ADVERTISEMENT

ആർഡിഎക്സ് ബോക്സോഫീസിലുണ്ടാക്കിയ സ്ഫോടനത്തിന്റെ മുഴക്കം ഇനിയും തീർന്നിട്ടില്ല. മൂന്നു യുവനായകരും ബാബു ആന്റണിയും തകർത്താടിയ സിനിമയിൽ ഹരിശങ്കർ എന്ന യുവനടൻ ശ്രദ്ധിക്കപ്പെട്ടത് ആർക്കും ചെകിടടച്ച് ഒന്നു പൊട്ടിക്കാൻ തോന്നിപ്പോകുന്ന അനസ് എന്ന ചൊറിയൻ യുവാവിനെ മനോഹരമായി അവതരിപ്പിച്ചാണ്. കൗമാരം മുതൽ സിനിമയുമായി പ്രണയത്തിലായ ഹരി നാടകവേദികളിലൂടെയാണ് തന്നിലെ അഭിനേതാവിനെ തേച്ചുമിനുക്കിയത്. അവസരം തേടിയുള്ള അലച്ചിലുകൾക്കും ഓഡിഷനുകൾക്കും ശേഷം ഏറെക്കഴിഞ്ഞാണ് ഹരിക്കു മുന്നിൽ സിനിമ വാതിൽ തുറന്നത്. ഒന്നുരണ്ടു ചെറിയ വേഷങ്ങൾക്കു പിന്നാലെ ജൂണിലെ രണ്ടു ഗെറ്റപ്പിലുള്ള വേഷം, കേരള ക്രൈംഫയൽസ് എന്ന സീരീസിലെ ക്യാരക്ടർ, ഇപ്പോൾ ആർഡിഎക്സിലെ വില്ലന്മാരിലൊരാൾ. അഭിനേതാവ് എന്ന നിലയിൽ ശ്രദ്ധിക്കപ്പെടുന്നതിന്റെ സന്തോഷം പങ്കുവച്ച് ഹരിശങ്കർ സംസാരിക്കുന്നു.

ചേട്ടനു പിന്നാലെ

സിനിമയോടുള്ള എന്റെ ഇഷ്ടം തുടങ്ങുന്നത് എന്റെ  ചേട്ടനിലൂടെയാണ്. സംവിധായകനാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സിനിമയുടെ മേക്കിങ്ങിനെയും സാങ്കേതിക വശങ്ങളെയും പറ്റിയൊക്കെ ധാരാളം സംസാരിക്കുമായിരുന്നു. അതൊക്കെ കേട്ട് എനിക്കും മുതിരുമ്പോൾ സംവിധായകനാകണം എന്നായിരുന്നു ആഗ്രഹം. പക്ഷേ പിന്നീടു ചേട്ടന്റെ ട്രാക്ക് മാറിപ്പോയി. പത്താം ക്ലാസിൽ വച്ച് ഞാൻ സ്കിറ്റുകളൊക്കെ ചെയ്തിരുന്നു. പ്ലസ് വൺ കാലത്ത് ഒരു നാടകമെഴുതി സംവിധാനം ചെയ്തതിന് സബ്ജില്ലയിൽ സമ്മാനം കിട്ടി. മികച്ച നടനുമായി. ചാലിയാർ സമരത്തെപ്പറ്റിയായിരുന്നു ആ നാടകം. അന്നും സിനിമ ഇഷ്ടമാണ്. പക്ഷേ അതങ്ങനെ ‘അസ്ഥിക്കു പിടിച്ചിരുന്നില്ല.’ പിന്നീട് ഡിഗ്രിക്കു പഠിക്കുമ്പോഴാണ് സിനിമയെയും അഭിനയത്തെയും ഗൗരവമായി കണ്ടുതുടങ്ങിയത്.

‘നടനാക്കിയ’ ഇയാഗോ

പന്തളം എൻഎസ്എസ് കോളജിൽ ബിഎ ഇംഗ്ലിഷായിരുന്നു പഠിച്ചത്. അവിടെ വച്ചാണ് നാടകവേദിയെപ്പറ്റിയും അഭിനയത്തെപ്പറ്റിയുമൊക്കെ ആഴത്തിൽ അറിഞ്ഞത്. കോളജിലെ ഡിപ്പാർട്ട്മെന്റ് ഫെസ്റ്റിൽ നാടകങ്ങൾ‌ നടക്കും. രഞ്ജിത് കൃഷ്ണൻ കെ.ആർ. തുടങ്ങിയ അധ്യാപകരുടെ നേതൃത്വത്തിൽ നാടകപ്രവർത്തനം അവിടെ സജീവമായിരുന്നു. ഞാൻ ഡിഗ്രിക്കു ചേർ‌ന്ന വർഷം അവിടെ അവതരിപ്പിക്കുന്നത് ഒഥല്ലോ ആണ്. എനിക്കും അതിലൊരു വേഷം കിട്ടി – റോഡ്രിഗോ‌. പിന്നീട്, ഇയാഗോയെ അവതിരിപ്പിക്കേണ്ടിയിരുന്ന നടന് എന്തോ അസൗകര്യം വന്നതിനാൽ‌ ആ കഥാപാത്രം എനിക്കു കിട്ടി. എനിക്ക് നെഗറ്റീവ് ഷെയ്ഡ് ക്യാരക്ടറുകൾ ചെയ്യാൻ പണ്ടേ ഇഷ്ടമാണ്. അതു നന്നായി വഴങ്ങുമെന്ന തോന്നലുണ്ട്. ആ നാടകത്തിന്റെ സന്തോഷം തരുന്ന ഒരോർമ, ഒഥല്ലോയുടെ ആദ്യ രംഗത്ത് ‘അയാം നോട്ട് വാട്ട് അയാം’ എന്നവസാനിക്കുന്ന ഡയലോഗ് ഞാൻ പറഞ്ഞുനിർത്തുമ്പോൾ‌ കോളജ് ഓഡിറ്റോറിയത്തിലുയർന്ന കയ്യടിയാണ്. ഒരു അഭിനേതാവാകണം എന്ന എന്റെ ആഗ്രഹത്തിന് ഊർജമായിരുന്നു ആ കയ്യടി. അതെന്നെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും കാതുകളിലുണ്ട് അതിന്റെ മുഴക്കം.

Harisankar-1

രണ്ടാംവർഷം ഗിരീഷ് കർണാടിന്റെ നാഗമണ്ഡലയാണ് ചെയ്തത്. അത് മറ്റൊരു അനുഭവമായിരുന്നു. അപ്പണ്ണ, നാഗ എന്നീ രണ്ടു സ്വത്വങ്ങളുള്ള കഥാപാത്രമാണ് എനിക്കു കിട്ടിയത്. ഫൈനൽ ഇയറിൽ ഗ്രീക്ക് ടാജ‍ഡിയായ ഈഡിപ്പസ് റെക്സ് ആണ് ചെയ്തത്. ഈ നാടകങ്ങൾ അഭിനയത്തെപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാടുകൾ മാറ്റി. നാടകത്തെയും സിനിമയെയും കൂടുതൽ‌ ഗൗരവത്തോടെ അറിയാൻ ശ്രമിച്ചു. ക്ലാസിക്കുകൾ അടക്കം ധാരാളം സിനിമകൾ കണ്ടു. അതിന്റെ ടെക്നിക്കൽ വശങ്ങൾ ശ്രദ്ധിക്കാനും പഠിക്കാനും തുടങ്ങി. സിനിമയോടുള്ള ഇഷ്ടം, ഒരു താൽപര്യം എന്നതിനപ്പുറം അഭിനിവേശം എന്നൊക്കെ പറയാവുന്ന തലത്തിലെത്തി. അപ്പോഴേക്കും അഭിനയത്തിലായിരുന്നു ശ്രദ്ധ. അഭിനേതാവാകണം എന്ന കടുത്ത ആഗ്രഹത്തിനു പിന്നാലെ യാത്ര തുടങ്ങിയത് അക്കാലത്താണ്. അതേസമയം, കോളജിലെ ആർട്സ് ഫെസ്റ്റിവലിലോ യൂണിവേഴ്സിറ്റി കലോൽസവങ്ങളിലോ പങ്കെടുത്തിട്ടില്ല. ഒരു മൽസരയിനമായി അഭിനയത്തെ കാണാൻ അന്നും ഇന്നും ഞാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് കാരണം. 

ഓഡിഷനുകളുടെ കാലം

ഡിഗ്രിക്കു പഠിക്കുമ്പോൾ 2015 ജൂലൈയിൽ കൊച്ചിയിലാണ് ആദ്യത്തെ ഓഡിഷനു പോയത്. ചില കൂട്ടുകാരും ഒപ്പം വന്നിരുന്നു. അതിനു ശേഷം ചെറുതും വലുതുമായ ഒരുപാട് ഓഡിഷനുകൾക്കു പോയിട്ടുണ്ട്. ഡിഗ്രി കഴിഞ്ഞ് ഒരു വർഷം തുടർച്ചയായി ഓഡിഷനുകളിൽ പങ്കെടുത്തു. അക്കാലത്ത് മറ്റൊന്നും ചെയ്തിരുന്നില്ല. നടനാകുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. കൊച്ചിയിലും തൃശൂരുമൊക്കെ അടുത്തടുത്ത ദിവസങ്ങളിലാവും ഓഡിഷനുകൾ. അവിടെയൊന്നും അന്ന് ആരെയും പരിചയമില്ല. താമസിക്കാനിടമില്ല, അതുകൊണ്ട് ദിവസവും പന്തളത്തുനിന്നു പോയിവരും. അവിടെയുള്ള സ്ഥലങ്ങളോ പോകാനുള്ള വഴിയോ ട്രെയിനുകളെപ്പറ്റിയോ അറിയില്ല, അന്നൊക്കെ വല്ലാതെ ബുദ്ധിമുട്ടിയിട്ടുണ്ട്. അങ്ങനെ പോയിപ്പോയി അതെല്ലാം പഠിച്ചു, പല സംവിധായകരെ കണ്ടു. ചില ഓഡിഷനുകളൊക്കെ തട്ടിപ്പായിരുന്നു. ഒരു വർ‌ഷത്തോളം അങ്ങനെ പോയിട്ടും എങ്ങുമെത്തുന്നില്ല എന്നു വന്നപ്പോഴാണ് പിടിച്ചുനിൽ‌ക്കാൻ ഒരു ജോലിക്കു പോകാമെന്നു തീരുമാനിച്ചത്. അപ്പോഴായിരുന്നു ജൂണിന്റെ ഓഡിഷൻ. അതിനു പോയി, കിട്ടി.

Harisankar-3

ജൂൺ

20 ദിവസത്തെ ക്യാംപിനു ശേഷമായിരുന്നു ജൂണിന്റെ ഷൂട്ടിങ്. സംവിധായകൻ അഹമ്മദിക്കയുടെ (അഹമ്മദ് കബീർ) ആദ്യ പടമായിരുന്നു ജൂൺ. അതിനു മുൻപ് രണ്ടു സിനിമകളിൽ എനിക്ക് ചെറിയ അവസരം കിട്ടിയിരുന്നു. ‘നോൺസെൻസി’ൽ ഒരു സീനിൽ‌ അഭിനയിച്ചു. ‘ട്രാൻസി’ൽ  ക്വയർ ഗ്രൂപ്പിൽ പാടുന്ന ഒരാളായിനിന്നു. പക്ഷേ ജൂണിലൂടെയാണ് എന്നെ പലരും ശ്രദ്ധിച്ചത്. 

ജൂണിനു ശേഷം കുറച്ചുകാലം എനിക്കു സിനിമയുണ്ടായിരുന്നില്ല. പിന്നീടാണ് അഹമ്മദിക്ക എന്നെ കേരള ക്രൈം ഫയൽസിലേക്കു വിളിക്കുന്നത്; ഇങ്ങനെയൊരു കഥാപാത്രമുണ്ട്, നീ ചെയ്താൽ‌ നന്നായിരിക്കും എന്നു പറഞ്ഞിരുന്നു. സ്ക്രീൻ ടെസ്റ്റൊന്നും ഉണ്ടായിരുന്നില്ല. ഓഡിഷനും രണ്ടു ദിവസത്തെ ക്യാംപുമുണ്ടായിരുന്നു. അതിൽ‌ ഞങ്ങളൊക്കെ പങ്കെടുത്തിരുന്നു. ഞാനതു നന്നായി ചെയ്യുമെന്ന കാര്യത്തിൽ എന്നെക്കാൾ വിശ്വാസം പുള്ളിക്ക് ഉണ്ടായിരുന്നെന്നു തോന്നിയിട്ടുണ്ട്. ആ കഥാപാത്രം ഇത്രയേറെ സ്വീകരിക്കപ്പെടുമെന്നോ ഡയലോഗ് ഹിറ്റാകുമെന്നോ ഞാൻ കരുതിയിരുന്നില്ല. ആ കഥാപാത്രത്തിന്റെ വിജയം സത്യത്തിൽ അഹമ്മദിക്കയ്ക്ക് എന്നിലുണ്ടായിരുന്ന വിശ്വാസത്തിന്റെ വിജയമാണ്. അഹമ്മദിക്കയുമായി ഒരു ആത്മബന്ധം തന്നെയുണ്ട്. ഞങ്ങളുടെ ഒരു മെന്ററെന്ന നിലയിലാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. 

Harisankar-2

അന്ന് ഇഷ്ടം താരങ്ങളെ, ഇന്ന് നടന്മാരെ

കുട്ടിക്കാലത്തൊക്കെ ഞാനും ഒരു താരാരാധകനായിരുന്നു. പിന്നീട് നാടകത്തിലെത്തി അഭിനയത്തെപ്പറ്റി കൂടുതൽ അറിഞ്ഞുതുടങ്ങിയപ്പോൾ താരങ്ങളെ നടന്മാരും നടിമാരുമൊക്കെയായി ശ്രദ്ധിച്ചുതുടങ്ങി. സിനിമ തലയ്ക്കു പിടിച്ച കാലത്ത് ക്ലാസിക്കുകൾ അടക്കം ധാരാളം സിനിമകൾ കണ്ടപ്പോഴാണ് അഭിനേതാക്കളെന്ന നിലയിൽ അവരുടെ വളർച്ചയും യാത്രയുമൊക്കെ മനസ്സിലാക്കാനും പഠിക്കാനും തുടങ്ങിയത്. 

harisankar-45
കേരള ക്രൈം ഫയൽസ് എന്ന സീരിയലിൽ നിന്നും

എല്ലാ മികച്ച അഭിനേതാക്കളും എന്നെ സ്വാധീനിക്കുകയും ആകർഷിക്കുകയും ചെയ്യുന്നുണ്ട്. മമ്മൂക്കയും ലാലേട്ടനും മുതൽ പുതിയ തലമുറയിലെ നടന്മാരോടു വരെ ആരാധനയുള്ളയാളാണ് ഞാൻ. അവരുടെ വർക്കുകൾ, അതു ചെയ്യുന്ന രീതിയൊക്കെ കാണുമ്പോൾ അതിശയം തോന്നും. മറ്റു ഭാഷകളിലെ മികച്ച അഭിനേതാക്കളുടെ സിനിമകളെല്ലാം കാണാറുണ്ട്. ഒരു പഠനമെന്ന രീതിയിലാണത്. ഹോളിവുഡിൽ ഡെൻസിൽ വാഷിങ്ടൻ മുതൽ ഡാനിയേൽ ഡേ ലൂയിസ് വരെയുള്ള നടന്മാരൊക്കെ അതിലുണ്ട്. അവർ ഓരോരുത്തർക്കും ഓരോ രീതിയാണല്ലോ. അഭിനയിക്കാൻ ആഗ്രഹമുള്ള ആളെന്ന നിലയിൽ, അതൊക്കെ ഒരു ലേണിങ് പ്രോസസാണ് എനിക്ക്.

എന്റെ സ്കൂൾ ഹൈസ്കൂൾ!

ഒരു രസകരമായ സംഭവമുണ്ട്. കുറച്ചുനാൾ മുൻപ് ഒരു മുതിർന്ന നടനെ പരിചയപ്പെടാൻ ചെന്നപ്പോൾ സംസാരത്തിനിടെ അദ്ദേഹം എന്നോട് ഏതു സ്കൂളാണ് എന്നു ചോദിച്ചു. ഞാൻ പെട്ടെന്ന് എന്റെ ഹൈസ്കൂളിന്റെ പേരാണു പറഞ്ഞത്. അദ്ദേഹം അതുകേട്ട് ചിരിച്ചിട്ടു പോയി. പിന്നെയാണ് എനിക്കു തോന്നിയത്, അദ്ദേഹം ചോദിച്ചത് ഞാൻ ഏത് ആക്ടിങ് സ്കൂളിൽനിന്നാണ് എന്നാണ്. എനിക്കത് അപ്പോൾ മനസ്സിലായിരുന്നില്ല.

ജൂണിന്റെ സമയത്ത് സിദ്ധാർഥ് ശിവ സാറിന്റെ വർക്‌ഷോപ്പുണ്ടായിരുന്നു. അത് ആ സിനിമയുമായി ബന്ധപ്പെട്ടതായിരുന്നു. കേരള ക്രൈം ഫയൽസിനു മുൻപ് രണ്ടുമൂന്നു ദിവസത്തെ വർക്‌ഷോപ്പുണ്ടായിരുന്നു. അതൊക്കെയല്ലാതെ ഞാനിതുവരെ ആക്ടിങ് സ്കൂളുകളിലോ ഇൻസ്റ്റിറ്റ്യൂട്ടുകളിലോ പോയിട്ടില്ല. ലൊക്കേഷനിലൊക്കെവച്ച് കൂട്ടംകൂടിയിരിക്കുമ്പോൾ, കൂടെയുള്ളവരൊക്കെ അത്തരം ആക്ടിങ് സ്കൂളുകളിലൊക്കെ പോയിട്ടുള്ളവരോ ട്രെയിനിങ് സെഷനുകളിൽ പങ്കെടുത്തിട്ടുള്ളവരോ ആണ്. പലപ്പോഴും ഞാൻ മാത്രമേ അങ്ങനെയല്ലാതെ ഉണ്ടാകൂ. ഡൽഹി നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേരണമെന്ന് എനിക്കു വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അന്ന് അതിനുള്ള സാഹചര്യമുണ്ടായിരുന്നില്ല. എന്നാലും ഇപ്പോഴും എനിക്ക് ആ ആഗ്രഹമുണ്ട്. ഇപ്പോൾ എന്റെ കാഴ്ചപ്പാട്, ഒരു ആക്ടിങ് സ്കൂളിൽ പോകുക എന്നതിനപ്പുറം എന്നിലെ നടനെ കൂടുതൽ ട്രെയിൻ ചെയ്യാനും എക്സ്പ്ലോർ ചെയ്യാനും എനിക്കു തന്നെ കഴിയണം എന്നതാണ്. ഈ കാഴ്ചപ്പാട് തെറ്റാണോ എന്നെനിക്കറിയില്ല. പക്ഷേ ഞാനിപ്പോൾ അതിലൂടെയാണ് പോകുന്നത്. അത് തെറ്റാണെന്നു തോന്നിയാൽ, എന്റെ അറിവു പരിമിതമാണെന്നു തോന്നിയാൽ നാളെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ പോയ്ക്കൂടാ എന്നില്ല.  

harisankar-rdx

ആർ‌ഡിഎക്സിലേക്ക്

ആർഡിഎക്സിന്റെ സംവിധായകൻ നഹാസ് ചേട്ടൻ, തിരക്കഥാകൃത്തുക്കളായ ഷഹബാസ് ചേട്ടൻ, ആദർശ് ചേട്ടൻ എന്നിവരുമായി എനിക്കു നാലുവർഷത്തെ പരിചയമുണ്ട്. അവരുടെ ആദ്യ സിനിമയായ ‘ആരവ’ത്തിൽ ഞാനും വർക്ക് ചെയ്തിട്ടുണ്ട്. അങ്ങനെയാണ് അവരുമായി അടുപ്പമുണ്ടായത്. പക്ഷേ ആ പടം നടന്നില്ല. ആ അടുപ്പത്തിലൂടെയാണ് ഞാൻ ആർ‌ഡിഎക്സിലേക്കെത്തുന്നത്. അതിന്റെ കഥയെപ്പറ്റി കേട്ടപ്പോൾത്തന്നെ എനിക്ക് അതിലഭിനയിക്കണമെന്ന് ആഗ്രഹം തോന്നിയിരുന്നു. അനസ് എന്ന കഥാപാത്രത്തെ എനിക്കു ചെയ്യാനാകുമെന്ന് നഹാസ് ചേട്ടനും മറ്റും തോന്നിയിട്ടാവണം, എനിക്ക് ഓഡിഷനോ സ്ക്രീൻ‌ ടെസ്റ്റോ നടത്തിയിട്ടില്ല. എന്നെ വിളിച്ച്, ഇങ്ങനെയൊരു ക്യാരക്ടറുണ്ട്, നിനക്കു ചെയ്യാമോ എന്നു ചോദിക്കുകയായിരുന്നു. ആ സിനിമയും കഥാപാത്രവും നന്നായി വന്നു എന്നതിൽ വളരെ സന്തോഷമുണ്ട്. 

harisankar-actor

ചൊറിയൻ അനസ്

അനസിനെ അവതരിപ്പിക്കാൻ‌ കുറച്ചു മെലിയണമെന്ന് നഹാസ് ചേട്ടൻ പറഞ്ഞിരുന്നു. അതല്ലാതെ മറ്റു തയാറെടുപ്പുകളൊന്നും വേണ്ടിവന്നിരുന്നില്ല. ഞാൻ സിഗരറ്റ് വലിക്കാത്തയാളാണ്, പക്ഷേ കേരള ക്രൈംഫയൽസിനു വേണ്ടി സിഗരറ്റ് വലിക്കാൻ പഠിച്ചിരുന്നു. അത് ആർഡിഎക്സിന്റെ സമയത്ത് പ്രയോജനപ്പെട്ടു, ഫൈറ്റ് ചെയ്യാനായി സിനിമയ്ക്കു മുൻപ് തയാറെടുപ്പൊന്നും ഉണ്ടായിരുന്നില്ല. ഒരു പുഷ് അപ് പോലും എടുക്കാതെയാണ് ഞാൻ ഷൂട്ടിങ്ങിനു പോയത്. പക്ഷേ അതുകൊണ്ട് വലിയ ബുദ്ധിമുട്ടും ഉണ്ടായില്ല, പക്ഷേ ആദ്യമായി ആക്‌ഷൻ‍ സീനിൽ വർക്ക് ചെയ്യുമ്പോൾ ഒരു സ്റ്റാർട്ടിങ് ട്രബിളുണ്ടായിരുന്നു. എങ്ങനെ റിയാക്‌ഷൻ കൊടുക്കണം എന്നൊക്കെ കൃത്യമായി അറിയില്ലല്ലോ. അൻപറിവ് മാസ്റ്റേഴ്സ് അതു പറഞ്ഞുതന്നു. എങ്കിലും അതു ശരിയാകാൻ രണ്ടുദിവസമെടുത്തു. നല്ല ശാരീരികാധ്വാനം വേണ്ടിവന്നെങ്കിലും അതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ലെന്നു മാത്രമല്ല ആസ്വദിക്കുകയും ചെയ്തു. കഥാപാത്രത്തെപ്പറ്റി നഹാസ് ചേട്ടനും എഴുത്തുകാരും വിശദമായി പറഞ്ഞുതന്നിരുന്നു. അതല്ലാതെ റഫറൻസ് ഒന്നും തന്നിരുന്നില്ല. 

പുതിയ പടങ്ങൾ

ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് കിസ്മത്തിന്റെയും തൊട്ടപ്പന്റെയും സംവിധായകൻ ഷാനവാസ് കെ.ബാവക്കുട്ടി സാറിന്റെ പുതിയ സിനിമയാണ്. രഘുനാഥ് പലേരി സാറാണ് തിരക്കഥ. ഹക്കിം ഷായാണ് നായകൻ. മനോഹരമായ ഒരു ഫാന്റസി സിനിമയാണത്. എനിക്കു നല്ലൊരു കഥാപാത്രമാണ് കിട്ടിയിട്ടുള്ളത്. കേരള ക്രൈം ഫയൽസ് പുറത്തിറങ്ങി രണ്ടാം ദിവസമാണ് എനിക്ക് ആ സിനിമയിലേക്കു വിളി വന്നത്. മറ്റു ചില സിനിമകളുടെ ചർച്ചകൾ നടക്കുന്നുണ്ട്. 

harisankar-3
സംവിധായകന്‍ അഹമ്മദ് കബീറിനൊപ്പം

നടനായി തിരിച്ചറിയുമ്പോൾ

ജൂൺ ഇറങ്ങിയ ശേഷമാണ് ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. അതു വലിയ സന്തോഷമായിരുന്നു. ഇപ്പോൾ പോലും ചിലർ വന്നു പരിചയപ്പെടുന്നത് ജൂണിലെ പയ്യനല്ലേ എന്നു ചോദിച്ചാണ്. നമ്മുടെ വർക്ക് തിരിച്ചറിയപ്പെടുക, ഒരു അഭിനേതാവ് എന്ന നിലയിൽ നമ്മളെ തിരിച്ചറിയുക എന്നതൊക്കെ വലിയ സ്വപ്നമായിരുന്നു. അതു സംഭവിക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. കേരള ക്രൈംഫയൽസിലും ആർഡിഎക്സിലും കിട്ടിയ കഥാപാത്രങ്ങളും അത്തരത്തിലുള്ളതായിരുന്നു. അങ്ങനെ തിരിച്ചറിയപ്പെടുന്ന വേഷങ്ങൾ ഇനിയും കിട്ടണമെന്നാണ് ആഗ്രഹവും പ്രാർഥനയും.

English Summary:

Chat with actor Harisankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com