ADVERTISEMENT

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണന്റെ ‘റാണി ദ് റിയൽ സ്റ്റോറി’ എന്ന ചിത്രം തിയറ്ററുകളിലെത്തിയിരിക്കുകയാണ്. കേരള കഫേ എന്ന ആന്തോളജിയിൽ ഐലൻഡ് എക്സ്പ്രസ് എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച ശങ്കർ, പതിനെട്ടാം പടി എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഉറുമി, നെത്തോലി ഒരു ചെറിയ മീനല്ല, മൈ സ്റ്റോറി, എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ, മാമാങ്കം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. രഞ്ജിത്തിന്റെ സ്പിരിറ്റിലൂടെ അഭിനയരംഗത്തേക്കും കടന്ന ശങ്കർ രാമകൃഷ്ണൻ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കെജിഎഫ്‌, പൊന്നിയൻ സെൽവൻ തുടങ്ങിയ ബ്രഹ്മാണ്ഡ അന്യഭാഷ ചിത്രങ്ങളുടെ മലയാള ആവിഷ്കാരം നിർവഹിച്ചതും ശങ്കറാണ്. തിരക്കഥയും അഭിനയവും സംവിധാനവും മാത്രമല്ല ‘റാണി’ എന്ന ചിത്രത്തിലൂടെ നിർമാണത്തിലേക്കും കടക്കുകയാണ് ശങ്കർ. മലയാളികളുടെ പ്രിയതാരങ്ങളായ ഭാവന, ഉർവശി, ഹണി റോസ്, മാലാ പാർവതി, അനുമോൾ തുടങ്ങിയവരോടൊപ്പം ഇന്ദ്രൻസ്, ഗുരു സോമസുന്ദരം തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. റാണിയുടെ വിശേഷങ്ങളും പ്രതീക്ഷകളുമായി ശങ്കർ രാമകൃഷ്ണൻ മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

എല്ലാവരുടെയും ജീവിതത്തിൽ ഒരു ‘റാണി’ ഉണ്ട്

'റാണി ദ് റിയൽ സ്റ്റോറി' എന്നാണ് സിനിമയുടെ പേര്. പേര് സൂചിപ്പിക്കുന്നത് പോലെ ചിത്രത്തിൽ യാഥാർഥ്യത്തിന് വലിയ പ്രാധാന്യമുണ്ട്. നമ്മുടെയൊക്കെ ജീവിതത്തിൽ ഒരു റാണിയുണ്ട്. അത് ചിലപ്പോൾ പഠിപ്പിച്ച ടീച്ചറാകാം, അമ്മയാകാം, ഭാര്യയാകാം മകളാകാം. ജീവിതത്തിലെ ഏറ്റവും ചെറിയ ഇടങ്ങളിൽ നിന്നുപോലും നമ്മുടെ ജീവിതത്തെ ഒരുപാട് മാറ്റിക്കളയുന്ന എന്തോ ഒരു മാജിക് ഉള്ള സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്. അവർ ഒരുപക്ഷേ വളരെ ചെറിയ റോൾ ആയിരിക്കും ജീവിതത്തിൽ ചെയ്യുന്നത്. വലിയ പദവിയോ പണമോ ഉള്ളവർ ആയിരിക്കില്ല. അങ്ങനെയുള്ള ഒരു കോൺസെപ്റ്റിനെയാണ് ഞാൻ റാണി കൊണ്ട് ഉദ്ദേശിക്കുന്നത്, ഒരു വ്യക്തിയുടെ പേരല്ല. ഉർവശി ചേച്ചി, ഭാവന, ഹണി റോസ്, മാലാ പാർവതി, അനുമോൾ ഇവരോടൊപ്പം നിയതി കടാമ്പി എന്ന ഒരു തമിഴ് പെൺകുട്ടിയും അഭിനയിക്കുന്നു. ദേവദർശിനി ചേതൻ എന്ന തമിഴ് താരത്തിന്റെ മകളാണ് നിയതി.

ദുരൂഹമായ ഒരു കൊലപാതകത്തിൽ കണ്ണി ചേർക്കപ്പെടുന്ന പെൺകുട്ടി

അന്യസംസ്ഥാനത്തുനിന്നെത്തി നമ്മുടെ വീട്ടിലൊക്കെ ജോലിക്ക് നിൽക്കുന്ന ചില പെൺകുട്ടികൾ ഉണ്ട്. അവർ എവിടുന്നു വരുന്നു, എങ്ങോട്ട് പോകുന്നു എന്ന് ആരും തിരക്കാറില്ല. അങ്ങനെ ഒരു പെൺകുട്ടിയുടെ വേഷമാണ് നിയതി ചെയ്യുന്നത്. ഒരു ദുരൂഹമായ കൊലപാതകത്തിൽ അവൾ കണ്ണി ചേർക്കപ്പെടുമ്പോൾ, അവൾ ജോലി ചെയ്യുന്ന മൂന്നു വീടുകളിലെ ആളുകൾ അവളെക്കുറിച്ച് സംസാരിക്കുകയാണ്. ഈ 5 സ്ത്രീകഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലാണ് ഗുരു സോമസുന്ദരത്തിന്റെ കഥാപാത്രമായ ധർമരാജൻ അനാവരണം ചെയ്യപ്പെടുന്നത്. ധർമരാജൻ ഒരു പൊളിറ്റിക്കൽ ഗ്യാങ്സ്റ്റർ ആണ്. ഒരു മിസ്റ്ററി ത്രില്ലർ എന്നുള്ളതിനപ്പുറത്തേക്ക് കുടുംബ ബന്ധങ്ങളും സ്ത്രീകളുടെ ജീവിതവും ഇടകലർത്തിയാണ് ഈ സിനിമ ചെയ്തിരിക്കുന്നത്.

അതിനോടൊപ്പം ‘പതിനെട്ടാം പടി’യിൽ നമ്മൾ അവതരിപ്പിച്ച യുവതാരമായ അശ്വിൻ ഗോപിനാഥ് ഹണി റോസിന്റെ ഭർത്താവായ എബി കുരുവിള എന്ന പത്രപ്രവർത്തകനായി എത്തുന്നു. അതുപോലെ മണിയൻ പിള്ള രാജു ചേട്ടന്‍ ഡിവൈഎസ്പി രഘു എന്ന കഥാപാത്രവും ചെയ്യുന്നു. സിഐ സോമൻ എന്ന കഥാപാത്രമായി എത്തുന്നത് കൃഷ്ണൻ ബാലകൃഷ്ണനാണ്. അന്വേഷണ ടീമിലെ ഏറ്റവും സീനിയർ ഉദ്യോഗസ്ഥനായി അഭിനയിക്കുന്നത് ഇന്ദ്രൻസ് ചേട്ടനാണ്. മലയാളത്തിൽ അഭിനയം കൊണ്ട് ശ്രദ്ധേയമായ പുതിയ തലമുറയിലെയും പഴയ തലമുറയിലെയും ഇത്രയും താരങ്ങളെയാണ് ഈ സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അവതരിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്കുശേഷം വളരെ കാമ്പുള്ള ഒരു കഥാപാത്രവുമായി ഭാവന ഈ സിനിമയിൽ നിറഞ്ഞുനിൽക്കുന്നു. ധർമ്മപുരം എന്ന സാങ്കൽപിക സ്ഥലത്താണ് കഥ നടക്കുന്നത്.

urvashi-actress-r

സിനിമ അനന്തപുരിയിലേക്ക് തിരിച്ചു വരുന്നു

സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത് പുതുമുഖമായ മേന മേലാത്ത് എന്ന പെൺകുട്ടിയാണ്‌. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളായ കിളിമാനൂർ, വെഞ്ഞാറമൂട്, തിരുവല്ലം തുടങ്ങിയ സ്ഥലങ്ങളിലുമാണ് ഇതിന്റെ ചിത്രീകരണം നടന്നത്. വിനായക് ഗോപാലൻ എന്ന, തിരുവനന്തപുരംകാരനായ പുതുമുഖമാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റർ അപ്പു ഭട്ടതിരിയും തിരുവനന്തപുരത്തുകാരനാണ്. പുതുമുഖങ്ങൾക്ക് അവസരവും പ്രാധാന്യവും കൊടുത്തുകൊണ്ട് തിരുവനന്തപുരത്തുനിന്ന് ഒരു സിനിമ വീണ്ടും ഉണ്ടാകുന്നു എന്നത് കൂടിയാണ് റാണിയുടെ പ്രത്യേകത. തിരുവനന്തപുരത്തുള്ള അണിയറ പ്രവർത്തകർക്ക് കൂടുതൽ പ്രാധാന്യം കൊടുത്തിട്ടുണ്ട്.

റാണി തിയറ്ററിൽ ആസ്വദിക്കേണ്ട സിനിമ

ഒരു കഥ എന്നതിൽ ഉപരി സിനിമ മുന്നോട്ടുവയ്ക്കുന്ന ചില ആശയങ്ങളുണ്ട്. തിയറ്ററുകൾക്കു വേണ്ടിയാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. തിയറ്ററിലിരുന്ന് ആസ്വദിക്കാൻ വേണ്ടിയുള്ള എല്ലാ എലമെന്റും സിനിമയിലുണ്ട്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന ടെക്നീഷ്യൻസും ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യയും എല്ലാം തിയറ്ററിന് വേണ്ടിയുള്ളതാണ്. അന്യഭാഷ ചിത്രങ്ങളായ കെജിഎഫ്, പൊന്നിയൻ സെൽവൻ ഒന്നും രണ്ടും തുടങ്ങിയവയൊടൊപ്പമെല്ലാം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ആ സിനിമകളോട് കിടപിടിക്കുന്ന കണ്ടന്റ് ഉണ്ടാക്കാനുള്ള ഒരു എളിയ ശ്രമമാണ് ഈ ചിത്രം. എല്ലാ ടെക്നിക്കൽ ബ്രില്യൻസും ചേർത്തുവച്ചുകൊണ്ട് പുതിയൊരു കഥയാണ് അവതരിപ്പിക്കുന്നത്. അത് ആസ്വാദ്യകരമാകുന്ന വിധത്തിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇതൊരു കൂട്ടായ്മയുടെ പരിശ്രമമാണ്.

റാണിയിലൂടെ നിർമാണത്തിലേക്ക്

റാണി എന്റെ ആദ്യത്തെ നിർമാണ സംരഭം കൂടിയാണ്. എന്റെ 21 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഞാൻ ആദ്യമായിട്ടാണ് ഒരു സിനിമയുടെ നിർമാണ പ്രവർത്തനത്തിൽ നേരിട്ട് പങ്കാളിയാകുന്നത്. മാജിക് ടെയിൽ വർക്സ് എന്ന ബാനറിൽ വിനോദ് മേനോനും ജൂൺ വെഞ്ചേഴ്സ് ജിമ്മി ജേക്കബും കോ പ്രൊഡ്യൂസർ ആണ്. സിനിമ നിർമാണം മുതൽ തിയറ്ററിൽ എത്തിക്കുന്നതുവരെയുള്ള ഒരു പ്രോസസ്സിൽ പങ്കാളിയാകുന്നത് ആദ്യമായിട്ടാണ്. അതിന്റെ ചാലഞ്ച് എല്ലാം നേരിട്ടിട്ടുണ്ട്. നമ്മുടെ ഇതുവരെ ഉള്ള സമ്പാദ്യം ഈ സിനിമയിൽ നിക്ഷേപിച്ചിരിക്കുകയാണ്.

മലയാളി പ്രേക്ഷകർ നല്ല സിനിമയെ സ്വീകരിക്കുമെന്ന് വിശ്വാസമുണ്ട്

മുപ്പതു മിനിറ്റോളം വരുന്ന ഒരു ക്ലൈമാക്സ് ഈ സിനിമയ്ക്കുണ്ട്. അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടും എന്ന് കരുതുന്നു. എനിക്ക് മലയാളി പ്രേക്ഷകരിൽ ഉറച്ച വിശ്വാസമുണ്ട്. അവരാണ് നമ്മളെപ്പോലെയുള്ള കലാകാരൻമാർ തുടർന്നും ഇവിടെ ഉണ്ടാകണോ എന്ന് തീരുമാനിക്കുന്നത്. വ്യക്തിപരമായ ഓൺലൈൻ അഭിപ്രായങ്ങൾ കണ്ട് ഈ സിനിമയെ വിലയിരുത്തരുത്. അത് ഒരാളുടെ അഭിപ്രായം ആയിരിക്കും. പക്ഷേ ഒരു സംഘം പ്രേക്ഷകരെ തിയറ്ററിൽനിന്ന് അകറ്റാൻ അങ്ങനെയുള്ളവർക്ക് കഴിയും. സിനിമ ഓരോരുത്തരും തിയറ്ററിൽ പോയി കണ്ട് വിലയിരുത്തുകയാണ് വേണ്ടത്. പ്രേക്ഷകരുടെ അഭിരുചി വളരെ മാറിയിട്ടുണ്ട്. ലോകസിനിമകൾ കണ്ടു വിലയിരുത്തുന്ന ചെറുപ്പക്കാരും പ്രേക്ഷകരുമാണ് ഇന്നുള്ളത്. അവരിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com