ADVERTISEMENT

രണ്ടു വർഷം മുമ്പത്തെയൊരു ഐഎഫ്എഫ്കെ വേദി. നവാഗതനായ ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത അറ്റൻഷൻ പ്ലീസിന്റെ പ്രദർശനത്തിനുശേഷം ഉയർന്ന കരഘോഷത്തെ സാക്ഷിയാക്കി ചിത്രത്തിന്റെ അണിയറപ്രവർത്തകർ വേദിയിലേക്കു കയറി. സംവിധായകനും മറ്റു സംഘാംഗങ്ങളും പ്രേക്ഷകരോട് ആ സിനിമയെപ്പറ്റി സംസാരിച്ചു. ഒടുവിൽ മൈക്ക്, അറ്റൻഷൻ പ്ലീസിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണു ഗോവിന്ദന്റെ അടുത്തെത്തി. ചെറിയൊരു നിശബ്ദതയ്ക്കു ശേഷം വിഷ്ണു സംസാരിച്ചു തുടങ്ങി. ""കാർത്തിക് സുബ്ബരാജിന്റെ ഇരൈവി എന്ന ചിത്രത്തിലൊരു ഡയലോഗുണ്ട്. നീ പേസക്കൂടാത്. ഉൻ പടം താൻ പേസണം. ഞങ്ങൾ പേസിയതാണ് ഈ അറ്റൻഷൻ പ്ലീസ് എന്ന പടം. ഇതിൽക്കൂടുതലൊന്നും പറയാനില്ല"! മാസങ്ങൾക്കിപ്പുറം, കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്‌ഷൻ കമ്പനിയായ സ്റ്റോൺ ബെഞ്ച് ക്രിയേഷൻസ്, ‘അറ്റൻഷൻ പ്ലീസ്’ എന്ന ആ കൊച്ചു സിനിമ വാങ്ങുകയും പ്രദർശനത്തിനെത്തിക്കുകയും ചെയ്തു. 

കഥ അവിടെ തീർന്നില്ല. കുറച്ചു ദിവസങ്ങൾക്കു ശേഷം, വിഷ്ണു ഗോവിന്ദനെ തേടി കാർത്തിക് സുബ്ബരാജിന്റെ ഓഫിസിൽ നിന്നും ഒരു വിളിയെത്തി. ജിഗർതണ്ടാ ഡബിൾ എക്സ് എന്ന കാർത്തിക് സുബ്ബരാജിന്റെ ബ്രഹ്മാണ്ഡ പടത്തിന്റെ ഓഡിഷനു ചെല്ലാൻ ആവശ്യപ്പെട്ടായിരുന്നു ആ ഫോൺ കോൾ. സിനിമ ഇങ്ങനെ പലപ്പോഴും വിഷ്ണുവിനെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അതിനെക്കുറിച്ചു ചോദിച്ചാൽ വിഷ്ണു പറയും,"ഞാൻ സിനിമയെ അല്ല, സിനിമ എന്നെയാണ് തിരഞ്ഞെടുത്തത്," എന്ന്.

ജിഗർതണ്ട ഡബിൾ എക്സിന്റെ ഷൂട്ടിങ് അനുഭവത്തെക്കുറിച്ചും കാർത്തിക് സുബ്ബരാജ് എന്ന ജീനിയസിനെക്കുറിച്ചും മനസു തുറന്ന് വിഷ്ണു ഗോവിന്ദൻ മനോരമ ഓൺലൈനിൽ.  

ഓഡിഷനുണ്ട്, വരണം

ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത അറ്റൻഷൻ പ്ലീസ് എന്ന ചിത്രത്തിൽ ഞാൻ അഭിനയിച്ചിരുന്നു. ആ സിനിമ കാർത്തിക് സുബ്ബരാജ് വാങ്ങുകയും നെറ്റ്ഫ്ലിക്സിലും തിയറ്ററുകളിലും എത്തിക്കുകയും ചെയ്തു. അങ്ങനെയാണ് അവരുടെ പ്രൊഡക്ഷൻ കമ്പനിയുമായുള്ള ബന്ധം തുടങ്ങുന്നത്. അറ്റൻഷൻ പ്ലീസ് ഇറങ്ങി ഒരു മാസത്തിനകം എനിക്ക് ചെന്നൈയിൽ നിന്നു വിളി വന്നു. 'കാർത്തിക് സുബ്ബരാജ് സാറിനു കാണണം, ഒരു ഓഡിഷനുണ്ട്,' എന്നു പറഞ്ഞായിരുന്നു ആ കോൾ വന്നത്. ഓഡിഷനു ചെന്നപ്പോൾ രണ്ടു മൂന്നു സീനുകൾ ചെയ്യാൻ തന്നു. എനിക്ക് എത്രത്തോളം തമിഴ് അറിയാമെന്നും മുരുകൻ എന്ന കഥാപാത്രത്തിന്റെ സൂക്ഷ്മഭാവങ്ങൾ എനിക്കു ചെയ്യാൻ പറ്റുമോ എന്നൊക്കെ അറിയാനും കൂടിയായിരുന്നു ആ കൂടിക്കാഴ്ച. എന്റെ അറ്റൻഷൻ പ്ലീസ് എന്ന സിനിമ മാത്രമാണല്ലോ അവർ കണ്ടിട്ടുള്ളത്. എന്തായാലും ഓഡിഷൻ അവർക്കിഷ്ടപ്പെട്ടു. അങ്ങനെ ഞാൻ ജിഗർതണ്ട ഡബിൾ എക്സിലെ മുരുകനായി. 

വേഷം സർപ്രൈസ് ആക്കി വച്ചതിനു പിന്നിൽ

അറ്റൻഷൻ പ്ലീസ് കാർത്തിക് സുബ്ബരാജ് ഏറ്റെടുത്തപ്പോൾ മുതൽ ഞാനെപ്പോഴാണ് അദ്ദേഹത്തിന്റെ സിനിമയിൽ വരുന്നതെന്ന് എല്ലാവരും ചോദിക്കാറുണ്ട്. സിനിമയിൽ എന്റെ കഥാപാത്രത്തിന് ഇത്രയും സ്പേസ് കിട്ടിയത് എല്ലാവർക്കും വലിയ സർപ്രൈസ് ആയിരുന്നു. ഞാൻ കാർത്തിക് സുബ്ബരാജിന്റെ വലിയൊരു ആരാധകനാണ്. പിസ മുതൽ ഞാൻ ആരാധനയോടെ നോക്കിക്കാണുകയാണ്. അദ്ദേഹത്തിന്റെ ഒരു സിനിമയിൽ അഭിനയിക്കുക എന്നത് എന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ച് അതെല്ലാം അസംഭവ്യമായിരുന്നു. എനിക്ക് അദ്ദേഹത്തെ ആരാധിക്കാൻ മാത്രമെ പറ്റുള്ളൂ എന്നായിരുന്നു എന്റെ മനസിൽ. മാർവിൻ ചോംസ്കി അല്ലെങ്കിൽ ടാരൻറ്റീനോയൊക്കെ പോലെയാണ് അദ്ദേഹത്തെ മനസിൽ പ്രതിഷ്ഠിച്ചിരുന്നത്. അദ്ദേഹത്തിന്റെ സിനിമകൾ കാണുക, അതിൽ നിന്നു പഠിക്കുക, അത്രയൊക്കെയേ മനസിൽ ഉണ്ടായിരുന്നുള്ളൂ. കാർത്തിക് സുബ്ബരാജിന്റെ ഇരൈവി എന്ന സിനിമയിലാണ് ഞാൻ ജീവിതത്തിൽ ഏറ്റവും അധികം ആഘോഷിക്കുന്ന ഡയലോഗ് ഉള്ളത്. "നീ പേസക്കൂടാത്... നമ്മ പടം താ പേസണം," എന്ന ഡയലോഗ്. അതുകൊണ്ട്, ഈ പടം ഇറങ്ങിക്കഴിഞ്ഞിട്ട് അതിനെക്കുറിച്ച് സംസാരിക്കാം എന്നു കരുതി. ജിഗർതണ്ട ഡബിൾ എക്സിൽ അഭിനയിക്കുന്നുണ്ടെന്ന വിവരം ഞാൻ അധികമാളുകളോടു പറഞ്ഞിരുന്നില്ല. പിരീഡ് സിനിമ ആയതുകൊണ്ട് ഫോട്ടോ ഒന്നും ഷെയർ ചെയ്യരുതെന്ന നിർദേശം ഉണ്ടായിരുന്നു. പിന്നെ, ഇതൊരു വലിയ സിനിമ ആണല്ലോ. ഏതു നിമിഷം വേണമെങ്കിലും ഇതിന്റെ നരേറ്റീവ് മാറിപ്പോകാം. അങ്ങനെ, മുരുകൻ എന്ന കഥാപാത്രം ഇല്ലാതെ ആയിപ്പോയാൽ സിനിമ വരുമ്പോൾ എനിക്ക് സങ്കടമാകും. അതുകൊണ്ടാണ് അധികം പേരോട് വെളിപ്പെടുത്താതെ ഇരുന്നത്. 

karthik-subbaraj

വെല്ലുവിളിയായ ഡബ്ബിങ്

രസകരമായിരുന്നു ഷൂട്ടിങ്. ജിഗർതണ്ടാ ടീം മൊത്തത്തിൽ അടിപൊളി ആയിരുന്നു. അസിസ്റ്റന്റ് ഡയറക്ടേഴ്സൊക്കെ സൂപ്പർ. കാർത്തിക് സാറിന്റെ ടീമിലെ എല്ലാവരും അദ്ദേഹത്തെപ്പോലെ സിനിമയെ ഇഷ്ടപ്പെടുന്നവരും സ്നേഹിക്കുന്നവരുമൊക്കെയാണ്. അവരൊക്കെ അറ്റൻഷൻ പ്ലീസ് കണ്ടിട്ടുണ്ടായിരുന്നു. അതിന്റെ സ്നേഹവും ബഹുമാനവും അവർക്ക് എന്നോട് ഉണ്ടായിരുന്നു. ഞാൻ രണ്ടു വർഷത്തോളം തമിഴിൽ അസിസ്റ്റന്റ് ആയി വർക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട്, തമിഴ് അറിയാം. എങ്കിലും ഡബ്ബിങ് വെല്ലുവിളിയായിരുന്നു. 1975 കാലഘട്ടമാണ് സിനിമയിൽ കാണിക്കുന്നത്. അതും മധുരയിലെ ജീവിതം. ഡബ്ബ് ചെയ്യുമ്പോൾ മധുരൈ സ്ലാങ് പിടിക്കാൻ നല്ല പണിയായിരുന്നു. പക്ഷേ, അതു നല്ല രീതിയിൽ തന്നെ വന്നു. സി.ജി വർക്ക് ഉള്ളതുകൊണ്ട്, ഷൂട്ടിങ് കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ഡബ് ചെയ്തിരുന്നു. എഡിറ്റ് ചെയ്തു തീരുന്നതിനു അുസരിച്ചായിരുന്നു ഡബ്ബ് ചെയ്തു പോന്നത്. 

സെറ്റിലെ പെർഫെക്ഷനിസ്റ്റുകൾ

എനിക്ക് എല്ലാ ഷെഡ്യൂളിലും വർക്ക് ഉണ്ടായിരുന്നതിനാൽ കാർത്തിക് സാറിന്റെ ഫിലിം മേക്കിങ് രീതി അടുത്ത് അറിയാൻ പറ്റി. കൊടൈക്കനാലിലാണ് അവർ കാടിന്റെ ഭാഗങ്ങൾ ചിത്രീകരിച്ചത്. അവിടത്തെ കാലാവസ്ഥ ഒട്ടും പ്രവചിക്കാൻ പറ്റില്ല. സാധാരണ രീതിയിൽ ഒരു ദിവസം കൊണ്ടു തീർക്കാവുന്നത് പത്തു ദിവസം വരെ എടുത്താണ് തീർക്കാൻ പറ്റിയത്. പ്രത്യേകിച്ചും സംഘട്ടനരംഗങ്ങൾ. ഈ സിനിമയിൽ പ്രവർത്തിച്ചിട്ടുള്ള എല്ലാവരും പെർഫെക്ഷനിസ്റ്റുകളാണ്. അതുകൊണ്ട്, രണ്ടും മൂന്നുമൊക്കെ ടേക്ക് പോകും. ആ പെർഫെക്ഷൻ സിനിമയിൽ കാണാം. വിഖ്യാത ഛായാഗ്രാഹകൻ തിരു സർ ആണ് ക്യാമറ. സെറ്റിലെ ഏറ്റവും സീനിയർ അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ ക്യാമറയ്ക്കു മുമ്പിൽ നിൽക്കുക എന്നതാണ് ഞാൻ നേരിട്ട വെല്ലുവിളി. നല്ല കനമുള്ള മനുഷ്യൻ എന്നു പറയില്ലേ? അതു നമുക്ക് ഫീൽ ചെയ്യും. അദ്ദേഹത്തിന്റെ ദൃശ്യങ്ങളിലും വ്യക്തിത്വത്തിലും. സെറ്റിൽ എല്ലാവരും അദ്ദേഹത്തോടു പെരുമാറുന്നതു പോലും പ്രത്യേക ആദരവോടെയായിരുന്നു. സ്ക്രിപ്റ്റ് എഴുതി ലോക്ക് ചെയ്ത് അതിന്റെ വിഷ്വൽസ് വരെ തീരുമാനിച്ചുറപ്പിച്ചിട്ടാണ് ഷൂട്ട് തുടങ്ങുന്നത്. അതുകൊണ്ട്, ആവശ്യമുള്ളതു മാത്രമേ ഷൂട്ട് ചെയ്യൂ. ഒന്നും കൂടുതലും ഇല്ല. കുറവും ഇല്ല. അല്ലാതെ, സെറ്റിൽ വന്നിട്ടല്ല ഷോട്ട് പ്ലാൻ ചെയ്യുന്നത്. ഷോട്ടുകൾ നേരത്തെ പ്ലാൻ ചെയ്യുന്നതുകൊണ്ട് അതനുസരിച്ച് നേരത്തെ ലൈറ്റ് അപ് ചെയ്യും. സിനിമ നമ്മൾ കാണുന്നതിനു മുമ്പ് കാർത്തിക് സാറിന്റെയും തിരു സാറിന്റെയും മനസിൽ കൃത്യമായുണ്ട്. ഒരു ആക്ടർ എന്തു ചെയ്യണമെന്ന് സർ വന്നു പറഞ്ഞു തരും. അതു ചെയ്താൽ മതി. 

karthik-subbaraj-vishnu-govindan

ആ സീൻ സിംഗിൾ ഷോട്ട്

എന്നെ കൊല്ലുന്ന സീൻ വായിച്ചപ്പോൾ ഞാൻ കരുതിയത് നമ്മൾ സാധാരണ സിനിമയിലൊക്കെ കാണുന്ന പോലെയൊരു പരിപാടി ആണെന്നായിരുന്നു. പക്ഷേ, സംഭവിച്ചത് മറ്റൊന്നായിരുന്നു. രാവിലെ ഷൂട്ടിന് ചെന്നിട്ട് ഉച്ച ആയപ്പോഴാണ് ലൈറ്റ് അപ് ചെയ്തു തീർന്നത്. ഈയൊരു സീൻ എടുക്കാൻ എന്തിനാണിത്ര ലൈറ്റ് അപ് എന്നായിരുന്നു ഞാൻ ആലോചിച്ചുകൊണ്ടിരുന്നത്. പിന്നെയാണ് എനിക്ക് മനസിലായത്, അതൊരു സിംഗിൾ ഷോട്ടാണെന്നും ക്യാമറ മൂവ്മെന്റ് വരുന്നുണ്ടെന്നുമൊക്കെ. അങ്ങനെ എടുത്തതുകൊണ്ടാണ് ആ സീനിന് ഇത്ര ഇംപാക്ട് പ്രേക്ഷകരിലുണ്ടാക്കാൻ കഴിയുന്നത്. ആ സീനിന്റെ പവർ അടുത്ത സീനിൽ കിട്ടും. അതിനെ തുടർന്ന് ഇന്റർവൽ പഞ്ച് കൂടി വരുമ്പോൾ, ആരും പറഞ്ഞു പോകും, 'എന്റമ്മേ... എന്തൊരു പടമാണ്' എന്ന്! ആ സീൻ എടുത്ത ശേഷം എന്റെ കണ്ണ് അവിടെ ചർച്ചാവിഷയമായിരുന്നു. സിംഗിൾ ഷോട്ട് എടുത്തതിനു ശേഷം എല്ലാവരും മോണിറ്ററിനു ചുറ്റും നിന്ന് ഇതു കാണുമല്ലോ. ഞാനപ്പോൾ മോണിറ്ററിൽ അല്ല, അവരുടെ മുഖത്തേക്കാണ് നോക്കുക. അവരുടെ മുഖഭാവങ്ങളിൽ നിന്ന് കാര്യം മനസിലാകും. അപ്പോൾ എല്ലാവരും പറഞ്ഞത്, ഇവന്റെ കണ്ണ് ഒരു രക്ഷയില്ലാ എന്നാണ്! 

തിരു സാറിന്റെ വാക്കുകൾ മറക്കില്ല

സിനിമ കണ്ടിറങ്ങിയ ധാരാളം പേർ അവരുടെ പ്രതികരണം എന്നെ അറിയിക്കുന്നുണ്ട്. കൂടുതൽ പേരും വോയ്സ് നോട്ട് ആയിട്ടാണ് അയയ്ക്കുന്നത്. പടം കണ്ടിറങ്ങിയ എക്സൈറ്റ്മെന്റിലാണ് അവർ അത് അയയ്ക്കുന്നത്. എസ്.ജെ സൂര്യ സാറിനും രാഘവ ലോറൻസ് സാറിനൊപ്പം ഇടവേളയ്ക്കു തൊട്ടു മുമ്പുള്ള സീൻ ഗംഭീരമായി എഴുതപ്പെട്ട ഒന്നായിരുന്നു. 'അയ്യോ... മുരുകനെ കൊല്ലണ്ടായിരുന്നു' എന്നാണ് ഒരുപാടു പേർ പറഞ്ഞത്. അതു ചെയ്യുമ്പോൾ വലിയ എക്സൈറ്റ്മെന്റ് ആയിരുന്നു. ഡയലോഗിലൂടെയല്ല, ഭാവങ്ങളിലൂടെയാണ് ആ സീക്വൻസ് സംവദിക്കുന്നത്. സിംഗിൾ ഷോട്ട് ആയതിനാൽ ആ ടൈമിങ് പിടിക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ക്യാമറ എപ്പോൾ വരും... എപ്പോഴാണ് ആക്ട് ചെയ്യേണ്ടത്... കാരണം, ആ സീക്വൻസിൽ എനിക്കു രണ്ടു മൂന്നു വേരിയേഷൻസ് ചെയ്യാനുണ്ട്. അതു ലളിതമാക്കാൻ, കാർത്തിക് സർ മൈക്കിലൂടെ നിർദേശം തരും. അങ്ങനെയാണ് ചെയ്തത്. ആ സീൻ രണ്ടു മൂന്നു ടേക്ക് പോയി. നല്ല രസമായി ആ സീൻ വന്നു. ടേക്ക് കഴിഞ്ഞപ്പോൾ തിരു സർ വന്ന് എന്നെ അഭിനന്ദിച്ചു. ആ സീനിൽ എനിക്ക് അപസ്മാരം വരുന്ന പോലെ അഭിനയിക്കാനുണ്ടായിരുന്നല്ലോ. ഒരു അംഗീകാരം പോലെ ഞാൻ നെഞ്ചോടു ചേർക്കുന്നത് തിരു സാറിന്റെ ആ അഭിനന്ദനമാണ്. ബാക്കിയൊന്നും ചെറുതാണെന്നല്ല. 

സിനിമയുടെ മാജിക്

ഞാൻ ചെന്നൈയിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്ന സമയത്താണ് കാർത്തിക് സാറിന്റെ ആദ്യ സിനിമ പിസ ഇറങ്ങുന്നത്. രണ്ടാമത്തെ പടമായിരുന്ന ജിഗർതണ്ട. ആ സമയത്ത് ഞാൻ നാട്ടിലാണ്. കോട്ടയത്ത് പക്ഷേ, ഈ സിനിമ റിലീസ് ചെയ്തിരുന്നില്ല. അതുകൊണ്ട്, ഞാൻ നേരെ കൊച്ചിയിൽ പോയി. സംഗീത തിയറ്ററിൽ ഒരു ഷോ ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ ആ സിനിമ കാണുന്നത്. പിന്നീടു വന്ന എല്ലാ സിനിമകളും കണ്ടു. ഇരൈവി എന്ന പടം എന്റെ ജീവിതം മാറ്റി മറിച്ച സിനിമയാണ്. കരിയറിന്റെ ആദ്യകാലങ്ങളിൽ സംവിധാന സഹായിയും മറ്റുമായി നടന്നിരുന്ന സമയത്ത് ഇരൈവിയിലെയും ജിഗർതണ്ടയിലെയും ഡയലോഗുകളായിരുന്നു ഊർജ്ജം പകർന്നിരുന്നത്. ആ സിനിമകൾ ഇങ്ങനെ ഇരുന്നു കാണും. അപ്പോൾ ഉഷാറാകും. ജിഗർതണ്ട ഫസ്റ്റിൽ സിദ്ധാർഥിന്റെ കഥാപാത്രം സങ്കടപ്പെട്ടിരിക്കുമ്പോൾ ചായക്കടയിലെ ചേട്ടൻ വന്നു പറയുന്നൊരു ഡയലോഗുണ്ട്, 'നീ തോറ്റവനാ ജയിച്ചവനാന്ന് നീയാ മുടിവ് പണ്ണണം' എന്ന്. അതെല്ലാം ഞാൻ ഫോണിൽ ഡൗൺലോഡു ചെയ്തു വച്ച് എത്രവട്ടം കേട്ടിട്ടുണ്ടെന്ന് അറിയാമോ! കറങ്ങിത്തിരിഞ്ഞ് അദ്ദേഹത്തിന്റെ സിനിമയിൽ തന്നെ അഭിനയിക്കാൻ കഴിഞ്ഞത് വലിയ സർപ്രൈസ് ആയിരുന്നു. സിനിമയുടെ പവർ തന്നെയാണല്ലോ ജിഗർതണ്ടയും പറയുന്നത്. ആളുകളെ സിനിമ മാറ്റിക്കളയും! നമ്മളല്ല സിനിമയെ തിരഞ്ഞെടുക്കുന്നത്. സിനിമ നമ്മളെയാണ് തിരഞ്ഞെടുക്കുന്നത്.  

നല്ല സിനിമയ്ക്ക് പ്രേക്ഷകരുണ്ട്

2014ൽ ഇറങ്ങിയ ജിഗർതണ്ടയും കേരളത്തിൽ സിനിമ ഇഷ്ടപ്പെടുന്നവരുടെ ഇടയിൽ വലിയ ചർച്ച ആയതാണ്. അതിന്റെ രണ്ടാം ഭാഗം എന്നതും കാർത്തിക് സുബ്ബരാജ് എന്ന പേരുമാണ് മലയാളികളെ ഈ സിനിമയിലേക്ക് ആകർഷിക്കുന്നത്. ജിഗർതണ്ട എന്ന ആദ്യഭാഗത്തിന് മുകളിൽ സ്കോർ ചെയ്യാൻ ജിഗർതണ്ട ഡബിൾ എക്സിലൂടെ കാർത്തിക് സുബ്ബരാജ് എന്ന സംവിധായകനു കഴിഞ്ഞു. സിനിമയോടുള്ള അദ്ദേഹത്തിന്റെ പാഷനും ഇഷ്ടവുമൊക്കെ അതിഗംഭീരമായി ഈ സിനിമ ദൃശ്യവൽക്കരിച്ചിട്ടുണ്ട്. എന്റർടെയ്ൻമെന്റിനൊപ്പം രാഷ്ട്രീയവും സിനിമ പറയുന്നു. ഇത്രയും സംതൃപ്തിയോടെ ഈയടുത്തകാലത്തൊരു സിനിമ കണ്ട് ഇറങ്ങിയിട്ടില്ല. ദീപാവലി റിലീസിന് ഒരുപാടു സിനിമകൾ ഉള്ളതുകൊണ്ട് ജിഗർതണ്ട ഡബിൾ എക്സിന് ലഭിച്ച സ്ക്രീനുകളുടെ എണ്ണം വളരെ കുറവായിരുന്നു. ദുൽഖറിന്റെ വെഫെയറർ ഫിലിംസാണ് കേരളത്തിൽ പടം വിതരണത്തിന് എടുത്തത്. അതുകൊണ്ടാണ്, തുടക്കത്തിൽ അത്ര‌യെങ്കിലും തിയറ്ററുകൾ ലഭിച്ചത്. മൂന്നു മണിക്കൂർ സിനിമ ആയതുകൊണ്ട് തിയറ്ററുകാർക്കും ഒരു സംശയം ഉണ്ടായിരുന്നു. സിനിമ റിലീസായി നല്ല അഭിപ്രായം വന്നു. കൂടുതൽ പ്രേക്ഷകർ പടം കാണാനെത്തി. ഷോകൾ ഹൗസ്ഫുൾ ആയി. മൗത്ത് പബ്ലിസിറ്റിയാണ് കേരളത്തിൽ പടത്തെ ലിഫ്റ്റ് ചെയ്തത്. ഭാഷ ഏതാണെങ്കിലും പടം നല്ലതാണെങ്കിൽ അതു കാണാൻ മലയാളി പ്രേക്ഷകരുണ്ടാകും എന്നതിന്റെ തെളിവാണ് ജിഗർതണ്ടയുടെ കേരളത്തിലെ ഈ വിജയം.

English Summary:

Exclusive chat with Vishnu Govindan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com