ADVERTISEMENT

യശ്വന്ത് കിഷോർ സംവിധാനം ചെയ്ത തമിഴ് സിനിമ കണ്ണഗിയുടെ പ്രത്യേക പ്രദർശനം ചെന്നൈയിൽ നടക്കുകയാണ്. സിനിമ തീർന്നതിനുശേഷം താരങ്ങളും അണിയറപ്രവർത്തകരും പ്രേക്ഷകർക്കു മുമ്പിലെത്തി. അവരുമായുള്ള സംഭാഷണം പുരോഗമിക്കുന്നതിന് ഇടയിൽ സദസിൽ നിന്നൊരാൾ എണീറ്റു നിന്നു പറഞ്ഞു, 'എനിക്ക് നദി എന്ന കഥാപാത്രം ചെയ്ത ആ പെൺകുട്ടിയെ കെട്ടിപ്പിടിക്കണം' എന്ന്! അതുവരെ നിശബ്ദയായി മറ്റു താരങ്ങൾക്കിടയിൽ നിൽക്കുകയായിരുന്നു കണ്ണഗിയിൽ നദിയെ അവതരിപ്പിച്ച ഷാലിൻ സോയ. അപ്രതീക്ഷിതമായി ലഭിച്ച പ്രേക്ഷകസ്നേഹം കണ്ടപ്പോൾ ശാലിൻ പൊട്ടിക്കരഞ്ഞു. ആ ഒരു നിമിഷത്തെ അമ്പരപ്പും സന്തോഷവുമായിരുന്നില്ല ആ കരച്ചിലിൽ നിറഞ്ഞൊഴുകിയത്. അതിനുമപ്പുറം ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് ശാലിൻ സോയ പറയുന്നു. എന്തുകൊണ്ട് മലയാളത്തിൽ നായിക ആയില്ല? സിനിമയിൽ ഇടവേളകൾ സംഭവിച്ചതെങ്ങനെ? മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ശാലിൻ സോയ തുറന്നു പറയുന്നു. അഭിമുഖത്തിലേക്ക്:  

പ്രേക്ഷകർ നൽകിയ സിംഗിൾ പോസ്റ്റർ

വികാരനിർഭരമായ പ്രതികരണങ്ങളാണ് കണ്ണഗിക്കു ലഭിക്കുന്നത്. ആ സിനിമയിൽ നദി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയിലെ നാലു കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാൾ. സമൂഹത്തിന്റെ നിയമങ്ങളെ വകവയ്ക്കാതെ ജീവിക്കുന്ന പെൺകുട്ടിയാണ് നദി. ഇവരെന്താണ് ഇങ്ങനെയെന്നു പ്രേക്ഷകർക്കു തോന്നുന്ന തരത്തിലുള്ള പ്രകൃതമുള്ള ഒരു പെൺകുട്ടി. ട്രെയിലറിലും ടീസറിലും അത്തരത്തിലുള്ള രംഗങ്ങളുണ്ട്. അതുകൊണ്ടു തന്നെ, സിനിമയുടെ റിലീസിനു മുമ്പെ ആ കഥാപാത്രത്തെക്കുറിച്ച് പലരും ചോദിച്ചു. പ്രേക്ഷകർ എന്റെ കഥാപാത്രത്തെ ഏറ്റവും ഒടുവിലാകും ഇഷ്ടപ്പെടുക എന്നൊൊരു തോന്നലായിരുന്നു സിനിമയുടെ അണിയറപ്രവർത്തകർക്കുണ്ടായിരുന്നത്. 

പക്ഷേ, ഒട്ടും പ്രതീക്ഷിക്കാതെ എന്റെ കഥാപാത്രത്തെ പ്രേക്ഷകർ ശ്രദ്ധിച്ചു. അതിനെക്കുറിച്ചു സംസാരിച്ചു. എന്റെ കഥാപാത്രം സ്ക്രീനിൽ വന്നപ്പോൾ കയ്യടിച്ചു. ഒടുവിൽ എന്റെ ചിത്രം വച്ചൊരു സിംഗിൾ പോസ്റ്റർ വരെ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ഇറക്കേണ്ടി വന്നു. ആദ്യം അങ്ങനെയൊരു പോസ്റ്റർ അവരുടെ പ്ലാനിൽ ഇല്ലായിരുന്നു. കാരണം, തമിഴിൽ ഞാനൊരു പുതുമുഖമാണ്. കണ്ണഗി എന്റെ രണ്ടാമത്തെ ചിത്രമാണ്. കൂടെ അഭിനയിച്ച കീർത്തി പാണ്ഡ്യൻ, അമ്മു അഭിരാമി, വിദ്യ പ്രദീപ് എന്നിവരൊക്കെ തമിഴിൽ കഴിവു തെളിയിച്ച താരങ്ങളാണ്. അതുകൊണ്ട്, ഈ അംഗീകാരം ഏറെ സ്പെഷലാണ്. 

shaalin-zoya-3

കെട്ടിപ്പിടിച്ചപ്പോൾ ഞാൻ കരഞ്ഞു പോയി

ഫസ്റ്റ് ഷോ കാണാൻ ഞാൻ പോയത് ഒറ്റയ്ക്കായിരുന്നു. കൂടെ അഭിനയിച്ച താരങ്ങൾക്കൊപ്പം വലിയൊരു ടീം തന്നെ വന്നിരുന്നു. പ്രദർശനത്തിനു ശേഷം പ്രേക്ഷകരുമായി ചെറിയൊരു സംവാദം ഉണ്ടാകുമെന്നു പറഞ്ഞിരുന്നു. അങ്ങനെ സിനിമ കഴിഞ്ഞു. വലിയ കയ്യടിയോടെയാണ് സിനിമ സ്വീകരിക്കപ്പെട്ടത്. പ്രേക്ഷകരുമായുള്ള സംവാദത്തിന്റെ സമയമായപ്പോൾ, പ്രേക്ഷകരുടെ ഇടയിൽ നിന്നു ഒരു കുട്ടി എണീറ്റു നിന്ന് എന്നെ ചൂണ്ടി പറഞ്ഞു, നദി എന്ന കഥാപാത്രം ചെയ്ത ആ പെൺകുട്ടിയെ എനിക്ക് കെട്ടിപ്പിടിക്കണം എന്ന്! അവർ ഓടി വന്നു കെട്ടിപ്പിടിച്ചപ്പോൾ ഞാൻ വന്ന വഴികളൊക്കെ ഓർമയിലേക്കെത്തി. അതെല്ലാം ആലോചിച്ചിട്ടാണ് ഞാൻ കരഞ്ഞു പോയത്. 

പെർഫോമൻസ് കൊടുക്കാൻ പറ്റുന്ന വേഷങ്ങൾ എനിക്കു അങ്ങനെ കിട്ടാറില്ല. എന്റെ റിയൽ ജീവിതവുമായി യാതൊരു സാമ്യതകളും ഇല്ലാത്ത കഥാപാത്രമാണ് കണ്ണഗിയിലെ നദി. മദ്യപിക്കുന്നതും പുകവലിക്കുന്നതും മാത്രമല്ല, ചില സാഹചര്യങ്ങളിൽ പ്രതികരിക്കുന്നതുപോലും ഞാനെന്ന വ്യക്തിക്ക് ചിന്തിക്കാൻ കഴിയാത്തതാണ്. അങ്ങനെയുള്ള കഥാപാത്രത്തെ വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കുക എന്നതായിരുന്നു ഞാൻ നേരിട്ട വെല്ലുവിളി. സിഗരറ്റിന്റെ മണം എനിക്ക് ഒട്ടും ഇഷ്ടമല്ല. പക്ഷേ, ചെയ്തത് ഒരു ചെയിൻ സ്മോക്കറുടെ കഥാപാത്രവും. അതിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പിന്നെ, എനിക്കു പെർഫോം ചെയ്യാൻ കിട്ടിയ അവസരമല്ലേ? അതു നന്നായി വരാൻ വേണ്ടി പരിശ്രമിച്ചു.

ആ രംഗങ്ങൾ അവർ ഒഴിവാക്കി

ഞാൻ ചെയ്ത ചില രംഗങ്ങൾ സിനിമയിൽ വന്നില്ല. അഞ്ചോളം രംഗങ്ങൾ സിനിമയിൽ നിന്ന് കട്ട് ആയി പോയിട്ടുണ്ട്. തനി ഒരുവൻ, ആയിരത്തിൽ ഒരുവനൊക്കെ ക്യാമറ ചെയ്ത രാംജിയായിരുന്നു ക്യാമറ. അദ്ദേഹം അടക്കമുള്ള അണിയറപ്രവർത്തകർ കയ്യടിച്ച രംഗങ്ങൾ വരെ സിനിമയിൽ നിന്നൊഴിവാക്കി. അതിൽ നല്ല വിഷമമുണ്ട്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ കരുതിയിരുന്നത് എന്റെ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിക്കില്ല എന്നായിരുന്നു. കാരണം, തമിഴിൽ ഞാനൊരു പരിചിതമുഖമല്ല. പക്ഷേ, ആദ്യ ഷോ മുതൽ എന്റെ കഥാപാത്രത്തിനു കിട്ടുന്ന കയ്യടിയും അഭിനന്ദനങ്ങളും അണിയറ പ്രവർത്തകരെ മാറ്റി ചിന്തിപ്പിച്ചു. അത്രയും രംഗങ്ങൾ കട്ട് ആയി പോയിട്ടും ആ കഥാപാത്രത്തെ പ്രേക്ഷകർ ഇഷ്ടപ്പെട്ടു എന്നത് വലിയ സർപ്രൈസ് ആയിരുന്നു. അങ്ങനെയാണ് എനിക്ക് സിംഗിൾ പോസ്റ്റർ കിട്ടിയത്. അതെനിക്ക് ഇമോഷനലായിരുന്നു. പ്രേക്ഷകപ്രതികരണത്തിലൂടെ ഒരു പോസ്റ്റർ കിട്ടുക എന്നു പറയുന്നത് ശരിക്കും ഇമോഷനലാണ്. 

shalin-zoya-onam-special-photoshoot-goes-viral

സിലക്ടീവ് ആയതല്ല

20 വർഷമായി സിനിമയിൽ വന്നിട്ട്.  ഇപ്പോഴും ഞാനൊരു പുതുമുഖമായി നിൽക്കുന്നത് വിഷമമുള്ള കാര്യമാണ്. മലയാളത്തിൽ ഞാനിതു വരെ ഒരു നായിക കഥാപാത്രം ചെയ്തിട്ടില്ല. എന്നെ വിളിച്ചിട്ടുമില്ല. തമിഴിലാണ് നായികയായി അഭിനയിച്ചിട്ടുള്ളത്. തമിഴിലെ എന്റെ രണ്ടാമത്തെ സിനിമയാണ് കണ്ണഗി. എന്നെ നായികയായി കണ്ടതു പോലും തമിഴിലാണ്. മലയാളത്തിൽ എനിക്ക് അങ്ങനെയൊരു അവസരം ഇതുവരെ ലഭിച്ചിട്ടില്ല. ഞാൻ സിലക്ടീവ് ആയതുകൊണ്ടു സംഭവിച്ചതല്ല അത്. പലരും പറയും നിങ്ങൾ കഴിവുള്ള ആർട്ടിസ്റ്റാണ്. കാണാൻ നല്ല ഭംഗിയുണ്ട്, എന്നൊക്കെ. എന്നാൽപ്പിന്നെ നിങ്ങൾക്കു വിളിച്ചൂടെ എന്നു ചോദിച്ചാൽ, അതു പറ്റില്ലെന്നു പറയും. ഇതാണ് അവസ്ഥ. എനിക്കതിന്റെ യുക്തി ഇതുവരെ മനസിലായിട്ടില്ല. എന്നെ സംബന്ധിച്ച് സിനിമയാണ് എല്ലാം. അതുകൊണ്ടാണ്, സംവിധാനം എന്നൊക്കെ പറഞ്ഞ്, ഞാൻ ഈ പരിസരത്തു തന്നെ ചുറ്റിക്കറങ്ങുന്നത്. സിനിമയല്ലാതെ വേറൊന്നും ചെയ്യാൻ എനിക്ക് അറിയില്ല. കണ്ണഗി കണ്ടിട്ട്, എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞ ആ മേഡത്തോട് എനിക്ക് വലിയ കടപ്പാടുണ്ട്. കാരണം, അവരുടെ ആ പ്രവൃത്തിയാണ് എനിക്ക് ഇത്രയെങ്കിലും ശ്രദ്ധ നേടിത്തന്നത്. അവർ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ ഞാൻ വന്ന വഴികളും, നേരിട്ട അവഗണനകളും ഓർമ വന്നു. ഒരുപാട് അനുഭവങ്ങളുണ്ട്. അതെല്ലാം പറഞ്ഞാൽ, ഈ സംസാരം ട്രാജഡിയാകും. അത്രയ്ക്കു ഞാൻ അനുഭവിച്ചിട്ടുണ്ട്.

shalin-zoya

ഇവരെയൊക്കെ ആരാ വണ്ടിയിൽ കയറ്റിയതെന്നു ചോദിച്ചു

ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നല്ല ഞാൻ പറഞ്ഞത്. ആർടിസ്റ്റ് എന്ന രീതിയിൽ എനിക്ക് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വിശുദ്ധൻ, മല്ലു സിങ് തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ച ആർടിസ്റ്റ് ആയിട്ടും ഒരിക്കൽ ഒരു ഔട്ട്ഡോർ ഷൂട്ടിൽ സെറ്റിലെ കാരവനിൽ നിന്ന് എന്നെ ഇറക്കി വിട്ടിട്ടുണ്ട്. ഇത് ആർടിസ്റ്റുകൾക്ക് ഇരിക്കാനുള്ള കാരവനാണ്.. ഇറങ്ങിപ്പോകണം എന്നു പറഞ്ഞാണ് എല്ലാവരുടെയും മുമ്പിൽ വച്ച് ഇറക്കി വിട്ടത്. വേറൊരു സിനിമാ സെറ്റിൽ നടന്ന സംഭവം പറയാം. തിരിച്ചു പോകാൻ ഒറ്റ വണ്ടിയേ ഉള്ളൂ. എന്നോട് ഡയറക്ടറുടെ വണ്ടിയിൽ കേറാൻ പ്രൊഡക്‌ഷനിൽ നിന്നു പറഞ്ഞു. ഡയറക്ടറുടെ വണ്ടിയിൽ കയറാമോ എന്നു ഞാൻ ചോദിച്ചെങ്കിലും കുഴപ്പമില്ല, കയറിക്കോളൂ എന്നാണ് പ്രൊഡക്‌ഷനിൽ പറഞ്ഞത്. ഞാനും അമ്മയും ഉണ്ടായിരുന്നു. പക്ഷേ, ഡയറക്ടർ ദേഷ്യപ്പെട്ടു. ആരാണ് ഇവരോടൊക്കെ ഈ വണ്ടിയിൽ കയറാൻ പറഞ്ഞതെന്നു ചോദിച്ചു. കരഞ്ഞുകൊണ്ടാണ് അന്ന് അവിടെ നിന്ന് ഇറങ്ങിയത്. ഞാൻ മാത്രമാണെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷേ, എന്റെയൊപ്പം അമ്മയും ഉണ്ടായിരുന്നു. അമ്മ–അച്ഛൻ എന്നിവരെയൊക്കെ ഇമോഷനൽ ആയിട്ടല്ലേ കാണുന്നത്. 

shaalin-zoya-mother
അമ്മയ്‌ക്കൊപ്പം ശാലിൻ

ഞാൻ മരിച്ചിട്ടില്ലല്ലോ, പരിശ്രമം തുടരും

നിങ്ങളൊന്നും എവിടെയും എത്തില്ല... നിങ്ങളെയൊന്നും ആർക്കും വേണ്ട... പുച്ഛം... അതൊക്കെ മനസിൽ മിന്നി തെളിഞ്ഞു. തോൽവി എന്നത് നമ്മൾ മനസിൽ തീരുമാനിക്കുന്നിടത്താണ് സംഭവിക്കുന്നത്. കാരണം, മരണം വരെ നമുക്ക് ശ്രമിക്ക് അവസരമുണ്ട്. എന്റെ പത്തു പതിനെട്ടു വയസ്സിൽ തന്നെ മോശം അനുഭവങ്ങളുടെ കൊടുമുടിയിൽ ഞാനെത്തിയിരുന്നു. എല്ലാം വിട്ടെറിഞ്ഞിട്ട് ഞാൻ പോയതുമാണ്. പക്ഷേ, എനിക്ക് അതിനു കഴിയില്ല എന്നതാണ് സത്യം. ഞാൻ ജീവനോടെ ഉണ്ടല്ലോ. കുഴപ്പമില്ലാത്ത ശരീരവും ശ്രമിക്കാനുള്ള മനസും ഉണ്ടല്ലോ. ഞാൻ മരിച്ചിട്ടില്ലല്ലോ. അതാണ് വസ്തുത. എന്റെ മരണം വരെ ഞാൻ ശ്രമിക്കും. ആത്യന്തികമായി നമുക്ക് നമ്മളേയുള്ളൂ. ഞാൻ എന്നെ കൈവിട്ടാൽ പിന്നെ ആരാണ് എനിക്കു വേണ്ടിയുണ്ടാവുക? ലോകം മൊത്തം ഞാൻ ഒന്നുമാവില്ലെന്നു ആവർത്തിച്ചു പറഞ്ഞാലും എന്റെയുള്ളിലൊരു മനുഷ്യനുണ്ടല്ലോ. അതാണ്. എനിക്ക് എന്നെ കൈവിടാൻ പറ്റില്ല. 

English Summary:

Exclusive chat with Shaalin Zoya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com