ADVERTISEMENT

‘കാഴ്ച’യുടെ ഷൂട്ടിങ് തുടങ്ങുന്ന സമയം. ആർടിസ്റ്റുകൾക്കൊപ്പമുള്ള ക്യാംപിൽ പേരിനൊരു മേക്കപ്പ് ആർടിസ്റ്റായി എത്തിയതാണ് രഞ്ജിത് അമ്പാടി. പകരക്കാരനായി എത്തിയ രഞ്ജിത്തിനെ ആ സിനിമ തന്നെ സംവിധായകൻ ബ്ലെസി ഏൽപ്പിച്ചു. ആ സമയത്ത് സ്വതന്ത്രമായി ഒരു സിനിമ ചെയ്യാനുള്ള മേക്കപ്പ് കിറ്റ് പോലും ആ യുവാവിന്റെ കയ്യിലുണ്ടായിരുന്നില്ല. കാഴ്ചയുടെ പേരിൽ കിട്ടിയ അഡ്വാൻസും പിന്നെ കുറച്ചു കടവുമൊക്കെയായി അദ്ദേഹം സിനിമയ്ക്കുള്ള ആദ്യ മേക്കപ്പ് കിറ്റ് സെറ്റ് ചെയ്തു. അതേ വർഷം ജയരാജിന്റെ മകൾക്ക് എന്ന ചിത്രത്തിലും രഞ്ജിത് അമ്പാടി സ്വതന്ത്ര മേക്കപ്പ് ആർടിസ്റ്റായി. തൊട്ടടുത്ത വർഷം സംസ്ഥാന ചലച്ചിത്ര പുരസ്കാരം രഞ്ജിത് അമ്പാടിയെ തേടിയെത്തി. പിന്നീടങ്ങോട്ട്, കരിയറിൽ രഞ്ജിത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

സ്വതന്ത്ര മേക്കപ്പ് ആർടിസ്റ്റായി ആദ്യ അവസരം നൽകിയ ബ്ലെസിക്കൊപ്പം എല്ലാ സിനിമകളിലും രഞ്ജിത്ത് ഉണ്ടായിരുന്നു. ആടുജീവിതത്തിലും ബ്ലെസിക്ക് മറ്റൊരു ആലോചന പോലുമുണ്ടായിരുന്നില്ല. ആടുജീവിതം ചിത്രീകരണം പ്രതീക്ഷിച്ചതിലും കൂടുതൽ സമയം എടുത്തപ്പോഴും രഞ്ജിത് ബ്ലെസിക്കൊപ്പം നിന്നു. ഇക്കാലയളവിൽ നജീബായി പൃഥ്വിരാജിനെ മാറ്റിയെടുക്കാനുള്ള സങ്കേതങ്ങളെല്ലാം കണ്ടെത്തി രഞ്ജിത് സ്വയം പാകപ്പെട്ടുകൊണ്ടിരുന്നു. ആ പഠനം അന്വേഷണവും വെറുതെയായില്ല. ഇന്ന് ഇന്ത്യൻ ചലച്ചിത്രലോകത്തെ ഏറ്റവും മികച്ച മേക്കപ്പ് ആർടിസ്റ്റുകളിലൊരാളായി രഞ്ജിത് അമ്പാടി മാറി. തഗ് ലൈഫ്, കങ്കുവ, കാന്താര 2 തുടങ്ങിയ വമ്പൻ പ്രൊജക്ടുകളുടെ ഭാഗമാണ് ഇന്ന് ഈ മലയാളി. ഇതിനെല്ലാം വഴിയൊരുക്കിയ ആടുജീവിതത്തിന്റെ അനുഭവങ്ങൾ പങ്കിട്ട്, രഞ്ജിത് അമ്പാടി മനോരമ ഓൺലൈനിൽ. 

അത് അഭിനയമല്ല, റിയലാണ്

സ്ക്രീനിൽ നജീബായി രാജു കാഴ്ച വയ്ക്കുന്ന അഭിനയം, 60 ശതമാനവും റിയലായിരുന്നു. അതിൽ കണ്ട കരച്ചിലും വേദനയുമെല്ലാം പൂർണമായും അഭിനയമല്ല. മരുഭൂമിയിലെ കാലാവസ്ഥ, രാജുവിന്റെ ശാരീരിക അവസ്ഥ എല്ലാം അതിൽ പങ്കു വഹിച്ചിട്ടുണ്ട്. നിൽക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥയായിരുന്നു. അത്രയും ഹെവി മേക്കപ്പ്. അതിൽ ഒരു തുള്ളി വെള്ളം വീണാൽ പോലും വേദനിക്കും. ആ റിയൽ റിയാക്‌ഷനാണ് പ്രേക്ഷകർ സിനിമയിൽ കാണുന്നത്. ഞങ്ങൾക്ക് അത് അഭിനയമായി തോന്നിയിട്ടില്ല.

ranjith-ambady-aadujeevitham

ഞാൻ തൊട്ടത് രാജു അറിഞ്ഞില്ല

നജീബ് രക്ഷപ്പെടാൻ തീരുമാനിക്കുന്ന ദിവസം നടക്കുന്ന ഒരു സീനുണ്ട്. ആ കഥാപാത്രം യാത്രയ്ക്കു മുൻപ് കുളിക്കുന്നത്. വിവസ്ത്രനായി നജീബ് കുളിക്കുന്ന ആ രംഗത്തിലാണ് രാജു ആ കഥാപാത്രത്തിനു വേണ്ടി നടത്തിയ ബോഡി ട്രാൻസ്ഫോർമേഷന്റെ ഒറിജിനൽ കാഴ്ച പ്രേക്ഷകർ നേരിട്ട് കാണുന്നത്. ജോർദ്ദാനിൽ ഞങ്ങൾ കുടുങ്ങിപ്പോയ ഷെഡ്യൂളിലാണ്് ആ രംഗം ചിത്രീകരിക്കുന്നത്. കാരണം, ഡയറ്റ് ചെയ്ത് അത്രയും മെലിഞ്ഞ അവസ്ഥയിലായിരുന്നു രാജു. ആ പ്രയത്നം വെറുതെ ആകരുതല്ലോ. ആ ടേക്ക് എടുത്തതിനു ശേഷം രാജു അവിടെ തന്നെ ഇരുന്നു പോയി. ഞാൻ പതിയെ അടുത്തു ചെന്ന് അദ്ദേഹത്തിന്റെ കൈ പിടിച്ചു. അഭിനന്ദിക്കുന്ന രീതിയിൽ കൈ അമർത്തി ചേർത്തു പിടിക്കുകയായിരുന്നു. പക്ഷേ, അദ്ദേഹം അത് അറിഞ്ഞില്ല. രാജു ആ ലോകത്തൊന്നും ആയിരുന്നില്ല ആ നിമിഷം. നജീബിന്റെ അറ്റം വരെ എത്തിയെന്നുള്ളതാണ് സത്യം!

ranjith-ambady-aadujeevitham3

ഗോകുൽ ഹക്കീം ആയപ്പോൾ

ഗോകുലനെപ്പോലെയൊരു ആർടിസ്റ്റിനെ കിട്ടിയത് നന്നായി. പൃഥ്വിരാജ് ആടുജീവിതം ചെയ്യുന്നതിന് ഇടയിൽ വേറെയും സിനിമകൾ ചെയ്തു. ഗോകുലിനെ സംബന്ധിച്ചിടത്തോളം ഈ സിനിമയേ ഉള്ളൂ. അതുകൊണ്ട്, ഈ സിനിമയ്ക്കു വേണ്ടി ഷൂട്ട് തുടങ്ങിയ കാലം മുതൽ എങ്ങനെയാണോ മെലിയാൻ പ്ലാൻ ചെയ്തത്, അത് ഷൂട്ട് തീരുന്നതു വരെ തുടർന്നു. ഷെഡ്യൂൾ ബ്രേക്കിലൊന്നും പഴയ ഡയറ്റിലേക്ക് ഗോകുൽ തിരികെ പോയില്ല. എന്തായിരുന്നോ ഹക്കീമിന്റെ ലുക്ക് അതിൽ തന്നെയായിരുന്നു ഒരുപാടു കാലം ഗോകുൽ കഴിഞ്ഞത്. റിലീസ് ദിവസം തിയറ്ററിൽ ഗോകുലിനെ കണ്ടപ്പോഴും അതേ ലുക്ക് പോലെയാണ് തോന്നിയത്. ഇപ്പോഴും മെലിഞ്ഞു തന്നെ! മുടിയും താടിയും മുറിച്ചുവെന്ന വ്യത്യാസമേയുള്ളൂ. 

മലയാളത്തിൽ ഔട്ട് ആയപ്പോൾ സലാർ സംഭവിച്ചു

ഒരു വർഷം 16–17 സിനിമകൾ വരെ ചെയ്തിരുന്ന ആർടിസ്റ്റായിരുന്നു ഞാൻ. ആടുജീവിതത്തിന്റെ ഷൂട്ട് തുടങ്ങിയതിനു ശേഷം മലയാളത്തിൽ അങ്ങനെ സിനിമകൾ ഞാൻ ചെയ്തിട്ടില്ല. ആർക്കറിയാം എന്ന സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. ഒരു സമയത്ത് ഫീൽഡ് ഔട്ട് ആയ പോലെയായിരുന്നു. ആരും വിളിക്കാതെ ആയി. പക്ഷേ, അതുകൊണ്ട് മറ്റു ചില നല്ല കാര്യങ്ങൾ സംഭവിച്ചു. അവസാന ഷെഡ്യൂർ കഴിയാറായ സമയത്ത് രാജു എന്നോടു ചോദിച്ചു, ഇതു കഴിഞ്ഞാൽ അടുത്തത് എന്താണ്? ഞാൻ പറഞ്ഞു, ആദ്യം ഇതു കഴിയട്ടെ എന്ന്. എന്തായാലും ഇത്രയൊക്കെ ആയില്ലേ എന്നൊരു ഫീലായിരുന്നു എനിക്ക്. രണ്ടു ദിവസം കഴിഞ്ഞപ്പോൾ, ചെറിയൊരു വർക്ക് ഉണ്ടെന്ന് രാജു അറിയിച്ചു. അതായിരുന്നു സലാർ. മലയാള സിനിമയിൽ നിന്ന് ഔട്ട് ആയിട്ടാണ് സലാറും കങ്കുവയും തഗ് ലൈഫും കാന്താര 2 തുടങ്ങിയ ചിത്രങ്ങൾ സംഭവിച്ചത്. ഇപ്പോൾ ധാരാളം വിളികൾ വരുന്നുണ്ട്. 

സുപ്രിയയും ആലിയും ജോർദാനിൽ

സുപ്രിയയും ആലിയും ജോർദാൻ ഷെഡ്യൂളിൽ ആദ്യം വന്നിരുന്നു. സത്യത്തിൽ ആലിക്ക് അവിടെ ശരിക്കും ബോറടി ആയിരുന്നു. രാജു മകളെ മടിയിലിരുത്തുമ്പോഴൊക്കെ അദ്ദേഹത്തിന്റെ ശരീരത്തിലെയും വസ്ത്രത്തിലെയും അഴുക്കും പൊടിയുമൊക്കെ അവളുടെ ഉടുപ്പിലും ആകും. രാജുവിന്റെ കയ്യിലൊക്കെ പിടിക്കുമ്പോൾ ആ മേക്കപ്പ് മകളുടെ കയ്യിലും ആകും. ഇതെല്ലാം ഞാൻ കാണുന്നതാണ്. വേറെ സിനിമകളുടെ ലൊക്കേഷനിൽ വരുന്ന പോലെ ആയിരുന്നില്ല. മറ്റു സ്ഥലങ്ങളിൽ ഷൂട്ടിന് വരുമ്പോൾ മകളെ കൊഞ്ചിക്കുന്ന പോലെയൊന്നും നജീബിന്റെ കോസ്റ്റ്യൂമിൽ ഇരിക്കുമ്പോൾ രാജുവിന് കഴിയില്ല. കാരണം, അത്രയും ബുദ്ധിമുട്ടുകളുള്ള വേഷത്തിലാണല്ലോ രാജു ആ സെറ്റിലുണ്ടായിരുന്നത്. 

kangua

ഞങ്ങളിപ്പോൾ ഇവിടത്തെ ഹോളിവുഡ് ആയി

ഹോളിവുഡ് ടീമിനെ കുറിച്ച് ആദ്യഘട്ടങ്ങളിൽ ആലോചിച്ചിരുന്നു. ആ സമയത്ത് ഈ പ്രൊജക്ട് ഒറ്റയ്ക്ക് ചെയ്യാനുള്ള ആത്മവിശ്വാസത്തിലേക്ക് ഞാനും എത്തിയിരുന്നില്ല. അത്രയും കാര്യശേഷിയുള്ള ഒരു ടീം അക്കാലത്ത് എനിക്കൊപ്പം ഉണ്ടായിരുന്നില്ല. അതുകൊണ്ടായിരുന്നു ഹോളിവുഡ് അസിസ്റ്റൻസ് തേടണോ എന്ന ആലോചന ഉണ്ടായത്. പക്ഷേ, വലിയ ബജറ്റാകും. പിന്നെപ്പിന്നെ, അതു ചെയ്തെടുക്കാനുള്ള സാങ്കേതികത ഞങ്ങൾ ആർജിച്ചെടുത്തു. ഇപ്പോൾ തെലുങ്കു, കന്നഡ പോലുള്ള വലിയ ഇൻഡസ്ട്രിയിൽ ഞങ്ങൾ ചെല്ലുന്നത് ഹോളിവുഡിൽ നിന്ന് ആളുകൾ വരുന്നതു പോലെയാണ്. ഇവിടെ ഒരു സിനിമയ്ക്കു വാങ്ങുന്നത്, അവിടെ 10 ദിവസത്തെ വർക്കിനു കിട്ടും. വലിയ സ്വീകരണമാണ് അവിടെ നിന്നും ലഭിക്കുന്നത്. സംവിധായകൻ കഴിഞ്ഞാൽ അടുത്ത പ്രധാനപ്പെട്ട വ്യക്തി എന്ന നിലയിലാണ് അവർ നമ്മളോടു പെരുമാറുന്നത്. അതു വലിയൊരു മാറ്റമാണ്. 

English Summary:

Exclusive chat with Ranjith Ambady: Aadujeevitham Make up artist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com