കല്യാണിയുടെ മലയാളം ക്ലാസ്

Mail This Article
അതിനു നിനക്കു മലയാളം പറയാനറിയുമോ. അതും മലബാർ മലയാളം പോലുമല്ല, ശരിക്കുള്ള മലപ്പുറം മലയാളം. ഇതു ചോദിച്ചവരോടെല്ലാം കല്യാണി പ്രിയദർശൻ പറഞ്ഞു, ‘ഞാൻ പറയാൻ പരമാവധി ശ്രമിക്കും.ശരിയാകുമെന്നാണ് എന്റെ വിശ്വാസം. ’ കല്യാണിയുടെ മലയാളം കഷ്ടിയാണെന്നു കല്യാണിക്കുതന്നെ അറിയാം. ചെന്നൈയിലും അമേരിക്കയിലുമായി പഠിച്ചു വളർന്ന കുട്ടിയുടെ മലയാളം നന്നതല്ല എന്നു കുറ്റം പറയാനാകില്ല. ഇടപഴകുന്ന കൂട്ടുകാർ സംസാരിച്ചിരുന്നതും തമിഴും ഇംഗ്ലിഷുമാണ്. അതുകൊണ്ടു കല്യാണിയുടെ ഭാഷയും അതുപോലെയായിപ്പോയി.
വരനെ ആവശ്യമുണ്ടെന്ന സിനിമയുടെ കഥ പറഞ്ഞ ശേഷം സംവിധായകനായ അനൂപ് സത്യനുമായി ഏറെ സംസാരിച്ചു. അപ്പോഴാണു മലയാളം പഠിക്കേണ്ടതു അഭിനേതാവ് എന്ന നിലയിൽ അത്യാവശ്യമാണെന്നു എനിക്കു തോന്നിയത്. അങ്ങനെ മലയാളം പഠിക്കാൻ തീരുമാനിച്ചു. അനൂപിന്റെ അസോഷ്യേറ്റ് ഡയറക്ടർ ജിതിൻ നസീറായിരുന്നു അധ്യാപകൻ. അനൂപ് പ്രധാന അധ്യാപകനും. ഇടയ്ക്കിടെ അനൂപ് പരീക്ഷയിടും. മിക്കതിലും കല്യാണി തോൽക്കും. എഴുത്തും സംസാരവും പരീക്ഷിക്കും. കല്യാണി ശ്രമിച്ചുകൊണ്ടേയിരുന്നു. കൊറോണ കാലത്തെ പ്രധാന ജോലി മലയാളം എഴുതാനും വായിക്കാനും പഠിക്കുകയായിരുന്നു.
മനു സി കുമാർ എഴുതിയ ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന സിനിമയുടെ കഥ കല്യാണിക്ക് ഇഷ്ടമായി. അതിൽ മലപ്പുറം മലയാളത്തിൽ സംസാരിക്കുന്നൊരു ഫുട്ബോൾ കമന്റേറ്ററുടെ റോളാണ്. മനു ആദ്യമേ പറഞ്ഞതു കല്യാണിതന്നെ ഇതിനു ശബ്ദം നൽകണം. അതിനു നന്നായി മലപ്പുറം ശൈലി പഠിക്കണം.കല്യാണി പറഞ്ഞത് ‘ഞാൻ ഏറ്റു’ എന്നാണ്. മനുവിനോട് മിക്കവരും ചോദിച്ചത് അതു റിസ്കല്ലേ എന്നാണ്. മനുവിന്റെ ആ റിസ്കാണ് സിനിമയിലെ ഈ പാത്തു എന്ന ഈ കഥാപാത്രം.
∙കല്യാണിക്ക് അത്രയ്ക്കു ധൈര്യമുണ്ടോ.
ഈ പ്രായത്തിൽ ഈ സിനിമ ചെയ്യേണ്ടത് എന്റെ ആവശ്യമാണ്. മനു കുമാറിനു വേറെ അഭിനേതാവിനെ കിട്ടും. രണ്ടു വർഷം കഴിഞ്ഞു മലപ്പുറം മലയാളം പഠിച്ചിട്ടു ചെയ്യാമെന്നു പറഞ്ഞിട്ടു കാര്യമില്ല. മാത്രമല്ല ഈ കഥാപാത്രം തുടർച്ചയായി സംസാരിക്കുന്ന കുട്ടിയാണ്. അതുകൊണ്ടുതന്നെ ഞാനിതുവരെ ചെയ്ത എല്ലാ മലയാള സിനിമയുടെ കൂട്ടിയാൽ ഇരട്ടി ഡയലോഗ് ആദ്യ മണിക്കൂറിൽ മാത്രം പറയണം.അതുകൊണ്ടു എന്റെ ആവശ്യത്തിനും മോഹത്തിനുമായി ഞാൻ ആ ശൈലി പഠിക്കാൻ തീരുമാനിച്ചു.

∙ സഹായികൾ ഉണ്ടായിരുന്നോ.
സിനിമ ഷൂട്ടു ചെയ്ത മുക്കം കുന്നമംഗലം പ്രദേശത്തെ നാട്ടുകാരും സെറ്റിലെ ഓരോരുത്തരും എനിക്കു ഗുരുക്കന്മാരായി. അവരിൽ പലരുടേയും മനസ്സിൽ ഞാൻ ഇതുപോലുള്ള വേഷം ചെയ്തു നല്ല നടിയാകണമെന്ന ആഗ്രഹമുള്ളതുപോലെ തോന്നി. ഏതു കാര്യത്തിലും അവസരം തരുന്ന ഒരാളുണ്ടായാൽ എനിക്കു നന്നായി ചെയ്യാനാകുമെന്നു കുട്ടിക്കാലം മുതൽ വിശ്വസിച്ച ഒരാളായിരുന്നു ഞാൻ. പ്രിയദർശന്റെ മകൾ എന്ന നിലയിൽ മാത്രം എന്നെ പലരും വേഷം ചെയ്യാൻ വിളിക്കുമായിരിക്കും. എന്നാൽ അതല്ല എനിക്കു വേണ്ടതെന്നു ഞാൻ ആദ്യമേ വിശ്വസിച്ചിരുന്നു. മലബാർ ഭാഷയുടെ പ്രത്യേക ശൈലി പിടിച്ചെടുക്കുക എളുപ്പമായിരുന്നില്ല.പക്ഷേ, ഞാൻ പതുക്കെ അതിലേക്കു കടന്നു ചെയ്യുന്നു. കൂടെയുള്ളവർ നൽകുന്ന കരുത്തിൽ ജീവിക്കുന്ന പച്ച പിടിക്കാമെന്നു വിശ്വസിക്കുന്ന ഒരാളാണു ഞാൻ.

∙ട്യൂഷനുണ്ടായിരുന്നോ.
ഡബ്ബിങ് സമയത്തു സുരഭി ലക്ഷ്മി ചേച്ചി കൂടെ വന്നു നിന്നു. ചേച്ചി പല തരം ശൈലികളുടെ വിദഗ്ധയാണ്. ആദ്യ രണ്ടു ദിവസം ഞാൻ ഡബ്ബു ചെയ്തു കഴിഞ്ഞപ്പോൾ എനിക്കുതോന്നി ഞാൻ കാരണം ഇവർ പ്രയാസപ്പെടരുതെന്ന്. ഞാൻ മനുവിനോടു പറഞ്ഞു, എനിക്കിതു ചെയ്യാനാകും. പക്ഷേ സമയം എടുക്കും. നിങ്ങൾക്ക് പെട്ടെന്ന് ഇതു തീർക്കണമെങ്കിൽ എന്നെ വിട്ടേക്കുക. പക്ഷേ മനു പറഞ്ഞത് ഈ ശൈലിയിൽ കല്യാണി സംസാരിക്കുന്നതാണ് ഈ സിനിമയുടെ ഭംഗി എന്നാണ്.അത്രയേറെ എന്നെ വിശ്വസിക്കുന്ന ഒരാളുണ്ടായതുകൊണ്ടാണു ഞാനീ ശൈലിയിൽ സിനിമയിൽ മുഴുവൻ സംസാരിച്ചത്.

ഞാനിപ്പോൾ മലയാളം വായിക്കും. പലതിന്റേയും അർഥം അറിയില്ലെന്നു മാത്രം. ണ–ഞ –ര തുടങ്ങിയ ചില അക്ഷരങ്ങൾ ഇപ്പോഴും എനിക്കു പിടി തന്നിട്ടില്ല. മലബാറിലെ പെൺകുട്ടികളുടെ പ്രത്യേകത അവരുടെ ഭാഷാ ശൈലിയല്ല. അവരുടെ ശരീര ഭാഷതന്നെ വ്യത്യസ്ഥമാണ്. അവരുടെ മുഖമാണു സംസാരിക്കുക. ഒരു സെക്കന്റിൽ മുഖത്തു പത്തു ഭാവം വരും. പറയുന്നതിന്റെ പകുതിയേ ഭാഷയിലുണ്ടാകൂ. കൈകൾകൊണ്ടും കണ്ണുകൾ കൊണ്ടുമാണവർ മിക്ക കാര്യവും പറയുക. ശരീരംകൊണ്ടു മുഴുവനായാണ് അവർ കാര്യങ്ങൾ കമ്യൂണിക്കേറ്റ് ചെയ്യുക. പെരുമാറ്റത്തിലും ജീവിതത്തിലുമെല്ലാം അവർക്കൊരു താളവും ആഘോഷമുണ്ട്.‘മലപ്പുറത്തേയും കോഴിക്കോട്ടേയും കാസർക്കോട്ടേയും കണ്ണൂരിലേയുമെല്ലാം പെൺകുട്ട്യോളെ കണ്ടിക്കാ.... ’ എന്നൊരു പാട്ടില്ലെ. അതു സത്യമാണ്. അവരെ കേട്ടാൽ പോര. കാരണം. അവരുടെ ചന്തം ശരീരംകൊണ്ടുള്ള സംസാരമാണ്. അവർക്ക് എപ്പോഴും ഒരു ഊർജമുണ്ട്. അതെനിക്കു വലിയ ഇഷ്ടമായി. അതു കണ്ടു പഠിച്ച ഞാൻ ചെയ്തതു 90% ശരിയായിട്ടുണ്ടാകാം. ചിലപ്പോൾ കുറെ തെറ്റിക്കാണും. എന്നാലും ‘ശേഷം മൈക്കിൽ ഫാത്തിമ ’ എന്നതു ജീവിതത്തിലെ ലക്ഷ്യത്തെ സ്വപ്നം കണ്ടു ജീവിക്കുന്ന പെൺകുട്ടികളുടെ കഥയാണ്. ഞാനങ്ങിനെ ഒരു സ്വപ്നവുമായി ജീവിക്കുന്ന കുട്ടിയാണ്.’

ഇപ്പോഴും അനൂപ് ചേട്ടൻ മെസേജ് അയയ്ക്കുന്നതു മലയാളത്തിലാണ്. മലയാളം പഠിച്ചു തുടങ്ങി എന്നതു സിനിമ എനിക്കുതന്ന ഭാഗ്യമാണ്.ഞാനിപ്പോൾ ജയം രവിയുടെ തമിഴ് സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. മറ്റു ഭാഷയിലൊന്നും ഇപ്പോൾ അഭിനയിച്ചു തുടങ്ങിയിട്ടില്ല. കഥകൾ കേട്ടുകൊണ്ടിരിക്കുന്നു. കണ്ടാൽ ബോക്സിങ് താരമെന്നു തോന്നാത്ത എന്നെ ബോക്സിങ് താരമാക്കി ജോഷി സാർ സംവിധാനം ചെയ്ത ആന്റണി എന്ന ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.ജോഷി സാറിനെപ്പോലെ വലിയൊരു ആൾ എന്നെ വിശ്വസിച്ചു എന്നതാണു കാര്യം. ആ സിനിമയ്ക്കു ശേഷവും ഞാൻ ബോക്സിങ് പഠിച്ചുകൊണ്ടിരിക്കുന്നു. ഓരോ സിനിമയും എനിക്കു എന്തെങ്കിലും സമ്മാനിക്കും. അച്ഛന്റെ സുഹൃത്തുക്കളെ കണ്ട അസൂയ കൊണ്ടാണു ഞാൻ സിനിമയിലേക്കു വന്നത്. എനിക്കും ഇതുപോലെ സുഹൃത്തുക്കളെ വേണമെന്നാണു സിനിമയിലെത്തുമ്പോൾ ആഗ്രഹിച്ചത്. ഇപ്പോൾ എനിക്കു ചുറ്റും കുറെ സുഹൃത്തുക്കളുണ്ട്. അവർ എന്നെക്കൂടി ചേർത്തു നല്ല സിനിമകൾ ഉണ്ടാക്കുമെന്നു ഞാൻ സ്വപ്നം കാണുന്നു.