ADVERTISEMENT

മോഹൻലാൽ ചിത്രം ‘മലൈക്കോട്ടെ വാലിബനി’ൽ മാങ്ങാട്ടു കളരിക്കു മുന്നിൽ തളർന്നു കിടക്കുന്ന മല്ലൻ, ഒരുകാലത്ത് മലയാള സിനിമകളിലെ സ്ഥിരം വില്ലനായിരുന്നു എന്നറിഞ്ഞതോടെ ആ പഴയ വില്ലൻ ഇത്രയും കാലം എവിടെയായിരുന്നു എന്ന അന്വേഷണമായിരുന്നു സോഷ്യൽ മീഡിയയിൽ. ഗോഡ്ഫാദർ, മഹായാനം, ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് പരിചിതനാണ് വിനോദ് കോഴിക്കോട്. സിനിമയിൽ നിന്നും മാറി നിൽക്കാനുണ്ടായ കാരണത്തെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് മനോരമ ഓൺലൈനിന്റെ ‘ഓർമയുണ്ടോ ഈ മുഖം’ എന്ന പരുപാടിയിലൂടെ വിനോദ് കോഴിക്കോട്.

എവിടെയായിരുന്നു ഇത്രയും കാലം​
 

സിനിമയിൽ നിന്നും കുറച്ചുകാലം ഇടവേളയെടുത്തിരുന്നു. പക്ഷേ, പൂർണമായും മാറി നിന്നുവെന്ന് പറയാൻ കഴിയില്ല. ചില വേഷങ്ങൾ ചെയ്തിരുന്നു. പടം കിട്ടാത്തതുകൊണ്ടല്ല  ഇടവേളയെടുത്തത്. സിനിമയിൽ വന്ന് കുറച്ചു കാലം കഴിഞ്ഞപ്പോഴാണ് വിവാഹിതനാകുന്നത്. മക്കളൊക്കെ ആയി കഴിഞ്ഞപ്പോൾ കുറച്ചു കാലം അവർക്കുവേണ്ടി മാറ്റിവെച്ചതാണ്. ഞാൻ ഒരു സിനിമാ നടൻ മാത്രമല്ലല്ലോ, അച്ഛൻ കൂടിയല്ലേ. നീ നിന്റെ നല്ലൊരു കരിയർ നശിപ്പിച്ചുവെന്ന് പലരും പറയാറുണ്ട് പക്ഷേ എനിക്കങ്ങനെ തോന്നിയിട്ടില്ല. അച്ഛൻ എന്ന നിലയിൽ മക്കളെ നല്ല നിലയിൽ എത്തിക്കാൻ സാധിച്ചതാണ് ഏറ്റവും വലിയ സന്തോഷം. 

മോഹൻലാലിനെയൊക്കെ പരിചയമുണ്ടായിട്ടും സിനിമയൊന്നും കിട്ടാറില്ലേ

വാലിബൻ ഇറങ്ങിയപ്പോൾ ഞാൻ കുറേ കാലത്തിന് ശേഷം സിനിമയിലേക്ക് മടങ്ങി വന്ന ഫീലാണ് എല്ലാവർക്കും. പക്ഷേ ഞാൻ സിനിമയിൽ തന്നെ ഉണ്ടായിരുന്നു. ആമേനും ജെല്ലിക്കെട്ടുമടക്കം ലിജോയുടെ  3 സിനിമകളിൽ അഭിനയിച്ചിരുന്നു. സിനിമയിൽ ഇല്ലായിരുന്നുവെന്ന ധാരണ എല്ലാവർക്കുമുണ്ട്. ഒരിക്കൽ ‘അമ്മ’യുടെ മീറ്റിങ്ങിൽ വെച്ചു കണ്ടപ്പോൾ ലാൽ തന്നെ എന്നോട് ചോദിച്ചിട്ടുണ്ട് ഇയാളെ ഇപ്പോൾ സിനിമയിലൊന്നും കാണാറില്ലല്ലോ എന്താ ഇപ്പോൾ പരുപാടിയെന്ന്. സിനിമയിൽ ഉള്ളതുകൊണ്ടാണല്ലോ ‘അമ്മ’യുടെ മീറ്റിങ്ങിനു വന്നത് എന്നായിരുന്നു എന്റെ മറുപടി. ലാലിനെ പോലെയുള്ളവർ പരിചയക്കാരായുണ്ടായിട്ടും സിനിമയൊന്നും കിട്ടാറില്ലേ എന്നു ചോദിക്കുന്നവരുമുണ്ട്. എനിക്ക് സിനിമയുണ്ടാക്കി തരുന്നതല്ലല്ലോ അവരുടെ ജോലി. അവർ അവരുടെ ജോലി ചെയ്യുന്നു അത്രേയുളളു..

‘മോഹൻലാൽ മീശ പിരിച്ചു വരുമെന്ന് ആരും പറഞ്ഞിട്ടില്ല’

വാലിബനിലെ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തതിൽ സന്തോഷമുണ്ട്. ചെറിയ വേഷമാണെന്നാണ് ആദ്യം വിളിച്ചപ്പോൾ എന്നോട് പറഞ്ഞത്. ഷൂട്ട് ചെയ്തപ്പോൾ ഇത്രയും ആഴത്തിലുള്ള കഥാപാത്രമാണെന്ന് കരുതിയിരുന്നില്ല. ഡബ്ബ് ചെയ്തപ്പോഴാണ് എന്റെ കഥാപാത്രം ഒരു ടേണിങ് പോയിന്റാണെന്ന് മനസിലായത്.  ചിലർ ഈ സിനിമയ്ക്കെെതിരെ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഈ കഥയും കഥയുടെ പശ്ചാത്തലവും മനസിലാക്കാത്തവരാണ് വിമർശിക്കുന്നത്. മോഹൻലാൽ മീശ പിരിച്ച് വരുമെന്ന് ആരും പറഞ്ഞിട്ടില്ല. അങ്ങനെ പ്രതീക്ഷിച്ചവർക്കാണ് തെറ്റുപറ്റിയത്

ഗോഡ്ഫാദറിലെ വില്ലൻ

ഞാൻ മുമ്പ് ചെയ്ത വേഷങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഗോഡ്ഫാദറിലെ വില്ലൻ വേഷമാണ്. തിലകൻ ചേട്ടനും എൻ.എൻ. പിള്ള സാറും അടക്കമുള്ള ലെജൻഡ്സ് നിറഞ്ഞു നിൽക്കുന്ന ഫ്രെയിം. ഇവരുടെയൊക്കെ സാന്നിധ്യവും ആ സിനിമ പറയുന്ന വിഷയവുമാണ് ആ വിജയത്തിന് കാരണം. "ഇത് കടലീന്ന് മീൻ വാരണ കയ്യാ, നാറും" എന്റെ ഈ ഡയലോഗിന് ‘ഇത് ഞാൻ ചന്തി കഴുകണ കയ്യാ നിന്നെ നാറ്റാൻ ഇതു മതി’ എന്ന തിലകൻ ചേട്ടൻ പറഞ്ഞ മറുപടിയാണ് ഏറ്റവും ഹിറ്റ്. ഭീമൻ രഘു ചെയ്യാനിരുന്ന ക്യാരക്ടറാണ് ഗോഡ്ഫാദറിൽ ഞാൻ ചെയ്തിരിക്കുന്നത്. അഞ്ഞൂറാന്റെ മകന്റെ റോളിൽ അഭിനയിക്കേണ്ടിയിരുന്ന നെടുമുടി വേണു ചേട്ടൻ ആ റോളിൽ നിന്നും മാറിയപ്പോൾ ഭീമൻ രഘു പകരക്കാരനായി. അങ്ങനെയാണ് ഭീമൻ രഘുവിന്റെ റോൾ എനിക്കു കിട്ടിയത്.

ജീവിതത്തിൽ നാട്യങ്ങളില്ലാത്ത നടനാണ് തിലകൻ ചേട്ടൻ. എൻ.എൻ. പിള്ള സാറും അതുപോലെ തന്നെയാണ്. അഭിനയത്തിന്റെ കാര്യത്തിൽ തുറക്കപ്പെടാത്ത ഒരു നിലവറയാണ് അദ്ദേഹം. സിനിമയിൽ ഇന്ന് കുറേ മാറ്റങ്ങൾ വന്നു. ആളുകൾ തമ്മിൽ ഇപ്പോൾ പഴയ ബന്ധമോ സഹകരണമോ ഒന്നുമില്ല. സെറ്റിൽ ഷോട്ട് കഴിഞ്ഞാൽ എല്ലാവരും സ്വന്തം കാരവനിൽ കയറിയിരിക്കും. കണ്ടാൽ ഒരു ഹായ് പറയും അത്രമാത്രം. പണ്ട് ഉച്ചഭക്ഷണമൊക്കെ കഴിഞ്ഞ് ഏതെങ്കിലും മരത്തണലിൽ കസേരയിട്ടിരുന്നു ഞങ്ങൾ പല കാര്യങ്ങൾ ചർച്ച ചെയ്യും. മഹായാനം, ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടിയൊക്കെ ഞങ്ങൾ ആസ്വദിച്ചു ചെയ്ത സിനിമകളാണ്.

ഭാര്യയുടെ മരണം തളർത്തി

ഭാര്യയും രണ്ടു മക്കളുമായിരുന്നു എന്റെ ലോകം. 4 മാസം മുമ്പ് ഭാര്യ മരിച്ചു. ഭാര്യ പോയപ്പോഴാണ് എന്റെ നട്ടെല്ല് അവളായിരുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞത്. ഞാൻ അഭിനയിക്കണമെന്നോ അഭിനയിക്കേണ്ട എന്നോ ഒന്നും അവൾ പറയുമായിരുന്നില്ല. ഞാൻ എത്ര ദിവസം മാറി നിന്നാലും എല്ലാക്കാര്യങ്ങളും ഒറ്റയ്ക്കു നോക്കി നടത്തുമായിരുന്നു. ഭാര്യ ജീവിച്ചിരുന്നപ്പോൾ ഒരു കാര്യവും ഞാൻ മൈൻഡ് ചെയ്തിരുന്നില്ല. അവളുടെ മരണം എന്നെ വല്ലാതെ തളർത്തി...

English Summary:

Chat with Vinod Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com