ADVERTISEMENT

ശിവാജി ഗണേശൻ എന്ന ഇതിഹാസ താരത്തിന്റെ പിറന്നാളിന്‌ പങ്കെടുക്കാൻ വന്ന നാലുവയസ്സുകാരി സുന്ദരിക്കുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കണം എന്ന് ആദ്യമായി പറഞ്ഞത്  നടികർ തിലകം ശിവാജിയായിരുന്നു. മീന എന്ന ആ കുട്ടിയുടെ ആദ്യ സിനിമ 1982 ൽ പുറത്തിറങ്ങിയ ‘നെഞ്ചങ്ങൾ’. അതേ വർഷം തന്നെ 4 സിനിമകൾ. പല ഭാഷകളിലായി ഇന്നും വിജയകരമായി തുടരുന്ന സിനിമാജീവിതം. മീനയുടെ പുതിയ സിനിമയും ജീവിതവും മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു ...

'അമ്മ പറയുന്നത് ചെയ്യുന്നു'

അമ്മയാണ് സിനിമയും കഥാപാത്രങ്ങളും തീരുമാനിച്ചിരുന്നത്. കുഞ്ഞായിരുന്നപ്പോൾ സിനിമയും അതിന്റെ പ്രസക്തിയും അറിയില്ലായിരുന്നു. ആറേഴു വയസായപ്പോൾ മുതൽ സിനിമ മനസിലായിത്തുടങ്ങി. സ്കൂളിൽ ചെന്നാൽ കൂട്ടുകാരുടെ അമ്മമാരും അച്ഛന്മാരും ഒക്കെ സിനിമയുടെ വിശേഷങ്ങൾ തിരക്കും അപ്പോഴാണ് സിനിമ എന്താണെന്നും ഞാൻ ഒരു ആർട്ടിസ്റ്റാണെന്നും മനസ്സിലായിത്തുടങ്ങിയത്. ഇക്കഴിഞ്ഞ വര്ഷമൊക്കെയും ഇഷ്ടത്തോടെ മാത്രമാണ് സിനിമ ചെയ്തത്. 

സൂപ്പർ ഹീറോകളുടെ 'കുട്ടിയും' 'കാമുകിയും' 

ആദ്യം നായകന്മാരെ ‘അങ്കിൾ’ എന്നും വിളിച്ചിട്ട് ഹീറോയിനായപ്പോൾ അവരെ ‘സർ’ എന്നും വിളിക്കേണ്ടി വന്നു. ആദ്യം കുറച്ച് വിഷമമൊക്കെ തോന്നിയിരുന്നു. പിന്നെ അത് സന്തോഷവും ആശയക്കുഴപ്പവും ചേർന്ന് തോന്നലുകളായിരുന്നു. എല്ലാം ഒരു പുതിയ അനുഭവമായിരുന്നു. ഞാൻ കൂടുതൽ സംസാരിക്കുന്ന ആളല്ല. ആരോടും കൂടുതൽ മിണ്ടാനൊന്നും പോയിരുന്നില്ല. അതുകൊണ്ടു തന്നെ പുതിയ കാര്യങ്ങളൊക്കെ വളരെ ശ്രദ്ധിച്ച് നിരീക്ഷീച്ച് പഠിക്കാൻ പറ്റി. എന്നിലെ നടിയെ വളർത്തിയത് ആ ശീലമാണ്.

meena-old

പടയപ്പയിലെ വില്ലത്തി 

മറ്റു ഭാഷകളിലും തിരക്കായപ്പോൾ അങ്ങനെയുള്ള പല റോളുകളും എനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്നു. അങ്ങനെ ഒഴിവാക്കിയിട്ടുള്ള സിനിമകൾ വലിയ ഹിറ്റാകുമ്പോൾ വിഷമവും തോന്നിയിട്ടുണ്ട്. പടയപ്പയിലെ രമ്യ കൃഷ്ണൻ ചെയ്ത കഥാപാത്രം അവതരിപ്പിക്കാൻ എന്നെ ക്ഷണിച്ചിരുന്നു. രജനികാന്ത് - മീന ജോഡി ഹിറ്റായ സമയമായിരുന്നു അത്. അപ്പോൾ ഇങ്ങനെ നെഗറ്റീവ് റോൾ ചെയ്യണോ എന്ന് അമ്മയ്ക്കു സംശയമായി. രജനിസാറിനും സംവിധായകനും അത് ശരിയാണെന്നു തോന്നി. അങ്ങനെയാണ് ആ റോൾ വേണ്ടെന്നുവച്ചത്. പിന്നീട് ആ സിനിമ വലിയ വിജയമായപ്പോൾ വിഷമം തോന്നിയിട്ടുമുണ്ട്. 

meena-daughter-3

അമ്മ കണ്ണൂരുകാരിയാണ് 

അമ്മ രാജമല്ലിക കുഞ്ഞായിരിക്കുമ്പോൾ മദ്രാസിലേക്ക് കുടിയേറിയവരാണ് കുടുംബം. അച്ചച്ചനും അമ്മമ്മയോടും അമ്മ സംസാരിച്ചിരുന്നത് മലയാളത്തിലാണ്. അപ്പോഴും എനിക്ക് മലയാളം അറിയില്ല. എന്റെ കൂട്ടുകാരെല്ലാം തമിഴും തെലുങ്കും സംസാരിക്കുന്നവരായിരുന്നു. അച്ഛൻ തെലുങ്കാണ് സംസാരിച്ചിരുന്നത്. സിനിമയിൽ വന്നിട്ടാണ് മലയാളം പഠിച്ചത്.

ചന്ദ്രോത്സവത്തിലെ ഇന്ദു 

എന്റെ സ്വഭാവത്തോടു ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രമാണത്. കൂടുതൽ സംസാരിക്കാത്ത ഇൻട്രോവേർട്ട് ആയിട്ടുള്ള കഥാപാത്രമായിരുന്നല്ലോ. ഞാൻ കൂടുതൽ സംസാരിക്കില്ല. പക്ഷേ ഇന്ദുവിന്റെ അത്ര ഇൻട്രോവേർട്ട് അല്ല. എങ്കിലും ഏകദേശം എന്റെ സ്വഭാവവുമായി ചേർന്നു നിൽക്കുന്ന ഒരു റോളായിരുന്നു അത്. വളരെ പാവവും സ്വീറ്റുമായിട്ടുള്ള ഒരു കഥാപാത്രമായിരുന്നല്ലോ. എനിക്കു തന്നെ എന്നെ ആ റോളിൽ കണ്ടപ്പോൾ വളരെ പാവമായി തോന്നി. ഡയറക്ടർ രഞ്ജിത്തിന് ആ റോളിനെപ്പറ്റി നല്ല ധാരണയുണ്ടായിരുന്നു. എങ്ങനെ ചെയ്യണം, എത്ര പെർഫോമൻസ് വരെ ആകാം എന്നൊക്കെ. 

meena-mammootty

ലാലേട്ടനും മമ്മൂക്കയും 

ലാൽ സാർ ഒരു ഭക്ഷണപ്രിയനാണ്. അതുപോലെതന്നെ ഹെൽത്ത് കോൺഷ്യസും. മമ്മൂക്ക ബോൾഡ് ആൻഡ് ബ്രേവ് ആണ്. മനസ്സിൽ തോന്നിയത് അതുപോലെ പറയും. വളരെ ഓപ്പൺ ആണ്. വളരെ നല്ല ക്യാരക്ടറാണ്. 

മീന
മീന

പഠിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു 

എംഎയും എംബിഎയും ഞാൻ ഡിസ്റ്റൻസായിട്ടാണ് പഠിച്ചത്. അല്ലാതെ പോയി പഠിക്കുവാനുള്ള സമയം ഉണ്ടായിരുന്നില്ല. അമ്മയ്ക്ക് എന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് നല്ല വിഷമം ഉണ്ടായിരുന്നു. അതുകൊണ്ടാണ് പ്രൈവറ്റായി പഠിക്കാൻ തീരുമാനിച്ചത്. 

ട്രെയിലറിൽ നിന്നും
ട്രെയിലറിൽ നിന്നും

ആനന്തപുരം ഡയറീസ്; പുതിയ സിനിമ 

ആദ്യമായിട്ടാണ് ഒരു വക്കീൽ കഥാപാത്രം ചെയ്യുന്നത്. കോളജ് സ്റ്റുഡന്റിന്റെ റോൾ ആണെന്നു കേട്ടപ്പോൾ സന്തോഷത്തെ തോന്നി. 40 വർഷത്തെ സിനിമാ കരിയറിൽ ആദ്യമായാണ് ഒരു കോളജ് സ്റ്റുഡന്റിന്റെ വേഷം ചെയ്യുന്നത്. 

ചിരിയുടെ മായാജാലം 

ചിരിക്കാൻ മാജിക്കൊന്നുമില്ല. സന്തോഷവും സങ്കടവുമെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. നമ്മൾ കടന്നു പോകുന്ന വിഷമങ്ങൾ പുറമേ കാണിക്കണമെന്നില്ല. കാഴ്ചക്കാർക്ക് ഞാൻ സെലിബ്രിറ്റിയാണ്. നമ്മുടെ ജീവിതത്തിൽ എന്ത് നടക്കുന്നു എന്ന് അവർക്ക് അറിയേണ്ട കാര്യമില്ലല്ലോ. അപ്പോൾ പ്രേക്ഷകരുടെ മുൻപിൽ സന്തോഷത്തോടെ ഇരിക്കുക. അതാണ് ഞാൻ ചെയ്യുന്നതും.

meena-daughter

ധനുഷും ഞാനും 

അങ്ങിനെയൊരു വാർത്ത എങ്ങനെ വന്നൂ എന്ന് എനിക്ക് അറിയില്ല. വിഡ്ഢിത്തരം എന്നലാതെ എന്ത് പറയാനാണ്. പറയുന്നവർ പറയട്ടെ. ധനുഷുമായി മാത്രമല്ലല്ലോ, വേറെയും ഒരുപാട് ആളുകളുമായി ചേർത്ത് ഗോസിപ്പുകൾ വരുന്നുണ്ടല്ലോ. വിഷമം തോന്നാറുണ്ട്. ഇടയ്ക്ക് ചിലപ്പോൾ തമാശയായും തോന്നാറുണ്ട്. ഇത്തരം കാര്യങ്ങൾക്കിടയിൽ മീഡിയയിൽ നിന്നും മാറിനിന്നു കുറച്ചുകാലം. ഞാൻ എപ്പോഴും ഒരു സ്റ്റാറായിരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്റേതായ ഒരു സ്പേസ് എനിക്ക് വേണമെന്നു തോന്നി. 

അപ്പോൾ എന്റേതായ സന്തോഷങ്ങൾക്കു മുൻഗണന കൊടുക്കണമെന്നു തോന്നി. ഫ്രണ്ട്സ്, ഫാമിലി, ഫാൻസ് ഈ തിരക്കുകൾക്കിടയിൽ എനിക്ക് എന്നെ തന്നെ ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല. ഞാൻ എന്നെക്കുറിച്ചു തന്നെ പഠിക്കാനും എനിക്ക് കൂടുതൽ പരിഗണന കൊടുക്കാനുമാണ് ആ സമയം കൊണ്ടു പഠിച്ചത്.

English Summary:

Chat with actress Meena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com