ADVERTISEMENT

റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്ത ‘കണ്ണൂർ സ്ക്വാഡ്’ എന്ന മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചവരെല്ലാം ഗംഭീരപ്രകടനമാണ് കാഴ്ചവച്ചത് അക്കൂട്ടത്തിൽ ഒരു യോഗേഷ് എന്ന കഥാപാത്രമായെത്തിയ ഉത്തരേന്ത്യൻ താരം മികച്ച പ്രകടനം കാഴ്ചവച്ചു എന്ന് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു. എഎസ്ഐ ജോർജിനും സംഘത്തിനും ഉത്തരേന്ത്യയിലുടനീളം സഹായിയായ യോ​ഗേഷ് എന്ന യുപി പൊലീസ് ഉദ്യോ​ഗസ്ഥൻ യഥാർഥത്തിൽ മലപ്പുറം സ്വദേശിയായ അങ്കിത് മാധവ് എന്ന ഒന്നാന്തരം മലയാളിയാണ്.  ആർ. മാധവൻ സംവിധാനം ചെയ്ത് അഭിനയിച്ച റോക്കട്രിയിലെ ഐഎസ്ആർഓ ഉദ്യോഗസ്ഥൻ, പോച്ചർ എന്ന സൂപ്പർ ഹിറ്റ് വെബ് സീരീസിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ അങ്ങനെ നീളുന്നു അങ്കിതിന്റെ സിനിമാവിശേഷം.  

ചെറുപ്പം മുതൽ അഭിനയം നെഞ്ചിലേന്തിയ ചെറുപ്പക്കാരൻ മുംബൈയിലെ മൾട്ടിനാഷ്നൽ കമ്പനിയിൽ ജോലിയിലിരിക്കുമ്പോഴും അഭിനയത്തിലേക്കുള്ള ചവിട്ടുപടികൾ ആയിരുന്നു ലക്ഷ്യം. ‘കണ്ണൂർ സ്ക്വാഡി’ൽ മമ്മൂട്ടിയോടൊപ്പം ഒരു കഥാപാത്രമായെത്തിയ അങ്കിത് കഥാപാത്രത്തിലേക്കുള്ള മമ്മൂട്ടിയുടെ വേഷപ്പകർച്ച കണ്ടു അതിശയിച്ചുപോയി എന്നാണ് പറയുന്നത്. തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് മനോരമ ഓൺലൈനിനോട് സംസാരിക്കുകയാണ് അങ്കിത് മാധവ്.
 

കണ്ണൂർ സ്ക്വാഡിലെ യോഗേഷ് ഉത്തരേന്ത്യൻ നടനല്ല 

കണ്ണൂർ സ്ക്വാഡിൽ യോഗേഷ് എന്ന കഥാപാത്രമാണ് ചെയ്തത്. ഞാൻ മുംബൈയിൽ ആയിരുന്നു. ബോളിവുഡ് പ്രോജക്ടുകൾ ആണ് ചെയ്തുകൊണ്ടിരുന്നത്. നൂറോളം  നാഷ്നൽ ബ്രാൻഡുകൾക്കു വേണ്ടിയുള്ള പരസ്യ ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. വളരെയധികം ഫേമസ് ആയ സംവിധായകരോടൊപ്പം ആണ് വർക്ക് ചെയ്തിട്ടുള്ളത്. ആ പരസ്യചിത്രങ്ങൾ കണ്ടിട്ട് ആർ. മാധവൻ സാർ എന്നെ റോക്കട്രിയിൽ ഒരു കഥാപാത്രമാകാൻ വിളിച്ചു. റോക്കട്രിക്ക് വേണ്ടി മൂന്ന് ഭാഷയിലായിരുന്നു ചിത്രീകരണം. തമിഴ്, ഹിന്ദി, ഇംഗ്ലിഷ് എന്നീ മൂന്ന് ഭാഷകളിൽ ഒരേ സമയം അഭിനയിച്ചു. 

ankit

ആദ്യം ഹിന്ദി, പിന്നെ തമിഴ്, അതിനുശേഷം ഇംഗ്ലിഷ് അങ്ങനെ ആയിരുന്നു ഡയലോഗ് പറഞ്ഞുകൊണ്ട് ഒരു സീൻ അഭിനയിക്കേണ്ടത്. അതുകൊണ്ടുതന്നെ സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾക്ക് ഈ മൂന്നു ഭാഷയും നന്നായി കൈകാര്യം ചെയ്യാൻ കഴിവുള്ള ആയിരിക്കണം എന്ന് നിർബന്ധനയുണ്ടായിരുന്നു. ഈ മൂന്ന് ഭാഷയിലും സിനിമ എടുക്കുകയും ബാക്കി ഇന്ത്യൻ ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുകയും ചെയ്യുകയായിരുന്നു. ഓസ്കറിനും കാൻ ഫെസ്റ്റിവലിനും ഒക്കെ അയയ്ക്കാൻ വേണ്ടിയാണ് ഇംഗ്ലിഷിൽ എടുത്തത്.  

റോക്കട്രിക്കു ശേഷം ദുൽഖർ സൽമാന്റെ കൂടെ സോളോയിൽ അഭിനയിച്ചു.  ബോംബെ ആസ്ഥാനമായി വരുന്ന  പ്രോജക്ടുകളിലാണ് അഭിനയിച്ചിട്ടുള്ളത്. ഈ വർക്കുകൾ ഒക്കെ കണ്ണൂർ സ്ക്വാഡിന്റെ സംവിധായകനായ റോബി വർഗീസിന് അറിയാം. അങ്ങനെയാണ് റോബി എന്നെ കണ്ണൂർ സ്ക്വാഡിലേക്ക് ഓഡിഷൻ ചെയ്തത്. എനിക്ക് ഹിന്ദി നന്നായി കൈകാര്യം ചെയ്യാൻ പറ്റും. അതുപോലെ തന്നെ മലയാളവും അതുകൊണ്ട് കമ്മ്യൂണിക്കേഷൻ ഈസിയായിരുന്നു. അതുകൊണ്ടാണ് ആ കഥാപാത്രത്തിലേക്ക് എന്നെ തിരഞ്ഞെടുത്തത്.  

ankit-kannur-squad

കണ്ണൂർ സ്ക്വാഡിലെ ഹിന്ദി പറയുന്ന മറ്റു കഥാപാത്രങ്ങൾ എല്ലാം തന്നെ യഥാർഥത്തിൽ ഹിന്ദിക്കാരായിരുന്നു. എനിക്ക് ഒരു ന്യൂട്രൽ ഫെയ്സ് ആണെന്ന് എല്ലാവരും പറയാറുണ്ട് ഒന്ന് മാറ്റി പിടിച്ചാൽ മലയാളം ആകാം ഹിന്ദി, തമിഴ് എല്ലാം ആകാം, എല്ലാം ഭാഷയിലെയും ഛായ എനിക്ക് തോന്നാറുണ്ട് എന്നാണ് എല്ലാവരും പറയാറ്. അങ്ങനെയാണ് കണ്ണൂർ സ്ക്വാഡിലേക്ക് വരുന്നത്.  കണ്ണൂർ സ്ക്വാഡ് ഇത്രയും ഹിറ്റ് ആകുമെന്നോ എന്റെ കഥാപാത്രത്തെപ്പറ്റി ചർച്ചകൾ വരുമെന്നോ ഒന്നും ഞാൻ കരുതിയില്ല. പക്ഷേ സിനിമ ഭയങ്കര ഹിറ്റ് ആവുകയും നമ്മുടെ എല്ലാവരുടെയും കഥാപാത്രങ്ങളെപ്പറ്റി എല്ലാവരും ചർച്ച ചെയ്യാൻ തുടങ്ങുകയും ചെയ്തു.  അത് വലിയ സന്തോഷം തന്ന കാര്യമാണ്. ആദ്യത്തെ ദിവസം സിനിമ കണ്ടപ്പോൾ തന്നെ മനസ്സിലായി. സിനിമ ഹിറ്റ് ആകുമെന്ന് പിന്നീട് ഞാനും കുടുംബത്തോടൊപ്പം പോയി അവരെ എല്ലാവരെയും കാണിച്ചു. അവർക്കെല്ലാം വളരെയധികം ഇഷ്ടമായി. ഇപ്പോൾ പോച്ചറിലെ കഥാപാത്രത്തെപറ്റിയും നല്ല അഭിപ്രായം പറയുന്നുണ്ട്.

അഭിനയത്തോട് അപാരമായ അഭിനിവേശമുള്ള മമ്മൂട്ടി 

മമ്മൂക്കയോടൊപ്പം വർക്ക് ചെയ്ത അനുഭവം വളരെ മനോഹരമായിരുന്നു. സിനിമയോടുള്ള അദ്ദേഹത്തിന്റെ പാഷൻ വളരെ വലുതാണ് ഇത്രയും സിനിമകൾ അഭിനയിച്ചിട്ടും ഇപ്പോഴും സിനിമ എന്ന കലയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ഒന്ന് കാണേണ്ടത് തന്നെയാണ്. സിനിമയോടുള്ള അടക്കാനാവാത്ത അടുപ്പമാണ് ഞാൻ അദ്ദേഹത്തിൽ നിന്ന് പഠിച്ചത്.  ഒന്നാലോചിച്ചുനോക്കൂ കണ്ണൂർ സ്ക്വാഡ് കഴിഞ്ഞിട്ട് ഭ്രമയുഗം അതിനുശേഷം ഇനി ടർബോ ഇറങ്ങാൻ പോകുന്നു. അതാണെങ്കിൽ മുഴുവൻ ഫൈറ്റ് ഉള്ള പടമാണ്. ഭയങ്കര വ്യത്യസ്തമായ സിനിമകളാണ് അദ്ദേഹം ചെയ്യുന്നത്. ഇതിനിടയിൽ കാതൽ, നൻപകൽ നേരത്ത് മയക്കം ഒക്കെ ഇറങ്ങി.  

ankit-solo

ഏത് സൂപ്പർസ്റ്റാർ ആണ് ഒരു ഗേ കഥാപാത്രം ചെയ്യാൻ തയ്യാറാവുക. അതിനുള്ള ചങ്കൂറ്റം ആർക്കാണ് ഉണ്ടാകുന്നത്. അദ്ദേഹത്തെ സല്യൂട്ട് ചെയ്യണം. ഇങ്ങനെ ചില ലെജൻഡ്സ്  അവരുടെ ജീവിതത്തിൽ എടുക്കുന്ന തീരുമാനമാണ് സമൂഹത്തിൽ വരെ പല മാറ്റങ്ങളും ഉണ്ടാകാൻ കാരണം. അതുകൊണ്ടാണ് നമ്മൾ ഇവരെ ലെജൻഡ്സ്  എന്ന് പറയുന്നത് കാതൽ കണ്ട് എത്രപേരുടെ മനസ്സ് മാറിയിട്ടുണ്ടാകും. ഗേ ആയിട്ടുള്ള ആളുകളും മനുഷ്യരാണ് പ്രണയമാണ് സത്യം, ആണ് പെണ്ണിനോടായാലും പെണ്ണ് ആണിനോടായാലും അത് ഓരോരുത്തരുടെ മനസ്സിൽ നിന്ന് വരുന്നതാണ് അത് മനസ്സിലാക്കുകയാണ് വേണ്ടത്.  

അദ്ദേഹത്തോട് സംസാരിച്ചിരിക്കുമ്പോൾ അദ്ദേഹം പഴയ കഥകളൊക്കെ പറയും. പണ്ട് ചാൻസ് ചോദിച്ചു നടന്നതും അന്നത്തെ സൂപ്പർസ്റ്റാറുകളെ കാണാൻ ലൊക്കേഷനിൽ പോയി കാത്തിരുന്നതും ഒക്കെ വളരെ ആവേശത്തോടുകൂടിയാണ് പറയുന്നത്. വളരെ പ്രാക്ടിക്കൽ ആയ മനുഷ്യനാണ് അദ്ദേഹം ഉള്ളത് ഉള്ളതുപോലെ ആരുടെ മുഖത്ത് നോക്കിയും പറയും. ഷോട്ടിന്റെ സമയത്തൊക്കെ അദ്ദേഹം കഥാപാത്രമായി മാറുന്നതും ഡയലോഗ് ഡെലിവറിയും അദ്ദേഹം കയ്യിൽ നിന്നിടുന്ന ഇംപ്രൊവൈസേഷനും ഒക്കെ കാണാൻ വേണ്ടി ഞങ്ങൾ നോക്കിയിരിക്കും. ആ സീനിന്റെ ഭംഗി തന്നെ അദ്ദേഹം ചെയ്യുമ്പോൾ കൂടും.  ഈ ഡയലോഗ് എങ്ങനെയായിരിക്കും അദ്ദേഹം പറയുക എന്നിങ്ങനെ ഞങ്ങൾ അദ്ദേഹത്തെ കണ്ട് ആസ്വദിച്ചിരിക്കുമായിരുന്നു. 

ankit-madhav-4

അദ്ദേഹം അഭിനയിക്കുന്നത് കണ്ടുകൊണ്ടിരിക്കാൻ ഭയങ്കര രസമാണ്. എല്ലാ കാര്യത്തെക്കുറിച്ചും അപ്ഡേറ്റഡ് ആണ് അദ്ദേഹം. പുതിയ ടെക്നോളജികൾ, രാഷ്ട്രീയം, മതം എല്ലാ വിഷയങ്ങളെക്കുറിച്ചും സംസാരിക്കും.  ഇന്ത്യയിൽ ഒരു പുതിയ ക്യാമറയോ മൊബൈലോ ഒക്കെ വരുമ്പോൾ അത് ഉടനെ അദ്ദേഹത്തിന്റെ കയ്യിൽ എത്തും.  ഷൂട്ടിങ് വയനാട്ടിൽ കാട്ടിൽ ഒക്കെയായിരുന്നു അവിടെ കാണുന്ന വളരെ റെയർ ആയ പക്ഷികളെയും മൃഗങ്ങളെയും ഒക്കെ അദ്ദേഹം ഫോട്ടോ എടുക്കുമായിരുന്നു.  വലിയ ലെൻസ് ആണ് അദ്ദേഹത്തിന്റെ കയ്യിൽ ഇരിക്കുന്നത്. കിട്ടുന്ന സമയത്ത് അദ്ദേഹത്തിന് ഇഷ്ടമുള്ളതൊക്കെ ചെയ്യുകയാണ് ചെയ്യുന്നത്. രാവിലെ ലൊക്കേഷനിൽ വന്നു കഴിഞ്ഞാൽ അദ്ദേഹത്തെ കാണാൻ വേണ്ടി മാത്രം പല സ്ഥലത്തുനിന്ന് ആളുകൾ വന്ന് കാത്തു നിൽക്കുന്നുണ്ടാവും.  അവരെയെല്ലാം കാണും സംസാരിക്കും എല്ലാം ചെയ്യും. ആ സെറ്റിൽ ആരൊക്കെയുണ്ട് എന്തൊക്കെ സംഭവിക്കുന്നുണ്ട് അതെല്ലാം കറക്റ്റ് ആയി നിരീക്ഷിക്കും. ഒരു അപൂർവ മനുഷ്യൻ തന്നെയാണ് അദ്ദേഹം.

ഞാനുമൊരു മലയാളി 

ഞാൻ ജനിച്ചത് മലപ്പുറത്ത് തിരൂരാണ്.  അച്ഛനും അമ്മയ്ക്കും തിരുവനന്തപുരത്തായിരുന്നു ജോലി അത് കാരണം തിരുവനന്തപുരത്തേക്ക് താമസം മാറ്റി അവിടെയാണ് പഠിച്ചത്.  പ്ലസ് ടു കഴിഞ്ഞിട്ട് എൻജിനിയറിങ് ചെയ്തു അതുകഴിഞ്ഞിട്ട് ഞാൻ ജോലി കിട്ടി മുംബൈയിലേക്ക് പോവുകയായിരുന്നു. അഭിനയം എന്ന ആഗ്രഹം മനസ്സിലുള്ളത് കൊണ്ട് എല്ലാ ഓഡിഷനും പോയി പങ്കെടുക്കും. അങ്ങനെയാണ് പരസ്യ ചിത്രങ്ങളിലും സിനിമയിലും ഒക്കെ കയറിയത്.  ചെറുപ്പം മുതലേ തന്നെ എനിക്ക് അഭിനയത്തോടുള്ള വലിയ താല്പര്യമാണ് സ്കൂളിലും കോളജിലും ഒക്കെ എപ്പോഴും ഞാൻ സ്റ്റേജിൽ തന്നെയായിരിക്കും എല്ലാ പരിപാടിയിലും പങ്കെടുക്കും. ഒരു സഭാകമ്പവും ഇല്ലായിരുന്നു. 

ankit-nimisha3

മെട്രോ മനോരമയുടെ മിസ്റ്റർ ഹാൻഡ്‌സം 

പണ്ട് മെട്രോ മനോരമ മിസ്റ്റർ ഹാൻഡ്‌സം എന്നൊരു പരിപാടി നടത്തിയിരുന്നു. അതിലേക്ക് ഫോട്ടോസ് അയച്ചു കൊടുത്തപ്പോൾ തിരഞ്ഞെടുത്തു. 10 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു. ഞങ്ങൾക്ക് ഒരു ദിവസത്തെ അഭിനയ ക്യാമ്പ് തന്നിരുന്നു അതിനുശേഷം അതിന്റെ ഫിനാലെ നടത്തി. ജഡ്ജസ് ആയിട്ട് വന്നത് ടി.കെ. രാജീവ്കുമാര്‍ സര്‍, രാജസേനൻ സർ, ഷാജി കൈലാസ്‌ സർ, മണിയൻപിള്ള രാജു ചേട്ടൻ എന്നിവരായിരുന്നു. നമ്മുടെ ലുക്ക് മാത്രമല്ല നമുക്ക് ഒരു സബ്ജക്ട് വന്നിട്ട് നമുക്ക് അഭിനയിക്കാനുള്ള കഴിവ് കൂടി നോക്കിയിരുന്നു. അതിൽ ഞാൻ ഫസ്റ്റ് റണ്ണറപ്പായി. അത് കഴിഞ്ഞപ്പോൾ  രാജീവ്കുമാര്‍ സാറും മണിയൻ പിള്ള സാറും എന്നോട് ചോദിച്ചു തനിക്ക് എന്തുകൊണ്ട് അഭിനയത്തിൽ ട്രൈ ചെയ്തുകൂടാ എന്നാണ് ഇത്ര വലിയ ആൾക്കാർ അങ്ങനെ പറഞ്ഞപ്പോൾ അവർ എന്നിൽ എന്തെങ്കിലും കണ്ടിട്ടായിരിക്കുമല്ലോ. അതോടെ എന്റെ മനസ്സിൽ അഭിനയിക്കണം എന്നുള്ള ആഗ്രഹം ശക്തമാകാൻ തുടങ്ങി. ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ചു വളർന്ന എനിക്ക് ജോലിയും വളരെ അത്യാവശ്യമായിരുന്നു അങ്ങനെയാണ് മുംബൈയിൽ ജോലി കിട്ടി പോയത് അതിനുശേഷം അവിടെ നിന്നുകൊണ്ട് സിനിമയ്ക്കായി ശ്രമിക്കുകയായിരുന്നു. 

ankit-nimisha

ചേകവർ മുതൽ പോച്ചർ വരെ 

ഞാനിതുവരെ 8 പടത്തിൽ അഭിനയിച്ചിട്ടുണ്ട്.  പോച്ചർ എട്ടാമത്തെ പടം ആണ്.  ആദ്യമായി അഭിനയിച്ചത് ഇന്ദ്രജിത്ത് നായകനായി അഭിനയിച്ച ചേകവർ ആയിരുന്നു.  അതിൽ ചെറിയ ഒരു വില്ലൻ കഥാപാത്രം ചെയ്തു. അതിനു ശേഷം ഓർഡിനറി എന്ന ചാക്കോച്ചൻ ബിജുമേനോൻ എന്നിവർ അഭിനയിച്ച സിനിമയിൽ ഒരു കുഞ്ഞു വേഷം ചെയ്തു. പിന്നീട് സോളോ എന്ന സിനിമയിൽ ദുൽഖർ സൽമാനൊപ്പം  നല്ലൊരു കഥാപാത്രമാണ് ചെയ്തത്.  റോക്കട്രിയിൽ മാധവൻ സാറിന്റെ സഹപ്രവർത്തകനായി ഐഎസ്ആർഒ ഉദ്യോഗസ്ഥനായിട്ടാണ് അഭിനയിച്ചത്. ഓരോ സിനിമയിലും എനിക്ക് ഓരോ ലുക്ക് ആയതിനാൽ എന്നെ ആൾക്കാർ അധികം തിരിച്ചറിയാറില്ലായിരുന്നു. അതിനുശേഷം ആണ് പോച്ചറിൽ അഭിനയിച്ചത്. പോസ്റ്ററിന്റെ ഷൂട്ടർ കഴിഞ്ഞപ്പോഴാണ് കണ്ണൂർ അഭിനയിച്ചത്. പക്ഷേ അവസാനം ഇറങ്ങിയത് പോച്ചർ ആണ്. ഇപ്പോൾ ഞാനൊരു പ്രശസ്തനായ മലയാള സംവിധായകന്റെ വെബ് സീരീസിൽ അഭിനയിക്കുകയാണ്. അതിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഒന്നു രണ്ട് സിനിമകളുടെ ചർച്ചകൾ നടക്കുകയാണ്. 

സ്വപ്നം കാണാൻ കഴിയാത്ത പ്രോജക്റ്റാണ് പോച്ചർ 

പോച്ചറിനെ പറ്റി പറയുകയാണെങ്കിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഇന്റർനാഷ്നൽ സീരിയസ് മലയാളത്തിൽ ചെയ്യുന്നത്. പോച്ചർ സംവിധാനം ചെയ്തത് റിച്ചി മേത്ത എന്ന സംവിധായകനാണ്.  നെറ്റ് ഫ്ലെക്സിൽ ഇപ്പോൾ സ്ക്രീൻ ചെയ്യുന്ന ഡൽഹി ക്രൈം എന്ന സീരിസ് അദ്ദേഹത്തിന്റേതാണ്. അണിയറ പ്രവർത്തകരെല്ലാവരും പുറത്തുള്ളവരാണ്. ക്യാമറാമാൻ ഡെന്മാർക്കുകാരനാണ്. പോച്ചർ ഹോളിവുഡ് പ്രൊഡക്‌ഷൻ ആയിരുന്നു. അതിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ വലിയ ഭാഗ്യമാണ്. സ്വപ്നം കാണാൻ പറ്റാത്ത ബജറ്റിൽ ആണ് അത് ചെയ്തിരിക്കുന്നത്. 

നമ്മൾ സാധാരണ സിനിമ എടുക്കുമ്പോൾ ഒരു ആംഗിൾ ഷോട്ട് എടുക്കും പിന്നെ സജഷൻസ് എടുക്കും അങ്ങനെയാണ്.  പക്ഷേ റിച്ചിയുടെ മെത്തഡോളജി എന്തെന്നാൽ നമ്മൾ സീൻ പഠിച്ചോണ്ട് പോയിട്ട് എല്ലാം ഫുൾ സീൻ തുടർച്ചയായി ഷൂട്ട് ചെയ്യുകയാണ്. തുടർച്ചയായി അഭിനയിക്കുകയാണ് ക്യാമറ അത് ഒപ്പിയെടുത്തു കൊള്ളും ഇതൊരു ഭയങ്കര അനുഭവമായിരുന്നു.  ഇതിനിടയ്ക്ക് ഒരു കട്ട് വരുന്നില്ല ആദ്യം മുതൽ അവസാനം വരെ നമ്മൾ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് അതിന്റെ ഔട്ട്പുട്ട് തരുന്ന ഫീൽ ഭയങ്കര വലുതായിരുന്നു.  ഞാൻ നന്നായി ആസ്വദിച്ചാണ് ആ സീരിസ് ചെയ്തത്.  

poacher

പിന്നെ നമ്മൾ അഭിനയിക്കുന്നത് വളരെയധികം അഭിനയ പരിചയമുള്ള നിമിഷാ സജയൻ, റോഷൻ എന്നിവരുടെ കൂടെ ഒക്കെയാണ്. സീരീസിലുള്ളവരെല്ലാം താപ്പാനങ്ങളാണ്.  വളരെയധികം നീണ്ട ഡയലോഗുകൾ ഉണ്ട്.  വലിയൊരു എക്സ്പീരിയൻസ് ആയിരുന്നു അത്.  ഈ സീരീസ് മുഴുവൻ ഷൂട്ട് ചെയ്തത് കാട്ടിലാണ്.  തട്ടേക്കാട് പക്ഷി സങ്കേതത്തിനു ചുറ്റുമുള്ള കാടുകളിലാണ് ഷൂട്ട് ഒക്കെ നടന്നത്. ഞങ്ങൾ രാവിലെ നാലുമണിക്ക് എഴുന്നേറ്റ് പോയി കാട്ടിൽ കയറി കഴിഞ്ഞാൽ പിന്നീട് ഷൂട്ട് തുടങ്ങുകയാണ്.  മൊബൈൽ റേഞ്ചും ഇല്ലാത്ത സ്ഥലമാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുകയായിരുന്നു കുറെ നാൾ. എന്ത് സമാധാനമുള്ള സ്ഥലമാണ് കാട് വളരെ മനസ്സിന് തന്നെ നല്ല സുഖമായിരുന്നു. വളരെ പ്രതീക്ഷയോടെ തന്നെയാണ് പോച്ചർ ചെയ്തത് അതിനനുസരിച്ച് പോച്ചർ എത്തേണ്ടിടത്ത് എത്തിയിട്ടുണ്ട്.  എനിക്ക് അവിടെ നിന്നൊക്കെയാണ് ഫോൺ കോൾ വരുന്നത് എന്നറിയില്ല. പല ഭാഷകൾ പല രാജ്യങ്ങളിൽ നിന്നൊക്കെ വരുന്നുണ്ട് അത്രത്തോളം പ്രതികരണങ്ങളാണ് പോച്ചറിൽ അഭിനയിച്ചതിന് കിട്ടിയത്, വളരെ സന്തോഷമുണ്ട്.

English Summary:

Chat with Ankith Madhav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com