ADVERTISEMENT

ഒരുപാടു സ്വപ്നങ്ങൾക്കൊടുവിലാണു മനുഷ്യർ സിനിമയിലെത്തുന്നത്. അതിനു ശേഷവും സ്വപ്നം പോലെ ജീവിക്കാനും സന്തോഷമായിരിക്കാനും സാധിക്കുന്നവർ വിരളമാണ്. അത്തരമൊരാളാണ് ടൊവിനോ തോമസ്. ഡോ. ബിജുവിന്റെ ഏറ്റവും പുതിയ സിനിമ ‘അദൃശ്യ ജാലകങ്ങൾ’  27-ാമത് ടാലിൻ ബ്ലാക്ക് നൈറ്റ്‌സിൽ പ്രദർശിപ്പിച്ചുകഴിഞ്ഞു. ഇനിയും ഒട്ടേറെ പുരസ്കാര പ്രതീക്ഷയിലാണ് അണിയറക്കാർ. സിനിമയും തുടർ പദ്ധതികളും മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് ഡോ.ബിജുവും ടൊവിനോയും.

ആഹാ, ടൊവിനോയുടെ സ്ക്രിപ്റ്റ് സിലക്‌ഷൻ 

ടൊവിനോ: സ്ക്രിപ്റ്റ് കേട്ടു കഴിഞ്ഞാൽ രണ്ടു ദിവസം സമയമെടുത്ത് ആലോചിച്ചാണു മറുപടി പറയാറ്. എന്നിട്ടും തീരുമാനങ്ങൾ തെറ്റിയിട്ടുണ്ട്. ‘അദൃശ്യ ജാലകങ്ങൾ’ ചെയ്യുന്ന സമയത്ത് കുറെ കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. സാധാരണ സിനിമകളുടെ ഷൂട്ടിങ്ങിൽ കുറെ കട്ടുകളുണ്ടാകും. അഭിനയത്തിന്റെ കണ്ടിന്യൂയിറ്റിയെപ്പറ്റി ചിന്തിക്കേണ്ട കാര്യമില്ല. എന്നാൽ അതുപോലെയേ അല്ല ഈ സിനിമ ചെയ്തത്. ഒരു ദിവസം ഒന്നോ രണ്ടോ  ഷോട്ടുകളൊക്കെയാകും ചിത്രീകരിക്കുക. അതിൽ മണിക്കൂറുകളോളം കഥാപാത്രത്തെ ഉൾക്കൊണ്ടു നിൽക്കേണ്ടി വരാറുണ്ട്. ഞാൻ കൂടുതലും കമേഴ്സ്യൽ സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ള ആളാണ്. നാടക പശ്ചാത്തലമൊന്നുമില്ല. പക്ഷേ ഈ രീതി പിന്നീടു ഞാൻ ചെയ്യുന്ന സിനിമകളിൽ ഗുണം ചെയ്യുമെന്നു തോന്നിയിട്ടുണ്ട്.

അദൃശ്യ ജാലകങ്ങൾ അഥവാ ഡോ. ബിജു സിനിമ 

ഡോ.ബിജു:  പറയുന്ന വിഷയത്തിന് സാർവലൗകികതയുണ്ട്. സാങ്കൽപികമായൊരു ലോകത്താണ് ഈ സിനിമ പ്ലെയ്സ് ചെയ്തിരിക്കുന്നത്. അതു കേരളത്തിലാവാം. റഷ്യയിലാവാം അല്ലെങ്കിൽ യുക്രെയ്നിൽ ആകാം. ഇറാനിലോ ഗാസയിലോ പലസ്തീനിലോ എവിടെയും ആവാം. ആ ഒരു യൂണിവേഴ്സാലിറ്റിയാണ് ഈ ഒരു സിനിമയുടെ പ്രത്യേകത.

ടൊവിനോ: ഇതൊരു ഡോ. ബിജു സിനിമ തന്നെയാണ്. എന്റെ വീടിനടുത്താണ് സംവിധായകൻ മോഹൻ സർ. സിനിമാ മോഹവുമായി നടക്കുന്ന കാലത്ത് ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ചെന്നപ്പോൾ ആദ്യം സജസ്റ്റ് ചെയ്തത് ഐഫ്എഫ്കെയിൽ പോയി സിനിമ കാണാനാണ്. അവിടെ പോയി ഏതെങ്കിലും രീതിയിൽ കോണ്ടാക്റ്റ്സ് ഉണ്ടാക്കണം, ശ്രദ്ധിക്കപ്പെടണം എന്നു മാത്രമാണ് അന്നു ഞാൻ കരുതിയിരുന്നത് . 

അതിനു മുൻപ് വരെ ഞാൻ സോ കോൾഡ് അവാർഡ് സിനിമകൾ അങ്ങനെ കണ്ടിട്ടില്ല. അക്കാലത്ത് ഈ അവാർഡ് പടങ്ങൾ ലാഗാണ് എന്ന് തന്നെയാണു ഞാനും ചിന്തിച്ചിരുന്നത്. പക്ഷേ, ഫിലിം ഫെസ്റ്റിവലാണ് എന്റെ ജീവിതം മാറ്റിയത്. ‍പുറം രാജ്യങ്ങളിൽ ഇങ്ങനെയുള്ള സിനിമകൾക്ക് കുറച്ചു കൂടി സ്വീകാര്യതയുണ്ടെന്നും പോപ്പുലർ കൾച്ചറിന്റെ ഭാഗമായിട്ടും നിൽക്കുന്നുണ്ടെന്നും മനസ്സിലായി. 

അന്നു ഞാൻ കണ്ട സിനിമകളിൽ ഒന്നോ രണ്ടോ എണ്ണം എനിക്കു മനസിലായതേയില്ല. പക്ഷേ ഓരോ സിനിമ കാണുമ്പോഴും അതിനു ശേഷം കാഴ്ചക്കാർ നടത്തുന്ന ചർച്ചകൾ എന്നെ ആകർഷിച്ചിട്ടുണ്ട്. കേരളത്തിൽ അങ്ങനെയൊരു സംസ്കാരമുണ്ട്. അല്ലാതെ ഐഎഫ്എഫ്കെയ്ക്ക് ഇത്രയും തിരക്കുണ്ടാവില്ലല്ലോ. ഇവർക്ക് സിനിമയിൽ ആരും ആകണ്ട. സിനിമയിൽ എന്തെങ്കിലും ആകണമെന്നു വിചാരിച്ചു പരാജയപ്പെട്ടവരുമല്ല. സിനിമയിൽ വരാൻ ആഗ്രഹിക്കുന്നവരല്ല. നിരൂപണം ചെയ്യുന്നവരുമല്ല. അത്തരം ആളുകളാണ് നല്ല സിനിമകളെയും വിജയിപ്പിക്കേണ്ടത്. 

ഡോ. ബിജു: ഐഎഫ്എഫ്കെ കണ്ടു സിനിമയിലേക്കു വന്ന, യാതൊരു സിനിമാ പാരമ്പര്യവും ഇല്ലാതെ വന്ന ആളാണ് ഞാനും. എന്നാൽ ഇന്ന് സിനിമയുടെ രീതി മാറി. ഓരോ സെക്കൻഡും കാണികളെ എൻഗേജ് ചെയ്യണം. ത്രസിപ്പിക്കണം. സിനിമ എന്നത് ഒരു കവിത പോലെ ആസ്വദിക്കാനുള്ളതാണ്. ഒരു പുസ്തകം പോലെ, നോവൽ പോലെ വായിക്കാൻ പറ്റുന്നതാണ്. എന്റർടെയ്ൻമെന്റ് എന്നുള്ള രീതിയിൽ ആളുകളെ ത്രസിപ്പിക്കുന്ന സിനിമകൾ ഉണ്ടാകുമ്പോൾത്തന്നെ ഇപ്പുറത്ത് ഒരു ആർട്ട് ഫോം എന്നുള്ള രീതിയിൽ ആളുകൾക്ക് വളരെ ശാന്തമായി ഇരുന്ന് ഒരു കവിതയോ പുസ്തകമോ ഒക്കെ വായിക്കുന്നതു പോലെ ഇരുന്ന് ആസ്വദിക്കാൻ പറ്റുന്ന സിനിമകളും ഉണ്ടാകണം. 

ഐഎഫ്എഫ്കെയിലേക്കു മൽസരിക്കാൻ എന്റെ സിനിമകൾ നൽകില്ലെന്നു ഞാൻ പറഞ്ഞത് പ്രതിഷേധം മാത്രമല്ല. ഐഎഫ്എഫ്കെയെ സംബന്ധിച്ച് ഇത്രയേറെ എഴുതിയിട്ടുള്ളയാൾ ഞാൻ മാത്രമായിരിക്കും. ആ ലേഖനങ്ങൾ തന്നെ പുസ്തകമാക്കിയിട്ടുണ്ട്. ഒട്ടെറെ ഫിലിം ഫെസ്റ്റിവലുകളിൽ പങ്കെടുത്തിട്ടുള്ള ആളാണ്. ഐഎഫ്എഫ്കെയ്ക്ക് ഒപ്പം തന്നെ തുടങ്ങിയ മേളകളൊക്കെ വളരെ മുന്നിലെത്തിയിട്ടുണ്ട്. ഇത്രയും റിസോഴ്സും പൊട്ടൻഷ്യലും ഉള്ള നമ്മുടെ ഈ മേള ഭാവനാദാരിദ്ര്യം കൊണ്ട് എങ്ങുമെത്താതെ പോകുന്നു. അതിൽ വിഷമമുണ്ട്. 

തൃശൂർപൂരം പോലെ ആളുകൾ വരുന്നു, കാണുന്നു എന്നതിനപ്പുറത്ത് പുതിയ ഫിലിം മേക്കേഴ്സിന് ഉപകാരപ്പെടുന്ന രീതിയിൽ ഇതു മാറേണ്ടതുണ്ട്. ഇത്തരം സിനിമകളെ പ്രമോട്ട് ചെയ്യുന്നതിനുള്ള കാര്യങ്ങളിലൊന്നും ഇടപെടൽ ഉണ്ടാകുന്നില്ല. ഐഎഫ്എഫ്കെയിൽ കാണുന്ന സിനിമകൾ സിലക്ട് ചെയ്യുന്നതാരാണ്? അതിനൊരു മാനദണ്ഡം ഉണ്ടാകണം. അതിൽ നിയോഗിക്കപ്പെടുന്ന ആളുകൾക്കൊരു മിനിമം യോഗ്യതയുണ്ടാകണം. ഇത്തരം കാര്യങ്ങളിലൊന്നും നമുക്കൊരു ശ്രദ്ധയില്ല. ഇതൊന്നും എനിക്കു വേണ്ടിയല്ല. നമ്മുടെ സിനിമ ഐഎഫ്എഫ്കെയിൽ കാണിമോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യമാണ്. പുതിയ ഫിലിം മേക്കേഴ്സിനെ പ്രമോട്ട് ചെയ്യുന്ന രീതിയിൽ ഇതിനെ ഒന്ന് റീഡിസൈൻ ചെയ്യണം. അതുണ്ടാകുന്നില്ല.

നമുക്ക് വളരെ പ്രധാനപ്പെട്ട പല ആളുകളെയും അറിയില്ല. ആർട്ടിസ്റ്റ് നമ്പൂതിരിയെ കണ്ടാൽ എത്രപേർക്കു മനസ്സിലാകും എന്നു നമ്മൾ ആലോചിക്കണം. അതൊരു പൊതു സ്വഭാവമാണ്. വായിക്കുന്നയാളുകൾക്കും ചിത്രകലയെ ശ്രദ്ധിക്കുന്ന ആളുകൾക്കും മാത്രമേ അവരെ അറിയുകയുള്ളൂ. എങ്കിൽ പോലും ഒരു പൊതു സംസ്കാരത്തിൽ അവർക്കൊരു സ്പേസ് ഉണ്ടാകണം. ബോധപൂർവം അങ്ങനെയൊരു കൾച്ചർ ഉണ്ടാക്കിയെടുക്കാൻ നമ്മുടെ ഗവൺമെന്റുകൾ ബാധ്യസ്ഥരാണ്. ചലച്ചിത്ര അക്കാദമി, സംഗീതനാടക അക്കാദമി, ലളിതകല അക്കാദമി, ഫോക് ലോർ അക്കാദമി തുടങ്ങിയവ അത്തരത്തിൽ പ്രവർത്തിക്കണം. അതുണ്ടാകുന്നില്ല എന്നതാണ് വാസ്തവം. 

സിനിമാക്കാരുടെ പ്രിവിലേജ് 

ടൊവിനോ: സിനിമാക്കാർക്ക് പ്രിവിലേജ് ഉണ്ടെന്നു പുറത്തുനിന്നു നോക്കുമ്പോൾ തോന്നുന്നതാണ്. ഒരുപക്ഷേ നമ്മൾ ആ പ്രിവിലേജിനോട് താദാത്മ്യപ്പെട്ടതുകൊണ്ടു മനസ്സിലാകാത്തതുമാകാം. പക്ഷേ ഞാനങ്ങനെയുള്ള പ്രിവിലേജുകൾ ഉപയോഗിക്കുന്ന ആളല്ല. എനിക്ക് ഒരു സാധാരണക്കാരനായിട്ടിരുന്നാൽ മതി. അതൊരിക്കലും നടക്കുന്ന കാര്യമല്ല എങ്കിലും അതു മനസ്സിലാക്കി ഞാൻ എന്നെ മാറ്റിയെടുക്കണം. പണ്ട് ഇന്റർനെറ്റില്ലായിരുന്നപ്പോൾ സംഭവിച്ച കാര്യങ്ങൾ പറഞ്ഞിട്ട് കാര്യമില്ല. പണ്ടായിരുന്നു നല്ലത്, ഇപ്പോലുള്ളതൊക്കെ മോശം എന്നൊന്നുമില്ല. ഓരോ മാറ്റം സംഭവിക്കുമ്പോഴും അതിനോട് അഡാപ്റ്റ് ചെയ്തേ പറ്റൂ. പ്രിവിലേജിനെക്കാളും എന്റെ അവകാശങ്ങളെ പറ്റിയാണ്  ചിന്തിക്കാറുള്ളത്. സിനിമാ നടനാണെങ്കിലും ഞാൻ 'ഞാൻ' ആണല്ലോ. മറ്റാരെക്കാളും എനിക്ക് എന്നെ അറിയാമല്ലോ. അപ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങളുണ്ട്. ഇഷ്ടമുള്ള തരം സിനിമകളുടെ ഭാഗമാകാൻ പറ്റും. ഇവിെട നൂറു കോടിയോ ആയിരം കോടിയോ കലക്ട് ചെയ്യുക എന്നതല്ല എന്റെ ഒരു ടോപിക് ഓഫ് ഇന്ററസ്റ്റ്.

ഞാൻ നിർമിക്കുന്ന സിനിമയാണെങ്കിൽ ചിലപ്പോൾ അങ്ങനെ ചിന്തിക്കുമായിരിക്കും. എന്നാൽ ഈ സിനിമയുടെ പ്രൊഡക്‌ഷൻ പാർട്ണർ ആണ് ഞാൻ. ഈ സിനിമ അർഹിക്കുന്ന ഒരു സ്പേസ് നേടിയെടുക്കുക എന്നതാണ് പ്രധാനം. അത് ആ സിനിമ തന്നെ നേടിയെടുക്കുന്നുണ്ട്. ഇന്റർനാഷനൽ ഫെസ്റ്റിവലുകളിൽ ഈ സിനിമ സ്ക്രീൻ ചെയ്യാൻ പറ്റി. എന്റെ ആഗ്രഹമാണ് യൂറോപ്യൻ പ്രീമിയറിൽ എന്റെ സിനിമ വരണമെന്നുള്ളത്.

ഞാൻ കലാമൂല്യമുള്ള സിനിമകളും കാണാൻ ഇഷ്ടമുള്ള ആളാണ്. ഇങ്ങനെയുള്ള സിനിമകൾ അന്യം നിന്നു പോകുന്നത് എനിക്ക് വിഷമമുണ്ടാക്കും. എന്റെ കരിയറിൽ ആ ബാലൻസ് ഉണ്ടായിരിക്കും. മമ്മൂക്കയും ലാലേട്ടനുമൊക്കെ നടന്ന വഴിയിലൂടെത്തന്നെയാണ് ഞാനും നടക്കുന്നത്. തിയറ്ററിൽ കലക്‌ഷൻ വന്നില്ലെങ്കിൽ ഫ്ളോപ്പെന്നു വിളിക്കുമായിരിക്കും. അതു ഞാൻ കാര്യമാക്കുന്നില്ല. എന്നിരുന്നാലും കൊമേഴ്സ്യൽ സിനിമകൾ നല്ല സിനിമകളല്ല എന്നു ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഈ സിനിമയും പ്രൊഡ്യൂസർക്കു ലാഭമുണ്ടാക്കിയതാണ്. കമേഴ്സ്യൽ സിനിമയിൽ നിന്നു കിട്ടുന്ന മാർക്കറ്റ് വച്ച് ആർട്ട് സിനിമയിൽ അഭിനയിക്കും. ആർട്ട് സിനിമയിൽ നിന്നു കിട്ടുന്ന എക്സ്പീരിയൻസ് വച്ച് കമേഴ്സ്യൽ സിനിമയിലും അഭിനയിക്കും. അതാണ് എന്റെ പ്ലാൻ.

തിരക്കിനിടയിലെ ജീവിതം 

ദിവസവും ആറു മണിക്ക് വീട്ടിലെത്തി കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ പറ്റുന്ന ജോലിയല്ല എന്റേത്. ഈ അഭിമുഖം നടക്കുന്ന ദിവസം എന്റെ ഭാര്യയുടെ പിറന്നാളാണ്. ദൂരെ നിന്നു വന്നു. അവൾക്കൊരു പിറന്നാൾ ആശംസ പറഞ്ഞു. ഇനി ഞങ്ങൾ രണ്ടുപേരും യാത്ര പോകുകയാണ്. സിനിമയുടെ ഭാഗമായുള്ള യാത്രയാണെങ്കിലും അങ്ങനെയൊക്കെയെ ബാലൻസ് ചെയ്യാൻ പറ്റൂ. എല്ലാ വർഷവും എന്റെ കുടുംബവുമായി ഞങ്ങൾ ടൂർ പോകുന്നു. പിന്നെ എല്ലാ ദിവസം വീട്ടിലുണ്ടായാൽ എന്റെ സ്വഭാവം വച്ച് എന്നോട് അത്ര ഇഷ്ടമൊന്നും തോന്നില്ലായിരിക്കും.

കറുത്ത മേക്കപ്പ് 

ഡോ. ബിജു: ഈ സിനിമയിലെ ക്യാരക്ടറിനെ ബ്ലാക്ക് ആക്കിയിട്ടില്ല. വെയിലത്തു പണിയെടുക്കുന്ന ഒരു മനുഷ്യനാണ്. അതുകൊണ്ട് ടൊവിയുടെ ബ്രൈറ്റായിട്ടുള്ള സ്കിന്നിനെ കുറച്ച് ടാൻ ചെയ്തിരിക്കുന്നു. പക്ഷേ ഞാൻ ഇത്തരം നിറത്തിന്റെ വിഷയത്തിൽ വിയോജിപ്പു പറയാറുണ്ട്. നമുക്ക് അറിയാവുന്ന ഒരു നോവൽ/ സാഹിത്യ കൃതിയിൽ എസ്റ്റാബ്ലിഷ് ആയിട്ടുള്ള ഒരു ക്യാരക്ടർ ഉണ്ടാകാം. കൃത്യമായ റപ്രസെന്റേഷൻ ഉള്ള കാര്യക്ടറായിരിക്കാം. അത്തരം ക്യാരക്ടറിനെ സിനിമയിലേക്ക് മാറ്റുമ്പോൾ അതിന് അനുയോജ്യരായിട്ടുള്ള ഒരാളെ എടുക്കുക എന്നുള്ളത് ന്യായമാണ്. പക്ഷേ ഇതങ്ങനെയല്ല. ഇതൊരു സാങ്കൽപികമായ കഥാപാത്രമാണ്. പുറത്തു പണിയെടുക്കുന്ന ഒരാൾക്ക് സ്കിന്നിനുണ്ടാകാവുന്ന മാറ്റമേ വരുത്തിയിട്ടുള്ളൂ. 

ടൊവിനോ: കാലാകാലങ്ങളായി പല തരത്തിലുള്ള ക്യാരക്ടേഴ്സ് സിനിമയിൽ ഉണ്ടാകുന്നുണ്ട്. അതിനെ ഭയങ്കര സെൻസിറ്റീവ് ആയിട്ടോ പൊളിറ്റിക്കൽ ഇൻകറക്റ്റ്നെസ് ആയിട്ടോ വിലയിരുത്താതെ ആദ്യം സിനിമ കണ്ട് അതിൽ എന്താണു പറഞ്ഞിരിക്കുന്നതെന്ന് ആലോചിച്ചൂടെ. സത്യസന്ധമായിട്ട് നിങ്ങൾക്ക് ഒരു പൊളിറ്റിക്കൽ ഇൻകറക്റ്റ്നെസ് തോന്നുകയാണെങ്കിൽ അതിനെപ്പറ്റി മനസ്സിലാക്കി തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യണം. ഈ സിനിമയ്ക്കുവേണ്ടി ഞാൻ പത്തു കിലോ കുറച്ചിട്ടുണ്ട്. മെലിഞ്ഞയാൾ ചെയ്‌താൽ പോരായിരുന്നോ എന്ന് ചോദിക്കുമോ? അതിനെയും വിമർശിക്കുമോ ? 

സിനിമ കണ്ടിട്ട് വിമർശിച്ചോട്ടെ. സിനിമ കാണാതെ വിമർശിക്കുമ്പോൾ ഒരു ക്യാരക്ടറിനുവേണ്ടി ഒരു ആക്ടറും ഡയറക്ടറും മേക്കപ്പ്മാനും എടുത്ത എഫർട്ടിനെയെല്ലാം ഒന്നാെക റദ്ദ് ചെയ്യുകയാണ്. സിനിമ കണ്ടിട്ട് വിമർശിക്കൂ. നമ്മളത് സ്വീകരിക്കാൻ തയാറാണ്.

English Summary:

Chat with Tovino Thomas and Dr Biju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com