ADVERTISEMENT

1995ൽ പുറത്തിറങ്ങിയ അടൂർ ഗോപാലകൃഷ്ണന്റെ 'കഥാപുരുഷൻ' എന്ന ചിത്രത്തിലൂടെ ബാലനടിയായാണ് അഭിരാമിയുടെ തുടക്കം. ശ്രദ്ധ,ഞങ്ങ ൾ സന്തുഷ്ടരാണ്, പത്രം, മില്ലെനിയം സ്റ്റാഴ്സ് തുടങ്ങി ഒരുപിടി മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിരാമി തിളങ്ങി. മലയാളത്തിനു പുറമേയ തമിഴിലും തെലുങ്കിലും കന്നഡയിലും സജീവമായിരുന്നു. സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് പഠിക്കാനായി താരം അമേരിക്കയിലേക്കു പറന്നത്. പത്തു വർഷത്തിനുശേഷം 'അപ്പോത്തിക്കിരി' എന്ന ചിത്രത്തിലൂടെ നായികയായി തിരിച്ചെത്തിയെങ്കിലും അമേരിക്കൻ ജീവിതത്തിനിടെ അഭിരാമിക്ക് സിനിമയിൽ സജീവമാകാൻ സാധിച്ചില്ല. ആ സമയത്താണ് മഴവിൽ മനോരമയിലെ മെയ്‌ഡ് ഫോർ ഈച്ച് അദർ എന്ന പരിപാടിയുടെ അവതാരകയായത്. അതേപ്പറ്റി അഭിരാമി പറയുന്നു: ‘‘ഞാൻ വളരെ ആസ്വദിച്ച് ചെയ്ത ഒരു പരിപാടിയായിരുന്നു അത്. സത്യത്തിൽ മറ്റൊരു തലമുറയിലെ കുട്ടികൾക്കിടയിലേക്ക് എത്താൻ ആ പരിപാടി എന്നെ സഹായിച്ചു.’’ ഇപ്പോഴിതാ 'ഗരുഡൻ' എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ മടങ്ങിവന്നിരിക്കുന്നു മലയാളത്തിന്റെ അഭിരാമി. സിനിമാ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമായി അഭിരാമി മനോരമ ആഴ്‌ചപ്പതിപ്പിനൊപ്പം.

സ്‌കൂളിലെ സഹപാഠി ജീവിതത്തിലെ സഹയാത്രികൻ 

തിരുവനന്തപുരത്ത് സിനിമാപശ്ചാത്തലമില്ലാത്ത ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛൻ ഗോപികുമാറും അമ്മ പുഷ്‌പയും ബാങ്ക് ഉദ്യോഗസ്ഥരായിരുന്നു. ഞാൻ ഒറ്റമകളാണ്. എന്റെ വീടിന്റെ തൊട്ടടുത്താണ് സ്കൂൾ. സ്‌ഥിരമായി ലവ് ലെറ്റർ തരികയും വീട്ടിലേക്ക് ഫോൺ വിളിക്കുകയും ചെയ്ത‌ിരുന്ന കുറെ പേർ ഉണ്ടായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ ഞാനും രാഹുലും സുഹൃത്തുക്കളായിരുന്നു.

പിന്നീട് പുള്ളി യുഎസിൽ വന്നപ്പോൾ എന്നെ വിളിച്ചു. ഞങ്ങളുടെ സൗഹൃദം വളർന്നു, പ്രണയമായി. അങ്ങനെ വിവാഹം കഴിച്ചു. സാഹിത്യകാരൻ പവനന്റെ കൊച്ചുമകനാണ് രാഹുൽ. അദ്ദേഹത്തിന് സ്വന്തമായി ഒരു കൺസൽറ്റിങ് കമ്പനിയുണ്ട്. ഞങ്ങൾക്ക് ഒരു മകളുണ്ട്, കൽക്കി. ഒന്നര വയസ്സായി, ബെംഗളൂരുവിലാണ് ഞങ്ങൾ താമസിക്കുന്നത്

abhirami-12

അടൂർ തന്ന തുടക്കം

പത്രത്തിൽ പരസ്യം കണ്ടാണ് 'കഥാപുരുഷ'ന്റെ ഓഡിഷന് ചെന്നത്. തിരുവനന്തപുരത്തു വച്ചാണ് ഓഡിഷൻ. അവിടെ ചെന്നപ്പോൾ അഞ്ഞൂറിലധികം കുട്ടികൾ. എനിക്കന്ന് അടൂർ ഗോപാലകൃഷ്ണൻ ആരാണെന്നുപോലും അറിയില്ല. അവരെന്നോടു പറഞ്ഞതുമില്ല. എന്നെ അകത്തേക്കു വിളിപ്പിച്ചു. എന്നോട് ഒന്നു രണ്ട് സീൻ അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെട്ടു. 'മീശ കിളിക്കാനേയ് കരടി നെയ് പുരട്ടിയ കാര്യം ഞാൻ പറഞ്ഞു കൊടുക്കുമല്ലോ' എന്ന ഡയലോഗും പറയിച്ചു. അങ്ങനെയാണ് കഥാപുരുഷനിൽ എത്തുന്നത്. ആ ചിത്രത്തിൽ എന്റെ സമപ്രായക്കാരായ വേറെയും കുട്ടികളുണ്ട്. ഞങ്ങൾ കൂടുതൽ സമയവും അവിടെ കളിയായിരുന്നു. ഇടയ്ക്ക് ഷോട്ടിനു വിളിക്കുമ്പോൾ ചെന്ന് അഭിനയിക്കും, വീണ്ടും കളിക്കാൻ പോകും. നായകനായി അഭിനയിച്ച വിശ്വനാഥൻ ചേട്ടന്റെ ഒരു സീൻ 26 ടേക്ക് എടുത്തു. അതുകണ്ട് ഞാൻ കുറച്ചു പേടിച്ചു. എന്തിനാണ് ഇത്രയും തവണ ചെയ്യിക്കുന്നത് എന്നു കരുതി. പക്ഷേ, അടൂർ സാറിന് മനസ്സിലുള്ളതു കിട്ടുംവരെ അത് ചെയ്യിപ്പിക്കും. വർഷങ്ങൾക്ക്‌ശേഷം ഞാൻ അമേരിക്കയിലേക്കു പഠിക്കാൻ പോകുന്ന സമയത്ത് യൂണിവേഴ്സിറ്റിയിൽ അപേക്ഷിക്കാൻ അടൂർ സാറിന്റെ കയ്യിൽനിന്ന് ഒരു ശുപാർശ കത്ത് വാങ്ങിക്കാൻ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. അന്ന് അദ്ദേഹം ഒരുപാട് സ്നേഹത്തോടെയും വാത്സല്യത്തോടെയും സംസാരിച്ച്, അനുഗ്രഹിച്ചാണ് എന്നെ വിട്ടത്.

abhirami-3

അഭിരാമിയാകാൻ കാരണം 'ഗുണ'

ഞാൻ ഒറ്റമകളാണ്. അമ്മയും അച്‌ഛനും ജോലിക്കു പോയാൽ വീട്ടിൽ തനിച്ചാകും. പത്താം ക്ലാസ് കഴിഞ്ഞുള്ള അവധിക്കാലത്ത് എനിക്കെന്തെങ്കിലും പണി തരണം എന്നു കരുതിയിരിക്കുകയാണ് അമ്മ. ആ സമയത്താണ് ഏഷ്യാനെറ്റ് ചാനൽ ആരംഭിക്കുന്നത്. അമ്മയുടെ ഒരു സുഹൃത്തുവഴി ചാനലിലേക്ക് അവതാരകരെ ആവശ്യമുണ്ട് എന്നറിഞ്ഞു. അങ്ങനെ ഞങ്ങൾ ഓഡിഷനു പോയി. അവർക്ക് എന്റെ പ്രകടനം ഇഷ്‌ടപ്പെട്ടു. ടോപ് ടെൻ എന്നൊരു പരിപാടി ആലോചിക്കുന്നുണ്ട്. ഉണ്ണി ശിവപാലാണ് ഒരു അവതാരകൻ. ദിവ്യയ്ക്ക് താൽപര്യമുണ്ടോ?' അച്ഛനോടുപോലും ചോദിക്കുന്നതിനു മുൻപ് ഞങ്ങൾ യെസ് പറഞ്ഞു.

അവരുടെ അടുത്ത ചോദ്യം: 'പേരു മാറ്റാൻ ആഗ്രഹമുണ്ടോ?'

'അഭിരാമി', ആ ചോദ്യത്തിന് ഞാൻ വേഗം ഉത്തരം കൊടുത്തു.

കമൽഹാസന്റെ 'ഗുണ' എന്ന സിനിമ കണ്ട കാലം തൊട്ട് അതിലെ നായികയുടെ പേര് എന്റെ മനസ്സിൽ കിടപ്പുണ്ട്. ആരെങ്കിലും ഒന്ന് ചോദിക്കാൻ കാത്തിരിപ്പായിരുന്നു. അടുത്തയാഴ്ച ടോപ് ടെൻ ഷൂട്ടിങ് ആരംഭിച്ചു. ഞാൻ അഭിരാമിയായി. വഴിയെ പോകുന്ന ചേട്ടന്മാരെയും ചേച്ചിമാരെയും വിളിച്ചു നിർത്തി മൈക്ക് നീട്ടി സംസാരിക്കണം ഇത്തരം പരിപാടികൾക്ക്.

abhirami

ഇന്ന് മൈക്കിന്റെ മുന്നിൽ വരുമ്പോൾ ആളുകൾക്കറിയാം എന്തു പറയണം എന്ന്. പക്ഷേ, അന്ന് അത് തീർത്തും പുതുമയാണ്. മാർ ഇവാനിയോസിൽ പ്രീഡിഗ്രിക്കു ചേരാൻ ചെന്നപ്പോഴാണ് ഞാനത് മനസ്സിലാക്കിയത്. അവിടെ ഉള്ളവർക്കൊക്കെ എന്നെ അറിയാം. 'ടോപ് ടെനിലെ കുട്ടിയല്ലേ?' എന്നു ചോദിച്ചാണ് എല്ലാവരും പരിചയപ്പെടാൻ വന്നിരുന്നത്.

ആരാധന മഞ്ജുവാരിയരോട്

ആ സമയത്താണ് 'പത്രം' എന്ന ചിത്രത്തിൽ അവസരം കിട്ടിയത്. 'സമ്മർ ഇൻ ബെത്‌ലഹേം' റിലീസ് ചെയ്‌ത സമയമായിരുന്നു. ഞാനും അച്‌ഛനും അമ്മയും കൂടി പോയാണ് ആ ചിത്രം കണ്ടത്. അതിന്റെ ഓർമകളൊക്കെ ആയി സെറ്റിൽ എത്തിയപ്പോൾ ഒരു വശത്ത് ഡെന്നിസ് ആയി അഭിനയിച്ച സുരേഷ് ഗോപി. തൊട്ടപ്പുറത്ത് അഭിരാമി എന്ന ആമിയായി വന്ന മഞ്ജു വാരിയർ. ആ ഓർമയിൽ സുരേഷേട്ടൻ മാത്രം ഇപ്പോഴും എന്നെ ആമി എന്നാണ് വിളിക്കുന്നത്. ബാക്കി എല്ലാവർക്കും ഞാൻ അഭിയാണ്. ബിജുച്ചേട്ടനും ഏറക്കുറെ ഒരു തുടക്കക്കാരനായിരുന്നു ‘പത്ര’ത്തിൽ. ഞങ്ങൾ പെട്ടെന്ന് കൂട്ടായി. ആ സിനിമയിൽ ഒരുപാട് മുതിർന്ന അഭിനേതാക്കൾ ഉണ്ടായിരുന്നു. മുരളി അങ്കിൾ, എൻ.എഫ്.വർഗീസ് അങ്കിൾ... പിന്നെ ജോഷി സാറും രൺജിപണിക്കർ സാറും. എന്നെ എല്ലാവരും കൊച്ചുകുട്ടിയായാണു കണ്ടിരുന്നത്. ചെറിയ വേഷം ആയിരുന്നെങ്കിലും അത്യാവശ്യം ഡയലോഗുകൾ ഉള്ള കഥാപാത്രം ആയിരുന്നു പത്രത്തിലെ ശിൽപ. അതിൽ ഞാൻ ബിജുച്ചേട്ടനെ ഫോണിൽ വിളിച്ച് ചീത്ത പറയുന്ന രംഗവും ഉമ്മ ചോദിക്കുന്ന രംഗവുമൊക്കെ ഉണ്ട്. ഇപ്പോൾ അതൊക്കെ കാണുമ്പോൾ എനിക്ക് 'അയ്യേ എന്താണ് കാണിച്ചുവച്ചേക്കുന്നത്' എന്ന് തോന്നും. മഞ്ജുച്ചേച്ചിയെ ഞാൻ പലതവണ സെറ്റിൽ ആരാധനയോടെ നോക്കിയിരുന്നിട്ടുണ്ട്. ചേച്ചി സെറ്റിൽ വന്നാൽ ആദ്യം അവിടത്തെ എല്ലാ മനു ഷ്യരോടും 'ഹലോ' പറയും. എല്ലാവരുടെയും പേരറിയാം ചേച്ചിക്ക്. 'ചേട്ടാ സുഖാണോ?' എന്നൊക്കെ പേരു പറഞ്ഞ് ചോദിക്കും. ചേച്ചി വന്നു കഴിഞ്ഞാൽ ആകെ സന്തോഷവും ഊർജവും ആണ് അവിടെ. ചേച്ചിയോട് ഞാൻ അധികം സംസാരിച്ചിട്ടുപോലും ഇല്ല. എനിക്കു കുറച്ച് ടെൻഷൻ ഉണ്ടായിരുന്നു. സുരേഷേട്ടന്റെ കൂടെ അഭിനയിക്കുമ്പോൾ പോലും അത്ര ടെൻഷൻ തോന്നിയിട്ടില്ല. ഷോട്ടിന്റെ സമയം ആകുമ്പോൾ പുള്ളിക്കാരി അധികം സംസാരിക്കാതെ എവിടെയെങ്കിലും മാറിപ്പോകും. ഞാനിതൊക്കെ നോക്കിയിരിക്കും.

abhirami-32

ഞങ്ങൾ സന്തുഷ്‌ടരാണെങ്കിലും കൂവലിന് കുറവുണ്ടായില്ല

'പത്രം' കണ്ടിട്ടാണെന്നു തോന്നുന്നു രാജസേനൻ സാർ 'ഞങ്ങൾ സന്തുഷ്‌ടരാണ്' എന്ന സിനിമയിലേക്ക് എന്നെ വിളിച്ചത്. അങ്ങനെ ഞാൻ ഡിജിപിയുടെ മകൾ ഗീതു സഞ്ജീവനായി. പതിനൊന്നാം ക്ലാസിലെ അവസാനത്തെ പരീക്ഷ എഴുതിക്കഴിഞ്ഞാണ് ഈ സിനിമയിൽ അഭിനയിക്കാൻ വന്നത്. ഒടുവിൽ ഉണ്ണിക്കൃഷ്ണൻ അങ്കിളിനൊപ്പം അതിനു മുൻപ് ഞാൻ 'കഥാപുരുഷനി'ലും അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു ദിവസം ഒടുവിൽ അങ്കിൾ എന്നോടു പറഞ്ഞു, 'മോളേ നീ ഇതിൽ തന്നെ തുടരണം. ഇട്ടിട്ട് പോകരുത്' എന്ന്. ആ സമയത്ത് 'കണ്ണെഴുതി പൊട്ടുംതൊട്ട്' കഴിഞ്ഞ് മഞ്ജുച്ചേച്ചി അഭിനയം നിർത്തിയിരുന്നു. ഞാനും സംയുക്തയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊന്നമ്മ ആന്റിയും എന്നോടു പറഞ്ഞു, 'നീ ഇവിടം വിട്ട് തമിഴിലേക്കൊന്നും പോകരുത് കേട്ടോ' എന്ന്. ഞാൻ ചെയ്യുന്നതിൽ എന്തോ ശരിയുണ്ട് എന്നെനിക്കു തോന്നിയത് അപ്പോഴായിരിക്കും. "ഞങ്ങൾ സന്തുഷ്ടരാണ്' എന്ന സിനിമ തിയറ്ററിൽ കാണാൻ ഞാൻ കുടുംബത്തോടെയാണു പോയത്. അമ്മാവൻമാരും അമ്മായിമാരും കസിൻ സഹോദരങ്ങളും ഒക്കെയുണ്ടായിരുന്നു. എല്ലാവർക്കും സിനിമ ഇഷ്‌ടപ്പെട്ടു. പക്ഷേ, പ്രേക്ഷകരുടെ ഭാഗത്തുനിന്നു ലഭിച്ച പ്രതികരണം ഭയങ്കര നെഗറ്റീവ് ആയിരുന്നു. ആർക്കും എന്റെ കഥാപാത്രം ഇഷ്ടപ്പെട്ടില്ല. അഹങ്കാരി, തലതെറിച്ചവൾ എന്നൊക്കെ കേട്ടപ്പോൾ ആദ്യം വിഷമം തോന്നി. കോളജിൽ പരിപാടികൾക്കു പോകുമ്പോൾ നല്ല കൂവൽ കിട്ടിയിരുന്നു.

abhirami-31

ശോഭന പറഞ്ഞു തന്ന സ്റ്റേജ് ട്രിക്സ്

2000 ജനുവരി 1ന് മില്ലേനിയം സ്റ്റാഴ്സ് റിലീസ് ചെയ്തു. ജനുവരി 4ന് ‘ശ്രദ്ധ’യുടെ ചത്രീകരണം തുടങ്ങി. അതിനു മുൻപ് യുഎഇയിൽ ഒരു മാസത്തെ പരിപാടിക്കായി മലയാള സിനിമയിൽനിന്ന് ഒട്ടേറെ പേർ പോയിരുന്നു. അക്കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. ലാലേട്ടനും മമ്മൂക്കയുമൊക്കെ ഉണ്ട്. ഫാസിൽ സാറാണ് ഷോ സംവിധാനം ചെയ്തത്. അവിടെവച്ചാണ് ഞാൻ ശോഭനയെ പരിചയപ്പെട്ടത്. ഈ പരിപാടിയിൽ എനിക്ക് പാട്ടും ഡാൻസും സ്‌കിറ്റും ഉണ്ടായിരുന്നു. ഓരോ ഐറ്റം കഴിയുമ്പോഴും ‌സ്റ്റേജിനു പിന്നിൽ വന്ന് വേഷം മാറ്റണം, മേക്കപ്പ് മാറ്റണം, മുടി മാറ്റിക്കെട്ടണം. ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. ആ സമയത്തൊക്കെ എന്റെ കൂടെ നിന്നു സഹായിച്ചത് ശോഭിയക്കയാണ്. ശോഭിയക്ക ആ സമയത്ത് കത്തിനിൽക്കുന്ന താരം ആണ്. പുള്ളിക്കാരിക്ക് എന്നെ സഹായിക്കേണ്ട ആവശ്യമില്ല. ഒരു കസേരയും വലിച്ചിട്ട് കാല് കയറ്റി ഇരുന്നാൽ ആരും ചോദിക്കാൻ പോകുന്നില്ല പക്ഷേ, അക്ക എന്റെ കൂടെ നിന്ന് ഓരോ കാര്യങ്ങളും പറഞ്ഞുതന്നു. പാട്ടു പാടുമ്പോഴും നൃത്തം ചെയ്യുമ്പോഴും സ്‌റ്റേജിൽ എങ്ങനെ നിൽക്കണംപെരുമാറണം എന്നൊക്കെ പറഞ്ഞു തന്നത് ശോഭിയക്കയാണ്. ആ ഒരു മാസം ഞാൻ ഒരിക്കലും മറക്കില്ല. അതിനു ശേഷം 'ശ്രദ്ധ'യുടെ ചിത്രീകരണം തുടങ്ങി. അപ്പോഴേക്കും ലാലേട്ടനും ശോഭിയക്കയുമായി അടുപ്പം വന്നു.

തമിഴിലേക്ക്

'മിലേനിയം സ്‌റ്റാഴ്‌സി'ന്റെ ചിത്രീകരണത്തിന് ഹൈദരാബാദ് ഫിലിം സിറ്റിയിൽ പോയിരുന്നു. താമസിക്കുന്ന ഹോട്ടലിൽ വച്ച് രാധ-അംബിക സഹോദരിമാരിലെ അംബിക ചേച്ചി എന്നെകണ്ടു. ചേച്ചി എന്നെ വിളിപ്പിച്ചു. 'യൂ ആർ സോ ബ്യൂട്ടിഫുൾ. മലയാളത്തിൽ മാത്രമേ അഭിനയിക്കുന്നുള്ളോ' എന്നു ചോദിച്ചു.

'ഏതു ഭാഷയാണെങ്കിലും കുഴപ്പമില്ല ചേച്ചി.'" 'ഞാൻ പറയാം' എന്നു പറഞ്ഞ് പുള്ളിക്കാരി പോയി. ഞാനത് കാര്യമായി എടുത്തില്ല. പക്ഷേ, മനോജ് കുമാർ എന്ന സംവിധായകനോട് ചേച്ചി എന്നെക്കുറിച്ചു പറഞ്ഞു. 'അങ്ങെ വാനവിൽ’ എന്ന സിനിമയിലൂടെ ഞാൻ തമിഴിൽ അരങ്ങേറി.

'കമൽഹാസൻ പേസറേൻ'

തമിഴിൽ തിരക്കായപ്പോൾ എനിക്ക് ഒന്നുരണ്ട് നല്ല മലയാള സിനിമകൾ വേണ്ടെന്നു വയ്ക്കേണ്ടിവന്നു. 'തെങ്കാശിപ്പട്ടണം' അതിൽ ഒന്നാണ്. തമിഴിൽ രാജ്‌കമൽ മൂവീസിന്റെ തന്നെ ഒരു സിനിമ വേണ്ടെന്നു വച്ചു. ഒരു ദിവസം ഫോണിലേക്ക് ഒരു കോൾ വന്നു. നമ്പർ കാണിച്ചില്ല. ഫോൺ എടുത്ത് ഹലോ പറഞ്ഞപ്പോൾ അപ്പുറത്തു നിന്നൊരു ശബ്ദം:

'വണക്കം, കമൽഹാസൻ പേസറേൻ'

എന്റെ മനസ്സിൽ അന്നേരം 'ങേ! കമൽഹാസനോ! അദ്ദേഹം എന്തിനാ എന്നെ വിളിക്കുന്നത്?' വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇതിനു മുൻപ് 'തെന്നാലി' എന്ന ചിത്രം തിരുവനന്തപുരത്തെ പത്മനാഭ തിയറ്ററിൽ പ്രദർശിപ്പിച്ചപ്പോൾ കമൽ സാർ വന്നിരുന്നു. അന്ന് ജയറാമേട്ടൻ വഴി ഞാൻ അദ്ദേഹത്തെ പരിചയപ്പെടുകയും എന്റെ പേരുമാറ്റത്തിന്റെ കാരണം ഗുണ ആണെന്നു പറയുകയും ചെയ്ത‌ിരുന്നു.

മാധവൻ നായകനാകുന്ന ഒരു സിനിമയിലേക്കു വേണ്ടിയാണ് കമൽ സാർ വിളിച്ചത്. ഓസ്ട്രേലിയയിൽ വച്ചാണ് ചിത്രീകരണം. പക്ഷേ, വേറെ രണ്ടു സിനിമകൾ നടക്കുന്നതുകൊണ്ട് എനിക്കതു വേണ്ടെന്നുവ‌യ്ക്കേണ്ടി വന്നു. പക്ഷേ, അതിൽ മാധവന്റെ തമിഴ് അൽപം മലയാളം കലർന്നതാണ്. എന്റെ വീട്ടിൽ സംസാരിക്കുന്നത് അത്തരം തമിഴാണ്. അതുകൊണ്ട് കമൽസാറിനൊപ്പം ഒന്നര മാസത്തോളം ഭാഷാ സഹായിയായി ഞാൻ ആ സിനിമയിൽ പ്രവർത്തിച്ചു. ഫോണിലൂടെ അദ്ദേഹം ദിവസവും ഓരോ സീനും വായിച്ചു കേൾപ്പിക്കുമായിരുന്നു. അതു കഴിഞ്ഞപ്പോഴേക്കും ഞങ്ങൾക്കിടയിൽ ചെറിയൊരു സൗഹൃദം വളർന്നു. പിന്നീട് 'വിരുമാണ്ടി'യിലേക്ക് അദ്ദേഹം തന്നെയാണ് എന്നെ വിളിച്ചത്. സംവിധായകനും നായകനും അദ്ദേഹം തന്നെയായിരുന്നു

kamal-abhirami

തേവർമകനിലെ രേവതിച്ചേച്ചിയുടെ കഥാപാത്രത്തെപ്പോലൊരു കഥാപാത്രം എന്നാണ് എന്നോടു പറഞ്ഞിരുന്നത്. നന്നായി കഷ്‌ടപ്പെടേണ്ടിവരും. ധൈര്യമുണ്ടെങ്കിൽ മുന്നോട്ടു പോകാം - എന്നു പറഞ്ഞു. ഞാൻ ഒന്നും ആലോചിക്കാതെ സമ്മതം മൂളി. അദ്ദേഹത്തിന് പൊതുവേ മലയാളി അഭിനേതാക്കളോടും സാങ്കേതികപ്രവർത്തകരോടും വലിയ ബഹുമാനമുണ്ട്.

garudan-pooja-2

ഇടവേളയെടുത്ത് യുഎസിലേക്ക്

തിരക്കുകൾ കാരണം എനിക്കു പ്രീഡിഗ്രി പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഞാൻ മൂന്നു മാസം സിനിമയിൽനിന്ന് ഇടവേള എടുത്തു. പ്രൈവറ്റ് ആയി ഒരു ടീച്ചറെ വച്ച് പഠിച്ചാണ് പരീക്ഷ എഴുതിയത്. അന്ന് എന്റെ കൂടെ പരീക്ഷ എഴുതിയവരെക്കെ 40ഉം 50ഉം വയസ്സുള്ള ആളുകളാണ്. ഒരു ഓട്ടോക്കാരൻ ചേട്ടനാണ് എന്റെ അടുത്തിരുന്നത്. എനിക്ക് അദ്ദേഹത്തെ നല്ല ഓർമയുണ്ട്. പുള്ളി എന്റെയടുത്ത് ഫിസിക്‌സ് പരീക്ഷയിൽ ഒരു ചോദ്യത്തിന്റെ ഉത്തരം ചോദിച്ചു. ഞാൻ പറഞ്ഞുകൊടുത്തു. അത് രസമുള്ള ഒരു അനുഭവം ആയിരുന്നു. യുഎസിലെ ആദ്യ ആറു മാസം ശരിക്കും കഷ്‌ടപ്പാടായിരുന്നു. അച്‌ഛനും അമ്മയും അടുത്തില്ല. എന്റെ മുറിയിൽ വേറെയും മൂന്നു കുട്ടികൾ. ഒറ്റക്കുട്ടിയായി വളർന്നതുകൊണ്ട് അത്രയും കാലം ഞാൻ ഒന്നും പങ്കുവച്ച് ശീലിച്ചിട്ടില്ല. അതിനുമുൻപുള്ള ആറു വർഷം ഞാനൊരു പുസ്തകം പോലും തൊട്ടിട്ടില്ല. സെറ്റിലേക്കുള്ള ഓട്ടം മാത്രമായിരുന്നു. ഇത് . അറിയാത്ത സ്‌ഥലം, പരിചയമില്ലാത്ത സംസ്‌കാരം, ഭക്ഷണം, കാലാവസ്‌ഥ. എന്റെ കൂടെ മലയാളി പോയിട്ട് ഒരു ദക്ഷിണേന്ത്യക്കാരൻ പോലും ഉണ്ടായിരുന്നില്ല. ദിവസവും കരച്ചിലായിരുന്നു. പതിയെ നല്ല കൂട്ടുകാരെ കിട്ടി. കോളജ് ഓഫ് വൂസ്‌റ്ററിൽ സൈക്കോളജി ആൻഡ് കമ്യൂണിക്കേഷൻ ആണ് ഞാൻ പഠിച്ചത്. പിന്നെ അവിടെ ജോലി കിട്ടി.

വീണ്ടും കമൽഹാസൻ

2013ൽ 'വിശ്വരൂപ'ത്തിന്റെ ഡബ്ബിങ്ങിനു വേണ്ടി കമൽ സാർ വിളിച്ചപ്പോഴാണ് ഞാൻ ഇന്ത്യയിലേക്ക് തിരിച്ചു വന്നത്. 2014ൽ വീണ്ടും 'അപ്പോത്തിക്കിരി' എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ അഭിനയത്തിലേക്കു തിരിച്ചുവന്നു. അപ്പോഴും ഞാൻ യുഎസിലാണ് താമസിച്ചിരുന്നത്. 2021ൽ ആണ് പൂർണമായും ഇന്ത്യ യിലേക്കു തിരിച്ചെത്തിയത്. മണിരത്നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്' എന്ന ചിത്രത്തിലാണ് ഇനി അഭിനയിക്കുന്നത്. കമൽ സാറാണ് മുഖ്യവേഷത്തിൽ എത്തുന്നത്. 20 വർഷത്തിനു ശേഷം അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ പോകുന്നു എന്നത് വലിയ സന്തോഷം തരുന്നു. 2024 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം:

English Summary:

Chat with Abhirami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com