കെഎസ്ആർടിസി സ്റ്റാൻഡിന്റെ ദുരിതം പറഞ്ഞ ആ യുവ നടൻ; ഏഞ്ചൽ മോഹൻ അഭിമുഖം

Mail This Article
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ മാധ്യമങ്ങൾക്കു മുന്നിൽ തുറന്നുകാണിച്ച വ്യക്തിയാണ് ഏഞ്ചൽ മോഹൻ. ‘എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന് ശാപമോക്ഷം വേണ്ടേ, ഒരു സാധാരണക്കാരന്റെ പ്രതികരണം’ എന്ന രീതിയിൽ പ്രചരിച്ച വിഡിയോ ഏറെ ചർച്ചയായിരുന്നു. എന്തൊക്കെയാണ് ഇവിടെ മാറേണ്ടതെന്ന് കൃത്യമായി തുറന്നുകാട്ടിയ ആ യുവാവ് ആരെന്നായിരുന്നു പിന്നീടുള്ള സംശയം. ദിലീപ് നായകനാകുന്ന ‘തങ്കമണി’ എന്ന സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്ന ഏഞ്ചൽ മോഹൻ ആണ് ഈ യുവാവ് എന്നത് അധികമാരും അറിഞ്ഞില്ല. ബ്രിട്ടിഷ് എയർവേയ്സിൽ കാബിൻ ക്രൂ ആയിരുന്ന ഏഞ്ചൽ മോഹൻ സിനിമയോടുള്ള ഇഷ്ടം കൊണ്ട് ജോലി ഉപേക്ഷിച്ചതാണ്. തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ ഏഞ്ചൽ അഭിനയിച്ചിട്ടുണ്ട്. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ താൻ മുൻപും ഇടപെട്ടിട്ടുണ്ടെന്ന് ഏഞ്ചൽ മോഹൻ പറയുന്നു. പ്രസ് മീറ്റ് നടത്തി വിഷയം അവതരിപ്പിച്ചിട്ടും ഇതുവരെയും നടപടി ഒന്നും ഉണ്ടായില്ലെന്നും ഇനി പൊതുജനങ്ങൾ തന്നെ മുന്നോട്ടിറങ്ങണം എന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ഏഞ്ചൽ മോഹൻ പറയുന്നു.
സിനിമയോടുള്ള ഇഷ്ടം കൊണ്ട് ജോലി ഉപേക്ഷിച്ചു
ഞാൻ ഒരു അയാട്ടാ ഗ്രാജ്വേറ്റ് ആണ്. പഠനം കഴിഞ്ഞ് ബെംഗളൂരുവിൽ ബ്രിട്ടിഷ് എയർവെയ്‌സിൽ ക്യാബിൻ ക്രൂ ആയിരുന്നു. പിന്നെ എക്പീഡിയയ്ക്ക് വേണ്ടി ജോലി ചെയ്തിട്ടുണ്ട്. കുറച്ചു നാൾ ദുബായിൽ ആയിരുന്നു. സിനിമയോടുള്ള താൽപര്യം കൊണ്ട് ജോലി മതിയാക്കി തിരിച്ചു വരികയായിരുന്നു. ‘ക്ലാസ്മേറ്റ്സ്’ എന്ന സിനിമ ഞാൻ പഠിച്ച കോളജിൽ എന്റെ ക്ലാസ്സിൽ വച്ചാണ് ചെയ്തത്. അന്ന് ആ സിനിമയിൽ ഒരു ചെറിയ ഭാഗമാകാൻ കഴിഞ്ഞു. മിന്നായം പോലെയേ ഉള്ളെങ്കിലും ആദ്യമായി ക്യാമറയുടെ മുന്നിൽ വരുന്നത് അങ്ങനെയാണ്. സിനിമയോടുള്ള ഇഷ്ടം അതോടെ കൂടുകയായിരുന്നു.
ദിലീപിനൊപ്പം തങ്കമണിയിൽ
സന്ദീപ് സംവിധാനം ചെയ്ത ‘കുന്തം’ എന്ന ചിത്രത്തിലാണ് ഞാൻ ആദ്യമായി നായകവേഷം ചെയ്‌തത്. അരുൺ രാജ് പൂത്തണൽ സംവിധാനം ചെയ്ത റീക്രിയേറ്റർ, സന്ദീപ് അജിത്കുമാറിന്റെ ക്രൗര്യം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ശൂലം, വാരാണസി തുടങ്ങിയ തമിഴ് ചിത്രങ്ങളും ചെയ്തിട്ടുണ്ട്. ഇപ്പോൾ ദിലീപ് നായകനാകുന്ന തങ്കമണിയിൽ അഭിനയിച്ചു. പതിമൂന്നാം തിരുവിഴ എന്ന തമിഴ് ചിത്രം റിലീസ് ചെയ്യാൻ പോകുന്നു.

എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന്റെ അവസ്ഥ പരിതാപകരം
കാർ ഉണ്ടെങ്കിലും കൂടുതലും ട്രെയിനിലും ബസിലും ആണ് യാത്ര ചെയ്യാറുള്ളത്. സിനിമയിൽ അഭിനയിക്കാനും പ്രൊമോഷന്റെ കാര്യത്തിനും സ്ഥിരമായി എറണാകുളത്ത് വന്നുപോകുന്ന ആളാണ് ഞാൻ. പല തവണ വന്നപ്പോഴും എറണാകുളത്തിന്റെ അവസ്ഥ ഇതു തന്നെ. ഓട്ടോയിൽനിന്ന് മുട്ടൊപ്പം വെള്ളത്തിലാണ് സ്റ്റാൻഡിലേക്ക് ഇറങ്ങിയത്. അകത്ത് കയറിയപ്പോൾ അരയ്ക്കൊപ്പം വെള്ളമുണ്ട്. കുട്ടികളും മുതിർന്നവരും രോഗികളും ഉൾപ്പടെ ഒരുപാടുപേര് അതിനകത്തുണ്ട്. എങ്ങോട്ട് ഓടി ഒളിക്കും. അരമണിക്കൂർ ആ വെള്ളത്തിൽ നിന്നിട്ടാണ് ബസ് വന്നത്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന സ്റ്റാൻഡിൽ പല അടിപൊളി പരസ്യങ്ങൾ ഒട്ടിച്ചു വച്ചിരിക്കുകയാണ്. വീടുകളിൽ ഭംഗിയാക്കാൻ വാൾ പേപ്പർ ഒട്ടിക്കില്ലേ, അതുപോലെ എനിക്കിതു കണ്ട് കൗതുകം ആണ് തോന്നിയത്.
ഈ മലിന വെള്ളത്തിൽ നിന്നിട്ട് എന്റെ കാലിൽ ഒരാഴ്ച ചൊറിച്ചിൽ ആയിരുന്നു. അപ്പോൾ ഇവിടെ ദിവസവും വന്നുപോകുന്നവരുടെ അവസ്ഥ എന്തായിരിക്കും. ശരിക്കും മനുഷ്യാവകാശ ലംഘനം ആണ് അവിടെ നടക്കുന്നത്. ഞാൻ എടുത്ത വിഡിയോ ഒരു ട്രോള്‍ പോലെ എന്റെ പേജിൽ ഇട്ടു. അത് ഒരുപാടു പേര് കണ്ടിട്ട് കമന്റിടുകയും എന്റെ നമ്പർ ചോദിച്ചു വിളിക്കുകയും ചെയ്തു. അവിടെയുള്ള ഓട്ടോറിക്ഷ തൊഴിലാളികളും സാധാരണക്കാരും കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്നവരും വരെ എന്നെ വിളിച്ച് ഇതേപ്പറ്റി സംസാരിച്ചു. അതിൽ നിന്നാണ് ഇതൊന്ന് റിപ്പോർട്ട് ചെയ്യണം എന്ന് എനിക്ക് തോന്നിയത്. ഞാൻ വീണ്ടും വന്നപ്പോഴുള്ള അവസ്ഥ പഴയതിലും പരിതാപകരമായിരുന്നു. അങ്ങനെയാണ് ഇതെല്ലം മാധ്യമങ്ങളുടെ മുന്നിൽ അവതരിപ്പിക്കാം എന്ന് തീരുമാനിച്ചത്.

അധികാരികൾ രേഖാമൂലം എഴുതിത്തരട്ടെ
അധികാരപ്പെട്ടവരുടെ മുന്നിൽ നമുക്ക് പറയാനുള്ളത് എത്തിയാൽ അതിനു വില ഉണ്ടാകും എന്ന് കരുതി. എനിക്കു പറയാനുള്ള കാര്യം ആളുകളെ കാണിക്കുക എന്നതല്ല, ഈ പ്രശ്‌നത്തിന് ഒരു പരിഹാരം വേണം എന്നുള്ള നിലയിലാണ് ഞാൻ ഇടപെട്ടത്. ഒരുപാട് ആളുകൾ പരാതിപ്പെട്ടിട്ടും പ്രയോജനം ഉണ്ടായിട്ടില്ല. പലരും അയച്ച പരാതിയുടെ കോപ്പി എന്റെ കയ്യിലുണ്ട്. അതുകൊണ്ട് ഇനിയും പരാതി കൊടുത്തിട്ട് കാര്യമില്ല. അതുകൊണ്ടാണ് ഇത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യട്ടെ എന്ന് കരുതി ഞാൻ പ്രസ് മീറ്റ് നടത്തിയത്. പക്ഷേ നിർഭാഗ്യവശാൽ ഒരു മീഡിയ പോലും ഇത് റിപ്പോർട്ട് ചെയ്‌തില്ല. എന്റെ പ്രൊഫൈലിൽ ഞാൻ പോസ്റ്റ് ചെയ്തിട്ടാണ് ഇത് പൊതുജനങ്ങളിലേക്ക് എത്തിയത്. മാധ്യമങ്ങൾ നിരുത്തരവാദപരമായാണ് പെരുമാറിയത്. എന്തിനും സമരം ചെയ്യാൻ ചെറുപ്പം മുതൽ പഠിപ്പിക്കാറുണ്ട്. സമരം ചെയ്‌താൽ ക്രമസമാധാന നില തകരാറിലാകും എന്നല്ലാതെ ഒന്നും സംഭവിക്കില്ല. ഇത് ആരാണോ ചെയ്യേണ്ടത്, അവർ ഇതിനൊരു പരിഹാരം കാണുക, അല്ലെങ്കിൽ അതിനു കഴിയാത്തതിന്റെ കാരണം എനിക്ക് രേഖാമൂലം തരികയാണെങ്കിൽ ഞാൻ ഇത് ചെയ്യാം എന്ന ഓഫർ ആണ് ഞാൻ കൊടുത്തത്.

ഉത്തരവാദിത്തപ്പെട്ടവർ ബന്ധപ്പെട്ടില്ല
ഞാൻ ഇട്ട പോസ്റ്റ് 30 ലക്ഷം ആളുകൾ ഫെയ്സ്ബുക്കിലൂടെ കണ്ടു. അവർ എനിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതിന് എന്തെങ്കിലും പരിഹാരം കാണണം എന്നുള്ള കമന്റുകളാണ് വന്നത് കൂടുതൽ പേരും ഈ പ്രശ്നം നേരിട്ട് അനുഭവിക്കുന്നതാണ്. അല്ലാതെ ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ട ഉത്തരവാദിത്തപ്പെട്ട ആരും എന്നെ ബന്ധപ്പെടുകയോ എന്തെങ്കിലും ഒരു കാര്യം ചെയ്യുകയോ ചെയ്തിട്ടില്ല. ഞാൻ പറഞ്ഞ കാര്യത്തിന് ഇപ്പോഴും ഒരു പരിഹാരവും ഉണ്ടായിട്ടില്ല.

ജനങ്ങൾ ആണ് ഹീറോ
ജനങ്ങൾ അവരുടെ വില മനസ്സിലാക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. അവർ വോട്ട് ചെയ്തു വിടുന്ന ജനപ്രതിനിധികളും നമ്മുടെ നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങി ജീവിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുമാണ് നമ്മുടെ നാട്ടിൽ ഉള്ളത്. ഗവൺമെന്റ് സെർവന്റ് എന്നാണ് അവരെ പറയുന്നത്. ജനങ്ങളെ സേവിക്കാനാണ് അവർ അവിടെ ഇരിക്കുന്നത്. നമ്മൾ അവരുടെ മുന്നിൽ പോയി സർ എന്ന് വിളിച്ച് ഓച്ഛാനിച്ചു നിൽക്കേണ്ടവരല്ല. ഇവർ എന്തോ വലിയ ആൾക്കാരാണ് എന്ന തോന്നൽ ആണ്. സാധാരണക്കാരെ അടിച്ചമർത്തി ജീവിക്കുകയാണ്. സർക്കാർ ഓഫിസിൽ ചെന്ന് അവരെ പേര് വിളിച്ച് 'എന്തായി എന്റെ അപേക്ഷ' എന്ന് ചോദിക്കണം. ഒരു ദിവസം അഞ്ഞൂറും ആയിരവും രൂപയ്ക്ക് പണിയെടുക്കുന്ന സാധാരണ ജനങ്ങളാണ് യഥാർഥ ഹീറോസ്. അവരുടെ ശക്തി അവർ മനസ്സിലാക്കണം പ്രതികരിച്ചു തുടങ്ങണം. ജനപ്രതിനിധികൾ ലേറ്റസ്റ്റ് മോഡൽ എസി ഇന്നോവയിൽ യാത്ര ചെയ്യുമ്പോൾ പൊതുജനങ്ങൾ ഇങ്ങനെ കഷ്ടപ്പെടുകയാണ്. ഞാൻ ഒരു പാർട്ടിയെ കുറ്റപ്പെടുത്തുന്നതല്ല എല്ലാവരും ഇങ്ങനെ തന്നെയാണ്. സാധാരണ ജനങ്ങൾ ആണ് ഇതിനു അവസരം ഒരുക്കി കൊടുക്കുന്നത്. വോട്ട് ചെയ്തു ജയിപ്പിച്ച ജനങ്ങൾ പ്രതികരിച്ചു തുടങ്ങണം. എന്നാലേ മാറ്റങ്ങൾ ഉണ്ടാകൂ.

കൽപ്പറ്റ ബൈപാസിനു വേണ്ടി പ്രതികരിച്ചിരുന്നു
ഞാൻ സാമൂഹിക വിഷയങ്ങളിൽ എന്നെക്കൊണ്ട് പറ്റുന്നതുപോലെ പ്രതികരിക്കുന്ന ആളാണ് അത് എന്റെ ഫെയ്സ്ബുക് പ്രൊഫൈൽ നോക്കിയാൽ മനസ്സിലാകും. വയനാട്ടിലെ കൽപറ്റ ആണ് എന്റെ സ്ഥലം. അവിടെ ആകെ ഒരേയൊരു ബൈപാസ് ആണ് ഉള്ളത്. അത് നായനാർ സർക്കാരിന്റെ കാലത്ത് പാസ് ആക്കിയതാണ്. ഒരു വർഷം മുൻപ് വരെ അത് പണിയാതെ റോഡ് അങ്ങനെ തന്നെ കിടക്കുകയാണ്. അവിടെ അപകട മേഖലയാണ്, റോഡ് അപകടങ്ങളിൽ മൂന്ന് മരണങ്ങൾ നടന്നിട്ടുണ്ട്. ഒന്നുരണ്ടു അപകടങ്ങൾ എന്റെ മുന്നിൽത്തന്നെ നടന്നപ്പോൾ ഞാൻ അതിനെതിരെ പ്രതികരിക്കാൻ തീരുമാനിച്ചു. ഞാൻ അന്ന് റോഡിൽ മൂന്ന് ദിവസം നിരാഹാര സത്യാഗ്രഹം ഇരുന്നു. തലകറങ്ങി വീണ എന്നെ ആളുകൾ ആശുപത്രിയിൽ ആക്കി. അവിടെ നിന്ന് ഇറങ്ങി ഞാൻ അതേ സ്ഥലത്തു തന്നെ തിരിച്ചുവന്നു. അപ്പോൾ കണ്ടത് അധികാരികൾ ആ റോഡ് ടാർ ചെയ്യുന്നതാണ്. ഇതുപോലെ പല കാര്യങ്ങളിലും ഞാൻ പ്രതികരിച്ചിട്ടുണ്ട്. സാധാരണ ജനങ്ങൾ അവരുടെ ശക്തി മനസ്സിലാക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന്റെ കാര്യത്തിലും അധികൃതർ നടപടി എടുക്കും എന്നാണ് എന്റെ വിശ്വാസം.