ADVERTISEMENT

മല്ലയുദ്ധങ്ങളുമായി നാടു ചുറ്റുന്ന മലൈക്കോട്ടൈ വാലിബന്റെ മനസു കീഴടക്കിയ സ്വപ്നസുന്ദരി മാതംഗിക്ക് ആരുടെ മുഖമാകും ചേരുക? ഒരു ചിത്രകാരന്റെ കാൽപനികതയിൽ  വിരിയുന്ന അഴകളവുകളുള്ള അപ്സരസുന്ദരിയായ മാതംഗിയെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി കണ്ടെത്തിയത് മിനി സ്ക്രീനിൽ നിന്നാണ്. അങ്ങനെയാണ്, മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന മലൈക്കോട്ടൈ വാലിബനിൽ ഹ്രസ്വസുന്ദരമായ റൂമി കവിത പോലെ സുചിത്ര നായർ മാതംഗിയായത്. സ്വപ്നതുല്യമായ അവസരത്തിന്റെ വിസ്മയവും ആവേശവും പങ്കുവച്ച് സുചിത്ര നായർ മനോരമ ഓൺലൈനിൽ. 

സന്തോഷം, ചാരിതാർഥ്യം

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ മധു നീലകണ്ഠൻ സാറിന്റെ ഫ്രെയിമിൽ നിന്നപ്പോൾ തന്നെ വല്ലാത്ത സന്തോഷമായിരുന്നു. അത്രയും അതുല്യവും സൂക്ഷ്മവുമായാണ് അവർ ഓരോ ഫ്രെയിമും സെറ്റ് ചെയ്തെടുക്കുന്നത്. ആ പ്രയത്നവും കഠിനാധ്വാനവും ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. ഓരോ ഫ്രെയിമിനു പിന്നിലും ഒരുപാടു പേരുടെ കഷ്ടപ്പാടുണ്ട്. കുറച്ചു ഭാഗങ്ങളെ ഉള്ളൂവെങ്കിലും അത്രയും ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷവും ചാരിതാർഥ്യവുമുണ്ട്. 

മിനി സ്ക്രീൻ വഴി സിനിമയിലേക്ക്

ലിജോ സർ ബിഗ് ബോസിൽ കണ്ടാണ് എന്നെ വിളിക്കുന്നത്. എന്നെ ആ റിയാലിറ്റി ഷോയിൽ കണ്ടപ്പോൾ ടിനു പാപ്പച്ചനെ വിളിച്ചു കാണിച്ചു കൊടുത്തു. മാതംഗി എന്ന കഥാപാത്രത്തിന് ഓകെ ആണോ എന്നായിരുന്നു ചോദ്യം. കൊള്ളാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്റെ തലവര മാറ്റിയ സംഭാഷണമായിരുന്നു അത്. പിന്നീട്, നിർമാതാവും ലാലേട്ടനും അടങ്ങുന്ന ഒരു മീറ്റിങ്ങിൽ എന്നെക്കുറിച്ച് സംസാരിക്കുകയും അവർ ഓകെ പറയുകയും ചെയ്തതോടെ മലൈക്കോട്ടൈ വാലിബനിൽ എന്റെ റോൾ ഉറപ്പായി. 

suchithra-nair-2
ചിത്രത്തിനു കടപ്പാട്: അരുൺ കടയ്ക്കൽ ഫോട്ടോഗ്രഫി, www.instagram.com/bijuyoyo/

കട്ട് ചെയ്തു പോയ രംഗങ്ങൾ

രാജസ്ഥാനിൽ 15 ദിവസത്തെ ഷൂട്ടായിരുന്നു എനിക്കുണ്ടായിരുന്നത്. രാത്രിയായിരുന്നു എനിക്ക് കൂടുതൽ ഷൂട്ട്. നല്ല തണുപ്പാണ് അവിടെ. നല്ലോണം കഷ്ടപ്പെട്ടാണ് അതു ഷൂട്ട് ചെയ്തെടുത്തത്. വാലിബനെ അതിതീവ്രമായി പ്രണയിക്കുന്ന സ്ത്രീയാണ് മാതംഗി. ആ പ്രണയം വിരഹമാണ് അവർക്ക് സമ്മാനിക്കുന്നത്. അത് അവർക്കറിയാം. വാലിബൻ ഒരു ദിവസം തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് അവരെ ജീവിപ്പിക്കുന്നത്. ഇത്രയുമാണ് ആ കഥാപാത്രത്തിന്റെയുള്ളിൽ വേണ്ടതെന്ന് ലിജോ സർ പറഞ്ഞിരുന്നു.

suchithra-nair-mohanlal

വാലിബനും അതേ തീവ്രതയിൽ മാതംഗിയോടു പ്രണയമുണ്ട്. ഡാൻസറും കൊറിയോഗ്രാഫറുമായ ബിജു ധ്വനിതരംഗിന്റെ അമ്മ ശ്യാമള ആന്റിയും ലാലേട്ടനുമായിട്ടിരുന്നു എനിക്ക് കോംബിനേഷനുകൾ ഉണ്ടായിരുന്നത്. ഇപ്പോൾ സിനിമയിൽ കാണുന്ന രംഗങ്ങൾ കൂടാതെ വേറെയും സീനുകൾ ഷൂട്ട് ചെയ്തിരുന്നു. സിനിമയുടെ ദൈർഘ്യം കൂടുന്നതുകൊണ്ടാവാം അതൊന്നും വന്നില്ല. വാലിബൻ ഭക്ഷണം കഴിക്കുന്ന ഫോട്ടോ വൈറലായിരുന്നല്ലോ. അതൊരു സീൻ ആയി തന്നെ എടുത്തിരുന്നു.

suchithra-nair-6

ബുദ്ധിമുട്ട് പറഞ്ഞു, കോസ്റ്റ്യൂം മാറ്റി തന്നു

കോസ്റ്റ്യൂം ഡിപ്പാർട്ട്മെന്റിന് ആദ്യം എന്നോടൊരു വിഷമം തോന്നി. കാരണം, ആദ്യം ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ എനിക്ക് കംഫർട്ടബിൾ ആയിരുന്നില്ല. എനിക്ക് ആ കോസ്റ്റ്യൂം ബുദ്ധിമുട്ടാണെന്നു ഞാൻ തുറന്നു പറഞ്ഞു. പിന്നീട്, കുറെ മാറ്റങ്ങൾ വരുത്തിയാണ് ഇപ്പോൾ കാണുന്ന രൂപത്തിലായത്. ആദ്യം തന്ന കോസ്റ്റ്യൂം എനിക്ക് ബുദ്ധിമുട്ടാണെന്ന് ലിജോ സാറിനോട് ഞാൻ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് കോസ്റ്റ്യൂം മാറ്റി തന്നത്. സാറിന് വേണ്ടത് റിസൾട്ട് ആണ്.

suchithra-nair-34
ചിത്രത്തിനു കടപ്പാട്: www.instagram.com/bijuyoyo/

അദ്ദേഹം പറഞ്ഞു, "ഇവിടെ ആരും ശരീരം കാണിക്കാൻ വേണ്ടി വസ്ത്രം ധരിക്കണ്ട. അതിന് ഒരിക്കലും ആർടിസ്റ്റിനെ നിർബന്ധിക്കണ്ട. ആർടിസ്റ്റിന് കംഫർട്ടബിൾ ആകുകയും ആ കഥാപാത്രത്തിന് യോജിക്കുകയും ചെയ്യുന്ന വേഷം മതി. അല്ലാതെ ശരീരം കാണിക്കാൻ വേണ്ടിയുള്ള വസ്ത്രങ്ങൾ വേണ്ട," എന്ന്. അഭിനയത്തിന്റെ കാര്യത്തിൽ മാത്രമേ സാറിന് നിർബന്ധങ്ങൾ ഉള്ളൂ. ലിജോ സാറിന് വേണ്ടത് അദ്ദേഹം ആർടിസ്റ്റിനെക്കൊണ്ട് ചെയ്യിപ്പിച്ചെടുക്കും. അതിനു വേണ്ടി എത്ര ടേക്ക് വേണമെങ്കിലും പോകാൻ മടിയില്ല.  

suchithra-nair-lijo

കാണാതെ പോയാൽ നഷ്ടം മലയാളത്തിന്

ലിജോ ജോസ് പെല്ലിശ്ശേരിയെപ്പോലുള്ള പ്രതിഭാധനനായ ഒരു സംവിധായകൻ ഇത്തരമൊരു സിനിമയുമായി വരുമ്പോൾ വെറുതെ കുറ്റം പറയാതെ അതു കാണാനുള്ള മനസെങ്കിലും പ്രേക്ഷകർ കാണിക്കണം. മറ്റുള്ളവരുടെ അഭിപ്രായം കേട്ട് സിനിമ കാണാതെ പോയാൽ നഷ്ടം മലയാള സിനിമയ്ക്കാണ്. ഇതുപോലുള്ള പരീക്ഷണ ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടാകാതെ പോകും. ഈ സംവിധായകർ മറ്റു ഭാഷകളിലേക്ക് ചുവടു മാറും. അവരെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ മറ്റു ഇൻഡസ്ട്രികൾ തയാറാണ്. മലയാളികൾക്കിപ്പോഴും അവരെ അംഗീകരിക്കാൻ മടിയാണ്. 

suchithra-nair1

വിമർശനങ്ങളെ ഭയക്കുന്നില്ല

ലിജോ സാറിന്റെ സിനിമയിൽ അഭിനയിക്കുക എന്നതു തന്നെ വലിയ അനുഭവമാണ്. എന്റെ അരങ്ങേറ്റ ചിത്രം തന്നെ അദ്ദേഹത്തിനൊപ്പമായതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ട്. സിനിമ കണ്ട 98 ശതമാനം പേരും മാതംഗിയെക്കുറിച്ച് നല്ലതാണ് പറഞ്ഞത്. ബാക്കിയുള്ള രണ്ടു ശതമാനമാണ് വിമർശിച്ചത്. അതു സ്വാഭാവികമാണ്. വിമർശനങ്ങളെ ഭയക്കുന്നില്ല. അതിൽ നിന്നു നല്ലതു മാത്രമെടുക്കാം എന്നതാണ് എന്റെ രീതി. രണ്ടാം ഭാഗത്തെക്കുറിച്ച് അറിയില്ല. സാധാരണ പ്രേക്ഷകരെപ്പോലെ സിനിമ തിയറ്ററിൽ കണ്ടപ്പോഴാണ് അക്കാര്യം അറിയുന്നതു തന്നെ. ഞാനും കാത്തിരിക്കുന്നു. 

English Summary:

Chat with Suchithra Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com