ADVERTISEMENT

തിയറ്ററുകൾ കീഴടക്കി മമ്മൂട്ടിയുടെ ‘കണ്ണൂർ സ്ക്വാഡ്’ ജൈത്രയാത്ര തുടരുകയാണ്.  കുറ്റവാളികളെ കണ്ടെത്താനുള്ള കണ്ണൂർ സ്ക്വാഡിന്റെ ഓട്ടത്തിന്റെ തുടക്കത്തിൽ  അവർ എത്തിയത് റിയാസ് എന്ന ചെറുപ്പക്കാരന്റെ അടുത്തേക്കായിരുന്നു. റിയാസിനെ കണ്ട പാടെ പ്രേക്ഷകരുടെ നെറ്റി ഒന്ന് ചുളിഞ്ഞു. നീലക്കണുകളും സ്ട്രെയ്റ്റ് ചെയ്ത മുടിയും അൾട്രാ ഫാഷൻ വേഷവിധാനവുമായി മെലിഞ്ഞു നീണ്ട ഈ പയ്യനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ. ഒടുവിൽ ആ അന്വേഷണം എത്തിച്ചേർന്നത് ദീപക് പറമ്പോൽ എന്ന യുവതാരത്തിലാണ്. ‘തട്ടത്തിൽ മറയത്ത്’ മുതൽ മലയാളികൾക്ക് സുപരിചിതനായ ദീപക്കിന്റെ റിയാസിലേക്കുള്ള രൂപമാറ്റം അത്രയ്ക്ക് കൃത്യമായിരുന്നു. ചിത്രത്തിൽ വില്ലൻ സ്ക്വാഡിലെ  ഒരു സുപ്രധാന കണ്ണിയായി ദീപക്കിന്റെ റിയാസുമുണ്ട്. ടിനു പാപ്പച്ചൻ ചിത്രം ചാവേറിലും താരം ഒരു പ്രധാന വേഷത്തിെലത്തുന്നുണ്ട്. ഇമ്പം, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങി നിരവധി ചിത്രങ്ങളാണ് ദീപക്കിന്റേതായി തിയറ്ററിൽ എത്താൻ പോകുന്നത്. കണ്ണൂർ സ്ക്വാഡിന്റെ വിജയാഹ്ലാദം പങ്കുവച്ചുകൊണ്ട് ദീപക് പറമ്പോൽ മനോരമ ഓൺലൈനിൽ എത്തുന്നു.   

കണ്ണൂർ സ്ക്വാഡിലേക്ക് 

കണ്ണൂർ സ്ക്വാഡിന്റെ  സംവിധായകൻ റോബി എന്റെ അടുത്ത സുഹൃത്താണ്. തട്ടത്തിൻ മറയത്തിന്റെ ക്യാമറ അസിസ്റ്റന്റ് ആയിരുന്നു റോബി. ഞങ്ങൾ തമ്മിൽ അന്നുമുതലുള്ള പരിചയമാണ്. അവൻ ക്യാമറ ചെയ്ത ഗ്രേറ്റ് ഫാദറിലും ക്യാപ്റ്റനിലും ജോൺ ലൂഥറിലും ഒക്കെ ഞാൻ അഭിനയിച്ചിട്ടുണ്ട്. അവൻ ഒരു സിനിമ ചെയ്യാൻ പോകുന്നു എന്ന് എന്നോട് പറഞ്ഞു, എന്നിട്ട് സ്ക്രിപ്റ്റ് എനിക്ക് അയച്ചുതന്നു. മമ്മൂക്ക പടം തന്നെയാണ് അവൻ ആദ്യമായി ചെയ്യാൻ പോകുന്നതെന്നും എനിക്ക് അറിയാമായിരുന്നു. സിനിമയുടെ എല്ലാ അപ്ഡേറ്റ്സും ആദ്യം മുതലേ എന്നോട് പറയാറുണ്ട്. റിയാസിന്റെ വേഷം ഞാൻ ചെയ്താൽ നന്നാകും എന്ന് അവൻ പറഞ്ഞു. അങ്ങനെയാണ് ഈ കഥാപാത്രത്തിലേക്ക് ഞാൻ എത്തുന്നത്.   

കഥാപാത്രത്തിന്റെ ലുക്ക്

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയും കണ്ണൂർ സ്ക്വാഡും ഏകദേശം  ഒരേസമയത്താണ് ഷൂട്ട് നടന്നിരുന്നത്. അത് ഒരു പീരീഡ് സിനിമയാണ്. അതിലെ കഥാപാത്രത്തിന് വേണ്ടി കുറച്ച് ശരീരഭാരം കുറച്ചിട്ടുണ്ട്. അതേസമയത്ത് തന്നെയാണ് ഈ സിനിമയും ചെയ്തത്. രണ്ട് സിനിമയിലും ലുക്കിന് വ്യത്യാസമുണ്ടാക്കാൻ വേണ്ടി കണ്ണൂർ സ്ക്വാഡിലെ കഥാപാത്രത്തിന്റെ കണ്ണിൽ ലെൻസ് പിടിപ്പിച്ചു, മുടി സ്ട്രെയ്റ്റ് ചെയ്തു, ലുക്കിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തി. സംവിധായകന്റേയും മേക്കപ്പ്മാന്റെയും തീരുമാനമായിരുന്നു അങ്ങനെ ഒരു വ്യത്യാസം വരുത്തുക എന്നുള്ളത്. കാസർകോട് ഭാഗത്തുള്ള മിക്ക പയ്യന്മാരും ലുക്ക് ചേഞ്ച് ഒക്കെ പിടിക്കുന്ന ആളുകളാണെന്നുള്ളത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. പുതിയ പുതിയ ടീഷർട്ട്സും ഫാഷനും ഒക്കെ അവർ ഫോളോ ചെയ്യാറുണ്ട്. അങ്ങനെ ഒരു ലുക്ക് വെച്ചിട്ടാണ് ഈ ഒരു കഥാപാത്രം ചെയ്തത്. 

പ്രതികരണങ്ങൾ കേൾക്കുമ്പോൾ സന്തോഷം 

കണ്ണൂർ സ്ക്വാഡ് വളരെ വിജയകരമായ ഒരു സിനിമയാണ് ആളുകളിലേക്ക് കൂടുതൽ ആളുകളിലേക്ക് സിനിമ എത്തിയിട്ടുണ്ട് അതുകൊണ്ടുതന്നെ വളരെ പോസിറ്റീവ് ആയ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത ദിവസം മുതൽ ഇന്നുവരെയും ഒരേ തരത്തിലുള്ള പ്രതികരണങ്ങൾ കിട്ടിക്കൊണ്ടിരിക്കുകയാണ്. എന്റെ കഥാപാത്രം വളരെ നന്നായിട്ടുണ്ട് എന്ന് തരത്തിൽ ഒരുപാട് മെസ്സേജുകൾ വരുന്നുണ്ട് ആളെ പോലും തിരിച്ചറിയാത്ത വിധം മാറിപ്പോയി എന്നും പറയുന്നുണ്ട്.  ലുക്കിൽ ചേഞ്ച് വരുത്തിയത് വളരെ നന്നായി അത് വളരെ പോസിറ്റീവ് ആയി എന്നൊക്കെ എല്ലാരും പറയുന്നുണ്ട്.

deepak-parambol-2
ദീപക് പറമ്പോൽ

കണ്ണൂർ സ്ക്വാഡിന് കിട്ടുന്ന സ്വീകാര്യതയിൽ സംതൃപ്തിയുണ്ട് 

തിരക്കഥ വായിച്ചപ്പോൾ തന്നെ ഇത് വലിയൊരു സിനിമയാണെന്ന് തോന്നിയിരുന്നു.  റോണി ചേട്ടനും ആയിട്ട് ഞാൻ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. പക്ഷേ റോബിയുടെ ചേട്ടൻ ആണെന്ന് എനിക്കറിയാമായിരുന്നു. പിന്നെ സിനിമയിൽ അഭിനയിച്ചു തുടങ്ങിയപ്പോഴാണ് പരിചയമായത്. ഇതൊരു വലിയ സിനിമയായിരുന്നു സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ അത് മനസ്സിലായിരുന്നു. മമ്മൂക്ക സിനിമയ്ക്ക് ഉണ്ടാകുന്ന സ്വീകാര്യത വേറെ തന്നെയാണ് ആകുമല്ലോ. അതുകൊണ്ട് തന്നെ ഈ പടം എല്ലാവരും സ്വീകരിക്കുമെന്ന് അറിയാമായിരുന്നു.  സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ ഇതൊരു നല്ല ക്വാളിറ്റി സിനിമ ആയിരിക്കും എന്ന് 100 ശതമാനം ഉറപ്പായിരുന്നു. പക്ഷേ സിനിമ തിയറ്ററിൽ റിലീസ് ചെയ്തപ്പോഴാണ് ഇത്രയും വൈഡ് ആയിട്ടുള്ള പ്രേക്ഷകർ സിനിമയെ സ്വീകരിച്ചു എന്ന് മനസ്സിലായത്.  വലിയ റീച്ചാണ് സിനിമയ്ക്ക് കിട്ടിയത് അത് തിയേറ്റർ റിലീസ് ചെയ്തതിനുശേഷം ആണ് മനസ്സിലായത്.  ഇത്രമാത്രം ഈ സിനിമ സ്വീകരിക്കപ്പെടും എന്ന് കരുതിയില്ല.  ഞങ്ങൾ പ്രതീക്ഷിച്ചതിനപ്പുറം ആണ് കണ്ണൂർ സ്ക്വാഡിന്റെ വിജയം. ആൾക്കാർ സിനിമ ഏറ്റെടുക്കുമ്പോൾ ആണല്ലോ നമുക്കും സംതൃപ്തി ഉണ്ടാകുന്നത്.  അത് ഫസ്റ്റ് ഡേ തന്നെ മനസ്സിലായിരുന്നു. എല്ലാ രീതിയിലും സിനിമ വിജയമാണ്. അതിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. 

deepak-parambol-22
‘ചാവേർ’ എന്ന ചിത്രത്തിൽ നിന്നും

മമ്മൂക്ക അതിശയിപ്പിച്ചു കൊണ്ടിരിക്കുന്നു 

മമ്മൂക്ക നമ്മളെ എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണ്. ഇത്രയും വർഷം വിജയകരമായി സിനിമ മേഖലയിൽ നിൽക്കണം എന്നുണ്ടെങ്കിൽ അതിനു പ്രധാന കാരണം അദ്ദേഹം എടുക്കുന്ന എഫ്ഫർട്ട് ആണ്. ഏതു സിനിമയിൽ അഭിനയിച്ചാലും അത് തന്റെ ആദ്യത്തെ സിനിമ ആണ് എന്നുള്ള ഭാവത്തിലാണ് മമ്മൂക്ക അഭിനയിക്കുന്നത്. മമ്മൂക്ക വർക്ക് ചെയ്യുന്നത് കാണുമ്പോൾ ആ ഒരു എനർജി നമുക്ക് ഫീൽ ചെയ്യാൻ പറ്റും. കണ്ണൂർ സ്ക്വാഡ് സിങ്ക് സൗണ്ടിലാണ് ഷൂട്ട് ചെയ്തത്. സിങ്ക് സൗണ്ടിൽ ചെയ്യാൻ വേണ്ടി ഡയലോഗ് ഒക്കെ ഇരുന്ന് കാണാതെ പഠിക്കുന്ന മമ്മൂക്കയെ കാണുമ്പോൾ നമുക്കും കൂടി ഒരു എനർജി തോന്നും. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ അദ്ദേഹം ചെയ്യുന്നത് അടുത്തുനിന്ന് കണ്ട് ആസ്വദിക്കുന്നത് തന്നെ ഒരു രസമാണ്. നമുക്കും ഒരു പ്രചോദനമാണ് അദ്ദേഹം.

deepak-nivin
തട്ടത്തിൻ മറയത്തിന്റെ ലൊക്കേഷനിൽ വിനീത് ശ്രീനിവാസനും നിവിൻ പോളിക്കുമൊപ്പം

അടുത്തത് ഇമ്പം 

ശ്രീജിത്ത് ജയചന്ദ്രൻ എന്ന ഒരു പുതിയ സംവിധായകൻ ചെയ്യുന്ന ഇമ്പം ആണ് അടുത്തതായി റിലീസ് ചെയ്യാൻ പോകുന്ന സിനിമ. ലാലു അലക്സ്, ദർശന, ഇർഷാദ്, കലേഷ്, നവാസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അടുത്ത സിനിമ മഞ്ഞുമ്മൽ ബോയ്സ് ആണ്. ജാനേമൻ സംവിധാനം ചെയ്ത ചിദംബരമാണ് മഞ്ഞുമ്മൽ ബോയ്സ് സംവിധാനം ചെയ്യുന്നത്. സൗബിൻ, ഭാസി, ബാലു, ഖാലിദ് റഹ്മാൻ തുടങ്ങി കുറെ താരങ്ങൾ അതിൽ അഭിനയിക്കുന്നുണ്ട്. ഇത് രണ്ടുമാണ് ഇനിയിപ്പോ റിലീസ് ചെയ്യാനുള്ളത്.  മറ്റുചിലർ സിനിമകളുടെ ചർച്ചകൾ നടക്കുന്നു ഉടനെ ഷൂട്ടിംഗ് ആരംഭിക്കും.

English Summary:

Chat with actor Deepak Parambol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com