ADVERTISEMENT

കോവിഡ് ലോക്ഡൗണിനു ശേഷം പ്രേക്ഷകർക്ക് അടുപ്പം കൂടിയൊരു താരമുഖമുണ്ട്. അതാണ് കൃഷ്ണപ്രഭ. വൈറൽ ഡാൻസ് റീലുകൾ മുതൽ വമ്പൻ മേക്കോവർ നടത്തിയ ഫിറ്റ്നസ് യാത്രയടക്കം പലതും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. നർത്തകിയായും അവതാരകയായും അഭിനേത്രിയായും കണ്ടു പരിചയിച്ച കൃഷ്ണപ്രഭയുടെ യാത്രകളും ഡ്രൈവിങ് കമ്പവുമെല്ലാം പ്രേക്ഷകർക്ക് പുതിയ കാഴ്ചകളും അനുഭവങ്ങളുമായിരുന്നു. അഭിനയജീവിതത്തിൽ ഒന്നര ദശാബ്ദം പിന്നിടുന്ന കൃഷ്ണപ്രഭ, മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ, ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും കൂടുതൽ തെളിച്ചത്തോടെ സംസാരിക്കുന്നു. 

 

ഞാനൊരു ഹാപ്പി ഗേൾ

 

അടിസ്ഥാനപരമായി ഞാനൊരു ഹാപ്പി ഗേൾ ആണ്. പൊതുവെ കാര്യങ്ങൾ കൂളായി എടുക്കും. എല്ലാത്തിനേയും അൽപം ഹ്യൂമറോടെയാണ് സമീപിക്കുക. കോവിഡിനു ശേഷം പ്രേക്ഷകരുമായി അടുപ്പം കൂടി. മുമ്പ് ആർടിസ്റ്റ് എന്ന രീതിയിൽ മാത്രമാണ് അവർ കണ്ടുകൊണ്ടിരുന്നത്. വ്ലോഗിങും മറ്റും വന്നതോടെ അവരിലൊരാളായി നമ്മെ കാണാൻ തുടങ്ങി. എന്റെ യാത്രകളും വിശേഷങ്ങളും ഇപ്പോഴാണ് ആളുകൾ അറിയാൻ തുടങ്ങിയത്. കൃഷ്ണ ആക്ടീവ് ആയല്ലോ എന്നാണ് എല്ലാവരും പറയുന്നത്. സത്യത്തിൽ, ഞാൻ മുമ്പും ആക്ടീവ് തന്നെ ആയിരുന്നു. പക്ഷേ, അതൊന്നും പ്രേക്ഷകർ ഇതുപോലെ കണ്ടിരുന്നില്ല.

krishnaprabha-3

 

വേണ്ടെന്നു വച്ച വേഷങ്ങൾ

 

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായിട്ട് ഇപ്പോൾ 15 വർഷമായി. ഒരു സമയത്ത് എനിക്കു വന്നത് വേലക്കാരി വേഷങ്ങൾ മാത്രമായിരുന്നു. രണ്ടു മൂന്നു സിനിമകളിൽ ഞാൻ അത്തരം വേഷം ചെയ്തിട്ടുമുണ്ട്. ഒരു ഘട്ടം എത്തിയപ്പോൾ ഞാൻ പറഞ്ഞു, ഇനി ഞാൻ അതു ചെയ്യുന്നില്ല എന്ന്! അതുപോലെ നഴ്സ് കഥാപാത്രങ്ങൾ. ഇന്ത്യൻ പ്രണയകഥയിലെ എന്റെ സുധ എന്ന കഥാപാത്രം നഴ്സ് ആണെങ്കിലും ഫഹദിന്റെ ചേച്ചി എന്നതിലുപരി അവർക്കൊരു കഥയുണ്ട്. എന്നാൽ, എല്ലാ നഴ്സ് വേഷങ്ങളും അങ്ങനെ ആയിരുന്നില്ല. അതിനോടൊക്കെ നോ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു തീരുമാനം എടുത്തതുകൊണ്ട് എനിക്ക് നല്ലതേ സംഭവിച്ചിട്ടുള്ളൂ. 

krishnaprabha-34

 

നല്ല വേഷങ്ങൾക്കായി കാത്തിരുന്നത് 3 വർഷം

 

നല്ല കഥാപാത്രങ്ങൾ വരട്ടെ എന്നു കരുതി മൂന്നു മൂന്നര വർഷം ഞാൻ കാത്തിരുന്നിട്ടുണ്ട്. മിനി സ്ക്രീനിൽ നിന്നു വിളിച്ചിട്ടു പോകാതെ, സിനിമ തന്നെ നോക്കാം എന്നു കരുതി ഇരുന്നിരുന്നു. ആ സമയത്ത് രണ്ടു മൂന്നു പടങ്ങൾ ചെയ്തിരുന്നു. അതൊന്നും റിലീസ് ആയതുമില്ല. അങ്ങനെ എനിക്കൊരു ഗ്യാപ്പ് വന്നു. പിന്നെ കോവിഡ് വന്നു. അതിൽ, എല്ലാവരുടെയും രണ്ടു കൊല്ലം പോയി. ലോക്ഡൗൺ സമയത്ത് ഇൻസ്റ്റയിൽ ഡാൻസും പാട്ടും പോസ്റ്റ് ചെയ്തു തുടങ്ങിയപ്പോൾ വീണ്ടും ഒരു വിസിബിലിറ്റി കിട്ടിത്തുടങ്ങി. അപ്പോഴൊക്കെ എന്റെ ബന്ധങ്ങൾ ഞാൻ സൂക്ഷിച്ചിരുന്നു. അതിന്റെ ഫലമായാണ് ദൃശ്യം 2 സംഭവിച്ചത്. ഞാൻ സിനിമ ചെയ്യുന്നില്ല എന്നു തെറ്റിദ്ധരിച്ചവരുടെ സംശയങ്ങൾ ആ സിനിമയോടെ മാറിക്കിട്ടി. അതിനൊപ്പം ഞാനൊരു സീരിയലും ചെയ്തു തുടങ്ങി. അതിലൊരു നെഗറ്റീവ് വേഷമാണ്. 

 

krishnaprabha-32

അഭിനയം റിയലിസ്റ്റിക്കായി

 

2008ൽ മാടമ്പിയിലാണ് എന്റെ തുടക്കം. സ്റ്റേജിൽ നിന്നു വന്ന ആർടിസ്റ്റ് ആയതിനാൽ എന്റെ അഭിനയം അൽപം ലൗഡ് ആയിരുന്നു. ഒരു ഇന്ത്യൻ പ്രണയകഥ, ലൈഫ് ഓഫ് ജോസൂട്ടി, കടൽ കടന്നൊരു മാത്തുക്കുട്ടി തുടങ്ങിയ സിനിമകളിലേക്കെത്തിയപ്പോഴേക്കും അഭിനയത്തിൽ സൂക്ഷ്മത കൊണ്ടു വരാനായി. അഭിനയം നാച്ചുറൽ ആയിത്തുടങ്ങി. കുറെ ഒബ്സർവേഷനും പരിശ്രമവും അതിൽ സംഭവിച്ചിട്ടുണ്ട്. അക്കാര്യത്തിൽ എന്നെ ഞെട്ടിച്ച വ്യക്തിയാണ് ജോജു ജോർജ്. ഹോട്ടൽ കാലിഫോർണിയയിൽ ഞങ്ങൾ പെയർ ആയി അഭിനയിച്ചിട്ടുണ്ട്. അന്നു കണ്ട ജോജു ചേട്ടനെയല്ല ഇപ്പോൾ നാം കാണുന്നത്. പുലിമടയിൽ ഞങ്ങൾ ഇപ്പോൾ ഒരുമിച്ചു അഭിനയിച്ചു. വിസ്മയിപ്പിക്കുന്ന മാറ്റമാണ് അദ്ദേഹത്തിന്റെ അഭിനയശൈലിയിൽ സംഭവിച്ചത്. അദ്ദേഹം പല കാര്യങ്ങളും പറഞ്ഞു തരും. സത്യത്തിൽ, പണ്ടത്തെ സിനിമകൾ എനിക്കിപ്പോൾ കാണാൻ ഇഷ്ടമല്ല. ഇപ്പോഴത്തെ എന്റെ അഭിനയമാണ് എനിക്കിഷ്ടം.   

 

നേരിലെ കഥാപാത്രം

 

ജീത്തു ജോസഫ് സാറിന്റെ മൂന്നാമത്തെ സിനിമയിലാണ് ഞാനിപ്പോൾ അഭിനയിക്കുന്നത്. എന്റെ കഥാപാത്രത്തേക്കാൾ എനിക്ക് പ്രിയപ്പെട്ടത് ആ സെറ്റ് തന്നെയാണ്. ഞാനിപ്പോൾ അദ്ദേഹത്തിന്റെ ഫാമിലിയിലെ ഒരാളായി കഴിഞ്ഞു. സത്യൻ അന്തിക്കാട് സാറിന് ഒരു ടീം ഓഫ് ആക്ടേഴ്സ് ഉണ്ടെന്നു പറയുന്നതു പോലെ ജീത്തു സാറിനുമുണ്ട്, അങ്ങനെയൊരു കൂട്ടം. ഞാനെപ്പോഴും സാറിനോടു പറയാറുണ്ട്, ഒരു സീൻ ആയാലും കുഴപ്പമില്ല. ഞാൻ വന്നു ചെയ്യാം എന്ന്. അങ്ങനെയാണ് നേര് എന്ന സിനിമയിലും സർ എന്നെ വിളിച്ചത്. കുറച്ചു സീനുകളെ ഉള്ളൂ. ഭൂരിഭാഗവും കോടതി സീനുകളാണ്. കുറച്ചു സീനുകളെ പുറത്ത് ഷൂട്ട് ചെയ്തിട്ടുള്ളൂ. എനിക്ക് കോടതിയിലും പുറത്തും സീനുണ്ട്. ലാലേട്ടനുമായി കോംബിനേഷനുണ്ട്. എനിക്കിപ്പോൾ അത്രയേ പറയാൻ കഴിയൂ. 

 

സിംഗിളാണ്, അങ്ങനെ തന്നെ തുടരും

 

എന്റെ ആദ്യ സിനിമ സംഭവിക്കുന്നത് 2008ലാണ്. അതിനു മുമ്പ് ഡാൻസറായും അവതാരകയായും സജീവമായിരുന്നു. അതിനൊപ്പം ടെലിവിഷൻ ഷോകളും സ്റ്റേജ് ഷോകളും ചെയ്തിരുന്നു. അതു കഴിഞ്ഞാണ് സിനിമയിലെത്തിയത്. എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയിൽ ഇത്രയും കാലം നിൽക്കാൻ കഴിയുമെന്നു പോലും വിചാരിച്ചതല്ല. മരണം വരെ ഈ ഫീൽഡിൽ നിൽക്കണമെന്നാണ് എന്റെ ആഗ്രഹം. അക്കാര്യത്തിൽ ഞാൻ ആരാധിക്കുകയും പിന്തുടരുകയും ചെയ്യുന്ന വ്യക്തിയാണ് സുകുമാരിയമ്മ. അവരെപ്പോലെ നല്ലൊരു ആർടിസ്റ്റായി നിൽക്കാനാണ് ആഗ്രഹം. 

 

ഒരു ഇടവേള എടുക്കണമെന്നോ ചുമ്മാ വീട്ടിലിരിക്കണമെന്നോ ഒരിക്കലും ഞാൻ ചിന്തിച്ചിട്ടു പോലുമില്ല. ഞാൻ കല്യാണം കഴിച്ചിട്ടില്ല. ഇനിയും സിംഗിളായി തുടരാനാണ് താൽപര്യം. എന്റെ ഫോക്കസ് കലയാണ്. അതിൽ നിന്നു ശ്രദ്ധ തിരിക്കുന്ന യാതൊന്നിലും താൽപര്യമില്ല. അതുകൊണ്ടാണ് കല്യാണം പോലും കഴിക്കാത്തത്. നാളെ എന്തു സംഭവിക്കുമെന്ന് അറിയില്ല. കഴിവതും സിംഗിളായി ജീവിക്കാനാണ് ആഗ്രഹം. കല്യാണം കഴിച്ചില്ലെന്നു കരുതി സിംഗിളാവണമെന്നില്ല. പല ബന്ധങ്ങളിലും കുരുങ്ങിപ്പോകുന്നവരുണ്ട്. നാട്ടുകാരെ കാണിക്കാനാണ് പലരും കല്യാണം കഴിക്കുന്നത്. ഫോട്ടോഷൂട്ടും ആഘോഷങ്ങളുമൊക്കെയായി വലിയ രീതിയിലാണ് കല്യാണങ്ങൾ നടക്കുന്നത്. അതു തെറ്റാണെന്നല്ല.  എന്നോടു പലരും ചോദിക്കാറുണ്ട്, പത്തു മുപ്പത്തിയാറു വയസ് ആയില്ലേ? കല്യാണം കഴിച്ചൂടെ എന്ന്. ആവശ്യമില്ലാത്ത ടെൻഷനെടുത്തു തലയിൽ വയ്ക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ് ഞാൻ അവരോടു പറയാറുള്ളത്. പണ്ടു മതലെ ഞാനിങ്ങനെയാണ്. ഓവർ പെർഫക്‌ഷനിസ്റ്റ് എന്നൊക്കെ പറയില്ലേ... ആ കൂട്ടത്തിലാണ് ഞാനും. കലയുമായി ബന്ധപ്പെട്ട് ടെൻഷൻ അടിക്കുന്നത് എനിക്ക് ഇഷ്ടമാണ്. അതല്ലാതെ, വേറെ കുരുക്കുകളിൽ പോയി ചാടാതിരിക്കാൻ ഞാനെപ്പോഴും ശ്രദ്ധിക്കും. 

 

എന്റെ ബോൾഡ്നെസ് ഫോർമുല

 

ആരോഗ്യം, സമ്പത്ത്, സ്വാതന്ത്ര്യം– ഇതാണ് എന്റെ ബോൾഡ്നെസ് ഫോർമുല. അത് ഞാനെന്റെ കയ്യിൽ ടാറ്റൂ ചെയ്തിട്ടുണ്ട്. പണ്ടു മുതലെ എനിക്ക് ഈ ചിന്തയുണ്ട്. ആരോഗ്യമാണല്ലോ സർവധനാൽ പ്രധാനം. സ്വന്തം കാലിൽ നടന്നു പോയി കാര്യങ്ങൾ ചെയ്യാനുള്ള ആരോഗ്യം വേണം. നടന്നാൽ മാത്രം പോരാ. നമുക്ക് ഇഷ്ടമുള്ളത് വാങ്ങാനുള്ള പണം വേണം. വേറെ ആരുടെ മുമ്പിലും അതിനു വേണ്ടി കൈ നീട്ടേണ്ട അവസ്ഥ ഉണ്ടാകരുത്. പിന്നീട് അതൊരു ബാധ്യതയാകും. അതൊഴിവാക്കാൻ, പണിയെടുത്തു സമ്പാദ്യം ഉണ്ടാക്കണം. ജീവിക്കാനുള്ള കാശു മതി. ഇതെല്ലാമുണ്ട്... പക്ഷേ, സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെ ഒരു കാര്യവുമില്ല. ആരോഗ്യം, സമ്പത്ത്, സ്വാതന്ത്ര്യം– ഇവ മൂന്നുമാണ് യഥാർത്ഥ ബോൾഡ്നെസ് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പിന്നെ, നമ്മളെടുക്കുന്ന ചില തീരുമാനങ്ങൾ തെറ്റിപ്പോകാം. പക്ഷേ, അതു മനസിലാക്കി, തിരുത്തി മുമ്പോട്ടു പോകാനും സാധിക്കണം. 

 

ഇനി മാറി നിൽക്കില്ല

 

നായകനോ നായികയോ ആകാൻ ശ്രമിക്കുന്നവർക്ക് എത്ര വേണമെങ്കിലും കാത്തിരിക്കാം. പക്ഷേ, ക്യാരക്ടർ റോളുകൾ ചെയ്യുന്നവർ അങ്ങനെ കാത്തിരിക്കരുത്. അതാണ് എന്റെ അനുഭവം എന്നെ പഠിപ്പിച്ചത്. സപ്പോർട്ടിങ് ആക്ടേഴ്സ് എല്ലായ്പ്പോഴും വർക്ക് ചെയ്തുകൊണ്ടിരിക്കണം. സിനിമയോ സീരിയലോ മറ്റു സാധ്യതകളോ ആയിക്കൊള്ളട്ടെ. അങ്ങനെ ജോലി ചെയ്യുന്തോറും നമ്മുടെ അനുഭവപരിചയം വർധിക്കും. വലിയ പടങ്ങളിൽ ചെറിയ സീനുകളിൽ എന്നെ വിളിച്ചാലും ഞാൻ ഹാപ്പിയാണ്. കാരണം, അതുപോലും ലഭിക്കാത്തവർ ധാരാളമുണ്ട്. വലിയ സിനിമകളിൽ, വലിയ സ്റ്റാർ കാസ്റ്റിനൊപ്പം അഭിനയിക്കുന്നത് ഒരു പഠനാനുഭവമാണ്. നല്ല സംവിധായകരുടെ കയ്യിൽ കിട്ടുമ്പോൾ നമ്മുടെ പ്രകടനം അതുപോലെ മെച്ചപ്പെടും. സിനിമ മാറിക്കൊണ്ടിരിക്കുന്നു. മാറുന്ന സിനിമകളുടെ ഭാഗമാകാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു. ഇനി ഒരിക്കലും സിനിമയിൽ നിന്നു മാറി നിൽക്കില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com