സ്ഥലമാണ്. ബ്രേക്കില്ലാതെ രാവിലെ മുതൽ ഉച്ചവരെയായിരുന്നു ഷൂട്ട്. കാപ്പിയും ബിസ്കറ്റുമൊക്കെ മറ്റുള്ളവർ വായിൽ വച്ചു തരും. കൈയും ദേഹവും എല്ലാം അഴുക്കായിരുന്നു. ഓരോ തവണ മണ്ണ് ഇളകുമ്പോളും പുഴുക്കൾ നുരഞ്ഞുവന്നു. ലൊക്കേഷൻ മാറ്റാണോ എന്ന് സംവിധായകൻ ചോദിച്ചിരുന്നു.  കുറെ ഷോട്ടുകൾ അവിടെ എടുത്തുപൊയി. മോഹൻലാലും ഞാനും അവിടെത്തന്നെ ഷൂട്ട് ചെയ്തു തീർക്കാൻ തയ്യാറായിരുന്നു. ഷൂട്ടു കഴിഞ്ഞു ഡെറ്റോളൊഴിച്ചാണ് കുളിച്ചത്. രണ്ടു– രണ്ടര മണിക്കൂർ ബ്രേക്കില്ലാതെയാണ് ഷൂട്ട് ചെയ്തത്. ഇതേ സീൻ തെലുങ്കിൽ ആറു ദിവസം കൊണ്ടാണ് തീർത്തത്.

നാലു ഭാഷകളിലേക്ക് എൻട്രി തന്ന പടമാണു കിരീടം. തമിഴ്, തെലുങ്ക്, കന്നടയിൽ ഞാൻ കേറുന്നത് ഇതിലൂടെയാണ്. മറ്റു ഭാഷക്കാർ നമ്മളെ കൂടുതൽ അവിടെ ഉയരാൻ സമ്മതിക്കില്ല. ഒരിക്കൽ ഒരു തമിഴ് സിനിമയുടെ ലൊക്കേഷനിലേക്ക് ചാലക്കുടിയിൽനിന്നും കോളജ് ബസ് വന്നു നിന്നു. അവർക്കു എന്നെയാണല്ലോ പരിചയം. പിള്ളേർ എന്നെ പൊതിഞ്ഞു നിന്നു. അപ്പോൾ ആ സിനിമാക്കാർ എന്നെ നോക്കി "ഇതുക്ക് മുന്നാടി ആക്റ്റ് പണ്ണിയിരിക്കാ?" എന്നു ചോദിച്ചു. ഞാൻ "ഒരുപാടു സിനിമകൾ ചെയ്തിട്ടുണ്ട്" എന്നു പറഞ്ഞു. അതിനുശേഷമാണ് ആ സെറ്റിലുള്ളവർ സംസാരിക്കാൻ തുടങ്ങിയത്. 

ഞാനല്ലെങ്കിൽ മറ്റൊരു ജോണി 

ഇന്നതു മാത്രമേ ചെയ്യൂ എന്നൊരു വാശി എനിക്കുണ്ടായിട്ടില്ല. ഞാൻ ചെയ്തില്ലെങ്കിൽ വേറെ പത്തു ജോണി കാണും അതു ചെയ്യാൻ. എനിക്ക് ആ ക്യാരക്ടർ നഷ്ടപ്പെടും. നാടോടിക്കാറ്റിൽ കോമഡിയാണു ചെയ്തത്. അതുകഴിഞ്ഞപ്പോൾ എല്ലാവരും ചോദിച്ചു "എന്താ ജോണിച്ചേട്ടാ കോമഡി ചെയ്തൂടെ" എന്ന്. ആരെങ്കിലും തരണ്ടേ? ഞാൻ ഇനി കോമഡിയേ ചെയ്യൂ എന്നു പറഞ്ഞാൽ‌ വീട്ടിൽ ഇരുന്നു പോകുമായിരുന്നു.  

നാടോടിക്കാറ്റിലെ കോമഡി 

പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന സിനിമയിലും എക്സർസൈസ് ചെയ്യുന്ന സീനൊക്കെ കോമഡി ടച്ചുള്ളതായിരുന്നു, എല്ലാവർക്കും ഇഷ്ടപ്പെട്ടതായിരുന്നു. അതിനുശേഷം അത്തരം ക്യാരക്ടറുകൾ വന്നില്ല. അതൊന്നും ആരും മോശമാണെന്നും പറഞ്ഞിട്ടില്ല. ഒരിക്കല്‍ ഞാനും വൈഫും ഹോസ്പിറ്റലിൽ പോയപ്പോൾ ഡോക്ടർ ചിരിയോടു ചിരി. ഞാൻ ചോദിച്ചു "എന്താ സാർ ചിരിക്കുന്നത്?" നാടോടിക്കാറ്റിലെ തിലകൻ ചേട്ടനും ഞാനും തമ്മിലുള്ള സീനോർത്തു ചിരിച്ചതാണെന്നു പറഞ്ഞു.

ഒരിക്കൽ ഞാൻ പാലക്കാടു നിന്ന് ഇങ്ങോട്ടു വരുമ്പോൾ ട്രെയിനിൽ വച്ചു അന്നത്തെ ഡിജിപി ഋഷിരാജ് സിങ്ങിനെ  കണ്ടു. ഇദ്ദേഹം എന്നെ കണ്ടതും ചാടിയെഴുന്നേറ്റ് നാടോടിക്കാറ്റിലെ ഡയലോഗ് പറയുന്നു. "ഓടിക്കോ സിബിഐ വരുന്നു" എന്നു പറഞ്ഞു ചിരിക്കുന്നു. അപ്പോഴൊക്കെയാണു നമ്മൾ ചെയ്ത കഥാപാത്രങ്ങളുടെ മതിപ്പിനെ പറ്റി ആലോചിക്കുന്നത്. എനിക്ക് സന്തോഷം തോന്നി.  

സ്വാമീസ് ലോഡ്ജിലെ വെജിറ്റേറിയൻ ഫൂഡ്

സ്വാമീസിൽ ഞാൻ താമസിച്ചിട്ടില്ല. അവിടെ കുതിരവട്ടം പപ്പേട്ടൻ, നെല്ലിക്കോട് ഭാസ്കരേട്ടൻ, പറവൂർ ഭരതൻ ചേട്ടൻ, ജോസ്പ്രകാശ് ചേട്ടനൊക്കെയാണ് താമസിച്ചിരുന്നത്. അതിനടുത്തുള്ള ആർകെ ലോഡ്‌ജിലാണ് ഞാൻ താമസിച്ചിരുന്നത്. അവിടെ ജോസുണ്ട്, ലാലു അലക്സുണ്ട്, ടിപി മാധവൻ ചേട്ടനുണ്ട്, മങ്കൊമ്പ് ഗോപാലകൃഷ്ണനുണ്ട്. ഇവിടെ ഫുഡ് ഇല്ല. മാസവാടകയാണ്. സ്വാമീസിൽ വിഖ്യാതമായ വെജിറ്റേറിയൻ ഫുഡ് ഉണ്ടായിരുന്നു. നല്ല രുചിയായിരുന്നു.

ആരോടും കടപ്പാടില്ല 

അമ്മയും അച്ഛനും എന്റെ സിനിമ കണ്ടിട്ടില്ല. ഞാൻ സിനിമാക്കാരനാകണമെന്നു അവർ ആഗ്രഹിച്ചിട്ടുമില്ല. കുടുംബത്തിലെ ഏറ്റവും ഇളയകുട്ടിയായിരുന്നു ഞാൻ. സമ്പത്തിനും കുറവില്ലായിരുന്നു.സ്വന്തം ഇഷ്ടത്തിനാണ് സിനിമയിൽ അഭിനയിക്കാൻ പോയത്. കോടമ്പാക്കത്ത് അലഞ്ഞു നടന്നെന്നോ, ആരെങ്കിലും ആഹാരം വാങ്ങി തന്നു എന്നോ ഒന്നും പറയാനില്ല. എനിക്കങ്ങനെ ആരോടും കടപ്പാടും ഇല്ല. അധ്യാപകനായിരുന്നപ്പോഴും ഫുട്ബോൾ കളിക്കാൻ പോകുന്നതു കൊണ്ട് അത്യാവശ്യം കാശ് കിട്ടുമായിരുന്നു. ഒരു ഗെയിം കളിച്ചു കഴിഞ്ഞാൽ അന്നത്തെ  75 രൂപ കിട്ടുമായിരുന്നു. അന്നൊക്കെ 3 രൂപ ഉണ്ടെങ്കിൽ ഒരു ദിവസം ലാവിഷായിരുന്നു. അതുകൊണ്ട് ആ കാലത്ത് എനിക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. 

kundara-johny-3

സ്നേഹമുള്ള ജയൻ 

ഒരേ നാട്ടുകാരാണെങ്കിലും പുള്ളിയെ സിനിമയിൽ വന്നതിനുശേഷമാണ് ഞാൻ കാണുന്നത്. അദ്ദേഹം പതിഞ്ഞഞ്ചു വർഷത്തോളം നേവിയിലായിരുന്നു. അതിനുശേഷം എറണാകുളത്തു ബിസിനസ്  ചെയ്തിരുന്നതുകൊണ്ടു കൊല്ലത്തു വല്ലപ്പോഴുമേ വന്നിരുന്നുള്ളൂ.നല്ല സ്നേഹമുള്ള മനുഷ്യനായിരുന്നു. ഞങ്ങൾ കുറേ ഫൈറ്റുകൾ ചെയ്തിട്ടുണ്ട്. ആദ്യമൊക്കെ പുള്ളി മസിൽ പിടിച്ചു നിൽക്കും. ആരോടും അങ്ങനെ അടുക്കത്തില്ല. അടുത്തു കഴിഞ്ഞാൽ ഭയങ്കര സ്നേഹമാണ്. മീൻ ചെയ്ത സമയത്ത് ഞങ്ങൾ എല്ലാവരും  താമസിച്ചിരുന്നത് കാർത്തിക ഹോട്ടലിലാണ്. ഒരു ദിവസം ഷൂട്ടൊക്കെ കഴിഞ്ഞ് വൈകീട്ട് എന്നോടു ചോദിച്ചു "ജോണി ഇന്നെന്തെങ്കിലും പരിപാടിയുണ്ടോ?" ഞാൻ പറഞ്ഞു "ഇല്ല". "എന്നാൽ നമുക്ക് ഒരു എട്ടു മണി ആകുമ്പോൾ ലിസി ഹോസ്പിറ്റൽ വരെ പോകാം. അമ്മ അവിടെ അഡ്മിറ്റാണെ"ന്നു പറഞ്ഞു. അങ്ങനെ എന്നെയും കൂട്ടിയാണു പോയത്. എന്നെ വലിയ കാര്യമായിരുന്നു. 

"അമ്മൂ, ദേ തടിയൻ വന്നിട്ടുണ്ട്"

അന്നു ശശിയേട്ടന്റെ വീട്ടിൽ ഞങ്ങൾക്കു  വലിയ സ്വാതന്ത്ര്യമായിരുന്നു. നുങ്കംപക്കത്താണ്  അവര്‍ താമസിച്ചിരുന്നത്. ആ ഏരിയയിലാണ് വിധുബാല, മാധവി അങ്ങനെ കുറേപേർ താമസിച്ചിരുന്നത്.അവിടെ അയ്യപ്പൻകോവിൽ ഉണ്ട്. അവിടെ പോയാൽ മതി. എല്ലാ മലയാളികളെയും കാണാമായിരുന്നു. ഉണ്ണിയപ്പം കിട്ടും. അതൊക്കെ വാങ്ങിച്ചു കഴിക്കും. രാവിലെ ചെല്ലുമ്പോൾ ശശിയേട്ടനെ കാണും. എന്നെ കാണുമ്പോൾ ശശിയേട്ടൻ പറയും "അമ്മൂ ഒരു പത്ത് ഇഡഡലി കൂടി ഉണ്ടാക്കിക്കോ. തടിയൻ വന്നിട്ടുണ്ട്" എന്ന്.  ശിയേട്ടന്റെ എല്ലാ പടത്തിലും എനിക്ക് റോൾ തരും. ഏതോ ഒരു പടത്തിൽ മാത്രം എനിക്കു പറ്റിയ വേഷമില്ലായിരുന്നു. അന്ന് എന്നെ വിളിച്ചിട്ടു പറഞ്ഞു. "എടാ നിനക്കിതിൽ വേഷമില്ല". അപ്പോൾ  "എന്നാൽ ഒരുപടത്തിന്റെ കാശ് എനിക്കു തരണം. എനിക്ക് ഇവിടെ നിൽക്കേണ്ടേ" എന്നു മറുപടി പറഞ്ഞു ഞാൻ. അത്രയും സ്വാതന്ത്ര്യം എനിക്ക് ശശിയേട്ടനോട് ഉണ്ടായിരുന്നു. 

ശശിയേട്ടൻ ഓണത്തിന് ഉണ്ണാൻ വിളിക്കും.കുതിരവട്ടം  പപ്പേട്ടൻ , വാസുച്ചേട്ടൻ തുടങ്ങിയവരും വിളിക്കും. അവരെല്ലാം കോഴിക്കോടുകാരാണ്. ഞങ്ങൾക്ക് പപ്പേട്ടന്റെ വീട്ടിൽ പോകാനാണ് താൽപര്യം. കാരണം ശശിയേട്ടന്റെ വീട്ടിൽ അച്ഛനും അമ്മയും ഒക്കെയുണ്ട്. അപ്പോൾ ഒതുങ്ങി ഇരിക്കണം. കുതിരവട്ടത്ത് പപ്പേട്ടന്റെ വീട്ടിലാകുമ്പോൾ  സ്വാതന്ത്ര്യം ആണ്. പിന്നെ ഓണം ആണെങ്കിലും അവിടെ നോൺവെജ് ഉണ്ടാകും. അവിടെ നത്തോലിയുടെ അവിയലാണ് ആദ്യം വിളമ്പുന്നത്. മീൻമുട്ട സ്ക്രാമ്പിൾ ചെയ്തത് വരെയുണ്ട്. ഈ കൂട്ടായ്മ ഇന്നത്തെ കാലത്തു കുറവാണ്. 

ശമ്പളം; രൂപ മൂവായിരം 

അന്നു വലിയ തുകയാണ് 3000 രൂപ. അന്ന് ഹൈസ്കൂള്‍ ടീച്ചർമാർക്കു പോലും 600 രൂപയേ ശമ്പളം ഉണ്ടായിരുന്നുള്ളൂ. അന്നൊക്കെ പവന് 300 രൂപയേ വിലയുള്ളൂ. തുടക്കക്കാരനായിരുന്നെങ്കിലും അങ്ങനെയുള്ള റോളുകളാണ് ഞാൻ ചെയ്തിരുന്നത്. തുകൊണ്ടാണ് അത്രയും രൂപ കിട്ടിയിരുന്നത്. ഇപ്പോൾ എല്ലാം കോടിയിലല്ലേ പ്രതിഫലം. വേറെ ഏത് ജോലി ചെയ്താൽ കിട്ടും സിആർ?

അതിനുശേഷം റേപ് സീൻ ചെയ്തിട്ടില്ല 

ഭാര്യ ഒരു കോളജ് പ്രഫസറാണ്. രണ്ടു മക്കൾ. ഒരാൾ പിഎച്ച്ഡി ചെയ്യുന്നു. ഇളയ മകൻ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. സിനിമയിലെ സ്വഭാവം ജീവിതത്തിൽ സ്വാധീനിച്ചിട്ടില്ല. വിവാഹത്തിന് ശേഷം റേപ് സീനുകളൊന്നും ചെയ്തിട്ടില്ല. കുടുംബത്തിന് അതു ബുദ്ധിമുട്ടുണ്ടാക്കിയാലോ എന്ന് ഭയന്നു. 

ഒരിക്കൽ ഒരു ജനുവരി ഒന്നിന് ഒരു എട്ടു വയസുള്ള കുഞ്ഞു കുട്ടിയെ ഉപദ്രവിച്ചു കൊല്ലുന്ന സീൻ ഷൂട്ട് ചെയ്യേണ്ടിവന്നു. എനിക്ക് ബുദ്ധിമുട്ടലാണെന്നു പറഞ്ഞു. എന്നിട്ടും ആ കഥാപാത്രത്തിന്റെ ക്രൂരത കാണിക്കാൻ അത് ചെയ്യേണ്ടിവന്നു.ആ പ്രായത്തിലുള്ള കുട്ടികളെ എടുത്തുകൊണ്ടു താലോലിക്കുന്നതല്ലേ. വലിയ വിഷമമായി എനിക്ക്. 

കോളജിലെ വീരൻ 

ഇലക്‌ഷൻ സമയത്ത് പോസ്റ്ററൊട്ടിക്കാൻ പോകുന്ന സമയത്ത് എതിർടീമുമായി ചില്ലറ അടിപിടികള്‍ ഉണ്ടായിട്ടുണ്ട്. വലിയ രാഷ്ട്രീയമൊന്നും ഇല്ല. പോസ്റ്റർ ഒട്ടിക്കാൻ പോയാൽ കൂട്ടുകാർ ചെലവ് ചെയ്യും. അതിനുവേണ്ടി പോയതായിരുന്നു. ഒന്നും രണ്ടും പറഞ്ഞു വഴക്കായി. 

kundara-johny-mammootty

മമ്മൂട്ടിയെ തല്ലിയവൻ അവിടെ നിൽക്കട്ടെ 

എതിരെ നിൽക്കുന്നയാള്‍ എക്സ്പീരിയൻസ് ഉള്ളവരല്ലെങ്കിൽ അടിയൊക്കെ പുറത്തു കൊള്ളും. പണ്ട് ഐ.വി. ശശി മമ്മൂട്ടി പടം ആവനാഴിയിൽ ഞാൻ മമ്മൂട്ടിയുടെ സീനിയർ ഓഫിസറായിട്ടാണ് അഭിനയിച്ചത്. പുളളി വഴിയിൽ കൂടി പോകുമ്പോൾ ഒരാൾ ഇദ്ദേഹത്തെ വളഞ്ഞിട്ട് അറ്റാക്ക് ചെയ്യുന്നു. ആ സമയത്ത് ഞാൻ ജീപ്പിൽ വരുന്ന സീനാണ്. ഒരുത്തൻ മമ്മൂട്ടിയെ കണ്ടതും ഒറ്റയടി വച്ചു കൊടുത്തു. അവനൊരു ക്രെഡിറ്റ്, കാരണം മമ്മൂട്ടിയെ അടിക്കാൻ കിട്ടിയ ഒരവസരം അല്ലേ. അവനേതോ ഒരു ഗൾഫുകാരൻ ജാഡയാണ് കാണിച്ചത്. ശശിയേട്ടൻ കട്ട് പറഞ്ഞു നിർത്തി. അത് ഫൈനൽ റിഹേഴ്സൽ‍ ആയിരുന്നു. ശശിയേട്ടൻ അയാളെ മാറ്റാം എന്നു പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. അയാൾ അവിടെ തന്നെ നിൽക്കട്ടെ എന്നു പറഞ്ഞു. സീൻ ഷൂട്ട് തുടങ്ങി. ബഹളം കണ്ട് ഞാൻ ജീപ്പിൽ വരുന്നു. ജീപ്പിൽ നിന്നിറങ്ങി ഞാൻ ഫുൾ ഫോഴ്സിലാണ് വരുന്നത്. ഞാൻ ചാടിയിറങ്ങി മാറെടാ എന്നു പറഞ്ഞ് ഒരു ഇടിയും കൊടുത്ത് ഇവനെ പൊക്കിയെടുത്ത് ഒരു ഏറ് കൊടുത്തു. കട്ട് പറഞ്ഞുകഴിഞ്ഞപ്പോൾ ഞാൻ പോയി സോറി പറഞ്ഞു. ഞാൻ നോക്കുമ്പോൾ ശശിയേട്ടൻ കമിഴ്ന്നു കിടന്നു ചിരിക്കുന്നു. മമ്മൂട്ടിയെ അടിച്ചിട്ട് അവൻ അങ്ങനെ അങ്ങ് പോകണ്ട. ചിലര്‍ മനഃപൂർവം ഉപദ്രവിക്കാൻ വരും. കാണികളുണ്ടെങ്കിൽ അവരുടെ മുന്നിൽ ഷൈൻ ചെയ്യാനും ഉപദ്രവിക്കും. 

സോറി പറഞ്ഞാൽ വേദന മാറുമോ! 

ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ് ആണെന്നു തോന്നുന്നു. ജഗദീഷുമായുള്ള ഒരു ഫൈറ്റിൽ ജഗദീഷിന്റെ ഒറ്റയടിയും മിസ്സാകില്ല. കുറെ പെൺകുട്ടികളൊക്കെ ഷൂട്ടിങ് കാണാൻ വന്നിരുന്നു. കാണാൻ ആളുകളുള്ളതുകൊണ്ടായിരിക്കും. ഒടുവിൽ "ജഗദീഷേ അടി ദേഹത്താണ് കൊള്ളുന്നത്. നോക്കി അടിക്കൂ" എന്നു ജഗദീഷിനോടു പറയേണ്ടിവന്നു. അപ്പോൾ പുള്ളി സോറി പറഞ്ഞു. സോറി പറഞ്ഞാൽ എന്റെ വേദന മാറില്ലല്ലോ.  എന്നിട്ട്  അങ്ങോട്ട് ഒരടി വച്ചു കൊടുത്തിട്ട് "സോറി ഫോഴ്സ് ഇത്തിരി കൂടിപ്പോയി അല്ലേ" എന്നു പറഞ്ഞു. പിന്നെ അടി എന്റെ ദേഹത്തു കൊണ്ടിട്ടില്ല.

അറിയാതെയും അപകടം പറ്റാറുണ്ട്. വടക്കൻ വീരഗാഥയിൽ വാൾപയറ്റിൽ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. ക്ലോസ് അപ് ഷോട്ടുകളിൽ യഥാർഥ വാളാണ് ഉപയോഗിച്ചിരുന്നത്. പിന്നെ കുതിരപ്പുറത്തുള്ള ഷോട്ടുകളും ഡ്യൂപ്പില്ലാതെ ചെയ്തതാണ്. പണ്ടു പണ്ടു മദ്രാസിലായിരിക്കുമ്പോൾ ത്യാഗരാജൻ മാസ്റ്ററുടെ കുതിരകളെ കടപ്പുറത്ത് വ്യായാമത്തിനു കൊണ്ടുവരും. അപ്പോൾ അവർക്കു പണം കൊടുത്താൽ  ഹോഴ്സ് റൈഡിങ്ങ് പഠിപ്പിക്കും. എന്തായാലും സിനിമ ചെയ്യുകയാണല്ലോ. അപ്പോൾ ഉപകാരപ്പെടട്ടേയെന്നു കരുതി പഠിച്ചതാണ്. വടക്കൻ വീരഗാഥയിലാണ് അതു പരീക്ഷിക്കാൻ പറ്റിയത്.

പുതിയ സിനിമകൾ

കാലിനു ചെറിയൊരു മുറിവുണ്ടായിരുന്നു. പിന്നെ അതു ഇൻഫക്‌ഷനായി. ഓട്ടം, ചാട്ടം ഒക്കെയുള്ള റോളുകൾ ചെയ്യാൻ പറ്റില്ല ഇപ്പോൾ. മേപ്പടിയാൻ പോലെയുള്ള സിനിമകൾ വന്നാൽ ഇനിയും ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com