ADVERTISEMENT

2019 ഡിസംബറിൽ തേവരയിലെ ഫ്ലാറ്റിൽ വച്ചു കാണുമ്പോൾ ‘ആടുജീവിത’ത്തിലെ നജീബിനായി ശരീരത്തെ ഒരുക്കിയെടുക്കാനുള്ള പൃഥ്വിയുടെ ശ്രമം ആരംഭിച്ചിട്ടേയുള്ളൂ. സിനിമയിൽ നിന്നു 3 മാസം അവധി പ്രഖ്യാപിച്ച ശേഷമായിരുന്നു നജീബിലേക്കുള്ള യാത്രയ്ക്കു നടൻ തുടക്കമിട്ടത്. അന്നു കണ്ടു പിരിയുമ്പോൾ പൃഥ്വി പറഞ്ഞു, ‘ആടു ജീവിതത്തിൽ നിങ്ങൾ പൃഥ്വിരാജിനെ കാണില്ല, നജീബിനെ മാത്രമേ കാണൂ’. 28ന് റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്റെ ടീസറും ട്രെയിലറും ഗാനങ്ങളുമൊക്കെ കണ്ടവരെല്ലാം ഇന്നു പൃഥ്വിയുടെ ആ വാക്കുകൾ ആവർത്തിക്കുന്നു, ‘ഇതിൽ പൃഥ്വിയില്ല.’ യഥാർഥ നജീബിനെ പോലെ തന്നെ, വർഷങ്ങളോളം മനസ്സുരുക്കിയും ശരീരത്തെ മെരുക്കിയും പ്രതിസന്ധികളുടെ പൊള്ളുന്ന മരുഭൂമികൾ താണ്ടിയുമാണു പൃഥ്വിയുടെ നജീബും സ്ക്രീനിലെത്തുന്നത്. മനോരമയ്ക്കായി വീണ്ടും കണ്ടപ്പോൾ, തന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ചലച്ചിത്ര സംരംഭത്തെപ്പറ്റി, തന്നെ വിസ്മയിപ്പിച്ച, ഉറങ്ങാൻ സമ്മതിക്കാതെ പിന്തുടരാൻ പ്രേരിപ്പിച്ച നജീബ് എന്ന കഥാപാത്രത്തെപ്പറ്റി പൃഥ്വി മനസ്സു തുറന്നു.  

‘ഒരു കഥാപാത്രത്തിനായി നടൻ ശാരീരികമായി മാറ്റം വരുത്തിയാൽ അതിലേക്ക് ആരാധകരുടെയും മാധ്യമങ്ങളുടെയുമെല്ലാം ശ്രദ്ധ പതിയുക സ്വാഭാവികമാണ്. എന്നാൽ, കഥാപാത്രത്തിനു വേണ്ടി നടത്തിയ ശാരീരികമായ ഒരുക്കങ്ങൾ കേവലം ഒരു ഭാഗം മാത്രമാണ്. 2008 മുതൽ തുടങ്ങിയ ഒരു യാത്ര, യഥാർഥ ജീവിതം ആധാരമാക്കി എഴുതിയ ഒരു നോവൽ, അതിനെ സിനിമയിലേക്കു പറിച്ചുനടാനുള്ള പ്രയത്നം, ഇത്ര വലിയൊരു ചിത്രം ഇത്ര വലിയ സ്കെയിലിൽ മലയാളത്തിൽ തന്നെ ചെയ്യുമ്പോഴുള്ള കടമ്പകൾ; തുടങ്ങിയവയെല്ലാം ചേരുന്നതാണു സത്യത്തിൽ ‘ആടുജീവിതം’. ലോകമെമ്പാടുമുള്ള മലയാളികളുടെയെല്ലാം സിനിമയാണിത്.’ 

∙ എങ്കിലും ശരീരമാദ്യം എന്നല്ലേ? 

ആടുജീവിതം സിനിമയാക്കാൻ തീരുമാനിച്ച ശേഷം നജീബിനെ വായിച്ചപ്പോഴെല്ലാം വലിയ രീതിയിലുള്ള ഒരു ശാരീരികമാറ്റം ആവശ്യപ്പെടുന്നൊരു കഥാപാത്രമാണെന്നു മനസ്സിലാക്കിയിരുന്നു. തടി കുറയ്ക്കാം എന്നൊരു തീരുമാനം എടുത്തു. എന്നാൽ ‘എത്രത്തോളം’ എന്നു ചിന്തിച്ചിരുന്നില്ല. 2019ൽ ചിത്രത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചപ്പോൾ ഞാൻ ആദ്യം ചെയ്തതു തടി കൂട്ടുകയാണ്. തടി കൂട്ടിയ ശേഷം കുറയ്ക്കുമ്പോഴുള്ള വലിയ മാറ്റം സ്ക്രീനിൽ പെട്ടെന്നു തിരിച്ചറിയാനാകും എന്നു കരുതിയായിരുന്നു ഇത്. ആടു ജീവിതത്തിൽ പ്രേക്ഷകർക്ക് ഈ രണ്ടു ഘട്ടങ്ങളും കാണാം. ചിത്രത്തിന്റെ കേരളത്തിൽ ചിത്രീകരിച്ച ഭാഗങ്ങളെല്ലാം നന്നായി തടി കൂട്ടിയ ശേഷമുള്ളതാണ്. ജോർദാനിൽ ഷൂട്ട് ചെയ്ത ആദ്യത്തെ ഡെസേർട്ട് ഷെഡ്യൂളും അങ്ങനെ തന്നെ. ഇതിനു ശേഷം ഏഴു മാസത്തോളം ഷൂട്ടിങ് നിർത്തിവച്ചാണു തടി കുറച്ചത്. ഒടുവിൽ ഷൂട്ടിങ് പുനരാരംഭിക്കാൻ തീരുമാനിക്കുമ്പോഴേക്കും ശരീരഭാരം 31 കിലോഗ്രാം കുറഞ്ഞിരുന്നു.

2020 ഫെബ്രുവരിയിൽ ഷൂട്ടിങ് തുടങ്ങിയപ്പോഴേക്കും കോവിഡ് വില്ലനായെത്തി. ഷൂട്ട് വീണ്ടും നിർത്തിവച്ചു. വലിയൊരു ശൂന്യതയായിരുന്നു ആ സമയത്തു മുന്നിൽ. മഹാമാരി എന്നവസാനിക്കും എന്ന അനിശ്ചിതത്വം ഞങ്ങളെയെല്ലാം ബാധിച്ചു. ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷമാണു പിന്നെ ഷൂട്ടിങ് പുനരാരംഭിക്കാനായത്. അത്ര മെലിഞ്ഞ അവസ്ഥയിൽ ദീർഘകാലം നിലനിൽപ് ആരോഗ്യകരമല്ലാത്തതിനാൽ ഞാൻ ശരീരഭാരം വീണ്ടെടുത്തിരുന്നു. ഇതിനാൽ ഒരു തവണ കൂടി ‘മെലിയൽ ഘട്ടത്തിലൂടെ’ കടന്നു പോകേണ്ടി വന്നതു വലിയ വെല്ലുവിളിയായി. എങ്കിലും അൽജീരിയയിൽ ഷൂട്ടിങ് പുനരാരംഭിച്ചപ്പോൾ ക്യാമറയ്ക്കു മുന്നിലെത്തിയ ഞാൻ ഷൂട്ടിങ് നിർത്തി വച്ചപ്പോഴത്തെ അതേ ശരീരഭാരത്തിലേക്കു മടങ്ങിയെത്തിയിരുന്നു.

∙ 16 വർഷം, ഒരു സിനിമ, ഒരു കഥാപാത്രം? 

2009ൽ ആടുജീവിതം ഏറ്റെടുക്കുമ്പോൾ അതു 16 വർഷത്തോളം നീണ്ടുനിൽക്കുന്ന ഒരു യാത്രയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പരമാവധി 3 വർഷം കൊണ്ട് പൂർത്തിയാക്കാനാകും എന്നായിരുന്നു ചിന്ത. അന്നത്തെ സമയത്ത് അതു തന്നെ വലിയൊരു കമ്മിറ്റ്മെന്റ് ആയിരുന്നു. പക്ഷേ, എല്ലാ കണക്കുകൂട്ടലുകളും തകിടം മറിഞ്ഞു. കാരണങ്ങൾ പലതാണ്. പക്ഷേ, ഉത്തരവാദിത്തം ഏറ്റെടുത്താൽ അതു പൂർത്തിയാക്കുക എന്നത് എന്റെ രീതിയാണ്. അതുകൊണ്ടു തന്നെ അവസാനം വരെ ഉറച്ചു നിന്നു. എന്നാൽ, ഇതിനൊക്കെ അപ്പുറം പറയേണ്ട ഒരു പേരുണ്ട്, ബ്ലസ്സി. പ്രതിസന്ധിയുടെ ഓരോ ഘട്ടത്തിലും ഞാനുൾപ്പെടെയുള്ളവരെ പ്രചോദിപ്പിച്ച്, വിടാതെ കൂടെക്കൂട്ടിയത് അദ്ദേഹമാണ്. 

ആടുജീവിതം സിനിമാ പോസ്റ്റർ.
ആടുജീവിതം സിനിമാ പോസ്റ്റർ.

∙ ബ്ലെസി എന്ന സംവിധായകൻ?

ഇത്രയേറെ വർഷങ്ങൾ നീണ്ട ഈ യാത്രയിൽ ഒരിക്കൽ പോലും തന്റെ കാഴ്ചപ്പാടുകളിൽ നിന്നു ബ്ലെസി വ്യതിചലിച്ചിട്ടില്ല. ആടുജീവിതത്തെ പറ്റിയുള്ള കൃത്യമായ പദ്ധതി അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആടുജീവിതം കമ്മിറ്റ് ചെയ്ത 2009നും ഷൂട്ടിങ് ആരംഭിച്ച 2019നും ഇടയിൽ ഞാൻ എത്രയോ സിനിമകളുടെ ഭാഗമായി. മൂന്നു മാസത്തിലൊരിക്കൽ അദ്ദേഹം ഏതെങ്കിലുമൊരു സെറ്റിൽ എന്നെ കാണാൻ വരും. ഞാൻ വേറെ ഏതെങ്കിലും ഒരു ഗെറ്റ് അപ്പിലാകും അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ സംസാരം മുഴുവൻ ആടുജീവിതത്തെയും നജീബിനെയും പറ്റിയാകും. ഒരിക്കലും നഷ്ടമാകാത്ത ആ ഫോക്കസ് ആണ് ഞങ്ങളെയോരോരുത്തരെയും വിട്ടുപോകാതെ ഇതിൽത്തന്നെ പിടിച്ചു നിർത്തിയത്.

ട്രെയിലറിൽ നിന്നും
ട്രെയിലറിൽ നിന്നും

ഇത്രയേറെ വർഷങ്ങൾ കൊണ്ടു ഞാനും ബ്ലെസിച്ചേട്ടനും തമ്മിൽ സംവിധായകനും നടനും എന്ന രീതിയിലുള്ള ബന്ധമില്ലാതായി മാറി. സൗമ്യനും ശാന്തനുമായൊരു ജ്യേഷ്ഠനും വഴക്കാളിയായൊരു അനിയനും എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ബന്ധമാണിപ്പോൾ ഞങ്ങൾ തമ്മിൽ. ഈ ചിത്രത്തിനായി കൈകോർക്കുമ്പോൾ ഞാനും ബ്ലസ്സിച്ചേട്ടനും മാത്രമേയുള്ളൂ. ഇടയ്ക്കു പ്രതിസന്ധികൾ രൂക്ഷമായപ്പോഴും ഞങ്ങൾ രണ്ടും തമ്മിൽക്കണ്ടാൽ പറയും, ‘ തുടങ്ങിയതു നമ്മൾ രണ്ടു പേരല്ലേ, ഇനി നമ്മൾ രണ്ടും മാത്രമായി അവസാനിച്ചാലും ഈ ചിത്രം നമ്മൾ തീർത്തിരിക്കും’. ഇത്ര പ്രഗൽഭനായ ഒരു സംവിധായകൻ അദ്ദേഹത്തിന്റെ കരിയറിലെയും ജീവിതത്തിലെയും വലിയൊരു കാലയളവു മാറ്റിവച്ചൊരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതു തന്നെ വലിയൊരു ഭാഗ്യമാണ്. 

∙ നജീബുമായുള്ള കൂടിക്കാഴ്ച ഷൂട്ടിങ് പൂർത്തിയായ ശേഷം മതിയെന്നു ചിന്തിക്കാൻ കാരണം?

എന്റെ മാത്രമല്ല, ബ്ലെസിച്ചേട്ടന്റെയും തീരുമാനം അതായിരുന്നു. അത്തരമൊരു കഥാപാത്രത്തെ പറ്റി ചിന്തിക്കുമ്പോൾ ആരും ആദ്യമെടുക്കുന്ന തീരുമാനം തമ്മിൽക്കണ്ടു കിട്ടാവുന്നത്ര വിവരങ്ങൾ ശേഖരിക്കുക എന്നതാണ്. എന്നാൽ, നജീബ് എന്ന യഥാർഥ വ്യക്തിയെ നോവലിലേക്ക് സ്വാംശീകരിക്കുമ്പോൾ ചില മാറ്റങ്ങൾ വന്നിട്ടുണ്ടാകും. അതു തിരക്കഥയാകുമ്പോൾ വീണ്ടും മാറ്റങ്ങളും തിരക്കഥാകൃത്തിന്റേതായ ക്രിയാത്മക സംഭാവനകളും കടന്നുവന്നിട്ടുണ്ടാകും. നജീബിനെ ആഴത്തിലറിഞ്ഞ ശേഷമാണു ബ്ലെസി തിരക്കഥ ഒരുക്കിയത്. ഒരു നടൻ എന്ന നിലയിൽ എന്റെ ചുമതല സംവിധായകനും തിരക്കഥാകൃത്തുമായ ബ്ലെസി സൃഷ്ടിച്ച കഥാപാത്രമായ നജീബിനെ സ്ക്രീനിലെത്തിക്കുക എന്നതാണ്. ഇതിനാൽ പൂർണമായും ബ്ലെസിയുടെ നജീബായിരിക്കാനാണു ഞാൻ ശ്രമിച്ചത്. സിനിമയുടെ അവസാന ഷോട്ട് അഭിനയിച്ചു പൂർത്തിയാക്കിയ ശേഷം ഞാൻ ആദ്യം കണ്ടതു നജീബിനെയാണ്. ഞാനും നജീബുമായുള്ള ആ അഭിമുഖം ഷൂട്ട് ചെയ്തു വച്ചിട്ടുണ്ട്. ഉടൻ പുറത്തുവരും.    

പൃഥ്വിരാജ്, ജോർദാനിലെ സെറ്റിൽ ബ്ലെസി
പൃഥ്വിരാജ്, ജോർദാനിലെ സെറ്റിൽ ബ്ലെസി

∙ ചിത്രത്തിലെ എ.ആർ.റഹ്മാൻ സാന്നിധ്യം?

സംഗീതം ഈ ചിത്രത്തിലെ കഥാപാത്രം പോലെ തന്നെയാണ്. ചിത്രത്തിന്റെ ആദ്യഘട്ട ചർച്ചകളിൽത്തന്നെ സംഗീതസംവിധായകൻ ആരായിരിക്കും എന്ന ചിന്ത ഉയർന്നിരുന്നു. രണ്ടു പേരുകളായിരുന്നു അന്നു മനസ്സിൽ. ഹോളിവുഡിലെ മുൻനിര സംഗീതസംവിധായകരിൽ ഒരാളായ ഹാൻസ് ഫ്ലോറിയൻ സിമ്മറും എ.ആർ.റഹ്മാനും. ഹാൻസ് സിമ്മറിന്റെ ടീമുമായി ഇ–മെയിൽ ആശയവിനിമയം നടന്നിരുന്നു. എന്നാൽ, ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ റഹ്മാൻ സാർ ചിത്രത്തിന്റെ ഭാഗമാകാൻ സമ്മതിച്ചു. ചിത്രത്തിൽ സംഗീതത്തിനു മാത്രമല്ല, നിശ്ശബ്ദതയ്ക്കും പ്രാധാന്യമുണ്ട്. ഇതിനോടകം ഹിറ്റായിക്കഴിഞ്ഞ ഗാനങ്ങളേക്കാൾ എ.ആർ.റഹ്മാൻ ഈ ചിത്രത്തിൽ അഭിനന്ദനം നേടുക പശ്ചാത്തല സംഗീതത്തിനായിരിക്കും എന്നാണ് എന്റെ വിശ്വാസം.

aadujeevitham-trailer

∙ ആടുജീവിതത്തിൽ നിന്ന് എൽ 2: എംപുരാനിലേക്ക് വരുമ്പോൾ?

ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂൾ യുഎസിൽ പൂർത്തിയായിക്കഴിഞ്ഞു. വലിയൊരു കാൻവാസിലുള്ള ചിത്രമായതു കൊണ്ടു തന്നെ എപ്പോൾ പൂർത്തിയാകും എന്നതിനെപ്പറ്റി ഇപ്പോൾ പറയാനാവില്ല.   

English Summary:

Prithviraj Sukumaran about Aadujeevitham shooting experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com