ADVERTISEMENT

2015 ൽ ബാങ്ക് ജോലി രാജി വച്ച് മുംബൈയിൽനിന്നു നാട്ടിലേക്കു വണ്ടി കയറുമ്പോൾ ശ്യാം മോഹന്റെ മനസ്സിൽ സിനിമയുണ്ടായിരുന്നില്ല. ക്രിയേറ്റീവ് ആയി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായിരുന്നു ആ വഴി മാറി നടത്തത്തിനു പിന്നിൽ. അതിന്റെ പേരിൽ ഒരുപാട് ചീത്തവിളി കേട്ടിട്ടുണ്ട്. പക്ഷേ സ്വയം കണ്ടെത്താനുള്ള ശ്യാമിന്റെ അന്വേഷണങ്ങൾ അയാളിലെ അഭിനേതാവിനെയും എഴുത്തുകാരനെയും രാകിമിനുക്കിയെടുത്തു. ‘പൊൻമുട്ട’യിലെ ആ തമാശക്കാരനെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങി. പതിയെ സിനിമകൾ സംഭവിച്ചു. 

‘നിങ്ങളുടെ അഭിനയം വളരെ മോശമായിരുന്നു’- പ്രേമലു റിലീസ് ആയതിനുശേഷം ശ്യാം മോഹനെ കാണുന്നവരിൽ പലരും ഇങ്ങനെയാണ് പറയുക. ഒപ്പം, ചിരിച്ചു കൊണ്ട് ജസ്റ്റ് കിഡിങ് എന്ന് കൂട്ടിച്ചേർക്കും. ശ്യാം ചെയ്ത ആദി എന്ന കഥാപാത്രത്തിന് പ്രേക്ഷകരുടെ മനസിൽ അത്രയും ഇംപ്കാടുണ്ട്. ‘പ്രേമലു’വിലെ ആദിയായി ശ്യാം മോഹൻ കയ്യടി നേടുമ്പോൾ കഥകളേറെയുണ്ട് പറയാനും ഓർക്കാനും. സിനിമാ വിശേഷങ്ങളുമായി ശ്യാം മോഹൻ മനോരമ ഓൺലൈനിൽ.  

നല്ല വേഷത്തിന് കാത്തിരുന്നത് 9 വർഷം

ഒരു അഭിനേതാവ് എന്ന നിലയിൽ തിരിച്ചറിയപ്പെടാൻ ആറേഴു വർഷം വേണ്ടി വന്നു. ‘പ്രേമലു’ പോലെയൊരു സിനിമ സംഭവിക്കാൻ എനിക്ക് 9 വർഷം എടുത്തു. 2015 ലാണ് ഞാൻ ജോലി രാജി വയ്ക്കുന്നത്. ആ തീരുമാനമെടുത്തപ്പോൾ എല്ലാവരും ചോദിച്ചത് ഇവന് എന്തിന്റെ കേടാണെന്നാണ്! കാരണം, മുംബൈ പോലൊരു സിറ്റിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി പലരുടെയും സ്വപ്നമാണ്. ബന്ധുവീട്ടിൽ താമസിച്ചാണ് ഞാൻ ജോലിക്ക് പൊയ്ക്കൊണ്ടിരുന്നത്. പലർക്കും വാടക നൽകാൻ വലിയ തുക അവിടെ ചെലവഴിക്കേണ്ടി വരും. എനിക്ക് ആ ചെലവു പോലുമില്ല. 

mamita-shyam3

അന്ന് എന്റെ കൂടെ ജോലി ചെയ്തവർ ഇപ്പോൾ യുകെയിലും യുഎഇയിലുമെല്ലാം സെറ്റിൽഡ് ആണ്. ആ കോർപറേറ്റ് ജീവിതം സത്യത്തിൽ പ്രേമലുവിലെ കഥാപാത്രത്തിന് ഏറെ സഹായിച്ചു. തിരുവനന്തപുരമാണ് സ്വദേശം. ജോലി രാജി വച്ച് ഞാൻ പോയത് കൊച്ചിയിലേക്കാണ്. അവിടെ സിനിമയുടെ പ്രമോഷൻ പരിപാടികളുമായി കൂടി. അങ്ങനെയെങ്കിലും സിനിമാക്കാരെ കാണാനും പരിചയപ്പെടാനും പറ്റുമല്ലോ എന്നായിരുന്നു ചിന്ത. എന്റെ കസിൻ സീതാലക്ഷ്മി സിനിമകളുടെ പിആർ വർക്ക് ചെയ്യുന്ന ആളാണ്. അവർക്കൊപ്പമാണ് ഞാൻ കൊച്ചിയിൽ നിന്നത്. അവിടെ നിന്നാണ് എന്റെ ക്രിയേറ്റിവിറ്റി എന്താണെന്നൊക്കെ എക്സ്പ്ലോർ ചെയ്തത്. 

ട്രെൻഡായി ‘ജസ്റ്റ് കിഡിങ്’

premalu-team

ആദി എന്ന കഥാപാത്രം പറയുന്ന ‘ജസ്റ്റ് കിഡിങ്’ പ്രേക്ഷകർ ഏറ്റെടുത്തു. എന്നെ കാണുമ്പോഴേ ആളുകൾ ആദി ചെയ്യുന്നതു പോലെ കൈ കൊണ്ട് ആ ആക്‌ഷൻ കാണിച്ചാണ് സംസാരിച്ചു തുടങ്ങുന്നത്. ജെകെ ചേട്ടൻ എന്നുള്ള പേരും വീണു. സോഷ്യൽ മീഡിയയിൽ വരുന്ന മെസേജുകളിലും നിറയെ 'ജസ്റ്റ് കിഡിങ്' ആണ്. ആദ്യം പറയും, നിങ്ങളുടെ അഭിനയം വളരെ മോശമായിരുന്നെന്ന്! എന്നിട്ടു പറയും, 'ജസ്റ്റ് കിഡിങ്'! മീമുകളിലേക്കും ഈ ഡയലോഗ് കയറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഫോട്ടോയിൽ ഈ ഡയലോഗ് വച്ചൊരു മീം കണ്ടു. ട്രോളുകളിലും മീമുകളിലും കയറിക്കൂടുന്ന ഡയലോഗുകളിലേക്ക് എന്റെ കഥാപാത്രത്തിന്റെ ഡയലോഗും വന്നതിൽ വളരെ സന്തോഷം. പലരും സിനിമ കാണാൻ രണ്ടാമതും എത്തുന്നുണ്ട്. ആളുകൾ സിനിമ ഇഷ്‌പ്പെടുന്നു. അത്ര പെട്ടെന്ന് അംഗീകരിക്കാത്ത ആളുകളാണ് തിരുവനന്തപുരംകാർ. അവിടെനിന്നു പോലും നല്ല റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. എന്നെക്കുറിച്ചു മാത്രമല്ല, എല്ലാവരെക്കുറിച്ചും നല്ലതു മാത്രമേ പറയുന്നുള്ളൂ. അതെല്ലാം സന്തോഷമുള്ള കാര്യങ്ങളാണ്. 

mamita-shyam

മിസ്റ്റർ പെർഫെക്ട് വില്ലനായപ്പോൾ

ഓഡിഷൻ സമയത്ത് ആദി എന്ന കഥാപാത്രത്തിന്റെ പ്രാധാന്യം അറിയില്ലായിരുന്നു. ഞാൻ ചെയ്ത വർക്കുകൾ ഗിരീഷ് കണ്ടിട്ടുണ്ട്. അങ്ങനെയാണ് അദ്ദേഹം എന്നെ ഓഡിഷനു വിളിക്കുന്നത്. ഓഡിഷൻ എനിക്ക് ടെൻഷനാണ്. കാരണം, റിയൽ ലൈഫിൽ ഞാനൊരു ഉൾവലിഞ്ഞ പ്രകൃതക്കാരനാണ്. ഓഡിഷൻ പാനലിനു മുൻപിൽ പെർഫോം ചെയ്യുക എന്നത് പേടിയായിരുന്നു. എങ്കിലും പോയി. സിനിമയിലെ തന്നെ രണ്ടു മൂന്നു സീനുകൾ ചെയ്യാൻ തന്നു. അതു കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം എന്നെ വിളിച്ചു പറഞ്ഞു, ആദി ചെയ്യുന്നത് ഞാനാണെന്ന്! പിന്നീട്, സ്ക്രിപ്റ്റ് വായിച്ചപ്പോഴാണ് ഇതൊരു വമ്പൻ പരിപാടിയാണെന്നും അൽപം ബുദ്ധിമുട്ടുള്ളതാണെന്നും മനസ്സിലാക്കുന്നത്. ഡാൻസുണ്ട്, ഫൈറ്റുണ്ട്. ഇതൊന്നും മുമ്പ് ഞാൻ ചെയ്തിട്ടില്ല. വില്ലനാണോ എന്നു ചോദിച്ചാൽ ആണ്. പക്ഷേ, അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ അയാൾ മിസ്റ്റർ പെർഫെക്ട് ആണ്. കാഴ്ചയിൽ മാന്യനാണെങ്കിലും ഉള്ളിലൊരു ടോക്സിക് മനുഷ്യനാണ്. റിഹേഴ്സലൊക്കെ കഴിഞ്ഞപ്പോൾ ആ കഥാപാത്രത്തിലേക്ക് ശരിക്കും കയറാൻ പറ്റി. 

premalu-45

ഗിരീഷിന്റെ പ്രതികരണം അറിയും വരെ ടെൻഷൻ

എനിക്ക് ഏറെ ഇഷ്ടമുള്ള, എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ള സംവിധായകനാണ് ഗിരീഷ്. ഞങ്ങൾ പൊൻമുട്ട സീരീസ് ചെയ്യുന്ന സമയത്താണ് തണ്ണീർമത്തൻ ദിനങ്ങൾ റിലീസ് ചെയ്യുന്നത്. പൊന്മുട്ടയുടെ എഴുത്തിൽ ഞാനും ഒരു ഭാഗമായിരുന്നു. തണ്ണീർമത്തനിൽ നിന്ന് ഊർജമുൾക്കൊണ്ടു ചെയ്ത പൊൻമുട്ടയുടെ എപ്പിസോഡിന് വലിയ റീച്ച് കിട്ടി. ഓഡിഷനു ചെന്നപ്പോഴാണ് ഗിരീഷിനെ നേരിൽ കണ്ടത്. അതിനു മുൻപേ അറിയാമെങ്കിലും നേരിൽ കണ്ടിരുന്നില്ല. ആദി എന്ന കഥാപാത്രത്തെക്കുറിച്ച് കൃത്യമായ ഇൻപുട്ട് ഗിരീഷ് തന്നിരുന്നു. സിനിമയിൽ ആദിയുടെ ഫസ്റ്റ് ഷോട്ട് തന്നെയായിരുന്നു ‘പ്രേമലു’വിൽ എന്റെയും ആദ്യ ഷോട്ട്. ആ സീൻ കഴിഞ്ഞപ്പോൾ ഞാൻ സെറ്റിലെ ആളുകളുടെ ഇൻപുട്ട് എടുക്കുന്നുണ്ടായിരുന്നു. ഗിരീഷ് ഓകെ ആണോയെന്ന് നേരിട്ടു ചോദിക്കാൻ പേടിയായിരുന്നു. അതുകൊണ്ട്, സ്പോട്ട് എഡിറ്ററോട് ചോദിച്ചു. അവരൊക്കെ ഒരു ടീമാണ്. ഗിരീഷിന് സംഗതി വർക്കായോ എന്ന് കൃത്യമായി അവരോടു ചോദിച്ചാൽ അറിയാം. അവരിൽ നിന്നു നല്ല പ്രതികരണങ്ങൾ കിട്ടിയപ്പോൾ ഞാൻ കൂൾ ആയി. 

gopika-shyam2
ഭാര്യ ഗോപികയ്‌ക്കൊപ്പം

ജീവിതത്തിൽ ഡാൻസ് കളിച്ചിട്ടില്ല

ഞാൻ ഇതുവരെ ഡാൻസ് കളിക്കാൻ സ്റ്റേജിൽ കയറാത്ത ആളാണ്. പക്ഷേ, സിനിമയിൽ കൃഷ്ണന്റെ രാസലീല പോലൊരു സീക്വൻസ് ദേവരാഗത്തിലെ പാട്ടു വച്ച് ചെയ്യാനുണ്ടായിരുന്നു. നീലവെളിച്ചമൊക്കെ ചെയ്ത ശ്രീജിത്ത് മാസ്റ്ററായിരുന്നു കൊറിയോഗ്രാഫർ. ആദ്യം കൊച്ചിയിൽ റിഹേഴ്സലുണ്ടായിരുന്നു. പിന്നെ ഹൈദരാബാദിലും പ്രാക്ടീസ് ചെയ്തു. മമിതയും അഖിലയുമൊക്കെ നല്ല ഡാൻസേഴ്സ് ആണ്. അവർക്കൊപ്പം പിടിച്ചു നിൽക്കണ്ടേ? ആദി മിസ്റ്റർ പെർഫെക്ട് ആയതുകൊണ്ട്, കോമാളിത്തരം ചെയ്യാൻ പറ്റില്ല. പ്രാക്ടീസ് ചെയ്തപ്പോൾ എനിക്കും ആത്മവിശ്വാസം വന്നു. ഫൈനൽ റിഹേഴ്സൽ കാണാൻ നസ്‌ലിനും സംഗീതും വന്നിരുന്നു. എനിക്ക് ഡാൻസ് അറിയില്ലെന്നു പറഞ്ഞാൽ വിശ്വസിക്കില്ലെന്ന് അവർ പറഞ്ഞു. അതും ഊർജമായി. സെറ്റിൽ എല്ലാവരും സുഹൃത്തുക്കളായതിനാൽ ഒട്ടും ചളിപ്പ് തോന്നിയില്ല. ജൂനിയർ ആർടിസ്റ്റുകളൊക്കെ സെറ്റിലുണ്ടായിരുന്നു. ഡാൻസിന്റെ ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾത്തന്നെ അവരെല്ലാവരും കയ്യടിച്ചു. അതോടെ ആത്മവിശ്വാസമായി. മാസ്റ്ററും നന്നായി സപ്പോർട്ട് ചെയ്തു. 

gopika-shyam
ഭാര്യ ഗോപികയ്‌ക്കൊപ്പം

ഗോപിക എന്റെ ഭാഗ്യദേവത

സ്മ്യൂളിൽ പാടിക്കൊണ്ടിരുന്ന സമയത്താണ് ഗോപികയെ പരിചയപ്പെടുന്നത്. അപ്പോൾ മുതൽ എനിക്ക് കട്ട സപ്പോർട്ടായി കൂടെയുണ്ട്. എന്റെ സ്വപ്നങ്ങളും പരിപാടികളും നന്നായി അറിയുന്ന ആളാണ്. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം ആയതേയുള്ളൂ. സുഹൃത്തുക്കൾ പറയും എന്റെ ഭാഗ്യദേവത ഗോപികയാണെന്ന്! കാരണം, എന്റെ മേജർ വർക്കുകളെല്ലാം പുറത്തു വന്നത് വിവാഹത്തിനു ശേഷമാണ്. നൈറ്റ്കോൾ എന്നൊരു ഷോർട്ട്ഫിലിമിൽ അഭിനയിച്ചിരുന്നു. എനിക്കൊരു സീരിയസ് റോൾ ചെയ്യാൻ പറ്റുമെന്ന് ആളുകൾ തിരിച്ചറിഞ്ഞത് അതിലൂടെയാണ്. സോനു ആയിരുന്നു സംവിധാനം. പ്രൊഡ്യൂസർ മിഥുൻ മാനുവൽ തോമസും. നൈറ്റ്കോൾ കണ്ടിട്ടാണ് എനിക്ക് 18 പ്ലസ് എന്ന സിനിമ കിട്ടുന്നത്. ഒരുപാടു പേർ ശ്രദ്ധിച്ച വേഷമായിരുന്നു ആ ചിത്രത്തിലേത്. ലൊക്കേഷനിൽ ചെന്നാൽ ഒരു ആർടിസ്റ്റിനോടെന്ന പോലെ പെരുമാറിത്തുടങ്ങിയത് ആ ചിത്രം മുതലാണ്. 

ജോലി രാജി വച്ച് അനിശ്ചിതത്വത്തിലേക്ക്

ഒരുപാട് സ്ഥലത്ത് മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്. വിളിച്ച് റോളുണ്ടെന്ന് പറയുക, പിന്നെ കാഷ്വലായി വിളിച്ച്, അതില്ലെടാ എന്നു പറയുക. ഓഫർ ചെയ്തതിനുശേഷം മാറ്റി നിർത്തുക, ചില സ്ഥലങ്ങളിൽ പോകുമ്പോൾ സംസാരിക്കാൻ മുഖം തരാതെ നിൽക്കുക അങ്ങനെ പല അനുഭവങ്ങളുണ്ട്. അങ്ങനെ ചെയ്തവരിൽ ചിലരെല്ലാം പ്രേമലു കണ്ടതിനുശേഷം വിളിച്ചു. കടന്നുവന്ന കാലമെല്ലാം ഇങ്ങനെ ഓർമയിലേക്കു വരും. ശരിയായ സമയത്ത് ശരിയായ ഇ‌ടത്ത് ഉണ്ടാവുക എന്നതാണ് ഒരു ആർടിസ്റ്റിനെ സംബന്ധിച്ച് പ്രധാനം. എന്റെ യാത്ര വളരെ അപകടകരമായിരുന്നു. കാരണം, വളരെ സുരക്ഷിതമായ ജോലിയുണ്ടായിരുന്ന ഒരാളായിരുന്നു ഞാൻ. 

18plus
18 പ്ലസ് എന്ന സിനിമയിൽ നിന്നും

മുംബൈയിൽ സിറ്റി ബാങ്കിൽ നല്ല ശമ്പളത്തിൽ ജോലിയുണ്ടായിരുന്നു. പക്ഷേ, ഞാൻ അതിൽ ഹാപ്പിയായിരുന്നില്ല. കലാപരമായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു മനസ്സിൽ. എന്ത്, എങ്ങനെ എന്നൊന്നും അറിയുന്നുണ്ടായിരുന്നില്ല. സിനിമ എന്ന ഒരു ഫോക്കസ് പോലുമുണ്ടായിരുന്നില്ല. ഞാൻ എന്നെത്തന്നെ പല തരത്തിൽ പരിശീലിപ്പിക്കുകയായിരുന്നു. അങ്ങനെ ജോലി രാജി വച്ചു കൊച്ചിയിലേക്കു വണ്ടി കയറി. എന്റെ യാത്ര മറ്റുള്ളവർക്ക് അനുകരണീയമല്ലെന്നു പറയുന്നത് അതുകൊണ്ടാണ്. 

സിനിമയിൽ അഭിനയിക്കണമെന്നു പറഞ്ഞിറങ്ങിയ ആളല്ല ഞാൻ. ക്യാമറയുടെ മുൻപിൽ ഒരു ലുക്ക് കൊടുക്കണമെങ്കിൽത്തന്നെ ചില പഠനങ്ങൾ ആവശ്യമുണ്ട്. അതെല്ലാം, യുട്യൂബിൽനിന്നും പൊന്മുട്ടയിൽ നിന്നുമെല്ലാം ഞാൻ ആർജിച്ചെടുത്തതാണ്. അങ്ങനെ ചെയ്തു ചെയ്താണ് ഒടുവിൽ സിനിമയിലെത്തിയത്. അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടുനടക്കുന്നവർ അവനവനെ പരിശീലിപ്പിക്കാനും സമയം കണ്ടെത്തണം. അല്ലെങ്കിൽ ക്യാമറയ്ക്കു മുൻപിലെത്തുമ്പോൾ ഒരു ഡയലോഗ് പോലും പറയാനാകാതെ പലരെയും ബുദ്ധിമുട്ടിക്കേണ്ടി വരും.

പുതിയ സിനിമകൾ

തമിഴിൽ രാജ്കമൽ ഫിലിംസിന്റെ ബാനറിൽ ശിവകാർത്തികേയൻ സാറിന്റെ സിനിമയിൽ അഭിനയിച്ചു. സായ് പല്ലവിയുടെ സഹോദരന്റെ വേഷമാണ്. രണ്ടു പേരുമായും കോംബിനേഷനുണ്ട്. ഷൂട്ട് പൂർത്തിയായി. അതു വലിയൊരു അനുഭവമായിരുന്നു. ‘ഗെറ്റ് സെറ്റ് ബേബി’ എന്ന വിനയ് ഗോവിന്ദിന്റെ സിനിമയും ചെയ്യുന്നുണ്ട്. ഇതാണ് പുതിയ പ്രോജക്ടുകൾ. 

English Summary:

Chat with Shyam Mohan M

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com