ADVERTISEMENT

കല്യാണി പ്രിയദർശൻ നായികയായ ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രം തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. കല്യാണി പ്രിയദർശന്റെ നിറഞ്ഞാട്ടമാണ് സിനിമ മുഴുവൻ. മാധ്യമപ്രവർത്തകനായിരുന്ന മനു.സി.കുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. നിരവധി കഥകൾ മനസ്സിലിട്ടുനടന്ന മനു, ഫാത്തിമയിലേക്ക് എത്തിയപ്പോൾ സ്വയം സംവിധായകനാകാം എന്നു തീരുമാനിക്കുകയായിരുന്നു. മലയാളം അധികം വഴങ്ങാത്ത കല്യാണിയെ തട്ടമിട്ട മലപ്പുറംകാരിയാക്കി മാറ്റിയതിൽ തനിക്കൊപ്പം തന്നെ കല്യാണിയുടെയും കഠിനാധ്വാനമുണ്ടെന്ന് മനു പറയുന്നു. ഡയലോഗ് മുഴുവൻ കാണാതെ പഠിച്ച് ഒരു തെറ്റുപോലും വരുത്താതെ അഭിയനയിക്കുന്ന കല്യാണി, ഒരുഗ്രൻ പെർഫോർമർ ആണെന്നാണ് സംവിധായകന്റെ വിലയിരുത്തൽ. തന്റെ ആദ്യ ചിത്രത്തെക്കുറിച്ചും മലപ്പുറത്തെ ചെലമ്പച്ചി ഫാത്തിമയെക്കുറിച്ചും മനസ്സുതുറന്ന് മനു.സി.കുമാർ മനോരമ ഓൺലൈനിനൊപ്പം.  

മാധ്യമ പ്രവർത്തനത്തിൽ നിന്ന് സിനിമയിലേക്ക് 

എനിക്ക് സിനിമയുടെ ഭാഗം ആകണമെന്ന് പണ്ടുമുതലേ ആഗ്രഹമുണ്ടായിരുന്നു. കോളജിൽ പഠിക്കുമ്പോൾ ഷോർട്ഫിലിമുകൾക്കു തിരക്കഥ എഴുതിയിട്ടുണ്ട്, അതുമായി ബന്ധപ്പെട്ട വർക്കുകൾ ചെയ്തിട്ടുണ്ട്. മാധ്യമപ്രവർത്തനം ആണ് പഠിച്ചത് അതിലാണ് ജോലി ചെയ്തത്. അതിനിടയ്ക്ക് തിരക്കഥ എഴുതി തുടങ്ങി.  2004 ൽ സംവിധായകൻ ജയരാജ് സാറിനോട് ഒരു കഥ പറഞ്ഞിട്ടുണ്ട്. ആ കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. മനോരമയിൽ ജോലി ചെയ്യുമ്പോഴാണ് സിനിമയിലേക്ക് ഒരു വഴി തുറക്കുന്നത് എങ്ങനെയാണെന്ന് ആലോചിക്കുന്നത്. പരസ്യ ചിത്രം ചെയ്യുന്ന എന്റെ ഒരു സുഹൃത്തിനു വേണ്ടി തിരക്കഥ എഴുതിയാണ് ഞാൻ തുടങ്ങുന്നത്. എഴുതിയതു പക്ഷേ നടന്നില്ല. അങ്ങനെ കുറെ തിരക്കഥകൾ പലർക്കു വേണ്ടി എഴുതി. ഒന്നും നടന്നില്ല. ഫാത്തിമയുടെ തിരക്കഥ എഴുതിയപ്പോൾ ഇത് ഞാൻ തന്നെ സംവിധാനം ചെയ്താലോ എന്ന തോന്നലുണ്ടായി. പിന്നെ അതിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങി. ഞാൻ ആരെയും അസിസ്റ്റ് ചെയ്തിട്ടില്ലാത്തതുകൊണ്ട് എല്ലാം ആദ്യം മുതൽ പഠിക്കണം. പഠിക്കാനുള്ള കുറെ ശ്രമങ്ങൾ നടത്തി ഒടുവില്‍ "ശേഷം മൈക്കിൽ ഫാത്തിമ" ഉണ്ടായി.

പോസ്റ്റർ
പോസ്റ്റർ

എഴുതിയ തിരക്കഥകളിൽ ഏറെ ഇഷ്ടപ്പെട്ടത് ആദ്യം ചെയ്തു 

ഞാൻ കുറെ തിരക്കഥ എഴുതിയിട്ടുണ്ട്‌. അതിൽ ത്രില്ലർ ഉണ്ട്, ക്രൈം, ഹൊറർ എല്ലാം ഉണ്ട്. പക്ഷേ ഈ തിരക്കഥ എഴുതിയപ്പോഴാണ് ഇത് ഞാൻ തന്നെ ചെയ്താൽ കൊള്ളാം എന്നു തോന്നിയത്. ഇത് ഒരു സ്ത്രീ കേന്ദ്രീകൃത കഥയാണ്. നല്ല വൈബുണ്ട്. എഴുതിവന്നപ്പോൾ നല്ല രസമായി തോന്നി. ആദ്യം ചെയ്യുന്ന പടം ഇത് തന്നെ ആകട്ടെ എന്നു കരുതി. അതിന്റെ വൺ ലൈൻ തന്നെ ഏറെ വ്യത്യാസമാണ്. ആകെ ഉണ്ടായിരുന്ന പേടി ഒരാൾ അഭിനയിക്കുകയും വേറൊരാൾ ശബ്ദം കൊടുക്കുകയും ചെയ്താൽ ശരിയാകില്ല എന്നുള്ളതാണ്. കല്യാണിയോട് ആദ്യം സംസാരിച്ചപ്പോൾ തന്നെ ഇത് കല്യാണി തന്നെ ഡബ്ബ് ചെയ്യണം എന്ന് ഞാൻ പറഞ്ഞിരുന്നു.  

കല്യാണി പ്രിയദർശൻ ഫാത്തിമയാകുന്നു

കല്യാണിയോട് കഥ പറഞ്ഞത് ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിൽ അവർ അഭിനയിക്കുമ്പോഴാണ്. അന്ന് കല്യാണിയുടെ മലയാളം തീരെ പോരായിരുന്നു. ഒട്ടും മലയാളം അറിയാത്ത എല്ലാ വാചകങ്ങളിലും ഇംഗ്ലിഷ് വരുന്ന ഒരാളാണ് കല്യാണി. അങ്ങനെ ഒരാൾ ഈ പടം ചെയ്താൽ എങ്ങനെ ഉണ്ടാകും എന്നൊരു ആശങ്ക എനിക്കും കല്യാണിക്കും ഉണ്ടായിരുന്നു. പക്ഷേ കല്യാണി സിനിമ അങ്ങ് ഏറ്റെടുത്തു. പിന്നെ അതിനു വേണ്ടി കഠിനാധ്വാനം ചെയ്തു. മലയാളം നന്നായി പഠിച്ചു. അങ്ങനെയാണ് ഈ സിനിമ സംഭവിച്ചത്. ഭാഷയ്ക്ക് ഒരുപാട് പ്രാധാന്യമുള്ള സിനിമയാണ്. മലയാളം ആയതുകൊണ്ട് മാത്രമല്ല മലബാറിലെ മലയാളം ആണ് പറയുന്നത്. പുതിയകാലത്തിന്റെ പ്രതിനിധിയാണ് ഫാത്തിമ. സിനിമയിൽ തന്നെ ഒരു ഡയലോഗുണ്ട്, നമ്മൾ വല്ലതും പഠിക്കണം എന്ന് ആഗ്രഹിക്കുമ്പോൾ അതിലും നല്ലത് ഇതാണ് എന്നുപറയും. അതുപോലെ സ്ത്രീ സുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ പലരും പറഞ്ഞ കാര്യങ്ങളാണ്. അതുപോലെ ചുറ്റിക്കളി ഉണ്ടോ എന്ന് ചോദിക്കുമ്പോൾ അവൾ പറയും പിന്നെ എന്നിട്ട് വേണം അവൻ പറയുന്നതുപോലെ ഡ്രസ്സ് ചെയ്യണം, ഉറക്കമിളച്ച് ഇരുന്നു മെസ്സേജ് ചെയ്യണം. ഇന്നത്തെ കുട്ടികൾ കല്യാണത്തെയും പ്രണയത്തേക്കാളും സൗഹൃദത്തിനാണ് പ്രാധാന്യം കൊടുക്കുന്നത് എന്ന് തോന്നാറുണ്ട്.  അങ്ങനെ പുതിയകാലത്തെ പെൺകുട്ടികളെയാണ് ഞാൻ കല്യാണിയിലൂടെ കാണിക്കാൻ ശ്രമിച്ചത്.

കല്യാണി ആത്മാർഥതയുള്ള നടി 

കല്യാണി വളരെ നല്ലൊരു പെർഫോർമർ ആണ്. ചലഞ്ച് ഏറ്റെടുക്കാൻ താല്പര്യമുള്ള, കഥാപാത്രത്തിനു വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറുള്ള ആർട്ടിസ്റ്റ്. എന്താണോ നമുക്കു വേണ്ടത് അത് കൃത്യമായി ഡെലിവർ ചെയ്യും. പൂർണ്ണതയ്ക്കു വേണ്ടി എത്ര ടേക്ക് പോകാനും ഒരു ബുദ്ധിമുട്ടും ഇല്ല. മുഴുവൻ ഡയലോഗും കാണാതെ പഠിച്ചാണ് വരുന്നത്. അതുകൊണ്ട് തെറ്റുകൾ വരില്ല. അത്രയ്ക്കു നീളമുള്ള ഡയലോഗ് ആണ്. ഒന്നും പ്രോംപ്റ്റ് ചെയ്യാൻ പറ്റില്ല.  അതൊക്കെ ഒരു ആർട്ടിസ്റ്റ് ചെയ്യുന്നത് വലിയ കാര്യമാണ്. എല്ലാം വളരെയധികം ആത്മാർഥതയോടെ ആസ്വദിച്ചാണ് കല്യാണി ചെയ്തത്.  

കല്യാണിയെ ഫാത്തിമയാകാൻ സഹായിച്ചത് ഇവർ 

എന്റെ സ്ക്രിപ്റ്റ് അസിറ്റന്റ് ആയ അസ്ര മലപ്പുറംകാരിയാണ്. ഞാൻ എഴുതിയ തിരക്കഥ മലപ്പുറം സ്ലാങ്ങിലേക്ക് മാറ്റാൻ അസ്ര സഹായിച്ചു. ഷൂട്ട് ചെയ്ത സമയത്ത് സഫറീന എന്നൊരു അസിസ്റ്റന്റ് ഡയറക്ടർ ഉണ്ടായിരുന്നു. സഫറീനയെ കണ്ട് അവരുടെ കുറെ മാനറിസം പഠിച്ചാണ് കല്യാണി പടം ചെയ്തത്.  സിനിമയിലെ ഫാത്തിമയുടെ മുഴുവൻ സംഭാഷണവും അസ്ര വോയ്‌സ് റെക്കോർഡ് ചെയ്തിരുന്നു. അത് കല്യാണിക്ക് അയച്ചുകൊടുത്തു. അത് കേട്ട് മുഴുവൻ ഡയലോഗ് പഠിച്ചാണ് കല്യാണി സെറ്റിൽ വന്നത്. ഡയലോഗ് തെറ്റുന്ന ഒരു പ്രശ്‌നമേ ഇല്ല. കല്യാണി അത്രയും ഹാർഡ് വർക്ക് ചെയ്ത് അത് മുഴുവൻ പഠിച്ചിരുന്നു. അപ്പോഴും ഒരു പ്രശ്നമുള്ളത്‌, ഷൂട്ട് ചെയ്യുന്ന സമയത്ത് ഇംഗ്ലിഷ് അക്‌സന്റ് വരും. ഴ, ര, ഷ, ശ എന്ന അക്ഷരങ്ങളിൽ ഒക്കെ പ്രശ്നം വരും. കല്യാണിക്ക് അതിന്റെ വ്യത്യാസം അറിയില്ല. പക്ഷേ ഷൂട്ട് ചെയ്യുമ്പോൾ ഞങ്ങൾ അത് കാര്യമാക്കിയില്ല പിന്നീട് ഡബ്ബ് ചെയ്യുന്ന സമയത്ത് അത് മുഴുവൻ ശരിയാക്കി. വോയ്‌സ് നോട്ട് കേട്ടു, സഫറീന കൂടെ നിന്നു. പിന്നെ പ്രധാന സീനുകൾ ഡബ്ബ് ചെയ്യുന്ന സമയത്ത് കല്യാണി നടി സുരഭി ലക്ഷ്മിയെ വിളിച്ച് സഹായം ചോദിച്ചു. സുരഭി വന്നു നിന്ന് കല്യാണിയെ സഹായിച്ചു. അങ്ങനെയാണ് കല്യാണി ഡബ്ബ്  ചെയ്തത്.

മലബാറിന്റെ സൗന്ദര്യമുള്ള ശൈലി 

മലബാറിലെ സംസാരഭാഷ ഭയങ്കര രസമാണ് കേൾക്കാൻ. സിനിമയിലെ ചില വാക്കുകളൊക്കെ മലബാറിൽ സാധാരണ ഉപയോഗിക്കുന്നതല്ല. ചിലതൊക്കെ നമ്മൾ മനപ്പൂർവം ഉപയോഗിച്ചതുണ്ട്. "ഞാനിവിടെ ടെൻഷൻ അടിച്ചിരിക്കുമ്പോഴാണ് നിങ്ങടെ ഓരോ വർത്താനം" എന്ന് ഞാൻ എഴുതിയപ്പോൾ അസ്ര പറഞ്ഞു ചേട്ടാ "മാഞ്ഞാളം" എന്നൊരു വാക്കുണ്ട്, ശല്യപ്പെടുത്താൻ വരുന്നു എന്നർഥം വരുന്ന വാക്കാണ്. അപ്പോൾ ആ സെന്റൻസിൽ വർത്താനം എന്നതിന് പകരം മാഞ്ഞാളം ഉപയോഗിച്ചു. അങ്ങനെയങ്ങനെ പലതും. "ചെലമ്പച്ചി" എന്ന വാക്ക് ഞാൻ എഴുതിയപ്പോൾ എങ്ങനെയോ വന്നതാണ്. അത് ഞാൻ ഉണ്ടാക്കിയതാണ്. എഴുതിയപ്പോൾ രസം തോന്നി അങ്ങ് ഉപയോഗിച്ചു.

മലപ്പുറത്തുനിന്നൊരു പെൺകുട്ടി കമന്റേറ്റർ ആകുന്നു

ക്രിക്കറ്റ് കമന്ററി കേട്ടുകേട്ടാണ് ഞാൻ കമന്ററി പറയുന്ന ഒരാളുടെ കഥ എഴുതിയത്. ക്രിക്കറ്റ് കമന്ററി ഭയങ്കര കാവ്യഭാഷയായി പറയാറുണ്ട്. രവിശാസ്ത്രിയുടെ കമന്ററി ഒക്കെ കേട്ടിരിക്കാൻ നല്ല രസമാണ്. ഒരാൾ കമന്റേറ്റർ ആകുന്നതിൽ പുതുമ ഇല്ലല്ലോ അതാണ് ഒരു പെൺകുട്ടിയെ അതിൽ കൊണ്ടുവന്നത്.  കേരളത്തിന്റെ പശ്ചാത്തലത്തിലേക്ക് കഥ കൊണ്ടുവന്നപ്പോഴാണ് ക്രിക്കറ്റ് കമന്ററി വർക്ക് ആകില്ല ഫുട്ബോൾ കമന്ററി ആണെങ്കിൽ കൂടുതൽ വർക്ക് ആകും എന്ന് തോന്നി. ഫുട്ബാൾ കമന്ററി പറയുന്ന ഒരു പെൺകുട്ടി വരുമ്പോൾ ആദ്യം അവൾ കമന്ററി പറയുന്നത് സെവൻസ് പോലെ ഒരു മാച്ചിൽ ആയിരിക്കണം അങ്ങനെയാണ് ആ കഥയെ മലപ്പുറത്ത് പ്ലെയ്സ് ചെയ്തത്.  മലപ്പുറത്ത് കൂടുതൽപേർക്കും ഫുട്ബാളിനോട് വലിയ താല്പര്യമാണ്.  

യുഎഇയിൽ ഫാത്തിമ എന്നൊരു പെൺകുട്ടി കമന്റേറ്റർ ആയിട്ട് ഉണ്ടെന്ന് ഒരു വാർത്ത വന്നതറിഞ്ഞു. അത് ശരിക്കും അതിശയമായി തോന്നി. ഈ പെൺകുട്ടി ഫുട്ബോൾ കമന്ററി പറഞ്ഞു പ്രശസ്തയാകുന്നത് 2022ൽ മൊറോക്കോയിൽ നടന്ന ഫിഫ ക്ലബ്ബിൽ കമന്റേറ്റർ ആയാണ് എന്ന് ന്യൂസ് കണ്ടു. ഞാൻ കഥ എഴുതിയത് 2017-18 ൽ ആണ്. കല്യാണിയോട് കഥപറഞ്ഞത് 2019ലും. ഈ ഫാത്തിമയുടെ കഥ എനിക്ക് അറിയില്ല. എന്തായാലും അങ്ങനെയൊരു പെൺകുട്ടി ഉണ്ട്. അവരുടെ പേര് ഫാത്തിമ ആണെന്നത് വലിയൊരു യാദൃച്ഛികതയാണ്.

താരങ്ങളെല്ലാം നന്നായി സഹകരിച്ചു 

ഫാത്തിമയുടെ അമ്മയായി അഭിനയിച്ചത് പ്രിയ ശ്രീജിത്ത് എന്നൊരു നടിയാണ്. അവർ വളരെ നന്നായി ചെയ്തിട്ടുണ്ട്. സുധീഷേട്ടനാണ് ഫാത്തിമയുടെ ഉപ്പ.  അദ്ദേഹം സമീപകാലത്ത് ചെയ്തതിൽ വച്ച് നല്ലൊരു കഥാപാത്രമാണിത്. കല്യാണിയുടെ സഹോദരൻ ആയത് അനീഷ്.ജി.മേനോൻ ആണ്. അനീഷിനും സിനിമയിൽ ഉടനീളമുള്ള ഒരു വേഷം കിട്ടുന്നത് ഈ സിനിമയിലൂടെയാണ്. സോളമൻ ആയത് ഷഹീദ് ആണ്. പിന്നെ ഫെമിന, സാബുമോൻ, ഷാജു അങ്ങനെ കുറെ താരങ്ങളുണ്ട്. പക്ഷേ സിനിമ മുഴുവൻ കല്യാണി മയമാണ്. ഫാത്തിമയുടെ സിനിമയാണിത്. കഥ പറഞ്ഞപ്പോൾ തന്നെ എല്ലാവരോടും ഇക്കാര്യം പറഞ്ഞിരുന്നു. എല്ലാ താരങ്ങളും വളരെ നല്ല സഹകരണം ആയിരുന്നു. താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും നല്ല സഹകരണം കൊണ്ടാണ് പടം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത്.  ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായം ആണ് കിട്ടുന്നത്. റിവ്യൂ ഒക്കെ കണ്ട് ആളുകൾ തിയറ്ററിൽ എത്തുമെന്നാണു പ്രതീക്ഷ.

English Summary:

Interview with director Manu C Kumar on Sesham Mikeil Fathima movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT