ADVERTISEMENT

കാസർഗോൾഡ് സിനിമയുടെ ട്രെയിലറിലെ "ഈ സ്വർണത്തിന്റെ കളറുണ്ടല്ലോ" എന്ന വാചകത്തിനു എന്തൊരു കളറാണ്. അത്രയും ആവേശത്തിൽ ആസിഫ് അലി പറഞ്ഞു തുടങ്ങുന്നതു ജീവിതത്തെപ്പറ്റിയാണ്. പലപ്പോഴായി കേൾക്കുന്ന സിനിമാക്കഥകൾ ആസിഫ് കൂട്ടുകാരോടു പറയും. അതു സിനിമയായി വരുമ്പോൾ അവർ ചോദിക്കുമത്രേ "ഇതിനു നീ പറഞ്ഞ കഥയുമായി ഒരു ബന്ധവുമില്ലല്ലോ" എന്ന്. ആസിഫ് അലി അത്രയ്ക്കു നല്ല കഥപറച്ചിലുകാരനുമാണ്. എന്നെങ്കിലും സിനിമ സംവിധാനം ചെയ്യണമെന്നു ആഗ്രഹിക്കുന്നുണ്ട് ആസിഫ് അലി. ഏറ്റവും പുതിയ സിനിമ കാസർഗോൾഡാണ്. കാസർഗോഡുനിന്നും തുടങ്ങി വളരുന്ന കഥ. 

 

ഉത്തരമലബാറിന്റെ കഥ ഫ്രഷാണ് 

 

അധികം പറഞ്ഞുകേൾക്കാത്ത നാടാണ് അത്. അവിടുത്തെ കഥയ്ക്കു ഫ്രഷ്നെസുണ്ട്. പണ്ടൊക്കെ ആ നാട്ടിലെ ഭാഷ പോലും മനസിലാവില്ലായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ കേട്ടും പറഞ്ഞും ഭാഷയുടെ അന്തരം കുറഞ്ഞിട്ടുണ്ട്. കണ്ണൂരാണ് എന്റെ ഭാര്യ സമയുടെ വീട്. കല്യാണം കഴിഞ്ഞയിടയ്ക്ക് അവൾ സംസാരിക്കുന്നത് ജർമൻ ഭാഷ കേൾക്കുന്നപോലെയാണ് എന്റെ ഉമ്മ കേട്ടിരുന്നത്. കക്ഷി അമ്മിണിപ്പിള്ളയിൽ ഭാര്യയെ "എന്റണേ" എന്നു വിളിക്കുന്നുണ്ട്. "എന്റെ ഇണയേ" എന്നാണു അർഥം ഞാൻ മനസിലാക്കിയത്. അതു ലേശം കാവ്യാത്മകമല്ലേ എന്നു സംശയിച്ചപ്പോളാണ് ,"എന്റെ മച്ചാ" എന്നൊക്കെയാണ് ഏകദേശ അർഥമെന്നു മനസിലായത്.

 

തങ്കം പോലെ തിളങ്ങുന്ന ഉടുപ്പുകൾ 

 

എന്നേക്കാൾ ഹൈപ്പർ ആക്റ്റീവ് ആയ കഥാപാത്രമാണ് കാസർഗോൾഡിലെ ആൽബി. പലതവണ ചർച്ചകൾ ചെയ്‌തെങ്കിലും മഷർ ഹംസ കോസ്റ്റ്യൂം കൊണ്ടുവന്നപ്പോളാണ് ഈ കഥാപത്രത്തിനു ഫൈനൽ ഫീൽ ആയത്. ലോക്കേഷനിൽ വരുന്ന മെയ്ക് അപ്പ് ചീഫും കോസ്റ്റ്യൂം ചീഫുമൊക്കെ ചിലപ്പോൾ സിനിമ തീരുംവരെ സെറ്റിൽ ഉണ്ടാകാറില്ല. പക്ഷേ ഓരോ ഷോട്ട് കഴിയുമ്പോളും കോസ്റ്റ്യൂമിന്റെ കോളറൊന്നു നേരെയാക്കി, ഉടുപ്പിന്റെ ഫിറ്റ് നോക്കി  മഷർ സിനിമ തീരും വരെ ലൊക്കേഷനിലുണ്ടാകും. അത് അഭിനേതാക്കൾക്കു തരുന്ന കോൺഫിഡൻസ് വേറെ ലെവൽ ആണ്. 

 

ബീറ്റിനോടു ചേർന്ന നാദസ്വരം 

 

എല്ലാം ചേർന്നു വരുമ്പോളാണല്ലോ നല്ല സിനിമയുണ്ടാകുന്നത്. ജയിലർ സിനിമയിൽ അനിരുദ്ധ് എന്താണോ , അതാണു കാസർഗോൾഡിനു വിഷ്ണു വിജയ്. മ്യൂസിക്കിന് ഈ സിനിമയിൽ വലിയ സ്ഥാനമുണ്ട്. നമ്മൾക്കു ചെയ്യുന്ന ഓരോ സീനിനെയും ഉയർത്താൻ സംഗീതം വഹിച്ച പങ്ക് സിനിമയിൽ കാണാം. 

 

സമ്മാനങ്ങൾ ഇവിടെയും കൊടുക്കാറുണ്ട് 

 

സാമ്പത്തികമായ ഫാക്ടർ ഉണ്ട് എങ്കിലും സിനിമ പാഷനേറ്റായി ചെയ്യുന്നവരാണ് എല്ലാവരും. അപ്പോൾ പ്രതീക്ഷിക്കുന്നതിലും വലിയൊരു വിജയം സിനിമയിൽ നിന്നുണ്ടാകുമ്പോൾ അതിൽ പ്രവർത്തിച്ചവർക്കു സമ്മാനങ്ങൾ കൊടുക്കുന്നത് സന്തോഷം പങ്കിടലാണ്. മലയാളത്തിൽ അങ്ങിനെ ചെയ്യുന്ന ഒരുപാടുപേരുണ്ട്. വലിയ പബ്ലിസിറ്റി കൊടുക്കാത്തതുകൊണ്ടാണ് ആരും അറിയാതെപോകുന്നത്. 

 

വിനായകന്റെ സന്തോഷം

 

നമ്മൾ ആഗ്രഹിക്കുന്നപോലെ എല്ലവരും പെരുമാറണമെന്നില്ലല്ലോ. രജനികാന്തിന്റെ വില്ലനായി അഭിനയിച്ചുകൊണ്ടിരിക്കുമ്പോളാണു വിനായകൻ ഈ സിനിമയിലും അഭിനയിക്കുന്നത്. അപ്പോൾ അദ്ദേഹം വളരെ കാഷ്വലായി പറയുന്ന ലൊക്കേഷൻ കഥകളിൽ നിന്നാണ് "ഓഹ് , രജനികാന്തിനെ പറ്റിയാണല്ലോ ഈ പറയുന്നത്" എന്നൊക്കെ നമുക്കു തോന്നുക. അങ്ങനെയൊരാൾ ഇന്നുമുതൽ മാറിയേക്കാം എന്നൊന്നും ആലോചിച്ചിട്ടേയില്ലെന്നു തോന്നും. അതിന്റെ ആവശ്യവുമില്ലല്ലോ. 

 

കാണുന്ന പോലെയല്ല, ദേഷ്യക്കാരനാ 

 

എനിക്കു ദേഷ്യം വരും. പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതെ ഫോണിൽ നോക്കിയിരിക്കുന്നവരുണ്ടല്ലോ. നമ്മുടെ കണക്ഷൻ പോകും അപ്പോൾ. ഞാൻ ഒന്നും ഒളിച്ചു വയ്ക്കാറില്ല. തുറന്നു പറയുന്നതിൽ എന്താണ് തെറ്റ്. ഞാൻ എന്താണെന്നു ഇപ്പോൾ എല്ലാവര്ക്കും അറിയാം. ഡിപ്ലോമാറ്റാകേണ്ട കാര്യമില്ല. 

 

നടൻ അഥവാ സ്റ്റാർ 

 

സ്റ്റാർ ആയിരിക്കുന്നത് സിനിമയുടെ കച്ചവടത്തിന് ഉപകാരമാണ്. ഒരാളെ കണ്ടിട്ട് സിനിമയ്ക്കു ആളുകൾ വരണം. പക്ഷേ ചിലപ്പോഴെങ്കിലും നമ്മുടെ സ്റ്റാർഡം സിനിമയ്ക്കു വെല്ലുവിളിയാകും. ഞാൻ അങ്ങിനെയൊരു തലത്തിലേക്കു വളർന്നിട്ടില്ലെന്നു തോന്നുന്നു. അപ്പോള്‍ ആലോചിച്ചാൽ മതിയല്ലോ അതൊക്കെ.  

 

മൃദുൽ എന്ന ബെസ്റ്റ് ഫ്രണ്ട്

 

കിളിപോയി എന്ന സിനിമ ചെയ്യുമ്പോൾ വികെപി സാറിന്റെ സെറ്റിലാണ് മൃദുലിനെ ആദ്യമായി കാണുന്നത്. വർക്കഹോളിക്കാണ്. ഒരു സിനിമയുടെ എല്ലാ മേഖലയിലും മൃദുലെത്തും. കാസർഗോൾഡിന്റെ ചിത്രീകരണത്തിനിടയ്ക്ക് മംഗലാപുരം മാർക്കറ്റിൽ ബൈക്ക് ചെയ്‌സ് ഷൂട്ട് ചെയ്തിരുന്നു. അത്രയും തിരക്കിൽ ഇത് ഷൂട്ട് ചെയ്യുന്നതുകൊണ്ട് ഈ സിനിമയ്ക്ക് ഉണ്ടാകുന്ന ഗുണം ആ മാർക്കറ്റിലെ ഓരോരുത്തരെയും പറഞ്ഞു മനസിലാക്കിയതു മൃദുലാണ്. അതാണ് അയാളുടെ എനർജി ലെവൽ. ഒരു ക്രിയേറ്ററിനു വേണ്ട എല്ലാ  ഗുണങ്ങളും ഉള്ള ആളാണ് മൃദുൽ. 

 

ഒരേ തരം സിനിമകൾ 

 

കാലം മാറുന്നപോലെയാണ് സിനിമയുടെ സ്വഭാവവും മാറുന്നത്. ഒരു സിനിമ കണ്ടിട്ട് ഇതുപോലൊരെണ്ണം എടുക്കാമെന്ന് കരുതുന്നതിനേക്കാൾ, സ്ഥിരമായി കാണുന്ന സോകോൾഡ് പ്രകൃതിപ്പടങ്ങളിൽ നിന്നും മാറി ചിന്തിക്കാമെന്നു കരുതുന്ന അന്പതു ഫ്ളാറ്റുകളെങ്കിലും കൊച്ചിയിൽ മാത്രം കാണും. 

 

ചിലപ്പോൾ ഒരു കഥ ആലോചിച്ചു തയ്യാറാക്കി വൺ ലൈൻ ഓർഡർ ആകുമ്പോളായിരിക്കും ആരെങ്കിലും "ഇതേ കഥയാണ് അപ്പുറത്തു കേട്ടത്" എന്നു പറയുന്നത്. അപ്പോൾ മാറി ചിന്തിക്കും. വേറെ വഴി ഇല്ലല്ലോ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com