ADVERTISEMENT

‘ഞാൻ Vincy ആണ്’, വിൻസി അലോഷ്യസ്‍ മമ്മൂട്ടിക്കയച്ച ആദ്യ വാട്സാപ്പ് സന്ദേശമാണിത്. തിരിച്ചുള്ള മമ്മൂട്ടിയുടെ മറുപടി ‘Wincy Aloshious’. വിൻസി നോക്കിയപ്പോൾ സ്പെല്ലിങ്ങിൽ മാറ്റം! മമ്മൂട്ടി മനഃപൂർവം തെറ്റി അയച്ചതല്ലെന്ന് മനസ്സിലായി.  വിൻസിക്കൊരു സ്നേഹപിന്തുണ തന്നെയായിരുന്നു പേരിലെ ആ ‘തിരുത്ത്’. ആ സെക്കൻഡിൽ വിൻസി ഒരു തീരുമാനമെടുത്തു, ഇനി ഞാൻ അറിയപ്പെടുക വിൻ എന്ന പേരിലാകും. സി ആകും ഇനിഷ്യൽ. അങ്ങനെ വിൻസി അലോഷ്യസ് സ്വന്തം പേര് വിൻ സി. എന്നാക്കി. ഇൻസ്റ്റഗ്രാമിലും iam Win c എന്നു പേരു മാറ്റിയിട്ടുണ്ട്.

പേരിനു പിന്നിലെ വിജയം

പേരിന്റെ അർഥം അറിയാനുള്ള ആകാംക്ഷയും കുട്ടിക്കാലത്തേ ഉണ്ടായിരുന്നു. അസിൻ തോട്ടുങ്കൽ എന്നതുപോലുള്ള പേരൊക്കെ കേട്ടപ്പോൾ പ്രത്യേകിച്ചും. അസിൻ എന്നാൽ പാപം ചെയ്യാത്തവൾ എന്നാണ് അർഥം. എന്റെ അച്ഛന്റെ അമ്മ ഇട്ട പേരാണ് വിൻസി. പ്രത്യേകിച്ച് അർഥം നോക്കി ഇട്ടതൊന്നുമല്ല. ഞാനതിന് പല അർഥങ്ങളും കണ്ടുപിടിച്ചു. വിൻ എന്നാൽ വിജയം സി എന്നാൽ കാണുന്നത്, അപ്പോൾ വിജയം കാണുന്നവൾ. അല്ലെങ്കിൽ സീ എന്നാൽ കടൽ, അങ്ങനെയാകുമ്പോൾ വിജയക്കടൽ.

ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഈ പേര് ശക്തി പകർന്നു തന്നിട്ടുണ്ട്. ഉള്ളിൽ തോറ്റുപോയാലും ജയിച്ചു കയറിവരാൻ പ്രേരിപ്പിച്ചിരുന്നത് ഈ പേരാണ്. ഗൂഗിളിലൊക്കെ വിൻസിയുടെ മീനിങ് നോക്കുമ്പോൾ വിക്ടറി, വിജയം എന്നു കണ്ടു. ഏത് മേഖലയിൽപോയാലും വിജയം കൈവരിക്കുമെന്ന ഉറപ്പ് അന്ന് മുതൽ എന്റെ മനസ്സിലുണ്ടായിരുന്നു.

vincy-alosius-makeover
വിൻ സി.

മനസ്സിൽ കാണുന്നതുപോലെ മനോരമയിലും

സംസ്ഥാന ചലച്ചിത്ര പുരസ്കാരം കിട്ടിയപ്പോൾ മലയാള മനോരമയുടെ മലപ്പുറം എഡിഷനിൽ അച്ചടിച്ചു വന്ന തലക്കെട്ട് ‘WIN സി’ എന്നായിരുന്നു. ഞാൻ മനസ്സിൽ കാണുന്ന അതേ രീതിയിലായിരുന്നു അത്. പലരും ഫോൺ വിളിക്കുമ്പോഴും ‘വിൻ’ സി എന്നു പറയാറുണ്ട്.  അതേ സന്തോഷമായിരുന്നു മമ്മൂക്ക ആ മെസേജ് അയച്ചപ്പോഴും എനിക്ക് ലഭിച്ചത്.

vincy-alosius-mammootty

കണ്ണൂർ സ്ക്വാഡിന്റെ വിജയാഘോഷ പരിപാടിയിൽ പങ്കെടുത്ത കാര്യം മമ്മൂക്കയോട് പറയാൻ ആണ് വാട്സാപ്പിൽ മെസേജ് അയച്ചത്. ആ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നേരിൽ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് എന്നെ നേരിട്ട് അറിയില്ലെന്നാണ് വിചാരിച്ചിരുന്നത്.  സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിൽ അദ്ദേഹത്തിന് പങ്കെടുക്കാനും സാധിച്ചിരുന്നില്ല. അവാർഡ് ശിൽപവുമായി എന്നെങ്കിലും മമ്മൂക്കയുടെ അടുത്ത് പോകണം എന്ന ആഗ്രഹമുണ്ടായിരുന്നു. അക്കാര്യം കൂടിയാണ് ആ വാട്സാപ്പ് ശബ്ദസന്ദേശത്തിൽ ഞാൻ പറഞ്ഞത്. അതൊക്കെ കേട്ട ശേഷം അദ്ദേഹം തന്ന മറുപടിയാണ്  ‘Wincy Aloshious’.  അതൊരു വലിയ അംഗീകാരമായിരുന്നു. ഞാൻ എന്നെ എങ്ങനെ മനസ്സിൽ കാണുന്നുവോ അതുപോലെയാണ് അദ്ദേഹം എന്നെയും കണ്ടത്.

മാതാപിതാക്കൾക്കൊപ്പം ഫേസ് ഓഫ് ദ് ഫേസ്‌ലെസ് സിനിമയുടെ പ്രിവ്യൂ ഷോയിൽ വിൻസി അലോഷ്യസ്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ
മാതാപിതാക്കൾക്കൊപ്പം ഫേസ് ഓഫ് ദ് ഫേസ്‌ലസ് സിനിമയുടെ പ്രിവ്യു ഷോയിൽ വിൻ സി. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

ഇനി മുതൽ വിൻ സി.

തുടക്കം എന്റെ േപരിൽ വീട്ടുപേരുകൂടി ചേർത്ത് വിൻസി പി. അലോഷ്യസ് എന്നുണ്ടായിരുന്നു. വീട്ടുപേര് കട്ട് ചെയ്ത്, വിൻസി അലോഷ്യസ് ആക്കി. അപ്പനെ മാത്രമാക്കിയാൽ അമ്മ ഒറ്റയ്ക്കാകില്ലേ എന്ന് ഓർത്ത് അമ്മയുടെ പേരു കൂടി ചേർത്തു. അങ്ങനെ സോണി വിൻസി സോണി അലോഷ്യസ് ആയി. ഇനി ഇപ്പോൾ ഇവരൊയൊക്കെ തൽക്കാലം മാറ്റി, വിൻസി മാത്രമാക്കുകയാണ്. വിൻ എന്നാകും ഇനി മുതൽ ഞാൻ അറിയപ്പെടാൻ ആഗ്രഹിക്കുന്നത്. സി ഇനിഷ്യലും. അതായത് വിൻ സി. അഭിനയിക്കുന്ന സിനിമകളിലും പങ്കെടുക്കുന്ന പരിപാടികളിലും ഇനി ഈ പേരിൽ അറിയപ്പെടാനാണ് ഞാൻ  ആഗ്രഹിക്കുന്നത്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ‘നായികനായകനി’ലൂടെ പ്രേക്ഷകരുടെ പ്രിയ താരമായ നടിയാണ് വിൻസി അലോഷ്യസ്. 2019ൽ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ചിത്രത്തിലെ സീനത്ത് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് കനകം കാമിനി കലഹം, ജനഗണമന തുടങ്ങിയ ചിത്രങ്ങളിലൂടെ ചുവടുറപ്പിച്ചു. ‘രേഖ’ എന്ന സിനിമയിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com