ADVERTISEMENT

ബാലചന്ദ്ര മേനോന്‍ എഴുപതാം പിറന്നാള്‍ ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന്‍റെ ആയുരാരോഗ്യത്തിനു വേണ്ടി പ്രാർഥിക്കുകയാണ് പ്രിയ ശിഷ്യനും സംവിധായകനുമായ വിജി തമ്പി. ഒപ്പം, മേനോൻ സാർ അടുത്ത സിനിമയിൽ അഭിനയിക്കാന്‍ വിളിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും കുസൃതി നിറഞ്ഞ ചിരിയോടെ തമ്പി പറയുന്നു. അഞ്ചു വർഷമായിരുന്നു ബാലചന്ദ്ര മേനോനൊപ്പം അസിസ്റ്റന്‍റായും അസോഷ്യേറ്റായും പ്രവർത്തിച്ചത്. ഈ അഞ്ചു വർഷത്തിനിടെയാണ് ‘പ്രശ്നം ഗുരുതരം’ മുതൽ ‘അച്ചുവേട്ടന്‍റെ വീട്’ വരെയുളള ചിത്രങ്ങൾ പുറത്തിറങ്ങിയത്. ഗുരുശിഷ്യ ബന്ധത്തിനപ്പുറം വളർന്ന വ്യക്തിബന്ധമാണ് ഇരുവരും തമ്മിലുളളത്. ബാലചന്ദ്ര മേനോന്‍ സപ്‍തതി ആഘോഷിക്കുമ്പോൾ അദ്ദേഹത്തെപ്പറ്റിയുള്ള ഓർമകള്‍ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് വിജി തമ്പി.

അസോഷ്യേറ്റായാലും ഡയറക്ടറെപ്പോലെ

കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് സിനിമ ഒരു ഉപജീവനമാർഗമായി സ്വീകരിക്കണമെന്ന ആഗ്രഹത്തോടെയാണ് അസിസ്റ്റന്‍റ് ഡയറക്ടറാകാന്‍ നടന്നത്. ഒരു കുടുംബസുഹൃത്താണ് ബാലചന്ദ്ര മേനോനെ എനിക്കു പരിചയപ്പെടുത്തുന്നത്. അദ്ദേഹം അന്ന് തിരക്കുളള സംവിധായകനാണ്. എങ്ങനെയെങ്കിലും പുളളിക്കാരന്‍റെ അസിസ്റ്റന്‍റാകാൻ ഒരുപാട് പേർ കാത്തിരിക്കുകയാണ്. ഒരു സിനിമിയിൽ മാത്രമേ അവസരം നൽകാൻ പറ്റൂ, ഒരുപാട് പേരുണ്ടെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്. ആ സിനിമ കഴിഞ്ഞപ്പോൾ അതോടെ തീർന്നുവെന്നാണ് ഞാൻ കരുതിയത്. പക്ഷേ അദ്ദേഹം എന്നെ ഫോണിൽ വിളിച്ചു. തമ്പി ഇനി എന്‍റെ കൂടെ നിന്നേക്ക്, പെര്‍മനന്‍റ് അസിസ്റ്റന്‍റാകൂവെന്ന് പറഞ്ഞു. എന്റെ ജോലിയിലെ ആത്മാർഥത കൊണ്ടാണോ ദൈവാനുഗ്രഹം കാരണമാണോ അതെന്ന് എനിക്കറിയില്ല. പിന്നീട് അസോഷ്യേറ്റ് ഡയറക്ടറായെങ്കിലും ഡയറക്ടറെപ്പോലെ തന്നെയായിരുന്നു. അദ്ദേഹം അഭിനയിക്കുമ്പോൾ നമ്മൾ തന്നെയാണ് സംവിധാനം ചെയ്യുന്നത്. ഷോട്ട് കഴിഞ്ഞ ശേഷം ഓക്കെയാണോ എന്നൊക്കെ അദ്ദേഹം ചോദിക്കും.

ആദ്യ ചിത്രത്തിനു തുണയായി

എന്‍റെ അടുത്ത സുഹൃത്തായിരുന്നു സംവിധായകൻ കമൽ. ഞങ്ങൾ ഒരുമിച്ചായിരുന്നു ‘ഈ വഴി മാത്രം’ എന്ന ചിത്രത്തിൽ സഹസംവിധായകരായി പ്രവർത്തിച്ചത്. ഞങ്ങൾ തമ്മിൽ ഒരു തീരുമാനമുണ്ടായിരുന്നു. ആര് ആദ്യം സിനിമ ചെയ്താലും മറ്റെയാൾ അസിസ്റ്റന്‍റ് ആകുമെന്ന്. കമൽ ആയിരുന്നു ആദ്യം സിനിമ ചെയ്തത്. മിഴിനീർപ്പൂക്കളായിരുന്നു ആദ്യ ചിത്രം. പിന്നീട് ഉണ്ണികളേ ഒരു കഥ പറയാം എന്ന സിനിമയും ചെയ്തു. ഇവയിൽ രണ്ടിലും ഞാൻ അസോഷ്യേറ്റായി വർക്ക് ചെയ്തിരുന്നു. ഈ സമയത്താണ് ഒരു സിനിമ സംവിധാനം ചെയ്യാനുളള അവസരം ലഭിക്കുന്നത്. 

മോഹൻലാലിനെ വച്ചായിരുന്നു സിനിമ ചെയ്യാൻ തീരുമാനിച്ചത്. ഞാൻ എന്‍റെ ഗുരുവായ ബാലചന്ദ്ര മേനോനോട്‌ ഇക്കാര്യം പറഞ്ഞു. അദ്ദേഹം എന്നെ അനുഗ്രഹിച്ചു. കമൽ ആ സമയത്ത് മറ്റൊരു സിനിമയുടെ തിരക്കിലായിരുന്നു. നല്ല അഭിപ്രായം പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ആ സിനിമ നടന്നില്ല. സാമ്പത്തിക പ്രശ്നം കാരണം മുടങ്ങി. വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു ഞാൻ. ആ സമയത്താണ് ബാലചന്ദ്ര മേനോൻ സാർ എന്നെ വിളിക്കുന്നത്. അദ്ദേഹത്തിന്‍റെ സിനിമ സംവിധാനം ചെയ്യാൻ തന്നു. ഞെട്ടിപ്പോയ നിമിഷമായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു.

അദ്ദേഹത്തിന്‍റെ രണ്ടു സുഹൃത്തുക്കളാണ് ‘ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്’ എന്ന ചിത്രം നിർമിച്ചത്. ബാലചന്ദ്ര മേനോൻ തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതിയതും പ്രധാന കഥാപാത്രമായി അഭിനയിച്ചതും. എന്നാൽ അദ്ദേഹം തിരക്കഥയിൽ സ്വന്തം പേര് വച്ചില്ല. കാരണം തന്‍റെ പേര് വച്ചാൽ തമ്പി എന്ന പുതിയ സംവിധായകനെ ആരും ശ്രദ്ധിക്കില്ല. ബാലചന്ദ്ര മേനോന്‍റെ സിനിമയിൽ മറ്റൊരാളുടെ പേര് എന്ന് മാത്രമേ വരുകയുള്ളു. അതുകൊണ്ട് അതു വേണ്ട എന്ന് അദ്ദേഹം തന്നെ പറയുകയായിരുന്നു. കള്ളപ്പേരിലാണ് ആ തിരക്കഥ എഴുതിയത്. മൂന്ന് ഡേവിഡ്‍മാരുടെ കഥയാണ് ചിത്രം പറഞ്ഞത്. അദ്ദേഹത്തിന്‍റെ സ്ഥിരം ശൈലിയില്‍നിന്നു മാറിയുളള സിനിമയായിരുന്നു അത്. അതുകൊണ്ട് ഒരു സംവിധായകൻ എന്ന നിലയിൽ ആദ്യ സിനിമ തന്നെ എനിക്കൊരു മേൽവിലാസമുണ്ടാക്കിത്തന്നു.

അച്ചുവേട്ടന്റെ വീട് സിനിമയിൽ സംവിധായകനായ ബാലചന്ദ്രമേനോന്‍, സഹസംവിധായകനായ വിജി തമ്പി, ക്യാമറാമാൻ രാമചന്ദ്രബാബു എന്നിവർ. രാമചന്ദ്രബാബുവിൻറെ ശേഖരത്തിൽ നിന്ന്
അച്ചുവേട്ടന്റെ വീട് സിനിമയിൽ സംവിധായകനായ ബാലചന്ദ്രമേനോന്‍, സഹസംവിധായകനായ വിജി തമ്പി, ക്യാമറാമാൻ രാമചന്ദ്രബാബു എന്നിവർ. രാമചന്ദ്രബാബുവിൻറെ ശേഖരത്തിൽ നിന്ന്

എന്തുണ്ടെങ്കിലും അദ്ദേഹത്തോടു ചോദിക്കും

ഗുരുവിനോടൊപ്പം ആദ്യ ചിത്രം ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് കാണുന്നത്. ‘അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ’, ‘സത്യമേവ ജയതേ’, ‘നമ്മൾ തമ്മിൽ’ തുടങ്ങി എന്‍റെ മൂന്നു ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ആദ്യമായി സാർ അഭിനയിച്ച സീരിയലും എന്‍റേതായിരുന്നു. ‘അച്ചുവേട്ടന്‍റെ വീട്’ ഉൾപ്പെടെ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. സാറിന് ദേശീയ അവാർഡ് കിട്ടിയ ‘സമാന്തരങ്ങൾ’ എന്ന സിനിമയിൽ പ്രധാന വേഷം അവതിപ്പിക്കാൻ കഴിഞ്ഞു. ഒടുവിൽ സംവിധാനം ചെയ്ത ‘എന്നാലും ശരത്’, ‘ഞാൻ സംവിധാനം ചെയ്യും എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. എന്തു കാര്യമുണ്ടെങ്കിലും അദ്ദേഹത്തോടു ചോദിച്ചിട്ടേ ഞാൻ ചെയ്യൂ. കഴിഞ്ഞ ദിവസവും ഫോണിൽ ഒരുപാട് നേരം സംസാരിച്ചിരുന്നു. സമകാലീന സംഭവങ്ങളെപ്പറ്റിയും ഇന്നത്തെ സിനിമയെ കുറിച്ചുമൊക്കെ ഞങ്ങൾ സംസാരിക്കും.

എന്നാലും ശരത് എന്ന സിനിമയുടെ ഷൂട്ടിംഗ് വേളയിൽ സംവിധായകനായ ബാലചന്ദ്രമേനോൻ ചിത്രത്തിൽ അഭിനയിക്കുന്ന വിജി തമ്പിയോടൊപ്പം
എന്നാലും ശരത് എന്ന സിനിമയുടെ ഷൂട്ടിംഗ് വേളയിൽ സംവിധായകനായ ബാലചന്ദ്രമേനോൻ ചിത്രത്തിൽ അഭിനയിക്കുന്ന വിജി തമ്പിയോടൊപ്പം

രോഗത്തെ അതിജീവിച്ച കാലം

 രോഗത്തിന്‍റെ പിടിയിലായ സമയത്ത് പൂർണമായും സാമൂഹിക ജീവിതത്തിൽനിന്നു മേനോന്‍ സാർ മാറിനിന്നു. ഞാനുമായിപ്പോലും രണ്ടോ മൂന്നോ വർഷം ഫോണിൽ പോലും സംസാരിച്ചില്ല. വിളിച്ചാൽ ഫോൺ എടുക്കാറേയില്ലായിരുന്നു. അദ്ദേഹത്തിന്‍റെ ആത്മധൈര്യം കൊണ്ടാണ് രോഗത്തെ അതിജീവിച്ചത്. പൂർണ ആരോഗ്യത്തോടെയും ഊർജസ്വലതയോടുമാണ് മേനോന്‍ സാർ തിരിച്ചുവന്നത്. അതിൽപ്പെട്ടുപോയ ഒരുപാട് പേരുണ്ടായിരുന്നു. സാറിന്‍റെ ഏറ്റവും അടുത്ത സുഹൃത്തായ വേണു നാഗവളളി പോലും ആ അസുഖത്തോടെയാണ് ലോകം വിട്ടുപോയത്.

ഓരോ ജില്ലയ്ക്കും ഓരോ ഡയറി

 ബാലചന്ദ്ര മേനോന്‍റെ ഏറ്റവും വലിയ ക്വാളിറ്റി ബന്ധങ്ങൾ സൂക്ഷിക്കാനുളള കഴിവാണ്. മൊബൈൽ ഫോണൊക്കെ വരുന്നതിനു മുൻപ് അദ്ദേഹത്തിന്‍റെ  കയ്യിൽ പത്ത് ഡയറിയെങ്കിലും ഉണ്ടാകും. ഓരോ ജില്ലയ്ക്കും പ്രത്യേകം ഡയറിയാണ്. തിരുവനന്തപുരത്തെ ഡയറിയിൽ അദ്ദേഹം അവിടെ വച്ച് ഒരിക്കലെങ്കിലും പരിചയപ്പെട്ട എല്ലാവരുടെയും നമ്പരുണ്ടാകും. തിരുവനന്തപുരത്ത് വന്നാൽ ഇവരെയെല്ലാം വിളിച്ച് സൗഹൃദം പുതുക്കും. മദ്രാസിനും ബോംബെയ്ക്കുമെല്ലാം ഓരോ ഡയറിയുണ്ട്. ഈ ബന്ധങ്ങളില്‍നിന്നാണ് റോസസ് ക്ലബ് എന്ന സംഘടന രൂപീകരിച്ചത്.

ശോഭനയോട് ദേഷ്യപ്പെട്ട് ബിസ്കറ്റ് വലിച്ചെറിഞ്ഞു

ജീവിതത്തിൽ ഒരിക്കൽ മാത്രമേ മേനോന്‍ സാറിനെ ദേഷ്യപ്പെട്ടു ഞാന്‍ കണ്ടിട്ടുളളൂ. ഏപ്രിൽ 18 ന്‍റെ ലൊക്കേഷനില്‍ ശോഭനയോടായിരുന്നു ആ ദേഷ്യപ്പെടൽ. എത്ര പറഞ്ഞിട്ടും ഡയലോഗ് ഡെലിവറി സീരിയസായി എടുക്കാത്തതു കണ്ടപ്പോൾ സാറിന് ദേഷ്യം വന്നു. കയ്യിലുളള ബിസ്കറ്റൊക്കെ വലിച്ചെറിഞ്ഞാണ് ദേഷ്യം പ്രകടിപ്പിച്ചത്. അഭിനയിച്ച് കാണിച്ചു കൊടുത്ത് ഓരോരുത്തരെയും ഗ്രൂം ചെയ്യുന്നതിൽ അദ്ദേഹത്തിനു പ്രത്യേക കഴിവുണ്ടായിരുന്നു.

പുളളി മനസ്സിൽ കാണുന്നതുപോലെ കൊണ്ടുവന്ന ശേഷം അവസാനമേ ടേക്ക് എടുക്കുകയുളളൂ. അതിനുവേണ്ടി ഒരുപാട് ബുദ്ധിമുട്ടാറുണ്ട്. നമുക്കൊന്നും അത്രയ്ക്ക് ക്ഷമയില്ല. അങ്ങനെയാണ് അദ്ദേഹം നിരവധി പുതുമുഖ നായികമാരെ കൊണ്ടുവന്നത്. ശോഭന ഏപ്രിൽ 18 ൽ അഭിനയിക്കുമ്പോൾ വലിയ പ്രായമൊന്നുമുണ്ടായിരുന്നില്ല. കുട്ടിത്തം വിട്ടുപോയിരുന്നില്ല എന്നതാണ് സത്യം. മേനോൻ സാറിന്‍റെ  ഭാര്യയായി സാരിയൊക്കെ ഉടുത്താണ് അഭിനയിച്ചത്. ആ കുട്ടി ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും അന്ന് സാരിയുടുത്തത്.

കാർത്തികയ്ക്ക് അഭിനയിക്കാൻ താൽപര്യമില്ലായിരുന്നു

 മേനോൻ സാറിന്‍റെ ‘ഒരു പൈങ്കിളിക്കഥ’യെന്ന സിനിമയിൽ ഒരു പാർട്ടി സീനുണ്ട്. സിനിമയിൽ പാർട്ടിയോ അത്തരത്തിലുളള സീനോ വരുമ്പോൾ സുഹൃത്തുക്കളെയും കുടുംബങ്ങളെയുമാകും അദ്ദേഹം വിളിക്കുക. അങ്ങനെ ക്യാപ്റ്റൻ നായര്‍ പാർട്ടിക്കു വന്നു. ഭാര്യയും രണ്ടു പെൺമക്കളും കൂടെണ്ടായിരുന്നു. അതിലൊരു പെൺകുട്ടിയായിരുന്നു കാർത്തിക. വളരെ സ്മാർട്ടായ അവളെ എല്ലാവരും ശ്രദ്ധിച്ചു. അതുകഴിഞ്ഞ് ‘മണിച്ചെപ്പ് തുറന്നപ്പോൾ’ എന്ന സിനിമയ്ക്ക് വേണ്ടി ഒരു ഹിന്ദി നടിയെയാണ് കൊണ്ടുവന്നത്. അവർക്ക് ഒരുതരത്തിലും മലയാളത്തിലെ ഒരക്ഷരം പോലും പറയാൻ പറ്റുമായിരുന്നില്ല. എത്ര ശ്രമിച്ചിട്ടും ഒരു രക്ഷയുമില്ലെന്നു കണ്ടപ്പോൾ അവരെ തിരിച്ചയച്ചു.

അങ്ങനെ എന്തുചെയ്യുമെന്നറിയാതെ ഇരിക്കുന്ന ഘട്ടത്തിലാണ് കാർത്തികയുടെ കാര്യം ഓർമ വന്ന് ക്യാപ്റ്റൻ നായരെ ഫോൺ വിളിക്കുന്നത്. കാർത്തികയ്ക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. ആ കുട്ടി അന്ന് ടെന്നിസിലൊക്കെ തിളങ്ങിനിൽക്കുന്ന സമയമാണ്. ഒടുവിൽ കാർത്തിക അഭിനയിക്കാൻ സമ്മതിച്ചു. ‘ഞാൻ ഇതല്ലാതെ ഇനിയൊരിക്കലും അഭിനയിക്കില്ല, എന്‍റെ ഫസ്റ്റ് ആൻഡ് ലാസ്റ്റ് ഫിലിം’ എന്നുപറഞ്ഞാണ് അഭിനയിച്ചത്. എന്നോട് ഇക്കാര്യം പലപ്പോഴും പറഞ്ഞിരുന്നു. പക്ഷേ അതുകഴിഞ്ഞ് പദ്മരാജൻ സാറിന്‍റെ  സിനിമയിൽ അഭിനയിച്ചതോടെ മലയാളത്തിലെ തിരക്കുളള നായികയായി കാർത്തിക മാറി. പാർവതി, ആനി ഉൾപ്പെടെ നിരവധിപ്പേരെ ഇങ്ങനെ വളർത്തിക്കൊണ്ടുവന്ന് തിരക്കുളള നായികമാരാക്കിയതില്‍ ബാലചന്ദ്ര മേനോന് വലിയ പങ്കുണ്ട്.

പത്രക്കെട്ടുകളുമായി ഷൂട്ടിങ് സെറ്റിൽ

 മലയാളത്തിലും ഇംഗ്ലിഷിലും ഇറങ്ങുന്ന ഒരുവിധം എല്ലാ പത്രങ്ങളും അദ്ദേഹം വരുത്തും. അതുമായിട്ടാകും രാവിലെ ഷൂട്ടിങ് സെറ്റിലെത്തുക. ഓരോ ഷോട്ട് കഴിയുന്ന ഗ്യാപ്പിലും ഓരോ പത്രവുമെടുത്ത് വായിക്കും. അദ്ദേഹത്തിന്‍റെ വായന കണ്ട് അദ്ഭുതം തോന്നിയിട്ടുണ്ട്. എല്ലാ വിഷയങ്ങളെപ്പറ്റിയും, ലോകത്തു നടക്കുന്ന എല്ലാക്കാര്യങ്ങളെപ്പറ്റിയും കൃത്യമായ ധാരണയുണ്ട്. അഗാധമായ വായനയും എല്ലാ വിഷയത്തിലും അപ്ഡേറ്റ് ആണെന്നതുമാണ് പ്രത്യേകത.

സിനിമകൾ വേണ്ടെന്നു വയ്ക്കുന്നത്

ബാലചന്ദ്ര മേനോന് അദ്ദേഹത്തിന്‍റേതായ ലോകമുണ്ട്. എഴുത്തിലും മറ്റു കാര്യങ്ങളിലുമൊക്കെ വ്യാപൃതനാണ്. ഈ പ്രായത്തിലും 24 മണിക്കൂറും ആക്ടീവാണ്. വെറുതേയിരിക്കുന്നത് കണ്ടിട്ടേയില്ല. സിനിമയിൽ അദ്ദേഹത്തിന് ചാൻസ് കുറയുന്നതല്ല. സിനിമകൾ അദ്ദേഹം വേണ്ടെന്നു വയ്ക്കുന്നതാണ്. പുളളിയ്ക്ക് താൽപര്യം തോന്നുന്ന കഥാപാത്രങ്ങൾ ആണെങ്കിൽ മാത്രമേ ചെയ്യുകയുളളൂ. പണ്ടും അങ്ങനെയാണ്.

പുതിയൊരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നതായി പറയുന്നത് കേട്ടു. വിശദാംശങ്ങൾ അറിയില്ല. സിനിമ ചെയ്യുമ്പോൾ എന്നെ അഭിനയിക്കാൻ വിളിക്കുമെന്നാണു കരുതുന്നത്. എഴുപതാം പിറന്നാൾ ആഘോഷിക്കുമ്പോൾ അദ്ദേഹത്തോട് ഒന്നും പറയാനില്ല, ദൈവത്തോടേ പറയാനുളളൂ. എല്ലാ നന്മകളും കൊടുത്ത് ഇനിയും ദീർഘായുസ്സോടെ, നമ്മുടെയൊക്കെക്കൂടെ അദ്ദേഹമുണ്ടാകട്ടെയെന്നാണ് ദൈവത്തോടു പ്രാർഥിക്കുന്നത്.

English Summary:

Viji Thampy about Balachandra Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com